Tuesday, July 2, 2019


ഈജിപ്ത് :കുഫുവിന്റെ സൗരനൗക .



1954-ൽ കമാൽ എൽ -മല്ലാഖ് എന്ന ഈജിപ്ഷ്യൻ പുരാവസ്തുഗവേഷകൻ പതിവ് പോലെ തന്റെ പരിവേക്ഷണ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുക ആയിരുന്നു. എക്കാലത്തെയും ലോകമഹാ അത്ഭുതങ്ങളിൽ ഒന്നായ ഗിസ്സയിലെ "The great pyramid"ന്റെ തെക്ക് വശത്തായിട്ടാണ് കമാൽ തന്റെ ഗവേഷണങ്ങൾക്ക് തെരെഞ്ഞെടുത്തത്. യാതൃശ്ചികമായിട്ടാണ് വലിയ നൗകകളുടെ ആകൃതിയിലുള്ള രണ്ട് ഗർത്തങ്ങൾ പരിവേക്ഷണങ്ങൾക്കിടയിൽ കമാലിന് മുൻപിൽ പ്രത്യക്ഷപ്പെട്ടത്. അവിടെ കണ്ട കാഴ്‌ച അദ്ദേഹത്തെ അത്ഭുതപ്പെടുത്തുകയും ജിജ്ജാസയും ഉളവാക്കിയാതോടപ്പം തന്നെ വലിയൊരു ചരിത്രവിസ്മയം തനിക്ക് മുൻപിൽ അനാവരണം ചെയ്യപ്പെടാൻ പോകുന്നതായി അദ്ദേഹത്തിന് തോന്നി.
അവിടെ കണ്ട 32.5 മീറ്റർ നീളമുള്ള കിഴക്കൻ ഗർത്തം 20 ടൺ വീതം ഭാരമുള്ള 41 ചുണ്ണാമ്പ്കല്ല് പാളികൾ കൊണ്ട് ഭദ്രമായി അടച്ചുവെക്കപ്പെട്ടിരുന്നു. ആ കല്ലുകൾ മാറ്റി നോക്കിയപ്പോൾ നയനമനോഹരമായ ദൃശ്യവിസ്മയമാണ് പുരാവസ്തു ഗവേഷകർക്ക് മുൻപിൽ തുറക്കപ്പെട്ടത്. അതിനുള്ളിൽ അത്യന്തം ഗംഭീരമായി നിർമ്മിച്ച ഒരു സുന്ദരനൗക അഴിച്ചു ഭാഗങ്ങളാക്കി വെച്ചിരിക്കുന്നു. ആകെ 1224 ഭാഗങ്ങളുണ്ടായിരുന്നത്രെ ആ ഗർത്തത്തിനുള്ളിൽ. കൂടാതെ 12 പങ്കായങ്ങളും 58 ദണ്ഡുകളും മൂന്ന് മരത്തൂണുകളും അഞ്ചു വാതിലുകളും ഉൾപ്പെട്ടിരുന്നു. എല്ലാ ഭാഗങ്ങളും വളരെ കൃത്യമായി യഥാസ്ഥാനത്ത് അടുക്കി ചരട് കൊണ്ട് കെട്ടിയ നിലയിലായിരുന്നു. അവ നിർമ്മിച്ചതാകട്ടെ ലബനീസ് ദാരുവിലും എക്കേഷ്യാ മരത്തിലുമായിരുന്നു.
കുഫുവിന്റെ പിരമിഡും, പിരമിഡ് സമുച്ചയങ്ങളും ഉൾകൊള്ളുന്ന പരിസരത്ത് തന്നെയാണ് പുതിയ കണ്ടെത്തലും എന്നത് കൊണ്ട്, കുഫുവിന്റെ നിർമ്മാണവൈവിധ്യത്തിലെ മറ്റൊരു അത്ഭുതമാണെന്നതിൽ ഗവേഷകർക്ക് മറിച്ചൊരഭിപ്രായം ഉണ്ടായിരുന്നില്ല. പ്രാചീന ഈജിപ്തിലെ നാലാം രാജവംശത്തിലെ (BCE 2520-2392)ഫറവോയായിരുന്ന സ്നേഫരുവിന്റേയും ഹെതെഫെറസ് രാഞ്ജിയുടെയും പുത്രനായിരുന്നു ചിയോപ്സ് എന്ന കുഫു. The great pyramid നിർമ്മിച്ചുകൊണ്ട് ലോകത്തെ അതിശയിപ്പിച്ച ഫറവോ,അധികാരമേറ്റ കാലം മുതൽ രാജഭരണത്തിന്റെ മുക്കാൽ പങ്കും മഹത്തായ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ചെലവഴിച്ച ഫറവോ, ചരിത്രകാരൻ ഹെറോഡോട്ടസിന്റെ അഭിപ്രായത്തിൽ ഈജിപ്ത് കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ക്രൂരനായ ഫറവോ.അങ്ങനെ നിരവധി വിശേഷണങ്ങൾക്കു അർഹനായ ഫറവോയായിരുന്നു കുഫു.
പുരാതന ഈജിപ്തിനെ സംബന്ധിച്ചിടത്തോളം സൗരനൗകകൾക്ക് ദൈവികമായ പ്രാധാന്യമുണ്ട്. സൂര്യദേവന്റെ വ്യത്യസ്ഥ ദൈവികഭാവങ്ങളിൽ ഒന്നായ "ര"(പകലിന്റെ ദേവൻ) ഭഗവാന് സഞ്ചരിക്കാൻ രണ്ട് സൂര്യനൗകകളുണ്ട്. പ്രഭാതം മുതൽ പ്രദോഷംവരെ സഞ്ചരിക്കാനുള്ള നൗകയ്ക്ക് മന്ധ്യെത് (mandjet) എന്നും തിരിച്ചുള്ള യാത്ര രാത്രിയിലുമാണ് അതിന് മെസക്കെത്തേത് (mesektet) എന്ന സൗരനൗകയുമാണ് ഉപയോഗിക്കുന്നത്.
പ്രാചീന ഈജിപ്ഷ്യൻ സംസ്കാരകാലത്തു ശവസംസ്കാരച്ചടങ്ങുകളുടെ ഭാഗമായി പ്രതീകാത്മകമോ അല്ലാതെയോ ഉപയോഗിക്കുന്ന നൗകകളെ കർമ്മങ്ങൾക്ക് ശേഷം മണ്ണിനടിയിൽ അടക്കം ചെയ്യുന്ന പതിവുണ്ട്. മനുഷ്യന്റെ മരണാനന്തരഗമനം "ര" യുടെ പരലോകത്തിലൂടെയുള്ള നൗകയാത്രയുമായി സമാന്തരീഭവിക്കുന്നത് കൊണ്ടാണ് നൗകകൾക്ക് ഇത്ര പ്രാധാന്യം. നൗകകളെ സംസ്കരിച്ച കുഴികളെ നൗകാഗർത്തങ്ങൾ എന്ന് പറയുന്നു.കുഫുവിന്റെ പിരമിഡിന് ചുറ്റുമായി ഏഴു നൗകാഗർത്തങ്ങൾ ഉണ്ട്. ഈ ഏഴ് നൗകാഗർത്തങ്ങളിൽ രണ്ടെണ്ണം രാഞ്ജിമാരുടെ പിരമിഡുകളോട് ചേർന്നും മൂന്നെണ്ണം മരണാനന്തരക്ഷേത്ര പരിസരത്തുമാണ്. ഏറ്റവും പ്രധാനപ്പെട്ട രണ്ടെണ്ണം സൗരനൗകകളുടേതുമാണ്.
ഈജിപ്തിലെ പിരമിഡുകൾക്കടുത്തായി നിരവധി നിർമ്മിതികൾ കാണാൻ പറ്റുന്നതാണ്. ഇതിനെയെല്ലാം ചേർത്താണ് പിരമിഡ് സമുച്ചയം എന്ന് വിളിക്കുന്നത്. ഒരു താഴ്‌വര ക്ഷേത്രം, അവിടേക്കുള്ള നടപ്പാത, ഒരു മരണാന്തരക്ഷേത്രം, ചുറ്റുമതിൽ, രാഞ്ജിമാരുടെ പിരമിഡുകൾ എന്നിവ ഉൾപ്പെട്ടതാണ് പിരമിഡ് സമുച്ചയം.താഴ്‌വര ക്ഷേത്രത്തിൽ വെച്ചാണ് ഫറവോയുടെ മമ്മികരണം നടത്തുക. മമ്മി പിരമിഡിനകത്തേക്ക് കൊണ്ടുപോകുന്നത് വരെ സൂക്ഷിക്കുന്നതും അവിടെ തന്നെയാണ്. കുഫുവിന്റെ പിരമിഡിനടുത്തും ഇവയെല്ലാം കാണാവുന്നതാണ്.
എന്തിന് വേണ്ടിയായിരുന്നു കുഫു ഈ നൗക നിർമ്മിച്ചത്? അതിനുള്ള പൂർണമായ ഉത്തരം നൽകാൻ ആർക്കും ഇന്നും സാധിച്ചിട്ടില്ല. കുഫുവിന്റെ മൃതശരീരം രാജകൊട്ടാരത്തിൽ നിന്നും പിരമിഡ് സമുച്ചയത്തിലേക്ക് നൈൽ നദിക്ക് കുറുകെ കൊണ്ടുവന്നത് ഈ നൗകയിലായിരുന്നു എന്ന് ചരിത്രകാരന്മാരിൽ പലരും പറയുന്നു. അല്ലെങ്കിൽ നേരത്തെ സൂചിപ്പിച്ചതുപോലെ, കുഫുവിന്റെ അന്തരാത്മാവിന് സൂര്യദേവനായ "ര" യുടെ കൂടെ ആകാശപഥത്തിലൂടെയും പാതാളവീഥിയായ "ദു ആതി" ലുടെയും സഞ്ചരിക്കാൻ വേണ്ടിയായിരിക്കും അതെന്ന് പ്രശസ്ത ഈജിപ്റ്റോളജിസ്റ്റ് ഡോക്ടർ സാഹി ഹവാസിനെ പോലുള്ളവർ അവകാശപ്പെടുന്നു.
തൂത് ആംഖ് അമൂന്റെ അത്ഭുതനിധിയുടെ കണ്ടുപിടിത്തത്തിന് ശേഷമുള്ള മഹത്തായ സംഭവമായിട്ടാണ് കുഫുവിന്റെ ഈ സൗരനൗകയുടെ കണ്ടുപിടിത്തത്തെ പുരാവസ്തു ഗവേഷകർ കാണുന്നത്. കണ്ടെത്തിയ നൗകയുടെ ഓരോ ഭാഗവും പുറത്തെടുത്തതിന് ശേഷം വളരെ ശ്രദ്ധയോടെയും അതീവ സൂക്ഷ്മതയോടെയും പത്തു വർഷത്തോളം എടുത്താണ് പുനഃസംഘടിപ്പിച്ചത്.
കുഫുവിന്റെ പിരമിഡിനോട് ചേർന്ന് വിചിത്ര മാതൃകയിൽ പ്രത്യേകം നിർമ്മിച്ചിട്ടുള്ള കുഫുബോട്ട് മ്യുസിയത്തിലാണ്‌ ഈ അത്ഭുതനൗക പ്രദർശനത്തിന് വെച്ചിട്ടുള്ളത്. മൂന്ന് തട്ടുകളുള്ള നടപ്പാതയിൽ സഞ്ചരിച്ചു കൊണ്ട് വിവിധ കോണുകളിൽ നിന്ന് ഈ സൗരനൗകയെ ചുറ്റികാണാവുന്നതാണ്. സഹസ്രാബ്ദങ്ങളുടെ ചരിത്രം പേറുന്ന 150 അടി നീളമുള്ള ഈ മഹനിർമ്മിതി ദർശിക്കുന്ന ആരിലും സ്വാഭാവികമായും ഉയർന്നുവരുന്നൊരു ചോദ്യമുണ്ട്,. പ്രാചീന ഈജിപ്ഷ്യൻ ശില്പമാതൃകയുടെ ഉദാത്തവും നിസ്തുലവുമായ കരവിരുതിൽ നിർമ്മിച്ച്, വിവിധ ഭാഗങ്ങളായി സംസ്കരിച്ച പ്രാചീനരയോ, അതോ അതിനെ ശ്രദ്ധാപൂർവം വീണ്ടെടുത്ത് രണ്ടാം ജന്മം നൽകിയ ആധുനികരെയോ? ആരെയാണ് നമിക്കേണ്ടത് എന്ന ചോദ്യം. ആദ്യത്തേത് ദൈവിക കർമ്മമായിരുന്നെങ്കിൽ രണ്ടാമത്തേത് അതിനെ അനുസ്മരിക്കുന്ന ശാസ്ത്രീയസംഭാവനയായി കരുതാം. രണ്ടിലും അടങ്ങിയിരിക്കുന്ന കറകളഞ്ഞ കർമ്മശേഷിയെയും ഏകാഗ്രതയെയും അർപ്പണബോധത്തെയും നമിക്കാതെ വയ്യ.!!

No comments:

Post a Comment