Thursday, July 4, 2019




അലറിക്കരയുന്നമമ്മിയുടെരഹസ്യംതേടി..


( ഭാഗം. 1) 


ചിലപ്പോൾ അങ്ങനെയാണ്. ചില ചോദ്യങ്ങൾക്കുള്ള ഉത്തരം ലഭിക്കാൻ കാലങ്ങൾ തന്നെ വേണ്ടി വന്നേക്കും. എന്നാൽ നൂറ്റാണ്ടുകൾ കാത്തു നിൽക്കേണ്ടി വരുന്ന ഒരാവസ്ഥയെക്കുറിച്ചു ആലോചിച്ചു നോക്കൂ ! ആ ചോദ്യങ്ങൾക്കുള്ള ഉത്തരം ലഭിക്കാൻ സയൻസിന്റെയും സാങ്കേതിക വിദ്യയുടെയും വളർച്ച സഹായകരമായി തീർന്നിട്ടുണ്ടാകാം. എങ്കിലും അവിടെ കാണിച്ച ക്ഷമയും നിശ്ചയദാർഢ്യവും അഭിനന്ദനീയം തന്നെ. പറഞ്ഞുവരുന്നത്, 130 വർഷങ്ങൾക്ക് മുൻപ് കണ്ടെടുക്കപ്പെട്ട "അൺനോൺ മാൻ ഇ" എന്ന പേരിലറിയപെട്ട മമ്മിയുടെ രഹസ്യം ഈ അടുത്ത കാലത്ത് അനാവരണം ചെയ്യപ്പെട്ടതിനെ കുറിച്ചാണ്.
1886-ൽ ലെക്സറിനു എതിർവശത്തു നൈലിന്റെ പടിഞ്ഞാറെകരയിലുള്ള ഏതാനും മരണാന്തരക്ഷേത്രങ്ങൾ ഉൾകൊള്ളുന്ന "ദേർ എൽ-ബഹാരി"യിൽ നിന്നാണ് പുരാവസ്തു ഗവേഷകരെ അത്ഭുതപെടുത്തുകയും കുഴക്കുകയും ചെയ്ത ഒരു മമ്മി കണ്ടെത്തിയത്. കണ്ടെടുക്കപ്പെട്ട മമ്മിയുടെ മുഖം ഭീകരമായിരുന്നു.വായ തുറന്ന നിലയിലായിരുന്നു. മരണത്തിന്റെ അതിഭയാനകരൂപം തൊട്ടുമുന്നിൽ പ്രത്യക്ഷപ്പെട്ടപ്പോൾ അലറിക്കരയുന്ന രീതിയിൽ കണ്ണുകൾ തള്ളി, മുഖത്തെ പേശികളെല്ലാം വക്രിച്ചു, ചുണ്ടുകൾ വലിഞ്ഞുകോടി പാതി തുറന്ന വായിലൂടെ മൃത്യുഗന്ധം പരത്തുന്ന ഒരു ബീഭത്സ രൂപം. മറ്റു മമ്മികളിൽ നിന്ന് വ്യത്യസ്‌തമായി കണ്ടെടുക്കപ്പെട്ട ആ മമ്മിയെ ഗവേഷകർ "അലറിക്കരയുന്ന മമ്മി" എന്നാണ് വിളിച്ചിരുന്നത്.
രാംസെസ് മൂന്നാമൻ 
ഈജിപ്ഷ്യൻ - ഫറവോ ശവസംസ്കാര ചടങ്ങുകളിൽ നിന്ന് വ്യത്യസ്തമായി കാണപ്പെട്ടത് ചരിത്രാന്വേഷകരെയും ഗവേഷകാരെയും ഇരുത്തി ചിന്തിപ്പിച്ചു. "മമ്മിഫിക്കേഷൻ" സാധാരഗതിയിൽ ലിനൻ തുണിയിൽ പൊതിഞ്ഞാണ് തയ്യാറാക്കുക. എന്നാൽ അലറിക്കരയുന്ന മമ്മിയുടെ ശരീരഭാഗങ്ങൾ തന്ത്ര കർമ്മാനുഷ്ടാനങ്ങൾക്ക് ഏറ്റവും മലീമസമെന്ന് അക്കാലത്തു കരുതിയിരുന്ന ആട്ടിൻതോലിൽ പൊതിഞ്ഞാണ് നടത്തിയിരുന്നത്. പ്രാചീന ഈജിപ്തിലെ വറ്റിവരണ്ട ജലാശയങ്ങളുടെ അടിത്തട്ടിൽ നിന്നും ശേഖരിക്കുന്ന "നാട്രോൺ " എന്ന ഉപ്പിലിട്ടായിരുന്നു മൃതദേഹം സൂക്ഷിക്കുന്നത്. കൂടതെ, മസ്തിഷ്ക്കവും കുടൽമാലയടക്കമുള്ള ആന്തരികയാവയവങ്ങൾ നീക്കം ചെയ്യാതെയും കൂടുതൽ പരിചരണങ്ങൾ ഒന്നുമില്ലാതെ നിഗൂഢവും ദുരൂഹമായ രീതിയിൽ നടത്തിയ മമ്മിഫിക്കേഷൻ ഗവേഷകരിൽ അസ്വാഭികത ഉണ്ടാക്കി. അതോടപ്പം മരണാനന്തരജീവിതത്തിൽ ഒരു സ്ഥാനവും നേടാതിരിക്കാനായി ശവക്കല്ലറയിലെ പേരുകളെല്ലാം ചുരണ്ടി കളയുകയും ചെയ്തിരിക്കുന്നു. ഒരാളുടെ മരണത്തോടെ അയാളുടെ എല്ലാം തെറ്റുകുറ്റങ്ങളും പൊറുക്കപ്പെടുമെന്നാണ് പറയാറുള്ളത്. പക്ഷെ ഇവിടെ മരണാന്തര ജീവിതത്തിൽ പോലും അയാൾക്ക് മോക്ഷം കിട്ടരുതെന്ന് ആഗ്രഹിക്കാൻ മാത്രം അയാൾ ചെയ്ത തെറ്റെന്താണ്? ആ ചോദ്യം കൊണ്ടെത്തിച്ചത് 3000 വർഷങ്ങൾ അപ്പുറത്ത് ഈജിപ്ത് ഭരിച്ചിരുന്ന ഫറവോമാരിലേക്കും കൊട്ടാരത്തിന്റെ അന്തപ്പുരത്തിൽ അരങ്ങേറിയ ഗൂഢാലോചനയിലേക്കും കൊടും ക്രൂരതയിലേക്കും പിന്നീടുണ്ടായ ശിക്ഷ നടപടികളിലേക്കുമായിരുന്നു!.
The tomb ramses III ,Medinet habu 
പ്രാചീന ഈജിപ്തിന്റെ മഹത്തായ കാലഘട്ടം എന്ന് വാഴ്ത്തപ്പെടുന്നത് നവീനരാജവംശകാലത്തെ 18-ഉം 19-ഉം രാജവംശത്തെയാണ്. ആ കാലത്താണ് പ്രതാപശാലികളായ ആമേൻ ഹോട്ടപ്മാരും, വിപ്ലവകാരിയായ അഖ്‌നതെനും ലോകത്തെ വിസ്മയിപ്പിച്ച തുത്തന്ഖാമനും മഹാനായ രാംസെസുമടങ്ങുന്ന പ്രഗത്ഭമതികൾ രാജ്യം ഭരിച്ചിരുന്നത്. ഇരുപതാം രാജവംശത്തിലെ (BCE 1185-1069 ) ശക്തനായ രാജാവായിരുന്നു രാംസെസ്സ് മൂന്നാമൻ. കർനാക്കിലെ ബുബാസ്തിസ് കവാട (Bubastite portal) ത്തിന് തൊട്ടടുത്തു പടിഞ്ഞാറു വശത്തായി സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന്റെ തൂണുകളിൽ ഒന്നിൽ രാംസെസ് മൂന്നാമന്റെ ഔദ്യോഗികനാമം ഇങ്ങനെയാണ് കൊത്തിവെച്ചിരിക്കുന്നതു. "ഉസെർമാത് രെ -മെരിഅമൂൺ -രാമസെ -ഹെകാഇനു എന്നാണ്.
തന്റെ മഹാനായ മുൻഗാമിയായ രാംസെസ് രണ്ടാമന്റെ പേര് സ്വീകരിച്ച രാംസെസ് മൂന്നാമൻ, രാമസേസ് രണ്ടാമന്റെ പെരുമയ്ക്കും കഴിവിനും ഒപ്പം നിൽക്കാൻ പറ്റുന്ന പോരാളി തന്നെയായിരുന്നു.ലോകം മുഴുവൻ പ്രക്ഷുബ്ധമായ ഒരു കാലഘട്ടത്തിലൂടെ പൊയ്ക്കൊണ്ടിരുന്ന അവസരത്തിലായിരുന്നു ഈജിപ്തിലെ 20-അം രാജവംശത്തിലെ രണ്ടാമത്തെ ഫറവോയായി രാംസെസ് മൂന്നാമൻ സ്ഥാനമേൽക്കുന്നത്. ലോകചരിത്രത്തിൽ വെങ്കലയുഗം അസ്തമിച്ചുകൊണ്ടിരുന്ന സമയം കൂടിയായിരുന്നു. BCE 1206 മുതൽ 1150 വരെയുള്ള അരനൂറ്റാണ്ട് കാലം ഭൂമിയിലെങ്ങും മനുഷ്യൻ വിവിധ പ്രയാസങ്ങൾ നേരിട്ട കാലം.
ഗ്രീസിലെ മൈസീനിയൻ സാമ്രാജ്യം തകർച്ചയിലേക്ക് നീങ്ങിയപ്പോൾ ഗ്രീസ് ഇരുണ്ട യുഗത്തിലേക്ക് പ്രവേശിച്ചു. ഹിറ്റെറ്റുകൾ ഏതാണ്ട് തുടച്ചു നീക്കപ്പെട്ട അവസ്ഥയിലായിരുന്നു. കനാൻ ദേശത്തെ കൊച്ചുരാജ്യങ്ങളെല്ലാം അരാജകാവസ്ഥയിലും. മൈസീനി, ഹട്ടൂസ്, ഉഗാരിത് എന്നീ പുരാതനനഗരങ്ങൾ ഒന്നാകെ നാമാവശേഷമാക്കപ്പെടുകയും ചെയ്തു. ഭാരതത്തിൽ ഈയൊരു പ്രതിഭാസം ബാധിചിരുന്നതിന് തെളിവൊന്നും ഇല്ല. സിന്ധുനാഗരികത പൂർണമായും അസ്തമിക്കുകയും ഋക് വേദകാലഘട്ടം അതിന്റെ ഉന്നതിയിലേക്ക് നീങ്ങിക്കൊണ്ടിരുന്ന കാലം കൂടിയായിരുന്നു അതെന്ന് കാണാൻ കഴിയും.
"പ്രാചീന ചരിത്രത്തിലെ ഏറ്റവും കെടുതി നിറഞ്ഞ കാലം" എന്നാണ് റോബർട്ട്‌ ഡ്യുസ് എന്ന ചരിത്രകാരൻ ഈ കാലഘട്ടത്തെ വിശേഷിപ്പിക്കുന്നത്. അഗ്നിപർവത സ്‌ഫോടനങ്ങൾ, ഭൂമികുലുക്കം, വരൾച്ച, നിരക്ഷരത, കച്ചവടമാർഗങ്ങളിലെ അരക്ഷിതാവസ്ഥ, വെങ്കലത്തിന് സംഭവിച്ച ക്ഷാമം പകരം വന്ന ഇരുമ്പിനെ പൂർണമായും കൈപ്പിടിയിലൊതുക്കാൻ സാധിക്കാത്തതു കൂടാതെ സാമൂഹ്യ വ്യവസ്ഥിതിയുടെ അധഃപതനം എന്നിങ്ങനെ പല കാരണങ്ങൾ ശാസ്ത്രകാരന്മാർ ഈയൊരു പ്രതിഭാസത്തിന് കാരണമായി പറയുന്നുണ്ട്. ഇതിനെല്ലാം പുറമെ എവിടെ നിന്നോ പ്രത്യക്ഷപെട്ടു മധ്യധരണിയുടെ കിഴക്കൻ തീരങ്ങളിൽ ആക്രമണം അഴിച്ചുവിടുന്ന കടൽക്കൊള്ളക്കാർ ജനങ്ങളെ മുഴുവൻ ഭീതിയിലാഴ്ത്തുകയും ചെയ്തു.
ഭരണമേറ്റതിന്റെ അഞ്ചാം വർഷം രാംസെസ് മൂന്നാമന് ആദ്യ പരീക്ഷണം നേരിടേണ്ടി വന്നു. ലിബിയയിൽ നിന്നുള്ള ഗോത്രവർഗക്കാരുടെ രൂപത്തിൽ അപ്രതീക്ഷിതമായി വിദേശികളുടെ ആക്രമണം. അതിനെ ശക്തമായി നേരിട്ട രാംസെസ് ആക്രമണത്തെ പരാജയപ്പെടുത്തുകയും നിരവധിപേരെ വധിക്കുകയും പലരെയും അടിമകളാക്കുകയും ചെയ്തു. അതോടെ ലിബിയയുമായി ഈജിപ്തുകാർക്ക് സമ്പർക്കവും സഹവാസവും ഉണ്ടായി.
രാംസെസിന്റെ ഭരണത്തിന്റെ എട്ടാം വർഷത്തിൽ ജനങ്ങളിൽ ഉണ്ടാക്കിയ ഭീതിയും സംഭ്രമജനകമായ സ്ഥിതി വിശേഷത്തെക്കുറിച്ച് പ്രാചീന പാപ്പിറസ് രേഖകൾ ഇപ്രകാരം പറയുന്നു :-
"വിദേശികൾ അവർക്കെതിരെ ദ്വീപുകളിരുന്നു ഗൂഢാലോചന നടത്തി. യുദ്ധത്തിൽ രാജ്യങ്ങളെല്ലാം തകർന്നടിഞ്ഞു. അവരുടെ ആയുധശക്തിക്ക് മുൻപിൽ ആർക്കും പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. ഹിറ്റെറ്റ്, ഖ്വാദ്, കാർക്കമേഷ്, അരസാവ, സൈപ്രസ് എന്നീ രാജ്യങ്ങളെല്ലാം നാമാവശേഷമായി. ജനങ്ങളെല്ലാം ഉപേക്ഷിക്കപ്പെട്ടു അലഞ്ഞു തിരിയുന്നു. സർവ്വവും നശിപ്പിക്കുന്ന ആ ഉഗ്രമൂർത്തികൾ ഈജിപ്തിനെയും ലക്ഷ്യമിട്ട് കടന്ന് വരുകയാണ്. "
രേഖയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ സത്യമാണെന്നാണ് ചരിത്രം പറയുന്നത്. ആ ലിഖിതങ്ങളിൽ പറഞ്ഞിരിക്കുന്ന രാജ്യങ്ങൾ കൂടാതെ എംക്കോമി, താർസസ്‌, അലലാഖ്, ഉഗാരിത് എന്നീ നഗരങ്ങളും തകർത്തെറിഞ്ഞിരുന്നു. മനുഷ്യരാശിക്ക് നാശം വരുത്തി ജനങ്ങളെയും രാജ്യങ്ങളെയും ഇല്ലാതാക്കി സമ്പത്ത് കൊള്ളയടിച്ചും മാനവസംസ്കാരത്തെ തന്നെ ഇല്ലായ്മ ചെയ്യാൻ ഇറങ്ങിപുറപ്പെട്ട ആ രാക്ഷസന്മാർ ആരായിരുന്നു? കടൽമനുഷ്യർ! ഒരു കാലത്ത് ഭയം കൊണ്ടും ക്രൂരത കൊണ്ടും ലോകജനതയെ കീഴ്പെടുത്തിയവരായിരുന്നു കടൽകൊള്ളക്കാർ.
ഈജിപ്തിന് ഭീഷണിയായി വടക്കൻ സിറിയയിലെ സില്സിയ എന്ന പുൽമൈതാനത്തു സംഘടിച്ചിരുന്ന കടൽ മനുഷ്യർ പല രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു. സാർദീനിയ, അനത്തോലിയ (ഇന്നത്തെ തുർക്കി ), സൈപ്രസ്, ഇറ്റലി, ഗ്രീസ്, സിറിയ എന്നീ സ്ഥലങ്ങളിൽ നിന്നുള്ളവരായിരുന്നു അവരിൽ മിക്കവരും.ആയിടെ അവസാനിച്ചുവെന്ന് ചിലർ വിശ്വസിക്കുന്ന ട്രോജൻ യുദ്ധത്തിൽ ഇരുഭാഗത്തുമായി പങ്കെടുത്ത നല്ലൊരു വിഭാഗം സൈനികരും അക്കൂട്ടത്തിൽ ഉണ്ടെന്ന് കരുതപ്പെടുന്നു. പല കാരണങ്ങളാൽ സ്വന്തം വീട്ടിൽ നിന്നും രാജ്യത്തുനിന്നും പുറത്ത് പോകേണ്ടി വന്ന നിർഭാഗ്യവാന്മാരുടെ വലിയൊരു കൂട്ടമായിരുന്നു കടൽമനുഷ്യർ.അത് കൊണ്ട് തന്നെ രാജ്യത്തിനകത്തു സഹവർത്തിത്വത്തോടെയും വീട്ടിനുള്ളിൽ സ്നേഹത്തോടെയും കഴിഞ്ഞവരോട് അവർക്ക് പുച്ഛവും പകയും ആയിരി ന്നിരിക്കണം. കപ്പലോടിക്കുന്നതിലും ആയോധനവിദ്യയിലുമുള്ള അവർക്കുള്ള കഴിവ് മികച്ചതായിരുന്നു.കടൽമനുഷ്യർ രണ്ട് വഴിയിലൂടെയായിരുന്നു ഈജിപ്തിലേക്ക് കടക്കാൻ തീരുമാനിച്ചത്. ഒരു സംഘം സിറിയ, കനാൻദേശങ്ങളുടെ കടൽത്തീരത്ത് കൂടിയും മറ്റുള്ളവർ കപ്പലിൽ അവർക്ക് സമാന്തരമായും സഞ്ചരിച്ചു. കരയിലൂടെ സഞ്ചരിച്ചിരുന്നവരിൽ സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നു. സമ്പദ്സമൃദ്ധമായ ഈജിപ്തിൽ ശേഷിച്ച കാലം ജീവിക്കാം എന്ന തീരുമാനമായിരുന്നു അവർക്കുണ്ടായിരുന്നത്.
രാംസെസ് മൂന്നാമന്റെ മരണാന്തര ക്ഷേത്രമായ മെദിനെത് ഹാബുവിൽ കടൽ മനുഷ്യരുടെ ആക്രമണത്തെക്കുറിച്ച് ലിഖിതമായും ചിത്രങ്ങളായും വരച്ചു വെച്ചിട്ടുണ്ട്. ബുദ്ധിമാനും ധീരനുമായിരുന്നു രാംസെസ് മൂന്നാമൻ. കടൽമനുഷ്യരുടെ വരവിനെക്കുറിച്ചറിഞ്ഞ രാംസെസ് വലിയൊരു സംഘം സൈനികരെ തെക്കൻ പാലസ്തിനിലുള്ള ദ്യാഹി എന്ന തങ്ങളുടെ സൈനിക താവളത്തിലേക്ക് അയച്ചു. അത്ര ശക്തമായ ഒരു സൈന്യത്തെ അവിടെ പ്രതീക്ഷിക്കാത്ത കടൽമനുഷ്യർ യുദ്ധത്തിൽ പരാജയപെട്ടു. അപ്പോഴേക്കും കടൽമനുഷ്യരുടെ കൂടുതൽ ശക്തമായ നാവികപ്പട ഈജിപ്ത് ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരുന്നു.
കടലിൽ പോകാൻ പരിശീലനം ലഭിച്ച പോരാളികൾ ആയിരുന്നെങ്കിലും ഈജിപ്തിന്റെ നാവികപ്പട ഒരിക്കലും മികച്ചതായിരുന്നില്ല. നൈൽനദിയുടെ കിഴക്കൻ ശാഖയുടെ നദീമുഖത്തേക്ക് ഇരച്ചുകയറിയ കടൽമനുഷ്യരെ അവിടെത്തന്നെയുണ്ടായിരുന്ന പടയാളികൾ തടയുകയും അവരുടെ നൗകകൾക്ക് നേരെ നിരന്തരം അമ്പെഴുതു. കൂടാതെ ഈജിപ്ഷ്യൻ കപ്പലുകളിൽ നിന്നും അമ്പെഴുത്തു തുടങ്ങിയതോടെ പരിഭ്രമിച്ച കടൽമനുഷ്യരുടെ കപ്പലുകളെ വലിയ കൊളുത്തുകൾ ഉപയോഗിച്ചു കരയിലേക്ക് വലിച്ചടുപ്പിച്ചു. അവിടെ നേർക്ക് നേരെ നടന്ന പൊരിഞ്ഞ യുദ്ധത്തിൽ ഈജിപ്ത് വിജയിച്ചു. അതോടുകൂടി അമൂൻ ദേവന്റെയും രാംസെസ് മൂന്നാമന്റെയും കീർത്തി വാനോളം ഉയർന്നു. കടൽ മനുഷ്യരുടെ മധ്യപൂർവ്വ ഏഷ്യയിലെ ആധിപത്യം എന്നെന്നേക്കുമായി അവസാനിപ്പിക്കാനും സാധിച്ചു.
രാംസെസ്സ് രണ്ടാമൻ പെയിന്റിംഗ് 
മൂന്ന് വർഷങ്ങൾ കഴിഞ്ഞപ്പോൾ ചില ഗോത്രവർഗക്കാരെ കൂട്ടുപിടിച്ചു ലിബിയക്കാർ ഈജിപ്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങൾ ആക്രമിച്ചു. യുദ്ധങ്ങളിലൂടെ നേടിയെടുത്ത പരിചയ സമ്പന്നതയിലൂടെ അക്രമകാരികളെ എളുപ്പത്തിൽ തോൽപ്പിക്കാൻ രാംസെസ്സ് മൂന്നാമന് സാധിച്ചു. യുദ്ധത്തിനിടയിൽ 2000-ത്തിലധികം ലിബിയക്കാരെ വധിക്കുകയും തടവുകാരായി പിടിച്ചവരെ വധശിക്ഷയ്ക്കു വിധേയരാക്കുകയും ചെയ്തു.
രാംസെസ്സ് സൈനിക വിജയങ്ങളിലൂടെ പേരും പ്രശസ്തിയും നേടിയതോടപ്പം തന്നെ മറ്റു രാജ്യങ്ങളുമായി വ്യപാരബന്ധം പ്രോത്സാഹിപ്പിക്കുകയും പല നിർമ്മാണപ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്തു. മെദിനെത് ഹാബു, എബൈദോസ്‌, മെംഫിസ്, ഹീലിയോപോളിസ്, സ്യൂത്, ഹെർമപോളിസ് എന്നിവിടങ്ങളിൽ ക്ഷേത്രങ്ങൾ നിർമ്മിച്ചു.
പുറത്ത് നിന്ന് രാജ്യത്തിനെതിരെയുള്ള കടന്നാക്രമണങ്ങളെ ചെറുത്തു രാജ്യം ശക്തമായി മുന്നോട്ട് പോകുന്നതിനിടയിൽ രാജകൊട്ടാരത്തിന്റെ അന്തഃപുരത്തിനകത്തും പുറത്തും ഉടലെടുത്ത കരുനീക്കങ്ങൾ അദ്ദേഹത്തിന് മനസിലാക്കാൻ കഴിഞ്ഞില്ല. അങ്ങനെയൊക്കെ ചെയ്യാൻ ആരും ധൈര്യപ്പെടില്ല എന്ന അതിരുകവിഞ്ഞ ആത്മവിശ്വാസമായിരിക്കാം അദ്ദേഹത്തിനുണ്ടായിരുന്നത്.ആ നിസംഗതയ്ക്ക് കൊടുക്കേണ്ടി വന്ന വിലയോ വളരെ വലുതുമായിരുന്നു..


                                                                                                                                                      (തുടരും)

No comments:

Post a Comment