Friday, July 5, 2019


അഖ്‌നാതെൻ :വിപ്ലവകാരിയായ ഫറവോ
                                                                           (Part 3)

ഒരു കാലത്ത് ലോകത്തെ വിസ്മയിച്ചു കൊണ്ട് കെട്ടുറപ്പിലും ഐശ്വര്യത്തിന്റെയും ഉത്തുംഗ ശൃംഗത്തിൽ വിരാജിച്ചിരുന്ന ഒരു മഹാസംസ്കാരത്തിന്റെ അടിവേരിളക്കുകയും ഒരു ജനതയെ അരക്ഷിതാവസ്ഥയിലേക്കു തള്ളിവിടാനും കാരണമായി തീർന്നിട്ടുണ്ടാവൂയെന്നത് ഒരു വിശ്വാസിയെ സംബധിച്ചിടത്തോളം, പൗരാണിക കാലം മുതൽ കെമത് സംസ്കാരത്തിന്റെ ഭാഗവും ആരാധനാമൂർത്തിയുമായിരുന്ന അമൂൻ ദേവന്റെ തിരസ്കരണവും അത് വഴിയുണ്ടായ ശാപവും എന്ന് കണ്ടെത്താനാവും ശ്രമികുക. മിത്തുകളിലൂടെയും അയുക്തികമായ കേവല ആശയത്തിലും സൃഷ്ഠിക്കപ്പെട്ട സൈദ്ധാന്തികമായി യാതൊരു അടിത്തറയുമില്ലാത്ത ഇത്തരം വിചിത്രഭാവനകളെ ചരിത്രമായി കാണാൻ കഴിയില്ല.
അഖ്‌നതെൻ ,നെഫെർഥിതി ,പെൺമക്കൾ 
ചരിത്രം രീതിശാസ്ത്ര നിബന്ധമായ ഒരവഗാഹ മേഖലയാണ്. പഴയ കാല മനുഷ്യരും അവരുടെ ജീവിതവും ചെയ്തികളും ആശയങ്ങളും സ്ഥാപനങ്ങളും എന്ന വിവേകപൂർവ്വമുള്ള സമീപനവുമാണ് ഉണ്ടാവേണ്ടത് ആവുന്നത്ര വസ്തുതാപരമായും നീതിയോടു തുറന്ന പക്ഷപാതം പുലർത്തിയും തെളിവുകളും യുക്തിഭദ്രമായ വ്യാഖ്യാനത്തെ അടിസ്ഥാനമാക്കിയും എപ്പോഴും നവീകരിച്ചു കൊണ്ടിരിക്കുന്ന മേഖലയാണ് ചരിത്രം. അത് കൊണ്ട് തന്നെ സൂക്ഷ്മതയോടെയും അവധാനതയോടെയും കൈകാര്യം ചെയ്യേണ്ട ഒന്നാണ് ചരിത്രരചന.
4500 വർഷത്തിലധികം പഴക്കമുള്ള ഈജിപ്തിൻ ചരിത്രത്തിൽ യാഥാർഥ്യത്തോടപ്പം വേണ്ടുവോളം കെട്ടുകഥകളും നിറഞ്ഞു നില്കുന്നു. ചരിത്രത്തോടപ്പം തന്നെ പ്രാധാന്യമുള്ള മിത്തുകളിൽ നിന്നും സത്യത്തെ കണ്ടെത്തുകയെന്നത് ചേറിൽ പുതഞ്ഞു കിടക്കുന്ന രത്‌നം കണ്ടെടുക്കുന്നത് പോലെ ശ്രമകരമാണ് എന്ന കാര്യത്തിൽ തർക്കമില്ല. എങ്കിലും സങ്കല്പത്തിന്റെയും യാഥാർഥ്യത്തിന്റെയും നേർത്ത വരയിൽ കൂടിയുള്ള യാത്ര രസകരം എന്നതുപോലെ ആവേശഭരിതരാക്കും എന്ന കാര്യത്തിൽ സംശയമില്ല.

ജോസഫ് 
 ആമേൻ ഹോട്ടപ് മൂന്നാമന്റെ ഭാര്യയായിരുന്ന തീയ് രഞ്ജിയും സഹോദരൻ ആയ് യും പ്രമുഖനായിരുന്ന യുയയുടെ മക്കളായിരുന്നു. യൂയ ജനനം കൊണ്ട് ഈജിപ്റ്റുകാരനായിരുന്നില്ല. ഇന്നത്തെ സിറിയയിലോ, കാനൻ ദേശത്തോ ആയിരുന്നുവത്രെ അദ്ദേഹത്തിന്റെ ജനനം. അത് കൊണ്ട് തന്നെ കെമത് മത സംസ്കാര വിരുദ്ധമായ ചിന്തകളും ആശയങ്ങളും മുത്തച്ഛനായ യൂയയിൽ നിന്നും അമ്മ തീയ, അമ്മാവൻ ആയ് (അഖ്‌നാത്തേനിന്റെ ഉപദേശിയും സേനാപതിയും ആയിരുന്നു )എന്നിവരിൽ നിന്നും അമേൻ ഹോട്ടപ് നാലാമനായ അഖ്‌നാതേനിനു ലഭിച്ചിട്ടുണ്ടാവുമോ? (യൂയ ബൈബിളിലെ പിതാമഹാശ്രേണിയിലെ ജോസഫ് ആണെന്നൊരു തർക്കം കൂടിയുണ്ട്. ഹീബ്രുകളുടെ അഭിവന്ദ്യ പിതാമഹൻ അബ്രഹാമിന്റെ പൗത്രനും ഇസഹാക്കിന്റെ പുത്രനുമായ യാക്കോബിന്റെയും റാഹേലിന്റെയും പുത്രനായിരുന്നു ജോസഫ്. )അങ്ങനെ ആണെങ്കിൽ ഹീബ്രു വിശ്വാസപ്രകാരം ഏകദൈവ(യഹോവ വിശ്വാസത്തിന്റെ അംശങ്ങൾ കുടുംബാംഗങ്ങളിൽ നിന്ന് ഉൾകൊള്ളാനും സ്വാധിനിക്കാനും കാരണമായി തീർന്നിട്ടുണ്ടാകുമോ ! ഒരു പക്ഷെ അതായിരിക്കില്ലേ കെമത് സംസ്കാരത്തിലെ എല്ലാം ദൈവ സങ്കല്പങ്ങളെയും ഈജിപ്തിന്റെ മണ്ണിൽ നിന്നും നിഷ്കാസിതനാക്കി ഏകദൈവ വിശ്വാസത്തിലേക്ക് ഈജിപ്തിനെയാകെ കൈ പിടിച്ചു നടത്താനും പുതിയൊരു മത സംസ്കാരം രൂപപെടുത്തിയെടുക്കാനും അഖ്‌നാതേനിനു പ്രചോദനമായി തീർന്നിട്ടുണ്ടാവുക. ഒരു കാര്യം ഇവിടെ ഓർക്കേണ്ടതായിട്ടുണ്ട് യഹോവ ആയിരുന്നില്ല അഖ്നഅതേനിന്റെ ദൈവം, ആതേൻ മാത്രമായിരുന്നു എന്ന വസ്തുത. ഈ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തുകയെന്നത് വായനക്കാരന് വിട്ടു നൽകുകയാണ്.
അസാമാന്യ മന:സ്ഥൈര്യവും നിശ്ചയദാർഢ്യവും തീരുമാനങ്ങൾ കൈകൊള്ളുനത്തിലെ അചഞ്ചലതയും അഖ്‌നതെൻനെ വേറിട്ട വ്യക്തിത്തിനുടമയാക്കിയിരുന്നു. ബാല്യകാലത്ത് ശരീരം കൊണ്ടും ചിന്തകൾ കൊണ്ടും വ്യത്യസ്തനായിരിക്കണം നപുരുരെയ എന്ന അഖ്‌നാതെൻ. അപൂർവമായ മാർഫൻ സിഡ്രോം ബാധിച്ചിരുന്നുവെന്നു പല ശാസ്ത്രകാരന്മാർക്കും അഭിപ്രായമുണ്ട്. ശരീരത്തിലെ സംയോജക കലകളെ ബാധിച്ചിരുന്ന ഈ ജനിതകരോഗം രോഗിക്ക് ഒരു പ്രത്യേക രൂപം തന്നെ നൽകിയിരുന്നു. പതിവിൽ കവിഞ്ഞ പൊക്കം, നീണ്ട കൈകാലുകളും വിരലുകളും, പൊന്തി നിൽക്കുന്ന തോളെല്ല്, കുടവയറു, അത്ര ശക്തിയില്ലാത്ത പേശികൾ ഇങ്ങനെയൊക്കെ ആയിരുന്നു നപുരുരെയയുടെ ശരീരത്തിലെ പ്രത്യേകതകൾ. ഇത്തരത്തിലുള്ള അനാകർഷിണിയത ആ ബാലനെ അപകർഷതാ ബോധത്തിനും കുടുംബത്തിലെ ഒറ്റയാനും ആക്കിത്തീർത്തു.
ആമേൻ ഹോട്ടപ് മൂന്നാമന്റെ കുടുംബത്തെ കാണിക്കുന്ന ചിത്രങ്ങളിലോ, ശില്പങ്ങളിലോ ഒരിടത്തുപോലും അവരുടെ രണ്ടാമത്തെ മകനായ നപുരുരെയുടെ കാര്യമോ രൂപമോ ചിത്രികരിച്ചു കാണുന്നില്ല. പൊതു പരിപാടികളിലോ കുടുംബചിത്രങ്ങളിലോ എന്ന് വേണ്ട എല്ലാറ്റിലും തിരസ്കരിക്കപ്പെട്ടു മനപൂർവം കല്പിക്കപെട്ട ഊരുവിലക്കിൽ വളർന്ന ആമേൻ ഹോട്ടപ് നടത്തിയ പ്രതികരമായിക്കൂടെ അദ്ദേഹത്തിന്റെ പരിഷ്‌കാരങ്ങൾ?
നെഫെർതിതി
-----------------------
അഖ്‌നതെൻനു സ്ത്രീത്വത്തോടുള്ള ബഹുമാനവും പ്രതിബദ്ധതയും താല്പര്യവും വലുതായിരുന്നു. ബാല്യകാലത്ത് മാതാവായ തീയ് രഞ്ജിയും പിന്നീട് തന്റെ മതവിപ്ലവ പരിശ്രമങ്ങളിലെല്ലാം അടിയുറച്ചു നിന്ന് പ്രോത്സാഹിപ്പിച്ച പട്ടമഹിഷി നെഫെർതിതി, മറ്റു രാഞ്ജിമാർ, വെപ്പാട്ടിമാർ തുടങ്ങിയരോടുള്ള സമീപനം അതിനുദാഹരണങ്ങൾ ആണ്.
അതിസുന്ദരിയായിരുന്നു രാജപത്‌നി നെഫെർതിതി. നെഫെർ എന്ന വാക്കിന് സൗന്ദര്യം എന്നാണർത്ഥം. തിതി എന്നാൽ ആഗതയായി എന്നും. "സൗന്ദര്യം ഇതാ വന്നിരിക്കുന്നു "എന്നുള്ള പ്രഖ്യാപനമായിരുന്നു നെഫെർതിതിയുടെ നാമധേയം. "നെഫെർ നെഫെരു ആതേൻ നെഫെർതിതി "എന്നായിരുന്നു മുഴുവൻ പേര്.
അസാമാന്യ കഴിവും കാര്യപ്രാപ്തിയുമുള്ള സ്ത്രീയായിരുന്നു നെഫെർതിതി. രാജഭരണത്തിൽ വളരെയധികം സ്വാധീനം അവർക്കുണ്ടായിരുന്നു. തന്റെ മുഖ്യ രാഞ്ജിയോടുള്ള ഫറവോടെ സ്നേഹം അളവറ്റതായിരുന്നു. അഖ്‌നതെൻ -നെഫെർത്തിതി ദമ്പതികൾക്ക് ആംഖെ സെൻ പാതേൻ (അനേക് സേന മൂൺ )അടക്കം ആറു പുത്രിമാരാണ് ഉണ്ടായിരുന്നത്. പിന്തുടർച്ചവകാശിയായി ഒരാൺതരിയില്ലാത്തതു അവരെ വല്ലാതെ വേദനിപ്പിച്ചിരുന്നു.അഖ്‌നാ തേൻനു മറ്റൊരു ഭാര്യയായിരുന്ന കിയയിൽ ജനിച്ച സ്‌മെൻഖരെ, തുത് ആംഖ് അമൂൻ എന്നിവരിലൂടെ ആയിരുന്നു വംശപരമ്പര തുടർന്നത്. അഖ്‌നാതെൻന്റെ മാതൃസഹോദരനായിരുന്നു ആയ് ആയിരുന്നു നെഫെർതിതിയുടെ പിതാവ്.
തൂത്മോസ് ശിൽപം  
തൂത് മോസ് എന്ന പ്രാചീന ശില്പി നിർമ്മിച്ചതെന്ന് കരുതുന്ന നെഫെർ തിതിയുടെ ശിൽപം പ്രശസ്തമാണ്. 47 cm പൊക്കവും ഏതാണ്ട് 20 kg തൂക്കവുമുള്ള ശില്പത്തിന് ശിരസ്സും ആഭരണഭൂഷിതമായ മാറിന്റെ മേല്ഭാഗവും മാത്രമാണ് അപൂർവ ശിപത്തിനുള്ളത്. നെഫെർതിതിയുടെ വിശ്വപ്രസിദ്ധമായ ഈ അർദ്ധകായ പ്രതിമ ജർമ്മനിയിലെ ബെർലിൻ മ്യുസിയത്തിൽ ഇന്നും സൂക്ഷിച്ചിട്ടുണ്ട്. അമേൻ ഹോട്ടപ് നാലാമൻ ആയിരുന്നകാലത്തു തീബ്സിലെയും പിന്നീട് അമരണയിലെയും സ്മാരകങ്ങളിൽ നിന്നും രാജാവിന്റെയും രാഞ്ജിയുടെയും റിലീഫ് ചിത്രങ്ങൾ കണ്ടെടുത്തിട്ടുണ്ട്. പുരോഗമന വാദിയായ അഖ്‌നതെൻ പുതിയൊരു ചിത്രകലാരീതിക്ക്‌ രൂപം കൊടുത്തു. രാജാക്കന്മാരെ ആലംങ്കരികമായും പ്രൗഢിയോടുകൂടിയും ചിത്രീകരിക്കുന്ന പതിവിനു വിപരീതമായി വൈരൂപ്യങ്ങളിലൂടെയും നിത്യ ജീവിതത്തെ യഥാർത്ഥമായി പകർത്തി കാണിക്കുന്ന ചിത്രങ്ങൾ രചിക്കാൻ കലാകാരന്മാർക്ക് നിർദ്ദേശം നൽകി. അന്നത്തെ കാലത്ത് ചിത്രകലയിലെ വിപ്ലവം തന്നെയായിരുന്നു അത്.
ഈജിപ്തിലെ രാജകീയവിധി പ്രകാരം ഒരു ഫറവോ തന്റെ മുപ്പതാം വർഷത്തിൽ നടത്തപ്പെടുന്ന ഹെബ് -സെദ് എന്ന ഉത്സവാഘോഷം അഖ്‌നാതെൻ തന്റെ അപ്രമാദിത്വം സ്ഥാപിക്കാൻ വേണ്ടിയാവണം പന്ത്രണ്ടാം വർഷത്തിൽ ആഘോഷമായി കൊണ്ടാടിയത്. ആ ഉത്സവത്തോടെ അദ്ദേഹത്തിന്റെ നല്ല നാളുകൾ അവസാനിച്ചു എന്നതാണ് സത്യം. വിട്ടു വീഴ്ചയില്ലാത്ത ആതേൻ ആരാധനയിലും അതിന്റെ പ്രചാരണത്തിലും അഖ്താ തേൻ നഗരത്തിന്റെ മോടി പിടിപ്പിക്കലിലും ശ്രദ്ദിച്ച അദ്ദേഹം രജഭരണം പലപ്പോഴും മറന്നു.
ഹിറ്റെറ്റുകളുടെ ഇടയ്ക്കിടെ ഉണ്ടാകുന്ന ആക്രമണങ്ങൾ ഒരു പരിധിവരെ പ്രതിരോധിച്ചെങ്കിലും ജനങ്ങളിൽ വളർന്നു കൊണ്ടിരുന്ന അസംതൃപ്‌തിയും രണ്ടാമത്തെ മകളായ മെകെതാതെന്റെ മരണവും അദ്ദേഹത്തെ വല്ലാതെ വേദനിപ്പിച്ചു. അമ്മ റാണി തീയ യും ഏറെ താമസിയാതെ ആൺകുട്ടികളെ സമ്മാനിച്ച കീയയും മരണപെട്ടു. പിന്നീട് മേരെതാതേൻ, ആംഖ് സെൻ പാതേൻ ഒഴിച്ചുള്ള എല്ലാ പെൺമക്കളും ദുരൂഹ സാഹചര്യത്തിൽ മരണപെട്ടു. ഭ്രാന്തനെപോലെയായ അഖ്‌നാത്തേനെ തകർത്തു കളഞ്ഞത് തന്റെ താങ്ങും തണലുമായിരുന്ന നെഫെർതിതിയുടെ മരണമായിരുന്നു. നെഫെർതിതി അഖ്‌നാതെന്റെ പതിനാലാം ഭരണവർഷത്തിൽ (BCE 1332)മരണമടഞ്ഞു എന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്.
നെഫെർതിതിയുടെ മരണ ശേഷം അഖ്‌നതെൻ തന്റെ മൂത്തപുത്രി മേരെതാതേനേ വിവാഹം കഴിച്ചുവത്രെ. ഇത്തരം വിവാഹം ഈജിപ്തിൽ സാധാരണമായിരുന്നു. രാജകീയ രക്തത്തിലുള്ള വംശാവലി നിലനിർത്തുന്നതിനായി സ്വന്തം കുടുംബത്തിലുള്ളവരെ വിവാഹ കഴിച്ചിരുന്നു. നിരവധി അസുഖങ്ങൾ കൊണ്ട് വളഞ്ഞിരുന്ന അഖ്‌നാതെൻ തന്റെ ഭരണത്തിന്റെ പതിനാറാം വർഷത്തിൽ രണ്ടു പുത്രന്മാരിൽ മൂത്തവനായ സെമെൻ ഖരെയെ രാജ്യാവകാശിയായി പ്രഖ്യാപിച്ചു.
അമർനാ നഗരത്തിൻറെ അവശിഷ്ടങ്ങൾ 
നെഫെർതിതി എന്ന് മരിച്ചു എന്നതിന് തെളിവ് ഇല്ലാത്തതു കൊണ്ട് സ്മെൻഖേര എന്ന പേരിൽ ആൺവേഷം കെട്ടി രാജ്യം ഭരിച്ചത് നെഫെർതിതിയാണെന്നു വിശ്വസിക്കുന്ന പണ്ഡിതൻമാരുണ്ട്. ഇതെല്ലാം ചരിത്രപ്രാരമായി തെളിവുകൾ ഇല്ലാത്ത അഭ്യൂഹങ്ങൾ മാത്രമാണ്. ഇതോടപ്പം കൂട്ടി വായിക്കേണ്ട കാര്യമാണ്, അഖ്‌നതെൻന്റെ മരണശേഷം ഹിറ്റെറ്റുകളുടെ സഹായം അഭ്യർത്ഥിച്ചു കൊണ്ട് കത്തെഴുതിയ രാജകുമാരി നെഫെർതിതിയാണെന്നുമുള്ള സംശയം (ഈജിപ്തിലെ നിര്ഭാഗ്യവതിയ രാജകുമാരി കാണുക )
ഏതാണ്ട് ഇതേ കാലത്ത് ഈജിപ്റ്റിനെയാകെ പിടിച്ചു കുലുക്കികൊണ്ട് പ്ളേഗ് എന്ന മഹാവ്യാധി പടർന്നു പിടിച്ചു. ആയിരകണക്കിന് ജനങ്ങൾ ചത്തൊടുങ്ങി. ഫറവോ അമൂൻ ദേവനെ നിരാകരിച്ചതിനാലുള്ള ദൈവകോപം കാരണമായിരുന്നു മാരകമായ പകർച്ച വവ്യാധിയും രാജകുടുംബാംഗങ്ങളുടെ തുടർച്ചയായ മരണങ്ങളുമെന്നു ഭൂരിഭാഗം ജനങ്ങളും വിധിയെഴുതി. ദൈവനിന്ദ നടത്തിയ ഫറവോയുടെ രാജ്യത്തെ ദൈവം നശിപ്പിക്കുമെന്ന് വിശ്വസിച്ച സാധാരണ ജനങ്ങൾ അഖതാ തേനിൽ നിന്ന് പലായനം ചെയ്യാൻ തുടങ്ങി. പലരും അഖ്‌നതെൻനെ ശപിച്ചു.
അഖ്‌നാ തേനിന്റെ അവസാനകാലം വളരെ സങ്കീർണവും ദയനീയവുമായിരുന്നു. പരിചരിക്കാൻ ആളില്ലാതെ, രോഗിയായി, ബുദ്ദി മങ്ങി ഏകാന്തതയിൽ അഭയം തേടേണ്ടി വന്നു. സംഭവബഹുലമായ ആ കാലഘട്ടത്തിനൊടുവിൽ അഖ്‌നതെൻന്റെ മരണം സംഭവിച്ചു. മരണകാരണം ഇന്നും അജ്ഞാതമാണ്. അഖതാ തേൻ എന്ന അമർനയിൽ അടക്കം ചെയ്യപ്പെട്ട ആദ്യത്തെയും അവസാനത്തെയും ഫറവോയുടെ ശവകുടീരം ഇന്നും ഒഴിഞ്ഞു കിടക്കുന്നു. അദ്ദേഹത്തിന്റെ മമ്മിക്കെന്തു പറ്റിയെന്നു അടുത്തകാലം വരെ അജ്ഞാതമായിരുന്നു. പിന്നീട് രാജ്യം ഭരിച്ച ബാലരാജാവ് തുത് ആംഖ് അമൂൻ തന്റെ പിതാവിന്റെ മമ്മിയെ ആഖതാ തേനിൽ നിന്നും തീബ്സിലേക്കു മാറ്റിയിരുന്നുവത്രെ.
KV55 എന്ന് വിളിക്കുന്ന രാജകീയ ശവകുടീരത്തിൽ നിന്നും കണ്ടെത്തിയ മമ്മി അഖ്‌നാ തേനിന്റെതാണെന്നു ജനിതക പഠനങ്ങളിലൂടെ ഏതാണ്ട് തെളിയിക്കാൻ കഴിഞ്ഞിട്ടുണ്ട്. നാൽപ്പതിൽ താഴെ മാത്രം പ്രായം വരുന്ന ഈ ശരീരം സുഷുമ്ന നാഡിക് സംഭവിച്ച ഗുരുതരമായ അസുഖതെ തുടർന്ന് മരണത്തിലേക്ക് നീങ്ങിയെന്നു ഗവേഷകർ കണക്കുകൂട്ടുന്നു. മമ്മികരണ സമയത്ത് തലച്ചോർ പൂർണമായും നീക്കം ചെയ്യുന്നതിനാൽ ഈ അസുഖം തലച്ചോറിനെയും ബാധിച്ചിരുന്നുവോ എന്ന് പറയാൻ കഴിയില്ല. ആ വിവാദ പുരുഷന്റെ മസ്തിഷ്കവശിഷ്ടങ്ങൾ അവശേഷിച്ചിരുന്നെങ്കിൽ അഖ്‌നാ തേനിന്റെ ഉന്മാദ ഭാവങ്ങൾക്കു ജനിതക ഹേതുവുണ്ടായിരുന്നെങ്കിൽ തെളിയിക്കപ്പെടുമായിരുന്നു.
അഖ്‌നാ തേനിന്റെ മരണശേഷം ഈജിപ്ത് പഴയ ചരിത്രത്തിലേക്കു മിന്നൽപിണർ കണക്കെ തിരിച്ചു പോയി. സംഘടിതവും ശക്തവുമായ ജനരോഷം അഖ്‌നതെൻ പടുത്തുയർത്തിയ സ്വന്തം നഗരത്തെയും ആതേൻ ക്ഷേത്രങ്ങളെയും അപ്പാടെ വിഴുങ്ങി കളഞ്ഞു. നീണ്ട പതിനാറു വർഷത്തെ ഓർമ്മകളെയും അവശിഷ്ടങ്ങളെയും തുടച്ചു നീക്കി.
ആരായിരുന്നു അഖ്‌നാ തേൻ നായകനോ അതോ പ്രതിനായകനോ? അദ്ദേഹം നടപ്പിലാക്കിയ ഭരണ -മത പരിഷ്‌കാരങ്ങൾ
"അമർനാ കലാപങ്ങൾ "എന്നറിയപ്പെടുന്നു. ശെരിയായിരുന്നു !അതൊരു കലാപം തന്നെയായിരുന്നു. അമൂൻ ദേവനെതിരെയുള്ള കലാപം, പുരോഹിത വർഗ്ഗത്തോടുള്ള കലാപം, തന്റെ പൂർവ പിതാക്കന്മാർക്കെതിരെയുള്ള കലാപം.ജനങ്ങൾ അദ്ദേഹം നടപ്പിലാക്കിയ പരിഷ്‌കാരങ്ങൾ അനുസരിച്ചു എന്നുള്ളത് കൊണ്ട് അംഗീകരിച്ചു എന്നല്ല,.കാരണം അദ്ദേഹത്തിന്റെ മത പരിഷ്‌കാരങ്ങളെ ആദ്യം തള്ളി പറഞ്ഞത് അദ്ദേഹത്തിന്റെ മകൻ തുത് ആംഖ് അമൂൻ തന്നെയാണല്ലോ.
അഖ്‌നത്തേനും നെഫെർതിഥിയും 
ഈജിപ്തിന്റെ അനന്യ സാധാരണമായ ചരിത്രത്തിൽ വാൽനക്ഷത്രമെന്നോണം ഉദിച്ചുയർന്നു കെട്ടടങ്ങിയ അഖ്‌നതെൻന്റെ വിപ്ലവം ലോകചരിത്രത്തിൽ വേറിട്ടു നിൽക്കുന്നു.ഒരു രാജ്യത്തിന്റെ രാജാവ് തന്നെ നയിച്ച സമാനതകളില്ലാത്ത പോരാട്ടം ഉത്തരം കിട്ടാത്ത ചോദ്യമായി ഇന്നും നിലനിൽക്കുന്നു.
മനുഷ്യന്റെ മനസ്സിൽ ആഴത്തിൽ വേരോടിയിരിക്കുന്ന വിശ്വാസപ്രമാണങ്ങളെയും ആചാരാനുഷ്ടാനങ്ങളേയും പിഴുതെറിഞ്ഞുകൊണ്ടു പാരമ്പര്യത്തെ ഒന്നാകെ നിരാകരിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ച ചേതോവികാരം എന്തായിരുന്നു?
                                       ഉത്തരം..... !

ചരിത്രവും ചരിത്രത്തോടപ്പം അവഗണിക്കാൻ പറ്റാത്ത ഒരുപാട് നിഗമനങ്ങൾ മാത്രം. നൈൽ നദിയിലൂടെ ഒഴുകുന്ന ജലപ്രവാഹം പോലെ, കാലമെന്ന മഹാ പ്രഹേളികയ്ക്കു ഇതിനുള്ള ഉത്തരം നൽകാൻ കഴിയുമെന്ന് പ്രത്യാശിക്കാം . കാരണം ചരിത്രം ആരംഭിക്കുക മാത്രമാണ് ചെയ്യുന്നത്, അതൊരിക്കലും അവസാനിക്കുന്നില്ല എന്നത് തന്നെ. ..

No comments:

Post a Comment