Friday, July 5, 2019


തൂത് ആംഖ് അമൂൻ.. (ഭാഗം.1 )




ആരുമായിരുന്നില്ല. അവകാശപ്പെടാൻ ഒന്നുമുണ്ടായിരുന്നുമില്ല, വിധിയുടെ ക്രൂര വിനോദത്തിൽ അകപ്പെട്ടുപോയ ഒരു പാവം ബാലകൻ. പക്ഷെ ലോകത്തെ അതിശയിപ്പിച്ചു , 3000 വർഷങ്ങൾക്കിപ്പുറം, തൂതു ആംഖ് അമൂൻ ! ആ അത്ഭുതപരിണാമത്തിന്റെ കഥ ഹൊവാർഡ് കാർട്ടർ എന്ന ഈജിപ്റ്റോളജിസ്റ്റിന്റെ കഥ കൂടിയാണ്. അത് പറഞ്ഞില്ലെങ്കിൽ അദ്ദേഹത്തോടും ചരിത്രത്തോടും ചെയ്യുന്ന നീതികേടായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല.
ഇംഗ്ലണ്ടിൽ ജനിച്ച ഹൊവാർഡ് കാർട്ടർ (1874-1939) 1891-ൽ 17 വയസുള്ളപ്പോഴാണ് ഈജിപ്തിൽ പരിവേഷണങ്ങൾക്കു സഹായിയായി വരുന്നത്. കഴിവും ആത്മവിശ്വാസവും കൈമുതലുണ്ടായിരുന്ന കാർട്ടർ വിവാഹം പോലും വേണ്ടെന്നുവെച്ചു 31 വര്ഷങ്ങളോളം സഹസ്രാബ്ദങ്ങൾക്കപ്പുറം മണ്ണടിഞ്ഞുപോയ ഒരു മഹാസംസ്കാരത്തിന്റെ ഉള്ളറകളിൽ കാലം കാത്തുവെച്ച സമസ്യകൾക്കുത്തരം തേടിയുള്ള യാത്രകൾക്കായി മാറ്റി വെച്ചത്. പ്രമുഖരായ പല ആർക്കിയോളജിസ്റ്റുമാരുടെ കീഴിൽ അഖ്‌നതെൻന്റെ അമർനാ നഗരിയിലും ദേർ എൽ ബഹാരിയിലെ ഹാത്ഷേപ്സൂത് രാഞ്ജിയുടെ ക്ഷേത്രത്തിലും നടത്തിയ ഉൽഖനനങ്ങളിലൂടെ കഴിവ് തെളിയിക്കാൻ കാർട്ടർക്ക് സാധിച്ചു.
1901-ൽ ഇംഗ്ലണ്ടിലുണ്ടായ ഒരു കാർ അപകടത്തിൽ ഗുരുതരപരിക്കേറ്റ കോടിശ്വേരനും കാർ ഭ്രാന്തനുമായിരുന്ന ജോർജ് എഡ്വേർഡ് ഹെബെട് എന്ന കനാവൻ പ്രഭു വിശ്രമത്തിനായി ഈജിപ്തിൽ എത്തുന്നത്. ധനാഢ്യനായ കനാവൻ പ്രഭുവിന്റെ താല്പര്യം പെട്ടന്നാണ് ചരിത്രത്തിലേക്കും പുരാവസ്തു ഗവേഷണത്തിലേക്കും തിരിഞ്ഞത്. സ്വന്തം നിലയിൽ ഗവേഷണവുമായി മുന്നോട്ടു പോയ അദ്ദേഹത്തിന് ഒരു പൂച്ചയുടെ മമ്മി മാത്രമാണ് കണ്ടെത്താനായത്. നിരാശനായ കനാവൻ പ്രഭു തനിക്കുവേണ്ടി പണിയെടുക്കാൻ ഒരാളെ അന്വേഷിക്കുകയും,ആ അന്വേഷണം അവസാനിച്ചത് ഹൊവാർഡ് കാർട്ടറിലുമാണ്
1907-ൽ കനവൻ പ്രഭു തന്റെ പ്രധാന പരിവേഷകനായി കാർട്ടറെ നിയമിച്ചു.കാർട്ടർ തീബ്സിലെ രാജാക്കന്മാരുടെ താഴ്‌വരയിൽ ഗവേഷണം നടത്താനുള്ള ആഗ്രഹം കനാവൻ പ്രഭുവിനെ അറിയിച്ചു. പ്രഭു യാതൊരു മടിയും കൂടാതെ പൂർണ പിന്തുണയും സാമ്പത്തികസഹായവും വാഗ്ദാനം ചെയ്തു.
ഈജിപ്തിനെ സംബന്ധിച്ചിടത്തോളം പിരമിഡിനെപോലെ പ്രധാനപെട്ടതാണ് തെക്കൻ ലെക്സറിനടുത്തു സ്ഥിതി ചെയ്യുന്ന വാലി ഓഫ് കിങ് എന്നറിയപ്പെടുന്ന രാജാക്കന്മാരുടെ താഴ്‌വര. രണ്ടു വലിയ മലകൾക്കിടയിൽ ഒരു ചെറിയ താഴ്‌വര. അധികം മരങ്ങളൊന്നും ഇല്ലാത്ത മരുഭൂമി. ഈ മലകൾക്കുള്ളിലാണ് അയ്യായിരത്തോളം വർഷങ്ങൾക്കു മുൻപ് മുതൽ അടക്കം ചെയ്യപ്പെട്ട ഈജിപ്തിലെ ഫറവോമാരുടെ ഭൗതികശരീരം ഉൾകൊള്ളുന്ന ശ്മശാന ഭൂമിയുള്ളതു. 60 ഓളം ശവകല്ലറകൾ അവിടെ നിന്ന് കണ്ടെടുക്കപ്പെടുകയുണ്ടായി, എല്ലാം കൊള്ളയടിക്കപെട്ടവ. അത് കൊണ്ട് തന്നെ ഇനിയിവിടെ കണ്ടെടുക്കാൻ ബാക്കിയൊന്നും ഇല്ലെന്നുള്ള വിശ്വാസം അക്കാലത്തു ഗവേഷകർക്കിടയിൽ ഉണ്ടായിരുന്നു.
ഫറവോമാരുടെ വംശാവലി ആഴത്തിൽ പഠിച്ച കാർട്ടർക്കു അത്തരം നിഗമനങ്ങളോട് യോജിക്കാൻ കഴിഞ്ഞില്ല. കാരണം 18-ആം രാജവംശത്തിലെ പ്രശസ്തനല്ലാത്ത തൂതു ആംഖ് അമൂൻ എന്ന ബാലഫറവോയുടെ ശവകുടീരം കണ്ടുപിടിക്കാൻ ബാക്കിനിൽക്കുന്നു എന്ന ഉറച്ച വിശ്വാസത്തിലായിരുന്നു അദ്ദേഹം. തൂതിനെ പോലെ നിസാരനായ ഒരു ഫറവോയ്ക്കു ശവകുടീരം ഇല്ലെങ്കിൽ പോലും അത്ഭുതപെടാനില്ല എന്ന മറുവാദത്തിലായിരുന്നു പണ്ഡിതൻമാരുടെ ചിന്ത. നിരുത്സാഹപ്പെടുത്തുന്ന അത്തരം വാദങ്ങളൊന്നും കാർട്ടറെ പിന്തിരിപ്പിച്ചില്ല.
വളരെ പ്രതീക്ഷയോടെയും ഉത്സാഹത്തോടെയും തുടങ്ങിയ പരിവേഷണങ്ങൾ ലോകമെങ്ങും പൊട്ടിപ്പുറപ്പെട്ട ഒന്നാം ലോകമഹായുദ്ധത്തോടെ നിലച്ചു. 1917-ൽ പര്യവേഷണം പുനരാരംഭിച്ചുവെങ്കിലും മരണം വെറുങ്ങലിച്ചു നിൽക്കുന്ന ഏകാന്തമായ താഴ്‌വരയിലെ ഉൽഖനനങ്ങളോരോന്നും ലക്ഷ്യത്തിനടുത്തുപോലും എത്താതെ നിഷ്ഫലമായി കൊണ്ടിരുന്നു.
അഞ്ചു വർഷത്തെ തുടർച്ചയായ ഖനനങ്ങൾക്ക്ശേഷം കാർട്ടർക്കും സഹായികൾക്കും കിട്ടിയ പുരാവസ്തുക്കൾ രാംസെസ്സ് ആറാമന്റെ ശവകുടീരത്തിനടുത്തു താമസിച്ചിരുന്ന പുരാതന തൊഴിലാളികളുടെ കുടിലുകളുടെ അവശിഷ്ടങ്ങളും മെരെൻപ്ത ഫറവോയുടെ ശവകുടീരത്തിലേക്കുള്ള കവാടത്തിനടുത്തു നിന്ന് ലഭിച്ച കൽചുണ്ണാമ്പിൽ നിർമ്മിച്ച 13 ഭരണികളും മാത്രമായിരുന്നു. നിരാശാജനകമായ പരാജയങ്ങൾ സഹപ്രവർത്തകരുടെയും കനാവൻ പ്രഭുവിന്റെയും ആത്മവിശ്വാസത്തെ ബാധിച്ചു. നിരാശനായ പ്രഭു പണമിറക്കാൻ മടി കാണിച്ചുതുടങ്ങി. തൂതൻ ആംഖ് അമൂന്റെ നിത്യനിദ്രകുടീരം തനിക്കു തൊട്ടടുത്തെവിടെയോ ഉണ്ടെന്നുള്ള വിശ്വാസത്തിലായിരുന്നു കാർട്ടർ. തനിക്ക് ഒരവസരം കൂടി തരണമെന്ന് പ്രഭുവിനോട് കേണപേക്ഷിച്ചു. അവസാനം മനസില്ലാമനസോടെ അദ്ദേഹം സമ്മതിച്ചു.
വാലി ഓഫ് കിങ് 
1922 നവംബർ ഒന്നാം തീയതി രാംസെസ്സിന്റെ പുരാതന തൊഴിലാളികളുടെ കുടിലുകൾക്കിടയിൽ നിന്നും കാർട്ടർ തന്റെ അവസാനത്തെ ശ്രമം ആരംഭിച്ചു. നവംബർ 4-നു പാറക്കല്ലുകൾക്കിടയിലേക്കു കെട്ടിയുണ്ടാക്കിയ ഒരു പടി കാർട്ടറുടെ തൊഴിലാളികൾ കണ്ടെത്തി. അടിയിലേക്ക് തുരന്നുകൊണ്ടിരുന്ന അവർ പിറ്റേന്ന് ഉച്ചകഴിഞ്ഞപ്പോഴേക്കും 12 ഓളം പടികൾ പുറത്തേക്കു കാണപ്പെട്ടു. പടികളോരോന്നായി താഴെയിറങ്ങിയ അവർക്കുമുൻപിൽ കൊട്ടിയടക്കപെട്ട ഒരു ഭൂഗർഭ കവാടം പ്രത്യക്ഷപെട്ടു. അതു മുഴുവൻ കുമ്മായം കൊണ്ട് തേച്ചുമറച്ചിരുന്നു. ആവേശഭരിതനായ കാർട്ടർ കുമ്മായം കുത്തിയിളക്കാൻ തുടങ്ങി. കവാടത്തിന്റെമേൽ മുദ്രയിൽ തെളിഞ്ഞുകണ്ട ഫറവോയുടെ രൂപത്തിലുള്ള അനൂബിസ് ദേവന്റെ ചിത്രം ഒരു രാജകീയ മമ്മിയുടെ സാന്നിധ്യത്തിനു തെളിവായിരുന്നു. ഫറവോയുടെ ഏതെങ്കിലും ഉന്നത ഉദ്യോഗസ്ഥരുടെയോ, രാജകീയ മമ്മി താത്കാലികമായി സൂക്ഷിച്ചിരുന്ന രഹസ്യ അറയായിരിക്കുമോ? എന്നൊരു സംശയം കാർട്ടർക്കു ഉണ്ടായി.
മൂന്നാഴ്‌ചയോളം നിർത്തിവെച്ച പണി കനാവൻ പ്രഭു ഇംഗ്ലണ്ടിൽ നിന്ന് വന്നതിന്ശേഷം ആരംഭിച്ചു. ഭൂഗർഭ പാതയിലെ പാറകഷ്ണങ്ങളും മണ്ണും നീക്കം ചെയ്ത് 16 പടികളും വൃത്തിയാക്കപ്പെട്ടതോടുകൂടി അടഞ്ഞു കിടന്ന കവാടം പൂർണമായും പ്രത്യക്ഷപെട്ടു. കവാടത്തിന്റെ അടിഭാഗം പരിശോധിച്ച കാർട്ടർക്കു മുൻപിൽ തൂത് അംഖ് അമൂൻ ഫറവോടെ രാജകീയ മുദ്രകൾ തെളിഞ്ഞുവന്നു. പുരാതനകാലത്തു തന്നെ കൊള്ളക്കാർ ആ ശവകുടീരത്തിൽ കയറിയതിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നെങ്കിലും മായാത്ത രാജമുദ്രകൾ, കാര്യമായ കേടുപാടുകൾ ആ കുടീരത്തിനു സംഭവിക്കാൻ ഇടയില്ലെന്ന അനുമാനത്തിനു ബലമേകി.
പിറ്റേന്ന് കവാടത്തിലേക്കിറങ്ങിയ അവർക്കുമുന്നിൽ ചുണ്ണാമ്പ് കല്ലുകൊണ്ട് അടച്ച ഒരു നീണ്ട ഇടനാഴി ദൃശ്യമായി. അടുത്ത ദിവസങ്ങളിൽ ചുണ്ണാമ്പ് കല്ലുകൾ നീക്കം ചെയ്ത് 26 അടി നീളമുണ്ടായിരുന്ന ആ ഭൂഗർഭ പാതയിൽ കൂടി നടന്ന് ഭൂമിക്കടിയിലെ മറ്റൊരു കവാടത്തിലെത്തി. അവിടെയും തൂത് ആംഖ് അമൂന്റെ മുദ്രകൾ കണ്ടപ്പോൾ ആ നിർണായക ദിവസം വന്നെത്തിയെന്നു കാർട്ടർക്കു തോന്നി. കാർട്ടർ വണ്ണമുള്ള ഒരു കമ്പിയെടുത്തു കുമ്മായം തേച്ച കവാടത്തിന്റെ മുകളിലെ ഇടത്തെ മൂലയിൽ ഒരു വിടവുണ്ടാക്കി. പിന്നിൽ കല്ലുകളൊന്നും അടുക്കി വെച്ചിട്ടുണ്ടായിരുന്നില്ല. അതൊരു അറയിലേക്കുള്ള വാതിൽ തന്നെയായിരുന്നു. കാർട്ടർ പണിക്കാരോട് മെഴുകുതിരി കൊണ്ടുവരാൻ ആവശ്യപ്പെട്ടു.
കാർട്ടർ പതുക്കെ പതുക്കെ വലുതാക്കിയ വിടവിലൂടെ മുഖം അകത്തേക്ക് കടത്തി. മെഴുകുതിരി വെട്ടത്തിൽ അവിടെ കണ്ട കാഴ്ചയ്ക്ക് മുന്നിൽ ഏതാനും നിമിഷങ്ങൾ സ്വയം മറന്നങ്ങു നിന്നുപോയി. പുറകിൽ നിന്നിരുന്ന കനാവൻ പ്രഭുവിനും മകൾ ഈവിലിനും ആകാംക്ഷ അടക്കാനായില്ല. താങ്ങാനാവാത്ത മാനസിക സംഘർഷത്തിലകപ്പെട്ടുപോയ പ്രഭു വിറകൊണ്ട ശബ്ദത്തിൽ ചോദിച്ചു "എന്തെങ്കിലും കാണാനാവുന്നുണ്ടോ നിങ്ങൾക്കു " "ഉണ്ട്. അതിശയകരമായ വസ്തുക്കൾ "വൈകാരികതയോടുള്ള കാർട്ടറുടെ ആ വാക്കുകളിൽ പ്രഭു മതിമറന്നങ്ങു നിന്നുപോയി.

കനാവൻ പ്രഭുവിനും കാണാൻപാകത്തിൽ വിടവ് വലുതാക്കി. അതിനുള്ളിലെ വിസ്മയദൃശ്യം രണ്ടുപേരെയും സ്തബ്ധരാക്കി. ആദ്യം അവരുടെ കണ്ണിൽ പതിഞ്ഞത് രാജകീയ ദണ്ഡും ഗദയും ധരിച്ച സ്വർണപാദുകങ്ങണിഞ്ഞ രണ്ടു കരിംകറുപ്പു രൂപങ്ങളായിരുന്നു. കൂടാതെ, തങ്കത്തിൽ പൊതിഞ്ഞ വിചിത്രരൂപത്തിലുള്ള രാജകീയ മഞ്ചം, സിംഹത്തിന്റെയും ഹാതോർദേവന്റെയും ശിരസ്സുകളോടുകൂടിയ ഉഗ്രരൂപിയായ നരകജീവിയുടെ രൂപം, അതിമനോഹരമായ ചായം പൂശിയ വർണ്ണശബളമായ ആഭരണപ്പെട്ടികൾ, താമരയുടെയും പാപ്പിറസ് പുഷ്പത്തിന്റെയും രൂപത്തിലുള്ള വിചിത്രരൂപങ്ങൾ,അലബാസ്റ്ററിൽ തീർത്ത അലങ്കാരകൂജകൾ, തങ്കനിറം പൂശിയ ഭീമാകാരമായ സർപ്പം പുറത്തുവരുന്ന രൂപത്തിലുള്ള കറുത്ത വിഗ്രഹങ്ങൾ, കുറെ വെളുത്ത സാധാരണ പെട്ടികൾ, മനോഹരമായ കൊത്തുപണികളോടുകൂടിയ കസേരകൾ, ഒരു സുവർണ സിംഹാസനം, അണ്ഡാകൃതിയിലുള്ള കുറെ ചെറു പേടകങ്ങൾ, പല ആകൃതിയിലും രൂപത്തിലുമുള്ള പീഠങ്ങൾ, സ്വർണ്ണാലംകൃതമായ ഒരു മനോഹര രഥംമറിഞ്ഞു കിടക്കുന്നു,അവിടെ ഒരു മനുഷ്യരൂപം. അവസാനിക്കാത്ത മാന്ത്രികകാഴ്ച്ചയിൽ കാർട്ടറും, പ്രഭുവും മതിമറന്നങ്ങു നിന്നുപോയി.
രാജാക്കന്മാരുടെ താഴ്‌വരയിലെ KV62 എന്നറിയപ്പെടുന്ന ശവകുടീരത്തിൽ നിന്ന് കണ്ടെടുത്ത അതിശയകരമായ വസ്തുക്കളെല്ലാം കയ്റോവിലെ അന്താരാഷ്ട്രമ്യുസിയത്തിൽ തൂത് ആംഖ് അമൂന്റെ പേരിലുള്ള പ്രത്യേക മുറിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. അവിടെ നിന്ന് കണ്ടെടുക്കപ്പെട്ട വസ്തുക്കളുടെ പ്രാധാന്യവും അമൂല്യതയും ഈജിപ്തിന്റെ സമ്പൽസമൃദ്ധിയെയാണ് കാണിക്കുന്നത്. അനാരോഗ്യവാനായ, ഭരണത്തിൽ അത്രയൊന്നും പേര് കേൾപ്പിച്ചിട്ടില്ലാത്ത, പ്രായപൂർത്തിയെത്തുന്നതിനു മുന്പേ മരിച്ച ഒരു ഫറവോയുടെ ശവകുടീരത്തിൽ കാണുന്ന സമ്പത്തു ഇതാണെങ്കിൽ പ്രാചീന ഈജിപ്ത് ഭരിച്ച പ്രഗത്ഭരായ മറ്റു ഫറവോമാരുടെ ശവകുടീരത്തിൽ എത്ര വിലപിടിപ്പുള്ള വസ്തുക്കളായിരിക്കും ഉണ്ടായിട്ടുണ്ടാവുക? ആമേൻ ഹോട്ടപിന്റെയോ, മഹാനായ രാംസെസ്സിന്റെയോ കുടീരങ്ങൾ ഇതുപോലെ കൊള്ളയടിക്കപെടാതെ കിട്ടിയിരുന്നെങ്കിൽ എന്ന് ഒരു നിമിഷം ആലോചിച്ചു നോക്കുക.
അറയിൽ കണ്ട വിശിഷ്ട വസ്തുക്കൾ അടുക്കും ചിട്ടയുമില്ലാതെ വാരിവലിച്ചിട്ട നിലയിലായിരുന്നു. അതു കണ്ടപ്പോൾ ഈ ഭൂഗർഭ മുറി ഫറവോയെ അടക്കം ചെയ്ത സ്ഥലം തന്നെയായിരിക്കുമോ? അതോ വിലപിടിപ്പുള്ള രാജകീയവസ്തുക്കൾ രഹസ്യമായി സൂക്ഷിക്കുന്ന അറ മാത്രമായിരിക്കുമോ? കാർട്ടർക്ക് അങ്ങനെയൊരു സംശയം ഉണ്ടായി.
അവിടെ കണ്ട ദ്വാരപാലകരെന്നു തോന്നിപ്പിക്കുന്ന രണ്ട് പ്രതിമകൾക്കിടയിലൂടെ അകത്തേക്ക് പാളിനോക്കിയപ്പോഴാണ് കാർട്ടർക്ക് സമാധാനമായത്. ശക്തമായി അടച്ച ഒരു വാതിൽ, അവിടെയെല്ലാം തൂത് ആംഖ് ആതേൻന്റെ പേര് വ്യക്തമായി എഴുതിവെച്ചിരിക്കുന്നു. താൻ വർഷങ്ങളായി അന്വേഷിച്ചു നടന്ന തൂതൻ ആംഖ് അമൂൻ എന്ന അത്ഭുതസത്യം ആ വാതിലിനു പിറകിൽ മറഞ്ഞിരിക്കുന്നുവെന്ന കാര്യത്തിൽ കാർട്ടർക്കു സംശയമൊന്നും ഉണ്ടായിരുന്നില്ല.....


                                                                               (തുടരും )

No comments:

Post a Comment