(പ്രണയിനികളുടെയും)
1999-ൽ പുറത്തിറങ്ങിയ"ദ മമ്മി "എന്ന ഹോളിവുഡ് ചിത്രം സമ്മാനിച്ച ഞെട്ടലും ദൃശ്യവിരുന്നും അത്രയെളുപ്പം ആർക്കും മറക്കാൻ പറ്റുന്നതല്ല. ഒരുപക്ഷെ നിഗൂഢവും ഭ്രമാത്കവുമായ പ്രാചീന ഈജിപ്തിന്റെ ലോകത്തേക്ക് മലയാളിയെ കൈപിടിച്ച് നടത്തിയത് ആ സിനിമയാണെന്ന് പറയാം. (മലയാളത്തിന്റെ പ്രിയ സഞ്ചാര സാഹിത്യകാരൻ എസ്. കെ പെറ്റെക്കാട്ടിനെ മറന്ന്കൊണ്ടല്ല ഇത് പറയുന്നത് ) സിനിമയിലെ പ്രധാന വില്ലനായ ഇoഹൊതെപ്പിനെ പരുത്തിത്തുണി കൊണ്ട് പൊതിഞ്ഞുകെട്ടി ജീവനും തിളക്കവുമുള്ള നീല നിറത്തോടു കൂടിയ വണ്ടുകളെയും പേടകത്തോടപ്പം അടക്കം ചെയ്യുന്ന സീനുകൾ പ്രേക്ഷകനെ സംഭ്രമജനകവും ഭീതിതവുമായ കാഴ്ചകളാണ് സമ്മാനിച്ചത്.
യഥാർത്ഥത്തിൽ പ്രാചീന ഈജിപ്ഷ്യൻ സംസ്കാരങ്ങളിൽ അത്തരം വണ്ടുകൾ പേടിപ്പെടുത്തുന്ന ഭീകരജീവികളായിരുന്നില്ല എന്നതാണ് സത്യം. മറിച് അവരുടെ ആരാധനമൂർത്തികളിൽ ഒന്നുമാത്രം ആയിരുന്നു. പ്രാചീന ഭാരതീയരെപോലെ പ്രകൃതിശക്തികളുടെ വ്യത്യസ്ത ഭാവങ്ങളിൽ ദൈവികത്വം ദർശിക്കുകയും അവയെയും മൃഗങ്ങളെയും ചെറുജീവികളെയും ആരാധിച്ചവരായിരുന്നു കെമത് ജനത. അവരുടെ പ്രധാന ദേവനായ സൂര്യദേവന്റെ വ്യത്യസ്ത ഭാവങ്ങളിൽ ഒന്നായ ഉദയസൂര്യന്റെ ദേവതയാണ് "ഖെപ്രി" ഖെപ്രിക്ക് പരിപാവനമായ സ്കരബ് എന്ന വണ്ടിന്റെ രൂപമാണ് കല്പ്പിച്ചു കൊടുത്തിരിക്കുന്നത്.
വിസ്മയകരവും അത്ഭുതവുമായ മഹാ നിർമ്മിതികളാൽ സമ്പന്നമാണ് തീബ്സിലെ കർണാക്. കർനാക്കിലെ വളരെ പ്രാധാന്യമർഹിക്കുന്ന നിർമ്മിതികളിലൊന്നാണ് നല്ല പൊക്കമുള്ള കരിംകൽ പീഠത്തിന് മുകളിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ഭ്രമരരൂപം. പുരാതന ഈജിപ്തുകാർക്കു വളരെ പ്രിയപ്പെട്ടതും ശുഭസൂചകവുമായ പ്രതീകമായാണ് സ്കരബ് എന്ന വണ്ടുകളെ കണ്ടിരുന്നത്. നിശയുടെ അന്ധകാരത്തിൽ നിന്നും ലോകത്തിലെങ്ങും പ്രകാശം ചെരിഞ്ഞു കൊണ്ട് (ഉദയസൂര്യൻ )പ്രത്യക്ഷപ്പെടുന്ന അതും -ര യുടെ ഭാവം തന്നെയായിരുന്നു ഖെപ്രിക്ക്. ചാണകത്തിൽ നിന്നും ഉയർത്തെഴുനേൽക്കുന്ന ഈ ഷഡ്പദം (scarabeus sacer) അനശ്വരതയുടെ പ്രതീകമായി കണക്കാക്കപ്പെടുന്നു. വിസർജ്യത്തിൽ നിന്നും ഉയർന്ന് വരുന്ന ജീവന്റെ കണികയായതിനാൽ ഏതുതരം ശുഭപരിണാമത്തിന്റെയും നന്ദിയായി ഖെപ്രി മാറി.
ഈജിപ്തിലെ പതിനെട്ടാം രാജവംശത്തിലെ ഫറവോയായ അമേൻഹോട്ടപ് മൂന്നാമൻ (തുത്തന്ഖാമന്റെ മുത്തച്ഛൻ )ആണ് ഈ ഭ്രമരരൂപം കർണ്ണാക്കിൽ സ്ഥാപിച്ചത്. മുൻവശം അല്പം പരത്തി ചെത്തിമിനുക്കിയ ഗോളസ്തംഭത്തിലായിരുന്നു ഈ പ്രതിഷ്ഠ. ഹീലിയോപോളിസിലെ അതും ദേവന് അർച്ചന നടത്തുന്ന ഫറവോയെ ആ സ്തംഭഫലകത്തിൽ കാണാവുന്നതാണ്. "ഭൂമിയിൽ നിന്നും ഉയർത്തെഴുനേൽക്കുന്ന ഖെപ്രി " എന്ന് അവിടെ ആലേഖനം ചെയ്തിരിക്കുന്നു.
ഈ വിശുദ്ധ വണ്ടിനെ കുറച്ച് വടക്ക് മാറിയായിരുന്നു യഥാർത്ഥത്തിൽ അമേൻഹോട്ടപ് മൂന്നാമൻ സ്ഥാപിച്ചിരുന്നത്. ഖെപ്രിയേ കാണാൻ തടിച്ചുകൂടുന്ന വിനോദസഞ്ചാരികളുടെ എണ്ണം വർധിച്ചപ്പോൾ സഞ്ചാരികൾക്കു സ്ഥലം ഒരുക്കാനായി അതിനെ കുറച്ച് കൂടി പടിഞ്ഞാറു ഭാഗത്തേക്ക്, അതായത് ഇപ്പോഴിരിക്കുന്ന സ്ഥലത്തേക്ക് മാറ്റിയതാണത്രേ.
ഖെപ്രിയേ സ്മരിച്ചുകൊണ്ട് ഈ ഭ്രമര രൂപത്തെ ഏഴു പ്രാവശ്യം വലം വെക്കുന്നവരുടെ സ്നേഹജീവിതത്തിൽ ഒരിക്കലും പ്രശനങ്ങൾ ഉണ്ടാവുകയില്ല എന്നാണ് വിശ്വാസം. ആ ഒരു വിശ്വാസവും പ്രതീക്ഷയും കൊണ്ടായിരിക്കണം സ്ത്രീപുരുഷഭേദമന്യേയുള്ള വിനോദ സഞ്ചാരികൾ അല്ലലില്ലാതെയുള്ള പ്രേമജീവിതത്തെ സ്വപ്നം കണ്ടുകൊണ്ട് ഖെപ്രി എന്ന ഭ്രമരരൂപത്തെ പ്രദക്ഷിണം വെക്കപ്പെടുന്ന കാഴ്ച്ച സാധാരണയായി കണ്ടുവരുന്നത്. # വിശ്വാസം അതല്ലേ എല്ലാം#...


No comments:
Post a Comment