Monday, July 1, 2019


ഇന്ത്യയുടെ മകൾ :ജ്വലിക്കുന്ന ഓർമ്മ 


2012 ഡിസംബർ -29,പുലർച്ചെ 4.45,
സിംഗപ്പുർ മൗണ്ട് എലിസബത്തു ഹോസ്പിറ്റലിലെ വെന്റിലേറ്റർ മുറി..ശ്വാസോച്ഛാസത്തിന്റെ ഗതി രേഖപെടുത്തിയിരുന്ന മോണിറ്ററുകൾ പെട്ടന്ന് നിശ്ചലമായി.യന്ത്രങ്ങൾ പരാജയപ്പെട്ടതോടെ എല്ലാ പ്രയത്‌നങ്ങളും അവിടെ അവസാനിച്ചു. കഴിഞ്ഞ കുറെ ദിവസങ്ങളായി മകളുടെ ഓരോ ചലനവും ജീവിതത്തിലേക്കുള്ള മടങ്ങിവരവിനായി വിശ്വസിച്ചു ഊണും ഉറക്കവും ഉപേക്ഷിച്ച ഒരച്ഛന്റെ കാത്തിരിപ്പ് വൃഥാവിലായി.
പന്ത്രണ്ടു ദിവസത്തിനിടെ ഒരു മനുഷ്യനും സങ്കല്പിക്കാൻ കഴിയാത്തത്ര വേദനകൊണ്ടു പുളയുമ്പോഴും അവസാന നിമിഷം വരെയും മരണത്തെ അതിജീവിക്കാൻ അസാധാരണമായി അവൾ ശ്രമിച്ചിരുന്നു.ആന്തരാവയവങ്ങൾ പരിപൂർണമായും തകർന്ന നിലയിലാണ് അവളെ കൊണ്ടുവന്നത്. വിമാനയാത്രയ്ക്കിടെയുണ്ടായ ഹൃദയാഘാതം ശരീരത്തെ ഏറെക്കുറെ നിശ്ചലമാക്കിയിരുന്നു. എങ്കിലും ഉള്ളിലെ അണയാത്ത ജീവന്റെ ചേതന തിരികെ ജീവിതത്തിലേക്കെത്തിക്കുമെന്ന് വാശിപിടിക്കുന്നത് പോലെ അത്ഭുതകരമായിരുന്നു ഓരോ നിമിഷവും, മരണത്തെ അതിജീവിക്കാനുള്ള അവളുടെ പ്രയത്നം. ജീവനു വേണ്ടി മരണത്തോട് പോരാടാനുള്ള അവളുടെ ഉള്ളിലുള്ള കരുത്തു ഡോക്ടർമാർ അത്ഭുതത്തോടെ നോക്കിനിന്നു. ഒരു രാജ്യത്തിന്റെ കണ്ണീരും പ്രാർത്ഥനയും പ്രതീക്ഷയും അവൾക്കൊപ്പമുണ്ടായിരുന്നു... പക്ഷെ എല്ലാം നിഷ്ഫലമായി.
ധീരയായ ആ പെൺകുട്ടിക്ക് ചരിത്രം നൽകിയ പേരാണ് "നിർഭയ ".എത്ര അന്വർത്ഥമായ നാമം. മരണത്തിന് രണ്ട് ദിവസം മുൻപ് ഡൽഹിയിലെ സഫ്‌ദർജങ് ആശുപത്രിയിൽ മരണത്തിനും ജീവിതത്തിനുമിടയിലും അവസാനമായും ഇടയ്ക്കിടെ പോയ്മറയുന്ന ബോധത്തിൽ അവൾ പറഞ്ഞത് "എനിക്ക് ജീവിക്കണം ", "എന്നെ ഉപദ്രവിച്ചവരെ കണ്ടുപിടിച്ചോ "എന്നുമാണ്. ജീവിക്കാൻ അതിയായി ആഗ്രഹിച്ചിരുന്നു അവൾ. പക്ഷെ ദൈവം തിരിച്ചെടുക്കാൻ തീരുമാനിച്ചാൽ ജീവനു മുന്നിൽ വൈദ്യശാസ്ത്രത്തിന് യാത്രാമൊഴി നൽകാനെ കഴിയൂ.

2012 ഡിസംബർ -16
അന്നാണ് സമകാലിക ഇന്ത്യാചരിത്രത്തിലെ ഒരിക്കലും മായാത്ത കളങ്കം രേഖപ്പെടുത്തിയ ദിനം.
അന്നൊരു ഞായറാഴ്ചയായിരുന്നു. രാത്രി -9 മണി. നല്ല തണുപ്പും നേരിയതോതിൽ മഞ്ഞും ഉണ്ടായിരുന്നു.
ഡൽഹിയിലെ സാകേത് മാളിലെ മൾട്ടീപ്ലസ് തീയേറ്ററിൽ നിന്നും ലൈഫ് ഓഫ് പൈ എന്ന ഹോളിവുഡ് സിനിമയും കണ്ട് പുറത്തിറങ്ങിയ ഇരുപത്തിമൂന്നുകാരിയായ ജ്യോതി സിംഗ് പാണ്ഡെ എന്ന ഫിസിയോതെറാപ്പി വിദ്യാർത്ഥിനിയും അവളുടെ ആൺസുഹൃത്തായ അവനിദ്ര പ്രതാപ് പാണ്ഡേയും മുനീർക്കയിൽ ദ്വാരകയ്ക്ക് അടുത്തുള്ള മഹാവീർ എൻക്ലേവിലെക്കു പോകാനുള്ള ഓട്ടോറിക്ഷ കാത്ത് നിൽക്കുകയായിരുന്നു. പല വാഹനങ്ങളും അവരെ കടന്നുപോയെങ്കിലും ജ്യോതി താമസിക്കുന്ന ഭാഗത്തേക്ക്‌ പോകാൻ ആരും തയ്യാറായില്ല. അങ്ങനെയാണ് രണ്ടുപേരും മുനീർക്ക ബസ്സ്റ്റാൻഡിൽ എത്തിയത്. രാത്രിയായതിനാൽ ബസുകൾ പലതും ഓട്ടം അവസാനിപ്പിച്ചിരുന്നു. കുറച്ച് നേരത്തെ കാത്തിരിപ്പിനൊടുവിൽ ഒരു പ്രൈവറ്റ് ബസ് അവർക്കരികിൽ നിർത്തി. നാലഞ്ചു യാത്രക്കാരെ കണ്ടതോടെ അവനീന്ദ്രയും ജ്യോതിയും ബസിൽ കയറി.
പിന്നീട് ആ ബസിനകത്തു നടന്ന കൊടും ക്രൂരത മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതായിരുന്നു. അവനീന്ദ്രയെ തല്ലിച്ചതച്ചതിന് ശേഷം ജ്യോതിക്ക് നേരിടേണ്ടിവന്നത് പൈശാചികമായ ആക്രമണമായിരുന്നു. ബസിലുണ്ടായിരുന്ന ആറു പേരും മാറിമാറി ഉപദ്രവിച്ചു. അവസാനം ജനനേന്ദ്രിയത്തിലൂടെ ഇരുമ്പുദണ്ഡു കയറ്റിവലിച്ചെടുത്തപ്പോൾ കുടൽമാലയടക്കം പുറത്തേക്ക് വന്നു.
മണിക്കൂറുകൾ നീണ്ടുനിന്ന ആക്രമണത്തിന് ശേഷം രാത്രി 11 മണിയോടെ മൃതപ്രായരായ രണ്ടുപേരെയും ബസിൽ നിന്നും റോഡിലേക്ക് തള്ളിയിട്ടു. വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു ശരീരമാസകലം രക്തത്തിൽ കുളിച്ചുകിടന്ന അവർ സഹായത്തിനായി കേണപേക്ഷിച്ചെങ്കിലും ആരും സഹായിക്കാൻ തയ്യാറായില്ല. ഏതാണ്ട് അര മണിക്കൂറോളം നീണ്ട ദുരിതത്തിനൊടുവിൽ പോലീസ് വന്ന് രണ്ടുപേരെയും സഫ്ദർജങ് ഹോസ്പിറ്റലിൽ എത്തിക്കുമ്പോഴേക്കും ജ്യോതിയുടെ നില പരിതാപകരമായിരുന്നു. ജീവന്റെ നേരിയൊരു കണിക മാത്രമാണവശേഷിച്ചിരുന്നത്.
പോലീസിന്റെ സമർത്ഥമായ ഇടപെടലിൽ കുറ്റകൃത്യം കഴിഞ്ഞ് 24 മണിക്കൂറിനകം ബസ് കസ്റ്റഡിയിലെടുത്തു. സംഭവം നടന്ന് 72 മണിക്കൂറിനകം കേസ് തെളിയിക്കാൻ പോലീസിനായി. ഏറെ താമസിയാതെ ആറു പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു.
പക്ഷെ, സഫ്‌ദർജങ് ആശുപത്രിയിൽ ജ്യോതിസിംഗിന്റെ നില അപകടകരമായി തുടരുകയായിരുന്നു. രാജ്യതലസ്ഥാനത്തു നടന്ന ക്രൂരകൃത്യം വളരെ പെട്ടന്ന് തന്നെ ദേശിയ- അന്തർദേശിയ മാധ്യമശ്രദ്ധ പിടിച്ചുപറ്റി. തങ്ങളുടെ സഹോദരിക്ക് നേരിട്ട ദുരന്തം വിദ്യാർത്ഥി സമൂഹം ഏറ്റെടുത്തു. സോഷ്യൽ മീഡിയ വഴിയുളള സമരാഹ്വനത്തിൽ ആയിരങ്ങൾ അണിനിരന്നു. റോഡുകൾ ഉപരോധിച്ചും മറ്റുമായി തെരുവിലിറങ്ങിയ ജനങ്ങൾ പോലീസുമായി ഏറ്റുമുട്ടി. ജലപീരങ്കിയും ടിയർ ഗ്യാസും പ്രതിഷേധക്കാർക്ക് നേരെ പ്രയോഗിച്ചു. ചരിത്രത്തിൽ ഒരു സമരത്തിനും വേദിയാവാത്ത അതീവസുരക്ഷയുള്ള റൈസിന കുന്നിലും ഇന്ത്യാഗേറ്റ്, രാജ്പഥ്, ജന്തർമന്ദർ അടക്കമുള്ള പ്രദേശങ്ങൾ ജനങ്ങൾ കയ്യേറി. രാജ്യതലസ്ഥാനം അതുവരെ കണ്ടിട്ടില്ലാത്ത ജനകീയപ്രക്ഷോഭത്തിനു സാക്ഷ്യം വഹിക്കുന്നതാണ് പിന്നീട് കണ്ടത്. തങ്ങളുടെ മകൾക്ക്, സഹോദരിക്ക് നേരിട്ട ദുരന്തത്തിനെതിരെയുള്ള പ്രക്ഷോഭം രാജ്യവ്യാപകമായി ജനങ്ങൾ ഏറ്റെടുത്തു.
ഡിസംബർ -19 ആയപ്പോഴേക്കും ജ്യോതിയുടെ അഞ്ചാമത്തെ ശസ്ത്രക്രിയയും കഴിഞ്ഞിരുന്നു. അവളുടെ കുടൽഭാഗം ഏറെക്കുറെ പൂര്ണമായും നീക്കം ചെയ്യേണ്ടി വന്നു. എന്നിട്ടും സ്ഥിതിഗതികളിൽ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിരുന്നില്ല. ഡിസംബർ -26 ന് പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം മികച്ച ചികിത്സയ്ക്കായി ജ്യോതിയെ സിംഗപ്പൂരിലെ മൗണ്ട് എലിസബത്തു ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചു. പിറ്റേന്ന് 6 മണിക്കൂർ ദൈർഘ്യമുള്ള സിംഗപ്പൂർ യാത്രയ്ക്കിടയിലുണ്ടായ ഹൃദയാഘാതം സ്ഥിതി വഷളാക്കി.സിംഗപ്പൂരിലെ ഡോക്ടർമാർ ആശുപത്രി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. കെൽ‌വിൻ ലോവിന്റെ നേതൃത്വത്തിൽ ആവുന്നത്ര ശ്രമിച്ചുനോക്കി, അത്രയ്ക്കും ഗുരുതരമായിരുന്നു.
ഡിസംബർ -29, ഇന്ത്യൻ സമയം പുലർച്ചെ 4.45 ന് ഒരു രാജ്യത്തിന്റെ മുഴുവൻ പ്രതീക്ഷയും തല്ലിക്കെടുത്തി അവൾ ഈ ലോകത്തോട് യാത്രപറഞ്ഞു. പിറ്റേദിവസം രാജ്യം ഉണരുന്നതിന് മുൻപേ കനത്ത മഞ്ഞിനെയും തണുപ്പിനെയും സാക്ഷിയാക്കി ഡൽഹി ദ്വാരകയിലെ ശ്മശാനത്തിൽ അവൾ കത്തിയമർന്നു.
ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷയുമായി ഉത്തർപ്രദേശിലെ ബല്യ ജില്ലയിൽ നിന്ന് ഡൽഹിയിലേക്ക് കുടിയേറിയ ഒരു പാവപ്പെട്ട കുടുംബത്തിലെ അംഗമായിരുന്നു ജ്യോതി. അവൾക്ക് നേരിടേണ്ടിവന്നത് പോലെയുള്ള ദുരന്തം ആദ്യത്തേതൊന്നുമല്ലായിരിക്കാം, അവസാനത്തേതാകണമെന്ന് രാജ്യം ആഗ്രഹിച്ചു. ഓരോ പെൺകുട്ടിയും അക്രമിക്കപ്പെടുമ്പോഴും നാം ഓർമ്മിച്ചുപോകുകയാണ് നിർഭയയുടെ രക്തസാക്ഷിത്വം പാഴായി പോകരുതെന്ന്.

No comments:

Post a Comment