ഹിറ്റ്ലറുടെ കാമുകിമാർ
ലോകം കണ്ട ഏറ്റവും വലിയ ഏകാധിപതിയും വംശീയവിദ്വേഷിയും ക്രൂരനും നരാധമനുമായി അറിയപ്പെടുന്ന അഡോൾഫ് ഹിറ്റ്ലർക്ക് ഒരു റൊമാന്റിക് മുഖം സങ്കല്പിച്ചെടുക്കാൻ കഴിയുമോ? അത്തരമൊരു ലോലഹൃദയവും സ്നേഹസുരഭിലമായ ദിനങ്ങളും ലോകം വിറപ്പിച്ച സ്വേച്ഛാധിപതിക്ക് ഉണ്ടായിരുന്നെങ്കിൽ എങ്ങനെയാണ് വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പ്രത്യയശാസ്ത്രം അയാളുടെ മനസ്സിൽ ഇത്രമാത്രം ആഴത്തിൽ വേരോടിയിട്ടുണ്ടാവുക.?
കഷ്ടതയുടെ കയ്പുനീർ നിറഞ്ഞ ജീവിതമായിരുന്നു ഹിറ്റ്ലറുടേത്. ഒരു മനുഷ്യന്റെ സ്വഭാവരൂപീകരണത്തിൽ സുപ്രധാനഘട്ടമാണല്ലോ ഇരുപത്തിയഞ്ചു വയസ്സുവരെയുള്ള കാലം. ജീവിതകാലം മുഴുവൻ മനസ്സിൽ കൊണ്ട് നടക്കേണ്ട മധുരിക്കുന്ന ഓർമ്മകളും അനുഭവങ്ങളും ഉണ്ടായിരിക്കേണ്ട അപൂർവദിനങ്ങൾ അതായിരുന്നല്ലോ. പക്ഷെ ഹിറ്റ്ലറെ സംബന്ധിചിടത്തോളം ആ കാലഘട്ടം കഷ്ടപ്പാടുകളും യാതനയും ദാരിദ്ര്യവും നിറഞ്ഞ ദുരിതപൂർണം തന്നെയായിരുന്നു. ബാല്യ, കൗമാര, യൗവനഘട്ടത്തിൽ നേരിടേണ്ടി വന്ന ജീവിതയാഥാർഥ്യങ്ങളെ നേരിടുന്നതിന് പകരം വ്യവസ്ഥിതിയോടുള്ള വിദ്വേഷമായി വളർത്തിയെടുക്കുകയാണ് അഡോൾഫ് ചെയ്തിരുന്നത്. ഹിറ്റ്ലറുടെ "പരാജയപ്പെട്ട വ്യക്തി"യിലേക്കുള്ള യാത്രകൾ അവിടെ നിന്ന് ആരംഭിച്ചതാണെന്ന് വേണമെങ്കിൽ പറയാം.
ജർമൻ രാഷ്ട്രത്തിന് വേണ്ടി തന്റെ സർവ്വസ്വവും സമർപ്പിച്ച വ്യക്തിയായിരുന്നു ഹിറ്റ്ലർ. അതുകൊണ്ട് വിവാഹത്തെകുറിച്ചൊന്നും ഹിറ്റ്ലർക്ക് താല്പര്യം ഉണ്ടായിരുന്നില്ല. "മാന്യന്മാരെ സ്ത്രീകൾ വഴി തെറ്റിക്കും" എന്ന് വിശ്വസിച്ച വ്യക്തികൂടിയായിരുന്നു അദ്ദേഹം. (അമ്മയെ അതിരറ്റു സ്നേഹിച്ചിരുന്നെങ്കിലും സ്ത്രീ വിദ്വേഷിയായ ഹിറ്റ്ലറെ ഇവിടെ കാണാവുന്നതാണ്) മനുഷ്യ വിദ്വേഷം മുഖമുദ്രയാക്കിയ ഒരാളിൽ നിന്ന് ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കാൻ. എന്നാൽ പല സ്ത്രീകളുമായി ഹിറ്റ്ലർക്ക് ബന്ധമുണ്ടായിരുന്നു എന്നത് വാസ്തവവുമാണ്. ഹിറ്റ്ലർക്ക് സ്ത്രീകളോടുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് വിശദമായി പഠിക്കുകയും അപഗ്രഥിക്കുകയും ചെയ്ത മനഃശാസ്ത്രജ്ഞനാണ് എറിക് ഫ്രോo. ഇവിടെ അത്തരമൊരു ആഴത്തിലുള്ള പഠനത്തിലേക്ക് പോകാതെ ഹിറ്റ്ലറുടെ കാമുകിമാരെ കുറിച്ച് മാത്രമാണ് സൂചിപ്പിക്കുന്നത്.
ഹിറ്റ്ലർ യുവാവായിരിക്കുമ്പോഴാണ് ലിൻസിലെ ഉപരിവർഗ കുടുംബത്തിൽപ്പെട്ട സ്റ്റിഫാനി എന്ന യുവതിയോട് ഹിറ്റ്ലർക്ക് വിചിത്രമായ പ്രേമം തോന്നിയത്. അവളെ ഒരുനോക്ക് കാണാൻ വേണ്ടിമാത്രം അവളുടെ വീടിനടുത്തുകൂടി പലവുരു നടക്കുമായിരുന്നെങ്കിലും ഒരിക്കൽ പോലും തന്റെ വികാരം പ്രകടിപ്പിക്കാനോ മൂന്നാമതൊരാൾ വഴി അറിയിക്കാനോ ഹിറ്റ്ലർക്ക് ധൈര്യമുണ്ടായിരുന്നില്ല. പ്രേമലേഖനങ്ങളും കവിതാശകലങ്ങളും, പിന്നീടൊരിക്കൽ വിവാഹാഭ്യർത്ഥനയും എഴുതി തയ്യാറാക്കിയെങ്കിലും അതെല്ലാം തന്റെ പ്രേമഭാജനമായിരുന്ന കാമുകിക്ക് എത്തിച്ചുകൊടുക്കാൻ അഡോൾഫ് ഉത്സാഹം കാണിച്ചിരുന്നില്ല. ആ പ്രേമബന്ധം എവിടെയും എത്താതെ അവസാനിക്കുകയാണുണ്ടായത്.
ഹിറ്റ്ലറുടെ രണ്ടാമത്തെ പ്രേമബന്ധം മുപ്പത്തിമൂന്നാം വയസ്സിൽ, മുഴുവൻ സമയവും പാർട്ടിപ്രവർത്തനത്തിൽ നീക്കിവെച്ച സമയം, മ്യുണിക്കിൽ ഒരു വാടകവീട്ടിൽ താമസിക്കുന്ന കാലത്തായിരുന്നു.അവിടെ ഹിറ്റ്ലറുടെ കൂടെ പിതാവായ അലോയ്‌സ് ഹിറ്റ്ലറുടെ ആദ്യഭാര്യയിലെ പുത്രി ആഞ്ജലയും (മിസ്സിസ് റൂബൽ ) അവരുടെ രണ്ട് പെൺമക്കളും താമസത്തിന് ഉണ്ടായിരുന്നു.
![]() |
| ഗേളി റൂബൽ |
അമ്മാവനും മരുമകളും തമ്മിലുള്ള വിചിത്ര ബന്ധത്തിന്റെ യഥാർത്ഥ സ്വഭാവം ഇന്നും അജ്ഞാതമാണ്. അവർ തമ്മിലുള്ള അകൽച്ചയുടെ പ്രധാന കാരണം ഹിറ്റ്ലറുടെ രതിവൈകൃതമാണെന്ന് സംശയിക്കപ്പെടുന്നുണ്ട്. പൊതുജീവിതത്തിൽ മറ്റുള്ളവരെ വേദനിപ്പിക്കുന്നതിൽ ആനന്ദിച്ചിരുന്ന ഹിറ്റ്ലർ, സ്വകാര്യജീവിതത്തിൽ തന്റെ സ്നേഹത്തിൽ നിന്ന് വേദന ആർജിക്കുന്നതിൽ സന്തോഷം കൊണ്ടിരുന്ന ആളായിരുന്നത്രെ.
ഏതായാലും അമ്മാവന്റെ കൂടെയുള്ള താമസം മതിയാക്കി വിയന്നയിലേക്ക് പോകാൻ തീരുമാനിച്ച ഗേളിയും ഹിറ്റ്ലറും 1931 സെപ്റ്റംബർ 17- ന് അവസാന കൂടിക്കാഴ്ച്ച നടന്നു:-
"അപ്പോൾ വിയന്നയിലേക്ക് പോകാൻ അങ്ങ് എന്നെ അനുവദിക്കുകയില്ല, ആല്ലേ,? "
ഗേളിയുടെ ഈ വാക്കുകൾ വീട്ടിലുള്ള മറ്റുള്ളവർ കേട്ടിരുന്നു. " ഇല്ല " എന്ന ഹിറ്റ്ലറുടെ ഉറച്ച മറുപടിയും.
വെടിയേറ്റ് കിടക്കുന്ന ഗേളിയുടെ ശവമാണ് പിറ്റേന്ന് രാവിലെ അവളുടെ മുറിയിൽ കണ്ടത്. നെഞ്ചിൽ ഇടതുവശത്താണ് വെടികൊണ്ടത്. ആത്മഹത്യയാണെന്ന് പൊതുവെ കരുതപ്പെടുന്നത്. പോലീസ് റിപ്പോർട്ടും അതിനെ സാധൂകരിക്കുന്നതായിരുന്നു.
ഗേളിക്ക് ഒരു യഹൂദ ചിത്രകാരനുമായുള്ള ബന്ധത്തിൽ സംശയിച്ചുണ്ടായ വഴക്കിനെതുടർന്ന് പെട്ടന്നുണ്ടായ കോപത്താൽ ഹിറ്റ്ലർ ഗേളിയെ വെടിവെക്കുകയായിരുന്നെന്നും ചിലർ വിശ്വസിക്കുന്നു. എന്നാൽ ഹിറ്റ്ലർ വീട്ടിൽ നിന്ന് പോയതിന് ശേഷമാണ് യഥാർത്ഥത്തിൽ ഗേളി മരിച്ചത്. പാർട്ടിക്ക് ദോഷകരമായി തീർന്നേക്കാവുന്ന അപകടാവസ്ഥ ഒഴിവാക്കുന്നതിന് വേണ്ടി ഹിംലറാണ് അത് ചെയ്തതെന്നും ശ്രുതിയുണ്ടായി.
ഗേളിയുടെ മരണം ഹിറ്റ്ലറെ ആകെ ഉലച്ചുകളഞ്ഞു. വളരെകാലത്തേക്ക് ഈ ദുഃഖത്തിൽ നിന്ന് മോചനം നേടാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.ആരോടും ഒന്നും ഉരിയാടാതെ ഹിറ്റ്ലർ കുറേനാൾ ഭ്രാന്തനെപ്പോലെ നടന്നുവത്രെ. ഗേളി റുബെലിന്റെ മരണത്തിന് ശേഷമാണ് ഹിറ്റ്ലർ മാംസഭക്ഷണം ഉപേക്ഷിക്കാൻ തുടങ്ങിയത്. അവളുടെ മരണത്തിൽ താൻ കരണമായല്ലോ എന്ന കുറ്റബോധം അക്കാലത്തു ഉണ്ടായിരുന്നതായി ഹിറ്റ്ലറുടെ പെരുമാറ്റത്തിൽ നിന്നും മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട്.
ഫ്യുററായശേഷം ഹിറ്റ്ലറെ പ്രേമിക്കാൻ പല യുവതികളും തയ്യാറായതായി പറയപ്പെടുന്നു. എന്നാൽ അവയെല്ലാം അദ്ദേഹം നിരസിക്കുകയാണുണ്ടായത്. ഹിറ്റ്ലറുടെ മറ്റൊരു പ്രേമബന്ധം റിനേറ്റ് മുള്ളർ എന്ന സിനിമാ നടിയോടായിരുന്നു. റിനെറ്റിന്റെ സിനിമകൾ കണ്ടതിന് ശേഷമാണ് അവളുടെ ആരാധകനായി മാറിയത്. ഒരു ദിവസം അവർക്ക് വേണ്ടി ചാൻസലർ മന്ദിരത്തിൽ ഗംഭീര വിരുന്നൊരുക്കി. വിരുന്ന് സൽക്കാരത്തിൽ ഹിറ്റ്ലർ നടത്തിയ പ്രേമാഭ്യർത്ഥനയിൽ അമ്പരന്നുപോയ റിനേറ്റ് സമചിത്തത വീണ്ടെടുത്ത് ഹിറ്റ്ലറുടെ ആഗ്രഹം അംഗീകരിക്കുന്ന പോലെ പെരുമാറുകയും ചെയ്തു. തന്റെ പ്രേമാഭ്യർത്ഥന റിനേറ്റ് സ്വീകരിച്ചതായി ഹിറ്റ്ലർ കരുതിയെങ്കിലും അത്തരമൊരു താല്പര്യമൊന്നും റിനേറ്റ് മുള്ളേർക്ക് ഹിറ്റ്ലറോട് തോന്നിയിരുന്നില്ല.
അഡോൾഫ് തന്റെ കാമുകിക്ക് വിലപ്പെട്ട സമ്മാനങ്ങൾ നൽകിയും അവളോടപ്പം സായാഹ്നങ്ങളിൽ ഒന്നിച്ചു ചെലവിടാനും സമയം കണ്ടെത്തി. എന്നാൽ ഹിറ്റ്ലറെ വെറുപ്പിക്കുന്നത് അപകടകരമെന്ന് മനസിലാക്കിയ റിനേറ്റ് മുള്ളർ അതിലെല്ലാം സഹകരിക്കുകയും സിനിമയിലെന്നപോലെ ഹിറ്റ്ലർക്ക് മുന്നിൽ അഭിനയിക്കുകയായിരുന്നു. യഥാർത്ഥത്തിൽ റിനേറ്റ് പാരിസിലെ കോടിശ്വരനും സുന്ദരനുമായ ഒരു ജൂത യുവാവുമായി സ്നേഹത്തിലായിരുന്നു. റിനേറ്റ് ആകട്ടെ ഹിറ്റ്ലർ തനിക്ക് നൽകിയ വിലകൂടിയ ഉപഹാരങ്ങൾ കാമുകന് നൽകുന്നതിൽ സംതൃപ്തി കണ്ടെത്തി.
റിനേറ്റ് മുള്ളറുടെ രഹസ്യസമാഹമത്തെപ്പറ്റി രഹസ്യപൊലീസ് ഫ്യുറർക്ക് പല പ്രാവശ്യം മുന്നറിയിപ്പ് നൽകിയിരുന്നു. ആദ്യമൊന്നും അദ്ദേഹം കാര്യമായി എടുത്തില്ലെങ്കിലും ഒരുനാൾ കള്ളം പിടിക്കപ്പെടുക തന്നെ ചെയ്തു. പാരിസിൽ നിന്ന് റിനെറ്റിനെയും കാമുകനെയും ഗെസ്റ്റപ്പോ ചാരന്മാർ പിടികൂടിയപ്പോഴാണ് ഹിറ്റ്ലർക്ക് താൻ ഇതുവരെ കബളിപ്പിക്കപ്പെടുകയായിരുന്നെന്ന് ബോധ്യമായത്. പിറ്റേന്ന് സ്വന്തം ഫ്ലാറ്റിന്റെ മൂന്നാം നിലയിൽ നിന്ന് ചാടി മരിച്ച റിനേറ്റ് മുള്ളറുടെ ജഡമാണ് കണ്ടെത്തിയത്. അതിന് പിന്നിൽ പ്രവർത്തിച്ചത് ഗെസ്റ്റപ്പോയുടെ കറുത്ത കൈകൾ ആണെന്ന് കരുതുന്നു.
![]() |
| ഇവ ബ്രൗൺ |
ഈവാ ബ്രൗൺ എന്ന ഫോട്ടോഗ്രാഫറുമായുള്ള പ്രേമബന്ധമാണ് അവസാനം വരെ നീണ്ടുനിന്നത്. ഈവയ്ക്കു അഡോൾഫിനോടുണ്ടായിരുന്നത് ആത്മാർത്ഥ സ്നേഹം തന്നെയായിരുന്നു. ഒടുവിൽ ഒരുമിച്ചു ജീവനൊടുക്കാൻ അവളെ പ്രേരിപ്പിച്ചതും ഈ ആത്മബന്ധം തന്നെയായിരുന്നു. മറ്റുള്ളവരെ പോലെ പദവിയേയോ അധികാരശക്തിയേയോ സ്നേഹിച്ചവളായിരുന്നില്ല അവൾ, മറിച്ചു ഹിറ്റ്ലറെ തന്നെയാണ് സ്നേഹിച്ചിരുന്നത്. മറ്റു കാമുകിമാരിൽ നിന്ന് ഈവയെ വേർതിരിച്ചു നിർത്തുന്നതും അതുതന്നെ. പക്ഷെ ഹിറ്റ്ലർക്ക് ഈവയോടു ഉണ്ടായിരുന്നത് ഏതുതരം ബന്ധമായിരുന്നു.? സാമ്രാജ്യത്വ എഴുത്തുകാർ എഴുതിയ പോലെ ഈവയെ വെപ്പാട്ടി മാത്രമായി കണ്ടിരുന്നില്ലെന്നും അവളുടെ സ്നേഹത്തെയും വ്യക്തിത്വത്തെയും ഹിറ്റ്ലർ മാനിച്ചിരുന്നതായും പറയപ്പെടുകയും വിശ്വസിക്കുകയും ചെയ്യുന്നവരുണ്ട്. യഥാർത്ഥത്തിൽ ഹിറ്റ്ലർ കുറച്ചെങ്കിലും സ്നേഹിച്ചിരുന്നത് ഗേളി റൂബെലിനെ മാത്രമായിരുന്നു. ഈവാ ബ്രൗണുമായുള്ള ഹിറ്റ്ലറുടെ ബന്ധം പരിശോധിച്ചാൽ പലപ്പോഴും അവഗണിക്കപ്പെട്ടതിൽ വേദനിക്കുന്ന ഒരു ഈവയെ നമുക്ക് കാണാൻ കഴിയും. ഒരുപക്ഷെ ഏറ്റവുമധികം സന്തോഷിക്കുന്ന ഈവയെ കാണുക മരണത്തിന് തൊട്ട് മുൻപ് വരണമാല്യം കഴുത്തിൽ അണിഞ്ഞ സമയമായിരിക്കും. അല്ലെങ്കിൽ ഹിറ്റ്ലറോടപ്പം മരണത്തെ രണ്ട് കയ്യും നീട്ടി സ്വീകരിച്ച മുഹൂർത്തവുമായിരിക്കാം. എന്തായാലും ഈവയും അഡോൾഫും അനശ്വരന്മാരാണ്. ഒരാൾ അനശ്വര പ്രണയത്തിലൂടെയാണെങ്കിൽ മറ്റൊരാൾ കൊടും ക്രൂരതയുടെ പര്യായായമായെന്ന് മാത്രം. ഗേളി റൂബൽ, റിനേറ്റ മുള്ളർ, ഈവാ ബ്രൗൺ, യൂനിറ്റി മിറ്റ് ഫോർഡ്, മെസേർ .... തുടങ്ങി ഹിറ്റ്ലറുമായി അടുത്തിടപഴകിയിട്ടുള്ള സ്ത്രീകൾ എല്ലാം കൊല്ലപ്പെടുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്തുവെന്നത് യാദൃശ്ചികതയാണെന്ന് തോന്നുന്നില്ല. കാരണം "മരണത്തിന്റെ വ്യാപാരി" തന്നെയായിരുന്നല്ലോ ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ ഏകാധിപതിയായി വാഴ്ത്തപ്പെടുന്ന അഡോൾഫ് ഹിറ്റ്ലർ.....





No comments:
Post a Comment