Saturday, July 20, 2019


ഈജിപ്ത് എന്ന വിസ്മയലോകം. 
(ഈജിപ്ത് .1)
സമ്പൽ സമൃദ്ധമായ ഗതകാല സ്മരണകൾ ഉറങ്ങുന്ന സംസ്കാര ഭൂമികയാണ് ഈജിപ്ത്. അയ്യായിരം വർഷത്തെ മഹത്തായ ചരിത്രത്തിന്റെ ശേഷിപ്പുകളായ അസാധാരണ വലുപ്പമുള്ള പിരമിഡുകളും പടിഞ്ഞാറൻ മരുഭൂമിയിലെ ഭ്രമാത്മകമായ മണൽരൂപങ്ങളും മരുഭൂമിയിൽ സ്വർണ്ണം വിളയിക്കുന്ന നൈൽ നദിയുടെ അമ്പരപ്പിക്കുന്ന ജൈവ പ്രകൃതിയും ചെങ്കടലിന്റെ അരുണാഭമായ വശ്യമനോഹാരിതയും ഫറവോകാലത്തെ കണക്കും ശാസ്ത്രവും ഇസ്ലാമിക കലയുടെ ചൈതന്യവും ക്രിസ്ത്യൻ ശില്പ വൈഭവവും കൊളോണിയൽ കാലത്തെ ആഭിചാത്യ ചിഹ്നങ്ങളും ഈജിപ്തിനെ സമ്പന്നമാക്കുന്നു
കയ്‌റോ 
BCE 10-ആം സഹസ്രാബ്ദം മുതൽ ഈജിപ്തിൽ അൾത്താമസം ഉണ്ടായിരുന്നു. BCE 4-ആം സഹസ്രാബ്ദം മുതൽ ഈജിപ്ത് സാംസ്‌കാരിക ലക്ഷണം കാണിച്ചു തുടങ്ങി. പിന്നീട് മഹത്തായ ഈജിപ്ഷ്യൻ സംസ്കാരം പിറന്നു. ഫറവോമാരിലൂടെയും ഗ്രീക്ക്, റോമൻ, അറബി അധിനിവേശങ്ങളിലൂടെയും അത് ഉജ്ജ്വലമായി വളരുന്നതാണ് പിന്നീട് കണ്ടത്.

സ്യൂയസ് കനാൽ എന്ന തന്ത്രപ്രധാന കപ്പൽ പാതയുടെ സാന്നിധ്യം യൂറോപ്യൻ ശക്തികളെ ഈജിപ്തിലെത്തിച്ചു. 1882 മുതൽ ബ്രിട്ടന്റെ കോളനിയായി. 1922-ൽ സ്വാതന്ത്ര്യം നേടി. 1923-ൽ ഭരണഘടനാ നിലവിൽ വരുകയും സാദ്സഗ്ലുൽ ആദ്യ പ്രധാനമന്ത്രിയായി ചുമതലയേറ്റു. 1953-ലെ പട്ടാള അട്ടിമറിയെ തുടർന്ന് റിപ്പബ്ലിക് ആയി. പിന്നീട് ഏകകക്ഷി ഭരണമാണ് ഈജിപ്തിൽ കാണാൻ കഴിയുന്നത്. 2005 -ൽ ആദ്യമായ് ബഹുകക്ഷി തെരഞ്ഞെടുപ്പു നടന്നെങ്കിലും 1981 മുതൽ രാജ്യം ഭരിക്കുന്ന ഹോസ്നി മുബാറക് തന്നെയാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്..
2010 ഡിസംബറിൽ ട്യൂണിഷ്യയിലെ തെരുവിൽ പൊട്ടിപ്പുറപ്പെട്ട മുല്ലപ്പൂ വിപ്ലവം, അറബ് വസന്തമായി പല ഇസ്ലാമിക രാഷ്ട്രങ്ങളിലും വീശിയടിച്ചപ്പോൾ അതിന്റെ അലയൊലികൾ ഈജിപ്തിലുമുണ്ടായി. 2011-ന് ജനകീയ മുന്നേറ്റത്തെ തുടർന്ന് ഹോസ്നി മുബാറക്കിന്റെ ഏകാധിപത്യ ഭരണകൂടം കടപുഴകി എറിയപ്പെട്ടു. 2012-ൽ ജനാധിപത്യ തെരഞ്ഞെടുപ്പിലൂടെ മുഹമ്മദ്‌ മുർസി അധികാരത്തിലെത്തി. എന്നാൽ മുർസി ഭരണകൂടത്തിനെതിരെയും ജനരോഷം ശക്തമാകുകയും അത് വിപ്ലവമായും കലാപമായും പരിണമിക്കുകയും ചെയ്തു. ഒരു വർഷം പൂർത്തിയാകുന്നതിന് മുൻപേ 2013-ൽ മുഹമ്മദ്‌ മുർസി പട്ടാള അട്ടിമറിയെ തുടർന്ന് സ്ഥാനഭ്രഷ്ടനാക്കപ്പെട്ടു. ഇന്ന് ഈജിപ്ത്തിന്റ പ്രധാന വരുമാന മാർഗ്ഗങ്ങളിലൊന്ന് വിനോദ സഞ്ചാര മേഖലയിൽ നിന്നാണ്. മത മൗലികവാദം ശക്തിപ്പെടുന്നതും ഇടയ്ക്കിടെ ഉണ്ടാകുന്ന തീവ്രവാദ ഭീഷണിയും, ആക്രമണങ്ങളും വലിയൊരു പ്രതിസന്ധി തന്നെയാണ് ഈജിപ്തിൽ സൃഷ്ടിക്കപ്പെടുന്നത്.
വടക്കൻ ആഫ്രിക്കയിൽ സ്ഥിതി ചെയ്യുന്ന സാമാന്യം വലിപ്പമുള്ള രാജ്യമാണ് ഈജിപ്ത്. വലിപ്പത്തിൽ ലോകത്തിലെ 38-മത് രാഷ്ട്രം . പടിഞ്ഞാറ് ലിബിയ, തെക്ക് സുഡാൻ, വടക്ക് -കിഴക്ക് ഇസ്രായേൽ, വടക്ക് മധ്യധരണ്യാഴി (മെഡിറ്ററേനിയൻ കടൽ ), കിഴക്ക് ചെങ്കടൽ എന്നിവയാണ് അതിരുകൾ. വടക്ക് കിഴക്കേ മൂലയിലുള്ള സീനായ് ഉപദ്വീപിലൂടെയാണ് ഈജിപ്ത്, ഏഷ്യൻ രാജ്യമായ ഇസ്രയേലുമായി അതിർത്തി പങ്കിടുന്നത്. സീനായ് ഏഷ്യൻ മേഖലയാണ്. മധ്യധരണ്യാഴിയിൽ നിന്ന് ചെങ്കടലിലേക്ക് നിർമ്മിച്ച സ്യൂയസ് കനാലിന്റെ കിഴക്കൻ ഭാഗത്താണ് സീനായ്., പടിഞ്ഞാറൻ ഭാഗത്ത്‌ ആഫ്രിക്കയും.
ഈജിപ്തിന്റെ മൊത്തം വിസ്തൃതി ( 1, 001, 450 ച. കി. മീ // 386, 560 ച. മൈൽ ) യുടെ 90 ശതമാനത്തിലധികം ഭാഗം സഹാറ മരുഭൂമിയാണ്. ആഫ്രിക്കയിലെ ഏറ്റവും ജനസാന്ദ്രതയുള്ള രാജ്യങ്ങളിൽ ഒന്നായ ഈജിപ്തിലെ ജനസംഖ്യ 7.8 കോടി (2007-ലെ വിവരം ) ജനങ്ങളാണ്. ഇതിൽ തെക്ക് വടക്കായി ഒഴുക്കുന്ന നൈലിന്റെ തടത്തിലാണ് 95% -ലധികം ജനങ്ങളും താമസിക്കുന്നത്. നൈലിനെ ഈജിപ്തിൽ നിന്ന് കുറച്ചാൽ സഹാറ മരുഭൂമി കിട്ടും. നൈലും ഈജിപ്തും രണ്ടല്ലെന്ന് പറയുന്നതിനുള്ള കാരണവും ഇത് തന്നെ.
പുരാതന ഗ്രീക്ക് പദമായ "എയ്ജിപ്ടോസി" (aigyptos) ൽ നിന്നാണ് ഈജിപ്ത് (egypt) എന്ന ഇംഗ്ലീഷ് നാമമുണ്ടായത്. ഏയ്ജിയോ (aegaeou), യുപ്ടിയോസ്‌ (uptios ) എന്നീ വാക്കുകൾ ചേർന്നാണ് എയ്ജിപ്ടോസ് ഉണ്ടായത്. ഏയ്ജിയൻ കടലിന് താഴെയുള്ള ദേശം എന്നർത്ഥം (മധ്യധരണ്യാഴിയുടെ വടക്കൻ ഭാഗമാണ് ഏയ്ജിയൻ കടൽ ).
വടക്ക് -പടിഞ്ഞാറു നിന്ന് ലിബിയൻമാരും വടക്ക് -കിഴക്ക് നിന്ന് സെമറ്റിക് വർഗക്കാരും തെക്ക് നിന്ന് നീഗ്രോകളും നദിതടത്തിലേക്ക് പ്രവേശിച്ച് പരസ്പരം കൂടിക്കലർന്നാണ് ഈജിപ്തുകാരുടെ ഉത്ഭവമെന്നു കരുതുന്നു. നരവംശ ശാസ്ത്രപ്രകാരം കൊക്കസോയ്ഡു (cacosoid ) കളിലെ മെഡിറ്ററേനിയൻ വിഭാഗമായിരുന്നു ഈജിപ്തുകാർ.
ആഫ്രിക്കൻ വൻകരയിലാണ് സ്ഥാനമെങ്കിലും ആഫ്രിക്കൻ സാമാന്യ സ്വഭാവത്തിൽ നിന്നും ഏറെ അകലെയാണ് ഈജിപ്ത്. 99% ജനത്തിനും അറബി പൈതൃകമാണ്. ഇവരുടെ ഭാഷയും, സംസ്കാരവും, ജീവിത ശൈലിയുമെല്ലാം അറബ് പാരമ്പര്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. അറബിയാണ് ഔദോഗിക ഭാഷ. അറബി ഭാഷയിൽ ഈജിപ്തിന്റെ ഔദോഗിക നാമം മിസ്ർ (misr ) എന്നാണ്. ( തലസ്ഥാനമായ കയ്‌റോയും ഇതേ പേരിൽ അറിയപ്പെടുന്നു ) രാഷ്ട്രം എന്നാണ് മിസ്ർ എന്ന പദത്തിന്റെ സാമാന്യ അർത്ഥം. അറബി ഭാഷയുടെ ഈജിപ്ഷ്യൻ രൂപാന്തരത്തിന് മസ്റി (masri) എന്ന് പറയുന്നു. ഇത് സംസാര ഭാഷയാണ്. 94% - ത്തോളം പേർ ഇസ്ലാമിൽ വിശ്വസിക്കുന്നു. ക്രൈസ്തവ വിഭാഗത്തിൽ കോപ്റ്റിക് ക്രിസ്ത്യാനികളാണ് ഏറെയും ഉള്ളത്.
ഫെല്ല 
ആഫ്രിക്കയിലെ തന്നെ ഏറ്റവും വലിയ നഗരങ്ങളായ കയ്‌റോ, അലക്‌സാൻഡ്രിയ, അസ്വാൻ, ലെക്സർ, അബുസിമ്പൽ എന്നിവയാണ് പ്രധാന നഗരങ്ങൾ. 50%-ൽ ഏറെ പേർ നഗരത്തിലും 45% പേർ നൈൽ നദിതടത്തിൽ കൃഷി ചെയ്തും ജീവിക്കുന്നു. കൃഷിക്കാരായ തനി ഗ്രാമീണർ ഫെല്ല (fellah) എന്നറിയപ്പെടുന്നു. ഉഴവ് പോത്തും കലപ്പയും നോവ്റജ് (nowraj) എന്ന മെതി യന്ത്രവുമാണ് ഇവരുടെ ജീവിത ചിഹ്നങ്ങൾ.
പരുത്തി, ഗോതമ്പ്, അരി എന്നിവ പ്രധാനമായും കൃഷി ചെയ്യുന്നു. ഖലബിയ (galabia ) എന്നറിയപ്പെടുന്ന ഫെല്ലകളുടെ നീളൻ വസ്ത്രവും രോമത്തൊപ്പിയും പ്രസിദ്ധമാണ്. മൺകട്ടകൾ കൊണ്ടുണ്ടാക്കിയ നിറം മങ്ങിയ വീടുകളിലാണ് അവർ താമസിക്കുന്നത്. മിക്ക വീടുകളിലും തൊഴുത്ത് നിര്ബന്ധമാണ്. നൈലിന്റെ കനാലുകൾ ഇവർക്ക് ജീവജലം നല്കുന്നു. ഇന്നും പരമ്പരാഗതമായ ജീവിതം നയിക്കുന്ന ഫെല്ലകൾക്ക് പുരോഗമന ഈജിപ്തുമായി ഒരു ബന്ധവുമില്ല എന്ന് കാണാവുന്നതാണ്. പുരോഗമന ഈജിപ്തുകാർ പൊതുവെ നഗരവാസികളും ഏറെ പാശ്ചാത്യവത്കൃതരും ആയാണ് കാണപ്പെടുന്നത്.
നൈൽ നദി
------------------
5000 വർഷങ്ങൾക്കു മുൻപ് നൈൽ നദിക്കരയിൽ ഉദയം ചെയ്ത ഈജിപ്ഷ്യൻ സംസ്കാരം മനുഷ്യന്റെ ചേതനകളെ പരുവപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുകയുണ്ടായി. രണ്ടര സഹസ്രാബ്ദ കാലത്തോളം ഈ സാംസ്കാരികദേശം ലോകത്തിന് വഴികാട്ടിയായി നിന്നു. മനുഷ്യൻ, പ്രകൃതി, ദൈവം എന്നിവയെ സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് ആദ്യമായി ഉത്തരം കാണാൻ ശ്രമിച്ചത് പുരാതന ഈജിപ്തുകാരായിരുന്നു.
നൈൽ മഹാനദിയാണ്. പ്രതാപപൂർണ്ണമായ ചരിത്രത്തിൽ നിന്നും പ്രക്ഷുബ്ധമായ വർത്തമാനകാലത്തേക്ക് അനസ്യൂതം ഒഴുകികൊണ്ടിരിക്കുകയാണ് നൈൽ. വടക്കൻ ആഫ്രിക്കകാർക്ക് ദൈവവും അന്നദാതാവുമാണ് നൈൽ. പുരാതന ഈജിപ്തുകാർ നൈലിനെ ആരാധിച്ചിരുന്നെങ്കിൽ ഹീബ്രുക്കൾക്ക് നൈൽ പേടിസ്വപ്നവുമായിരുന്നു. ഹീബ്രുക്കളുടെ അംഗബലം വർധിക്കുന്നത് തടയാൻ ഓരോ കുടുംബത്തിലെ ആദ്യ ശിശുവിനെ നൈലിൽ മുക്കിക്കൊല്ലണമെന്ന കല്പ്പന പഴയ നിയമത്തിൽ കാണാൻ കഴിയും.
ലോകത്തിലെ ഏറ്റവും നീളം കൂടിയ നദിയാണ് നൈൽ. ഇത്യോപിയിലെ താന തടാകത്തിൽ നിന്ന് ഉത്ഭവിക്കുന്ന ബ്ലുനൈലും ടാൻസാനിയയിലെ വിക്ടോറിയ തടാകത്തിൽ നിന്നുത്ഭവിക്കുന്ന വൈറ്റ്നൈലും വടക്കോട്ട് ഒഴുകി സുഡാന്റെ തലസ്ഥാനമായ ഖാർത്തൂമിൽ വെച്ച് കൂടിച്ചേർന്ന് ഒറ്റനദിയായി സുഡാനിലുടെയും, ഈജിപ്തിലൂടെയും ഒഴുകി കയ്‌റോ നഗരത്തിന് സമീപം വെച്ച് മധ്യധരണ്യാഴിയിൽ പതിക്കുമ്പോഴാണ് "നൈൽ " പൂർണ്ണമാകുന്നത്.
ഖാർത്തും മുതൽ മധ്യധരണ്യാഴി വരെയുള്ള 3000 കിലോമീറ്റർ നൈലിനെ "പ്രോപ്പർ നൈൽ " എന്ന് വിളിക്കുന്നു. മൂന്ന് നൈലുകൾക്കും കൂടി 6,695 കിലോമീറ്റർ നീളമുണ്ട്‌. നൈലിന്റെ ഏറ്റവും വിശാലമായ ഭാഗം 7.5 കിലോമീറ്റർ വീതിയിലുള്ള എഡ്ഫുവിലാണ്. 34 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ സുഡാൻ, ബുറുണ്ടി, റുവാണ്ട, കോംഗോ ജനാധിപത്യ റിപ്പബ്ലിക്, ടാൻസാനിയ, കെനിയ, ഉഗാണ്ട, ഇത്യോപ്പ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളിലായി നൈലിന്റ തടം വ്യാപിച്ചു കിടക്കുന്നു. സൂര്യസ്പർശം ഏൽക്കാത്ത ഘോര വനാന്തരങ്ങളിലൂടെയും മഴക്കാടുകളിലൂടെയും, മലയടിവാരങ്ങളിലൂടെയും ഒഴുകുന്ന നൈൽ ഖാർത്തും കഴിഞ്ഞാൽ പൂർണ്ണമായും മരുഭൂമിയിലൂടെ ഒഴുകുന്നു. വടക്കൻ കയ്‌റോവിൽ വെച്ച് ഇത് പലതായി പിരിഞ്ഞു കടലിൽ പതിക്കുന്നു. ദാമിയെത്ത (Damietta ), റൊസേറ്റ (Rosetta) എന്നീ പിരിവുകളാണ് ഇവയിൽ പ്രധാനം. പ്രോപ്പർ നൈലിലെ 90% ജലവും 96% എക്കലും ബ്ലു നൈലിന്റെ സംഭാവനയാണ്. ഇത്യോപിയയിൽ നിന്ന് ഉത്ഭവിക്കുന്ന ചെറിയൊരു നദിയായ അത്ബാര (Atbarah) ഖാർത്തൂമിന് വടക്ക് വെച്ച് പ്രോപ്പർ നൈലിൽ ചേരുന്നു.
വേനലിൽ വെള്ളപ്പൊക്കമുണ്ടാകുന്ന നദിയാണ് നൈൽ. ഈ വെള്ളപ്പൊക്കം സഹസ്രാബ്ദങ്ങളായി മരുഭൂമിയിൽ കഴിയുന്ന മനുഷ്യർക്ക് അനുഗ്രഹമാണ്. വെള്ളമിറങ്ങുമ്പോൾ ഫലഭൂയിഷ്ടമാകുന്ന മണ്ണ് അടുത്ത ഡിസംബർ വരെയുള്ള കൃഷിക്ക് ധാരാളമാണ്. ചുട്ടുപഴുക്കുന്ന സഹാറയുടെ വരമ്പുകളെ പോലും ആർദ്രമാക്കാനുള്ള കഴിവ് നൈലിനുണ്ട്. കനാലുകൾ വെട്ടിയും, തടം കെട്ടിയും പ്രാചീനകാലം മുതൽ തന്നെ ഭരണാധികാരികൾ ഈ വെള്ളപ്പൊക്കത്തെ ഉപയുക്തമാക്കാൻ ശ്രമിച്ചിരുന്നു. ആധുനിക ഈജിപ്തിൽ നൈലിൽ നടന്ന ശ്രദ്ധേയമായ നിർമ്മാണ പ്രവർത്തനമാണ് അസ്വാൻ അണക്കെട്ട് (Aswan dam). പ്രസിഡന്റ്‌ അബ്ദുൾ നാസറിന്റെ കാലത്താണ് അണക്കെട്ട് ഉയർത്തപ്പെട്ടത്. അണക്കെട്ടിലൂടെ സൃഷ്ടിക്കപ്പെട്ട ജലാശയത്തിന് നാസർ തടാകം (lake nassar) എന്ന് പറയുന്നു.
നാസർ തടാകം 
ഗ്രീക്കുകാർ നെയ്ലോസ് (നദിതടം എന്നർത്ഥം ) എന്നാണ് ഈ മേഖലയെ വിശേഷിപ്പിച്ചത്. നെയ്ലോസ് പിന്നീട് നൈൽ ആയി പരിണമിച്ചു. നൈലിലൂടെയുള്ള യാത്ര ഭൂതകാലത്തിലൂടെയും വർത്തമാനകാലത്തിലൂടെയുമുള്ള പ്രയാണം കൂടിയാണ്. കയ്‌റോ നഗരത്തിലെ അംബര ചുംബികളും ഗിസ്സയിലെ പടുകൂറ്റൻ സ്ഫിങ്ങ്സും അബുസിംബലിലെ അത്ഭുത ക്ഷേത്രങ്ങളും കടന്ന് മനുഷ്യവംശം പിറവിയെടുത്ത നിബിഡവനങ്ങളിൽ കൂടിയുള്ള യാത്ര ഗതകാല സ്മരണകൾ ഉണർത്തുന്നവയാണ്. നൈൽ എന്ന മഹാനദി തടത്തിൽ ഉദയം ചെയ്ത മഹാസംസ്കാരങ്ങൾ, പ്രധാനമായും നൂബിയ, മെറോയ്, ഈജിപ്ത് ഒന്നൊന്നായി കാലത്തിന്റെ കുത്തൊഴുക്കിൽ അസ്തമിച്ചെങ്കിലും നൈൽ നദി ഇടമുറിയാതെ ഇപ്പോഴും ഒഴുകികൊണ്ടിരിക്കുന്നു .
(പ്രാചീന ഈജിപ്‍തെന്ന മഹാസംസ്കാരത്തിന്റെ അടിവേരുകൾ തേടിയുള്ള എന്റെ യാത്ര ഇവിടെ തുടങ്ങുന്നു. )


                                                                                                                                    തുടരും 



                                                                                                                                   

No comments:

Post a Comment