അമ്പളിമാമനെ കീഴടക്കിയിട്ട് 50 വർഷം.
"മനുഷ്യന് ഒരു ചെറിയ കാൽവയ്പ്. മനുഷ്യരാശിക്ക് ഒരു വമ്പൻ കുതിപ്പ് "-ആദ്യമായി ചന്ദ്രനിൽ മുഴങ്ങിയ ഈ ശബ്ദത്തിന് ഇന്നേക്ക് അമ്പത് വർഷം പൂർത്തിയാവുന്നു. ബാലമനസ്സുകളിലും കവിഭാവനകളിലും കാല്പനിക സ്വപ്നമായി മാത്രം നിറഞ്ഞു നിന്ന ചന്ദ്രൻ എന്ന അത്ഭുത പ്രതിഭാസം മനുഷ്യരാശിയുടെ നിശ്ചയദാർഢ്യത്തിനും അടങ്ങാത്ത അഭിവാഞ്ജയ്ക്കും സാഹസികതയ്ക്കും മുന്നിൽ കീഴടങ്ങിയതോടെ അതിരുകളില്ലാത്ത ബഹിരാകാശ മോഹങ്ങളും സ്വപ്നങ്ങളും അവന്റെ മുന്നിൽ ചിറക് വിരിച്ചു. നീൽ ആംസ്ട്രോങ് അഭിപ്രായപ്പെട്ടതുപോലെ വലിയൊരു കുതിപ്പ് തന്നെയാണ് വിജയകരമായി പൂർത്തിയാക്കിയ ആദ്യ ചാന്ദ്രദൗത്യം ശാസ്ത്രത്തിനും മനുഷ്യ സമുദായത്തിന് ആകെയും നൽകിയത്.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോക ശക്തിയായി ഉയർന്ന് വന്ന അമേരിക്കയും അന്നത്തെ സോവിയറ്റ് യൂണിയനും (ഇന്നത്തെ റഷ്യ ) തമ്മിലുള്ള ശീതയുദ്ധത്തിന്റെ ഭാഗമായുള്ള ശാസ്ത്രമത്സരമായിരുന്നു അമേരിക്കയുടെ ചാന്ദ്രദൗത്യത്തിന്റെ അടിസ്ഥാനം. അന്നുവരെ എല്ലാ
ബഹിരാകാശനേട്ടങ്ങളും സോവിയേറ്റിന്റെ പേരിലായിരുന്നു കുറിക്കപ്പെട്ടിരുന്നത്. ഒന്നിനു പിറകെ ഒന്നായി ബഹിരാകാശ സ്വപ്‌നങ്ങൾ പരാജയപ്പെട്ട് പ്രതിരോധത്തിലായ അമേരിക്കയ്ക്ക് ആത്മാഭിമാനവും മേധവിത്വവും വീണ്ടെടുക്കേണ്ടത് അത്യാവശ്യമായിരുന്നു. അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന ജോൺ എഫ് കെന്നഡി 1961മെയ് 25- ന് അമേരിക്കൻ കോൺഗ്രസിൽ സുപ്രധാനമായ ഒരു പ്രഖ്യാപനം നടത്തി.
"ചന്ദ്രനിൽ ആദ്യം ആളെ ഇറക്കുകയും, തിരികെ ഭൂമിയിൽ എത്തിക്കുകയും ചെയ്യുന്ന രാജ്യം അമേരിക്കയായിരിക്കും."
റഷ്യക്കെതിരെ നടത്തിയ വെല്ലുവിളി വിജയകരമായി പൂർത്തിയാക്കേണ്ട ഉത്തരവാദിത്വം നാസയ്ക്കായിരുന്നു. ആ വെല്ലുവിളി പൂർത്തിയാക്കാൻ വേണ്ടി വന്നത് പത്തിലേറെ ദൗത്യങ്ങളും. അപ്പോളോ 1 പേടകം യാത്രയ്ക്ക് മൂന്നാഴ്ച്ച മുൻപ് പരീക്ഷണത്തിനിടയിൽ അഗ്നിക്കിരയായി. മൂന്ന് ബഹിരാകാശയാത്രികരും വെന്തു മരിച്ചു. ആദ്യ പരീക്ഷണത്തിന്റെ പരാജയത്തെ തുടർന്ന് അപ്പോളോ 2, 3 പദ്ധതികൾ ഉപേക്ഷിച്ചു. പിന്നീട് അപ്പോളോ ആറ് വരെയുള്ള ദൗത്യങ്ങൾ ആളില്ലാതെയുള്ള പരീക്ഷണ പറക്കലുകളായിയിരുന്നു. ഏഴും എട്ടും ദൗത്യങ്ങളിൽ മനുഷ്യനെ ഉൾപ്പെടുത്തിയുള്ള പരീക്ഷണങ്ങൾ വിജയകരമായി നടന്നു. അപ്പോളോ എട്ട് മനുഷ്യനെ ചന്ദ്രന്റെ ഭ്രമണപഥം വരെ എത്തിച്ച് തിരിച്ചിറക്കി. അപ്പോളോ 9 ചന്ദ്രോപരിതലത്തിൽ ഇറങ്ങാൻ പറ്റുന്ന രീതിയിൽ ഡിസൈൻ ചെയ്ത ലൂണാർ മൊഡ്യൂൾ ഉപയോഗിച്ചു.
അപ്പോളോ 10 മനുഷ്യനെ ചന്ദ്രനിലേക്കെത്തിക്കുന്നതിലേക്കുള്ള അവസാന പരീക്ഷണമായിരുന്നു. ചന്ദ്രന്റെ ഉപരിതലത്തിൽ നിന്ന് ഏതാനും കിലോമീറ്റർ അകലെ മാത്രം എത്തിയ പര്യവേഷകർ ചന്ദ്രനിൽ കാല് കുത്തിയിരുന്നെങ്കിൽ അവർക്ക് തിരിച്ച് ഭൂമിയിൽ എത്താൻ കഴിയുമായിരുന്നില്ല. കാരണം, ദൗത്യം രൂപകൽപ്പന ചെയ്തിരുന്നവർ കരുതിക്കൂട്ടി ഇന്ധനം കുറച്ച ലൂണാർ മോഡ്യൂലാണ് അപ്പോളോ പത്തിൽ വിക്ഷേപിച്ചതെന്നാണ് ചരിത്രം പറയുന്നത്.
കഠിനമായ പത്ത് പരീക്ഷണ ദൗത്യങ്ങൾക്ക് ശേഷം അമേരിക്കയ്ക്കുണ്ടായ ആത്മവിശ്വാസം സ്വപ്‌നതുല്യമായ നേട്ടത്തിന് അവരെ പ്രാപ്തമാക്കി. ഇതിന് വേണ്ടി ചരിത്രത്തിൽ അതുവരെ നിർമ്മിക്കപ്പെട്ടതിൽ ഏറ്റവും വലിയതും ശക്തിയേറിയതുമായ റോക്കറ്റിന് നാസ രൂപം നൽകി. 'സാറ്റേൺ 5' എന്ന ഈ ഭീമൻ റോക്കറ്റിന് 110.6 മീറ്റർ നീളവും 2700 ടൺ ഭാരവുമുണ്ടായിരുന്നു. അതായത് 30 നില കെട്ടിടത്തിന്റെ ഉയരമുണ്ടായിരുന്നു റോക്കറ്റിന്.
1969 ജൂലൈ 16-ന് അമേരിക്കൻ സമയം രാവിലെ 9.32- ന് ഫ്ലോറിഡ ഐലൻഡിലെ കേപ്പ് കാനവർ വിക്ഷേപണത്തറയിൽ നിന്ന് നീൽ ആംസ്‌ട്രോങും എഡ്വിൻ ആൽഡ്രിനും മൈക്കിൾ കോളിൻസും യാത്ര തിരിച്ചു. ജൂലൈ 20-ആം തീയതി നീൽ ആംസ്‌ട്രോങും പിന്നീട് 20 മിനുട്ടിന് ശേഷം എഡ്വിൻ ആൽഡ്രിനും ചന്ദ്രന്റെ മണ്ണിൽ കാല് കുത്തി കൊണ്ട് അവിസ്മരണീയമായ ആ ചരിത്ര മുഹൂർത്തം ലോകത്തിന് സമ്മാനിച്ചു. രണ്ടര മണിക്കൂർ അവിടെ ചെലവഴിച്ച്, ചില പരീക്ഷണ ഉപകരണങ്ങൾ അവിടെ സ്ഥാപിക്കുകയും ചെയ്തു.
മണ്ണും പറയുമടക്കമുള്ള 22 കിലോയോളം വസ്തുക്കൾ അവിടെ നിന്ന് ശേഖരിക്കുകയുണ്ടായി. പിന്നീട് ഈഗിൾ എന്ന പേടകത്തിൽ കയറി ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കും തുടർന്ന് മൈക്കിൾ കോളിൻസ് നയിക്കുന്ന മാതൃപേടകമായ കൊളംബിയ വഴി ഭൂമിയിലേക്കും തിരിച്ചു. നാല് ദിവസത്തെ യാത്രയ്ക്ക് ശേഷം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചു. അപ്പോളോ 11 ദൗത്യം പൂർത്തീകരിച്ചു ശാന്തസമുദ്രത്തിൽ പതിക്കുമ്പോൾ ചെറുപേടകത്തിൽ വെറും പതിനൊന്ന് സെക്കൻഡ് കൂടി പ്രവർത്തിക്കാനുള്ള ഇന്ധനം മാത്രമേ അപ്പോൾ അവശേഷിച്ചിരുന്നുള്ളുവത്രേ. നീൽ ആംസ്‌ട്രോങും എഡ്വിൻ ആൽഡ്രിനും ഇന്നേവരെ മനുഷ്യരാശിയിൽ ആരും ചെയ്യാൻ ഒരുമ്പെടാത്ത മഹാ ദൗത്യത്തിന് പുറപ്പെടുമ്പോൾ അവർ തിരിച്ചു വരുമെന്ന് ഭൂമിയിൽ ആർക്കും ഉറപ്പുണ്ടായിരുന്നില്ല. എന്തായാലും വിജയകരമായി പൂർത്തിയാക്കിയ ആ പ്രയാണം ലോകജനതയിൽ 53 കോടി ആളുകൾ ടെലിവിഷനിലൂടെ തത്സമയം കാണുകയുണ്ടായി.
ജോൺ എഫ് കെന്നഡിയുടെ പ്രഖ്യാപനം പൂർത്തിയാകുമ്പോൾ അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്ത് റിച്ചാർഡ് നിക്സൺ ആയിരുന്നു. അമ്പത് വർഷങ്ങൾക്ക് മുൻപ് ചാന്ദ്രദൗത്യത്തെക്കുറിച്ച് ലോകജനതയെ അഭിസംബോധന ചെയ്യാൻ രണ്ട് പ്രസംഗങ്ങൾ നിക്‌സൺ തയ്യാറാക്കി വെച്ചിരുന്നത്രെ. അതിൽ ഒന്ന് ഇപ്രകാരമായിരുന്നു :-
"സമാധാനപൂർവ്വം പര്യവേഷണം നടത്താൻ ചന്ദ്രനിലേക്ക് പോയവർ, ചന്ദ്രന്റെ മടിത്തട്ടിൽ അന്ത്യവിശ്രമം കൊള്ളട്ടെയെന്ന് വിധി നിശ്ചയിച്ചിരിക്കുന്നു. ധീരരായ ഇവർക്ക് (നീൽ ആംസ്ട്രോങ്, എഡ്വിൻ ആൽഡ്രിൻ ) അറിയാം ജീവിതത്തെ സംബന്ധിച്ച പ്രതീക്ഷകൾ അവസാനിച്ചെന്ന്. ഒപ്പം ഈ ബലിദാനത്തിലൂടെ മനുഷ്യരാശിക്ക് പ്രതീക്ഷകൾ നല്കാനുണ്ടെന്നും മാനവകുലത്തിന്റെ ഏറ്റവും മഹനീയ ലക്ഷ്യത്തിന് വേണ്ടിയാണ് ഈ രണ്ട് പേരും ജീവത്യാഗം ചെയ്യുന്നത്, -സത്യത്തിനും അറിവിനും വേണ്ടിയുള്ള അന്വേഷണം. അവരുടെ വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങൾക്കും കൂട്ടുകാർക്കും ഒപ്പം ഈ രാജ്യവും ലോകവുമുണ്ട്.അജ്ഞാതമായ ഒരു രാജ്യത്തേക്ക് അവരെ അയക്കാൻ ധൈര്യം കാട്ടിയ ഭൂമിയുമുണ്ട്. ഇവർക്കെല്ലാം പിന്നാലെ ഇനിയും പര്യവേഷകർ യാത്ര ചെയ്യും. പക്ഷേ, അവരെല്ലാം വീടണയുക തന്നെ ചെയ്യും. "
1969 ജൂലായിൽ അപ്പോളോ 11 മിഷൻ പരാജയപ്പെടുകയും അതിലെ യാത്രികരിൽ നീൽ ആംസ്‌ട്രോങും എഡ്വിൻ ആൽഡ്രിനും തിരിച്ചു ഭൂമിയിൽ എത്താതിരിക്കുകയും ചെയ്തിരുന്നെങ്കിൽ ലോകജനതയെ അഭിസംബോധന ചെയ്യാൻ അമേരിക്കൻ പ്രസിഡന്റ് നിക്സൺ കരുതിവെച്ചിരുന്ന രണ്ട് പ്രസംഗങ്ങളിൽ ഒന്നായിരുന്നു ഇത്. ഒരു പക്ഷേ സന്തോഷത്തോടെ ഉപേക്ഷിക്കപ്പെട്ട ഒരേയൊരു പ്രസംഗവും ഇതായിരിക്കാം.
അപ്പോളോ 11 ഒരു തുടക്കം മാത്രമായിരുന്നു. തുടർന്ന് അപ്പോളോ 20 വരെയുള്ള ദൗത്യങ്ങൾ നാസ പ്രഖ്യാപിച്ചു. അപ്പോളോ 13 ഒഴികെയുള്ള ആറ് ദൗത്യങ്ങൾ വിജയകരമായി. പത്തോളം മനുഷ്യർ ചന്ദ്രനിൽ ഇറങ്ങി. കടുത്ത സാമ്പത്തിക ചെലവ് ഒഴിവാക്കാൻ നാസ അപ്പോളോ 17-ൽ ദൗത്യം അവസാനിപ്പിച്ചു.
അപ്പോളോ ചരിത്രദൗത്യത്തെക്കുറിച്ച് പറയുമ്പോൾ അതിന് പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ചും ഓർക്കേണ്ടതാണ് .1966 മുതൽ ഏതാണ്ട് മൂന്ന് ലക്ഷത്തി അൻപതിനായിരം ആളുകൾ നേരിട്ടും അല്ലാതെയും ഈ പദ്ധതിയിൽ പങ്കാളിയായി .ചന്ദ്രയാത്രയ്ക്ക് വേണ്ടിവന്ന ഇന്ധനം ഉപയോഗിച്ച് ഒരു കാർ ഓടിച്ചാൽ 400 തവണ ഭൂമിയെ വലം വെയ്ക്കാൻ കഴിയുമായിരുന്നത്രെ . 24.4 ബില്യൺ അമേരിക്കൻ ഡോളറാണ് (16.81 ലക്ഷം കോടി രൂപ) 1961 മുതൽ 1973 വരെയുള്ള ചാന്ദ്രദൗത്യത്തിന് ചിലവായ തുക .
അപ്പോളോ ചരിത്രദൗത്യത്തെക്കുറിച്ച് പറയുമ്പോൾ അതിന് പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ചും ഓർക്കേണ്ടതാണ് .1966 മുതൽ ഏതാണ്ട് മൂന്ന് ലക്ഷത്തി അൻപതിനായിരം ആളുകൾ നേരിട്ടും അല്ലാതെയും ഈ പദ്ധതിയിൽ പങ്കാളിയായി .ചന്ദ്രയാത്രയ്ക്ക് വേണ്ടിവന്ന ഇന്ധനം ഉപയോഗിച്ച് ഒരു കാർ ഓടിച്ചാൽ 400 തവണ ഭൂമിയെ വലം വെയ്ക്കാൻ കഴിയുമായിരുന്നത്രെ . 24.4 ബില്യൺ അമേരിക്കൻ ഡോളറാണ് (16.81 ലക്ഷം കോടി രൂപ) 1961 മുതൽ 1973 വരെയുള്ള ചാന്ദ്രദൗത്യത്തിന് ചിലവായ തുക .
മനുഷ്യരാശിയുടെ ബഹിരാകാശ സ്വപ്നങ്ങൾക്ക് കുതിപ്പേകിയ ചാന്ദ്രദൗത്യത്തിന്റെ 50-ആം വർഷത്തിന്റെ ചരിത്രമുഹൂർത്തത്തിൽ തന്നെയാണ് ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രദൗത്യവും എന്നത്, ഓരോ ഇന്ത്യക്കാരന്റെയും നേട്ടവും അഭിമാനവുമായി കരുതാവുന്നതാണ്.
(നാസ വെബ്സൈറ്റ് പ്രകാരം ചന്ദ്രനിൽ ഇറങ്ങിയ സമയം, യൂണിവേഴ്സൽ സമയ പ്രകാരം 21 ജൂലൈ 02.56.15.)





No comments:
Post a Comment