അശോകമൗര്യൻ സ്ഥാപിച്ച ശിലാശാസനങ്ങളിലൂടെ അദ്ദേഹത്തിന്റെ ചരിത്രം അന്വേഷിച്ചിറങ്ങുന്ന ചരിത്രാന്വേഷിയെ സംബന്ധിച്ചിടത്തോളം കല്ലിൽ കൊത്തിവെച്ച പേരുകാരനും ഐതിഹ്യങ്ങളിലും ഭ്രമകല്പനകളിലും ജീവിക്കുന്ന വെറുമൊരു സാങ്കല്പിക കഥാപാത്രമാണെന്നു ചിന്തിക്കാൻ കഴിയില്ല. സ്വയം വിമര്ശനങ്ങളിലൂടെയും സ്വന്തം ശുപാര്ശകളിലൂടെയും തന്റെ ലക്ഷ്യങ്ങളിലൂടെയും ഉത്കണ്ഠകളിലൂടെയും അശോകൻ നമ്മളോട് സംസാരിക്കുകയാണ്, അദ്ദേഹത്തിന്റെ ശാസനകളിലൂടെ. നിയമങ്ങളും കല്പനകളും ഉപദേശങ്ങളും ഉൾപ്പെടെയുള്ള ധാർമികതയും
നൈതികവുമായ നിയമസംഹിതകളും ഉൾക്കൊള്ളുന്നതാണ് അശോക ശാസനങ്ങൾ.
അശോക ശാസനങ്ങൾ
------------------------------------------
അശോകന്റെ ശാസനങ്ങൾ സ്മാരകങ്ങൾ എന്നപോലെ മൗര്യ കാലഘട്ടത്തിലെ വിശിഷ്യ അശോകന്റെ രാഷ്ട്രീയ, ഭരണ, സാമൂഹിക വിഷയങ്ങളുടെ അമൂല്യമായ ഉറവിടങ്ങൾ കൂടിയാണ്.മധ്യ അഫ്ഗാൻ തൊട്ടു കർണാടക വരെയുള്ള വിശാല ഭൂപ്രദേശത്തു 40-ൽ അധികം സ്ഥലങ്ങളിലാണ് ശാസനങ്ങൾ ഉള്ളത്. സഞ്ചാര പഥങ്ങൾ, ജനങ്ങൾ തടിച്ചു കൂടുന്ന വാണിജ്യ കേന്ദ്രങ്ങൾ, പുണ്യസ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിലകൊള്ളുന്നു എന്നതിൽ നിന്നും ജനങ്ങൾ ഇത് വായിക്കുകയും തന്റെ കല്പനകളും സന്ദേശങ്ങളും രാജ്യത്തിനകത്തും പുറത്തും പ്രചരിപ്പിക്കുമെന്നും അദ്ദേഹം കണക്കു കൂട്ടി.
മൗര്യ ചക്രവർത്തി അശോകന്റെ ശാസനങ്ങൾ ധർമശാസനങ്ങൾ എന്നാണറിയപെടുന്നത്. 19-ആം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ബ്രഹ്മി ലിപി വായിച്ചെടുക്കപ്പെട്ടതോടു കൂടിയാണ് വിസ്മൃതിയിലായിരുന്ന ശാസനങ്ങളുടെ ഉള്ളടക്കത്തെ കുറിച്ചു ആധികാരികത ലോകത്തിനു ലഭിക്കുന്നത്. പുരാതന ബ്രഹ്മി ലിപി ആദ്യമായി തിരിച്ചറിയുന്നതും വായിക്കുന്നതും ഇന്ത്യൻ ലിഖിത വിഞ്ജാനത്തിന്റെ പിതാവെന്ന് അറിയപ്പെടുന്ന ജെയിംസ് പ്രിൻസെപ് എന്ന ഇംഗ്ലീഷ്കാരനായിരുന്നു.
അശോക ശാസനങ്ങൾ തികച്ചും വ്യത്യസ്തമായ മൂന്ന് ഭാഷകളിലാണ് എഴുതപ്പെട്ടിട്ടുള്ളത്-പ്രാകൃത്, ഇറാനോ -ആരാമയിക്, ഗ്രീക്ക്. അതാകട്ടെ നാല് ലിപികളിലും ബ്രഹ്മി, ഖരോഷ്ടി, ആരാമയിക്, ഗ്രീക്ക്. കാണ്ഡഹാറിലെ ദ്വീഭാഷാ ശാസനം (ഗ്രീക്ക്, ആരാമയിക് ഭാഷകളിൽ )കാണ്ഡഹാറിലെ തന്നെ ഗ്രീക്ക് ഭാഷയിലുള്ള മേജർ ശാസനം ഒഴിച്ച് എന്നിവ നിർത്തിയാൽ മറ്റെല്ലാം പ്രാകൃത് ഭാഷയിലാണ് ഉള്ളത്. അതിൽ തന്നെ ഇന്ത്യയുടെ പടിഞ്ഞാറൻ ഭാഗങ്ങളിൽ സംസ്കൃത സാമ്യമുള്ള ഭാഷയിലും കിഴക്കൻ ഭാഗങ്ങളിൽ മാഗധി എന്ന ഭാഷയുമാണ് ഉപയോഗിച്ചിരിക്കുന്നത്. യവനരുടെയും മറ്റു വിദേശീയരുടെയും സാന്നിധ്യമുണ്ടായിരുന്ന ഗാന്ധാര പ്രദേശങ്ങളിലാണ് ഗ്രീക്ക് -ആരാമയിക് ഭാഷ ഉപയോഗിച്ചിരുന്നത്. മറ്റ് ഇന്ത്യൻ ഭാഗങ്ങളിലെല്ലാം ബ്രഹ്മി ലിപിയാണ് ഉപയോഗിച്ചിരുന്നത്. അശോക ശാസനങ്ങളിലുപയോഗിച്ചിരുന്ന ബ്രഹ്മി ലിപിയിൽ നിന്നാണ് പിൽക്കാലത്തു ഭാരതീയ ഭാഷകളിലെ ലിപികളെല്ലാം രൂപപ്പെട്ടു വന്നത്. തെക്കൻ ബ്രഹ്മിയിൽ നിന്നാണ് മലയാള ലിപി ഉൾപ്പെടെയുള്ള തെന്നിന്ത്യൻ ഭാഷകളിലെ ലിപിയും രൂപപ്പെട്ടത്.
പ്രധാന ശിലാശാസനങ്ങൾ (major rock edicts ) സ്തംഭശാസനങ്ങൾ (pillar edicts) ലഘുശിലാശാസനങ്ങൾ (minor rock edicts ) ഗുഹാ ശാസനങ്ങൾ (cave edicts ) എന്നിങ്ങനെ അശോക ശാസനങ്ങൾ വിവിധ തരത്തിൽ കാണപ്പെടുന്നു. കൂടാതെ കലിംഗർക്കുള്ള പ്രത്യേക രണ്ടു ശാസനങ്ങൾ, രാഞ്ജിയുടെ ശാസനങ്ങൾ എന്നിവയും കണ്ടെത്തിയവയിൽപെടുന്നു. പ്രധാന ശാസനങ്ങൾ 14 എണ്ണമാണുള്ളത്. ഇവയിൽ അധികവും സാമ്രജ്യത്തിന്റെ അതിർത്തി പ്രദേശങ്ങളിലാണ് കാണുന്നത്. സ്തംഭശാസനങ്ങൾ പൊതുവെ ബുദ്ധമത പുണ്യ കേന്ദ്രങ്ങളിലാണ് കാണപ്പെടുന്നത്. പ്രധാന സ്തംഭശാസനങ്ങൾ 7 എണ്ണമാണുള്ളത്. ഉത്തർപ്രദേശിലെ പ്രധാന തീർത്ഥാടന കേന്ദ്രം കൂടിയായ വരാണസിക്കടുത്തുള്ള സാരാനാഥ് സ്തംഭത്തിൽ നിന്നാണ് ഭാരതത്തിന്റെ ദേശിയ ചിഹ്നമായ സിംഹമുദ്ര എടുത്തത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച ശിലാ സ്തംഭ ശാസനങ്ങളിലൂടെ ജനങ്ങളുമായി നേരിട്ടു സംവദിച്ച ആദ്യത്തെ ചക്രവർത്തിയായി അശോകനെ വിലയിരുത്താം.
അശോക ധർമം
============================
============================
ശിലാ സ്തംഭശാസനങ്ങൾ സ്ഥാപിച്ചതിലൂടെ തന്റെ ധർമ്മമൊഴികൾ(ശാസനങ്ങൾ )ദീർഘകാലം നിലനിൽക്കുമെന്നും തന്റെ സമകാലികരും, പ്രജകളും വരും തലമുറയും തന്റെ സന്ദേശം ഏറ്റടുക്കണമെന്നും അശോകൻ ആഗ്രഹിച്ചു. അങ്ങനെ വരും തലമുറയും ഉൾക്കൊള്ളേണ്ട ധർമ(ധമ്മ )ത്തിന്റെ അന്തസത്ത എന്താണ്? പ്രാകൃത് ഭാഷയിലെയും സസ്കൃതത്തിലെയും ധർമ എന്ന വാക്കിന്റെ അക്ഷരാര്ഥത്തിലുള്ള അർത്ഥം മുറുകെ പിടിക്കേണ്ടത് അല്ലെങ്കിൽ സൂക്ഷിക്കേണ്ടത് അതുമല്ലെങ്കിൽ സ്ഥിരവും ദൃഢവുമായതു എന്നാണ്. ദൃക്‌വേദത്തിലും BCE ആറാം നൂറ്റാണ്ടു മുതലും സമാഹരിച്ച ധർമസൂത്രങ്ങൾ എന്ന വേദ ഗ്രന്ഥങ്ങളിലും ധർമ്മത്തെ നിയമം അല്ലെങ്കിൽ കീഴ്‌വഴക്കം എന്നര്ഥത്തിലാണ് പറയുന്നത് അതുകൊണ്ട് തുടർന്നുള്ള അർത്ഥം, അത്തരം നിയമം നിഷ്കർഷിക്കുന്ന കർത്തവ്യ (ചുമതല )ബോധം എന്നാണ്. എന്നാൽ ബുദ്ധമത പുരാവൃത്തമനുസരിച്ചു ധർമം എന്ന വാക്ക് ബുദ്ധസംഹിത അല്ലെങ്കിൽ ബുദ്ധശിക്ഷണം എന്ന നിലയ്ക്കാണ്. ഒരാൾക്ക് അഭയം തേടാവുന്ന ബുദ്ധ (ഗൗതമ )ധർമ (സംഹിത)സംഘം (സന്ന്യാസ സംഘം )എന്ന പ്രശസ്ത സൂത്രവാക്യത്തിൽ എന്ന പോലെയാണ്.
ബുദ്ധം, ധർമം, സംഘം എന്നിവയിലുള്ള തന്റെ വിശ്വാസം പ്രഖ്യാപിക്കുന്ന ബൈരാത് ശിലാശാസനം, എല്ലാ മതവിഭാഗങ്ങളിലെയും (പാശമർദ )അഗംങ്ങളെ ഓരോരുത്തരുടെയും ധർമങ്ങളെ കുറിച്ചു കേൾക്കാനും അനുവർത്തിക്കാനുമായി അശോകൻ ക്ഷണിക്കുന്ന ശിലാശാസനം 12 ഒഴികെ മറ്റെല്ലാ സന്ദർഭങ്ങളിലും അശോകൻ ധർമ എന്ന വാക്ക് ഉപയോഗിക്കുന്നത് മുകളിൽ സൂചിപ്പിച്ച പ്രയോഗങ്ങളുമായി പൊരുത്തപ്പെടുന്ന രീതിയിലല്ലെന്നു കാണാവുന്നതാണ്.
അശോകന്റെ സമകാലികരായ പരിഭാഷകർ അദേഹത്തിന്റെ ധർമ എന്ന പദപ്രയോഗത്തെ വ്യത്യസ്തമായാണ് കണക്കിലെടുത്തത്. കാണ്ഡഹാറിലെ ദ്വീഭാഷാ ശാസനത്തിൽ അരമയിക് പരിഭാഷകർ "ധർമ "യെ" ക്വിസിക് "അല്ലെങ്കിൽ സത്യം എന്ന നിലയിൽ തത്വസംഹിത എന്നര്ഥത്തിലാണ് പരിഭാഷപ്പെടുത്തിയത്. ഗ്രീക്ക് പരിഭാഷകർ "യൂസീബിയ "എന്നാണ്. അതായത് ഗ്രീക്ക് ഭാഷയിൽ ഈശ്വര ഭക്തി അല്ലെങ്കിൽ ധാർമികത. തീർച്ചയായും രണ്ടാമത് പറഞ്ഞ അർത്ഥത്തിലാണ് ആധുനിക പരിഭാഷകർ പരിഭാഷപ്പെടുത്തുന്നത്. കാണ്ഡഹാറിലെ ശാസനം അറിയപെടുന്നതിനു മുൻപ് ഈയൊരു അടിസ്ഥാനത്തിൽ മാത്രമായിരുന്നു അശോകൻ ശാസനങ്ങളിൽ വിശദികരിച്ച ധർമ എന്ന വാക്ക് ഉപയോഗിച്ചത്.
അശോകന്റെ ശാസനങ്ങളിൽ നിന്നും പ്രസ്താവനകളിൽ നിന്നും വ്യക്തമാവുന്നത്, അദ്ദേഹം പ്രചരിപ്പിക്കുന്ന ധർമത്തിന് അഭിലഷണീയമായ ഒരു പറ്റം പ്രവർത്തിയും മനോഭാവവും എന്ന ലളിതമായ അർത്ഥം മാത്രമേ ഉള്ളൂ. അദേഹത്തിന്റെ ധർമശാസനങ്ങളിൽ ഏറ്റവും കൂടുതൽ ശാസനങ്ങളിൽ ആവർത്തിച്ചു കാണുന്നത് ജീവനുള്ളവയോടുള്ള കാരുണ്യവും അവയെ മുറിപ്പെടുത്തുന്നത് ഒഴിവാക്കലുമാണ്. അദേഹത്തിന്റെ ധർമമൊഴികളിൽ പല ശാസനങ്ങളിലും ആവർത്തിച്ചു വരുന്നത് ഇവയാണ്, --ജീവികളോടുള്ള കാരുണ്യവും അവയെ മുറിവേല്പിക്കുന്നത് ഒഴിവാക്കലും, മാതാപിതാക്കളോടുള്ള അനുസരണ, മുതിർന്നവരോടുള്ള അനുസരണയും ആദരവും, ബ്രാഹ്മണന്മാരോടും ശ്രമണന്മാരോടുമുള്ള ഉദാരത, അടിമകളോടും വേലകരോടുമുള്ള അന്തസായ പെരുമാറ്റം, സുഹൃത്തുക്കൾ ബന്ധുക്കൾ സഹപ്രവർത്തകർ എന്നിവരോടുള്ള ഉദാരത, ഉദാരത, സത്യം പറയുക, പവിത്രത കാരുണ്യം...... എന്നിങ്ങനെ പോകുന്നു.
കലിംഗ യുദ്ധത്തിലെ രക്തച്ചൊരിച്ചിലും ജനങ്ങളുടെ യാതനയിലും പശ്ചാത്തപിച്ച അശോകനിൽ ഉണ്ടായ കാരുണ്യ മനോഭാവം ഇവിടെ സ്മരണീയമാണ്. തുടക്കത്തിൽ മനുഷ്യരോടാണ് കാരുണ്യ മനോഭാവം ഉണ്ടായതെങ്കിൽ പിന്നീട് സകലജീവികളും കാരുണ്യത്തിനു പാത്രമായി. കശാപ്പിൽ നിന്നും ഒരു പരിധി വരെ മൃഗങ്ങൾക്കു സംരക്ഷണം നൽകാൻ അശോകന് സാധിച്ചു. ഇതിന് ബുദ്ധമതത്തിന്റെയും ജൈനമതത്തിന്റെയും സ്വാധീനം കരണമായിട്ടുണ്ടാവാം.
അശോകനും ബുദ്ധമതവും
============================
============================
അശോക ശിലാശാസനം 7 ലും 12 ലും ബുദ്ധമതത്തോടുള്ള ഭക്തി അദ്ദേഹം പ്രഖ്യാപിക്കുന്നുണ്ട്. തന്റെ രക്ഷാധികാരം സ്വീകരിക്കുന്നതിൽ പ്രഥമസ്ഥാനം ബുദ്ധമതത്തിനു നൽകുന്നു. അതോടപ്പം തന്നെ അശോകൻ വ്യക്തമായി പറയുന്നത് ബുദ്ധവിഭാഗമായ സംഘത്തിന് മാത്രമല്ല ബ്രാഹ്മണർക്കും, അജീവികന്മാർക്കും ദൈജൻമാർക്കും തന്റെ രക്ഷാധികാരം ഉണ്ടെന്നാണ്. എല്ലാ മനുഷ്യരും തന്റെ മക്കളാണെന്നും തന്റെ കുട്ടികൾക്ക് സമ്പൂർണ ക്ഷേമവും സന്തുഷ്ടിയും ഇഹ ലോകത്തും (ഹിദലോക )പരലോകത്തും ലഭിക്കണമെന്ന് ആഗ്രഹിക്കുന്നതായി പ്രത്യേക ശിലാശാസനത്തിൽ വ്യക്തമാക്കുന്നു. ഇഹലോകത്തു സന്തുഷ്ടി വാഗ്ദാനം ചെയ്യുന്ന അശോകൻ പരലോകത്തു ധർമയ്ക്കു ഫലങ്ങളുണ്ടെന്നു പറയുന്നു. പരലോകത്തു ഒരാളുടെ പദവി നിശ്ചയിക്കുന്നത് കർമ വ്യവസ്ഥിതി അനുസരിച്ചാണെന്നും വ്യക്തമാക്കുന്നു. അശോകന്റെ ധർമത്തിൽ ദൈവങ്ങൾക്കോ ദേവതകൾക്കോ യാതൊരു സ്ഥാനവുമുണ്ടായിരുന്നില്ല. ആത്മാവിനെ കുറിച്ചു എവിടെയും പരാമർശമില്ല. ബുദ്ധമതം ആത്മാവിനെ നിഷേധിക്കുന്നത് (അനാട്ടാ )അതിന് കാരണമായിട്ടുണ്ടാവാം.
ബുദ്ധമതത്തിലേക്കുള്ള അശോകന്റെ പരിവർത്തനത്തെപ്പറ്റിയുള്ള പ്രധാന അറിവ് നൽകുന്നത് മൈനർ ശിലാശാസനം 1ആണ്. രണ്ടര വർഷത്തോളം ബുദ്ധമതത്തിന്റെ ഒരു ഉപാസകൻ അല്ലെങ്കിൽ അനുയായി ആയിരുന്നതായി മൈനർ ശിലാശാസനം 1 പറയുന്നു. ഇക്കാലയളവ് ഭരണമേറ്റതിന്റെ ഏഴോ എട്ടോ വർഷത്തെയാണ് സൂചിപ്പിക്കുന്നത്. ഒരു വർഷത്തിന് ശേഷം ധർമ്മത്തിനായി ഏറെ പ്രയത്‌നം നടത്തിയതായും, ഈ പ്രയത്‌നത്തിന്റെ ഭാഗമായി 256 രാത്രികൾ നീളുന്ന ഒരു പര്യടനം നടത്തിയതായും പറയുന്നു. ശിലാശാസനം 8 ഉം "ധർമയാന "(ധർമ തീർത്ഥാടനം )യുടെ വിവരം സൂചിപ്പിക്കുന്നു.
ബുദ്ധമതവുമായുള്ള അശോകന്റെ സവിശേഷബന്ധത്തെക്കുറിച്ചു ബൈരത്തിലെ ശിലാശാസനം തെളിവ് നൽകുന്നു. അവിടെ വെച്ച് ബുദ്ധസംഘത്തെ അഭിസംബോധന ചെയ്യുകയും അവരോട് ബുദ്ധന്റെ 7 സംവാദങ്ങളെക്കുറിച്ചു അല്ലെങ്കിൽ ഉപദേശത്തെക്കുറിച്ചു പ്രബോധനം നടത്തുകയും ചെയ്യുന്നു. സ്ഥാനാരോഹണത്തിന്റെ 20 അം വർഷം (BCE 250)ഗൗതമ ബുദ്ധന്റെ ജന്മസ്ഥലമായ ലുംബിനി സന്ദർശിച്ചതായി റുമിന്തേയി സ്തൂപം വെളിപ്പെടുത്തുന്നു.
അശോകന്റെ സ്ഥാനാരോഹണത്തിന്റെ 27 ആം വർഷം (BCE 243)പുറത്തിറക്കിയ സ്തൂപ ശാസനം 7 ൽ ധർമമഹാമാതാസിന്റെ ശ്രദ്ധയിൽ ബുദ്ധസംഘത്തിനു ലഭിച്ച ഉയർന്ന സ്ഥാനത്തെ കുറിച്ചു സൂചിപ്പിക്കുന്നു. അലഹബാദ്, സാരാനാഥ്, സാഞ്ചി സ്തൂപങ്ങളിലെ മതഭിന്നത ശാസനങ്ങളിൽ ബുദ്ധമതത്തിൽ ഉടലെടുത്ത ഭിന്നിപ്പിനെകുറിച്ചു ഉത്കണ്ഠ രേഖപെടുത്തുന്നതായും മതഭിന്നിപ്പിൽ ഏർപ്പെടുന്ന ഭിക്ഷുക്കളെയും സന്ന്യാസിമാരെയും സംഘത്തിൽ നിന്നു പുറത്താക്കണമെന്നും ആവശ്യപെടുന്നു. സംഘത്തിന്റെ പ്രവർത്തനത്തിൽ അധികാരത്തിന്റെ പ്രയോഗം അശോകൻ അവകാശപ്പെടുന്നുണ്ടെങ്കിലും "ബുദ്ധമതസഭ "യുടെ തലവൻ അശോകനാണെന്നു സങ്കല്പിക്കാൻ അടിസ്ഥാനമൊന്നുമില്ല. മതഭിന്നതാ ശാസനത്തെപറ്റി ശ്രീലങ്കൻ പുരാവൃത്തം മഹാവംശത്തിൽ സൂചനയുണ്ട്. ബുദ്ധമത ഐതിഹ്യങ്ങളും ശാസനങ്ങളും യോചിക്കുന്ന മറ്റൊരു കാര്യം വിദേശത്തേക്ക് പ്രധാനമായും ശ്രീലങ്കയിലേക്കു മതപ്രചാരകരെ അയച്ചതിനെ കുറിച്ചാണ് ബുദ്ധമതം പ്രചരിപ്പിക്കാനാണ് ശ്രീലങ്കയിലേക്ക് അയച്ചതെന്ന് മഹാവംശത്തിൽ പറയുമ്പോൾ ധർമസന്ദേശം വ്യാപിപ്പിക്കുകയെന്നതായിരുന്നു ലക്ഷ്യമെന്ന് അശോകന്റെ ശിലാശാസനം 13 പറയുന്നു. മറ്റു പല കാര്യങ്ങളിലും ശാസനങ്ങൾ അല്പം പോലും ബുദ്ധമത ഐതിഹ്യങ്ങളെ പിന്തുണയ്ക്കുന്നില്ല.
ബുദ്ധമതത്തിലേക്കു പരിവർത്തനം ചെയ്യപ്പെട്ടതിനു ശേഷം 84000 ബുദ്ധക്ഷേത്രങ്ങൾ അശോകൻ സ്ഥാപിച്ചതായി ദീപാവംശവും അശോകവദാ നയും പറയുന്നു. ബുദ്ധമത സംഘത്തിൽ രൂപപ്പെട്ട അഭിപ്രായഭിന്നതയ്ക്കിടയിൽ രണ്ടാം ബുദ്ധമത സമ്മേളനം വൈശാലിയിൽ വെച്ച് ചേർന്നതായി പറയപ്പെടുന്നു. ശ്രീലങ്കൻ പുരാവൃത്തമനുസരിച്ചു മൂന്നാമത്തെ ബുദ്ധമത സമ്മേളനം(BCE 250)നടന്നത് അശോകന്റെ ഭരണകാലത്തെന്നു അവകാശപ്പെടുന്നു. പാടലീപുത്രയിൽ വിളിച്ചു കൂട്ടിയ ഈ സമ്മേളനത്തിൽ ബുദ്ധമതത്തിലെ തെറ്റായ പ്രവണതകൾക്ക് തുടക്കമിട്ട മതനിന്ദകരുടെ തത്വങ്ങളെ അപലപിക്കുകയും അവരെ പുറത്താക്കുകയും ചെയ്തതായി സൂചിപ്പിക്കുന്നു. അതിനുശേഷം മൊഗാലി പുട്ട തിസ്സ ഭിക്ഷുവിന്റെ നേതൃത്വത്തിൽ ചേർന്ന ബുദ്ധമത കൗൺസിൽ ആയിരക്കണക്കിന് ഭിക്ഷുക്കൾ 9 മാസം പരിശ്രമിച്ചു ത്രിപീടികയുടെ അടിസ്ഥാനത്തിൽ യതാർത്ഥ ധർമം ക്രോഡീകരിച്ചു തെറ്റായ പ്രവണതകളെ തള്ളി പറഞ്ഞതായി സൂചിപ്പിക്കുന്നു. ഇന്ന് കാണുന്ന ത്രിപീടിക ആ കൗൺസിലിന്റെ ഉല്പന്നമാകാനാണ് സാധ്യത
ബുദ്ധമത കൗൺസിലിന്റെ മറ്റൊരു തീരുമാനം ബുദ്ധമതതെ ലോകമതമായി ഉയർത്തുന്നതിനു വേണ്ടി വിദേശ രാജ്യങ്ങളിലേക്ക് പ്രതിനിധികളെ അയക്കാൻ തീരുമാനിച്ചതാണ്. ശ്രീലങ്കൻ പുരാവൃത്തങ്ങളായ ദീപാവംശയും മഹാവംശയും അനുസരിച്ചു ബുദ്ധഭിക്ഷു മൊഗാലി പുട്ട തിസ്സ വിദേശ രാജ്യങ്ങളിലേക്ക് മതപ്രചാരകരെ അയച്ചുവെന്നാണ്.
അശോക ശിലാശാസനം 2,13പ്രകാരം ഭരണ വർഷത്തിന്റെ 12 ആം (BCE 258)വർഷത്തിൽ ധർമസന്ദേശം പ്രചരിപ്പിക്കുന്നതിനും വൈദ്യ സഹായത്തിനുമായി താമ്ര പർണ്ണിയിലേക്കു (ശ്രീലങ്ക )ദൗത്യസംഘത്തെ അയച്ചുവെന്നാണ് ശ്രീലങ്കൻ പുരാവൃത്തമനുസരിച്ചു ശ്രീലങ്കൻ ഭരണാധികാരി മുർതാ ശിവ ആയിരുന്നു. അദ്ദേഹത്തിന്റെ മകനായ ദേവനാം പിയ തിസ്സ അശോകന്റെ ഭരണവർഷത്തിൽ 17 ൽ (253 BCE)അധികാരത്തിലെത്തി. തിസ്സയുടെ പേരിനു മുന്നിലെ ദേവനാം പിയ സൂചിപികുന്നത് മൗര്യ രാജവംശത്തിന്റെ ശൈലിയുടെ സ്വാധീനത്തെയാണ്. ഇദ്ദേഹത്തിന്റെ കാലത്താണ് അശോകന്റെ മകനും ഉയർന്ന പദവിയുമുള്ള ഭിക്ഷുവുമായ മഹിന്ദ ശ്രീലങ്കയിൽ എത്തിയത്. പിന്നീട് ബുദ്ധന്റെ ബൗദ്ധികശേഷിപ്പിന്റെ കുറച്ചു ഭാഗങ്ങളും ബോ-മരത്തിന്റെ ഒരു ചില്ലയുമായി തന്റെ മകളും ഭിക്ഷുകിയുമായ സംഘമിത്രയെ ശ്രീലങ്കയിലേക്ക് അയച്ചു.
ബുദ്ധമതവുമായുള്ള തന്റെ വ്യക്തിപരമായ ബന്ധം തുറന്നു സമ്മതിക്കുന്ന അശോകന്റെ നൈതികതയുടെ (ധാർമികതയുടെ )ഉറവിടം ബുദ്ധമതത്തിൽ തേടുന്നതിൽ അതിശയോക്തിയില്ല. ബുദ്ധമത്തിലെ മഹത്തായ നാല് സത്യങ്ങളെക്കുറിച്ചു അശോകൻ പരാമർശിക്കുന്നില്ലായെന്നത് സത്യമാണ്. എന്നാലും പ്രത്യേക ശിലാശാസനത്തിൽ നിഷ്പക്ഷം, നീതിപൂർവമായത്, നല്ലത് എന്നർത്ഥത്തിൽ "മജ്‌ഹാം "(അക്ഷരാർത്ഥത്തിൽ മധ്യം )എന്ന വാക്ക് അഷ്ടാംഗ മാർഗത്തിലെ നാലാമത്തെ വാക്കായി അദ്ദേഹം ഓർമിപ്പിക്കുന്നു. അശോക ശാസനങ്ങളും സുഭാഷിതങ്ങളും രൂപീകരിക്കുന്നതിൽ ബുദ്ധമത സിദ്ധാന്തങ്ങൾ സ്വാധീനിച്ചതായി കാണാം. ബൈരാത് ശാസനത്തിൽ ബുദ്ധന്റെ ഏഴ് ധർമ്മ വെളിപ്പെടുത്തലുകൾ വായിച്ചെടുക്കുന്നതിൽ ചില ബുദ്ദിമുട്ടുകൾ ഉണ്ടെങ്കിലും കാണാവുന്നതാണ്.
സാധാരണ ജനങ്ങൾക്കുള്ള (ഗൃഹസ്ഥർക്ക് )ബുദ്ധന്റെ പാലി നിയമത്തിലുള്ള ധാർമിക ജീവിതത്തിന്റെ പ്രബോധനങ്ങൾ അശോകന്റെ ധർമതത്വങ്ങളുമായി പൊരുത്തപ്പെട്ടു പോകുന്നതായി കാണാൻ പറ്റും. ബുദ്ധൻ ഗൃഹസ്ഥനായ സിഗാലയ്ക്ക് തന്റെ( 1)അച്ഛനമ്മമാർ (2)അദ്ധ്യാപകർ (3)ശ്രമണൻമാരും ബ്രാഹ്മണന്മാരും (4)സുഹൃത്തുക്കൾ, ബന്ധുക്കൾ മുതലായവർ (5)അടിമകളും, ഭൃത്യൻമാരും -എന്നിവരോടുള്ള കടമ നിർവഹികേണ്ട തെങ്ങനെയെന്നു കാട്ടികൊടുക്കുന്നു. അതെല്ലാം അശോകന്റെ ധർമതത്വങ്ങളിലും കാണാവുന്നതാണ്.
ബുദ്ധമത്തിലെ "ധർമം "കേവലം ഉപരിതല സ്പർശി മാത്രമാണ്. അതൊരു ആശ്രമജീവിതമാണ്. അതിന്റെ ലക്ഷ്യം ജനനവും പുനർ ജന്മവുമെന്ന ജീവിതചക്രത്തിൽ നിന്നുള്ള (നിബ്ബാന )മോചനത്തിലേക്കു നയിക്കുകയാണ്. സാധാരണ ജനത്തിന്റെ ധാർമികമൂല്യങ്ങൾ ഉയർത്തിപിടിക്കുന്നതിനു പകരം ഭിക്ഷുക്കളും സന്ന്യാസിമാരുമടങ്ങു്ന്ന ബുദ്ധസംഘത്തിന്റെ അച്ചടക്കവുമായി ബന്ധപ്പെട്ടിരിക്കുന്നു. അശോകന്റെ പ്രബോധനങ്ങൾ ഇതിന്റെയെല്ലാം നേർവിപരീതമായ ലൗകിക മോഹങ്ങളെല്ലാം മുറുകെ പിടിക്കുന്ന സാധാരണക്കാരന് വേണ്ടിയുള്ളതാണ്. ധാർമികപാതയിലൂടെ സ്വർഗത്തിലേക്ക് നയിക്കുന്ന തന്റെ ധർമത്തിന്റെ കുടകീഴിലേക്കു പൊതുജനത്തെ കൊണ്ടുവരികയാണ് അശോകന്റെ ലക്ഷ്യം. നിബ്ബാനയിലേക്കു നയിക്കുന്ന ആശ്രമജീവിതത്തിലേക്കല്ല അശോകൻ ക്ഷണിക്കുന്നത്. "നിബ്ബാന "എന്ന വാക്ക് അശോകന്റെ ശാസനങ്ങളിൽ ഒരിക്കൽ പോലും കടന്നുവരുന്നില്ല. ബുദ്ധൻ ഒരിക്കൽ പ്രബോധനം ചെയ്ത ധാർമികതയിൽ നിന്നാവണം പൊതുജനത്തിനുള്ള ധാർമികത അശോകൻ ആവിഷ്കരിച്ചത്. എന്നാൽ തന്റെ മൗലികതയിൽ നിന്നും അശോകനെ അതു വഴി തിരിച്ചു വിടുന്നില്ല.പ്രബോധനതെ പ്രയോഗവുമായി പൊരുത്തപ്പെടുത്തിയ അശോകൻ അതിലേക്ക് ജനങ്ങളെയാകെ വിളക്കിചേർക്കാൻ കഴിഞ്ഞുയെന്നത് വലിയൊരു നേട്ടം തന്നെയാണ്.
അശോകന്റെ ശിലാശാസനം 3 ൽ രാജാവിന്റെ ഉത്തരവുകൾ നടപ്പിലാക്കുന്ന പരിഷത്തു അല്ലെങ്കിൽ (പരിസാ )കൗൺസിലിനെക്കുറിച്ചു സൂചിപ്പിക്കുന്നുണ്ട്. "യൂത്താസ് "എന്ന് പേരുള്ള ഉദ്യോഗസ്ഥർക് കൈമാറാനായി രാജാവിന്റെ ഉത്തരവുകൾ തയ്യാറാകുകയെന്നതായിരുന്നു കൗൺസിലിന്റെ ചുമതല. ഉത്തരവുകൾ തയ്യാറാക്കേണ്ടുന്ന ചുമതല ഉയർന്ന പദവികൾ വഹിച്ചിരുന്ന "മഹാമാതസ് "ആയിരുന്നു. രാജാവ് നേരിട്ട് കാര്യങ്ങൾ ഏല്പിച്ചിരുന്നത് മഹാമാതാസിനെയായിരുന്നു. തക്ഷശിലാ, ഉജ്ജയിൻ, തോസാലി (കലിംഗം ),സുവ്രമനഗരി (ഡെക്കാൻ )പോലുള്ള പ്രവിശ്യകളിൽ കുമാര അല്ലെങ്കിൽ "ആയപുതാ"കളെയും നിയമിച്ചിരുന്നു. നീതിന്യായം, ശിക്ഷാവിധി എന്നിവ നടപ്പിലാക്കാൻ രാജുകാസ് എന്നൊരു വിഭാഗമുണ്ടയിരുന്നു. മതത്തിലും ധർമ്മസ്ഥാപനങ്ങളുടെയും പ്രജകളുടെ ക്ഷേമത്തിനും സന്തോഷത്തിനും വേണ്ടി പ്രവർത്തിക്കാൻ ധർമമഹാമാതാക്കളെയും നിയമിച്ചിരുന്നു. അശോകൻ ധർമമഹാമാതാസിനെ അഭിസംബോധന ചെയ്തു കൊണ്ട് മതസൗഹാർദ്ദതെ കുറിച്ചു സംസാരിക്കുന്നത് ഇന്നത്തെ ഭരണാധികാരികളും മതപുരോഹിതന്മാരും കേൾക്കേണ്ടതാണ്.
"ആരാണോ അമിതമായ ഭക്തിമൂലം സ്വന്തം മതത്തെ അമിതമായി പുകഴ്ത്തുകയും അന്യരുടെ മതത്തെ വിമർശിക്കുകയും ചെയ്യുന്നത്, വാസ്തവത്തിൽ അവൻ അവന്റെ മതത്തിനു തന്നെയാണ് ദോഷം ചെയ്യുന്നത്. മതങ്ങൾ തമ്മിലുള്ള ആശയവിനിമയം നല്ലതാണ്. എല്ലാവരും അന്യരുടെ മതത്തിലുള്ള തത്വങ്ങൾക്ക് ശ്രദ്ധ കൊടുക്കുകയും അവയെ ബഹുമാനിക്കുകയും വേണം. മറ്റ് മതങ്ങളിലുള്ള എല്ലാ തത്വങ്ങളെകുറിച്ചും എല്ലാവർക്കും അറിവുണ്ടാകേണ്ടതാണ് ".
ബിസി മൂന്നാം സഹസ്രാബ്ദത്തിലെ ഇൻഡസ് അക്ഷരങ്ങളൊഴിച്ചാൽ അശോകശാസനങ്ങൾ ശിലയിൽ ആലേഖനം ചെയ്യുന്നതുവരെ ഇന്ത്യയിൽ എഴുത്തിനുള്ള ബൗദ്ധിക തെളിവുണ്ടായിരുന്നില്ല. വേദ ഗ്രന്ഥങ്ങളിലോ ബ്രാഹ്മണ്യങ്ങളിലോ യാതൊരു പരാമർശവുമില്ല. എഴുത്തിന്റെ ആദ്യകാലത്തെ തെളിവ് പാണിനിയുടെ അഷ്ടാധ്യായിയിൽ ആണ്. അതിൽ "ലിപി "എന്നും "ലിബി "എന്നുമുള്ള (എഴുത്ത് )വരുന്നുണ്ട്. പാണിനി എഴുതിയത് BCE 350 ൽ ആണെന്ന് വിശ്വസിക്കപെടുന്നുണ്ടെങ്കിലും അദേഹത്തിന്റെ കാലത്തെ കുറിച്ചു തെളിവില്ല. പാണിനിയുടെ സ്വദേശമായ ഗാന്ധാരത്തിൽ BCE 350 കാലഘട്ടം മുതൽ അരമയ്ക് അക്ഷരങ്ങൾ ഉപയോഗിച്ചിരുന്നു. പാണിനി ലിപി എന്ന വാക്കുപയോഹിച്ചതു അരമയിക് അക്ഷരങ്ങളെ ഉദ്ദേശിച്ചാവാം. ആദ്യകാല പാലി സാഹിത്യങ്ങൾ എഴുതപ്പെട്ടത് ബുദ്ധന് വളരെ കാലം ശേഷമാണു,മൗര്യ കാലഘട്ടത്തിലും അതിന് ശേഷവും ആണെന്ന് പൊതുവെ വിശ്വസിക്കുന്നു. ഇതിനൊക്കെ ഒരു മറുവാദം ഉള്ളത് പനയോലയും മരത്തോലും തുണിയിലും എഴുതിയിരുന്നതിനാൽ അവ മൗര്യ കാലത്തിനു മുൻപേ നശിച്ചു പോയിട്ടുണ്ടാവാം എന്നാണ്.
കലിംഗ യുദ്ധത്തിന് ശേഷം അശോകൻ മറ്റ് രാജ്യങ്ങളെ ആക്രമിച്ചതായി കാണുന്നില്ല. ബുദ്ധമത ഗ്രന്ഥ്മായ ദിവ്യവാദനയിൽ അശോകൻ മന്തിമാരുടെ പ്രവർത്തന ഫലമായി ഒരു കലാപം നടത്തിയെന്ന് വിവരിക്കുന്നു. മുഖ്യ ഉപദേഷ്ടവായ ചാണക്യൻ 16 നഗരങ്ങളുടെ പ്രഭുക്കളെയും, രാജാക്കന്മാരെയും നശിപ്പിച്ചു കളഞ്ഞുഎന്നാണ് രേഖകളിൽ പറയുന്നത്. ഇത് ബിന്ദുസാരന്റെ കാലത്തിലെ സംഭവമായിരിക്കാനാണ് സാധ്യത. യുദ്ധങ്ങളിൽ നിന്നു പിൻവാങ്ങിയിരുന്നെങ്കിലും ഗ്രീക്ക്, അരമയ്ക് ശാസനങ്ങളിൽ അഫ്ഗാനിസ്ഥാന്റെ വലിയൊരു ഭൂവിഭാഗത്തിന്റെ നിയന്ത്രണം ഏർപ്പെടുത്താൻ തക്കവണ്ണം മതിയായ സൈനികശക്തി അശോകൻ നിലനിത്തിയതായി രേഖപ്പെടുത്തിയിരിക്കുന്നു.
അശോകൻ തന്റെ പിൻഗാമിയായി കണ്ടിരുന്നത് മൂത്ത മകൻ മഹേന്ദ്രനെയായിരുന്നു. താഴ്ന്ന ജാതിക്കാരിയായ (വൈശ്യ )ദേവിയെയും മക്കളെയും അപായപ്പെടുത്തി മറ്റ് മക്കൾ രാജ്യം കൈക്കലാക്കിയാലോ എന്ന് അശോകൻ ഭയപ്പെട്ടിരുന്നു. എന്നാൽ ദേവിക്കും മക്കൾക്കും രാജ്യാധികാരത്തോടു തീരെ താല്പര്യം ഉണ്ടായിരുന്നില്ല. മഹേന്ദ്രൻ 20 ആം വയസിൽ ബുദ്ധമതം സ്വീകരിക്കുകയാ നുണ്ടായത്. രണ്ടാമത്തെ ഭാര്യ കരുവാക്കിയിൽ ജനിച്ച പുത്രനാണ് തിവാല മൗര്യൻ. മഹേന്ദ്രൻ അധികാരം തിരസ്കരിച്ചതോടെ അനന്തരാവകാശി തിവലയായി. എന്നാൽ ജൈന മത വിശ്വാസിയായ റാണി പദ്മാവതിയിൽ ജനിച്ച കുണാല മൗര്യൻ അധികാരത്തിനു അവകാശമുന്നയിച്ചതു പ്രശനം സങ്കീർണമാക്കി. കുണാല അന്ധനായിരുന്നു. കുനാലയുടെ അന്ധതയ്ക് താൻ കൂടി കരണകാരൻ ആയല്ലോ എന്ന ചിന്ത അശോകനെ ധർമസങ്കടത്തിലാക്കി. കുനാലയ്ക്കു തന്റെ കണ്ണുകൾ നഷ്ടപെട്ട കഥ മഹായാനക്കാരുടെ പുരാവൃത്തം ദിവ്യവദാനയിൽ വിവരിച്ചിട്ടുണ്ട്.
- അശോകന്റെ നാലാമത്തെ ഭാര്യ തിക്ഷ്യ രക്ഷ അശോകനുമായി വളരേയേറെ പ്രായവ്യത്യാസം ഉണ്ടായിരുന്നു. തിക്ഷ്യ രക്ഷയ്ക്ക് കുനാലിനോട് പ്രേമം തോന്നി.കുനാൽ മാതാവിന്റെ സ്ഥാനം നൽകി ബഹുമാനപൂർവ്വം നിരസിച്ചുവെങ്കിലും തുടർച്ചയായി തിക്ഷ്യ രക്ഷ പ്രേമാഭ്യർത്ഥന നടത്തിക്കൊണ്ടിരുന്നു. കുനാൽ തന്റെ വരുതിക്ക് വരുന്നില്ലെന്ന് മനസിലാക്കിയ അവർ കുനാലിനെ ഇല്ലാതാക്കാൻ തീരുമാനിച്ചു. കുണാല ആ സമയം തക്ഷശിലയുടെ രാജാവായിരുന്നു. അശോകനെ കൊണ്ട് തക്ഷ ശിലയിലേക്കു ഒരു ദൂത് അയപ്പിക്കുകയും തക്ഷശിലയിലേ വിലയേറിയ രണ്ടു മാണിക്യങ്ങൾ പാടലീപുത്രയിലേക്ക് കൊടുത്തയാക്കുവാൻ അതിൽ തിക്ഷ്യരക്ഷ എഴുതിചേർക്കുകയും ചെയ്തു. അശോകൻ ഒപ്പ് വെച്ച ദൂത് കുനാൽ കൈപറ്റി. രണ്ടു മാണിക്യങ്ങൾ തന്റെ കണ്ണുകളാണെന്നു വിജ്ജനിയായ കുനാൽ മനസിലാക്കി. പിതാവാണ് എഴുതിയതെന്നു തെറ്റിദ്ധരിച്ചു തൻെറ രണ്ടു കണ്ണുകളും ചൂഴ്ന്നെടുത്തു പാടലീപുത്രയിലേക്കു കൊടുത്തയച്ചു. അങ്ങനെ കുണാല അന്ധനായി. അശോകൻ ഏറെ വിഷമിച്ചു. കൊട്ടാരത്തിലേക്കു വിളിപ്പിച്ചു പരിഹാരമായി എന്തും എന്തുമാവശ്യപ്പെടാൻ അഭ്യർത്ഥിച്ചു. കുണാല മൗര്യ ചക്രവർത്തി പദമാണ് ആവശ്യപെട്ടത്. അന്ധനായ കുണാലയ്ക്കു അധികാരം കൊടുക്കാൻ തയ്യാറായില്ല. എങ്കിലും കുണാലയുടെ രാജഭക്തിയും ഭരണമികവും കണ്ടറിഞ്ഞ അശോകൻ കുണാലയുടെ മകനായ സമ്പ്രതിയെ അശോകനു ശേഷം മൗര്യ സാമ്രാജ്യത്വത്തിന്റെ അനന്തരാവകാശിയായി പ്രഖ്യാപിച്ചു. അശോകന്റെ മരണസമയത്തു സംപ്രതിക്കു പ്രായപൂർത്തിയാവാത്തതിനാൽ മറ്റൊരു പൗത്രൻ ദാശരഥ മൗര്യൻ ചക്രവർത്തിയായി അവരോധിക്കപ്പെട്ടു. ദാശരഥ മൗര്യന് ശേഷം സമ്പ്രതി മൗര്യ ചക്രവർത്തിയായി.
ബുദ്ധമതത്തിനു നൽകിയ സംഭാവന ഖജനാവിനെ ബാധിച്ചപ്പോൾ സമ്പ്രതി രാജകുമാരൻ അശോകന്റെ അധികാരത്തെ ചോദ്യം ചെയ്തതായി ചൂണ്ടികാണിക്കപ്പെടുന്നു. മരണം വരെ രാജ്യത്തിന്റെ പരമാധികാരി ആയിരുന്നെങ്കിലും അവസാനകാലത്തു അധികാരം കൈവിട്ടുപോയിരുന്നു. 36 വർഷത്തെ ഭരണം പൂർത്തിയാക്കിയതിനു ശേഷം BCE 234-ൽ അശോകൻ മരിച്ചു.
അശോക ചക്രവർത്തി മരിച്ചു 50 വർഷം കൊണ്ട് മൗര്യസാമ്രാജ്യം അസ്തമിച്ചുവെങ്കിലും അശോകൻ ഇന്ത്യാ ചരിത്രത്തിൽ മാത്രമല്ല ലോകചരിത്രത്തിലും തിളങ്ങി നിൽക്കുന്നു. ഒരു ഭരണാധികാരി എങ്ങനെയായിരിക്കണമെന്ന് അദ്ദേഹം കാണിച്ചു തന്നു. ഭരണ മികവിലൂടെ, ധാര്മികതയിലൂടെ, നീതിന്യായ വ്യവസ്ഥയിലൂടെ അദ്ദേഹം അവശേഷിച്ചു പോയ ശാസനങ്ങളിലൂടെ . ഒരു മഹായുദ്ധത്തിൽ വിജയകൊടി പാറിച്ചു ആയുധം താഴെവെച്ച ലോകത്തിലെ ചക്രവർത്തി അശോകൻ മാത്രമായിരിക്കും. ഇന്ത്യാചരിത്രത്തിലെ സുവർണ്ണ കാലഘട്ടം ഗുപ്തകാലഘട്ട മായിരിക്കാം, പക്ഷെ "മഹാനായ ചക്രവർത്തി "അശോകൻ മാത്രമാണ്. അതുകൊണ്ടായിരിക്കാം അശോകൻ "ചക്രവർത്തിമാരുടെ ചക്രവർത്തിയായി" "അറിയപ്പെടുന്നത്.. .....








No comments:
Post a Comment