ആശ്വമേധയാഗം
ഭാരതേതിഹാസങ്ങളായ മഹാഭാരതവും രാമായണവും ഇന്ത്യൻ സംസ്കാരത്തിൽ ചെലുത്തിയ സ്വാധീനം വളരെ വലുതാണ്. സാഹിത്യകൃതികൾ എന്നതിലുപരി ജീവിതത്തിന്റെ നാനാമേഖലകളെയും സ്വാധീനിക്കുന്ന ഒരു വിശ്വാസപ്രമാണമായി ഹൈന്ദവവിശ്വാസികൾ ഇതിഹാസങ്ങളെ കാണുന്നു.ഇതിഹമെന്നാൽ "അത് ഇപ്രകാരം സംഭവിച്ചു " എന്ന് മഹാഭാരതം പറയുന്നു. അതുപോലെ മറ്റൊരു പ്രധാനപ്പെട്ട വാക്യം ഇങ്ങനെയാണ് :,
" യദി ഹാസ്തി തദന്യത്ര
യന്നേഹാസ്തി ന തത് ക്വചിത് "
(ഇതിലുള്ളത് മറ്റു പലതിലും കണ്ടേക്കാം. ഇതിലില്ലാത്തതു മറ്റൊരിടത്തും കാണുകയില്ല)
മഹാഭാരതത്തിന്റെ ഈ അവകാശവാദം ആത്മപ്രശംസപരമായ മാനുഷിക ധൗർബല്യമായി മാത്രം കാണാൻ കഴിയുന്നതാണോ? ഒരു ചരിത്ര പഠിതാവിനെ സംബന്ധിച്ചിടത്തോളം മഹാഭാരതത്തെയും രാമായണത്തെയും മുൻനിർത്തിയുള്ള ചരിത്രപഠനം എത്രത്തോളം സാധ്യമാവും? ഗൗരവമായ വിഷയം തന്നെയാണിത്. ഇന്ത്യൻ സാഹിത്യത്തിലും ചരിത്രത്തിലും മാത്രമല്ല ലോകത്തു തന്നെ അവയെ മുൻനിർത്തിയുള്ള നിരവധി പഠനങ്ങൾ തന്നെയാണ് ചോദ്യത്തിനുള്ള പ്രധാനപെട്ട ഉത്തരങ്ങളിലൊന്ന് ഇവിടെ, അശ്വമേധയാഗം എന്ന ആചാരം ഇതിഹാസങ്ങളിലും പുരാണങ്ങളിലും വേദങ്ങളിലും ഐതിഹ്യങ്ങളിലും മാത്രം നിലനിൽക്കുന്നതാണോ? ചരിത്രപരമായി എത്രത്തോളം വിശ്വാസ്യത ഉണ്ട് എന്ന ചെറിയൊരു അന്വേഷണം മാത്രമാണിത്.
വേദസംഹിതകളും ബ്രാഹ്മണങ്ങളും ദാർശനിക ചിന്താപ്രധാനങ്ങളായ ഉപനിഷത്തുക്കളും എല്ലാം ചേർന്നതാണ് വൈദിക സാഹിത്യം. പിൽക്കാലത്തു ചാതുർവർണ്യ വ്യവസ്‌ഥ ശക്തിപ്പെട്ടതോടെ യജ്ഞസംസ്കാരത്തിന് പ്രാമുഖ്യം ലഭിക്കുകയും യജ്ഞകർമങ്ങൾ നടത്തുന്ന ബ്രാഹ്മണ പുരോഹിതന്മാർക്ക് അധീശത്വം ലഭിക്കുകയും യജ്ഞത്തിൽ ഉപയോഹിക്കേണ്ട വേദമന്ത്രങ്ങൾ അവരുടെ കുത്തകയാക്കുകയും ചെയ്തു. ഓരോ വേദത്തിന്റെയും യാഗങ്ങൾ പ്രത്യേകം പ്രത്യേകമായിരുന്നു. അവയ്‌ക്കെല്ലാം പുരോഹിതന്മാർ വേറെ വേറെയായിരുന്നു. ഋക് വേദത്തെ അവലംബിച്ചു നടത്തിയിരുന്ന യാഗത്തിന്റെ പുരോഹിതൻ 'ഹോതാവ് 'ആയിരുന്നെങ്കിൽ യജുസിന്റെത് 'അധ്യരു ' വും സാമത്തിന്റേതു 'ഉദ്ഗാതാവ് 'ആയിരുന്നു. യാഗങ്ങളിൽ ഏറ്റവും പവിത്രതയും ശ്രേഷ്ഠതയും കല്പിക്കപ്പെട്ടിരുന്നത് അശ്വമേധയാഗത്തിനായിരുന്നു.
മഹാഭാരതവും രാമായണവും വായിച്ചവർക്ക് സുപരിചിതമാണ് അശ്വമേധം. നമുക്കറിയാവുന്ന അശ്വമേധം, രാജാവ് കുതിരയെ തുറന്നുവിടുക രാജ്യാതിർത്തികൾ ഭേദിച്ചുകൊണ്ട് അശ്വം പ്രയാണം തുടരുകയും കുതിരയെ ബന്ധിക്കുന്നവരെ പരാജയപ്പെടുത്തി അശ്വത്തെ വീണ്ടെടുത്ത് തങ്ങളുടെ അതിർത്തി വർധിപ്പിക്കുക എന്നതാണ്.എന്നാൽ വളരെയേറെ സാമ്പത്തികമായി ചിലവുള്ളതും അതിസങ്കീർണവും വിപുലമായ ചടങ്ങുള്ളതുമായ അനുഷ്ടാനകർമ്മമാണ് അശ്വമേധയാഗം. പ്രധാനമായും രാജ്യാഭിവൃദ്ധിയോടപ്പം രാജ്യവിസ്തൃതി വർധിപ്പിച്ചുകൊണ്ടു തങ്ങളുടെ അപ്രമാദിത്വം സ്ഥാപിക്കുന്നതിനും, യുദ്ധങ്ങളിലുണ്ടായിട്ടുള്ള ബ്രഹ്മഹത്യപാപങ്ങൾ കഴുകികളയുന്നതിനും വേണ്ടിയാണു ചക്രവർത്തിമാർ അശ്വമേധയാഗം നടത്തിയിരുന്നത്.
മഹാഭാരതത്തിൽ, യുദ്ധത്തിൽ വിജയിച്ചെങ്കിലും കുലംമുടിഞ്ഞു പോയതിന്റെ വേദനയിൽ വിലപിക്കുന്ന യുധിഷ്ഠിരനോട് വ്യാസൻ പറയുന്നു, "....വിധിപ്രകാരം ദക്ഷിണയോടുകൂടി അശ്വമേധയാഗം നടത്തണം.സകല കൊലപാതകങ്ങളെയും നശിപ്പിക്കുവാൻ പറ്റിയതാണ് അശ്വമേധയാഗം. രാജാവേ, അത് ചെയ്തുകഴിഞ്ഞാൽ പിന്നെ ഒരുവിധ പാപവും അങ്ങയിൽ ബാക്കി നിൽക്കുകയില്ല. അതോടപ്പം കീർത്തിയും വർധിക്കുന്നതാണ്." രാമായണത്തിലും അശ്വമേധയാഗത്തെക്കുറിച്ചും അശ്വത്തെ പിടിച്ചുക്കെട്ടിയ ലവ-കുശന്മാരുടെ വീര പരാക്രമങ്ങളും മറ്റും ഹൃദയസ്പർശിയായി കാണാവുന്നതാണ്.
അശ്വമേധയാഗം ഒരു കുതിരയെ ആചാരപൂർവം ബലി നൽകുന്ന യജ്ഞമാണ്.അശ്വം എന്നാൽ കുതിര മേദസ്സ് എന്നത് ശരീരഭാഗങ്ങൾ എന്നുമാണ്. ഏതൊരു യാഗത്തിലാണോ കുതിരയുടെ ശരീരാവയവങ്ങൾ ഹോമിക്കപ്പെടുന്നത് അതാണ് അശ്വമേധയാഗം. ഭൗതികാനുഷ്ടാനങ്ങളായ യാഗങ്ങളിൽ ഒന്നാണ് അശ്വമേധയാഗം. പുരാണേതിഹാസങ്ങളിലെല്ലാം ധാരാളം പരാമർശങ്ങൾ അശ്വമേധത്തെക്കുറിച്ച കാണാവുന്നതാണ്. യജുർ വേദത്തിന്റെ കർമ്മകാണ്ഡമായ ശതപതബ്രാഹ്മണത്തിൽ അശ്വമേധയാഗത്തെപ്പറ്റി പരാമർശിക്കുന്നുണ്ട്. ശുക്ല യജുർവേദ കന്വസംഹിതയുടെ സായണ ഭാഷ്യത്തിൽ നിന്ന്, ടി കെ ഡി മുഴുപ്പിലങ്ങാട് അദേഹത്തിന്റെ 'ദേവദാസികൾ 'എന്ന ഗ്രന്ഥത്തിൽ അശ്വമേധയാഗത്തിന്റെ ഹീനവും ജുഗുപ്സവാഹവുമായ വിവരണങ്ങൾ കാണാവുന്നതാണ്.ഋക് വേദത്തിലെ 162, 163 സൂക്തങ്ങൾ (ഒന്നാം മണ്ഡലം ) അശ്വമേധയാഗത്തെയാണ് വർണിചിരിക്കുന്നത്. എന്നാൽ ഈ സൂക്തങ്ങളിൽ പറയുന്നത് ഭൗതികമായ ഏതെങ്കിലും കർമ്മങ്ങളെയല്ലെന്നും ഗഹനമായ ആത്മീയ ദർശനങ്ങളുടെ പ്രതീകാത്മകമായ ആവിഷ്കാരമാണ് എന്ന് സുകുമാർ അഴിക്കോട് ചൂടികാട്ടുന്നു. മഹർഷി അരവിന്ദനും ശങ്കരാചാര്യരും യാഗങ്ങളുടെ ഭൗതികാനുഷ്ഠനത്തെ എതിർത്തവരായിരുന്നു.
ചരിത്രത്തിൽ ഗുപ്ത രാജാക്കന്മാരും ആന്ധ്രാ പ്രദേശിലെ ശതവാഹനന്മാരും ഇക്ഷാകുക്കളും സുങ്കരാജാക്കന്മാരുമെല്ലാം അശ്വമേധം നടത്തിയിട്ടുള്ളതായി നാണയങ്ങളെ മുൻനിർത്തിയുള്ള പഠനങ്ങളിലും മറ്റുമായി കാണാൻ കഴിയുന്നതാണ്. 1958 വരെ ഇന്ത്യൻ സർക്കാരിന്റെ പുരാതത്വ വകുപ്പിൽ ജോയിന്റ് ഡയരക്ടരായി സേവനം അനുഷ്ടിച്ചിരുന്ന ടി. എൻ രാമചന്ദ്രനാണ് ആദ്യമായി പ്രാചീനമായ ഒരു അശ്വമേധയാഗത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഡേറാഡുണിനടുത്തു യമുനാ നദീതീരത്ത് സ്ഥിതി ചെയ്യുന്ന 'ജഗത്ഗ്രാം 'എന്ന ഗ്രാമത്തിൽ 1952- ലായിരുന്നു ആ കണ്ടെത്തൽ. ആ കണ്ടത്തലിനെക്കുറിച്ച് എ. അയ്യപ്പൻ ഭാരതപഴമയിൽ ഇങ്ങനെ എഴുതുന്നു :-
"ജഗത് ഗ്രാമത്തിൽ നടത്തിയ ഉദ്ഖനനത്തിൽ അശ്വമേധത്തിനായി ഉണ്ടായിരുന്ന മൂന്ന് വേദികളുടെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. അവയുടെ ആകൃതിയും ഇഷ്ടികയുടെ വലുപ്പവും മറ്റും ശുൽബശാസ്ത്രങ്ങളിൽ പറഞ്ഞിട്ടുള്ളത് പോലെ തന്നെയായിരുന്നു. വേദിയുടെ ആകൃതി ശ്വേന (കഴുക) രൂപത്തിലായിരുന്നു. രണ്ടാമത്തെ അശ്വമേധവേദിയിലെ ഇഷ്ടികകളിൽമേൽ അനുഷ്ടുപ് വൃത്തത്തിൽ ശ്ലോകങ്ങൾ കൊത്തിവച്ചിരുന്നു.(അശ്വമേധം നടത്തിയ രാജാവിന്റെ പേര് ശീലാവർമ്മൻ (BCE 300)എന്നായിരുന്നു) അവയിൽ യുഗശൈലേശ്വരനെന്നും യുഗേശ്വരനെന്നും വർഷഗണ്യനെന്നും രാജാവിനെ വർണ്ണിച്ചിരിക്കുന്നു. പാണിനി വിവരിച്ചിട്ടുള്ള അറുപത്തൊമ്പതാമത്തെതാണ് വൃഷഗണ ഗോത്രം. ബൃഹത് സംഹിതയിൽ വിഷ്ണു തുടങ്ങിയ പന്ത്രണ്ടു യുഗേശ്വരന്മാരുടെ വിവരണമുണ്ട്. വൃഷഗണഗോത്രജനായ ചക്രവർത്തി അശ്വമേധം നടത്തിയത് കൊണ്ട് പരിശുദ്ധനായെന്നും വിഷ്ണു തുടങ്ങിയ യുഗേശരോട് തുല്യനായി തീർന്നുവെന്നുമാണ് ആ ശ്ലോകത്തിൽ സൂചിപ്പിക്കുന്നത്. "
ജഗത് ഗ്രാമത്തിൽ നടത്തിയ ഉദ്ഖനനത്തിൽ ലഭിച്ച ഇഷ്ടികകളിൽ കൊത്തിയിട്ടുള്ള ശ്ലോകങ്ങളിൽ ചിലതിന്റെ അർത്ഥം ഇങ്ങനെയായിരുന്നു :-
"യുഗശൈലാധിപനും യുഗേശ്വരനുമായ ശീലവർമ്മന്റെ അശ്വമേധത്തിന്റെ ഇഷ്ടികയാണിത്. "
"യുഗശൈലാധിപനും യുഗേശ്വരനുമായ ശീലവർമ്മന്റെ അശ്വമേധത്തിന്റെ ഇഷ്ടികയാണിത്. "
"വൃഷണഗോത്രജനും പോണ സന്തതികളിൽ ആറാമത്തെ തലമുറയിൽ പെട്ടവനുമായ ശീലാവർമ്മരാജാവ് നടത്തിയ നാലാമത്തെ അശ്വമേധയാഗത്തിന്റെ വേദിയാണിത്. "
രാമചന്ദ്രന്റെ കണ്ടെത്തലുകൾക്ക് വലിയ രീതിയിൽ ചരിത്രപ്രാധാന്യം ലഭിച്ചതോടപ്പം ഇതിഹാസങ്ങളിലും പുരാണങ്ങളിലും ഐതിഹ്യങ്ങളിലും വായിച്ചറിഞ്ഞ, അതിഭാവുകത്വം നിറഞ്ഞ കെട്ടുകഥകളെന്ന് അന്നുവരെ എഴുതിതള്ളിയിരുന്ന അശ്വമേധം ഒരു ചരിത്രയാഥാർഥ്യമാണെന്ന് തെളിവുകളോടെ സ്ഥാപിക്കപ്പെട്ടു. അരോചകവും അറപ്പുളവാക്കുന്നതുമായ അശ്ലീല കർമ്മങ്ങൾ നിറഞ്ഞതായിരുന്നു അശ്വമേധയാഗം.
അശ്വമേധംയാഗം നടത്താൻ തീരുമാനിക്കുന്ന രാജാവ് യജ്ഞകവാടം നിർമ്മിക്കുന്നതോടെ ഒരു വർഷം നീണ്ടു നിൽക്കുന്ന ചടങ്ങുകൾ തുടങ്ങുകയായി. യാഗത്തിന് നേതൃത്വം നൽകാനായി ഹോതാവ്, അധ്യരു, ബ്രഹ്മൻ, ഉദ്ഗാതാവ് എന്നിങ്ങനെ നാല് പുരോഹിതസമൂഹത്തെ തെരഞ്ഞെടുക്കുന്നു. ഋഥ്വിക്കുകൾ എന്നാണ് ഇവർ അറിയപ്പെടുന്നത്. അശ്വമേധത്തിന് പ്രധാനമായും രണ്ട് ഘട്ടങ്ങളുണ്ടെന്ന് കാണാൻ കഴിയും. യാഗത്തിനുള്ള കുതിര അഴകുള്ളതും ഒരു വയസ്സ് മാത്രം പ്രായമുള്ളതും ആയിരം പശുക്കളുടെ വിലയുള്ളതും വിശിഷ്ടഗുണമുള്ളതും ആയിരിക്കണമെന്ന് ശതപഥ ബ്രാഹ്മണത്തിൽ പറയുന്നു. ഓജസ്സുള്ളതും കരുത്തുറ്റതുമായ ആൺ കുതിരയെ തിരഞ്ഞെടുക്കുകയും നിരവധി ചടങ്ങുകൾക്ക് ശേഷം കുതിരയെ കെട്ടഴിച്ചു വിടുന്നതോടെയാണ് ഒന്നാം ഘട്ടം ആരംഭിക്കുന്നത്. വലിയൊരു സൈന്യവും കുതിരയോടപ്പം ഉണ്ടായിരിക്കും. കുതിര സഞ്ചരിക്കുന്ന രാജ്യങ്ങളിലെ രാജാക്കന്മാരെല്ലാം അശ്വമേധം നടത്തുന്ന രാജാവിന്റെ മേൽക്കോയ്‌മ അംഗീകരിക്കണം. യാഗാശ്വത്തെ തടസപ്പെടുത്തുകയോ പിടിച്ചുകെട്ടുകയോ ചെയ്യുന്ന രാജാവിനെ പരാജയപ്പെടുത്തി കൂടെയുള്ള സൈന്യം കുതിരയെ മോചിപ്പിച് യാത്ര തുടരേണ്ടതാണ്. ഇതിനിടയിൽ അശ്വമേധം നടത്തുന്ന രാജാവും രാഞ്ജിയും എല്ലാ ദിവസവും പ്രത്യേകം യാഗകർമ്മങ്ങൾ അനുഷ്ഠിക്കേണ്ടതാണ്. ദിവസവും ഹോമങ്ങളും അനുബന്ധ ചടങ്ങുകളും യാഗശാലയിൽ നടത്തപെടുന്നതാണ്. കുതിരയും സൈന്യവും ഒരു വർഷത്തോളം നീണ്ടുനിൽക്കുന്ന സഞ്ചാരത്തിന് ശേഷം ദിക് വിജയം നേടിവരുന്നതോടെയാണ് രണ്ടാമത്തെ ഘട്ടം ആരംഭിക്കുന്നത്.
രണ്ടാംഘട്ടത്തിലെ ആദ്യ ദിവസം പശുകളടക്കം നിരവധി മൃഗങ്ങളെ ബാലികഴിക്കുന്നു. രണ്ടാം ദിവസമാണ് പ്രധാനപെട്ട ചടങ്ങുകൾ നടത്തപ്പെടുന്നത്. ബലി കഴിക്കാൻ തീരുമാനിച്ച കുതിരയോടപ്പം വേറെ മൂന്ന് കുതിരകളെയും പൂട്ടിയ രഥത്തിൽ പ്രധാന പുരോഹിതനായ അധ്യരുവും മറ്റൊരു കർമിയും ഇരുന്ന് തടാകത്തിൽ പോയി കുതിരയെ കുളിപ്പിക്കുന്നു. അവിടെ നിന്ന് തിരിച്ചെത്തിയ കുതിരയെ രാജപത്നിമാർ സ്വീകരിക്കുകയും പുരോഹിതന്മാർ സൂക്തങ്ങൾ ഉരുവിടുന്ന സമയത്ത് പട്ടമഹിഷി അശ്വതിന്റെ മുൻഭാഗത്തും വാവാതാവ് (ഇഷ്ടഭാര്യ ) മധ്യഭാഗത്തും പരിവൃക്താവ് (അവഗണിത ഭാര്യ ) പിൻഭാഗത്തും വെണ്ണപുരട്ടുന്നു. പിന്നീട് മന്ത്രങ്ങൾ ഉരുവിട്ടുകൊണ്ട് അശ്വതിന്റെ കഴുത്തിലും തലയിലും വാലിലും സ്വർണമാണികൾ കെട്ടുന്നു. തലേദിവസത്തെ നൈവേദ്യം കുതിരയ്ക്ക് തിന്നാൻ കൊടുക്കുകയും തിന്നാത്തപക്ഷം വെള്ളത്തിലേക്ക് എറിയുന്നു. യൂപത്തിനടുത്തു പുരോഹിതന്മാർ തമ്മിൽ തത്വപരമായ സംഭാഷണം നടത്തുകയും കുതിരയെ പ്രകീർത്തിക്കുകയും ചെയ്യുന്നു. അതിനുശേഷം ദർഭപുല്ലും കംബളവും വിരിച്ച അതിന്മേൽ പൊന്നുവെച്ചു കുതിരയെ അതിൻമേൽ കിടത്തി ശ്വാസം മുട്ടിച്ചു കൊല്ലുന്നു. രാഞ്ജിമാർ ഗണാനാം ത്വ എന്നുരുവിട്ട് വലത്തു നിന്നിടത്തോട്ടും നിധീനാം ത്വ എന്നുരുവിട്ട് ഇടത്തുനിന്ന് വലത്തോട്ടും മൂന്ന് പ്രാവശ്യം വീതം വലം വെക്കുന്നു. വലം വെക്കുന്ന സമയം തങ്ങളുടെ വസ്ത്രത്തിന്റെ തുമ്പു കൊണ്ട് മരിച്ച കുതിരയെ വീശി കൊണ്ടിരിക്കുകയും ചെയ്യുന്നു.
തുടർന്ന്, യജമാനൻ (രാജാവ് ) തന്റെ പട്ടമഹിഷിയെ കുതിരയുടെ മേലേക്ക് "ഇനി സ്വർഗീയ സുഖം അനുഭവിച്ചു കൊള്ളുക " എന്ന് പറഞ്ഞ് തള്ളിയിടുന്നു. അദ്യരു കുതിരയെയും റാണിയെയും കംബളം കൊണ്ട് മൂടുന്നു. ഇത് തന്നെയാണ് സ്വർഗീയ സുഖം എന്ന് പറഞ്ഞ് ചത്ത കുതിരയുമായ് പ്രതീകാത്മകമായി സംഭോഗത്തിലേർപ്പെടുന്നു. ഇതേ സമയം പുരോഹിതന്മാരിലൊരാൾ അശ്ലീലവചനകളുപയോഗിച്ചു രാഞ്ജിയെ ചീത്ത പറയുന്നു. രാഞ്ജിമാരുടെ അനുചാരികൾ അതിന് അതെ രൂപത്തിൽ മറുപടിയും നല്കുന്നു. അവസാനമായി രാഞ്ജിയെ തോഴികൾ കുതിരയുടെ അടുത്ത് നിന്ന് എഴുന്നേൽപ്പിക്കുന്നു. ഈ അവസരത്തിലെല്ലാം യോചിച്ച മന്ത്രങ്ങൾ പുരോഹിതർ ഉരുവിട്ടു കൊണ്ടിരിക്കും. തുടർന്ന്, മഹിഷി സ്വർണവാളും വാവതാവ് വെള്ളിവാളും പരിവൃക്ത ഇരുമ്പുവാളും കൊണ്ട് അശ്വത്തെ കഷണങ്ങളാക്കുന്നു. കുതിരയുടെ കൊഴുപ്പെടുക്കുകയും പാകം ചെയ്യുകയും മന്ത്രങ്ങൾ ഉരുവിട്ടുകൊണ്ട് വപ (മേദസ്സ് ) അഗ്നിയിൽ അർപ്പിക്കുകയും ചെയ്യുന്നു.
ഇതിന് ശേഷം, രാജാവ് സിംഹത്തിന്റെയോ പുലിയുടെയോ തോലിന്മേൽ ഇരിക്കുന്നു. അദേഹത്തിന്റെ തലയിൽ പൊന്ന് വെച്ചതിനു ശേഷം കാളയുടെ തോൽ വെച്ച് ഹോമത്തിലെ ഹവ്യത്തിന്റെ അവശിഷ്ടം തലയിലേക്ക് ചൊരിയുന്നു. മൂന്നാം ദിവസത്തെ അവഭൃതസ്ഥാനം എന്ന ചടങ്ങോടെ രാജാവ് ചക്രവർത്തി സ്ഥാനത്തിന് അർഹനായി തീരുന്നു.നൂറു അശ്വമേധയാഗം നടത്തിയാൽ ഇന്ദ്രന് സമം എന്നാണ് പറയപ്പെടുന്നത്.
അശ്വമേധയാഗത്തിലെ ഏറ്റവും പ്രധാനപെട്ട കർമങ്ങളിലൊന്നാണ് അശ്ലീലവചനങ്ങൾ നിറഞ്ഞു നിൽക്കുന്ന അന്തരീക്ഷത്തിൽ ചത്ത കുതിരയുമായി രാഞ്ജി നടത്തുന്ന പരസ്യസംഭോഗം, എത്രമാത്രം മ്ലേച്ചവും അരോചവുമാണ്.ആ സമയത്ത് പട്ടമഹിഷി ചൊല്ലുന്ന ശ്ലോകത്തെക്കുറിച്ച ശുക്ലയജുർവേദത്തിന്റെ മഹീധര ഭാഷ്യത്തിൽ പറയുന്നുണ്ട്. ആ ശ്ലോകത്തിന്റെ അർത്ഥം ഇതാണത്രേ :-
"ഹേ അശ്വം എന്നിലേക്ക് വരിക, നിന്റെ ശുക്ലം ഞാൻ എന്നിലേക്ക് സ്രവിപ്പിക്കാം. നിന്റെ ശുക്ലം കൊണ്ട് എനിക്ക് ഗർഭാവതിയാകണം "
"ഹേ അശ്വം എന്നിലേക്ക് വരിക, നിന്റെ ശുക്ലം ഞാൻ എന്നിലേക്ക് സ്രവിപ്പിക്കാം. നിന്റെ ശുക്ലം കൊണ്ട് എനിക്ക് ഗർഭാവതിയാകണം "
ഈ അവസരത്തിൽ യജ്ഞത്തിന്റെ യജമാനനായ രാജാവും അശ്ലീലം കലർന്ന മന്ത്രശ്ലോകങ്ങൾ ചൊല്ലിക്കൊണ്ടിരിക്കുമത്രേ. യാഗത്തിൽ രാജാവും രാഞ്ജിയും ഭക്തിപൂർവം ഇത്തരം കർമങ്ങൾ നിർവഹിക്കുമ്പോൾ പുരോഹിതന്മാർ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് "വേദങ്ങൾ -ഒരു വിമർശന പഠനം എന്ന ഗ്രന്ഥത്തിൽ സനൽ ഇടമറുക് വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. രാജകുമാരിയെ നോക്കി പുരോഹിതന്മാരും, പുരോഹിതന്മാർക്ക് നേരെ ഉരുളയ്ക്ക ഉപ്പേരി എന്നപോലെ മറുപടി കൊടുക്കുന്ന അനുചാരികമാരുടെയും വാക്കുകൾ എഴുതാൻ ബുദ്ധിമുട്ടുള്ളതുകൊണ്ട് ഒഴിവാക്കുന്നുന്നു.
പ്രാചീനബ്രാഹ്മണ മതകാലത്തു ഇൻഡോ -ആര്യൻ സമൂഹത്തിൽ നടമാടിയിരുന്ന രതിവൈകൃത സദാചാരം അശ്വമേധ യാഗം പോലെയുള്ള യജ്ഞങ്ങളിൽ കാണാവുന്നതാണ്. ഹീനവും നിന്ദ്യവുമായ അരാജകത്വം നിറഞ്ഞതുമായ കർമങ്ങൾക്ക് ശ്രേഷ്ഠതയും പവിത്രതയും കല്പിച്ചു ആചാരകർമ്മങ്ങളാക്കി സാമ്പത്തിക നേട്ടത്തിനുപയോഗിക്കുയാണ് വൈദികമതം ചെയ്തിരുന്നതെന്നു കാണാൻ കഴിയും.
ചരിത്രത്തിൽ ആദ്യമായി അശ്വമേധം നടത്തി എന്ന് കരുതപ്പെടുന്നത് പുഷ്യമിത്ര ശുങ്കൻ ആണ്. അവസാനത്തെ മൗര്യ രാജാവിനെ വധിച്ചു ഭരണം പിടിച്ചെടുത്തതിനു ശേഷം ചക്രവർത്തി പദം സ്വീകരിക്കാനാണ് ഇത് ചെയ്തതെന്ന് പറയപ്പെടുന്നു. എന്നാൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ആദ്യമായി അശ്വമേധയാഗം നടത്തിയ രാജാവ് സമുദ്ര ഗുപ്തൻ ഒന്നാമൻ ആന്നെന്നു പറയപ്പെടുന്നു. ഇതിന്റെ സ്മാരകമായി നാണയങ്ങൾ അടിച്ചിറക്കിയത് കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. അതിനുശേഷമാണ് സമുദ്രഗുപ്തൻ രാജാധിരാജ എന്ന സ്ഥാനപ്പേര് സ്വീകരിച്ചത്. മറ്റൊരു അശ്വമേധം നടത്തിയത് കനൗജിലെ രാജാവാണ്. അദേഹത്തിന്റെ യാഗാശ്വത്തെ പ്രിത്വിരാജ് ചൗഹാൻ വധിക്കുകയും തുടർന്നുണ്ടായ യുദ്ധത്തിൽ കനൗജിലെ രാജാവിനെ തോൽപ്പിച്ച് അദേഹത്തിന്റെ മകളെ വിവാഹം കഴിക്കുകയും ചെയ്തു. അവസാനത്തെ യാഗം നടത്തിയത് A.D 1734-35-ൽ ജയ്‌പൂർ രാജകുമാരനായ രാജാ ജയ്‌സിംഗ് രണ്ടാമൻ ആണ്.
യൂറോപ്പിന്റെ ചില ഭാഗങ്ങളിൽ അശ്വമേധം നടന്നിരുന്നതായി ചില ഗ്രന്ഥങ്ങൾ പറയുന്നുണ്ട്. മെംഫിസ് എന്ന സ്ഥലത്ത് കുതിരകൾക്ക് പകരം വിശുദ്ധ കാളകളെയാണ് ഉപയോഗിച്ചിരുന്നത്. ചരിത്രകാരന്മാരായ ഹെറഡോട്ടസിന്റെയും, പ്ലൂട്ടാർക്കിന്റെയും ഗ്രന്ഥങ്ങളിൽ ഇതുമായി ബന്ധപ്പെട്ട ചില പരാമർശങ്ങൾ കാണാവുന്നതാണ്........




No comments:
Post a Comment