Monday, July 1, 2019




യുയയിൽ നിന്ന് ജോസെഫിലേക്ക്..(ഭാഗം.1)


അവധി ദിനത്തിന്റ വിരസതയിൽ mohamad diab സംവിധാനം ചെയ്ത ഈജിപ്ഷ്യൻ മൂവി clash കണ്ടുകൊണ്ടിരിക്കുകയായിരുന്നു. മുൻപ് ഒരിക്കൽ കണ്ടതാണ്. അറബ് വസന്തകാലത്തു ഹോസ്‌നി മുബാറക്കിന്റെ ഏകാധിപത്യ ഭരണത്തെ അട്ടിമറിച്ചു അധികാരത്തിലെത്തിയ മുസ്ലിം ബ്രദർഹുഡ് നേതാവ് മുഹമ്മദ്‌ മുർസിക്കും പട്ടാള അട്ടിമറിയിലൂടെ 2013-ൽ അധികാരം നഷ്ടപ്പെട്ടു. അതോടെ രാജ്യത്തു ഒരുതരം അരാജകത്വം കത്തിപടർന്നു. ഈജിപ്തിന്റെ തെരുവുകളിൽ പ്രക്ഷോഭകാരികൾ ഏറ്റുമുട്ടി, അമർച്ച ചെയ്യാൻ പോലീസും പട്ടാളവും. ആഭ്യന്തര കലാപമായി പൊട്ടിപ്പുറപ്പെട്ട സമകാലിക ഈജിപ്തിനെ അടയാളപ്പെടുത്തുന്നതായിരുന്നു 2016-ൽ പുറത്തിറങ്ങിയ clash.
സംഘർഷഭരിതമായ സ്ക്രീനിലെ രംഗങ്ങളിൽ നിന്ന് അറിയാതെ മനസ്സ് പതിറ്റാണ്ടുകളും, നൂറ്റാണ്ടുകളും പിന്നിട്ടു സഹസ്രാബ്ദങ്ങൾക്കപുറത്തെ പ്രാചീന ഈജിപ്തിന്റെ വിസ്മയലോകത്തേക്ക് സഞ്ചരിച്ചു. അവിടെ സ്വന്തം രാജ്യത്തിനെതിരെ കലാപം, അല്ല വിപ്ലവം നയിച്ച അഖ്‌നതെൻ, അമർനാ കലാപം, അഖ്‌നതെൻന്റെ മതവിപ്ലവപരിശ്രമങ്ങൾക്കെല്ലാം പിന്തുണ കൊടുത്ത അതിസുന്ദരിയെന്നു പുകൾപെറ്റ രാജപത്നി നെഫെർതിതി. അഖ്‌നതെൻന്റെ പിതാവ് അമേൻ ഹോട്ടപ് മൂന്നാമൻ, മാതാവ് തിയ. തിയയുടെ പിതാവ് യൂയ. ഒരു നിമിഷം ;പാതി ഉറക്കത്തിൽ പൊയ്ക്കൊണ്ടിരുന്ന ഞാൻ ഞെട്ടിയറിഞ്ഞു."യൂയ" ! ബഹുദൈവ ആരാധനയിൽ നിന്ന് ഏകദൈവ വിശ്വാസത്തിലേക്ക് ഈജിപ്തിനെ നയിച്ച അഖ്‌നതെൻനെ സ്വാധീനിച്ച കാരണങ്ങളിൽ ഒന്നിലെ കഥാപാത്രം. ഫറവോയെ സ്വാധീനിക്കാൻ മാത്രം എന്തു ആജ്ഞശക്തിയും പ്രത്യേകതയുമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്? എന്റെ ഭ്രാന്തൻ ചിന്തകൾക്ക് കനമേറിയപ്പോൾ ഉത്തരം തേടിയുള്ള എന്റെ അന്വേഷണം ചെന്നെത്തിയത് കനേഡിയനും ഈജിപ്റ്റോളജിസ്റ്റുമായ ഡൊണാൾഡ് ബ്രൂസ് റെഡ് ഫോർഡിലാണ്.
1984-ൽ ചരിത്രകാരനായ റെഡ് ഫോർഡ് ആവേശകരവും എന്നാൽ വിവാദമായേക്കാവുന്ന ഒരു സിദ്ധാന്തം മുന്നോട്ടു വെക്കുന്നത്. അഖ്‌നതെൻനെ ഏകദൈവവിശ്വാസത്തിലേക് എത്തിച്ചത് സ്വയം മെനഞ്ഞെടുത്ത കുറെ ചിന്തകൾ മാത്രമായിരിക്കില്ലെന്നും, ചെറുപ്പം മുതലേ സ്വാധീനിച്ച ഏതെങ്കിലും ഒന്നോ രണ്ടോ വ്യക്തികളായിരിക്കാമെന്നുമാണ് റെഡ്ഫോർഡ് മുന്നോട്ടു വെച്ചത്. ആ വ്യക്തികൾ ആരായിരുന്നുവെന്നുള്ള അദേഹത്തിന്റെ അഭിപ്രായം പണ്ഡിതന്മാരെ പോലെ എന്നെയും അത്ഭുതപ്പെടുത്തി. ബൈബിളിലെ പിതാമഹശ്രെഷ്ഠന്മാരിൽ ഉന്നതനായ ജോസഫ്‌ ആയിരുന്നു അതെന്നാണ് റെഡ്ഫോർഡിന്റെ വാദം. ഹീബ്രു ആയിരുന്ന ജോസഫ് ന്യായമായും യഹോവയിൽ മാത്രം വിശ്വസിച്ചിരുന്ന ഏകദൈവവിശ്വാസിയായിരുന്നു. ഏതാണ്ട് ഇതേ കാലയളവിൽ തന്നെയാണ് ജോസഫ് ഈജിപ്തിൽ ജീവിച്ചിരുന്നതും.
തോമസ് മൻ എന്ന വിഖ്യാത എഴുത്തുകാരൻ "ജോസേപ്പും സഹോദരങ്ങളും "എന്ന ഗ്രന്ഥത്തിൽ ജോസഫ്‌, ഫറവോ അഖ്‌നതെൻന്റെ മന്ത്രിയായിരുന്നുവെന്നു ഉറപ്പിച്ചു പറയുന്നു. അദേഹത്തിന്റെ നിരീക്ഷണങ്ങൾക്കു ചരിത്രത്തിന്റെ പിൻബലം ഇല്ലെങ്കിലും എഴുത്തുകാരന്റെ ഭാവനാസൃഷ്ടി മാത്രമായി നിഷേധിക്കാൻ പറ്റാത്തത്ര സാധ്യതകൾ കാണാനും കഴിയും.
ഹീബ്രുക്കളുടെ അഭിവന്ദ്യപിതാമഹൻ അബ്രഹാമിന്റെ പൗത്രനും ഇസ്ഹാക്കിന്റെ പുത്രനുമായ യാക്കോബിന്റെയും റാഹേലിന്റെയും പുത്രനായിരുന്നു ജോസഫ്‌. റാഹേലിനു ഒരു ഇളയ പുത്രൻ കൂടിയുണ്ടായിരുന്നു ബെന്യമിൻ. റാഹേലിന്റെ മൂത്ത സഹോദരിയായ ലീയയിൽ നിന്ന് യാക്കോബിന്‌ മക്കൾ പത്തു. ഇസ്രായീൽ എന്നുകൂടി പേരുണ്ടായിരുന്ന യാക്കോബിന്റെ ഈ 12 മക്കളുടെ സന്തതിപരമ്പരകളാണ് 12 ഗോത്രങ്ങളായി വളർന്ന ഇസ്രയേലികൾ. യാക്കോബിന്‌ ജോസേഫിനോടുണ്ടായിരുന്ന അമിതവാത്സല്യം മറ്റ് മക്കൾക്കു പിടിച്ചില്ല. അവർ അവനെ 20 വെള്ളിക്കാശിനു വേണ്ടി ഈജിപ്തിലേക്ക് പൊയ്ക്കൊണ്ടിരുന്ന ഒരു കച്ചവട സംഘത്തിന് രഹസ്യമായി വിറ്റു. അങ്ങനെ ജോസഫ്‌ ഒരടിമയായി ഈജിപ്തിലെത്തി. ഫറവോയുടെ കാവൽഭടന്മാരുടെ തലവനായിരുന്ന പൊതിഹാർ അവനെ വിലയ്ക്ക് വാങ്ങി. സുന്ദരനായ ആ അടിമയുടെ സൗന്ദര്യത്തിൽ പൊതിഹാറിന്റെ ഭാര്യ സുലൈഖ മയങ്ങിപ്പോയി. സുലൈഖയുടെ പ്രലോഭനത്തിൽ ജോസഫ്‌ വീണില്ല. കാമനൈരാശ്യത്തിൽ അരിശം പൂണ്ട സുലൈഖ അടിമക്കെതിരെ ബലാത്സംഗക്കുറ്റം ആരോപിച്ചു. ജോസഫ് കാരാഗൃഹത്തിൽ അടയ്ക്കപ്പെട്ടു.
അക്കാലത്തു ഈജിപ്ത് ഭരിച്ചിരുന്ന ഫറവോ രാത്രിയിൽ ഒരു സ്വപ്നം കാണാൻ ഇടയായി. നൈലിൽനിന്നും ഉയർന്നു വന്ന ഏഴു മെലിഞ്ഞ പശുക്കൾ ഏഴു തടിച്ച പശുക്കളെ വിഴുങ്ങുന്നതായിരുന്നു ഫറവോടെ സ്വപ്നം.ഏഴു കൊല്ലത്തെ സമൃദ്ധിക്ക് ശേഷം ലോകത്തു വരാൻ പോകുന്ന ഏഴു കൊല്ലത്തെ വരൾച്ചയെയാണ് സ്വപ്നം സൂചിപ്പിക്കുന്നതെന്നു കൃത്യമായ വ്യാഖ്യാനം പറഞ്ഞു കൊടുക്കാൻ ജോസഫിന് സാധിച്ചു. സന്തുഷ്ടനായ ഫറവോ ക്ഷാമം നേരിടാനുള്ള തയ്യാറെടുപ്പുകൾ നടത്തിയതിനോടപ്പം ജോസേപ്പിനെ തടവറയിൽ നിന്ന് മോചിപ്പിച്ചു തന്റെ കൊട്ടാരത്തിൽ മാന്യമായ സ്ഥാനം നൽകി.
ബുദ്ധിമാനും കർമ്മകുശലനുമായിരുന്ന ജോസഫ് വളരെ പെട്ടന്നാണ് ഫറവോയുടെ കൊട്ടാരത്തിൽ മന്ത്രിയായിതീർന്നത്. ഫറവോയുടെ വലംകൈയായിരുന്ന ഒരു ഹീബ്രു ഏകദൈവവിശ്വാസിക്ക് ഫറവോയുടെ വിശ്വാസങ്ങളെ തീർച്ചയായും സ്വാധീനിക്കാൻ കഴിയുമെന്നാണ് തോമസ് മൻ മുന്നോട്ടു വെക്കുന്നത്. അദേഹത്തിന്റെ പുസ്തകത്തിൽ അക്കാലത്തെ ഫറവോ അഖ്‌നതെൻ ആയിരുന്നു.
ഇക്കാര്യത്തെകുറിച്ച് ആഴത്തിൽ പഠിച്ച ബ്രിട്ടീഷ് -ഈജിപ്ഷ്യൻ ചരിത്രകാരനായ അഹമദ് ഒസ്മാൻ പറയുന്നത് ജോസഫ്‌ തന്നെയായിരിക്കണം അഖ്‌നതെൻനെ സ്വാധീനിച്ചത്. പക്ഷെ ജോസഫ്‌ അമേൻഹോട്ടപ് മൂന്നാമന്റെ കാലത്താണ് മന്ത്രിയായതെന്നും ജോസെഫിന്റെ മകളുടെ മകനാണ് അഖ്‌നതെൻ എന്നും അദ്ദേഹം വാദിക്കുന്നു.ജോസെഫിന്റെ ഈജിപ്ഷ്യൻ നാമം യൂയ എന്നായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ഹീബ്രു ദേശത്തായിരിക്കണം ജോസഫ് ജനിച്ചതെന്നു പല പ്രാചീന രേഖകളിലും കാണാൻ കഴിയുന്നുണ്ടെന്നു ഞാനും ഓർത്തുപോയി.
അഹമദ് ഒസ്മാൻ മുന്നോട്ടു വെക്കുന്ന നിഗമനങ്ങളിൽ മറ്റൊരു ഭാഗത്തേക്ക് ഞാൻ വളരെ താല്പര്യത്തോടെയാണ് നോക്കിയത്. ഏഴു വർഷത്തെ സമൃദ്ധിക്ക് ശേഷം ഈജിപ്തിലും അയൽരാജ്യങ്ങളിലും മുൻപെങ്ങുമുണ്ടാകാത്ത വിധം ഭക്ഷ്യ ക്ഷാമം രൂക്ഷമായി. ഫറവോയാകട്ടെ ജോസഫ്‌ പറഞ്ഞതനുസരിച്ചു ധാന്യങ്ങളും ഭക്ഷ്യവസ്തുക്കളും കരുതി വെച്ചിരുന്നു. ലോകം മുഴുവൻ പട്ടിണിയിൽ കിടന്നപ്പോഴും ഈജിപ്തിലെ ജനങ്ങൾ സുരക്ഷിതരായിരുന്നു. അയൽ രാജ്യങ്ങളിൽ നിന്നെല്ലാം ഒരു നേരത്തെ വിശപ്പടക്കാൻ വേണ്ടി ഈജിപ്തിലെത്തി. അക്കൂട്ടത്തിൽ ജോസഫിനെ വിറ്റു കാശാക്കിയ സഹോദരന്മാരും ഉണ്ടായിരുന്നു. ജോസഫിനെ തിരിച്ചറിയാൻ ഇസ്രെയേലികൾക്കു കഴിഞ്ഞില്ല. തന്റെ സഹോദരങ്ങളുടെ ദൈന്യതയിൽ മനസ്സലിഞ്ഞ ജോസഫ്‌ അവർക്ക് ഈജിപ്തിൽ സ്വന്തമായ പാർപ്പിടവും ജോലി ചെയ്യാനും സമ്പാദിക്കാനുമുള്ള അവകാശം എഴുതിക്കൊടുത്തു. അങ്ങനെ യാക്കോബിന്റെ പുത്രന്മാരായ ഇസ്രയേലി ജനത അടുത്ത നാലു തലമുറയോളകാലം ഈജിപ്തിനെ അവരുടെ മാതൃരാജ്യമായി കണ്ടു.
ജോസഫ്‌ താൻ ആരാണെന്നു സഹോദരങ്ങളോട് വെളിപ്പടുത്തിയപ്പോൾ പശ്ചാത്താപം കൊണ്ട് യാക്കോബ് പുത്രന്മാരുടെ തലകൾ ഭൂമിയോളം താഴ്ന്നു. ആ സമയത്ത് ജോസഫ്‌ പറയുന്ന ഒരു വാചകമാണ് അഹമ്മദ് ഒസ്മാനെ തന്റെ വിചിത്രാനുമാനങ്ങൾക്കു പ്രേരിപ്പിച്ചത്. ജോസഫ്‌ പറയുന്നത് ഇപ്രകാരമാണ് : "ഇതെല്ലാം ദൈവനിശ്ചയം മാത്രം. നിങ്ങൾ അന്നങ്ങനെ ചെയ്തതു കാരണം ഞാനിന്നിവിടെ ഫറവോയുടെ പിതാവായി."
അഖ്‌നതെൻ 
ജോസഫ്‌ എങ്ങനെ ഫറവോയുടെ പിതാവാകും? ഒരു നിമിഷം ഞാൻ ആലോചിച്ചു. ഹീബ്രുവായ ജോസെഫിന്റെ മകൻ എന്ന ഒറ്റക്കാരണം കൊണ്ടുതന്നെ ഈജിപ്തിലെ രാജ്യാവകാശം നഷ്ടപ്പെടാൻ കാരണമാകും. അപ്പോൾ പിന്നെ?തലയിൽ രണ്ടു കൈ കൊടുത്തും കുറെ നേരം ഞാൻ ആലോചിച്ചു. ജോസഫ്‌ പറഞ്ഞ വാക്യത്തിനെ സാധൂകരിക്കാൻ ഒരേയൊരു മാർഗത്തിനെ കഴിയു.ഫറവോയുടെ പിതാവാകേണ്ട, ഭാര്യാപിതാവായാൽ പോരെ? ഫറവോയുടെ ഭാര്യാപിതാവ്. ഈജിപ്തിന്റെ രാജവംശവലിയിൽ അങ്ങനെയൊരു സാധ്യതയുണ്ടോ? അക്കാലത്തു രാജ്യം ഭരിച്ചിരുന്ന ഫറവോയുടെ രാഞ്ജി ഒരു വിദേശിയുടെ മകളായിട്ടുണ്ടോ?
അഹമ്മദ് ഒസ്മാന്റെ അന്വേഷണം എത്തിനിന്നതു അമേൻഹോട്ടപ് മൂന്നാമന്റെ കാലത്താണ്. അമേൻഹോട്ടപ് മൂന്നാമൻ ഫറവോയുടെ മുഖ്യ രാഞ്ജി തീയയുടെ പിതാവും വിദേശിയും ഹീബ്രുവുമായിരുന്നു. ഇന്നത്തെ സിറിയയിലോ കനാൻ ദേശത്തോ ആയിരുന്നു അദേഹത്തിന്റെ ജനനം. അദേഹത്തിന്റെ പേര് "യൂയ "എന്നായിരുന്നു. വിവാദ നായകനായ അഖ്‌നതെൻന്റെ മുത്തച്ഛൻ ! അപ്പോൾ യൂയ തന്നെയല്ലേ ജോസഫ്?ആകാംക്ഷയോടെ ഞാൻ എന്നോട് തന്നെ ചോദിച്ചു പോയി... 


                                                                                                 (തുടരും)

No comments:

Post a Comment