അതിജീവനത്തിന് ഒരു വയസ്സ്.
2018 ജൂലൈ 2, തിങ്കൾ,
സമയം രാത്രി ഒൻപതിനോട് അടുക്കുന്നു. ഒരുപാട് പ്രതീക്ഷയുമായി രണ്ടുപേർ ഇടുങ്ങിയ പാറകളും വെള്ളക്കെട്ടും ചെളിയും നിറഞ്ഞ് ദുർഘടം പിടിച്ച ഗുഹക്കകത്ത് കൂടി നീന്തുകയാണ്. ബ്രിട്ടീഷ് രക്ഷാപ്രവർത്തകരും മുങ്ങൽ വിദഗ്ദ്ധരുമായ ജോൺ വോളന്തും റിക് സ്റ്റാൻഡനും ആയിരുന്നു അത്. ഗുഹാമുഖത്ത് നിന്ന് ഏകദേശം നാല് കിലോമീറ്റർ ഉള്ളിലായിലായിരുന്നു അവരപ്പോൾ. കടന്ന് വന്ന വഴിയിൽ തിരിച്ചു പോരാനായി കയർ കെട്ടിയിരുന്നു. പ്രതീക്ഷകളവസാനിച്ച് തിരികെ പോകാൻ തുടങ്ങിയതായിരുന്നു അവർ. അപ്പോഴാണ് അതിലൊരാൾ പറഞ്ഞത്. " ഇവിടെ മനുഷ്യഗന്ധമുണ്ട്. അവർ ഇവിടെ അടുത്ത് തന്നെയുണ്ട്..." ഉത്സാഹത്തോടെ അവർ കുറച്ച് ദൂരം മുന്നോട്ട് നീങ്ങി. അവരപ്പോൾ ആ ഗുഹയിലെ "പട്ടായ ബീച്ച് " എന്നറിയപ്പെടുന്ന സ്ഥലത്തായിരുന്നു. ചുറ്റിലും ഇരുട്ട്. കയ്യിലെ ടോർച്ച് തെളിച്ച് നോക്കിയപ്പോൾ ഏകദേശം നൂറ് മീറ്റർ അകലെ ഹൃദയം നിറച്ച ആ കാഴ്ച അവർക്ക് മുന്നിൽ തെളിഞ്ഞു.കഴിഞ്ഞ പത്ത് ദിവസമായി മരണത്തിന്റെയും ജീവിതത്തിന്റെയും നൂലിഴയിൽ അതിജീവനത്തിന്റെ പുതു ചരിത്രം രചിച്ച 13 കുട്ടികൾ ഗുഹയ്ക്കകത്ത് പാറക്കെട്ടിന് മുകളിൽ ഇരിക്കുന്നു. കുട്ടികളിൽ ഒരാളുടെ മുഖത്ത് വെളിച്ചം വീണപ്പോൾ നന്ദിയിൽ കുതിർന്ന ശബ്ദമുയർന്നു, "ഹേയ് താങ്ക് യൂ.. "
കുട്ടികൾക്ക് വേണ്ട നിർദേശവും സന്ദേശവും കൈമാറിയ വോളന്തും സ്റ്റാൻഡനും കുട്ടികൾ സുഖമായിരിക്കുന്ന വിവരം പുറത്തേക്കറിയിച്ചു. ഒരു രാജ്യം മാത്രമായിരുന്നില്ല ആശ്വാസം കൊണ്ടത്, ഒരാഴ്ച്ചയോളം ശരീരവും മനസ്സ് കൊണ്ടും ലോകം മുഴുവൻ ആ ഗുഹാമുഖത്ത് തന്നെയായിരുന്നു. ലോകം ഇന്നേവരെ കണ്ടതിൽ വെച്ച് ഏറ്റവും സങ്കീർണ്ണവും ദുഷ്കരമായ രക്ഷാപ്രവർത്തനമാണ് പിന്നീടങ്ങോട്ട് ലോകം കണ്ടത്.
ജൂൺ 23-നാണ് മ്യാന്മാറിനോടും ലാവോസിനോടും തായ്‌ലൻഡ് അതിർത്തി പങ്കിടുന്ന ചിയാങ് റായ് വനമേഖലയിൽ ദോയ് നാങ് നോൺ പർവതത്തിന് കീഴെയുള്ള താം ലുവാങ് ഗുഹ (The great cave of sleeping lady) യിൽ പതിനൊന്നിനും പതിനാറിനുമിടയ്ക്ക് പ്രായമുള്ള 12 കുട്ടികളും ഇരുപത്തഞ്ചുകാരനായ പരിശീലകനും കയറിയത്. തായ്‌ലൻഡിലെ ഒരു പ്രാദേശിക ജൂനിയർ ഫുട്ബോൾ ടീമിലെ അംഗങ്ങളായിരുന്നു അവർ. "Wild boars " അഥവാ കാട്ടുപന്നികൾ എന്നായിരുന്നു അവരുടെ ടീമിന്റെ പേര്.
ഒരു പരിശീലന മത്സരം കഴിഞ്ഞതിന് ശേഷം, തിരിച്ചു വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് അവർ ഗുഹയ്ക്കകത്ത് കയറുന്നത്. ആ സമയത്ത് മഴയുണ്ടായിരുന്നില്ല. അപ്രതീക്ഷിതമായി പെയ്ത മഴയിൽ ഗുഹയിലേക്ക് വെള്ളം ഇരച്ചു കയറി. ഗുഹാമുഖത്തേക്ക് ഇരച്ചു കയറിയ വെള്ളത്തോടപ്പം ചെളിയും മാലിന്യങ്ങളും ഗുഹയുടെ ഇടുങ്ങിയ ഭാഗങ്ങളിൽ നിറഞ്ഞു. തുടർച്ചയായി മഴ പെയ്തത്
കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കി.
കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കി.
ഇതൊന്നുമറിയാതെ കളിച്ചു രസിക്കുകയായിരുന്ന കുട്ടികൾക്ക് മുന്നിലേക്ക് ഇരച്ചു കയറിയ വെള്ളം ഒരു ജലമതിലായി ഉയർന്നു കഴിഞ്ഞിരുന്നു. അതോടെ പത്ത് കിലോമീറ്റർ നീളമുള്ള ചുണ്ണാമ്പ് കല്ലുകൾ നിറഞ്ഞ ഗുഹയുടെ നാല് കിലോമീറ്റർ അകത്തേക്ക് അവർക്ക് പിൻവാങ്ങേണ്ടി വന്നു.
കുട്ടികളുടെ സൈക്കിൾ, ബാഗുകൾ, ഷൂസ് തുടങ്ങിയവ ഗുഹാമുഖത്തിന് സമീപം കണ്ട ചിയാങ് റായ് വനത്തിലെ റേഞ്ചർ വിവരമറിയിച്ചതോടെ സംശയമായി. കുട്ടികളുടെ മാതാപിതാക്കളും മക്കളെ കാണാനില്ലെന്ന പരാതിയുമായി എത്തുകയും ചെയ്തതോടെ ഗുഹയ്ക്കകത്ത് അകപെട്ടതെന്ന് ഉറപ്പിച്ചു.
താം ലുവാങ് ഗുഹ ലോകത്തിന് മുൻപിൽ നിഗൂഢവും അപരിചിതമായിരുന്നത് രക്ഷാപ്രവർത്തനത്തെ അത്യന്തം ദുഷ്കരവും വെല്ലുവിളിയുമാക്കി തീർത്തു. 1988-ൽ ഫ്രാൻസിൽ നിന്നെത്തിയ ഗുഹാ പര്യവേഷകർ നടത്തിയ സർവേയും ഡീറ്റൈൽഡ് മാപ്പും രക്ഷാപ്രവർത്തകർക്ക് കുറച്ചെങ്കിലും ആശ്വാസമായി തീർന്നു.
നാല് പമ്പുകൾ സ്ഥാപിച്ച് ഗുഹയിലെ വെള്ളം വറ്റിക്കാൻ ശ്രമം ആരംഭിച്ചു. മണിക്കൂറിൽ 120 ലക്ഷം വെള്ളം വീതം പുറത്തേക്ക് ഒഴുക്കി കളഞ്ഞു. രാവിലെ തന്നെ തായ് നേവി ടീം രക്ഷാദൗത്യം ഏറ്റെടുത്തു. ആറു ഡ്രൈവർമാർ ടീമായി തിരിഞ്ഞ് രാത്രിയും പകലും കുട്ടികളെ കണ്ടെത്താൻ പരിശ്രമിച്ചു കൊണ്ടിരുന്നു. വെള്ളത്തിനുള്ളിലെ സമ്മർദ്ദം കാരണം അവരുടെ മാസ്‌ക്കുകൾ ഊരി പോകുന്നത് രക്ഷാപ്രവർത്തനത്തെ ബാധിച്ചു.
ജിയോളജിസ്റ്റുകൾ ഇലക്ട്രിക്കൽ റെസിസ്റ്റിവിറ്റി ടെക്‌നിക്കുകൾ ഉപയോഗിക്കുകയും മാപ്പിങ് വിദഗ്ധർ സിങ്ക് ഹോളുകളുടെ 3D മാപ്പിംഗ് വികസിപ്പിക്കുകയും ചെയ്തു. ഇതേ സമയം ഗുഹയ്ക്കുള്ളിലേക്ക് മറ്റിടങ്ങളിൽ നിന്ന് വെള്ളം എത്തിക്കൊണ്ടിരുന്നു. അതേ സമയം ഗുഹയ്ക്കുള്ളിലേക്ക് കടക്കാൻ മറ്റു വഴികളും രക്ഷാവിദഗ്ധർ തേടുന്നുണ്ടായിരുന്നു. ബ്രിട്ടനിൽ നിന്നെത്തിയ പര്യവേഷകർ വർഷങ്ങൾക്ക് മുൻപ് ഗുഹയ്ക്കുള്ളിൽ നിന്ന് മറ്റൊരു ഗുഹയിലേക്കുള്ള വഴി കണ്ടെത്തിയിരുന്നെങ്കിലും ഒരു പരിധിക്കപ്പുറം സഞ്ചരിക്കാൻ ജീവവായു ലഭിക്കാത്തത് വലിയ പ്രശനമായിരുന്നു. ഡോയ് നാങ് നോൻ മലനിരകളിലെമ്പാടും പരന്നു കിടക്കുന്ന നിരവധി ഗുഹകളുടെ വലിയൊരു ശൃംഖല അവിടെയുണ്ട്. അതിന്റെ ഭാഗമാണ് "താം ലുവാങ് ഗുഹ " എന്ന നിഗമനമാണ് പൊതുവെ ഉള്ളത്.
ഗുഹയുടെ ഘടന അജ്ഞാതമെന്നത് പോലെ തന്നെ പ്രകൃതി നിർമ്മിതമെങ്കിലും അപകടകരമാണ് ഗുഹയുടെ നിർമ്മിതിയും. മണൽകല്ല്, ചുണ്ണാമ്പ്ക്കല്ല്, ചക്കരപ്പാറ തുടങ്ങിയവ ചേർന്നതാണ് ഗുഹയുടെ നിർമ്മിതി. ഇവയിൽ ചുണ്ണാമ്പ്കല്ല് കുറച്ച് അപകടകാരിയുമാണ്. വെള്ളത്തിൽ അലിയാനുള്ള സാധ്യത കൂടുതലും പാറയുടെ രൂപം എപ്പോൾ വേണമെങ്കിലും മാറാവുന്നതുമാണ്. അതായത്, ചുണ്ണാമ്പ് കല്ലുകളുടെ സാന്നിധ്യമുള്ളതിനാൽ രക്ഷാപ്രവർത്തകർക്ക് പോയ വഴിയേ തിരിച്ചെത്തുക എന്നത് ബുദ്ധിമുടട്ടുള്ള കാര്യമാണ്. മലയുടെ അകം നിറയെ ഇത്തരം പാറകളാണ്. പെയ്യുന്ന മഴയും, ചുറ്റുമുള്ള നദികളിൽ നിന്നും മറ്റുമുള്ള വെള്ളവുമെല്ലാം ഒരു സ്പോഞ്ചു പോലെ സ്വീകരിച്ച് ഉള്ളിൽ കരുതിവെക്കും ഈ പാറകൾ. മഴ പെയ്താൽ വെള്ളം വേറെയെങ്ങും പോകില്ലെന്ന് അർത്ഥം.
കുട്ടികളെ കണ്ടെത്താൻ പല തരത്തിലുള്ള സാധ്യതകൾ രക്ഷാപ്രവർത്തകർ തേടിക്കൊണ്ടിരുന്നു. ഗുഹയുടെ മുകളിൽ നിന്നും വശങ്ങളിൽ നിന്നും കുട്ടികളുടെ അടുത്തെത്താൻ വഴികളുണ്ടോയെന്ന് പരിശോധിച്ചു. മണം പിടിക്കാൻ ശേഷിയുള്ള നായ്ക്കളെ ഉപയോഗിച്ച് ഗുഹയുടെ ഇതര കവാടങ്ങൾ കണ്ടെത്താനുള്ള ശ്രമവും പരാജയപ്പെട്ടു. ഡ്രോണുകളും റോബോട്ടുകളുമെല്ലാം രക്ഷാപ്രവർത്തനത്തിൽ ഉപയോഗിക്കപ്പെട്ടു.
ലിബോഗ് ഐലൻഡിൽ നിന്നുള്ള ക്ലൈമ്പേഴ്സ് വിദഗ്ദ്ധർ രക്ഷാപ്രവർത്തനത്തെ സഹായിക്കാനെത്തി. അതോടപ്പം ഗുഹയുടെ മുകൾ ഭാഗത്ത് നിന്ന് കുട്ടികൾ ഇരിക്കുന്ന ഭാഗത്തെക്ക് തുറന്ന് പരിശോധിക്കാനുള്ള ശ്രമവും ആരംഭിച്ചു. നാനൂറോളം ദ്വാരങ്ങൾ ഉണ്ടാക്കി. അതിൽ ചിലതിന് 900 അടി വരെ ആഴമുണ്ടായിരുന്നു. ഗുഹ ഇതുവരെയായി ശെരിയായ വിധത്തിൽ മാപ്പിംഗ് നടത്താത്തതും, ഗുഹയ്ക്ക് മുകളിൽ മുക്കാൽ കിലോമീറ്ററോളം മലയും എളുപ്പമല്ലാത്ത കട്ടിയേറിയ പാറക്കൂട്ടങ്ങളുമെല്ലാം എല്ലാവിധ പരിശ്രമങ്ങളേയും തടസപ്പെടുത്തി. കുട്ടികൾ ജീവനോടെയുണ്ടോ എന്നത് സമയം കഴിയും തോറും ആശങ്കയ്ക്കിടയാക്കി. ഭൂമിക്കടിയിലേക്ക് ഇത്രയും ആഴത്തിലേക്ക് സ്കാൻ ചെയ്ത് മനുഷ്യ സാന്നിധ്യം കണ്ടെത്താനുള്ള ഉപകരണം ഇല്ലായിരുന്നു. റേഡിയോ തരംഗം വഴി കുട്ടികൾ ഇരിക്കുന്ന സ്ഥലത്തെ കുറിച്ച് കണ്ടെത്താനാവുമെങ്കിലും മല തുറന്നുള്ള രക്ഷാപ്രവർത്തനം വേണ്ടെന്ന് വെച്ചതിനാൽ ആ വഴിക്കുള്ള ശ്രമം ഉപേക്ഷിച്ചു.
അവസാനം, മനുഷ്യ സാന്നിധ്യം കണ്ടെത്താൻ ഗുഹയ്ക്കുള്ളിലേക്ക് നേരിട്ട് പോകുകയല്ലാതെ മറ്റു മാർഗങ്ങൾ ഒന്നും ഇല്ലെന്ന് രക്ഷാപ്രവർത്തകർക്ക് ബോധ്യപ്പെട്ടു. ബ്രിട്ടനിലെ ഡെർബിഷേർ റെസ്ക്യൂ ഓർഗനൈസെഷനിൽ നിന്നും കടം വാങ്ങിയ ഹേയ്ഫോൺ വിഎൽഎഫ് റേഡിയോകളുമായി അവർ രക്ഷാപ്രവർത്തനവുമായി ഗുഹയ്ക്കുള്ളിലേക്ക് കടന്നു. കുട്ടികളെ കണ്ടെത്തിയ ശേഷം അവരുടെ വീഡിയോ ഫോണിൽ പകർത്തി പുറത്തേക്ക് കൊടുത്തയച്ചു. 1500 ഓളം മാധ്യമ പ്രവർത്തകർ അപ്പപ്പോൾ വാർത്തകൾ ലോകത്തെ അറിയിച്ചുകൊണ്ടിരുന്നു.
ജോൺ വൊളെന്തും റിക് സ്റ്റാൻഡനും കുട്ടികളെ കണ്ടെത്തിയതിന് ശേഷം ജൂലൈ മൂന്നിന് ഏഴ് പര്യവേഷകരടങ്ങിയ സംഘം കുട്ടികളുടെ അടുത്തേക്ക് പോയി. ഒരു ഡോക്ടറും നേഴ്സും അടങ്ങിയ സംഘം കുട്ടികളുടെ ആരോഗ്യനില പരിശോധിക്കുകയും അവർക്ക് വേണ്ട മരുന്നും ഭക്ഷണവും നൽകി. ഒൻപത് ദിവസം പട്ടിണി കിടന്നിട്ടും കാര്യമായ ആരോഗ്യ പ്രശനങ്ങൾ ഉണ്ടായിരുന്നില്ല. ഫുട്ബോൾ കോച്ചിന്റെ സമയോചിതമായ നിർദേശവും പരിശീലനവും അവർക്ക് തുണയായി.
കുട്ടികളിൽ പലർക്കും നീന്താനറിയാത്തത് തിരിച്ചു പോക്കിനെ സംബന്ധിച്ച ആശങ്കയുണ്ടാക്കി. കുട്ടികളെ നീന്തൽ പഠിപ്പിച്ച് ഓരോരുത്തരെ പുറത്തെത്തിക്കാനുള്ള നിർദേശം ഉയർന്നു. ധൃതി പിടിച്ച് കുട്ടികളെ പുറത്തെത്തിക്കില്ലെന്ന് തായ്‌ലൻഡ് സർക്കാർ പ്രഖ്യാപിക്കുകയും ചെയ്തു.
മൺസൂൺ ശക്തി പ്രാപിക്കുന്നത് കാര്യങ്ങൾ സങ്കീർണ്ണമാക്കി. മഴക്കാലം കഴിയും വരെ കാത്തിരിക്കാമെന്നാണെങ്കിൽ അതിന് മാസങ്ങളെടുക്കും. നാല് കിലോമീറ്ററോളം സഞ്ചരിച്ചെത്തുകയെന്നത് ആറു മണിക്കൂറോളം നീണ്ട സാഹസിക ജോലിയാണ്. പരിചയ സമ്പന്നരായ പര്യവേഷകർക്ക് പോലും ജീവഭയം തോന്നുന്ന തരത്തിലുള്ളതാണ് ഗുഹയിലെ അവസ്ഥ. ഇടുങ്ങിയ വഴിയും വെള്ളത്തിന്റെ കുത്തൊഴുക്കും ഓക്സിജൻ നിരക്ക് കുറയുന്നതും കാരണം ജീവൻ പണയം വെച്ചുള്ള പ്രവർത്തി തന്നെയായിരുന്നു. ഗുഹയിലെ തണുത്ത വെള്ളം താപനില കുറയാൻ കാരണമായി. അവസാനം രക്ഷാപ്രവർത്തകർ റിസ്ക് ഏറ്റെടുക്കാൻ തീരുമാനിക്കുകയായിരുന്നു. നിരവധി പരിശീലനങ്ങൾക്ക് ശേഷം പതിമൂന്ന് അന്താരാഷ്ട്ര നീന്തൽ വിദഗ്ദ്ധരും അഞ്ചു തായ് സീലുകളും വെല്ലുവിളി നിറഞ്ഞ അവസാന ദൗത്യത്തിനായി പുറപ്പെട്ടു.
കുട്ടികളെ മുഖം മറയ്ക്കുന്ന സ്കൂബ മാസ്ക് ,ഹെൽമറ്റ് ,ദേഹമാസകലം മൂടുന്ന നാനാവിറങ്ങാത്ത വസ്ത്രം എന്നിവ ധരിപ്പിച്ച് മയക്കത്തിലാക്കിയ ശേഷം രണ്ടു നീന്തൽ വിദഗ്ധരുടെ നടുവിലായിരുന്നു കുട്ടികളുടെ യാത്ര .ഗുഹയ്ക്കുള്ളിലെ നീന്തലിന് പ്രത്യേകം പരിശീലനം ലഭിച്ചവരാണ് പങ്കാളികളായത് .ഗുഹാമുഖത്തു നിന്ന് കുട്ടികളെ കണ്ടെത്തിയ സ്ഥലം വരെ നാല് കിലോമീറ്റർ ദൂരത്തിൽ 8 m.m കനമുള്ള ഇളകാത്ത കേബിൾ വലിച്ചു കെട്ടിയിരുന്നു കുട്ടിയുടെ ഓക്സിജൻ മാസ്ക് ചുമന്നത് മുൻപിലുള്ള ഡ്രൈവറായിരുന്നു .എട്ട് ദിവസത്തെ പ്രയ്തനത്തിനൊടുവിൽ എല്ലാ കുട്ടികളെയും സുരക്ഷിതമായി പുറത്തെത്തിച്ചു
ലോക ചരിത്രത്തിൽ തന്നെ സമാനതകളിലില്ലാത്ത രക്ഷാപ്രവർത്തനത്തിൽ ബ്രിട്ടൻ , യുഎസ്, ചൈന, മ്യാന്മാർ, ലാവോസ്, ഓസ്ട്രേലിയ, ജപ്പാൻ, റഷ്യ, ഫിൻലൻഡ്, ഡെന്മാർക്ക്, സ്വീഡൻ, ഹോളണ്ട്, ബെൽജിയം, ജർമ്മനി, ചെക് റിപ്പബ്ലിക്, ഉക്രൈൻ, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളിലെ സാങ്കേതിക വിദഗ്ധർ, ഡ്രൈവർമാർ, ഗുഹാ വിദഗ്ദ്ധർ,നേവി സംഘങ്ങൾ, മെഡിക്കൽ സംഘം, സന്നദ്ധ പ്രവർത്തകർ തുടങ്ങി ആയിരത്തിനും ആയിരത്തി അഞ്ഞൂറിനും ഇടയിൽ രക്ഷാപ്രവർത്തകരാണ് ദൗത്യത്തിൽ പങ്കാളികളായത്. രണ്ടാഴ്ചയിലേറെ നീണ്ടുനിന്ന രക്ഷാപ്രവർത്തനത്തെ റോയൽ തായ് നാവികസേനയുടെ ഭാഗമായ തായ് നേവൽ സീലുകൾ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
തായ്‌ലൻഡ് ഗുഹയിൽ കുടുങ്ങിയ എല്ലാവരെയും 17 ദിവസത്തിന് ശേഷം പുറത്തെത്തിച്ചപ്പോൾ ആ ചരിത്ര ദൗത്യത്തിൽ ഇന്ത്യൻ സഘവും ഉൾപ്പെട്ടിരുന്നു. പുണെ ആസ്ഥാനമായുള്ള വാട്ടർ പമ്പ് കമ്പനിയായ കിർലോസ്കറാണ് ഗുഹയിൽ നിന്നും വെള്ളം പമ്പ് ചെയ്ത് കളയാനായി തങ്ങളുടെ സാങ്കേതിക വിദഗ്ധരെ അയച്ചത് . മഹാരാഷ്ട്രയിലെ കിർലോസ്കർ വാടി പ്ലാന്റിൽ നിന്നുള്ള അതിനൂതനമായ മോട്ടോർ പമ്പുകൾ വിമാനമാർഗ്ഗം താം ലുവാങ് ഗുഹയിൽ എത്തിക്കുകയായിരുന്നു .
തായ്‌ലൻഡ് ഗുഹയിൽ കുടുങ്ങിയ എല്ലാവരെയും 17 ദിവസത്തിന് ശേഷം പുറത്തെത്തിച്ചപ്പോൾ ആ ചരിത്ര ദൗത്യത്തിൽ ഇന്ത്യൻ സഘവും ഉൾപ്പെട്ടിരുന്നു. പുണെ ആസ്ഥാനമായുള്ള വാട്ടർ പമ്പ് കമ്പനിയായ കിർലോസ്കറാണ് ഗുഹയിൽ നിന്നും വെള്ളം പമ്പ് ചെയ്ത് കളയാനായി തങ്ങളുടെ സാങ്കേതിക വിദഗ്ധരെ അയച്ചത് . മഹാരാഷ്ട്രയിലെ കിർലോസ്കർ വാടി പ്ലാന്റിൽ നിന്നുള്ള അതിനൂതനമായ മോട്ടോർ പമ്പുകൾ വിമാനമാർഗ്ഗം താം ലുവാങ് ഗുഹയിൽ എത്തിക്കുകയായിരുന്നു .
വിജയകരമായി പൂർത്തിയാക്കിയ രക്ഷാപ്രവർത്തനത്തിനിടെ, ഗുഹയിലകപ്പെട്ട കുട്ടികൾക്ക് പ്രാണവായു എത്തിച്ചു ആഴമേറിയ വെള്ളക്കെട്ടിലൂടെ മടങ്ങവേ തായ്‌ലൻഡ് മുൻ നേവി ഉദ്യോഗസ്ഥനും മുങ്ങൽ വിദഗ്ദ്ധനുമായ സമൻ കുനോന്ത് മരണപ്പെട്ടത് ലോകത്തെ വേദനിപ്പിച്ചു. അദേഹത്തിന്റെ വീരചരമത്തോടുള്ള ആദര സൂചകമായി, ഇന്ന് താം ലുവാങ് ഗുഹാ കവാടത്തിന് മുന്നിൽ അദ്ദേഹത്തിന്റെ ഒരു വെങ്കല പ്രതിമ തലയുയർത്തി നിൽക്കുന്നു. ഒപ്പം അപകടത്തിൽപ്പെട്ട വൈൽഡ് ബോർസ് അംഗങ്ങളെ അനുസ്‌മരിച്ച് പതിമൂന്ന് പന്നികുട്ടികളുടെ പ്രതിമകളും വിനോദ സഞ്ചാരികളെ സ്വാഗതം ചെയ്ത് അവിടെ നിൽക്കുന്നു.....







No comments:
Post a Comment