Friday, July 5, 2019


വാസ എന്ന ടൈറ്റാനിക്



1626 ൽ നിർമ്മിച്ചതും 1628 ഓഗസ്റ്റ് 10- ന് കന്നിയാത്രയിൽ തന്നെ മുങ്ങിയതുമായ സ്വീഡിഷ് യുദ്ധക്കപ്പലാണ് വാസ. സ്വീഡിഷ് നാവിക സേനയുടെയും യൂറോപ്പിന്റെയും ഏറ്റവും വലിയതും ഹൈടെക് കപ്പലുകളിലൊന്നുമായി അറിയപ്പെട്ടിരുന്ന വാസയുടെ കന്നിയാത്ര കാണാൻ നിരവധി ജനങ്ങൾ തടിച്ചു കൂടിയിരുന്നു. പക്ഷേ, 1300 മീറ്റർ മാത്രം സഞ്ചരിച്ച കപ്പൽ ചെറു കാറ്റിൽ അകപ്പെട്ട് തകരുന്നതാണ് പിന്നീട് കണ്ടത്. ആ അപകടത്തിൽ 53 പേർ മരിക്കുകയുണ്ടായി. നിർമ്മാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമായി തീർന്നത്.
36 തോക്കുകൾ വഹിക്കാനാണ് വാസ രൂപകൽപ്പന ചെയ്തതെങ്കിലും അത് ഇരട്ടിയായി വർധിപ്പിച്ചു. കപ്പൽ വളരെ വിശാലവും മനോഹരമായ അലങ്കാരപ്പണികളും, അതിന്റെ ഭാരത്തിനും അസ്ഥിരതയ്ക്കും കാരണമായി. കപ്പലിന്റെ അവശിഷ്ടങ്ങൾ പഠിച്ച പുരാവസ്തു വിദഗ്ധർ അവകാശപ്പെടുന്നത് കപ്പലിന്റ ഗൺഡക്കിന്റെ ഭാരക്കൂടുതൽ കപ്പൽ തകരാൻ കാരണമായി എന്നാണ്.
സ്വീഡനിലെ രാജാവായിരുന്ന രണ്ടാമൻ 1625 ജനവരി 16- നാണ് അഡോൾഫ് അഡ്മിറൽ ഫ്ലെമിങ്ങിന് സ്റ്റോക്‌ ഹോമിലെ സ്വകാര്യ കപ്പൽ നിർമ്മാണ കമ്പനിയായ ഹെൻഡ്രിക്‌ അരേൻഡു ഹൈബർട്സനുമായി നാല് കപ്പൽ നിർമ്മിക്കാൻ കരാർ ഒപ്പിടാൻ നിർദേശിച്ചത്. നാല് വർഷത്തിനുള്ളിൽ പൂർത്തിയാക്കാനായിരുന്നു കരാർ. എന്നാൽ ഗുസ്താവ് രാജാവ് തന്റെ ഉത്തരവുകൾ മാറ്റികൊണ്ടിരുന്നത് നിർമ്മാതാക്കളെ ആശയകുഴപ്പത്തിലാക്കി.
കോളനിവൽക്കരണം ശക്തമായ കാലമായിരുന്നത് കൊണ്ട് തന്നെ കിടമത്സരവും ശക്തമായിരുന്നു. 1625 സെപ്റ്റംബർ 10- ന് സ്വീഡിഷ് നാവിക സേനയ്ക്ക് പത്തു കപ്പലുകൾ നഷ്ടപെടുകയുണ്ടായി. പോളണ്ട് രാജാവ് യുദ്ധപ്രചാരണം ആരംഭിച്ചതും ഡാനിഷ് രണ്ട് ഗൺഡക്കുള്ള കപ്പൽ നിർമ്മിക്കുന്നുവെന്ന വാർത്തയും ഗുസ്താവ് രാജാവിന്റെ ചെവിയിൽ എത്തി.ഉടൻ തന്നെ രണ്ട് ഗൺ ഡക്കുള്ള 135 അടി കപ്പൽ നിർമ്മിക്കാൻ അഡ്മിറൽ ഫ്ലെമിങ്ങിനോട് രാജാവ് ആവശ്യപ്പെട്ടു.
സ്വീഡനിൽ അതുവരെ രണ്ട് ഡക്കുള്ള കപ്പൽ നിർമ്മിച്ചിരുന്നില്ല. ഹെൻഡ്രിക്‌ ഹൈബർട്സൺ മുമ്പൊരിക്കലും അത്തരമൊരു കപ്പൽ നിർമ്മിച്ചതിന് തെളിവൊന്നും ലഭിച്ചിരുന്നില്ല. കപ്പൽ നിർമ്മാണത്തിന്റെ സൈദ്ധാന്തിക തത്വങ്ങൾ ശെരിയായി മനസിലാക്കാത്ത സമയത്താണ് വാസ എന്ന ഹൈടെക് കപ്പൽ നിർമ്മിച്ചതെന്ന് കാണാവുന്നതാണ്. ഗുസ്താവ് രാജാവ് എത്രയും പെട്ടന്ന് കപ്പൽ കടലിൽ ഇറക്കാൻ നിർബന്ധം പിടിക്കുന്ന കത്തുകൾ അയച്ചുകൊണ്ടിരുന്നതും നിർമ്മാണ കമ്പനിക്ക് സമ്മർദ്ദമുണ്ടാക്കിയിരുന്നു. കപ്പലിന്റ പണി പെട്ടന്ന് പൂർത്തീകരിക്കേണ്ടി വന്നതും നിർമാണത്തിൽ സംഭവിച്ച പാകപ്പിഴകളും (കപ്പലിന്റെ ഗുരുത്വാകർഷണ കേന്ദ്രം രൂപകൽപ്പന ചെയ്തതിനേക്കാൾ വളരെ ഉയർന്നതായിരുന്നു ) വാസയുടെ തകർച്ചയ്ക്ക് കാരണമായി ഭവിച്ചു.
333 വർഷത്തോളം കടലിന്റെ അടിത്തട്ടിൽ കിടന്ന വാസയെ 1956 (1961)-ൽ സ്വീഡിഷ് മറൈൻ ടെക്‌നീഷ്യനും അമേച്ചർ നാവിക പുരാവസ്തു ഗവേഷകനുമായ ആൻഡേഴ്‌സ് ഫ്രാൻസൺ ഈ കപ്പലിനെ ലോകത്തിന് മുന്നിലെത്തിച്ചു. ബാൾട്ടിക്‌ കടലിലെ തണുത്തതും ഓക്സിജൻ ഇല്ലാത്തതുമായ വെള്ളം മരത്തിനെ ദഹിപ്പിക്കുന്ന ബാക്ടിരിയകളിൽ നിന്നും പുഴുക്കളിൽ നിന്നും വാസയെ കടലിനടിയിൽ സംരക്ഷിച്ചു നിർത്തി. കപ്പലിന്റെ അവശിഷ്ടങ്ങൾ ഉപരിതലത്തിലേക്ക് ഉയർത്തിയപ്പോൾ മരത്തിന്റെ 95% -വും കേടായിരുന്നില്ല.
പുറത്തെടുത്ത കപ്പൽ പിന്നീട് പ്രദർശനത്തിന് തയ്യാറാക്കി സ്ഥാപിക്കുകയും ചെയ്തു. 1988 മുതൽ ഈ കപ്പൽ സ്റ്റോക്‌ ഹോമിലെ റോയൽ നാഷണൽ സിറ്റി പാർക്കിൽ പ്രത്യേകമായി തയ്യാറാക്കിയ വാസ മ്യുസിയത്തിൽ പ്രദർശിപ്പിച്ചു വരുന്നു. 1961-ൽ കപ്പൽച്ചേതം കണ്ടെടുക്കുന്ന സമയത്ത് ആയിരക്കണക്കിന് കരകൗശല വസ്തുക്കളും കുറഞ്ഞത് 15 പേരുടെയെങ്കിലും ശരീരാവശിഷ്ടങ്ങളും കണ്ടെടുക്കുകയുണ്ടായി. പതിനേഴാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടതിൽ സംരക്ഷിക്കപ്പെടുന്ന ഏറ്റവും പഴക്കമുള്ള ഒരേയൊരു കപ്പലായാണ് ഇത് അറിയപ്പെടുന്നത്. 17-ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സ്വീഡനിലെ നാവികയുദ്ധം, കപ്പൽ നിർമ്മാണത്തിന്റെ തന്ത്രങ്ങൾ, അക്കാലത്തെ ദൈനംദിന ജീവിതത്തെ കുറിച്ചെല്ലാം ഉൾക്കാഴ്ചകൾ നൽകാൻ കണ്ടെടുക്കപ്പെട്ട പുരാവസ്തുക്കളും കലാസൃഷ്ടിയും കപ്പലും കാരണമായി തീർന്നു. ചരിത്രപരവും നരവംശ ശാസ്ത്രപരവുമായ പഠനത്തിനും വിനോദ സഞ്ചാരത്തിനുമായി നിരവധി പേർ മ്യുസിയം സന്ദർശിക്കുന്നു. "പൈറേറ്റസ് ഓഫ് ദ കരിബിയൻ" സിനിമയിലെ കപ്പലിനെ അനുസ്മരിക്കുന്ന ഈ സ്മാരകം കാണാൻ 1961 മുതൽ 35 ദശലക്ഷത്തിലധികം പേരാണ് സന്ദർശകരായി എത്തിയത്.... 

No comments:

Post a Comment