Saturday, July 20, 2019


ഇസിസ്: അനശ്വര പ്രണയത്തിന്റെ പ്രതീകം.  
(ഈജിപ്ത് .3)

ആകാശത്തിന്റ ദേവിയായ നൂതിന്റെയും ഭൂമിദേവനായ ഗേബിന്റെയും മക്കളായിരുന്നു സേതും ഒസിറിസും. ഈജിപ്തിന്റെ ചരിത്രാതീത കാലത്തെ രാജാവായിരുന്നത്രെ ഒസിറിസ്. നൈർമല്യവും സ്നേഹവും പ്രജാവത്സല്യത്താലും എല്ലാവരുടെയും ഇഷ്ടഭാജനം. പക്ഷേ ഉഗ്രമൂർത്തിയായ സേത് അങ്ങനെയൊന്നും ആയിരുന്നില്ല. ഓസിറിയസിനോട് ജനങ്ങളുടെ സ്നേഹവർഷം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു സേതിന്. ആ സഹോദരൻ അസൂയ കൊണ്ട് നീറി.

ഒസിറിയസിന്റെ ധർമ്മപത്നിയായിരുന്നു അതിസുന്ദരിയായ ഇസിസ്. വിശ്വസ്ത്രീത്വത്തിന്റെ പ്രതീകം എന്ന് പറയാവുന്ന പതിവ്രതാരത്നം. ഇസിസിന്റെ ഒസിറിസിനോടുള്ള പ്രേമം അളവറ്റതായിരുന്നു. അവരുടെ പ്രണയം സേതിൽ ഒസിറിയസിനോട് വെറുപ്പും വിദ്വേഷവും വളർത്തിയിരിക്കാൻ സാധ്യത ഏറെ ഉണ്ട്. മാനുഷിക വികാരങ്ങൾ ദൈവങ്ങളെയും ഭരിക്കും എന്ന് തോന്നിയേക്കാവുന്ന ഒരു അഭിശപ്ത നിമിഷത്തിൽ സേത് ഒസിറിയസിനെ കൊന്ന് കളയാൻ തീരുമാനിക്കുന്നു.

ഒസിരിസ്‌ 
വളരെ വൈചിത്ര്യങ്ങളുള്ള ദേവനാണ് സേത്. ഒരേ സമയം ക്ഷിപ്രകോപിയും ക്ഷിപ്രപ്രസാദിയുമാണ്. ഈജിപ്തിന് ചുറ്റും കണ്ണെത്താത്ത ദൂരത്തോളം പരന്നു കിടക്കുന്ന മണലാരണ്യങ്ങൾ മുഴുവൻ സേതിന്റെ അധീനതയിലാണ്. ദേവരാജനായ "റാ" പോലും സേതിന്റെ സംരക്ഷണയിലാണ് രാത്രി സഞ്ചാരം നടത്തുന്നത്. അതിശക്തനും ഉഗ്രമൂർത്തിയുമായ സേതിനെ മറ്റു ദേവകൾക്ക് പോലും പേടിയാണ്. അമ്മയായ നൂതിന്റെ ഗർഭപാത്രം തകർത്തെറിഞ്ഞു കൊണ്ടാണ് ചുവന്ന തലമുടിയുള്ള സേത് ജന്മമെടുത്തത് തന്നെ. സേതിന്റെ രൂപവും വൈചിത്ര്യം നിറഞ്ഞതായിരുന്നു. ഒറ്റനോട്ടത്തിൽ ചെന്നായ ആണെന്ന് തോന്നും. കൂർത്ത മൂക്കും വായും. സൂക്ഷിച്ചു നോക്കിയാൽ ഉറുമ്പ്തീനിയുടെ ചായ. തീക്ഷണമായ കണ്ണുകളും മനുഷ്യന്റേതു പോലുള്ള ഉടൽ. പിന്നിൽ വാൾ പോലെ മൂർച്ചയുള്ള ഇരട്ട വാൽ. ഭയത്തോടെ മാത്രം നോക്കി കാണാൻ പറ്റുന്ന വിചിത്ര രൂപം, അതാണ് സേത്.
ഒസിറിയസിനെ എന്നെന്നേക്കുമായി ഇല്ലായ്മ ചെയ്യാനുള്ള പദ്ധതി സേത് തയ്യാറാക്കി. ഒരു ദിവസം രാത്രി കിടന്നുറങ്ങുന്ന സമയത്ത് പതുങ്ങി ചെന്ന് ഒസിറിസിന്റെ ശാരീരിക അളവുകൾ എടുത്തു. ആ അളവുകൾ വെച്ച് ഒസിറിയസിനെ കിടത്താവുന്ന അപൂർവ രത്നങ്ങൾ പതിച്ച ഒരു പേടകം നിർമ്മിക്കപ്പെട്ടു. അതിന് ശേഷം സേത് ഒസിറിയസിനെ വിരുന്നിന് ക്ഷണിക്കുകയാണ് ചെയ്തത്. ദുഷ്ടലാക്ക് തിരിച്ചറിയാൻ പറ്റാത്ത ഒസിറിസ് ക്ഷണം സ്വീകരിച്ച് സേത്തിന്റെ സന്നിധിയിൽ എത്തിച്ചേർന്നു. ദുര്യോധനാദികളുടെ ചതി മനസിലാക്കാതെ ചൂത് കളിക്കാൻ ഹസ്തിനപുരത്ത് എത്തിച്ചേർന്ന യുധിഷ്ടിരന്റെ അവസ്ഥയായിരുന്നു ഒസിറിയസിന്റേത് എന്ന് വേണമെങ്കിൽ പറയാം. സേതിന്റെ എല്ലാ കൂട്ടാളികളും അവിടെ എത്തിച്ചേർന്നിരുന്നു. വിശിഷ്ട ഭക്ഷണങ്ങളുടെയും വിനോദത്തിനുമിടയിൽ സേത് ഒരു പ്രഖ്യാപനം നടത്തി.
"എന്റെ കയ്യിൽ വിലപിടിപ്പുള്ള ഒരു പേടകമുണ്ട്. അതിൽ ആർക്കാണോ കൃത്യമായി ശയിക്കാൻ കഴിയുന്നത് അവർക്കാ പേടകം സ്വന്തം "
സേതിന്റെ പ്രഖ്യാപനം കേട്ടമാത്രയിൽ സുഹൃത്തുക്കൾ ഓരോരുത്തരായി പേടകത്തിൽ കിടന്നു നോക്കി. അതെല്ലാം അഭിനയം മാത്രമായിരുന്നു. അവസാനം ഒസിറിസും പെട്ടിയിലേക്ക് ക്ഷണിക്കപ്പെട്ടു. പെട്ടിയിൽ കയറികിടന്ന ഒസിറിസിന് മുൻപിൽ പെട്ടി വലിച്ചടയ്ക്കപ്പെട്ടു. ഒരു വിധത്തിലും തുറന്നു വരാൻ പറ്റാത്തവിധത്തിൽ പെട്ടിയുടെ മൂടിയിൽ ആണി അടിച്ചു കയറ്റി. പിന്നീടാ പെട്ടി സേതും കൂട്ടരും നൈൽ നദിയിലേക്ക് വലിച്ചെറിഞ്ഞു.
വിവരമറിഞ്ഞ ഇസിസ് ദേവി അലമുറയിട്ട് പൊട്ടിക്കരഞ്ഞു, ആർക്കും അവരെ സമാധാനിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. ഇസിസ് ദേവി അന്ന് ഒഴുക്കിയ കണ്ണീരിന്റെ വ്യാപ്തിയിലും ഓർമ്മയിലും ആണെത്രേ എല്ലാം വർഷവും നൈലിൽ വെള്ളപ്പൊക്കം ഉണ്ടായി തുടങ്ങിയത് എന്നൊരു ഐതിഹ്യം നിലവിലുണ്ട്. പതിവ്രതാരത്നമായ ഇസിസ് ദേവി തളർന്നില്ല. ഒസിറിയസിനെ അന്വേഷിച്ചു മണലാരണ്യങ്ങളിലും, മഞ്ഞുമൂടിയ പർവ്വതനിരകളിലും, കാനനങ്ങളിലും ആരും കയറിച്ചെല്ലാൻ മടിക്കുന്ന ഗുഹാന്തരങ്ങളിലും ആകാശത്തും നൈൽ നദിയുടെ ഓരോ ചുഴികളിലും ചതുപ്പിലും കടന്നുചെന്നു.
വർഷങ്ങൾ നീണ്ടുനിന്ന അന്വേഷണത്തിനും കാത്തിരിപ്പിനും ഒടുവിൽ ഇസിസ് ഒസിറിയസിന്റെ പേടകം, ഫിനിഷ്യൻ കടൽക്കരയിൽ ബിബ്ലോസ് എന്ന നഗരത്തിനടുത്ത് നിന്ന് കണ്ടെത്തി. ഇന്നത്തെ ലെബനണിലാണ് ഈ സ്ഥലം. ഈജിപ്തിലേക്ക് കൊണ്ട് വന്ന പേടകം നൈൽ ഡെൽറ്റായിലെ ചതുപ്പ് നിലത്ത് ഒളിപ്പിച്ചു വെച്ചതിന് ശേഷം ഒസിറിസിനെ ഉയർത്തെഴുനേൽപ്പിക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി.
വേട്ടയ്‌ക്കെത്തിയ സേത് ഇതറിയുകയും ഇസിസിന്റെ ആഗ്രഹങ്ങളെ ഇല്ലാതാക്കാൻ ശ്രമിച്ചു. ദേവതാരുവിന്റെ കൂടെ കറിന്താളിയും ആനക്കൊമ്പും രത്നങ്ങളും കൊണ്ട് താൻ നിർമ്മിച്ച പേടകത്തെ അയാൾ പെട്ടന്ന് തന്നെ തിരിച്ചറിഞ്ഞു. വെറുപ്പിലും ക്രോധത്താലും ജ്വലിച്ച സേത് പെട്ടി തകർക്കുകയും ഒസിറിയസിന്റെ മൃതശരീരം വലിച്ചു പുറത്തെടുത്തു. ഒരു മരണാനന്തര ജീവിതം പോലും ഒസിറിയസിന് നൽകാൻ സേത് തയ്യാറായില്ല. രോഷം കൊണ്ട് അന്ധനായ സേത് ഒസിറിയസിന്റെ ശരീരം കൊത്തിനുറുക്കി പതിനാലു ഭാഗങ്ങളായി ഈജിപ്തിന്റെ നാനാഭാഗങ്ങളിലേക്ക് വലിച്ചെറിഞ്ഞു. ഒസിറിയസിന്റെതായ ഒരു ജീവകോശം പോലും ഇനിമേൽ തുടിച്ചു പോകരുതെന്ന വാശിയിൽ മൃതശരീരത്തിൽ നിന്നും മുറിച്ചു മാറ്റപ്പെട്ട ജനനേന്ദ്രിയത്തെ നൈൽ നദിയിലേക്ക് എറിഞ്ഞു. സേതിന്റെ പ്രിയപ്പെട്ട മത്സ്യമായ കാർപ്പ് അത് ഭക്ഷണമാക്കി. ഈജിപ്തുകാരുടെ കണ്ണിലുണ്ണിയായിരുന്ന ഒസിറിയസിന്റെ വധത്തിന് കൂട്ട് നിന്ന നൈൽ കാർപ്പ് ഇന്നും ഈജിപ്തുകാർക്ക് ഒരു ശപിക്കപ്പെട്ട മത്സ്യമാണ്.
"ഞാൻ ഒസിറിയസിനെ എന്നെന്നേക്കുമായി ഇല്ലാതാക്കി " സേതിന്റെ ആക്രോശത്തിൽ ലോകം ഞെട്ടി വിറച്ചു. ജനങ്ങൾ നാല് പാടും ചിതറിയോടി.
തന്റെ നീചപ്രവർത്തിയിൽ മതിമറന്ന് ആഹ്ലാദിച്ച സേതിന് മനസിലാക്കാൻ സാധിക്കാത്ത ഒരു കാര്യം ഉണ്ടായിരുന്നു. അത് ഇസിസ് ദേവിയുടെ നിഷ്കളങ്കവും നിസ്തുലവുമായ അനന്യപ്രേമത്തിന്റെ ശക്തിയായിരുന്നു. ഒസിറിയസിന്റെ അതിദാരുണവും ക്രൂരവുമായ അന്ത്യം ഇസിസിനെ നടുക്കിയെങ്കിലും അവർ തളർന്നില്ല. തന്റെ ശരീരത്തിൽ അവസാന ശ്വാസവും ഒസിറിയസിനോടുള്ള പ്രണയമാണ് തുടിക്കുന്നത് എന്ന് അവർക്കറിയാം. തന്റെ പ്രിയതമന് വേണ്ടി എന്തും സഹിക്കാനും ത്യജിക്കാനും മനസ് തയ്യാറായാൽ പിന്നെ ആർക്കാണ് തടയാൻ കഴിയുക?
ഇസിസ് ദേവി ഒരു തപസ്വിനിയെ പോലെ ഈജിപ്തിലുടനീളം അലഞ്ഞു തിരിഞ്ഞു. ഇസിസിനെ സഹായിക്കാൻ മറ്റൊരാൾ കൂടി ഉണ്ടായിരുന്നു. തന്റെ സഹോദരിയും സേതിന്റെ ഭാര്യയുമായ നെഫത്തിസ്. ഇരുവരും ചേർന്ന് നടത്തിയ ആ നീണ്ട പ്രയാണത്തിനൊടുവിൽ ഒസിറിയസിന്റെ ദേഹഭാഗങ്ങൾ ഒന്നൊന്നായി വീണ്ടെടുക്കപ്പെട്ടു. നൈൽകാർപ്പ് വിഴുങ്ങിയ ജനനേന്ദ്രിയം മാത്രം എന്നെന്നേക്കുമായി നശിപ്പിക്കപ്പെട്ടിരുന്നു. ഇസിസ് ആകട്ടെ തന്റെ ദൈവികമായ തപശ്ശക്തിയാൽ ഒസിറിയസിന്റെ ജനനേന്ദ്രിയം പുനസൃഷ്ടിച്ചു.
തുടർന്ന്, ഇസിസ് ദേവി ഒസിറിയസിന്റെ ശരീരഭാഗങ്ങൾ ഓരോന്നായി കൂട്ടിച്ചേർത്തു. ആ ശരീരത്തെ നനുത്ത തുണികൊണ്ട് ചുറ്റികെട്ടി മൃതസഞ്ജീവിനികളുടെ എണ്ണക്കൂട്ട് നിറച്ച നീളൻ പാത്തിയിൽ കിടത്തി. അങ്ങനെ ലോകത്തിലെ ആദ്യത്തെ മമ്മിയായി ഒസിറിയസ് മാറി. ഇസിസ് ദേവിയോടപ്പം ദൈവികമായ ആ പ്രക്രിയയിൽ നെഫ്‌തിസും മകൻ അനുബിസും പങ്കാളിയായതായി നാം മുൻപ് കണ്ടതാണ്.
ഒരു ഉന്മാദിനിയെ പോലെ ഒസിറിയസിന്റെ മമ്മിക്ക് ചുറ്റും പാട്ട് പാടിയും മന്ത്രങ്ങൾ ചൊല്ലിയും ഇസിസ് പ്രദക്ഷിണം വെച്ചു. ഇടയ്ക്ക് ഉജ്വലമായ ഒരു പെൺപരുന്തിന്റെ രൂപത്തിൽ ആ ശരീരത്തിന് ചുറ്റും പാറിപ്പറന്നു. അപൂർവ തേജസ്സായി ഒസിറിയസിന്റെ നെഞ്ചകത്തേക്ക് ഊളിയിട്ടപ്പോൾ ആ കനത്ത ചിറകടിയിൽ ആകാശവും ഭൂമിയും ഇളകി മറിഞ്ഞു. മെല്ലെ മെല്ലെ ജീവന്റെ കണികകൾ ഒസിറിയസിന്റെ ഹൃദയത്തെ കീഴടക്കി കൊണ്ടിരുന്നു. ഒടുവിൽ മനമുരുകിയുള്ള പ്രാർത്ഥനയിലും അചഞ്ചലമായ ഭക്തിയിലും നിസ്വാർത്ഥമായ സ്നേഹത്താലും ഒസിറിയസ് ദേവൻ ഉയർത്തെഴുനേൽക്കപ്പെട്ടു., ഒരു മരണാന്തര ജീവിതത്തിലേക്ക്. ആനന്ദാതിരേകത്താൽ മതിമറന്ന ദിവ്യാനുഭൂതിയിൽ ഒസിറിയസിന്റെയും ഇസിസിന്റെയും മനസും ശരീരവും ഒന്നായ നിമിഷങ്ങൾ. ലോകം തന്നെ നിശ്ചലമായ ആ ദൈവികാംശത്തിന്റെ ബഹിർസ്ഫുരണമായി ഇസിസിന്റെയും ഒസിറിയസിന്റെയും പുത്രനായി ഹാരു അഥവാ ഹോറസ്സ് ദേവൻ പിറവിയെടുത്തു.
ഇസിസ് 
ഒസിറിയസിന്റെ ഉയർത്തെഴുനേൽപ്പ്, ഈജിപ്ഷ്യൻ ജനതയ്ക്ക് സഹസ്രാബ്ദങ്ങളോളം നീണ്ടു നിന്ന മരണാനന്തര ജീവിതത്തോടുള്ള വൈകാരികവും അതിതീവ്രവുമായ ത്വര പകർന്ന് കൊടുത്തു. ഒരേ സമയം മരിച്ചവനും ജീവിച്ചിക്കുന്നവനുമായി മാറിയ ഒസിറിയസ് അതിന് നാന്ദിയായി. പരലോക ജീവിതത്തിന്റെ അധിപനും ദേവനുമായി മാറിയ ഒസിറിയസിന്റെ സ്വാധീനത്താൽ പുരാതന ഈജിപ്തിലെ ജനത ഒന്നടങ്കം അവരുടെ ശവശരീരങ്ങൾ കേട്കൂടാതെ സൂക്ഷിച്ചുവെക്കുന്നത്തിലേക്ക് ആകർഷിക്കപ്പെട്ടു. അതിന് വേണ്ടിയുള്ള പ്രയത്നങ്ങൾ നിരന്തരം നടത്തുകയും, ഇന്നും ആധുനിക ലോകത്തിന് പൂർണമായും പിടികിട്ടാത്ത ആ അത്ഭുതവിദ്യ അവർ സ്വന്തമാക്കുകയും ചെയ്തു.
ജീവൻ തുടിക്കുന്ന ഭാവങ്ങളുമായി ശയിക്കുന്ന ഫറവോമാരുടെ മമ്മികൾ ദർശിക്കുന്ന ആരിലും ഒസിറിയസിന്റെ ഹൃദയമിടിപ്പും ഇസിസിന്റെ അചഞ്ചല പ്രേമവും കണ്ടെത്താം. മരണാനന്തര ജീവിതത്തിൽ ദേഹിയോടപ്പം ദേഹവും വേണമെന്നുള്ള വിചിത്രമായ വിശ്വാസം ആ പ്രാചീന ജനതയിൽ വേരൂന്നി. തലമുറകളോളം നിലനിന്ന ആ വിശ്വാസത്തിലാണ് നൈൽ നദിതടസംസ്കാരത്തിന്റെ അടിത്തറ കെട്ടിപ്പൊക്കിയതെന്ന് പുരാതന ഈജിപ്ഷ്യൻ സംസ്കാരത്തെ കുറിച്ച് പഠിക്കുന്ന ഏതൊരാൾക്കും കാണാൻ കഴിയും...


                                                                                                                             തുടരും 
ഹോറസ് ,ഒസിരിസ്‌ ,ഇസിസ് 



No comments:

Post a Comment