Tuesday, July 2, 2019



ജർമ്മനിയുടെ ഉയർത്തെഴുന്നേൽപ്പും
 ഹിറ്റ്ലറുടെ പങ്കും.

'സാഹചര്യത്തിന്റെ സൃഷ്ടിയാണ് മനുഷ്യൻ' എന്ന് എവിടെയോ വായിച്ചതായി ഓർക്കുന്നു. അങ്ങനെയൊരു നിരുപദ്രവമായ വിശേഷണത്തിൽ, വ്യവസ്ഥിതിയുടെ ഉല്പന്നമായി വിലയിരുത്താൻ കഴിയുന്നതാണോ ലോകം കണ്ട ഏറ്റവും വലിയ ഏകാധിപതിയും നിരപരാധികളെ കൂട്ടക്കൊല ചെയ്ത അഡോൾഫ് ഹിറ്റ്ലറുടേത്? ഒരിക്കലുമല്ല. ഹിറ്റ്ലറെ വീരപുരുഷനെന്ന് വാഴ്ത്തുന്നവർ കുറവായിരിക്കും. എങ്കിലും ഹിറ്റ്ലറെ കൊടും ചെകുത്താനായി ചിത്രീകരിക്കുന്നതിനുള്ള വ്യഗ്രതയിൽ സത്യങ്ങൾക്ക് നേരെ കണ്ണടയ്ക്കുന്നതും ശെരിയല്ല.
ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ സ്വേച്ഛാധിപതിയും ക്രൂരതയുടെയും വിദ്വേഷത്തിന്റെയും പരമാചാര്യനെന്നും ഹിറ്റ്ലറെ വിശേഷിപ്പിക്കുമ്പോഴും അസാധാരണ കഴിവും അപൂർവ പ്രതിഭയും ഇഴ ചേർന്ന ഹിറ്റ്ലറെ കാണാതിരിക്കാൻ കഴിയില്ല. കാരണം, ലോകത്തെ വിറപ്പിച്ച ഹിറ്റ്ലർ ഒരുകാലത്തു കോടിക്കണക്കിന് ജർമ്മൻകാരുടെ ആരാധ്യപുരുഷനായിരുന്നു. ഒന്നാം ലോകമഹായുദ്ധാനന്തരം അപമാനിക്കപ്പെട്ട ജർമ്മൻ ജനതയുടെ അഭിമാനബോധത്തെ തൊട്ടുണർത്തുകയും അവരെ സമരോൽസുകരാക്കുകയും , യുദ്ധത്തിൽ തകർന്ന് തരിപ്പണമായ ജർമ്മനിയെ സാമ്പത്തികവും സൈനികവുമായി ഉയർത്തി കൊണ്ട് വന്നതും ഹിറ്റ്ലറായിരുന്നു.
"രണ്ടാം ലോകമഹായുദ്ധത്തിന്റെ മുഖ്യ കാരണക്കാരൻ ആരായിരുന്നു " എന്ന ചോദ്യത്തിന് "ഹിറ്റ്ലർ " എന്ന് വേണമെങ്കിൽ മറുപടി പറയാം. എന്നാൽ ഒരു കാര്യം വ്യക്തമാണ്., യുദ്ധത്തിൽ എതിർചേരിയിൽ നിലയുറപ്പിച്ച ശക്തികളും സമാധാന പ്രേമികളായിരുന്നില്ലല്ലോ. ഒന്നാം ലോക യുദ്ധത്തിന് വിരാമമിട്ട 'വേഴ്സെയിൽസ് സന്ധി' യുടെ സൂത്രധാരന്മാർ സഖ്യകക്ഷികളെന്ന ഈ ശക്തികളായിരുന്നു. അന്യായമായി അടിച്ചേൽപ്പിച്ച ഉടമ്പടി വഴി ജർമ്മൻ രാഷ്ട്രത്തെ കുളം തോണ്ടാൻ ശ്രമിക്കുകയായിരുന്നു. അതുവഴി ജർമ്മൻ ജനതയെ തങ്ങളുടെ ശത്രുക്കളാക്കി മാറ്റുകയും ചെയ്തു.
1919 ജൂൺ 28-ലെ വേഴ്സെയിൽസ് ഉടമ്പടി സഖ്യകക്ഷികളുടെ വിജയമായിരുന്നു. പരാജിതയായ ജർമ്മനിക്കുമേൽ ഏകപക്ഷിയമായി അടിച്ചേല്പിക്കപെട്ടതായിരുന്നു കരാറിലെ വ്യവസ്ഥകൾ.ജർമ്മൻ കരസൈന്യം ഒരു ലക്ഷം കവിയരുതെന്നും, യുദ്ധവിമാനങ്ങളും, അന്തർവാഹിനികളും വലിയ പീരങ്കികളും ജർമനിക്കുണ്ടായിരിക്കരുതെന്നും നിഷ്കർഷിച്ചു. പുറമെ ജർമ്മൻ പടക്കപ്പലുകൾ ബ്രിട്ടനെ ഏൽപ്പിക്കണമെന്നും കൂട്ടിച്ചേർത്തു. കൂടാതെ കരാർ വ്യവസ്ഥയനുസരിച്ചു ജർമ്മനിക്ക് സ്വന്തം ടെറിട്ടറികളും കോളനികളും നഷ്ടപെടുത്തേണ്ടി വന്നു. ജർമൻ ഭൂഭാഗങ്ങൾ പലതും സഖ്യശക്തികളുടെ കൈവശമായി. ഉടമ്പടി പ്രകാരം ജർമ്മനിക്ക് ഭീമമായ തുക നഷ്ടപരിഹാരമായി നൽകേണ്ടിയും വന്നു. ഈ തുക നൽകാൻ വീഴ്ച വരുത്തിയതിന്റെ പേരിൽ ഫ്രാൻസ് പിന്നീട് ജർമ്മനിയുടെ റഹർ പ്രവിശ്യ പിടിച്ചെടുക്കുകയും ചെയ്തു. ഇരുമ്പ്, കൽക്കരി ഖനികൾ നിറഞ്ഞ റഹർ ജർമ്മനിയുടെ സാമ്പത്തിക കലവറ തന്നെയായിരുന്നു. ഫലത്തിൽ ജർമ്മൻ രാഷ്ട്രം പാപ്പരായി തീർന്നു എന്ന് പായുന്നതാവും ശെരി.
ഒന്നാം ലോകയുദ്ധം തന്നെ ജർമ്മനിയെ മൃതപ്രായയാക്കി തീർത്തിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ടു നട്ടം തിരിയുകയായിരുന്നു ആ രാജ്യം. ഭക്ഷ്യ വസ്തുക്കൾക്ക് കടുത്ത ക്ഷാമം തൊഴിലില്ലായ്മയാണെങ്കിൽ അതിരൂക്ഷം. കൂടാതെ നാണയപ്പെരുപ്പത്തിന്റെ ചുഴിയിൽ പെട്ട് ജർമനിയുടെ സമ്പത് വ്യവസ്‌ഥ ആകെ തകരാറിലായി. ഒരു മാസത്തെ ശമ്പളം ഒരു കപ്പ് ചായ കുടിക്കാൻ പോലും തികയാതെ വന്നു. 1923-ലെ പണപ്പെരുപ്പത്തെ അവസരമാക്കിയ ഗവണ്മെന്റ് യുദ്ധസമയത്തു ജനങ്ങളിൽ നിന്ന് കടമെടുത്തിരുന്ന തുക ഈ വിലയില്ലാത്ത കറൻസിയുടെ വീട്ടാൻ തീരുമാനിച്ചു. അതിലൂടെ ഇനിയൊരു യുദ്ധമുണ്ടായാൽ പഴയ യുദ്ധത്തിന്റെ ബാധ്യത ഗവണ്മെന്റിനെ വലയ്ക്കുകയില്ലെന്ന് സൈനിക ഉദ്യോഗസ്ഥർ കണക്കുകൂട്ടി. യുദ്ധാനന്തരം അടിച്ചേല്പിക്കപ്പെട്ട ഉടമ്പടി കൂടിയായതോടെ ജനങ്ങൾ ദാരിദ്യം കൊണ്ട് പൊറുതിമുട്ടി.
സാമ്പത്തികമാന്ത്രികനായ ഷാഹ്റ്റിന്റെ ഇടപെടൽ കറൻസിയുടെ മൂല്യസ്ഥിരത സ്ഥാപിക്കുന്നതിൽ കുറെയൊക്കെ വിജയിച്ചു. അമേരിക്കൻ വായ്പകൾ കൊണ്ട് വ്യവസായങ്ങൾ പുനരുദ്ധരിക്കാനും കഴിഞ്ഞു. തൊഴിലില്ലായ്മകൾ കുറഞ്ഞു തുടങ്ങി. സമാധാനവും ഐശ്വര്യവും നിലനിർത്താൻ സാധിച്ചേക്കുമെന്നുള്ള പ്രതീക്ഷ പ്രബലമായി.
പക്ഷെ, 1929-ലെ സാമ്പത്തിക പ്രതിസന്ധി ഈ പ്രതീക്ഷകളെ തീർത്തും ഇല്ലാതാക്കി. വാൾസ്ട്രീറ്റിൽ തുടങ്ങിയ ഷെയർ വിലയിടിവ് അമേരിക്കൻ സാമ്പത്തിക സംവിധാനത്തെ തകരാറിലാക്കി. ലോകത്തെല്ലായിടത്തും അതിന്റ പ്രത്യാഘാതങ്ങൾ അനുഭവപെട്ടു. അമേരിക്കൻ വായ്പകളെ ആശ്രയിച്ചാണ് യൂറോപ്യൻ രാഷ്ട്രങ്ങളുടെ സാമ്പത്തിക ഭദ്രത നിലനിന്നിരുന്നത്. അടിസ്ഥാനം തകർന്നപ്പോൾ അതിന്റെ മുകളിൽ പടുത്തുയർത്തിയ സൗധങ്ങളും തകർന്നു വീണു. ജർമനിക്കാണെങ്കിൽ കൂനിന്മേൽ കുരുവെന്ന പോലെ ആയിത്തീർന്നു കാര്യങ്ങൾ. ജർമൻ വ്യവസായശാലകൾ വീണ്ടും അടച്ചുപൂട്ടി. തൊഴിലില്ലായ്മ രൂക്ഷമായി. സാമ്പത്തിക തകർച്ച രാഷ്ട്രീയ അസ്വസ്ഥതകൾക്കും വഴിവെച്ചു.
സന്ദർഭം തികച്ചും തനിക്കനുകൂലമാണെന്നു അറിഞ്ഞുകൊണ്ട് തന്നെയായിരുന്നു ഹിറ്റ്ലറുടെ വരവ്. നിലവിലുള്ള സ്ഥിതിഗതികൾ അദ്ദേഹം ശെരിക്കും ചൂഷണം ചെയ്തു. തീവ്രദേശീയതയെ ഉയർത്തിപ്പിടിച്ചു കൊണ്ട് നിരാശതയുടെ അഗാതഗർത്തത്തിലാണ്ടു കിടന്ന ജനതയെ ദേശാഭിമാനികളാക്കി മാറ്റുന്നതിനും അവരുടെ വിശ്വാസം നേടിയെടുക്കുന്നതിലും വിജയിച്ചു. തങ്ങളെ തകർച്ചയിൽ നിന്ന് കരകയറ്റാൻ വന്നെത്തിയ രക്ഷകനായാണ് ഹിറ്റ്ലറെ അവർ കണ്ടത്.
മികച്ച സഘടനാപാടവവും ആരെയും ആകർഷിക്കുന്ന പ്രസംഗശൈലിയും അദ്ദേഹത്തിനുണ്ടായിരുന്നു. അസാധാരണ പ്രചാരണവിരുതും നേതൃഗുണവും എല്ലാം ഹിറ്റ്ലറിൽ ഒത്തിണങ്ങിയിരുന്നു. എതിർപ്പുകളുണ്ടായപ്പോൾ അവയെ അതിജീവിക്കാനും എതിരാളികളെ നിശബ്‌ദരാക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ആൾക്കൂട്ടത്തിന്റെ മനഃശാസ്ത്രത്തെ കുറിച്ചും ഹിറ്റ്ലർക്ക് വേണ്ടത്ര അറിവുണ്ടായിരുന്നു. തന്റെ പ്രസംഗത്തിലൂടെ ആളുകളെ മാനസികമായി അടിമകളും ആജ്ഞാനുവർത്തികളാക്കുകയുമാണ് ഹിറ്റ്ലർ ചെയ്തത്. ചുരുക്കത്തിൽ ജർമ്മൻ ജനതയ്ക്കുമേൽ ഹിറ്റ്ലർ കൈവരിച്ച വിജയം ആൾക്കൂട്ട മനശാസ്ത്രത്തിന്റെ വിജയം തന്നെയായിരുന്നു.
അധികാരത്തിലെത്തിയ ഹിറ്റ്ലർ ജർമ്മനിയുടെ നഷ്ടപ്പെട്ടുപോയ പഴയ പ്രതാപം വീണ്ടെടുക്കാനായി ലീഗ് ഓഫ് നേഷൻസിൽ നിന്നും വേഴ്സെയിൽസ് കരാറിൽ നിന്നും പിന്മാറി. ഹിറ്റ്ലറുടെ ഈ നടപടിയെ ജർമൻ ജനത ഒന്നടങ്കം സ്വാഗതം ചെയ്തു. കൂടതെ രാഷ്ട്രത്തെ സാമ്പത്തികതകർച്ചയിൽ നിന്ന് കരകയറ്റുന്നതിനുള്ള നടപടികൾക്കും തുടക്കം കുറിച്ചു.
'സാമ്പത്തികമാന്ത്രികൻ ' എന്ന് പിൽക്കാലത്തു അറിയപ്പെട്ട ഷാഹ്ടിനെ സാമ്പത്തികകാര്യ മന്ത്രിയായി നിയമിക്കപെട്ടതോടെ വലിയ ഉണർവാണ് വ്യവസായ രംഗത്ത് ഉണ്ടായത്. പൊതുമേഖലയും, സ്വകാര്യമേഖലയും ഒരു പോലെ പ്രോത്സാഹിക്കപ്പെട്ടു. അടച്ചുകിടന്ന വ്യവസായ ശാലകൾ തുറന്ന് പ്രവർത്തനമാരംഭിച്ചു. നികുതി ഇളവ്, വായ്പകൾ തുടങ്ങിയ സഹായങ്ങൾ വ്യവസായികൾക്ക് ലഭിച്ചു. പുനരായുധീകരണമായിരുന്നു ജർമൻ വ്യവസായത്തിന്റെ ആണിക്കല്ല്. പരമ്പരയായി ജർമനിക്ക് വേണ്ട ആയുധങ്ങൾ ഉൽപ്പാദിപ്പിച്ചിരുന്ന 'ക്രപ്പ്‌ ' വ്യവസായശാല വീണ്ടും വിപുലമായ പ്രവർത്തനം തുടങ്ങി. ആയുധനിർമ്മാണം നാസിജർമനിയുടെ ഏറ്റവും വലിയ വ്യവസായമായിതീർന്നു.
ജൂതൻമാരുടെ സ്വത്തുക്കളെല്ലാം കണ്ടുകെട്ടി. ഈ പണം പുനരായുധീകരണ പരിപാടിക്ക് ഉപയോഗിക്കപ്പെട്ടു. ബാങ്ക്നോട്ടു വഴി ആയുധ നിർമ്മാണശാലയ്ക്ക് പ്രതിഫലം നൽകാൻ ഷാഹ്ട് നിർദ്ദേശിച്ചതോടെ ഗവണ്മെന്റ് ബജറ്റിൽ നിന്നും പുനരായുധീകരണത്തിന്റെ വമ്പിച്ച ചെലവുകൾ ഒഴിച്ചു നിർത്താൻ കഴിഞ്ഞു. യുദ്ധകാലാടിസ്ഥാനത്തിൽ ജർമ്മൻ സാമ്പത്തികരംഗവും ജർമ്മൻ സൈന്യവികസനവും ആയുധനിർമാണവും വഴി മറ്റു രാജ്യങ്ങളെ പിന്നിലാക്കാൻ ജർമനിക്ക് സാധിച്ചത് ഷാഹ്ടിന്റെ സാമർഥ്യം മൂലമായിരുന്നു.
1936-ൽ ചതുർവത്സര പദ്ധതി നടപ്പിലാക്കി. സാമ്പത്തിക കാര്യങ്ങളിൽ അജ്ഞനായിരുന്നെങ്കിലും പദ്ധതിയുടെ വിജയകരമായ നടത്തിപ്പിന് വേണ്ടി ഗോറിങ് ജർമനിയുടെ സാമ്പത്തിക സർവ്വാധിപതിയായി നിയമിക്കപ്പെട്ടു. ഭാവിയുദ്ധത്തിൽ ഉപരോധം കൊണ്ട് ജർമനിക്ക് പ്രയാസം ഉണ്ടാകാത്തവിധത്തിൽ സ്വയം പര്യാപ്തത നേടുകയെന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ഇറക്കുമതി കുറക്കുക, പുതിയ വ്യവസായങ്ങൾ തുടങ്ങുക മുതലായവയായിരുന്നു പ്രധാന പരിപാടികൾ.
വ്യവസായ സംഘടനകൾ ഗവണ്മെന്റ് നിയന്ത്രണതിലായി. തൊഴിലാളികളുടെ അവകാശവാദങ്ങൾ, പണിമുടക്ക് എന്നിവ നിരോധിച്ചു. ട്രേഡ് യൂണിയന് പകരം തൊഴിൽ മുന്നണി രൂപീകൃതമായി. യഥാർത്ഥത്തിൽ ഇത് നാസി പാർട്ടിയുടെ ഒരു ഘടകം മാത്രമായിരുന്നു. പരമാവധി ജോലി ചെയ്യുന്നതിനുള്ള സൗകര്യം എല്ലാവർക്കും ഉണ്ടാക്കുക എന്നതായിരുന്നു അതിന്റെ ലക്ഷ്യം. ഉല്പാദനരംഗത്തും നാസികൾ തങ്ങൾക്ക് പ്രിയപ്പെട്ട 'നേതൃത്വതത്വം ' നടപ്പാക്കി. മുതലാളി നേതാവും തൊഴിലാളി അനുയായികളും ആയി തീർന്നു. നേതാവ് തീരുമാനിക്കും അനുയായികൾ അനുസരിക്കുന്നു. ഇതായിരുന്നു നാസി രാഷ്ട്രത്തിലെ മുതലാളി -തൊഴിലാളി ബന്ധത്തിന്റെ സ്വഭാവം.
തുച്ഛമായ വേതനത്തിൽ നിന്നും ഒരു ജർമ്മൻ തൊഴിലാളി പാർട്ടി ഫണ്ടിലേക്കും വിവിധതരം ക്ഷേമനിധികളിലേക്കും ഗണ്യമായ സംഭാവനകൾ നൽകേണ്ടിയിരുന്നു.
ജർമനിയുടെ വ്യവസായ വികസനത്തിന്‌ വളരെയേറെ സഹായിച്ചത് പുതുതായി നിർമ്മിച്ച റോഡുകളായിരുന്നു അവ നാസിരാഷ്ട്ര ശരീരത്തിലെ രക്തധമനികളായി തീർന്നു. അവ വാണിജ്യ വ്യവസായ വികസനത്തിന്‌ വളരെ ഉപകാരപ്രദമായിത്തീർന്നു.
കാർഷികവിദഗ്ധനായ വാൾട്ടൽഡാരെ നാസി ഗവണ്മെന്റിന്റെ കൃഷിമന്ത്രിയായി നിയമിക്കപ്പെട്ടു. അദ്ദേഹം പല പഴയ നിയമങ്ങളും പരിഷ്കരിച്ചുകൊണ്ട് കർഷകർക്ക് ഒട്ടേറെ ആശ്വാസം നൽകി. കൃഷിസ്ഥലം വിൽക്കാനോ പണയപ്പെടുത്താനോ പാടില്ലെന്നുള്ള നിബന്ധന കൊണ്ട് വന്നു. ആര്യവംശജർ മാത്രമേ സ്ഥലം കൈവശം വയ്ക്കാവൂ എന്ന് നിഷ്കർഷിച്ചു. ഉല്പാദന രംഗത്ത് കുതിച്ചുചാട്ടം ഉണ്ടായെങ്കിലും സ്വയം പര്യാപ്തത എന്നതിൽ എത്താൻ കഴിഞ്ഞില്ല. ആക്രമിച്ചു കീഴടക്കിയ രാജ്യങ്ങളിലെ ഭക്ഷ്യവിഭവങ്ങൾ ഇല്ലായിരുന്നുവെങ്കിൽ ജർമനിക്ക് യുദ്ധക്കാലത്തു പിടിച്ചു നിൽക്കാൻ കഴിയുമായിരുന്നില്ല.
ഇതേ സമയം ഫ്രാൻസിലാകട്ടെ തൊഴിലാളി സംഘടനകൾ ശക്തരായിത്തീരുകയും അവകാശങ്ങൾ നേടിയെടുക്കാൻ കൂടെകൂടെ ഉണ്ടായിക്കൊണ്ടിരിക്കുന്ന പണിമുടക്കുകൾ ഉല്പാദനരംഗത്തു സ്തംഭനം സൃഷ്ട്ടിക്കുകയും പതിവായി. തൊഴിൽ മേഖലയിൽ സൃഷ്ഠിക്കപെട്ട ഇത്തരം അസ്ഥിരതകൾ ഉല്പാദനരംഗത്തും ശക്തമായ നേതൃനിരയുടെ അഭാവം രാഷ്ട്രീയരംഗത്തും ഫ്രാൻസ് പോലെയുള്ള രാജ്യങ്ങളെ സാമ്പത്തികമായും സൈനികമായും പിന്നോട്ടടിക്കാൻ കാരണമായിത്തീർന്നു.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ജർമ്മൻരാഷ്ട്രം പശ്ചിമ ജർമനിയെന്നും പൂർവ ജർമനിയെന്നും രണ്ടായി വിഭജിക്കപ്പെട്ടു. യുദ്ധത്തിന്റെ തകർച്ചയിൽ നിന്നും ഉയർത്തെണീറ്റശേഷം ഇവയുടെ പുരോഗതി അവിശ്വസനീയം എന്ന രീതിയിലായിരുന്നു. വ്യവസായ വളർച്ചയിൽ ജർമ്മനി ഇന്ന് ലോകരാഷ്ട്രങ്ങളുടെ മുൻപന്തിയിലാണ്. ഈ വളർച്ചയ്ക്ക് വിത്ത് പാകിയത് ഹിറ്റ്ലറായിരുന്നു എന്ന കാര്യം ആരെങ്കിലും ഓർക്കാറുണ്ടോ? ആവോ !

No comments:

Post a Comment