തൂത് ആംഖ് അമൂൻ മൂന്ന് സഹസ്രാബ്ദങ്ങൾക്കു മുൻപുള്ള നിത്യനിദ്രയിലാണെന്നുള്ള വസ്തുത കാർട്ടറുടെ പിരിമുറുക്കം വർധിപ്പിച്ചിരുന്നു. ഒന്നേക്കാൽ ടൺ ഭാരമുണ്ടായിരുന്ന പേടകത്തിന്റെ മൂടി ശ്രമകരമായ ദൗത്യത്തിനൊടുവിൽ പതുക്കെ പൊക്കിയെടുത്തു. സ്‌കോഫഗസിനകത്തേക്ക് പ്രകാശരശ്മികൾ പതിഞ്ഞപ്പോൾ പരുത്തി തുണികൾ അടുക്കിവെച്ചിരിക്കുന്നതാണ് കണ്ടത്. പരുത്തിതുണികൾ ഓരോന്നായി പതുക്കെ പതുക്കെ ചുരുട്ടി നീക്കിയപ്പോൾ കണ്ട കാഴ്ച്ച കാർട്ടറെ ശ്വാസം നിലച്ചുപോകുന്ന അവസ്ഥയിലേക്ക് എത്തിച്ചു എന്ന് പറയുന്നതാകും ശെരിയാവുക. അതിഗംഭീരവും അവിശ്വസനീയവുമായിരുന്നു ആ മാസ്മരദൃശ്യം. തങ്കത്തിൽ തീർത്ത അതിമനോഹരമായ ചിത്രപ്പണികളോട് കൂടിയ ഒരു രാജകീയരൂപം. ആ ശവപേടകത്തിന്റെ മൂന്നാമത്തെ ആവരണമായിരുന്നു അത്.
പൗരാണിക കരകൗശലവിദ്യയുടെ ഉദാത്തവും നിസ്തുലവുമായ അത്ഭുതസൃഷ്ടി. ഏതാണ്ട് രണ്ടേകാൽ മീറ്റർ നീളമുള്ള ആ മനോഹരപേടകത്തിന്റെ ശിരോഭാഗം പടിഞ്ഞാറു ഭാഗത്തേക്കാണ് തിരിച്ചു വെച്ചിരുന്നത്. സൈപ്രസ് മരം കൊണ്ടായിരുന്നു അതിന്റെ നിർമാണം. മനുഷ്യരൂപത്തിൽ കൊത്തിയെടുത്ത ആ ഭീമൻ രൂപത്തെ മുഴുവനായും സ്വർണം കൊണ്ട് പൊതിഞ്ഞിരുന്നു.
ഇത്തരം അറയിലുള്ള അമൂല്യവസ്തുക്കൾ കാലപ്പഴക്കത്താൽ തകർന്നുപോകാനുള്ള സാധ്യത വളരെ കൂടുതലായിരുന്നു. അതുകൊണ്ട് അവ സംരക്ഷിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തിയതിനു ശേഷമേ അടുത്ത തുറക്കലിന് തുനിയാൻ പാടുള്ളൂ. അന്ന് കണ്ട ദൃശ്യവിസ്മയത്തിനു ശേഷം പേടകം തുറന്നുള്ള അടുത്ത പരിശോധനയ്ക്കു ഒന്നര വർഷത്തോളം കാത്തിരിക്കേണ്ടിവന്നു കാർട്ടർക്ക്.
വളരെ സങ്കീർണമായ കൊത്തുപണികളാൽ ആ മൃത്യുപേടകം മനോഹാരിത ആക്കിയിരിക്കുന്നു. അകത്തു ശയിക്കുന്ന ഫറവോയുടെ അതെ മാതൃകയിൽ നിർമ്മിച്ചിരിക്കുന്ന പേടകത്തിൽ മരണത്തിന്റെ ദേവനായ ഒസിറസിന്റെ രൂപത്തിലാണ് കിടപ്പ്. നെമെസ് എന്ന ശിരോവസ്ത്രം നെറ്റിയിലൂടെ മുറുക്കി കെട്ടിവെച്ചിരുന്നു. നെമെസിനോട് ചേർന്ന് നെറ്റിയിൽ തന്നെ മുന്നിലായി താഴെ ഈജിപ്തിന്റെയും മേലെ ഈജിപ്തിന്റെയും ദേവകളായ വാദ്യോതിന്റെയും നാഖ്ബെത്തിന്റെയും മുഖമുദ്രകളായ യുറിയസ് നാഗത്തിനെയും കൊത്തിവെച്ചിരിക്കുന്നു. ഈ രണ്ടു ദേവിചിഹ്നങ്ങളെയും ശിരസ്സിൽ ഉറപ്പിച്ചു നിർത്തിയിരിക്കുന്നത് പാപ്പിറസ് നാരിൽ കെട്ടിയ ഒരു പുഷ്പചക്രമായിരുന്നു. അതിൽ വളരെ ശ്രദ്ധയോടെ അലങ്കരിച്ചു വെച്ചിരിക്കുന്ന ഒലീവിലകളും നീലനിറത്തിലുള്ള ചോളപ്പൂക്കളും കാണാം. ഓസിറസിന്റെ ചിഹ്നമെന്നു പറയാവുന്ന കൃത്രിമതാടി ആ രൂപത്തിന് പ്രത്യേകമായ ഒരു ഗാംഭീര്യം പകർന്നിരുന്നു. നെഞ്ചിനുമേലെ പിണച്ചുവെച്ചിരിക്കുന്ന ഇരുകൈകളിലും രാജകീയ ചിഹ്‌നങ്ങൾ. അറ്റം വലഞ്ഞ അധികാരദണ്ഡ് ഒരുകയ്യിലും, കതിരടികമ്പു പോലെയുള്ള ഒന്ന് മറ്റേ കയ്യിലും. നീളം കുറഞ്ഞ ഒരു വടിയും അതിൽ തൂങ്ങിനിൽക്കുന്ന മുത്തുകളാൽ തീർത്ത മൂന്ന് ചരടുകളും. അതിനു താഴെ, ബാക്കി ശരീരഭാഗമാകെ കൊത്തുപണികളാണ്. വർണ്ണതൂവാലകളും ദേവികളായ ഇസിസ്, നെഫ്ത്തീസ്, നെഖെബെത്, ബാസ്ത് എന്നിവരുടെ ചിത്രങ്ങൾകൊണ്ട് നിറഞ്ഞിരിക്കുന്നു. അപൂർവരത്‌നങ്ങൾ ഇടയ്ക്കിടെ കൊത്തിവെച്ചിരിക്കുന്നു.
സ്വർണ്ണപേടകത്തിന്റെ മൂടിയുടെ ഭാഗമായി വെള്ളിയിൽ തീർത്ത നാലു പിടികൾ വശങ്ങളിലായി ഉണ്ടായിരുന്നു. 3000 വർഷങ്ങൾക്കു മുൻപ് തൂത് ആംഖ് അമൂന്റെ വിശ്വസ്തർ ആ വെള്ളിപിടികൾ ഉപയോഗിച്ചാണ് പേടകത്തെ അടച്ചതെങ്കിൽ ഒന്നരവർഷത്തെ കാത്തിരിപ്പിനൊടുവിൽ അതെ വെള്ളിപിടികളുപയോഗിച്ചാണ് കാർട്ടർ തുറന്നതും. ആദ്യത്തെ പേടകത്തിനേക്കാൾ അല്പം ചെറുതും,കാണാൻ അതെ പോലെ മനുഷ്യരൂപത്തോടുകൂടിയ മറ്റൊരു പേടകം. 2.04 മീറ്ററായിരുന്നു പേടകത്തിന്റെ നീളം. അതിനു പുറത്തും പരുത്തിതുണികളും മറ്റു പുരാവസ്തുക്കളും ഉണ്ടായിരുന്നു.
ആദ്യത്തെ പേടകത്തെക്കാൾ മനോഹരമായിരുന്നെങ്കിലും രണ്ടാമത്തെ പേടകത്തിന് ഭൂഗർഭ അറയിലെ ഈർപ്പം കാരണം അല്പം ജീർണത്വം ബാധിച്ചിരുന്നു. ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒരു മരമാണ് രണ്ടാമത്തെ പേടകനിർമാണത്തിനു ഉപയോഗിച്ചത്. സ്വർണവും അസഖ്യം സ്ഫടികശകലങ്ങളും അതിലുണ്ടായിരുന്നു. പിടികളൊന്നും ഇല്ലാത്തതിനാൽ ആദ്യത്തേതിനേക്കാൾ പ്രയാസമായിരുന്നു രണ്ടാമത്തേത് തുറക്കാൻ. വെള്ളിയിൽ തീർത്ത ആണികളുപയോഗിച്ചാണ് അത് അടച്ചിരുന്നത്. അതും ഒരു പേടകമായിരുന്നു. അതിന്റെ ശിരോഭാഗം നനുത്ത പരുത്തിത്തുണി കൊണ്ടും കഴുത്തിനു താഴോട്ടുള്ള ഭാഗം മൂന്നായി മടക്കിയ ചുവന്നതുണി കൊണ്ടും മൂടിവെച്ചിരുന്നു. പ്രിയപ്പെട്ട രാജാവിന്റെ അന്ത്യയാത്രയ്ക്ക് തൊട്ടു മുൻപ് അർപ്പിച്ചതായിരിക്കാം.
ആകാംക്ഷയിൽ കാർട്ടർ തുണികൾ പെട്ടന്നു നീക്കി. ആരെയും സ്തബ്ധരാക്കുന്ന തൂത് ആംഖ് അമൂന്റെ മൂന്നാമത്തെ ശവപേടകം തനിത്തങ്കത്തിൽ തീർത്തതായിരുന്നു. 6 അടി 1 ഇഞ്ച് നീളമുള്ള ആ സ്വര്ണനിർമ്മിതിക്ക് 110.4 കിലോ തൂക്കമുണ്ടായിരുന്നു. ഇന്നത്തെ വില വെച്ച് നോക്കിയാൽ ഏതാണ്ട് 33 കോടിക്ക് മുകളിൽ വരുന്നതാണ്. ഈജിപ്തിന്റെ വംശാവലിയിലെ അപ്രധാനിയായ ഒരു ബാലഫറവോയുടെ മൃതശരീരം പൊതിയനായി ഉപയോഗിച്ചിരിക്കുന്ന സ്വർണത്തിന്റെ അളവ് ഇത്രയുമാണെങ്കിൽ മറ്റു ഫറവോയുടെ ശവകുടീരതെ കുറിച്ച് വേദനയോടെ വീണ്ടും ആലോചിച്ചു പോകുകയാണ്.
കാർട്ടർ ആദ്യമായി കണ്ടപ്പോൾ തങ്കരൂപത്തിനുമേലെ കറുത്ത കൊഴുത്ത ഒരു ലേപനം പടർന്നുകിടക്കുന്നത് കാരണം തിളക്കം കുറവായിരുന്നു. ഈജിപ്തിലെ മ്യുസിയത്തിൽ തൂത് ആംഖ് അമൂന്റെ പ്രത്യേകമുറിയിൽ പ്രദർശിപ്പിച്ചിരിക്കുന്ന തങ്കപേടകത്തിന്റെ ശില്പചാരുത അതിമനോഹരവും അനുപമവുമായിരുന്നു. പേടകത്തിന്റെ ശിരോഭാഗത്ത് ജീവനുള്ളത് പോലെയുള്ള തൂത് ആംഖ് അമൂന്റെ നിഷ്കളങ്കമായ മുഖത്തു ശാന്തതയും എന്തെന്നില്ലാത്ത ഒരു ആർദ്രതയും തളം കെട്ടി നിൽക്കുന്നു. ശംഖുപുഷ്പനയനങ്ങളിലേക്കു സൂക്ഷിച്ചു നോക്കിയാൽ മരണാനന്തരലോകത്ത് നിന്ന് നോക്കുന്നതായി തോന്നിപോകും. ആ മിഴികൾക്കു കീഴെ സ്വർണത്തിൽ കടഞ്ഞെടുത്ത പതിഞ്ഞ നാസിക പതുക്കെ ശ്വാസമൊന്നു നീട്ടിവലിച്ചോ എന്ന് തോന്നിപോകുന്നത്രയ്ക്ക് ജീവസ്സുറ്റതായിരുന്നു ആ സുന്ദരശിൽപം.
സംസ്കാരത്തിന് ശേഷം മറ്റാരുടെയും സ്പർശനമേൽക്കാത്ത ഒരു രാജകീയമമ്മി ചരിത്രത്തിൽ ആദ്യമായിട്ടാണ് അനാവൃതമാക്കാൻ പോകുന്നത്. തൂതൻ ആംഖ് അമൂന്റെ മമ്മിയുടെ അവസാനത്തെ ആവരണമായ തങ്കമൂടികൾ തുറക്കാൻ കാർട്ടർ തയ്യാറായി. അദ്ദേഹം ഒരു നിമിഷം കണ്ണടച്ചു. ഹൃദയം നിശ്ചലമാകുന്ന അവസ്ഥ. സ്വർണ്ണ പിടികളുപയോഗിച്ച ആ സുവർണ്ണ പേടകം തുറന്നു. എല്ലാവരും ആകാഷയോടെ കാത്തിരുന്ന നിമിഷം! അതിനുള്ളിൽ വളരെ വൃത്തിയോടെയും അതീവ ശ്രദ്ധയോടെയും തയ്യാറാക്കിയ തൂത് ആംഖ് അമൂന്റെ രാജകീയ മമ്മി ആരാലും അറിയാതെ, പ്രകാശത്തിന്റെ ഒരു കണികപോലും
ഏൽക്കാതെ കഴിഞ്ഞ മൂന്ന് സഹസ്രാബ്ദത്തിലേറെയായി മൃത്യുവിന്റെ തണുത്ത വിറങ്ങലിച്ച കരങ്ങൾ ആലിംഗബദ്ധരായി നിത്യനിദ്രയിൽ കിടക്കുന്നു. അതുവരെയും അനുഭവിച്ചിട്ടില്ലാത്ത മാസ്മരികമായ ഒരനുഭൂതിയിൽ കാർട്ടർ കുറെ നേരം ആ മമ്മിയെ കണ്ണെടുക്കാതെ നോക്കിനിന്നുപോയി.ഭൂതകാലവും വർത്തമാനകാലവും സമഞ്ജസമായി സമ്മേളിച്ചിച്ച ആ അപൂർവ നിമിഷത്തിൽ അദ്ദേഹത്തിന്റെ കണ്ണുകൾ ആനന്ദാതിരേകത്താൽ നിറഞ്ഞിരുന്നു.
ഏൽക്കാതെ കഴിഞ്ഞ മൂന്ന് സഹസ്രാബ്ദത്തിലേറെയായി മൃത്യുവിന്റെ തണുത്ത വിറങ്ങലിച്ച കരങ്ങൾ ആലിംഗബദ്ധരായി നിത്യനിദ്രയിൽ കിടക്കുന്നു. അതുവരെയും അനുഭവിച്ചിട്ടില്ലാത്ത മാസ്മരികമായ ഒരനുഭൂതിയിൽ കാർട്ടർ കുറെ നേരം ആ മമ്മിയെ കണ്ണെടുക്കാതെ നോക്കിനിന്നുപോയി.ഭൂതകാലവും വർത്തമാനകാലവും സമഞ്ജസമായി സമ്മേളിച്ചിച്ച ആ അപൂർവ നിമിഷത്തിൽ അദ്ദേഹത്തിന്റെ കണ്ണുകൾ ആനന്ദാതിരേകത്താൽ നിറഞ്ഞിരുന്നു.
തൂത് ആംഖ് അമൂന്റെ ശവസംസ്കാരമുറിയുടെ വലതുവശത്തായി മറ്റൊരു മുറി കൂടി കാർട്ടർ കണ്ടെത്തി. മമ്മികരണ സമയത്ത് ശവശരീരത്തു നിന്ന് നീക്കം ചെയ്യുന്ന ശാരീരിക അവയവങ്ങൾ മനോഹരങ്ങളായ കുപ്പികളിലാക്കി സൂക്ഷിച്ചിരിക്കുന്ന സ്ഥലമായിരുന്നു അവിടം. തൂത് ആംഖ് അമൂന്റെ കരൾ, ശ്വാസകോശങ്ങൾ, കുടൽമാലകൾ, ആമാശയം എന്നിവയെല്ലാം ഭരണിക്കകത്തു സുരക്ഷിതമായി കാണപ്പെട്ടു. അതോടപ്പം ഒട്ടും അലങ്കരിക്കപ്പെടാത്ത മരം കൊണ്ട് നിർമ്മിച്ച തികച്ചും സാധാരണമായ രണ്ടു ശവപേടകങ്ങളും അതിനുള്ളിൽ ഉണ്ടായിരുന്നു. അതിനകത്ത് അകാലജനനത്തെ തുടർന്ന് മരിച്ചുപോയ ഭ്രുണവസ്ഥയിലുള്ള രണ്ടു ശിശുക്കളുടെ ജഡമാണ് ഉണ്ടായിരുന്നത്. തൂത് ആംഖ് അമൂന്റെ ജീവിക്കാൻ ഭാഗ്യമില്ലാത്ത മക്കളായിരുന്നു അതെന്നു വിശ്വസിച്ചു വരുന്നു.
തൂത് ആംഖ് അമൂന്റെ മമ്മിയും നിധിശേഖരവും കണ്ടെത്തിയതിലൂടെ ഹൊവാർഡ് കാർട്ടർ ചരിത്രത്തിലിടം നേടി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അദ്ദേഹത്തെ തേടി അഭിനന്ദനപ്രവാഹം ഒഴുകിയെത്തി. താൻ കണ്ടെത്തിയ വസ്തുക്കളുടെ അമൂല്യതയും വിലയും ഏറ്റവും കൂടുതൽ അറിയുന്ന ആളായിരുന്നു കാർട്ടർ. എങ്കിലും അദ്ദേഹം ഒരിക്കലും ഒരു കൊള്ളക്കാരനായി മാറിയില്ല. തൂത് ആംഖ് അമൂന്റെ ശവകുടീരത്തിൽ നിന്ന് കണ്ടെത്തിയ വസ്തുക്കളെല്ലാം പൊതുജനത്തിന് സമർപ്പിച്ച ആദ്യത്തെ ആളായിരുന്നു ഹൊവാർഡ് കാർട്ടർ.
ലോകചരിത്രത്തെ അത്ഭുതപ്പെടുത്തുകയും വിസ്മയിപ്പിക്കുകയും ചെയ്ത് തൂത് ആംഖ് അമൂന്റെ ശവകുടീരത്തിന്റെ കണ്ടുപിടിത്തം ആറു മാസത്തിനകം തന്നെ ദുരൂഹതയിലേക്ക് വഴിമാറി. 1923 ഏപ്രിൽ 5-ആം തിയതി കനാവൻ പ്രഭുവിന്റെ പെട്ടന്നുള്ള മരണമായിരുന്നു കാരണം. മുഖത്തുണ്ടായ ഒരു കൊതുകു കടിക്കുമീതെ ക്ഷൗരം ചെയ്യുമ്പോൾ ഉണ്ടായ മുറിവ് പഴുക്കുകയും അത് രക്തത്തിലേക്ക് പകർന്നുണ്ടായ അണുബാധ മരണകാരണമായി തീർന്നു. ഫറവോയുടെ ശവകുടീരം തുറന്നതിന്റെ ശാപഫലമാണെന്നു പ്രചാരണത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ന്യൂയോർക്ക് ടൈംസിലെ റിപ്പോർട്ടറായ മേരി കൊറെല്ലിയുടെയും സാക്ഷാൽ ഷെർലക് ഹോംസിന്റെ സൃഷ്ടവായ ആർതർ കൊനാൻ ഡോയലിന്റെയും അഭിപ്രായംങ്ങൾ വലിയ സ്വാധീനമാണ് ജനങ്ങളിലുണ്ടാക്കിയത്.
അത്ഭുതകരമെന്നോണം തൂത് ആംഖ് അമൂന്റെ മൃതശരീരത്തിൽ നടത്തിയ പോസ്റ്റ് മോർട്ടം പരിശോധനയിൽ ഫറവോയുടെ മുഖത്ത് കാണപ്പെട്ട ഉണങ്ങിയ ഒരു മുറിവിന്റെ പാടുണ്ടായിരുന്നു. അതെ മുറിവ് തന്നെയാണ് കനാവൻ പ്രഭുവിന്റെ മരണകാരണമെന്ന് പലരും വിശ്വസിച്ചു. കാർട്ടറുടെ പുരാവസ്തുശേഖരത്തിൽ നിന്നും സുഹൃത്തായ ബ്രൂസ് ഇൻഗത്തിനു സമ്മാനമായി ലഭിച്ച ഏലസ്സിൽ ഇങ്ങനെ രേഖപെടുത്തിയിരുന്നത്രെ "എന്റെ ശരീരം നീക്കം ചെയ്യുന്നവർ ശപിക്കപെട്ടവരാകുന്നു. അഗ്നിയും വെള്ളവും അവരെ നശിപ്പിക്കും".അദ്ഭുതമെന്നോണം, സമ്മാനം കൈപറ്റി ദിവസങ്ങൾക്കകം ഇൻഗമിന്റെ വീട് കത്തിനശിക്കുകയും പിന്നീടുണ്ടായ വെള്ളപ്പൊക്കത്തിൽ അദ്ദേഹത്തിനു നാട് വിടേണ്ടിവരുകയും ചെയ്തു.
കാർട്ടറുടെ സംഘത്തിലെ എട്ട് പേർ 12 വർഷത്തിനകം അവിചാരിത കാരണങ്ങളാൽ മരണമടഞ്ഞത് ദുരൂഹതയായി ഇന്നും നിലനിൽക്കുന്നു. പുരാവസ്തു ഗവേഷണത്തിന് നേതൃത്വം കൊടുത്ത ഹൊവാർഡ് കാർട്ടർ 1939-ൽ ലിംഫോമ എന്ന അർബുദ രോഗത്തെ തുടർന്ന് മരണമടഞ്ഞു. ഭൂഗർഭ കുടീരത്തിൽ നിന്നും ഉള്ളിലേക്ക് ആഗിരണം ചെയ്യപെട്ട പൂപ്പൽ ബാധയായിരുന്നു ഈ അപൂർവ മരണങ്ങൾക്കു കാരണമെന്ന അഭിപ്രായം നിലവിലുണ്ട്. ശവശരീരവും സമ്പത്തും കൊള്ളയടിക്കുന്നവരെ ശിക്ഷിക്കാനായ് ശവസംസ്കാരത്തിനൊപ്പം മനഃപൂർവം നിക്ഷേപിച്ചതാവാം ഈ പൂപ്പലുകൾ എന്ന് ആർതർ കൊനാൻ ഡോയൽ പറയുന്നു.
ആരുമറിയാതെ പോകുമായിരുന്ന തൂത് ആംഖ് അമൂൻ ഇന്ന് പ്രശസ്തനാണ്. ജീവിച്ചിരിക്കുന്ന കാലത്ത് എല്ലാ സുഖസൗകര്യങ്ങളും സർവ്വഐശ്വര്യങ്ങളും ഉണ്ടായിട്ടും അതൊന്നും അനുഭവിക്കാൻ യോഗമില്ലാതെ ജീവിച്ചു കൊതിതീരുന്നതിന് മുൻപേ ഇഹലോകം വിട്ട തൂത് ആംഖ് അമൂൻ പരലോകത്തെങ്കിലും സന്തോഷപ്രദമായ ഒരു ജീവിതം ആഗ്രഹിച്ചിരിക്കാം. ആ പരലോകപ്രാപ്തി അദ്ദേഹത്തിന് സാധ്യമായോ? അതോ ഹൊവാർഡ് കാർട്ടറും സംഘവും തൂത് ആംഖ് അമൂന്റെ പരലോകവാസത്തെ തടസപ്പെടുത്തിയോ? കണ്ടെത്തിയ ഉത്തരങ്ങളെക്കാളേറെ ചോദ്യങ്ങൾ ബാക്കിവെച്ചാണ് കാർട്ടറുടെ പര്യവേഷണം അവസാനിച്ചത്. നൈൽ നദിയിലെ ജലപ്രവാഹം പോലെ കാലമെന്ന മഹാപ്രഹേളികയ്ക്കു അതിനുള്ള ഉത്തരം നൽകാൻ കഴിയുമെന്ന് പ്രത്യാശിക്കാം.
.







No comments:
Post a Comment