നൈലിന്റെ തീരങ്ങളിലൂടെ .
(ഈജിപ്ത് .2)
എന്റെ യാത്ര തുടങ്ങുകയാണ്., മാനവസംസ്കാരവും നാഗരികതയും പിറന്നു വീണ് പടർന്ന് പന്തലിച്ച ഇതരുവിന്റെ തീരങ്ങളിലൂടെ, ഒരു മഹാസംസ്കാരത്തിന്റെ ചരിത്രം തേടിയുള്ള യാത്ര. ഈ യാത്രയിൽ ചരിത്രവും മിത്തുകളുമുണ്ട്, ശാസ്ത്രവും ദാർശനിക ചിന്തകളുമുണ്ട്. അങ്ങനെ ഐതിഹ്യങ്ങളും ഭാവനയും യാഥാർഥ്യവും ഇഴ ചേർന്ന ഒരു മഹാസംസ്കാരത്തിന്റെ ചരിത്രം തേടിയുള്ള യാത്ര വ്യത്യസ്തമായ ഒരനുഭവമായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല.
ഈജിപ്ത് എന്നും സ്വപ്‌നമായിരുന്നു. ചരിത്രത്തോടുള്ള അഭിനിവേശമാണ് ഈജിപ്തിനോട് അടുപ്പിച്ചത്. വായിക്കും തോറും കൂടുതൽ അറിയണമെന്നും, അറിയുംതോറും അതൊരു മഹാസാഗരമാണെന്നും ബോധ്യമായ നിമിഷങ്ങൾ. അതിരുകളില്ലാത്ത വിഞ്ജാനത്തിന്റെ അക്ഷയഖനി. ലോകത്തിലൊരാൾക്കും പൂർണമായും അനുഭാവിച്ച് തീർക്കാനാവാത്ത പൈതൃക സമ്പത്ത്. അതൊക്കെയാണ് ഈജിപ്തിനെ കുറിച്ച് വായിക്കുമ്പോൾ എനിക്ക് തോന്നിയത്. ഈജിപ്ത് ഒരിക്കലും ഞാൻ സന്ദർശിച്ചിട്ടില്ല. ഇനി ഒരിക്കലും സന്ദർശിക്കണമെന്ന് എനിക്ക് ആഗ്രഹവും ഇല്ല. കാരണം, വായന എന്ന അനുഭൂതിയിലൂടെ ഞാൻ സൃഷ്ഠിച്ചെടുത്ത ആ അതീന്ദ്രിയലോകം എനിക്ക് നഷ്ടപ്പെടുമോ എന്ന് ഞാൻ ഭയക്കുന്നു. അതുകൊണ്ട് അവിടം സന്ദർശിച്ചിട്ടുള്ളവരുടെ കാൽപ്പാടുകൾ പിന്തുടരുക മാത്രമാണ് ഞാൻ ചെയ്യുന്നത്.
ഈജിപ്തിന്റെ ഭൂമിശാസ്ത്ര പ്രത്യേകതയെ കുറിച്ചും ഈജിപ്തും നൈൽനദിയും തമ്മിലുള്ള അഭേദ്യബന്ധത്തെ കുറിച്ച് നാം മനസിലാക്കി കഴിഞ്ഞു. എങ്കിലും പ്രാചീന ഈജിപ്തിനെ രൂപപ്പെടുത്തുന്നതിലും മൃത്യോപാസനയുടെ അഭൗമതലത്തിൽ വിഹരിച്ചിരുന്ന ആ പൗരാണിക സംസ്കൃതിയും, ആ പ്രാചീനരുടെ ദാർശനികവും തത്വചിന്താപരവുമായ വ്യവസ്ഥകളെ കുറിച്ച് വ്യക്തമായ ധാരണകൾ ഉണ്ടെങ്കിൽ മാത്രമേ ഈജിപ്തുകാർ പിരമിഡുകളും മമ്മികളും മൃത്യുതാഴ് വരകളും, ക്ഷേത്രങ്ങൾ ഉൾപ്പെടുന്ന മഹനിർമ്മിതികളും സൃഷ്ടിച്ചത്, എന്തിന് വേണ്ടിയെന്ന് മനസിലാക്കാൻ കഴിയൂ. ഈ യാത്രയിൽ പങ്ക് ചേരുന്നവരോട് ഒരു കാര്യം ഞാൻ വീണ്ടും ഓർമ്മിപ്പിക്കുയാണ്. ഏതൊരു രാജ്യത്തിന്റെയും ജനങ്ങളുടെ ചരിത്രം അന്വേഷിച്ചിറങ്ങുമ്പോൾ അവിടെ ഐതിഹ്യങ്ങൾക്കും വിശ്വാസങ്ങൾക്കും അതിന്റെതായ പ്രാധാന്യം ഉണ്ട് എന്നത് തന്നെ.
പതിമൂവായിരത്തിലധികം വർഷങ്ങൾക്ക് മുമ്പാണ് ഹിമയുഗം അവസാനിച്ച്, ഭൂമി നീണ്ട വരണ്ടകാലത്തിലേക്ക് പ്രവേശിച്ചത്. ദീർഘകാലം കേടുകൂടാതിരിക്കുന്ന വിത്തുകളും കിഴങ്ങുകളും ഇക്കാലത്ത് പ്രത്യക്ഷപ്പെട്ടു തുടങ്ങി. വേട്ടയാടി ജീവിച്ച മനുഷ്യൻ 12000 കൊല്ലങ്ങൾക്ക് മുൻപ് കൃഷി ചെയ്യാൻ തുടങ്ങി. കൃഷിക്ക് അത്യന്താപേക്ഷിതം അനുസ്യുതമൊഴുകുന്ന നദികളായിരുന്നു. അത്തരം മഹാനദി തടങ്ങളിലായിരുന്നു കൃഷിയിടങ്ങൾ ആദ്യമായി ആരംഭിച്ചത്. നിലം ഉഴുത് മറിച്ച, വിത്ത് പാകി, വിളവുകൾ കൊയ്ത ആദി മനുഷ്യൻ അതിന് ചുറ്റും കുടിൽ വെച്ച് പാർപ്പും തുടങ്ങി. അതായിരുന്നു ലോകമഹാ സംസ്കാരങ്ങളുടെ ആദ്യബീജം. മധ്യധരണ്യാ ഴിയുടെ കിഴക്കൻ തീരപ്രദേശത്ത്, ഇന്നത്തെ തുർക്കി, സിറിയ, ഇസ്രായേൽ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ലീവാന്റ (livant - meditarenian earia ) എന്ന പ്രാചീന പ്രദേശത്തെവിടെയോ ആയിരിക്കണം ആദ്യത്തെ മനുഷ്യഗ്രാമം. പിന്നീട് മനുഷ്യൻ കൂട്ടം കൂട്ടമായി നദിതീരത്ത് താമസമുറപ്പിച്ചപ്പോൾ നദിതട സംസ്കാരങ്ങൾ വളർന്ന് പന്തലിച്ചു. നൈൽ, യൂഫ്രട്ടീസ് -ടൈഗ്രീസ്, സിന്ധു... അങ്ങനെ അവ "വിശ്വനാഗരികതയുടെ കളിത്തൊട്ടിൽ" (cradle of world civilization ) എന്നറിയപ്പെട്ടു. അവർ ഊട്ടി വളർത്തിയ വിശ്വമാനവ സംസ്കാരം പടർന്ന് പന്തലിച്ച് ജൈത്രയാത്ര തുടരുകയാണ്.
മധ്യഫ്രിക്കയിലെ കനത്ത മഴ നൈൽ നദിയുടെ വർഷംതോറുമുള്ള കരകവിഞ്ഞൊഴുക്കുകൾക്ക് കാരണമാകുകയും കൃഷിക്ക് അനുയോജ്യമായ കറുത്ത എക്കൽ മണ്ണിനാൽ നൈൽത്തടങ്ങൾ സമ്പുഷ്ടമാകുകയും ചെയ്തതോടെ ആദിമ കൃഷിക്കാർ അവിടേക്ക് ആകർഷിക്കപ്പെട്ടു. ഇക്കാലത്ത് മനുഷ്യൻ ഉപയോഗിച്ച വിളകളെ സ്ഥാപകവിളകൾ (founder corps) എന്ന് വിളിക്കുന്നത്. ഗോതമ്പ്, സൂചിഗോതമ്പ്, ബാർലി, പയർ, ഉഴുന്ന്, കയ്പൻ ഉഴുന്ന് (bitter vech), എന്നിവയാണി വിളകൾ. ഇതിൽ കയ്പൻ ഉഴുന്ന് ഇന്ന് ഭൂമിയിൽ ഇല്ലെന്ന് തന്നെ പറയാം. എന്തായാലും ക്രിസ്തുവിന് മുൻപ് എണ്ണായിരം വർഷത്തോടെ നൈൽ നദിയുടെ തീരങ്ങൾ മനുഷ്യന്റെ ആദ്യകാല വിളഭൂമിയായെന്നർത്ഥം. പിന്നീടത് മെസപ്പൊട്ടേമിയയിലെ യൂഫ്രട്ടീസ് -ടൈഗ്രീസ് തടങ്ങളിലേക്കും ചൈനയിലേക്കും വ്യാപിച്ചു. ഒപ്പം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും എത്തിച്ചേർന്നു. പക്ഷെ അവിടെങ്ങളിൽ ഗോതമ്പിന് പകരം നെല്ലായിരുന്നു പ്രധാന വിള. ആർട്ടിക് പ്രദേശത്തേക്ക് ഹിമപാളികൾ പിൻവാങ്ങുന്നതിനനുസരിച്ച് യൂറോപ്പിലും കൃഷിയുടെ വിത്തുകൾ പാകപ്പെട്ടു. അമേരിക്കൻ ഭൂഖണ്ഡത്തിൽ കൃഷി എത്തിയപ്പോഴേക്കും പിന്നെയും നാലായിരം വർഷങ്ങൾ കൂടി കഴിഞ്ഞു.
നൈൽ ! സഹസ്രാബ്ദങ്ങളോളം മനുഷ്യ ജനതയുടെ നെറുകയിൽ നിന്ന് ഒരു മഹാസംസ്കാരത്തിന്റെ ജീവനാഡിയായി ഇപ്പോഴും പ്രവഹിച്ചു കൊണ്ടിരിക്കുന്ന മഹാനദി. ആ വിശ്വനദി പാലൂട്ടി തൊട്ടിലാട്ടി വളർത്തിയ മഹത് സംസ്കാരം ഈജിപ്ഷ്യൻ നദിതട സംസ്കാരം. പ്രാചീന കാലത്ത് അന്നാട്ടുകാർ ഈജിപ്തിനെ വിളിച്ചിരുന്നത് "കെമെത് " എന്നായിരുന്നു. കെമെത് എന്ന വാക്കിനർത്ഥം കറുത്ത നാട് എന്നാണ്. ദേശം ആഫ്രിക്കയും കറുത്തവർഗ്ഗക്കാരായതു കൊണ്ടും ആ പേര് വന്നതെന്ന് സംശയിക്കാമെങ്കിലും തൊലിയുടെ നിറവുമായി കെമെതിന് ഒരു ബന്ധവുമില്ല. മറിച്ച് നൈൽ നദിയുമായി ബന്ധപ്പെട്ടിരിക്കുന്നു.
![]() |
| nazar lake |
ഈജിപ്തിനെ നൈലിന്റെ വരദാനമെന്ന് വിശേഷിപ്പിച്ചത് ഗ്രീക്ക് ചരിത്രകാരനായ ഹെറോഡോട്ടസ് ആയിരുന്നു. ആ പേരിനെ അർത്ഥപൂർണമാക്കിയത് നൈൽ നദിക്കരയിൽ വന്നടിഞ്ഞ കറുത്ത എക്കൽ മണ്ണും. കൃഷിയും കന്നുകാലി വളർത്തലും ചിട്ടപ്പെടുത്തിയ ഒരു ജീവിതരീതിയും, ഒരു മഹാസംസ്കാരം തന്നെ വളർന്ന് വന്നതും ആ കറുത്ത എക്കലിൽ നിന്ന് തന്നെയാണ്. ഈജിപ്തിന്റെ ജീവൻ തുടിച്ചുയർന്നതും അവിടെ നിന്ന് തന്നെയാണ്. അവിടെ പച്ചപിടിച്ച മതപരവും ആത്മീയവുമായ തത്വ ശാസ്ത്രത്തിലൂടെ ഉരുത്തിരിഞ്ഞ അതിവ്യത്യസ്തമായ അതീന്ദ്രിയബോധത്തെ ചിന്തകർ കെമെത് എന്ന് വിളിച്ചു. ഈജിപ്തിന്റെ ഹൃദയം കണ്ടറിഞ്ഞു നൽകിയ നാമം.
നൈൽ എന്നത് അറബിക് ഭാഷയിലെ പേരാണ്. പ്രാചീന ഈജിപ്തുകാർ ആ മഹാനദിയെ "ഇതെരു "എന്നാണ് വിളിച്ചിരുന്നത്. ഹൈറോഗ്ലിഫിക്സിൽ അതിന് ഉപയോഗിച്ച ചിത്രങ്ങങ്ങളിൽ കൂടി വായിച്ചാൽ മഹത്തായ നദി എന്നർത്ഥം.
പ്രാചീന ഈജിപ്തിൽ കാലങ്ങൾ നിശ്ചയിക്കപ്പെട്ടിരുന്നത് നൈലിലെ വെള്ളപ്പൊക്കത്തിന് അനുസരിച്ചായിരുന്നു. അഖേത്, പേരെത്, ഷെമു എന്നിവ നൈലിന്റെ ചാക്രിക സ്വാഭാവത്തിൽ നിന്നും രൂപപ്പെട്ട മൂന്ന് കാലങ്ങൾ ആയിരുന്നു. ഓരോ കാലത്തിലും മുപ്പത് ദിവസങ്ങൾ വീതമുള്ള നാല് മാസങ്ങൾ ആയിരുന്നു. വെള്ളപ്പൊക്കത്താൽ കരകവിഞ്ഞൊഴുകിയിരുന്ന നാല് മാസത്തെ അഖേത് എന്ന് വിളിച്ചു. ആ സമയം ഫലഭൂയിഷ്ടമായ മണ്ണിന്റെ നിരവധി പാളികൾ നൈൽ ഈജിപ്തിൽ എത്തിക്കുന്നു. അങ്ങനെ അഖേതിൽ വന്നടിയുന്ന ഫലഭൂയിഷ്ടമായ മണ്ണിൽ കൃഷി നടത്തിയിരുന്നത് പേരെത് കാലത്തായിരുന്നു. ഷേമു കൊയ്ത്തുകാലവും.
ഇവിടെ ഒരു കാര്യം സൂചിപ്പിച്ചോട്ടെ, അടുത്ത കാലത്ത് നൈലിലെ എക്കലിനെ ശാസ്ത്രീയ ഗവേഷണത്തിന് വിധേയമാക്കിയപ്പോൾ അമ്പരപ്പിക്കുന്ന വസ്തുതകളാണ് കണ്ടെത്താനായത്. നൈൽതട മണ്ണിൽ ആയിരത്തിലൊരംശം നൈട്രജനും അഞ്ഞൂറിലൊരംശം ഭാവകവും (ഫോസ്ഫറസ് ) നൂറ്റിയമ്പതിലൊരംശം ക്ഷാരവും (പൊട്ടാസ്യം ) ഉണ്ടെന്ന് തെളിയുകയുണ്ടായി. ഇത്രയും വളക്കൂറുള്ള മണ്ണ് ലോകത്തിൽ വേറെ എവിടെ കണ്ടെത്താനാണ്? ഒട്ടും മണ്ണില്ലാത്ത രാസവളത്തിൽ പോലും ഈ മൂലകങ്ങളുടെ തോത് പത്തോ പതിനഞ്ചോ ആണെന്ന് ഓർക്കണം. എന്നാൽ പ്രാചീനകാലം പോലെ സമ്പന്നമല്ല ഇപ്പോഴത്തെ നദിതടം എന്നും ഓർക്കണം. തെക്കൻ ഈജിപ്തിൽ 1971-ൽ നൈലിന് കുറുകെ പണിത ഭീമാകാരനായ അസ്വാൻ അണകെട്ട് വടക്കൻ ഈജിപ്തിലടിയുന്ന എക്കൽ മണ്ണിൽ കുറവ് വരുത്തുയിട്ടുണ്ട്.
ഭാരതീയരെ പോലെ പ്രാചീന ഈജിപ്തുകാരും പ്രകൃതിയുടെ ഓരോ ഭാവത്തിലും തലത്തിലും ദൈവികതയെ ദർശിച്ചവരായിരുന്നു. അവർ നൈൽനദിയിലെ വെള്ളപ്പൊക്കത്തിനെ ദൈവമായിക്കണ്ട് ഹാപി എന്ന് വിളിച്ചു. അന്നത്തെ ഭാഷയിൽ കുത്തിയൊഴുകുന്നവൻ എന്നർത്ഥം. അതായത് കരകവിഞ്ഞൊഴുകുന്ന നൈൽ തന്നെയാണ് ഹാപി. ഈജിപ്ഷ്യൻ ജനത ഹാപ്പിയുടെ വരവിനായി ഓരോ വർഷവും കാത്തിരുന്നു. സൃഷ്ടിയുടെ പുതു നാമ്പുകൾക്കായി, അഖേതും, പേരെതും, ഷേമുവും നൽകുന്ന ആവേശഭരിതമായ വർണ്ണപ്പകർച്ചകൾക്കായി. തത്കാലം നൈൽ നദിയുടെ വിശേഷങ്ങളിൽ നിന്നും ഞാൻ പിൻവാങ്ങുകയാണ്. കാരണം, ആ നദിയുടെ സമ്പത്സമൃദ്ധിയിൽ ശക്തനായ ഒരു രാജാവും രാജസ്വരൂപവും പിറവികൊണ്ടിരിക്കുന്നു.
ഒസിരിസിന്റെയും ഇസിസിന്റെയും (isis ) പുത്രനായിരുന്നു ഹോറസ് ദേവൻ. രാജവംശങ്ങൾ രൂപപ്പെടിന്നതിന് മുമ്പ് അതായത് അഞ്ചു സഹസ്രാബ്ദങ്ങൾക്ക് മുൻപ് ഹോറസ് ദേവന്റെ അവതാരമായി നാർമർ (മെനെസ് ) ജന്മമെടുത്തു. അതുകൊണ്ട് ജനങ്ങൾ അദ്ദേഹത്തെ ഹൊരുനാർമെരു എന്ന് വിളിച്ചു. അതിന്റെ അർത്ഥം ഹോറസ് എന്ന നാർമർ എന്നാണ്. അന്ന് ഈജിപ്ത് രണ്ട് രാജ്യങ്ങളായി വിഭജിക്കപ്പെട്ടിരുന്നു. മേലെ ഈജിപ്തും (upper egypt ) കീഴെ ഈജിപ്തും (lower egypt ). ഇന്നത്തെ ഈജിപ്തിന്റെ തെക്കുഭാഗമാണ് മേലെ ഈജിപ്ത്. വടക്കോട്ട് ഒഴുകുന്ന നൈൽ നദി താഴേക്കാണ് ഒഴുകി പോകുന്നതെന്നാണ് കരുതിയിരുന്നത്. അതുകൊണ്ട് നൈലിന്റെയും ഈജിപ്തിന്റെയും മുകൾ ഭാഗം തെക്ക്ഭാഗമായി. നൈൽ ഡെൽറ്റ തുടങ്ങുന്നത് മുതലുള്ള വടക്ക് ഭാഗമാണ് കീഴെ ഈജിപ്ത്.
ബി സി ഇ. ഏകദേശം മൂവ്വായിരമാണ്ടിൽ നാർമർ ആണ് മേലെ ഈജിപ്തിനെയും കീഴെ ഈജിപ്തിനെയും ചേർത്ത് ഒരൊറ്റ രാജ്യമാക്കിയത്. മേലെ ഈജിപ്ത് ഭരിച്ചിരുന്ന വൃശ്ചിക രാജൻ എന്ന പേരിൽ പ്രശസ്തനായ സെർകെതിന്റെ മകനായിരുന്നു നാർമർ. സമർത്ഥമായ ഒരു സൈനിക നീക്കത്തിലൂടെ നാർമർ കീഴെ ഈജിപ്തിനെ നിയന്ത്രണത്തിലാക്കി. കീഴെ ഈജിപ്തിലെ അക്കാലത്തെ രാജകുമാരിയായിരുന്ന നെയ്ത്ഹോതപ്പിനെ നാർമർ വിവാഹം കഴിക്കുകയും ചെയ്തതോടു കൂടി അദ്ദേഹം രണ്ട് രാജ്യങ്ങളുടെയും അവകാശിയായി മാറി. നാർമരുടെ കാലം മുതൽ (3150 BCE ) ആറാം രാജവംശങ്ങൾ നിലനിന്ന കാലം വരെ ഈ കാലയളവ് old kingdom എന്നറിയപ്പെടുന്നു. ആ കാലം മുതൽ C.E അഥവാ A.D ഏഴാം നൂറ്റാണ്ട് വരെയുള്ള കാലഘട്ടം വരെയാണ് ശ്രേഷ്ഠമായ പുരാതന ഈജിപ്ഷ്യൻ സംസ്കാരം നിലനിന്നിരുന്നത്. ഏഴാം നൂറ്റാണ്ടിൽ അറബ് വംശജരുടെ അക്രമണത്തോടെ ആധുനിക ഈജിപ്ഷ്യൻ യുഗം തുടങ്ങുകയും ചെയ്യുന്നു.
ഹിരാക്കോൺപോളിസ് എന്ന സ്ഥലത്ത് വെച്ച് കണ്ട്കിട്ടിയ നാർമർ ശിലാഫലകത്തിൽ (narmar palette ) ഐക്യ ഈജിപ്തിന്റെ ആദ്യത്തെ ഭരണാധികാരിയുടെ വിജയഗാഥ ചിത്രീകരിച്ചിട്ടുണ്ട്. ഫലകത്തിന്റെ ഒരു വശത്തു നർമർ മേലെ ഈജിപ്തിന്റെ വെള്ളകിരീടവും മറുഭാഗത്തു കീഴെ ഈജിപ്തിന്റെ ചുവന്ന കിരീടവും ധരിച്ചു നിൽക്കുന്നതായി കാണിച്ചിരിക്കുന്നു. നാർമറിന് ശേഷം ഒറ്റ രാജ്യമായെങ്കിലും ഇരു പ്രദേശങ്ങളും പ്രത്യേകം രാജചിഹ്നങ്ങൾ ഉപയോഗിച്ചിരുന്നു. ഐക്യ ഈജിപ്തിന്റെ പ്രതീകമായി പിന്നീടുള്ള ഫറവോമാർ രണ്ട് കിരീടങ്ങളും ഒന്നിച്ചു ധരിച്ചു. ഈ ഇരട്ടക്കിരീടം സെഖംതി എന്നറിയപ്പെടുന്നു. കീഴെ ഈജിപ്തിന്റെതായ ദെഷ് രത് എന്ന ചുവന്ന മകുടത്തിന് അകത്തും മുകളിലുമായി മേലെ ഈജിപ്തിന്റെ ഹെദ്ധ്യേത് എന്ന ശുഭ്രകിരീടം ധരിച്ചിട്ടാണ് ഇതുണ്ടാക്കുന്നത്. ഫറവോയുടെ ഐക്യ ഈജിപ്തിൽ മേലുള്ള പരിപൂർണ അധികാരത്തിന്റെ പ്രതീകമാണ് സെഖംതി.
സെഖംതിയിൽ സൂക്ഷിച്ചു നോക്കിയാൽ രണ്ട് മൃഗ ചിഹ്നങ്ങൾ കാണാം. കീഴെ ഈജിപ്തിന്റെ പ്രതീകമായ യുറിയസ് എന്ന ഈജിപ്ഷ്യൻ നാഗം ആണ് അതിലൊന്ന്. കീഴെ ഈജിപ്ത്തിന്റ രക്ഷാധികാരിയായ വാദ്യത് ദേവിയെ ആണ് യുറിയസ് നാഗം പ്രതിനിധാനം ചെയ്യുന്നത്. സ്ത്രീകളെ അവരുടെ പ്രസവസമയത്തു രക്ഷിക്കുന്നത് വാദ്യത് ദേവിയാണെത്രെ. വാദ്യത് എന്ന വാക്കിന്റെ അർത്ഥം പാപ്പിറസ് എന്നും അ ചെടിയുടെ പച്ചയാണ് ഈ ദേവിയുടെ നിറം. സെഖംതിയിലെ രണ്ടാമത്തെ ചിഹ്നമായ കഴുകാൻ മേലെ ഈജിപ്തിന്റെ ദേവിയായ നെഖ്ബത്തിന്റെ പ്രതീകമാണ്. ഫറവോമാരുടെ ഇരട്ട കിരീടത്തിൽ ഈ രണ്ട് ദേവിമാരുടെയും സാന്നിധ്യം എപ്പോഴുമുണ്ടാകും. വാദ്യത് ദേവിയുടെ സഹോദരിയാണ് നെഖ്ബത്. സഹോദരിമാർ ചേർന്ന ഈ ദേവിദ്വയം വിശാല ഈജിപ്തിന്റെ ഐക്യത്തെയാണ് സൂചിപ്പിക്കുന്നത്
പ്രാചീനകാലം മുതലേ ജീവിതശൈലിയിലും ഭാഷാപ്രയോഗത്തിലും വ്യത്യസ്തത പുലർത്തിയിരുന്ന ജനവിഭാഗമായിരുന്നു മേലെ ഈജിപ്തിലും താഴെ ഈജിപ്തിലും ജീവിച്ചിരുന്നവർ. രണ്ട് ഈജിപ്തുകളെയും കൂട്ടി യോജിപ്പിക്കാൻ പല രാജാക്കന്മാരും ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെടുകയാണ് ഉണ്ടായത്. അങ്ങനെ ഈജിപ്തിന്റെ ചരിത്രത്തിലെ സുപ്രധാന സംഭവവമായി തീർന്നു ഐക്യ ഈജിപ്തിന്റെ രൂപീകരണം. തലസ്ഥാന നഗരം ഗിസയായിരുന്നു (പ്രാചീന മെംഫിസ് ). ഇന്ന് ഈജിപ്തിലെത്തുന്ന എല്ലാ സഞ്ചാരികളുടെയും കലാന്വേഷികളുടെയും ചരിത്രകാരന്മാരുടെയും പ്രഥമ ലക്ഷ്യം ഗിസയാണ്. എന്നാൽ അത് ഐക്യ ഈജിപ്തിന്റെ മഹനീയ ശില്പിയെ ഓർമ്മിച്ചുകൊണ്ടല്ല എന്ന് മാത്രം. മറിച്ച് ആ യാത്രയും അന്വേഷണവും ചെന്നെത്തുന്നത് നാലാം രാജവംശത്തിലെ ഫറവോമാരുടെ സ്വർഗ്ഗസാക്ഷാത്കാരത്തിന് വേണ്ടിയുള്ള അളവറ്റ ആഗ്രഹവും കർമ്മചോദനയും സമന്വയിച്ച്, ആ ആത്മ സാക്ഷാത്കാരത്തിന്റെയും അഭിലാഷത്തിന്റെയും നിർവൃതിയിൽ ഉരുവം കൊണ്ട്, ലോകത്തെ വിസ്മയിപ്പിക്കുകയും അത്ഭുതപെടുത്തുകയും ചെയ്ത മഹാനിർമ്മിതികൾ തേടിയുള്ള യാത്രയാണത് ....
തുടരും






No comments:
Post a Comment