അഖ്‌നാതെൻ :വിപ്ലവകാരിയായ ഫറവോ
Part 2
വളരെ സമ്പല്സമൃദ്ധമായ ഒരു ഈജിപ്തിനെയായിരുന്നു ആമേൻ ഹോട്ടപ് നാലാമനു പൈതൃകമായി ലഭിച്ചിരുന്നത്. സൈനിക ശക്തിയിലും രാജ്യവിസ്താരത്തിലും ഏറ്റവും വലുതും ശക്തവുമായിരുന്നു. നൈൽ നദിയുടെ ഫലഭൂയിഷ്ടമായ സമ്പൽസമൃദ്ധിയുടെ പ്രതീകമെന്നോണം നദിക്കരയിലൂടനീളം പുതിയ പുതിയ ക്ഷേത്രങ്ങൾ ഉയർന്നു വരാൻ തുടങ്ങി. രാജ്യത്തിന്റെ ഐശ്വര്യത്തിനും സമ്പൽ സമൃതിക്കും ദൈവപ്രീതി അത്യാവശ്യമാണെന്ന് അവർ കരുതി. ദേവപ്രീതിക്കു വേണ്ടി പൂജകളും നേർച്ചകളും വഴിപാടുകളും നേർന്നുകൊണ്ട് ജനങ്ങൾ തങ്ങളുടെ കൂറ് ദൈവങ്ങളോടും രാജാവിനോടും കാണിച്ചു.
അന്നത്തെ ഈജിപ്തിന്റെ മത സാംസ്‌കാരിക കേന്ദ്രമായിരുന്നു "അമൂൻ "ദേവന്റെ തീബ്സ്. അമേൻ ഹോട്ടപ്പിന്റെ കുടുംബം താമസിച്ചിരുന്നതും തീബ്സിൽ തന്നെയായിരുന്നു. രാജ്യതലസ്ഥാനത്തിനു തൊട്ടടുത്തുള്ള കർനാക്കിലെ അമൂന്റെ ബൃഹത് ക്ഷേത്രം രാജകൊട്ടാരത്തിനൊപ്പം പുരോഹിതവർഗം സമൂഹത്തിൽ അതിപ്രബലരായി മാറുകയും ചെയ്തു. പുരോഹിതവർഗം ശക്തിപ്പെട്ടതോടെ ക്ഷേത്രങ്ങൾ ആരാധനാലയത്തിനപ്പുറം അധികാരകേന്ദ്രവുമായി മാറി. തീബ്സിലെ വൻ ക്ഷേത്രങ്ങളിൽ തമ്പടിച്ചിരുന്ന ആയിരകണക്കിന് പുരോഹിതർ തങ്ങളുടെ സ്വാർത്ഥലാഭത്തിനു വേണ്ടി, ജനങ്ങളുടെ നിസ്സഹായാവസ്ഥയ്ക്കു മുൻപിൽ ദൈവത്തിന്റെ ഇടനിലകാരായി മാറി ദൈവാരാധനയ്ക് പുരോഹിതർ അത്യാവശ്യമായിരുന്നു. അതുകൊണ്ട് ജനജീവിതം കൊണ്ട് പന്താടാൻ പൗരോഹിത്യത്തിന് കഴിഞ്ഞു.
പുരോഹിതവർഗം സാമ്പത്തികമായും രാഷ്ട്രീയമായും തടിച്ചു കൊഴുത്തു ഭരണത്തെപോലും സ്വാധിനിക്കാൻ പറ്റുന്ന വ്യവസ്ഥിയിൽ അധികാരം ഏറ്റെടുത്ത അമേൻ ഹോട്ടപ് നാലാമൻ അസ്വാസ്ഥനായിരുന്നു. ജനങ്ങൾക്മേൽ അവർക്കുണ്ടായിരുന്ന അധീശ്വത്വം ഇല്ലാതാകണമെന്നു അദ്ദേഹം ആഗ്രഹിച്ചു. അതിന് അദ്ദേഹം തിരഞ്ഞെടുത്ത വഴി ആരെയും അമ്പരപ്പിക്കുന്നതും വിചിത്രവുമായിരിന്നു. ഈജിപ്തിലെ കാര്യങ്ങൾ മാറി മറിഞ്ഞു.
നിലവിലുള്ള ദൈവ സങ്കല്പങ്ങളെ വെല്ലുവിളിച്ചു കൊണ്ട് സൂര്യതളികാ രൂപത്തിലുള്ള ആതേൻ ദേവന്റെ അതീവഭക്തനായി തീർന്നു അമേൻ ഹോട്ടപ് നാലാമൻ. ലോകം തുടങ്ങുന്നതും അവസാനിക്കുന്നതും ആതേൻ ദേവനിലാണെന്നു അദ്ദേഹം നിശ്ചയിച്ചു. എത്രയോ നൂറ്റാണ്ടുകളായി ആഴത്തിൽ വേരോടിയിരുന്ന ബഹുദൈവ വിശ്വാസത്തെ കടപുഴകിയെറിഞ്ഞു കൊണ്ട് അവിടെ ഏകദൈവ വിശ്വാസത്തിലധിഷ്ഠിതമായ ആതേൻ എന്ന സൂര്യദേവനെ പ്രതിഷ്ഠിച്ചു.
ജനങ്ങൾക്കു മീതെ ഒരു ഫറവോ അതിനുമീതെ ആതേൻ ദേവൻ, അതിൽ കവിഞ്ഞൊരു അധികാരകേന്ദ്രം വേണ്ടന്നു അമേൻ ഹോട്ടപ് നാലാമൻ തീരുമാനിച്ചു. തീബ്സിലെ അമൂൻ ദേവന്റെ കർനാക്കിലെ ക്ഷേത്രത്തിനു തൊട്ടടുത്തു "ഹെമ്പാതേൻ "എന്ന ഒരു പുതിയ ആരാധനാലയം പണിതു കൊണ്ട് അമൂൻ ദേവനെ ഈജിപ്തിൽ നിന്നും നിഷ്കാസിതനാകാമെന്നും അതിലുടെ പുരോഹിതരുടെ സ്വാധീനം ഇല്ലാതാകാമെന്നും കണക്കു കൂട്ടി. അമേൻ ഹോട്ടപ് നാലാമന്റെ ഏകാധിപത്യവും ഏകപക്ഷിയവുമായ ചെയ്തികൾ ഈജിപ്തിന്റെ ഹൃദയത്തിലേല്പിച്ച മുറിവുകൾ എത്ര വലുതായൊരുന്നുവെന്നു അദ്ദേഹത്തിന് തിരിച്ചറിയാതെ പോയി.
അമൂൻ ദേവന്റെ കർനാക്കിലെ ക്ഷേത്രത്തിനു സമീപം മറ്റൊരു ക്ഷേത്രം വന്നതോടെ കാര്യങ്ങൾ വഷളായി. ആതേൻ ക്ഷേത്രത്തിലെ മുഖ്യപുരുഹിത സ്ഥാനം ഫറോവയിൽ നിക്ഷിപ്തമായിരുന്നു. തികച്ചും വിരുദ്ധമായ ആരാധന സമ്പ്രദായങ്ങൾ ഏറ്റുമുട്ടിയപ്പോൾ കർനാക്കിലെ പുരോഹിതർ ആതേൻ ക്ഷേത്രത്തിന് എതിരെയും, തത്വത്തിൽ ഫറവോക്കെതിരെയും ശബ്‌ദിച്ചു തുടങ്ങി. പ്രതികരണത്തിൽ അസംതൃപ്തനായ ഫറവോ തീബ്സിലെ പുരോഹിതന്മാരെ ഒരു പാഠം പഠിപ്പിക്കണമെന്നു തീരുമാനിച്ചു.
അമേൻ ഹോട്ടപ് തന്റെ അഞ്ചാം ഭരണവർഷത്തിൽ കെമേത് ജനതയിൽ സമൂല പരിവർത്തനത്തിനുതകുന്ന വളെരെ നാടകീയമായ തീരുമാനങ്ങൾ കൈകൊണ്ടു. തന്റെ ഔദോഗിക നാമം തിരുത്തികൊണ്ടു പരിഷ്കാരത്തിനു തുടക്കം കുറിച്ചു. "അമൂൻ സംതൃപ്തനാണ് "എന്നർത്ഥമുള്ള അമേൻ ഹോട്ടപ് എന്നതിന് പകരം "ആതേന്റെ ജീവിക്കുന്ന ആത്‌മാവ് "എന്നർത്ഥമുള്ള അഖ്‌നാതെൻ എന്ന പുതിയ പേര് സ്വീകരിച്ചു. വലിയൊരു പരിവർത്തനത്തിനു തുടക്കം കുറിച്ച പേര് മാറ്റം ദൂരവ്യാപകമായ പ്രത്യാഘതങ്ങൾ ഉളവാക്കുന്നതായിരുന്നു. അമൂൻ ദേവനെ തിരസ്കരിക്കുകയും പുതിയ ദേവന്റെ വരവ് ഫറവോയുടെ നാമത്തിലൂടെ ഉയർത്തപ്പെടുകയും ചെയ്തു. ഫറവോ ആതേന്റെ ജീവിക്കുന്ന ആത്മാവാണ് എന്ന സങ്കല്പം മധ്യവർത്തികളായ പുരോഹിതന്മാരെ പാടെ നിരാകരിക്കുന്നതായിരുന്നു.
പ്രധാന തീരുമാനങ്ങളിൽ രണ്ടാമത്തേത്, ഈജിപ്തിന്റെ ഭരണത്തിൽ തീബ്സിലെ പുരോഹിതർക്കുള്ള സ്വാധീനം ഇല്ലാതാകുന്നതിനായി തന്റെ ഭരണതലസ്ഥാനം തീബ്സിൽ നിന്നും മാറ്റാൻ തീരുമാനിച്ചു. പ്രധാനപെട്ട രണ്ടു തീരുമാനങ്ങളും പുരോഹിതവർഗത്തെ ഞെട്ടിച്ചു കളഞ്ഞു. നൈൽ നദിയുടെ കിഴക്കൻ തീരത്തു തീബ്സിൽ നിന്നും 250 മൈൽ വടക്കുമാറി ജനവാസം തീരെ കുറഞ്ഞ മരുപ്രേദേശത്താലും ചെംകുത്തായ കുന്നുകളാലും ചുറ്റപ്പെട്ട സ്ഥലമാണ് പുതിയ തലസ്ഥാനത്തിനു തിരഞ്ഞെടുത്തത്. "ആതേന്റെ ചക്രവാളം "എന്നർത്ഥമുള്ള "അഖ്താതെൻ "(ഇന്നത്തെ എൽ -അമർന)എന്നായിരുന്നു പുതിയ നഗരത്തിന്റെ പേര്. സമതലത്തിലെ വിശാലഭൂമി നഗര നിർമാണത്തിനും, ചുറ്റുമുള്ള കുന്നിൻചെരിവുകൾ രാജകീയ ശവസംസ്കാരങ്ങൾക്കു വേണ്ടിയും നൈലിന്റെ കിഴക്കൻ കരയിൽ കൃഷിക്ക് വേണ്ടിയും മാറ്റിവെച്ചു. സൂര്യൻ അസ്തമിക്കുന്ന പടിഞ്ഞാറെ കരയായിരുന്നു മരണാനന്തര ജീവിതത്തിനായി ഫറോവമാർ ശവകുടീരം നിർമിക്കുന്നതിനും മറ്റുമായി ഉപയോഹിച്ചിരുന്നത്. ശവസംസ്കാരം നൈലിന്റെ കിഴക്കേ കരയിൽ നടത്താൻ തീരുമാനിച്ചത് പരമ്പരാഗതവും കർക്കശവുമായ ആരാധനാനുഷ്ടനങ്ങളിൽ അഖ്‌നാതെൻ സൃഷ്ഠിച്ച ആദ്യത്തെ വിള്ളലായിരുന്നു അത്.
പൂർണമായും ആതേന്റെ ആരാധനയ്ക്കു വേണ്ടി സമർപ്പിക്കപ്പെട്ടതായിരുന്നു ഈജിപ്തിന്റെ പുതിയ തലസ്ഥാനം. പുതിയ തലസ്ഥാനത്തിന്റെ പ്രഖ്യാപനം കഴിഞ്ഞു നാലാം വർഷം അഖ്താ തേൻ നഗരത്തിന്റെ പണി പൂർത്തിയായി. പെട്ടന്ന് പണി കഴിപ്പിക്കുന്നതിനു വേണ്ടി കരിങ്കല്ലുകളെക്കാൾ കളിമൺ കട്ടകളാണ് ഉപയോഹിച്ചതു. പിന്നീട് ഈ നഗരം നാശത്തിലേക്കു നീങ്ങിയതിനു പ്രധാന കാരണം ദുർബലമായ ഈ നിർമാണ രീതി കാരണമായെന്ന് ചരിത്രകാരന്മാർ പറയുന്നു. ഏതാണ്ട് എട്ട് മൈലോളം നൈൽ നദികരയിൽ വിസ്തൃതിയിലായിരുന്നു ആഖതാ തേൻ എന്ന മഹാനഗരം തലസ്ഥാന മാറ്റത്തിന് സൈന്യത്തിന്റെ പൂർണ പിന്തുണ ഉണ്ടായിരുന്നു. ഇതിനു അഖ്‌നാത്തേനെ സഹായിച്ചത് സേനാധിപതിയും പ്രധാന ഉപദേഷ്ടവും ആയിരുന്ന ആയ് എന്ന മാതൃസഹോദരൻ ആയിരുന്നു.
ആതേൻ ദേവനെ ഒഴിച്ചുള്ള മറ്റൊരു ദൈവങ്ങളെയും ആരാധിക്കരുതെന്നു രാജ കല്പന പുറപ്പെടുവിച്ചു. മറ്റു ദേവന്മാരുടെ ക്ഷേത്രങ്ങളും സ്മാരകങ്ങളും രാജ്യമെമ്പാടും തച്ചുടച്ചു. അമൂൻ ദേവനാണ് ഇക്കൂട്ടത്തിൽ കൂടുതൽ ക്ഷതമേൽക്കേണ്ടി വന്നത്. അമൂന്റെ പേര് കേൾക്കുന്നത് പോലും ചതുര്ഥിയായി മാറിയ അഖ്‌നാതെൻ മഹാന്മാരായ തന്റെ പിതാവടക്കമുള്ള മുൻ തലമുറക്കാരുടെ പേരിലുള്ള അമൂൻ നാമം പോലും തുടച്ചു നീക്കി. പൊതുവെ സാധാനപ്രിയരായ ഈജിപ്ത്യൻ ജനത രാജകല്പനകൾക്കു എതിര്നില്കാൻ ഇടയില്ലെങ്കിലും കാലങ്ങളായി മനം നിറഞ്ഞു ആരാധിച്ചിരുന്ന പ്രിയ ദൈവങ്ങൾ നിഷ്കാസിതരാവുന്നത് സഹിച്ചിരിക്കാൻ ഇടയില്ല. തങ്ങളുടെ രാജ്യത്തിനും രാജാവിനും വരാൻ പോകുന്ന വലിയൊരു വിപത്തു, ഭയം എന്ന രൂപത്തിൽ അവരെ ഗ്രസിച്ചിരിക്കാം.
ഈജിപ്ത് ജനത അതുവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയൊരു ക്ഷേത്രസമുച്ചയം അഖ്താ തേനിൽ നിർമ്മിച്ച്. മുൻകാല ക്ഷേത്ര നിർമാണ രീതികളിൽ നിന്നും വ്യത്യസ്തമായി മേൽക്കൂര ഇല്ലാതെ സൂര്യ ഭഗവാനെ നേരിട്ടു ദർശിച്ചു കൊണ്ട് ചിന്നി ചിതറുന്ന പൊൻ കിരണങ്ങൾ ഏറ്റുവാങ്ങുന്ന രീതിയിൽ ചുമരുകൾ മാത്രമുള്ള നിർമാണ രീതിയാണ് സ്വീകരിച്ചത്. കടുത്ത ആതേൻ ആരാധനയിലൂടെ ഈജിപ്തിനെയാകെ പുതിയൊരു മതചിന്തയിലേക്കു നയിക്കുകയായിരുന്നു അഖ്‌നതെൻ.
![]() |
| aknathen minai univercity |
മുൻകാല ഫറവോമാരിൽ നിന്നും വ്യത്യസ്തനായി ചിന്തിക്കാനും പ്രവർത്തിക്കാനും അഖ്‌നാത്തേനെ പ്രേരിപ്പിച്ച ഘടകം പുരോഹിതവൃന്ദത്തോടുള്ള എതിർപ്പു മാത്രമാണെന്ന് കരുതാൻ വയ്യ.
മതിഭ്രമം ബാധിച്ചതോ അല്ലെങ്കിൽ എല്ലാറ്റിനെയും അടക്കിഭരിക്കുക എന്ന ഏകാധിപത്യ പ്രവണതയയോ, അതുമല്ലെങ്കിൽ തികഞ്ഞ അസഹിഷ്ണുതതായോ? എന്താണ് അദ്ദേഹത്തെ അലട്ടികൊണ്ടിരുന്ന വികാരം !3500 വർഷങ്ങൾക്കിപ്പുറവും അഖ്‌നതെൻ എന്ന നിഗൂഢ വ്യക്തിത്തിനുടമ ഉയർത്തുന്ന സമസ്യകൾ നമ്മെ പുതിയ പുതിയ അന്വേഷണങ്ങളിലേക്കും കണ്ടെത്തലുകളിലേക്കും കൊണ്ട് പോകുകയാണ്....
(തുടരും )
(തുടരും )





No comments:
Post a Comment