Friday, July 5, 2019


അഖ്‌നതെൻ :വിപ്ലവകാരിയായ ഫറവോ 
Part-1


അയ്യായിരം വർഷത്തെ മഹത്തായ ചരിത്രത്തിന്റെ ശേഷിപ്പുകളും അസാധാരണ വലിപ്പമുള്ള പിരമിഡുകളും പടിഞ്ഞാറൻ മരുഭൂമിയിലെ ഭ്രമാത്മകമായ മൺരൂപങ്ങളും മരുഭൂമിയിൽ സ്വർണം വിളയിക്കുന്ന നൈൽ നദിയുടെ ഉർവ്വരതയും ആരെയും അമ്പരപ്പിക്കുന്നതാണ്. ആ ഇതെരുവിന്റെ (നൈൽ നദി )മടിത്തട്ടിൽ പിറന്നു വീണ മഹത്തായ ഈജിപ്ത്യൻ സംസ്‍കാരത്തിന്റെ കഥകൾ ഒരിക്കലും അവസാനിക്കുന്നില്ല. ഈജിപ്തിലെ രാജാക്കന്മാർക്ക് മരണമില്ല, അവർ മരണാന്തര ജീവിതത്തിൽ വിശ്വസിച്ചവരായിരുന്നു അതുകൊണ്ടാണ് കുഫുവും രാംസെസ്സുമാരും അഖ്‌നതേനും തുത് ആംഖ് ഖാമുനും നമ്മുടെ മനസുകളെ വീണ്ടും വീണ്ടും അസ്വാസ്ഥരാകുകയും വിസ്മയിപ്പിച്ചും കൊണ്ടിരിക്കുന്നത്.
പ്രാചീന ഈജിപ്തിന്റെ സുവർണ കാലഘട്ടം പൊതുവെ 18 ഉം 19ഉം രാജവംശങ്ങൾ (New kingdom )ഭരിച്ചിരുന്ന കാലത്തെയാണ് പറയപ്പെടുന്നത്. ഈ രണ്ടു രാജവംശങ്ങൾ ചേർന്ന് ഭരിച്ച 363 വർഷങ്ങൾ ഐതിഹാസികവും അത്യുജ്ജലവും സംഭവബഹുലവും ആയിരുന്നു. ശക്തരായ ഭരണാധികാരികളെ ഈ കാലഘട്ടത്തിൽ കാണാവുന്നതാണ്. സുവർണ കാലഘട്ടത്തിന്റെ 17 വർഷങ്ങൾ ഒഴികെ ഈജിപ്ഷ്യൻ സാമ്രാജ്യം "അമൂൻ"എന്ന ദേവതയുടെ പ്രതിപുരുഷന്മാരായിട്ടാണ് ഫറോവമാർ രാജ്യം ഭരിച്ചിരുന്നത്. ദേവരാജന് സ്ഥാനഭ്രംശം സംഭവിച്ച 17 വർഷങ്ങൾ ലോകമെമ്പാടുമുള്ള ഈജിപ്റ്റോളജിസ്റ്റുകളെയും മതചരിത്രകാരന്മാരെയും ദാര്ശനികന്മാരെയും ഒരു പോലെ അമ്പരപ്പിക്കുകയും ആവേശഭരിതരാക്കുകയും ചെയ്തിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ രാജശക്തിയായി വിരാജിച്ചിരുന്ന കെമത് സംസ്കാരത്തിന്റെ സുവർണകാലം, ആ മഹാ സാമ്രാജ്യത്തെ അപ്പാടെ പിടിച്ചു കുലുക്കിയ മഹാവിപ്ലവം ആരെയും അതിശയിപ്പിക്കുന്നതാണ്, അതിലേക്കു വരുന്നതിനു മുൻപ് പ്രാചീന ഈജിപ്തിലെ നിരവധി ദൈവസങ്കല്പങ്ങളിൽ പ്രധാനപെട്ട രണ്ടു ദൈവ വിശ്വാസങ്ങളെ കുറിച്ച് സൂചിപ്പിക്കേണ്ടതുണ്ട്.
അമൂൺ -ര
--------------------
പതിനെട്ടാം രാജവംശത്തിന്റെ സ്ഥാപകനായ അഹ്‌മോസ് ഒന്നാമൻ ഏഷ്യയിൽ നിന്നുള്ള ആക്രമണകാരികളായ ഹിസ്‌കോസുകളെ നൈലിന്റെ മണ്ണിൽ നിന്നും എന്നെന്നേക്കുമായി തുരത്തുകയും വെട്ടിമുറിക്കപെട്ട ഈജിപ്തിനെ വീണ്ടും വിശാലമായ ഈജിപ്താക്കി മാറ്റി. തന്റെ രാജ്യത്തെ ശക്തമായി നിലനിർത്താനും രാജ്യത്തിന്റെ ഐക്യം ഊട്ടി ഉറപ്പിക്കാനും അതിശക്തമായ ഒരു ദൈവിക സാന്നിധ്യം ആവശ്യമാണെന്ന് തോന്നി. അതിന്റെ സാക്ഷാത്കാരമായിരുന്നു അമൂൺ-ര. ആദ്യകാലത്തു തീബ്സ് നഗരത്തിലെ ഒരു പ്രാദേശിക ദേവത മാത്രമായിരുന്നു അമൂൺ. അമൂൺ എന്ന പദത്തിന്റെ അർത്ഥം പ്രത്യക്ഷമല്ലാത്തതു അല്ലെങ്കിൽ ഗോപ്യമായതു എന്നാണ്.പൊതുവെ ഒരു താടിക്കാരനായ പുരുഷ ദൈവം ആയിട്ടാണ് അമൂൻ ദേവനെ ചിത്രികരിച്ചിരിക്കുന്നത്. ചിലപ്പോൾ പ്രാപ്പിടിയന്റെയോ ചെമ്മരിയാടിന്റെയോ മുഖം കല്പിച്ചു കൊടുക്കുന്നുണ്ട്. തീബ്സിന്റെ മാത്രം ദൈവമായിരുന്ന അമൂന്റെ ഈജിപ്തിന്റെ സ്വന്തം ദൈവത്തിലേക്കുള്ള യാത്ര അഭൂപൂർവമായിരുന്നെങ്കിലും ബഹുദൈവ വിശ്വാസം ആഴത്തിൽ വേരോടി കഴിഞ്ഞിരുന്ന ഈജിപ്തിന് "ര "(സൂര്യദേവന്റെ വ്യത്യസ്ത ഭാവങ്ങളിൽ ഒന്ന് )യുടെ ഔന്നത്യവും ദൈവങ്ങളിലെ പ്രഥമ സ്ഥാനവും ഒരു ദൗർബല്യമായിരുന്നു. "ര "എന്ന തികച്ചും ഏകവും സമാന്തരങ്ങളില്ലാത്തതും അനുപമവുമായ ഈജിപ്ഷ്യൻ പ്രതീകം നൈൽ നദിതട സംസ്കാരത്തിന്റെ അവഗണിക്കാൻ പറ്റാത്ത ഭാഗമായി കഴിഞ്ഞിരുന്നു. അതുകൊണ്ട് "ര "യെ നിരാകരിച്ചുകൊണ്ടുള്ള ഒരു വളർച്ച അമൂന് അസാധ്യവുമായിരുന്നു. അങ്ങനെ അമൂൺ ദേവന്റെ ഈജിപ്തിൽമേലുള്ള പൂർണാധിപത്യത്തിനു "ര "യുടെ നാമധേയം ഉപയോഗിച്ച് പുതുതായി സൃഷ്ടിക്കപ്പെട്ട മൂർത്തിയായിരുന്നു "അമൂൺ-ര".
ആതേൻ
----------------------
ആതേൻ ദേവനെ കുറിച്ചുള്ള ആദ്യ പരാമർശങ്ങൾ കണ്ടുകിട്ടിയിട്ടുള്ളത് പന്ത്രണ്ടാം രാജവംശത്തിത്തിന്റെ ( BCE 1994-1781BCE )സ്ഥാപകനായ അമേൻ ഹൊതെപ് ഒന്നാമന്റെ കാലത്താണ്. അക്കാലത്തെ സാഹിത്യ സൃഷ്ട്ടിയായ സിനോഹയുടെ കഥയിലാണ്.ഈ സാഹിത്യ സൃഷ്ട്ടിയിലെ ഒരു കഥാസന്ദർഭത്തിൽ അമേൻ ഹൊതെപിന്റെ ആത്‌മാവ്‌ ആതേൻ ദേവനിൽ ലയിച്ചു എന്ന് പരാമർശിക്കുന്നുണ്ട്. ഇത് ആതേൻ ദേവന് അക്കാലത്തുണ്ടായ പ്രാധാന്യത്തെയാണ് സൂചിപികുന്നത്.
ആതേൻ ദേവനെ മനുഷ്യരൂപം ആയിട്ടല്ല ചിത്രികരിച്ചിരിക്കുന്നത്, സൂര്യനെന്ന പ്രാവഞ്ചിക വിസ്മയത്തെ ഔപചാരികതയുടെയോ,ആലങ്കാരിക ഭാവങ്ങളുടെയോ സഹായമില്ലാതെ തികച്ചും റിയലിസ്റ്റിക് ആയിട്ടാണ് ചിത്രികരിച്ചിരിക്കുന്നത്. തന്റെ ഭക്തരെ സൂര്യനക്ഷത്രത്തിന്റെ ദ്വീതല രൂപമായ സുവർണത്തളിക (Sun disc )രൂപത്തിൽ നിന്നും അനുസ്യുതം ഉതിരുന്ന കാഞ്ചനകിരണങ്ങളിലൂടെയായിരുന്നു ആതേൻ അനുഗ്രഹിച്ചിരുന്നത്. പുരാവസ്തു ഗവേഷകർ കണ്ടെടുത്ത അഖ്‌നാതേനും കുടുംബവും ആതേൻ ദേവനോട് പ്രാർത്ഥിക്കുന്ന ചുണ്ണാമ്പ് കാൽപാളിയിൽ കൊത്തിയെടുത്ത റിലീഫ് ചിത്രം പ്രശസ്തവും ചരിത്രപരമായി വളരെയേറെ പ്രാധാന്യമർഹിക്കുന്നതുമാണ്.

അഖ്‌നാതെൻ
----------------------------------
പതിനെട്ടാം രാജവംശത്തിലെ (CBE 1549-1298 CBE )അമേൻ ഹൊതെപ് മൂന്നാമൻ ശക്തനായ ഭരണാധികാരിയായിരുന്നു അദ്ദേഹത്തിന്റെ കാലത്ത് അമൂൻ തന്നെയായിരുന്നു പ്രധാന ദേവതയെങ്കിലും ജനഹൃദയത്തിൽ ആതേനും മോശമല്ലാത്ത സ്ഥാനം ഉണ്ടായിരുന്നു. പത്തോളം ഭാര്യമാരിൽ 8 മക്കളായിരുന്നു അദ്ദേഹത്തിന്. മുഖ്യ രാഞ്ജിയായിരുന്ന തീയയിൽ പിറന്നവരായിരുന്നു മിക്കവരും മൂത്ത മകനായ തുത് മോസ് ആയിരുന്നു കിരീടാവകാശി. അകാലമൃത്യു വരിക്കാനായിരുന്നു തുത് മോസ് രാജകുമാരന്റെ വിധി. അങ്ങനെ നപുരുരെയ എന്ന രണ്ടാമത്തെ മകൻ ആമേൻ ഹൊതെപ് നാലാമൻ എന്ന ഔദ്യോഗിക നാമം സ്വീകരിച്ചു യുവരാജ പദവി സ്വീകരിച്ചു.
കടുത്ത സന്ധിവാതത്തിലും ദുര്മേദസി നാലും വലഞ്ഞ ആമേൻ ഹൊതെപ് മൂന്നാമൻ 49-ആം വയസിൽ മരണമടഞ്ഞു. അങ്ങനെ ഈജിപ്തിന്റെ ചരിത്രത്തിലെ ഒരു അപൂർവ അധ്യായത്തിനു തുടക്കം കുറിച്ച് കൊണ്ട് BCE 1352 ൽ ആമേൻ ഹൊതെപ് നാലാമൻ എന്ന നപുരുരെയ ഫറോവയായി (ഇദ്ദേഹത്തിന്റെ കാലം മുതലാണ് ഈജിപ്ഷ്യൻ രാജാക്കൻമാർ" ഫറവോ"എന്നറിയപ്പെടാൻ തുടങ്ങിയത്. ഫറവോ എന്ന പദത്തിന് തറവാട് എന്നാണർത്ഥം ).
തന്റെ ഭരണത്തിന്റെ ആദ്യ വർഷങ്ങളിൽ ആമേൻ ഹൊതെപ് നാലാമൻ പ്രജകളോടായി നടത്തിയ ഒരു പ്രസംഗം കർണാക് ക്ഷേത്രത്തിന്റെ ചുവരുകളിലൊന്നിൽ കൊത്തിവെച്ചിട്ടുണ്ട്. "ഈ ലോകം മുഴുവൻ നിറഞ്ഞു നിൽക്കുന്ന പ്രവഞ്ച ശക്തിയായ അനശ്വരസൃഷ്ടവിനെ വെറുമൊരു രൂപത്തിലോ ശിലയിലോ സങ്കല്പിച്ചു കാണുന്നത് മൗഢ്യമാണെന്നും അവൻ അതിലൊക്കെ അതീതനാണെന്നും അവന്റെ ഉജ്വലവും ശക്തിമതുമായ പ്രഭാവം ഈ ലോകമെമ്പാടും സുവർണരശ്മികളാൽ പരിലസിക്കപെടുന്നുവെന്നും ആ അസാമാന്യ വ്യക്തിയെയാണ് നാം ആരാധിക്കേണ്ടതെന്നും പറഞ്ഞു വെക്കുന്നു.
പിന്നീട് വരാൻ പോകുന്ന മതപരിഷ്കാരങ്ങളുടെയും ദൈവസങ്കല്പത്തിന്റെയും മുന്നോടിയായിരുന്നു ആ പ്രസംഗമെന്ന കാര്യത്തിൽ സംശയമില്ല. എന്തായിരുന്നു ഒരു മഹാസാമ്രാജ്യത്തെ പിടിച്ചു കുലുക്കിയ പരിഷ്‌കാരങ്ങൾ കൊണ്ട് വരാൻ അദ്ദേഹത്തെ പ്രേരിപ്പിച്ച ഘടകം? ഭരണത്തെപോലും സ്വാധിനിക്കാനും സാമൂഹികമായും രാഷ്ട്രീയമായും സാമ്പത്തികമായും പ്രബലരായിരുന്ന പുരോഹിതവർഗ്ഗത്തെ വെല്ലുവിളിക്കാൻ കാരണമെന്താണ്? നിലവിലുള്ള ഒരു വ്യവസ്ഥിതിക്കെതിരെ അതും വളരെ പെട്ടെന്ന് ആ വ്യവസ്ഥിതി മാറ്റി മറിക്കാൻ മാത്രം ആമേൻ ഹൊതെപ് നാലാമനെ സ്വാധിനിച്ചതു എന്തായിരിക്കും? എണ്ണിയാലൊതുങ്ങാത്ത സമസ്യകൾക്കുത്തരം ചരിത്രകാരന്മാരെ ഇരുത്തി ചിന്തിപ്പിച്ചിട്ടുണ്ട് എന്നതു തർക്കമില്ലാത്ത കാര്യമാണ്..



                                                                                                                 (തുടരും)

No comments:

Post a Comment