Friday, July 26, 2019

കാർഗിൽ വിജയത്തിന് 20 വയസ്സ്





ഇന്ത്യൻ ജനതയുടെ ആത്മാഭിമാനം വാനോളം ഉയർത്തി കാർഗിലിലെ ടൈഗർ ഹില്ലിന്റെ ഉത്തുംഗശ്രുംഗത്തിൽ ഇന്ത്യൻ പട്ടാളം വിജയഭേരി മുഴക്കി ത്രിവർണ്ണാങ്കിത പതാക പാറിച്ച ദിനത്തിന് 20  വയസ്സ് .കൃത്യമായി പറഞ്ഞാൽ 1999 മെയ് മാസം 8 മുതൽ ജൂലൈ മാസം 26 വരെ നടന്ന ഇന്ത്യ -പാക് യുദ്ധത്തിലാണ് അസ്ഥികൾ പോലും നുറുങ്ങുന്ന കാർഗിലിന്റെ മഞ്ഞുമലകളിൽ നിന്ന് പാക് സൈനികരെയും തീവ്രവാദികളെയും തുരത്തിയോടിച്ചത്‌ .അതോടപ്പം മാതൃരാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച് വീരേതിഹാസം രചിച്ച ധീരസൈനികരുടെ ജ്വലിക്കുന്ന ഓർമ്മ പുതുക്കുന്ന ''വിജയദിവാസ്'' കൂടിയാണ് ഈ ദിവസം . ഇന്ത്യയ്ക്ക് 527 സൈനികരെ ജീവൻ നഷ്ടപ്പെടുത്തേണ്ടി വന്ന കാർഗിൽ യുദ്ധത്തെക്കുറിച്ച് ഒരന്വേഷണം ;-

മഞ്ഞുപുതഞ്ഞു കിടക്കുന്ന കാശ്മീരിലെയും ലഡാക്കിലെയും മലനിരകളിൽ ,ശ്രീനഗറിൽ നിന്നും 205 കിലോമീറ്ററും ലേയിൽ 230 കിലോമീറ്ററും അകലെയാണ് കാർഗിൽ .കാർഗിൽ എന്ന വാക്ക് രൂപമെടുത്തത് ''കോട്ട ''എന്നർത്ഥം വരുന്ന ''ഖർ '' അതുപോലെ ''ഇടം''എന്നർത്ഥം വരുന്ന ''കിൽ '' എന്നി രണ്ടു വാക്കുകൾ കൂടിചേർന്നാണ് .അതായത് കാർഗിൽ എന്നുവെച്ചാൽ കോട്ടകൾക്ക് ഇടയിലുള്ള സ്ഥലം എന്നർത്ഥം .പഴയ കാലത്ത്  കാർഗിലിന് ചുറ്റും രാജാക്കന്മാരുടെ കോട്ടകൾ ഉണ്ടായത് കൊണ്ടോ മലനിരകൾ കോട്ടയെപ്പോലെ നിലനിൽക്കുന്നത് കൊണ്ടോ ആയിരിക്കാം ആ പേര് വന്നത് .പാക്കിസ്ഥാന്റെയും ഇന്ത്യയുടേയും അതിർത്തി പങ്ക് വെക്കുന്ന ഈ സ്ഥലത്തിന് രണ്ട് രാജ്യങ്ങളെയും സംബധിച്ചിടത്തോളം തന്ത്രപ്രധാനമായ സ്ഥാനമുണ്ട് .


1947 -ൽ ഇന്ത്യയും പാക്കിസ്ഥാനും സ്വതന്ത്രരാഷ്ട്രങ്ങളായി മാറിയപ്പോൾ, ഇന്ത്യ ജനാധിപത്യത്തെ പരിപോഷിപ്പിച്ചപ്പോൾ പാക്കിസ്ഥാൻ മതമൗലികവാദത്തിലേക് തിരിയുകയാണ് ഉണ്ടായത് .മതമൗലികവാദം പിന്നീട്  മതതീവ്രവാദത്തെ വളർത്തുകയാണ് ഉണ്ടായത്. ജനാധിപത്യം പേരിന് മാത്രം .എല്ലാകാലത്തും പാക്കിസ്ഥാനിൽ രണ്ട് അധികാരകേന്ദ്രങ്ങൾ ഉണ്ടായിരുന്നു. പാക്ക് പട്ടാളവും ചാരസംഘടനയായ ഐ എസ് ഐ യും ആയിരുന്നു യഥാർത്ഥത്തിൽ പാകിസ്താനെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത് .തെരഞ്ഞെടുക്കപ്പെടുന്ന സർക്കാരുകൾ അവരുടെ കയ്യിലെ പാവകൾ മാത്രമായിരുന്നു .ഇന്ത്യയ്‌ക്കെതിരെ വളർത്തിക്കൊണ്ട് വന്ന തീവ്രവാദം ഭസ്മാസുരന് വരം കൊടുത്തതുപോലെ പാക്കിസ്ഥാന് തന്നെ വിനയായിത്തീർന്നു .സാമ്പത്തികമായും രാഷ്ട്രീയമായും അസ്ഥിരമായ ഒരു പാക്കിസ്ഥാനെയാണ് നമുക്ക് ഇന്ന് കാണാൻ കഴിയുന്നത് .രാഷ്ട്രീയമായ അവരുടെ ഐഡിയോളജി എന്ന് പറയുന്നത് ഇന്ത്യയ്‌ക്കെതിരെ തിരിയുക എന്നത് മാത്രമാണ് .ഈയൊരു രാഷ്ട്രീയ പശ്ചാത്തലത്തിലായിരിക്കണം കാർഗിൽ നുഴഞ്ഞുകയറ്റത്തെ കാണേണ്ടത് .

കാശ്മീരിനെ ചൊല്ലിയുള്ള ഇന്ത്യ -പാക് പ്രശനങ്ങൾ പരിഹരിക്കാൻ എല്ലാകാലത്തും ശ്രമം നടന്നിരുന്നു .അങ്ങനെയൊരു ശ്രമത്തിന്റെ ഭാഗമായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന വാജ്‌പേയ് 1999 ഫെബുവരി 20 -ന് അന്നത്തെ പാക്കിസ്ഥാൻ പ്രധാനമന്ത്രിയായിരുന്ന നവാഷ് ഷെരീഫുമായി   നടത്തിയ നയതന്ത്ര നീക്കം . പസ്പരം വിശ്വാസം വളർത്തുന്നതിന്റെ ആദ്യചുവടായി രണ്ടു രാജ്യങ്ങളിലെയും അതിർത്തികൾ അപ്രസക്തമാക്കി കൊണ്ട് ബസ് സർവീസ് ആരംഭിക്കുന്നത് .സദാ -എ -സർഹദ്  (അതിർത്തിയുടെ സ്വരം) എന്ന ബസ് വാഗാ അതിർത്തി കടന്ന് പാക്കിസ്ഥാനിൽ എത്തിയപ്പോൾ അതിൽ ഇന്ത്യൻ പ്രധാനമന്ത്രി വാജ്‌പേയിയും ഉണ്ടായിരുന്നു.അതിർത്തിയിലെ പാക്ക് മണ്ണിൽ ബസ് നിർത്തുകയും അതിൽ നിന്നും ഇറങ്ങിയ ഇന്ത്യൻ പ്രധാനമന്ത്രി അവിടെ കാത്തുനിന്ന പാകിസ്ഥാൻ പ്രധാനമന്ത്രിയായ നവാഷ് ഷെരീഫിനെ ആലിംഗനം ചെയ്തു .ഏറെക്കാലം പരസ്പരം പോരടിച്ചുകൊണ്ടിരുന്ന രണ്ട് രാഷ്ട്രങ്ങളിലെ വൈരാഗ്യത്തിൻറെ കനലുകൾ എരിഞ്ഞു തീർന്നെന്ന് അന്താരാഷ്ട്രമാധ്യമങ്ങൾ എഴുതി .

എന്നാൽ ,പ്രധാനമന്ത്രിയുടെ സൗഹൃദ സന്ദർശനത്തിനും ബസ് നയതന്ത്രത്തിനുമെതിരെ പാക്കിസ്ഥാനിൽ വൻ പ്രതിഷേധങ്ങളും

പ്രകടനങ്ങളും നടന്നു. വാജ്‌പേയ് തന്റെ സ്വതസിദ്ധമായ കാവ്യാത്മക ശൈലിയിൽ പാകിസ്ഥാനിലെ സദസ്സിനെ നോക്കി ഇങ്ങനെ പറഞ്ഞു ;-

        '' ശത്രുതയ്ക്കായി നമ്മൾ ഏറെക്കാലം ചെലവിട്ടില്ലേ ...ഇനി സൗഹൃദത്തിനും ഒരവസരം നൽകിക്കൂടെ ''...? ആ സദസ്സ് വാജ്‌പേയിയുടെ ഈ ചോദ്യത്തെ നിറഞ്ഞ കയ്യടിയോടെ സ്വീകരിച്ചു .

ഇന്ത്യ ആത്മാർത്ഥതയോടെ നടത്തിയ ഈ നയതന്ത്ര നീക്കങ്ങളിലൊന്നും സഹകരിക്കാതെയും ബഹിഷ്കരിച്ചും ഒരാൾ മാറിനിന്നത് ആരും ശ്രദ്ധിച്ചിരുന്നില്ല .പാകിസ്ഥാൻ ചീഫ് ഓഫ് ആർമി സ്റ്റാഫ് അംഗമായ \ജനറൽ പർവേഷ് മുഷറഫ് ആയിരുന്നു അത് . ഒരു വൻചതി അണിയറയിൽ ഒരുങ്ങുന്ന കാര്യം ഇന്ത്യയ്ക്ക് മനസിലാക്കാൻ കഴിഞ്ഞിരുന്നില്ല എന്നതാണ് സത്യം . പാക്കിസ്ഥാനിലെ രണ്ട് അധികാരകേന്ദ്രങ്ങളെ കുറിച്ചുള്ള അജ്ഞതയാണ്  അവരുടെ കുടിലതന്ത്രങ്ങൾ മനസിലാക്കാൻ ഇന്ത്യയ്ക്ക് പറ്റാതെ പോയതിന് കാരണമെന്ന് പറഞ്ഞുകൂടാ , പ്രശനം പരിഹരിക്കുന്നതിനുള്ള ഇന്ത്യയുടെ ആത്മാർത്ഥതയായിരുന്നു ആ പോരായ്മയ്ക്ക് കാരണമെന്ന് പറയുന്നതാകും ശെരി .

ഇന്ത്യയും പാക്കിസ്ഥാനിലെ തെരെഞ്ഞെടുക്കപ്പെട്ട സർക്കാരുമായി നടത്തിയ നയതന്ത്ര നീക്കത്തെ പരാജയപ്പെടുത്തുന്നതിനുള്ള ശ്രമം പാക്ക് മിലിറ്ററിയും   ഐ എസ് ഐ-യും ആരംഭിച്ചത് 1998 നവംബറിൽ ആണ് .കൃത്യമായി പറഞ്ഞാൽ വാജ്‌പേയ് നയതന്ത്ര നീക്കവുമായി വാഗയിൽ ബസിറങ്ങുന്നതിന് മൂന്ന് മാസങ്ങൾക്ക് മുൻപ് .പാക്കിസ്ഥാനിലെ ടെൻത് കോറിൻറെ കമാന്റിംഗ്‌ ആർട്ടിലറി ഓഫീസറായിരുന്ന ലെഫ്റ്റന്റ്‌ ജനറൽ മെഹമൂദ് അഹമ്മദ്, നോർത്തേൺ ഫ്രണ്ടിയർ consta ജനറലുമായ ജാവേദ് ഹസ്സൻ , കാശ്മീർ വംശജനായ പാക്കിസ്ഥാൻ സൈന്യത്തിലെ ചീഫ് ഓഫ് ജനറൽ സ്റ്റാഫായിരുന്ന ജനറൽ മുഹമ്മദ് അസ്സീസ് എന്നീ മൂന്ന് ജനറൽമാർ ,കമാണ്ടറും തങ്ങളുടെ ചീഫ് ആയ ജനറൽ പർവേഷ് മുഷറഫിനെ ചെന്ന് കാണുകയുണ്ടായി .ഇവർ നാല് പേരും ചേർന്ന് വർഷങ്ങൾക്ക് മുൻപ് തന്നെ പാക്ക് സൈന്യത്തിന്റെ മനസ്സിൽ പൊട്ടിമുളയ്ക്കുകയും എന്നാൽ ആരും ധൈര്യപ്പെടാതിരുന്ന വലിയ പ്രത്യാഘാതം തന്നെ ഉണ്ടായേക്കാവുന്ന ഗൂഢാലോചന പ്രാവർത്തികമാക്കാൻ തിരുമാനിക്കുകായായിരുന്നു .

കാർഗിൽ ജില്ലയിലെ കാലാവസ്ഥ ഏറെ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു. അതിശൈത്യം ഏറെനാൾ നീണ്ടുനിൽക്കുന്നതും വേനൽ വരണ്ടതും ഹ്രസ്വവുമായിരുന്നു .വേനൽക്കാലത്ത് 30 ഡിഗ്രി വരെ ഉയരുന്ന താപനില ശൈത്യകാലം എത്തുമ്പോഴേക്കും അത് -35 ഡിഗ്രിയിലേക്ക് താഴുന്നു . കാർഗിൽ ജില്ലയിലെ പടിഞ്ഞാറൻ അതിർത്തിയിലൂടെയാണ് വിവാദമായ നിയന്ത്രണരേഖ കടന്നു പോകുന്നത്. ഇന്ത്യയും പാക്കിസ്ഥാനും പങ്കിട്ടെടുക്കുന്ന കാശ്മീരിന്റെ ചെങ്കുത്തായ മലകൾക്കിടയിൽ രണ്ടുഭാഗങ്ങളിലും ബങ്കറുകൾ പണിത് രണ്ടു രാജ്യങ്ങളിലെയും സൈനികർ ഈ അദൃശ്യരേഖയിൽ പരസ്പരം ബഹുമാനത്തോടെ കവലിരിക്കുന്നു .

കടുത്ത മഞ്ഞുവീഴ്ചയുള്ള ശൈത്യകാലത്ത് അവിടെ സൈനികകാവൽ ദുഷ്കരമാകുമ്പോൾ തങ്ങളുടെ ബങ്കറുകൾ ഉപേക്ഷിച്ച് സൈനികർ അടുത്തുള്ള സൈനിക ബാരക്കിലേക്ക് പോകുമായിരുന്നു .വേനൽക്കാലം വരെ ഒരു പട്ടാളക്കാരന്റെയും ഇടപെടൽ കൂടാതെ തന്നെ ലൈൻ ഓഫ് കൺട്രോൾ സംരക്ഷിച്ചു പോകുന്നു .രണ്ടു ഭാഗത്തേക്കും യാതൊരുവിധ പ്രകോപനങ്ങളും ഉണ്ടാവരുതെന്നാണ് അലിഖിതമായ നിയമം .പരസ്പര വിശ്വാസത്തിലധിഷ്ഠിതമായ ആ അലിഖിതനിയമം 1999 -ൽ പാക്കിസ്ഥാൻ ഏകപക്ഷിയമായി ലംഘിച്ചു .

1999 നവംബറിൽ കൂടിയ നാല് ജനറൽമാരുടെയും രഹസ്യയോഗത്തെ തുടർന്ന് റാവൽപിണ്ടിയിലെ പാക് മിലിട്ടറി ഹെഡ് ക്വാർട്ടേസിൽ നിന്ന് ഒരു രഹസ്യഉത്തരവ് പാക് അതിർത്തി സൈന്യത്തെ തേടിയെത്തി .ഇന്ത്യൻ സൈന്യം ഉപേക്ഷിച്ചുപോയ ദ്രാസ്സ് -കാർഗിൽ സെക്ടറിലെ ബങ്കറുകളും പോസ്റ്റുകളും കൈയ്യേറുക ,അതായിരുന്നു കിട്ടിയ ഉത്തരവ് .വാഗാ അതിർത്തിയിൽ വാജ്‌പേയിയും നവാസ് ഷെരീഫും സമാധാനത്തിന്റെ ഹസ്തദാനവുമായി മുന്നോട്ട് പോകുമ്പോഴാണ് പാക് സൈന്യം ആ സൗഹൃദത്തിന്റെ മറവിൽ കാർഗിലിലെ 135 ഇന്ത്യൻ മിലിട്ടറി പോയന്റുകളിൽ കടന്ന് കയറി 130 ചതുരശ്ര കിലോമീറ്റർ ഇന്ത്യൻ മണ്ണ് കയ്യേറി അവിടെ പാക് പതാക പാറിച്ചത് .

ഇന്ത്യൻ ഇന്റലിജൻസ് വിഭാഗമൊന്നാകെ പരാജയപ്പെടുകയായിരുന്നു അവിടെ .പാക് സൈന്യത്തിന്റെ മുൻകാല ചെയ്തികൾ വിലയിരുത്തിയാൽ ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗങ്ങൾക്ക് പറ്റിയ വലിയൊരു വീഴ്ചയായി മാത്രമേ കാണാൻ കഴിയൂ .രാജ്യസുരക്ഷയിൽ ഒരിക്കലും വരുത്താൻ പാടില്ലാത്ത പിഴവ് കൂടിയായിരുന്നു അത് . വാജ്‌പേയിക്ക് ഇതിനെക്കുറിച്ച് യാതൊരു അറിവും ലഭിച്ചിരുന്നില്ല .പാക്കിസ്ഥാൻ മിലിട്ടറിയുടെ സ്വഭാവം വെച്ച് നോക്കിയാൽ നവാസ് ഷെരീഫിന് പോലും ഇതിനെക്കുറിച്ച് അറിവ് കാണില്ല എന്നെ കരുതാൻ കഴിയു .അതിർത്തിയിൽ നടക്കുന്ന കയ്യേറ്റത്തെക്കുറിച്ച് ഒരു ബോധ്യവും ഇല്ലാതിരുന്ന വാജ്പയിയും നവാസ് ഷെരീഫും ചേർന്ന് 1999 മാർച്ച് 21 -ന് ''ലാഹോർ'' പ്രഖ്യാപനത്തിൽ ഒപ്പ് വെച്ചു .

1999 മേയ് മൂന്നിന് താഷി നംഗ്യാൻ എന്ന പ്രദേശവാസി തന്റെ സുഹൃത്തുക്കളോടപ്പം ജുബാർ മലയിടുക്കിലേക്ക് ആടിനെ മേയ്ക്കാൻ പോയത് . കൂട്ടം തെറ്റിയ ഒരു യാക്കിനെ തന്റെ ബൈനോക്കുലറിലൂടെ തെരഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് യാഷി യാദൃശ്ചികമായി അങ്ങകലെ കറുത്ത പത്താണി സൽവാർ കമ്മീസ് ധരിച്ച പാക് പട്ടാളക്കാരെ കാണുന്നത് .അവർ അവിടെ ബങ്കറുകൾ കുഴിച്ചുകൊണ്ടിരിക്കുകയാണെന്ന് മനസ്സിലാക്കിയ യാഷി തിരിച്ചു വന്നയുടൻ വിവരം പട്ടാളക്കാരെ അറിയിച്ചു .ആർമി പിറ്റേദിവസം പട്രോളിംഗ് സംഘത്തെ അങ്ങോട്ട് അയച്ചു,അവിടെവെച്ച് പാക്ക് പട്ടാളക്കാരും തമ്മിൽ ചെറിയ രീതിയിൻ സംഘർഷമുണ്ടായെങ്കിലും ,അപ്പോഴൊന്നും പാക് സൈന്യത്തിന്റെ അധിനിവേശത്തിന്റെ ഗുരുതരാവസ്ഥ ഇന്ത്യൻ സൈന്യത്തിന് മനസിലാക്കാൻ കഴിഞ്ഞിരുന്നില്ല എന്നതാണ് സത്യം .ഇന്ത്യൻ സൈന്യത്തിന് ആ ബോധ്യം വന്നതാകട്ടെ ക്യാപ്റ്റൻ സൗരവ് കാലിയയുടെ നേതൃത്വത്തിൽ പട്രോളിംഗിന് പോയ ഒരു സംഘം അപ്പാടെ അപ്രത്യക്ഷമായതോട് കൂടിയാണ് .



                                                                                                                        തുടരും 



















.

No comments:

Post a Comment