തിരിഞ്ഞും മറിഞ്ഞും കിടന്നെങ്കിലും കാർട്ടർക്ക് ഉറക്കം വന്നില്ല. മൂവായിരം വർഷങ്ങൾക്കു മുൻപ് ആഖതാതേനിലെ രാജകൊട്ടാരത്തിന്റെ ഇടനാഴിയിലൂടെ കളിച്ചും ചിരിച്ചും ഓടിച്ചാടിനടന്ന ഒരു ബാലകൻ അയാളുടെ മനസിലേക്ക് ഓടിയെത്തി. പെട്ടന്ന് ആ നിഷ്കളങ്കതയെക്കു പോറലേല്പിച്ചുകൊണ്ടു അധികാരത്തിന്റ ചുട്ടുപഴുത്ത സിംഹാസനത്തിലേക്കു കേവലം ഒൻപതു വയസു മാത്രം പ്രായമുള്ള ആ ബാലകൻ എടുത്തെറിയപ്പെട്ടു.ആ ബാലകന്റെ പേര് തൂത് ആംഖ് ആതേൻ എന്നായിരുന്നു.
![]() |
| തൂത് ആംഖ് അമൂൻ |
ഐതിഹാസികവും അപൂർവോജ്വലവുമായ പതിനാറ് വർഷത്തെ ഭാരണത്തിനൊടുവിൽ നാല്പതു വയസ്സ് പ്രായം എത്തുന്നതിന് മുമ്പേ അഖ്‌നതെൻ മരണപെട്ടു. പിന്നീട് ഫറവോയായി അധികാരമേറ്റ സ്‌മെൻഖാരെ വളരെ പെട്ടന്നുതന്നെ ചരിത്രത്തിൽ നിന്നും അപ്രത്യക്ഷമായി. തുടർന്ന് നെഫെർനെഫെരു ആതേൻ എന്ന അജ്ഞാതവ്യക്തി ഫറാവോയായി അവരോധിക്കപ്പെട്ടെങ്കിലും വളരെ കുറച്ച് കാലത്തിനു ശേഷം കാലയവനികയ്ക്കുള്ളിൽ മറഞ്ഞപ്പോൾ പ്രശസ്തനായ ആമേൻ ഹോട്ടപിന്റെ രാജവംശം കുറ്റിയറ്റ നിലയിലായിരുന്നു. രാജ്യാവകാശമുള്ള ഏക ആൺതരിയായി അവശേഷിച്ചിരുന്നത് ഒൻപതു വയസ് മാത്രമുള്ള തൂത് ആംഖ് ആതേൻ മാത്രമായിരുന്നു. അങ്ങനെ ഈജിപ്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു ബാലകൻ ഫറവോയായി അവരോധിക്കപ്പെട്ടു.
തൂത് ആംഖ് ആതേൻന്റെ പിതാവ് അഖ്‌നതെൻ തന്നെയായിരുന്നെങ്കിലും മാതാവ് നെഫെർതിതിയായിരുന്നില്ലെന്നും "കിയ "എന്ന് പേരുള്ള മറ്റൊരു സ്ത്രീയായിരുന്നെന്നും വാദമുണ്ട്. അത് അഖ്‌നതെൻന്റെ സ്വന്തം സഹോദരി തന്നെയാണെന്നും, ആ സഹോദരിയിൽ പരസ്യമോ രഹസ്യമോ ആയ വേഴ്ചയിൽ ഉണ്ടായ പുത്രന്മാരായിരുന്നു സ്‌മെൻഖാരെയും, തൂതാൻ ആംഖ് ആതേൻ എന്നുമാണ് ഇപ്പോൾ ലഭ്യമായ വിവരം. അക്കാലത്തു രക്തബന്ധത്തിലുള്ളവർ തമ്മിലുള്ള വിവാഹബന്ധങ്ങൾ നിഷിദ്ധമായിരുന്നില്ല. ശുദ്ധരാജരക്തത്തിനു വേണ്ടിയും അധികാരം കൈവിട്ടുപോകാതിരിക്കാനും ഇത്തരം രാജകീയബന്ധങ്ങൾ സാധാരണമായിരുന്നു. രക്തബന്ധത്തിലുള്ളവർ തമ്മിലുള്ള ബന്ധത്തിൽ പിറക്കുന്ന കുട്ടികൾക്കുണ്ടാവുന്ന ജനിതകരോഗങ്ങളെ സാധുകരിക്കുന്ന നിരവധി തെളിവുകൾ ഈ കുട്ടിരാജാവിന്റെ മമ്മിയിൽ നിന്ന് പിന്നീട് കണ്ടെടുക്കപ്പെടുകയുണ്ടായി.
![]() |
| അനക്സെനമൂൺ |
പിഞ്ചു ബാലനായിരുന്നെങ്കിലും രാജാധികാരം ഏറ്റെടുത്ത ഉടനെ തൂത് ആംഖ് ആതേൻ വിവാഹിതനായി. അഖ്‌നതെൻ -നെഫെർത്തിതി ദമ്പതിമാരുടെ മൂന്നാമത്തെ പുത്രിയായിരുന്ന ആംഖേസെൻ പാതേൻ ആയിരുന്നു വധു. തൂതിന്റെ അർദ്ധസഹോദരി കൂടിയായിരുന്ന ബാലികാവധുവിന്റെ പ്രായം പതിമൂന്നു വയസായിരുന്നു.
ഈജിപ്തിന്റെ ചരിത്രത്തിലെ ഒരു സന്നിഗ്ദ്ധഘട്ടത്തിലാണ് തൂത് ആംഖ് ആതേൻ അധികാരത്തിലെത്തുന്നത് .അഖ്‌നതെൻന്റെയും നെഫെർത്തിതി രാഞ്ജിയുടെയും മതപരിഷ്കാരങ്ങളോടുള്ള കനത്ത എതിർപ്പ് പുറത്തുവന്നുകൊണ്ടിരുന്ന കാലം. അകറ്റിനിർത്തപ്പെട്ട പുരോഹിതവർഗം തികഞ്ഞ അസംതൃപ്തിയിൽ ആയിരുന്നു. അയൽ രാജ്യങ്ങളിലെ ഹിറ്റെറ്റുകളിൽ നിന്നും മിട്ടാണികളിൽ നിന്നുമുള്ള ഭീഷണി മറുഭാഗത്തും.
രാജ്യത്തിനും രാജകുടുംബത്തിനും വന്നു ഭവിച്ച ദുരന്തങ്ങൾക്കും (അഖ്‌നതെൻന്റെ പുത്രിമാർ അടക്കമുള്ള രാജകുടുംബാംഗങ്ങളുടെ ഒന്നിനു പുറകെ ഒന്നായുള്ള മരണം ) ദുരിതങ്ങൾക്കും കാരണം അമൂൻ ദേവനെ നിരാകരിച്ചതിന്റെ പരിണിതഫലമാണെന്നു ജനം വിലയിരുത്തി. ജനവികാരത്തെ മാനിക്കേണ്ടത് തന്റെ നിലനിൽപിന് അത്യാവശ്യമാണെന്ന് മനസ്സിലാക്കിയ (അല്ലെങ്കിൽ ഉപദേശകവൃന്ദം മനസിലാക്കി കൊടുത്തതാവാനും മതി ) തൂത് ആംഖ് ആതേൻ തന്റെ പേരിൽ മാറ്റം വരുത്തി. തൂത് ആംഖ് ആതേൻ എന്ന പേരിലെ ആതേൻ ദേവനെ മായ്ച്ചു കളഞ്ഞ് അമൂനെ പ്രതിഷ്ഠിച്ചു. അങ്ങനെ തൂത് ആംഖ് ആതേൻ തൂത് ആംഖ് അമൂൻ ആയി. പ്രിയ പത്‌നി ആംഖേസെൻ പാതേൻ (ആതേൻ ദൈവത്തിലൂടെ ജീവിക്കുന്നവൾ ) അനക്സെ നാ മൂൺ (അമൂൻ ദേവനിലൂടെ ജീവിക്കുന്നവൾ )എന്നാക്കി മാറ്റി.
വളരെ നിർണായകമായ പേര് മാറ്റം വരാൻ പോകുന്ന പരിവർത്തനത്തിന്റെ സൂചനകളായിരുന്നു. അവിടുന്നങ്ങോട്ട് ഈജിപ്ത് ദർശിച്ചത് ഒരു കടകം മറിച്ചിലായിരുന്നു. അഖ്‌നതെൻനും നെഫെർത്തിതിയും വളർത്തിയെടുത്ത അല്ലെങ്കിൽ അടിച്ചേൽപ്പിച്ച ആതേൻ ദേവനിലൂന്നിയ ഏകദൈവ വിശ്വാസം കടപുഴകിവീണു. ഈജിപ്ത് അതിന്റെ പഴയ ചരിത്രത്തിലേക്ക് ഒരു മിന്നൽപിണരെന്നോണമുള്ള തിരിച്ചുപോക്ക് നടത്തി. അവസരത്തിനൊത്തു നിറം മാറിയ അല്ലെങ്കിൽ മാറ്റപ്പെട്ട തൂത് എന്ന പിഞ്ചുബാലകൻ മുന്നിൽ നിന്ന് നയിച്ചപ്പോൾ സംഘടിതവും ശക്തവുമായിരുന്ന ജനരോഷത്താൽ അഖ്‌നതെൻന്റെ നീണ്ട പതിനാറ് വർഷങ്ങളുടെ ഓർമ്മകളും അവശിഷ്ടങ്ങളും തുടച്ചുനീക്കപ്പെട്ടു. അല്പകാലത്തെങ്കിലും ഈജിപ്തിൽ ആധുനികതയുടെ വിപ്ലവശോഭ വിളമ്പിയ ആതേൻ വിപ്ലവത്തിന് അതോടെ പരിസമാപ്തിയായി.
പിതാവായ അഖ്‌നതെൻന്റെ ദൈവവിരുദ്ധമായ പ്രവർത്തികളോടുള്ള പ്രായശ്ചിത്തമായിരുന്നു തൂത് ആംഖ് അമുന്നിലൂടെ പിന്നീട് ഈജിപ്ത് ദർശിച്ചത്.ഉപയോഗശൂന്യമായ അങ്ങേയറ്റം ജീർണാവസ്ഥയിലായിരുന്ന ദേവന്മാരുടെയും ദേവിമാരുടെയും ക്ഷേത്രങ്ങൾ നവീകരിക്കപ്പെട്ടു. കർണ്ണാക്കിലേയും തീബ്സിലെയും അമൂന്റെ ക്ഷേത്രങ്ങൾ ഇവയിൽ പ്രധാനപ്പെട്ടതായിരുന്നു. അഖ്‌നതെൻ തച്ചുതകർത്ത വിഗ്രഹങ്ങൾ പുനഃസ്ഥാപിക്കപ്പെടുകയും ചെയ്തു. ഈജിപ്തിന്റെ മണ്ണിൽനിന്നും പടിയടച്ചു പിണ്ഡം വെച്ച ദൈവങ്ങൾ വിണ്ണിൽ നിന്നും മണ്ണിലേക്കിറങ്ങിവന്നു. ജനങ്ങൾ തങ്ങളുടെ ആരാധനാമൂർത്തിയെ വഴിപാടുകളും നേർച്ചകളും എണ്ണമറ്റ പൂജകളും നടത്തി പ്രസാദിപ്പിച്ചു. ദൈവത്തിനും ജനങ്ങൾക്കുമിടയിലെ മധ്യവർത്തികളായി പുരോഹിതവർഗം വീണ്ടും അവരോധിക്കപ്പെട്ടു. നഷ്ടപെട്ട അധികാരം തിരിച്ചുകിട്ടിയ പുരോഹിതവൃന്ദം ക്ഷേത്രങ്ങളെ ആരാധാലയങ്ങളിൽ നിന്നും അധികാരകേന്ദ്രങ്ങളായി മാറ്റുകയും ചെയ്തു.
ഈജിപ്തിലെ ജനങ്ങൾ മനമുരുകി പ്രാർത്ഥിച്ചപ്പോൾ അവർക്കും തൂത് ആംഖ് അമൂന് മുൻപിലും കൊട്ടിയടക്കപെട്ട ദൈവത്തിന്റെ വാതിലുകൾ തുറന്നിട്ടുണ്ടാകുമോ? പാദസ്ഥികളിലൊന്നിനെ ബാധിക്കുന്ന കോളർ രോഗം (kohlers disease ) തൂത് ആംഖ് അമൂനെ ബാല്യത്തിൽ തന്നെ മുടന്തനാക്കി മാറ്റിയിരുന്നു. കൂടാതെ രക്തകോശങ്ങളിൽ ആകൃതി വ്യത്യാസം വരുത്തുന്ന ഗുരുതരമായ അരിവാൾ രോഗം (sickle cell disease ) അദ്ദേഹത്തെ ഏറെ ക്ഷീണിതനാക്കി. കടുത്ത അനാരോഗ്യം വളച്ചിരുന്ന ആ ശരീരത്തെ തകർക്കാനെന്നവണ്ണം മലേറിയ ബാധ കൂടി ബാധിച്ചു. രണ്ടു മക്കളുടെ മരണം തൂതിനെ ഏറെ തളർത്തി. ശാരീരികവും മാനസികവുമായി ഏറെ പരിക്ഷീണനായിരുന്ന ആ ബാലകന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു രാജ്യഭാരം. ഈ ലോകത്തിലെ അന്നുണ്ടായിരുന്ന എല്ലാ സുഖസൗകര്യങ്ങളും അനുഭവിക്കാൻ യോഗമുണ്ടായിട്ടും അതൊന്നും അനുഭവിക്കാൻ കഴിയാതെ മുൻകൂട്ടി നിശ്ചയിച്ച ദുർവിധിയെന്നോണം പതിനെട്ടാം വയസ്സിൽ ആ കൗമാര രാജകുമാരൻ മരണത്തിലേക്ക് നടന്നടുത്തു.
ഈയടുത്ത കാലം വരെ തൂത് ആംഖ് അമൂന്റെ മരണകാരണം ഒരു കൊലപാതകം എന്നുവരെ സംശയിക്കപ്പെട്ടിരുന്നു. ഏറ്റവും പുതിയ സാങ്കേതികവിദ്യകളുടെ സഹായത്തോടെ അദേഹത്തിന്റെ ഭൗതിക ശരീരത്തിൽ നടത്തിയ ശാസ്ത്രീയ നിരീക്ഷണങ്ങൾ കൊലപാതകം എന്ന സംശയത്തെ തള്ളിക്കളഞ്ഞു. ഈജിപ്ഷ്യൻ പുരാവസ്തു വകുപ്പിന്റെ ഏറ്റവും പുതിയ വെളിപ്പെടുത്തലിൽ അനാരോഗ്യവും ഒരു വീഴ്ചയെ തുറന്നുണ്ടായ അണുബാധയും മലേറിയ പിടിപെട്ടതുമാണ് മരണകാരണമെന്ന് കണ്ടെത്തുകയുണ്ടായി.
ഒരു രാജ്യത്തിന്റെ സാംസ്കാരികവും ഭരണപരവുമായ മേഖലകളിൽ കാര്യമായ ഒരു സംഭാവനയും അവകാശപ്പെടാനില്ലാത്ത ഫറവോയായിരുന്നു തൂത് ആംഖ് അമൂൻ. പക്ഷെ ജീവിതത്തിൽ അദ്ദേഹം അനുഭവിച്ചു തീർക്കേണ്ടിവന്ന ദുരിതങ്ങളും ദൗർഭാഗ്യങ്ങളും കാലം മായ്ച്ചു കളഞ്ഞു. കൃത്യമായി പറഞ്ഞാൽ 3333 വർഷങ്ങൾക്കു ശേഷം. അതിന് കാരണകാരനായതോ ഒരു മഹാമനീഷിയെ പോലെ ഈജിപ്തിലെ പുരാവസ്തുഖനനത്തിന് ജീവിതം ഉഴിഞ്ഞുവെച്ച ഹൊവാർഡ് കാർട്ടറും.
പിറ്റേ ദിവസം (1922 നവംബർ 27) എത്രയും പെട്ടന്നു തൂത് ആംഖ് അമൂന്റെ ശവപ്പെട്ടി ഇരിക്കുന്ന ബന്ധവസാക്കിയ പ്രധാന മുറിയിലെത്താനുള്ള ശ്രമത്തിനു മങ്ങലേറ്റു. പ്രവേശനമുറിയുടെ പാർശ്വഭാഗത്തായി മറ്റൊരു മുറി കണ്ടെത്തി. ആ അനുബന്ധ മുറി (Annexe)യിൽ സാധനങ്ങൾ അടുക്കും ചിട്ടയുമില്ലാതെ വാരിവലിച്ചിട്ടിരിക്കുന്നു. അമുല്യമായതും എണ്ണത്തിൽ ഒരുപാടുള്ളതുമായ സാധനങ്ങൾ കൈകാര്യം ചെയ്യാൻ അറിവും പരിജ്ഞാനവുമുള്ള വിദഗ്ധരെയും കൂടുതൽ തൊഴിലാളികളെയും ഉൾക്കൊള്ളിച്ചുകൊണ്ട് വിപുലീകരിച്ചു. പുരാവസ്തുക്കളിൽ പലതും അപകടകരാംവിധം ജീർണാവസ്ഥയിലും അങ്ങേയറ്റം മൃദുലാവസ്ഥയിലും ആയിരുന്നു അതുകൊണ്ട് പ്രവേശനമുറിയിലെ വിലപിടിപ്പുള്ള വസ്തുക്കൾ സുരക്ഷിതമായി മറ്റൊരു സ്ഥലത്തേക്ക് മാറ്റിയതിന് ശേഷം സ്‌കോഫഗസ് (ശവപ്പെട്ടി ) ഇരിക്കുന്ന മുറി തുറന്നാൽ മതിയെന്ന് തീരുമാനിച്ചു.
മാസങ്ങൾ നീണ്ടുനിന്ന ഭഗീരഥപ്രയത്നത്തിൽ പ്രവേശനമുറിയിലെയും അനെക്സിലെയും പുരാവസ്തുക്കൾ സുരക്ഷിതമായി നീക്കം ചെയ്യപ്പെട്ടതിന് ശേഷം 1923 ഫെബ്രുവരി 17-ആം തീയതി ശവമുറിയിലേക്ക് കടക്കാനുള്ള പ്രവർത്തനം ആരംഭിച്ചു. ആദ്യം ശവമുറിയെ വേർതിരിച്ചിരിക്കുന്ന ചുമരിൽ ഒരു തുളയുണ്ടാക്കി കാർട്ടർ അതിലൂടെ വെളിച്ചം കടത്തി. സഹസ്രാബ്ദക്കാലം കാറ്റും വെളിച്ചവും കടന്നു ചെന്നിട്ടില്ലാത്ത തൂത് ആംഖ് അമൂന്റെ നിത്യവിശ്രമമുറിയിൽ പ്രകാശം പരന്നപ്പോൾ ഫറവോയുടെ ശവപെട്ടിയെ സംരക്ഷിച്ചുകൊണ്ട് സ്വർണ്ണത്തിൽ നിർമ്മിച്ച ഒരു കൂറ്റൻ മതിൽക്കെട്ട് ഉയർന്നുനിൽക്കുന്നു. ആ ഭൂഗർഭ അറയുടെ ചുമരുകളിൽ നിന്നും വെറും രണ്ടടി മാത്രം ഒഴിച്ചിട്ട് മേൽകൂരവരെ നിറഞ്ഞു നിൽക്കുന്ന ആ വമ്പൻ സുവർണ്ണ കൂടാരതിന്റെ വലിപ്പം ആരെയും അത്ഭുതപെടുത്താൻ പോന്നതായിരുന്നു. 16 അടി നീളവും 10 അടി വീതിയും 9 അടി പൊക്കവുമുണ്ടായിരുന്ന കൊത്തുപണികളാൽ അലംകൃതമായ ആ തങ്കകുടീരം വാക്കുകൾക്കതീതമായ ഉജ്ജ്വലശോഭയോടെ തിളങ്ങിനിൽക്കുന്നു. അതിനു ചുറ്റുമുള്ള ചുമരുകളിൽ ജിപ്സം തേച്ചു പീതവർണ്ണം പൂശിയിരിക്കുന്നു. ആ ചുവരുകളിൽ പൗരാണിക ശവസംസ്കാരങ്ങൾ വരയിലൂടെ ആവിഷ്കരിച്ചിരിക്കുന്നു. തൂതൻ ആംഖ് അമൂന്റെ അവസാന യാത്രയ്ക്കായി ഉപയോഗിച്ച മനോഹരമായ പങ്കായങ്ങൾ ആരാലോ ഉപേഷിക്കപ്പെട്ടതുപോലെ അശ്രദ്ധമായി നിലത്തുകിടക്കുന്നു.
ഒടുവിൽ, ഫറവോയുടെ സ്കോഫഗസ് അവർക്കു മുന്നിൽ തെളിഞ്ഞു വന്നു. ഒറ്റ സ്ഫടികകല്ലിൽ തീർത്ത ഭീമൻ ശവപേടകത്തിന്റെ നിറം മഞ്ഞയായിരുന്നു. ഒറ്റനോട്ടത്തിൽ തന്നെ അതിന്റെ മൂടി അതിനോട് ചേരുന്നതായിരുന്നില്ലെന്നു കാർട്ടർക്ക് മനസ്സിലായി. അതോടപ്പം തന്നെ അതിന്റെ മധ്യഭാഗത്തായി കാണുന്ന വിള്ളൽ ജിപ്സം കൊണ്ട് അടയ്ക്കാൻ ശ്രമിച്ചതിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നു.
ഇനി അടുത്ത നീക്കം ആ ഭീമൻ പേടകത്തിന്റെ മൂടി നീക്കുകയെന്നതാണ്. കാർട്ടർക്ക് ശരീരത്തിലൂടെ ഒരു മിന്നൽപിണർ പാഞ്ഞതായി തോന്നി.താൻ എന്തിനുവേണ്ടിയാണോ ഇത്രയും കാലം കഷ്ടപെട്ടത്, അതിതാ ഇപ്പോൾ സാക്ഷാത്കരിക്കാൻ പോകുന്നു. കാർട്ടർ തന്റെ ജീവിതത്തിലെ അവിസ്മരണീയ മുഹൂർത്തത്തിന് മാനസികമായി തയ്യാറെടുത്തു. സന്തോഷം കൊണ്ട് തുള്ളിചാടേണ്ട സുന്ദരനിമിഷം.ആകാംക്ഷയും ജിജ്ജാസയും ഓരോരുത്തരുടെയും മുഖത്തു കാണാമായിരുന്നു.
പക്ഷെ, തൂത് ആംഖ് അമൂനോ...?
വേദനയും ദുരിതങ്ങളും മാത്രം സമ്മാനിച്ച ഇഹലോകത്ത് നിന്ന് യുവത്വത്തിന്റെ പൂർണതയ്ക്ക് മുൻപേ ആഗ്രഹങ്ങളും മോഹങ്ങളും ബാക്കിവെച്ചു ബന്ധങ്ങളുടെ കെട്ടുപാടുകളിൽ നിന്നെല്ലാമകന്നു സ്വർഗ്ഗപ്രാപ്തിയുടെ മരണാനന്തരജീവിതത്തിലേക്ക് നടന്നുപോയ ആ ബാലകന്റെ തേങ്ങൽ ഒരു നിമിഷം ആരെങ്കിലും കേട്ടിരുന്നെങ്കിൽ......
വേദനയും ദുരിതങ്ങളും മാത്രം സമ്മാനിച്ച ഇഹലോകത്ത് നിന്ന് യുവത്വത്തിന്റെ പൂർണതയ്ക്ക് മുൻപേ ആഗ്രഹങ്ങളും മോഹങ്ങളും ബാക്കിവെച്ചു ബന്ധങ്ങളുടെ കെട്ടുപാടുകളിൽ നിന്നെല്ലാമകന്നു സ്വർഗ്ഗപ്രാപ്തിയുടെ മരണാനന്തരജീവിതത്തിലേക്ക് നടന്നുപോയ ആ ബാലകന്റെ തേങ്ങൽ ഒരു നിമിഷം ആരെങ്കിലും കേട്ടിരുന്നെങ്കിൽ......
(തുടരും )








No comments:
Post a Comment