Monday, July 1, 2019


യൂയയിൽ നിന്ന് ജോസെഫിലേക്ക്..(ഭാഗം.2)


ഏറ്റവും വലിയ ആഗ്രഹം എന്താണെന്നു ചോദിച്ചാൽ ഒരു നിമിഷം പോലുംആലോചിക്കാതെ അതിനുള്ള ഉത്തരം എനിക്ക് പറയാൻ കഴിയും. വായിച്ചും കേട്ടറിഞ്ഞതുമായ നൈലിന്റെ വരദാനമായ ഈജിപ്തിനെ കൺകുളിർക്കെ കാണുകയെന്നതാണ്.ഏതൊരു സഞ്ചാരിയെയും, ചാരിതാന്വേഷിയെയും അത്ഭുതപ്പെടുത്തുകയും, ഭ്രമിപ്പിക്കുകയും ചെയ്ത ഈജിപ്ത്. പിരമിഡുകളും,സ്ഫിങ്ങ്സും, ക്ഷേത്രങ്ങളും ഉൾപ്പെടുന്ന അത്ഭുതനിർമ്മിതികൾ. മരണോപാസനയുടെ അതിഭൗമതലത്തിൽ വിഹരിച്ചിരുന്ന ഫറവോമാർ,അവർ അവസാനത്തെ വിശ്രമത്തിനായി കണ്ടെത്തിയ "രാജാക്കന്മാരുടെ താഴ്‌വര"(valley of king ).ഫറവോമാരുടെയും, രാഞ്ജിമാരുടെയും മമ്മികൾ, അവരുപയോഗിച്ച ഭൗതികവസ്തുക്കൾ ഉൾപ്പെടെയുള്ള പൗരാണിക തിരുശേഷിപ്പുകൾ സൂക്ഷിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തിരിക്കുന്ന കെയ്‌റോവിലെ അന്താരാഷ്ട്ര മ്യൂസിയം.അവാച്യമായ ആനന്ദാതിരേകത്താൽ മതിമറന്നു മനോരഥത്തിലേറിയുള്ള യാത്രയവസാനിപ്പിച്ചു ഞാൻ വായന തുടർന്നു.

യൂയയുടെ പേര് ഹൈറോഗ്ലിഫിക്സിൽ എഴുതിയിട്ടുള്ളത് ഓരോ സ്ഥലത്തും ഒരുപോലെയല്ല. ചിലപ്പോൾ യാ, യ, യിയ, യായി, യു, യുയു, യായാ, യിയായ്, യ് യ, യൂയ് എന്നിങ്ങനെ അസംഖ്യം അക്ഷരഭേദങ്ങൾ പലയിടത്തും കാണാൻ കഴിയും. ഇത് സൂചിപ്പിക്കുന്നത് യൂയയുടെ നാമധേയം ഹൈറോഗ്ലിഫിക് എഴുത്തുകാരായ സ്ക്രൈബുകൾക്കു (scribe -എഴുത്ത് പണിക്കാർ അല്ലെങ്കിൽ ഗുമസ്തൻ )അത്ര വശം പോരായിരുന്നു എന്ന് തന്നെ. അതിനർത്ഥം യൂയ ഒരു വിദേശിയായിരുന്നു എന്ന് കരുതി കൂടെ?
ജോസഫ്‌ എന്ന ഇംഗ്ലീഷ് ഉച്ചാരണം ഹീബ്രു ഭാഷയിൽ യോസഫ് എന്നാണ് വരിക. ഇതിലെ "യോ"വളരെ പ്രാധാന്യമർഹിക്കുന്നതാണ്. തങ്ങൾക്കു പരിചിതമല്ലാത്ത പേരിന്റെ ആദ്യാക്ഷരം മാത്രമെടുത്തു ഉപയോഹിക്കുന്ന പതിവ് ലോകത്തിൽ പലയിടത്തും കാണാൻ കഴിയും. അങ്ങനെയെങ്കിൽ യോസേഫിനെ "യോ"എന്ന് വിളിച്ചതിൽ അത്ഭുതപ്പെടാനില്ല. അപരിചിതമായ ഈ "യോ"ആണോ ഈജിപ്തുകാര്ക്ക് യൂയ ആയി മാറിയത്?അപ്പോൾ യൂയ, അമേൻഹോട്ടപ് മൂന്നാമന്റെ ഭാര്യാപിതാവാണോ ജോസഫ് എന്ന ബൈബിളിലെ വന്ദ്യപിതാമഹൻ?
മറ്റൊരു കാര്യം കൂടി നമ്മൾക്ക് പരിശോധിക്കാം., യൂയയ്ക്കു ആമേൻഹോട്ടപ് മൂന്നാമൻ കല്പിച്ചു കൊടുത്തിരിക്കുന്ന സ്ഥാനപ്പേരുകളിൽ ഒന്നു ഇപ്രകാരമായിരുന്നു. "ഇത് നെതെരെനെ നെബേ താവി "എന്ന ഹൈറോഗ്ലിഫിക് പ്രയോഗത്തിന്റ അർത്ഥം രണ്ടു ദേശങ്ങളുടെയും അധീശന്റെ പിതാവ് എന്നാണ് (മേലെ ഈജിപ്ത്, താഴെ ഈജിപ്ത്തിന്റെയും രാജാവ് )അതായത് ഫറവോയുടെ പിതാവ് എന്ന് തന്നെ. ഈ പ്രയോഗം തന്നെയെല്ലേ ജോസഫ് തന്റെ സഹോദരങ്ങളോട് പറഞ്ഞതെന്ന് ഞാനും ഒരു നിമിഷം ഓർത്തുപോയി.
മെനെതോ എന്ന പ്രാചീന ഈജിപ്ഷ്യൻ ചരിത്രകാരൻ BCE മൂന്നാം നൂറ്റാണ്ടിൽ അന്നത്തെ ഫറവോ ആയിരുന്ന ടോളമി ഒന്നാമന് എഴുതിയ കത്തിൽ അമേൻഹോട്ടപ് മൂന്നാമന്റെ രാജസദസ്സിലെ ഒരു മന്ത്രിക്ക് സേഫ് എന്നുകൂടി പേരുണ്ടായിരുന്നതായി പറയുന്നു. യോസഫിലെ സേഫിനെ അല്ലേ അതു സൂചിപ്പിക്കുന്നത്?
കെയ്റോ മ്യുസിയത്തിലെ ഒന്നാം നിലയിലാണ് യൂയയുടെ മമ്മി സൂക്ഷിച്ചിരുക്കുന്നത്. ഒരിക്കലും ദർശിച്ചിട്ടില്ലെങ്കിലും വായനയിൽ കൂടി അബോധമനസിൽ സൃഷ്ട്ടിച്ച അവാച്യമായ അനുഭൂതിയുടെ സങ്കല്പങ്ങളിൽ ഉയർത്തിവിട്ട ആ അസാധാരണ മമ്മിയെ ഞാൻ അത്ഭുതത്തോടെ നോക്കി നിന്നു. അമേൻഹോട്ടപ് മൂന്നാമന്റെ മന്ത്രിയായിരുന്ന യൂയയുടെ മമ്മി എന്നവിടെ എഴുതിവെച്ചിരിക്കുന്നു. ഭയഭക്തി ബഹുമാനത്തോടെ സ്വരം താഴ്ത്തി ഞാൻ ചോദിച്ചുപോയി., ഇതാണോ പ്രവാചകന്മാരിൽ ഉന്നതസ്ഥാനത്തു നിൽക്കുന്ന, ലോകജനതയുടെ പ്രപിതാമഹനായ അഭിവന്ദ്യ ആത്മീയപുരുഷൻ.ജോസഫ് എന്ന വിശുദ്ധൻ? !
1904-'05 ലാണ് ലക്സറിലെ രാജാക്കന്മാരുടെ താഴ്‌വരയിൽ KV46 എന്നു വിളിക്കുന്ന ശവകുടീരത്തിൽ നിന്നുമാണ് യൂയയുടെ മമ്മി JAIMS E QUIBELL കണ്ടെത്തുന്നത്. അദ്ദേഹം തിയോഡർ എം ഡേവിഡിന്റെ കീഴിൽ ജോലി നോക്കുകയായിരുന്നു.
യൂയയുടെ മമ്മിയെ വിശദമായി പഠിച്ച സ്വിസ്സ് ചരിത്രകാരനായ ഹെൻറി നാവിൽ ഇങ്ങനെ വിലയിരുത്തുന്നു :-വളരെ ആജ്ഞശക്തിയുള്ള ഒരാളാണിതെന്നു ഈ മുഖം നോക്കിയാൽ അറിയാം. ഒരു പുരോഹിതന് ചേർന്ന ബുദ്ധിയും വിവേകവും ആ മുഖത്തു ഒളിഞ്ഞിരിപ്പുണ്ടെന്നു തോന്നും. ഒന്നു സൂക്ഷിച്ചു നോക്കിയാൽ ലിയോ മൂന്നാമൻ മാര്പാപ്പയാണെന്നു തോന്നും. പരുന്തിന്റെ തീക്ഷ്ണഭാവം സ്ഫുരിക്കുന്ന മുഖഭാവം ഇയാളിൽ യഹൂദരുടെ ഓർമകളാണ് ഉയർത്തുന്നത്."യൂയയെ അവിടെ അടക്കം ചെയ്തിരിക്കുന്ന രീതിയും വ്യത്യസ്തമാണ്. ഈജിപ്തുകാരുടെ രീതിയായ കൈകളെ നെഞ്ചിനു പരസ്പരം കുറുകെ വെക്കുന്നതിനു വിപരീതമായി കഴുത്തിനോട് ചേർത്താണ് വെച്ചിരിക്കുന്നത്. ഇത് ഒരു സെമിറ്റിക് രീതിയാണത്രെ. ജോസഫിന് ചേർന്ന വിവരണം തന്നെയല്ലേ ഇത്?
യൂയായുടെ മമ്മി 
പഴയ നിയമത്തിൽ ഫറവോ, ജോസഫിനെ മന്തിയായി അവരോധിച്ചപ്പോൾ മൂന്ന് രാജകീയ അധികാരചിഹ്നങ്ങൾ കൈമാറിയതായി പറയുന്നുണ്ട്. ഒരു മുദ്രമോതിരം,ഒരു സ്വർണ്ണശൃംഖല, ഒരു രഥം എന്നിവയായിരുന്നു. യൂയായുടെ ശവകുടീരത്തിൽ നിന്നും മുദ്രമോതിരമൊഴിച്ചുള്ള മറ്റു രണ്ടു വസ്തുക്കളും കണ്ടുകിട്ടുകയുണ്ടായി. ആ ശവകുടീരത്തിൽ യൂയായെ കുറിച്ചു "ഫറവോയുടെ മുദ്രമോതിരവാഹകൻ" എന്ന സ്ഥാനപ്പേര് എഴുതിക്കാണുന്നതിനാൽ അഹമ്മദ് ഒസ്മാൻ മുന്നോട്ടു വെക്കുന്ന വാദഗതി പൂർണമായും തള്ളിക്കളയാൻകഴിയില്ലെന്ന് എനിക്കും തോന്നി.
അവസാനം,ചരിത്രാന്വേഷിയായ എനിക്ക് തോന്നിയ രണ്ടു സംശയങ്ങൾ ഞാൻ വായനക്കാരുമായി പങ്കുവെക്കുകയാണ്. ബൈബിളിൽ ജോസഫ്, എന്നെങ്കിലുമൊരിക്കൽ ഇസ്രേയലികൾ തങ്ങളുടെ വാഗ്‌ദത്തദേശമായ ക്നാനിലേക്കു തിരിച്ചുപോകുമ്പോൾ തന്റെ മമ്മികരിക്കപ്പെട്ട മൃതശരീരം കൂടി അങ്ങോട്ട്‌ കൊണ്ടുപോയി സംസ്കരിക്കണമെന്നു തന്റെ അനുയായികളോട് ആവശ്യപെടുന്നുണ്ട്..ഈ ആഗ്രഹം ശിരസ്സാവഹിച്ചുകൊണ്ടു ഇസ്രായേലികൾ നാലു തലമുറകൾക്കു ശേഷം ഈജിപ്തിൽ നിന്നും പലായനം ചെയ്തപ്പോൾ മോസ്സസ്സ്, ജോസെഫിന്റെ സകോഫഗസ് (sarcophagus-ശവപ്പെട്ടി )കൂടെ കൊണ്ടുപോയി ഷെകെം എന്ന സ്ഥലത്തു സംസ്കരിച്ചുവെന്നും ബൈബിൾ പറയുന്നു. ഇപ്പോഴത്തെ പാലസ്തീനിൻ വെസ്റ്റ് ബാങ്കിലുള്ള നബ്ബ്‌ളാസ്സ് എന്ന പട്ടണത്തിനടുത്താണ് സെകം.അങ്ങനെയാണെങ്കിൽ ലക്സറിലെ രാജാക്കന്മാരുടെ താഴ്‌വരയിൽ നിന്നും കാര്യമായ കേടുപാടുകളില്ലാതെ കണ്ടുകിട്ടിയ യൂയായുടെ മമ്മി എങ്ങനെ ജോസെഫിന്റെതാകും?
അന്ത്യസംസ്കാരം എവിടെയായിരുന്നാലും ജോസഫ്‌ അക്കാലത്തു ഫറവോയുടെ മന്ത്രിയായിരിക്കാനുള്ള സാദ്ധ്യതകൾ നിരവധിയാണ്. അതുകൊണ്ട് തന്നെ ജോസഫ്‌ ഏകദൈവവിശ്വാസത്തെക്കുറിച്ചു അമേൻഹോട്ടപ് ന്റെ മകനായ അഖ്‌നതെൻനോട് സംസാരിച്ചിരിക്കാനും സാധ്യതയുണ്ട്. ഇവിടെയാണ് എന്റെ രണ്ടാമത്തെ സംശയം, അഖ്‌നതെൻന്റെ ആരാധനാമൂർത്തി ഒരിക്കലും ജോസെഫിന്റെ ദൈവമായ യഹോവയായിരുന്നില്ല, അതു സൂര്യൻ എന്ന പ്രാവഞ്ചികസത്യവും വിസ്മയവുമായി ആതേൻന്റെ തളിക രൂപമായിരുന്നു...

No comments:

Post a Comment