അലറിക്കരയുന്ന മമ്മിയുടെ രഹസ്യം തേടി...
( ഭാഗം. 2)
ലോകത്തെ വിസ്മയിപ്പിച്ച തൂതൻഖാമന് (പതിനെട്ടാം രാജവംശം ) ശേഷം ആയ്, ഹൊരംഹെബ് എന്നിവരും തുടർന്ന് പത്തൊമ്പതാം രാജവംശം സ്ഥാപിക്കപ്പെടുകയും മഹാനായ രാംസെസ് (രാംസെസ് രണ്ടാമൻ ) ഉൾപ്പെടെ എട്ട് ഫറവോമാർ രാജ്യം ഭരിക്കുകയും ചെയ്തു .ഈജിപ്ത്തിന്റ ചരിത്രത്തിലെ ഏറ്റവും മഹാനായ ചക്രവർത്തിയായി അറിയപ്പെടുന്ന രാംസെസ് രണ്ടാമൻ ബൈബിൾ പഴയനിയമ പ്രകാരം മോസസ് പ്രവാചകന്റെ കാലത്തെ ഏറ്റവും ക്രൂരനായ ഫറവോയെന്നാണ്അറിയപ്പെടുന്നത്. വിഷലിപ്ത മനസും അഹങ്കാരിയും ക്രൂരനും വില്ലനുമായ രാംസെസ്സ് രണ്ടാമൻ എങ്ങനെയാണ് "മഹാനായ ഫറവോ"യായി എന്നുള്ളത് പിന്നീടൊരിക്കൽ പറയാം.
പത്തൊമ്പതാം രാജവംശത്തിന്റെ അവസാനകാലത്തു അനുഭവപ്പെട്ട അനിശ്ചിതത്തെ തുടർന്ന് ഇരുപതാം രാജവംശം സ്ഥാപിക്കപ്പെട്ടു. സിംഹാസനത്തിലേറുമ്പോഴേ വൃദ്ധനായിരുന്ന സെത് നാഖ്ത് എന്ന ഇരുപതാം രാജവംശത്തിന്റെ സ്ഥാപക ഫറവോയ്ക്ക് ഭരണത്തിൽ അധികകാലം ഇരിക്കാൻ കഴിഞ്ഞില്ല. എങ്കിലും അക്കാലത്തു അശാന്തമായ ഈജിപ്തിൽ സമാധാനവും ശാന്തിയും പുനഃസ്ഥാപിക്കുന്നതിൽ വിജയിച്ചതായി കാണാവുന്നതാണ്. സെത് നാഖ്തെയ്ക്ക് രാഞ്ജിയായ തീയ് -മെരെനെ സിൽ ജനിച്ച പുത്രനായിരുന്നു രാംസെസ് മൂന്നാമൻ. ഇസിസ്, തിതി, തീയ് എന്നിങ്ങനെ മൂന്ന് ഭാര്യമാരിലായ് പതിനൊന്ന് മക്കൾ അദ്ദേഹത്തിനുണ്ടായിരുന്നു. അനന്തരാവകാശികളായി ഇത്രയധികം മക്കളുള്ള ഫറവോയെ ഈജിപ്ഷ്യൻ ചരിത്രത്തിൽ കണ്ടെത്താൻ കഴിഞ്ഞെന്ന് വരില്ല. അദ്ദേഹത്തിന്റെ മൂന്നു മക്കൾ രാംസെസ് നാലാമൻ, ആറാമൻ, എട്ടാമൻ എന്നിവർ പിന്നീട് ഈജിപ്ത്തിന്റ ഫറവോമാരായി സ്ഥാനമേറ്റു.
രാഞ്ജിമാരിൽ ഏഷ്യക്കാരിയായ ഇസീസും രാജസ്‌ത്രിയായ തിതിയും ആയിരുന്നു രാജകൊട്ടാരത്തിൽ പ്രധാനപദവി അലങ്കരിച്ചിരുന്നത്. സ്ത്രീസഹജമായ എല്ലാ ദൗർബല്യങ്ങളും ഉണ്ടായിരുന്ന തീയ് രാഞ്ജി ഇതിൽ അസ്വാസ്ഥനായതിൽ അത്ഭുതപ്പെടാനില്ല. തീയുടെ പുത്രനായിരുന്നു പതിനെട്ട് വയസ് പ്രായമുള്ള പെന്റവരെ. ഏതൊരു അമ്മയും ആഗ്രഹിക്കുന്നപോലെ സ്വന്തം മകൻ ഏറ്റവും ഉന്നതസ്ഥാനത്തു എത്തണമെന്ന് ആ അമ്മ ആഗ്രഹിച്ചതിൽ ഒരു തെറ്റും പറയാനുമില്ല. പക്ഷെ അതിന് സ്വീകരിച്ച മാർഗ്ഗമാണ് പ്രശനം. ഈജിപ്ത് കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ ഒരു ഗൂഢാലോചനയുടെ തുടക്കം അവിടെ നിന്നായിരുന്നു. നിരവധി യുദ്ധങ്ങളിലൂടെ പേരും പ്രശസ്തിയും നേടിയെടുത്ത രാംസെസ് മൂന്നാമൻ ശക്തനായിരുന്നു. ഈയൊരു സമയത്ത് ഏതൊരു നീക്കവും അപകടം വിളിച്ചുവരുത്തുമെന്ന് മുൻകൂട്ടി കണ്ട തീയ് സമയവും സാഹചര്യവും അനുകൂലകാൻ കരുക്കൾ നീക്കി കാത്തിരുന്നിരിക്കാം.
രാംസെസ് മൂന്നാമന് പെന്റവരെയോട് യാതൊരു മതിപ്പും ഉണ്ടായിരുന്നില്ല എന്ന് മാത്രമല്ല ഭാവിപ്രവർത്തനത്തിൽ വേണ്ടത്ര പരിഗണിച്ചിരുന്നുമില്ല. ചിലപ്പോൾ തീരെ അവഗണിച്ചിരിക്കാനും സാധ്യതയുണ്ട്. രാംസെസ് മൂന്നാമന്റെ ഭരണകാലത്തിന്റെ രണ്ടാം പകുതിയിൽ അങ്ങനെ ഹീനമായ ഒരു ഗൂഢാലോചനയ്ക്ക് ബീജാവാപമായി. ചരിത്രത്തിൽ ഈ ഗൂഢാലോചന "Harem conspiracy" എന്നാണ് അറിയപ്പെടുന്നത്. ഈ ഗൂഢാലോചനെക്കുറിച്ചുള്ള വിവരങ്ങൾ ഇന്ന് ടൂറിൻ നഗരത്തിൽ സൂക്ഷിച്ചിട്ടുള്ള പുരാരേഖയായ നീതിന്യായ പാപ്പിറസിൽ നിന്നാണ് ലഭിക്കുന്നത്. 3000 വർഷങ്ങൾക്ക് മുൻപ് എഴുതപ്പെട്ടിട്ടുള്ള അമൂല്യമായ രേഖകൾ ഈ സംഭവത്തെക്കുറിച്ചു ഇന്ന് നമ്മൾക്ക് ലഭ്യമായിട്ടുള്ള എല്ലാ പാപ്പിറസ് ചുരുളുകളുടെയും ഒരു സംയോജിത ലിഖിതമാണെന്ന് പറയാം.
ഈജിപ്തിനെതിരെയുള്ള വിദേശീയരുടെ കന്നാക്രമണങ്ങളെ ചെറുക്കാൻ രാംസെസ് മൂന്നാമന് കൊടുക്കേണ്ടി വന്ന വില വളരെ വലുതായിരുന്നു. യുദ്ധച്ചെലവുകൾക്ക് വേണ്ടിവന്ന പണം ഖജനാവിനെ തീരെ ദുർബലമാക്കി. കൂടാതെ മറ്റെല്ലാ ഫറവോമാരെയും പോലെ രാജകീയ നിർമാണ പ്രവർത്തനങ്ങൾക്ക് വേണ്ടിവന്ന ചെലവുകളും ഖജനാവ് കാലിയാവാൻ കാരണമായി. അതോടപ്പം തന്നെ ലോകമെങ്ങും സസ്യവളർച്ച മോശമായത് (BCE 1140 മുതൽ രണ്ട് ദശാബ്ദകാലത്തോളം ഈ പ്രതിഭാസം നിലനിന്നതായി പറയപ്പെടുന്നു ) ഈജിപ്തിലെ കൃഷിയെയും വിളവെടുപ്പിനെയും ബാധിച്ചു. ഭക്ഷ്യവില കുതിച്ചുകയറി ജീവിതച്ചെലവ് കൂടിയതോടെ ഈജിപ്ത് വലിയൊരു സാമ്പത്തിക പ്രതിസന്ധിയിലേക്ക് കടന്നു. ഈജിപ്ത്തിന്റ പിന്നീടുള്ള ചരിത്രം പരിശോധിച്ചാൽ ലോകം മുഴുവൻ ജ്വലിച്ചു നിന്ന ഒരു മഹദ് സാമ്രാജ്യത്തിന്റെ പ്രതാപത്തിന് മങ്ങലേൽക്കാൻ തുടങ്ങിയതും അതോടെയായിരുന്നുവെന്ന് കാണാൻ പറ്റും. പിന്നീട് ഈജിപ്തിന് പലവിധത്തിലുള്ള അധിനിവേശങ്ങൾക്ക് ഇരയാവേണ്ടി വന്ന സാഹചര്യങ്ങൾക്ക് വിത്ത് പാകിയതും അതിനെത്തുടർന്നായിരുന്നു.
രാംസെസ് മൂന്നാമന്റെ അവസാനകാലത്തു രൂപപ്പെട്ട ഇത്തരം പ്രതിസന്ധികൾ ജനങ്ങൾക്കിടയിൽ ഭരണകൂടത്തോടുള്ള അസംതൃപ്തിക്ക് കാരണമായി തീർന്നു. ഇത്തരമൊരു ദുരവസ്ഥ ജനങ്ങളിൽ മുറുമുറുപ്പും പ്രതിഷേധ പ്രകടനങ്ങളിലേക്കും നയിച്ചു. ഇത്തരം പ്രതിഷേധത്തിന്റെ ആദ്യത്തെ ലക്ഷണം കണ്ടത് സെത് മാത് ഹെർ ഇമെന്തി വസെത് എന്ന ഗ്രാമത്തിലായിരുന്നു. ഇന്നാ ഗ്രാമം ദെയ്ർ എൽ മെദീന എന്ന പേരിൽ അറിയപ്പെടുന്നു. രാജകീയ ശവകൂടീരങ്ങളുടെ നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരുന്ന നിരവധി വിദഗ്ധരായ തൊഴിലാളികൾ സൗജന്യമായി കിട്ടിക്കൊണ്ടിരുന്ന ഭക്ഷണത്തിൽ വന്ന കുറവിനെതിരെയും മെച്ചപ്പെട്ട വേതനത്തിനും ജീവിത സൗകര്യത്തിനും മുറവിളി കൂട്ടുകയും അവസാനം അതൊരു പണി മുടക്കായി മാറുകയും ചെയ്തു. ലോകചരിത്രത്തിലെ ആദ്യത്തെ തൊഴിലാളി സമരമായി അതിനെ കണക്കാക്കാം.
![]() |
| രാംസെസ് മൂന്നാമൻ |
മുഖ്യരാഞ്ജി സ്ഥാനം മോഹിച്ചിരുന്ന തീയ് താൻ കാത്തിരുന്ന സമയം ഇതാണെന്ന് കരുതി. മുഖ്യരാഞ്ജിപദം എന്ന തന്റെ ആഗ്രഹം രാംസെസ് എന്ന ഉരുക്കുമതിലിൽ തട്ടി തകരുന്നത് പലപ്രാവശ്യം കണ്ടതാണ്. മുഖ്യരാഞ്ജിയായില്ലെങ്കിലും വേണ്ടില്ല രാജാമാതാവ് എങ്കിലും ആവണമെന്ന് അവർ ആഗ്രഹിച്ചു. അതിന് തന്റെ പ്രിയപുത്രൻ പെന്റവർ ഫറവോയായി തീരണമെന്ന് അവർ അതിയായി ആഗ്രഹിച്ചു.മനം മടുത്ത അവഗണനയിലും മുറിവേറ്റ മനസും അടക്കാനാവാത്ത ലൗകികവാഭിവാഞ്ഛയും ഈജിപ്തിന്റെ ചരിത്രത്തിലാദ്യമായി ഒരു രാഞ്ജിയെ പ്രതികാരദുഗ്ഗയാക്കി എന്ന് പറയുന്നതാവും ശെരി.
തനിക്ക് ചുറ്റും വിശ്വസ്തരായ ഒരു നിഗൂഢസംഘത്തെ വളർത്തിയെടുത്ത തീയ് പേരു പോലെ തന്നെ തീയിൽ കുരുത്തവൾ തന്നെയായിരുന്നു. രാജകൊട്ടാരത്തിന് അകത്തും പുറത്തും പ്രവർത്തിച്ചിരുന്ന ഉപജാപകസംഘത്തിൽ ഫറവോയുടെ അടുത്ത സേവകർപോലും ഉൾപ്പെട്ടിരുന്നു. കൊട്ടാരത്തിലെ മുഖ്യ പാചകക്കാരൻ പെബക്കാമൻ, അയാളുടെ സഹായി മസ്‌തസൂരിയ, കന്നുകാലി സൂക്ഷിപ്പുകാരൻ പാന്യബോനി, കൊട്ടാരം കാര്യദർശിയായിരുന്ന പനൂക്, പെന്റുവ എന്നിവരും കൊട്ടാരം മന്ത്രവാദിയായിരുന്ന പ്രേകമനഫ് രാംസെസ് മൂന്നാമന്റെ ഏറ്റവുമടുത്ത ഭിക്ഷഗ്വരൻ ഈരെയ് ഖജനാവിലെ ഉദ്യോഗസ്ഥനായിരുന്ന പൈരിയെ പാന്യബോനി എന്നിവരും ഉൾപ്പെട്ടിരുന്നു. ഇവരെയൊക്കെ പാട്ടിലാക്കാൻ പണവും സ്ത്രീകളെയും വേണ്ടുവോളം തീയ് ഉപയോഗിച്ചു. ഗൂഢാലോചനക്കാർ തമ്മിലുള്ള ആശയകൈമാറ്റത്തിന് തീയ് തന്റെ പ്രിയപ്പെട്ട അനുചാരിക വൃന്ദത്തെയും ഉപയോഗിച്ചിരിക്കാം. പക്ഷെ ഫറവോയ്‌ക്കെതിരെ ഗൂഢാലോചന നീക്കങ്ങൾ നടത്തുക അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. അതിന് ആദ്യം അവർ ചെയ്തത് മാനസികമായി തളർത്താൻ ദുർമന്ത്രവാദവും, ശാരീരികമായി കീഴ്പ്പെടുത്താൻ വിഷപ്രയോഗവുമായിരുന്നു. മന്ത്രവാദപ്രയോഗം നടന്നുകൊണ്ടിരുന്നു.
എന്തായാലും , ഒരുനാൾ കള്ളം പിടിക്കപെടുക തന്നെ ചെയ്തു. എങ്ങനെയാണ് ആ രഹസ്യനീക്കം പുറത്തായത് എന്നറിയില്ലെങ്കിലും പലരും തുറങ്കിലടയ്ക്കപ്പെട്ടു. എന്നാൽ എല്ലാവരിലേക്കും ആ അന്വേഷണം ചെന്നെത്തിയിരുന്നില്ലെന്ന് തീയ് രാഞ്ജിയുടെ പിന്നീടുള്ള നീക്കങ്ങൾ തന്നെയാണ് ഉദാഹരണം. രാജ്യദ്രോഹികളെ ഈജിപ്തിലെ നിയമമനുസരിച്ചു വിചാരണ ചെയ്യാൻ പന്ത്രണ്ട് ന്യായാധിപന്മാരെ രാംസെസ് മൂന്നാമൻ നേരിട്ട് നിയമിച്ചതായി പുരാതന പാപ്പിറസ് രേഖകൾ പറയുന്നു.
ഇതൊന്നും കൊണ്ട് പിന്മാറാൻ തീയിൽ കുരുത്ത കരുത്തും നിശ്ചയദാർഢ്യമുള്ള തീയ് എന്ന രാഞ്ജി തയ്യാറായില്ല. ന്യായാധിപന്മാരെ സ്വാധിനിക്കാനായി അന്തഃ പുരത്തിലെ അംഗലാവണ്യമുള്ള സ്ത്രീകളെ ഉപയോഗിച്ചതായും അവരുടെ മോഹനലാവണ്യത്തിൽ വീണ ഏഴ് ന്യായാധിപന്മാരെ കുറിച്ചും പാപ്പിറസ് രേഖകൾ തെളിവ് നൽകുന്നു. ന്യായാധിപന്മാർ പിടിക്കപ്പെട്ട് തടവറയിൽ ആയപ്പോഴും ഏത് നിമിഷവും പിടിക്കപ്പെടുമെന്ന അവസ്ഥയിലും തീയ്രാഞ്ജിക്ക് രാംസെസിന്റെ അടുത്ത് അടുത്തിടപഴകാൻ സാധിച്ചത് അത്ഭുതാവഹം തന്നെയാണ്. ഒരുപക്ഷെ തീയയുടെ അഗാധസൗന്ദര്യത്തിലും കാമാതുരതയിലും മനം മയങ്ങിപ്പോയ ഫറവോ അവരെ അവിശ്വസിക്കാൻ ഇടയില്ലെന്നാണ് കരുതേണ്ടത്. എന്നാൽ ചിരകാലം മനസ്സിൽ കൊണ്ട് നടന്ന ആഗ്രഹങ്ങളും മോഹങ്ങളും കൈവിട്ടുപോകുമെന്ന ഘട്ടത്തിൽ രാജ് മോഹൻ ഉണ്ണിത്താന്റെ സ്ഥിരം ഡയലോഗായ "അന്തം വിട്ടവൻ എന്തും ചെയ്യും " എന്നതുപോലെ തീയ് രാഞ്ജിക്ക് പിന്നെ ഒന്നും നോക്കാനില്ലയായിരുന്നു. ഒടുവിൽ, മുപ്പത് വർഷത്തിലധികം രാജ്യം ഭരിക്കുകയും മഹാനായ ഫറവോ എന്നുതന്നെ വിളിക്കാവുന്ന ആ നൃപപുംഗവൻ ഈജിപ്തിന്റെ ചരിത്രത്തിലെ ഏറ്റവും അഭിശപ്തമെന്ന് കരുതാവുന്ന ഒരു ദുർദിനത്തിലെ സായാഹ്നത്തിൽ മരണപ്പെട്ടു.
രാംസെസ് മൂന്നാമന്റെ മരണത്തോടെ സൈന്യത്തിന്റെ സഹായത്താൽ അധികാരത്തിലെത്താനുള്ള തീയ് രാഞ്ജിയുടെ ഗൂഡപദ്ധതി പാടെ തകർക്കപ്പെട്ടു. പെന്റവരെയ്ക്ക് ഫറവോയാകാൻ കഴിഞ്ഞില്ല. പകരം രാംസെസ് നാലാമൻ സിംഹാസനത്തിൽ അവരോധിതനായി. കുറ്റവാളികൾ ഒന്നൊഴിയാതെ പിടിക്കപ്പെട്ടു. പിതാവിന്റെ കൊലപാതകികൾക്കെതിരെ ശക്തമായ നടപടികളാണ് രാംസെസ് നാലാമൻ കൈകൊണ്ടത്. നീണ്ട വിചാരണനടപടികൾക്ക് ശേഷം കുറ്റവാളികളായി കണ്ടെത്തിയ 38 പേർക്ക് വധശിക്ഷ വിധിക്കപ്പെട്ടു. 28 പേരെ ഫറവോയുടെ സൈനികർ വധിച്ചു. ആറു പേരോട് ആത്മഹത്യ ചെയ്യാൻ ആവശ്യപ്പെടുകയും ന്യായാധിപന്മാർക്ക് മുൻപിൽ പരസ്യമായി തന്നെ നിർബന്ധപൂർവം നടപ്പിലാക്കപ്പെടുകയും ചെയ്തു. ശേഷിച്ച നാല് പേർ ഈജിപ്തിലെ ഏറ്റവും ഉയർന്ന നിലയിലുള്ളവരായിരുന്നു. തീയ്രാഞ്ജിയും മകൻ പെന്റവരെയും അതിൽ പെടും. കാരാഗൃഹത്തിന്റെ ഇരുളടഞ്ഞ കോണിൽ രഹസ്യമായി അവർ വധിക്കപ്പെട്ടു. വിഷം കഴിച്ചുള്ള നിർബന്ധിത ആത്മഹത്യയായിരുന്നു എന്നാണ് പറയപ്പെട്ടിരുന്നത്.
ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ഈ ന്യായവിധിക്ക് ശേഷം മറ്റൊരു വിചാരണ കൂടി നടത്തപ്പെട്ടു. തീയ് രാഞ്ജിയുടെ നിർദ്ദേശാനുസരണം സുന്ദരികളായ സ്ത്രീകളാൽ പാട്ടിലാക്കപ്പെട്ട ന്യായാധിപന്മാർക്കെതിരെയായിരുന്നു അത്. ഒരാളൊഴികെ ബാക്കിയെല്ലാവരെയും കുറ്റക്കാരായി കണ്ടെത്തിയ കോടതി കടുത്ത ശിക്ഷ വിധിക്കുകയും ചെയ്തു. വിധി നടപ്പിലാക്കുന്നതിന് മുൻപേ ഒരാൾ ആത്മഹത്യ ചെയ്യുകയുണ്ടായി. മറ്റുള്ളവരുടെ മൂക്കും ചെവിയും ഛേദിച്ചു കളഞ്ഞുവത്രേ.
രാംസെസ് മൂന്നാമനെ തീബ്സിലെ (ഇപ്പോഴത്തെ ലെക്സർ ) വാലി ഓഫ് കിങ്‌സ് എന്നറിയപ്പെടുന്ന ലോകപ്രശസ്ത കബറിടത്തിലാണ് (KV 11) അടക്കം ചെയ്യപ്പെട്ടത്. നിർഭാഗ്യമെന്ന് പറയട്ടെ ശവക്കല്ലറയിലെ അളവറ്റ നിധിശേഖരങ്ങൾ കൊള്ളയടിക്കാൻ നിധിവേട്ടക്കാരായ കൊള്ളക്കാർ വ്യപകമായി ശ്രമിച്ചു. എത്രമാത്രം സൈനികസന്നാഹങ്ങൾ ഉണ്ടായിട്ടും വാലി ഓഫ് കിങ്സിലെ കൊള്ള തുടർന്നു കൊണ്ടിരുന്നു. അവസാനം ഇത്തരം ആക്രമണങ്ങളിൽ നിന്ന് മരണാന്തര ജീവിതവും കാത്തുകഴിയുന്ന രാജകീയ മമ്മികളെയെങ്കിലും സംരക്ഷിക്കപ്പെടണമെന്ന് പുരോഹിതന്മാർ ആലോചിച്ചു തീരുമാനത്തിലെത്തി. എല്ലാ ഫറവോമാരുടെയും കല്ലറകൾ തുറന്ന് മമ്മികളെയെല്ലാം ഒരുമിച്ച് തീരെ അപ്രധാനമായ സ്ഥലത്തേക്ക് മാറ്റുക എന്നതായിരുന്നു തീരുമാനം. അങ്ങനെ മാറ്റപ്പെട്ട മമ്മികൾ ഒളിപ്പിച്ച രണ്ട് സ്ഥലങ്ങളിൽ ഒന്നായ "ദെയ്ർ എൽ - ബഹാരിയിലെ മലനിരകളിൽ നിന്ന് അമ്പതോളം മമ്മികൾ സഹസ്രാബ്ദങ്ങൾക്ക് ശേഷം കണ്ടെടുക്കപ്പെട്ടു. 1886-ൽ അങ്ങനെ കണ്ടെടുക്കപ്പെട്ട മമ്മികളിൽ ഒന്ന് രാംസെസ് മൂന്നാമന്റെതായിരുന്നു.
![]() |
| രാംസെസ്സ് മൂന്നാമൻ |
ലോകപ്രശസ്ത ഈജിപ്റ്റോളജിസ്റ്റ് സാഹി ഹവാസിന്റെ നേതൃത്വത്തിൽ ഇറ്റലിയിൽ നിന്നുള്ള ആദിമരോഗനിദാന ശാസ്ത്രവിദഗ്ധൻ (paleopathologist ) പ്രൊഫ. ആൽബർട്ട് സിങ്കും സംഘവും രാംസെസ് മൂന്നാമന്റെ മമ്മിയുടെ സി. ടി സ്കാൻ എടുത്തപ്പോൾ അമ്പരപ്പിക്കുന്ന ചില കാര്യങ്ങളാണ് വെളിപ്പെട്ടത്.രാംസെസ് മൂന്നാമന്റെ മരണം സ്വാഭാവിക മരണമല്ലെന്നും അതൊരു ക്രൂരമായ കൊലപാതകമാണെന്നും തെളിഞ്ഞു. രാംസെസിന്റെ കഴുത്തിൽ സ്വനപേടകത്തിന്റെ തൊട്ടുതാഴെ ഏഴു സെന്റിമീറ്റർ ആഴത്തിൽ വലിയൊരു മുറിവുണ്ടായിരുന്നു. ആ മുറിവ് കഴുത്തിലെ കശേരുക്കളുടെ അടുത്തുവരെ എത്തിയിരുന്നു. പെട്ടന്നുണ്ടായ ആ ആക്രമണത്തിൽ ശ്വാസനാളവും അന്നനാളവും മുഴുവനായും അറുത്തുമാറ്റാൻ സാധ്യതയുള്ള മുറിവ് തന്നെയായിരുന്നു ഉണ്ടായിരുന്നത്. രാംസെസ് മൂന്നാമൻ ആ ആക്രമണത്തെ അതിജീവിക്കാനുള്ള സാധ്യത കുറവാണെന്ന് അവർ കരുതി. 2011-ൽ കയ്‌റോ യൂണിവേഴ്സിറ്റിയിലെ റേഡിയോളജിസ്റ്റ് പ്രൊഫസർമാരായ അഷറഫ് സലിം, സഹർ സലിം എന്നിവർ നടത്തിയ പരിശോധനകളും മഴു പോലെയുള്ള ആയുധം കൊണ്ട് കഴുത്തിനേറ്റ ആഴത്തിലുള്ള മുറിവുകൾ മരണകരണമായി തീർന്നിട്ടുണ്ടാവാം എന്നഭിപ്രായപെട്ടു.
കൂടാതെ, രാംസെസ് മൂന്നാമന്റെ മമ്മിയിലും അലറിക്കരയുന്ന മമ്മിയായ പെന്റവരെയുടെ മമ്മിയിലും നടത്തിയ സി. ടി സ്കാൻ, ജനിതക പരിശോധനയിൽ Y ക്രോമസോമുകൾ പിതാവ് -മകൻ ബന്ധത്തെ സാധൂകരിക്കുന്നതും ആയിരുന്നു. അതോടപ്പം അലറിക്കരയുന്ന മമ്മിയിൽ (പെന്റവർ ) നടത്തിയ മറ്റൊരു പരീക്ഷണത്തിൽ വിഷപ്രയോഗം മൂലം മരണകാരണമെന്ന് കരുതിയിരുന്നത്, അങ്ങനെയല്ലെന്നും തൂക്കിലേറ്റിയതാണെന്നും കണ്ടെത്തി. കഴുത്തിന് ചുറ്റും കയർ മുറുകിയ പാടുകൾ കണ്ടതാണ് അത്തരമൊരു നിഗമനത്തിലെത്താൻ ശാസ്ത്രകാരന്മാരെ പ്രേരിപ്പിച്ചത്.
![]() |
| Ramsess III, Sracopha |
ആ കൊടും ക്രൂരതയുടെ പ്രതി അലറിക്കരയുന്ന മമ്മിയുടെ ഉടമയായ പെന്റവർ രാജകുമാരനാണെങ്കിൽ, പിതൃഹത്യയുടെ ശാപത്താൽ വികൃതരൂപിയായ ഭൗതിക ശരീരത്തിലേക്ക് ഒരിക്കലും കയറികൂടാനാവാത്തവിധം കൊടും ക്രൂരതയുടെ ദുഷിച്ച ഓർമ്മകൾ പേറി പെന്റവർ രാജകുമാരന്റെ ആത്മാവ് ആർത്തലച്ചൊഴുകുന്ന നൈൽ നദിയുടെ തീരങ്ങളിലോ ചുട്ടുപൊള്ളുന്ന നൂബിയൻ മരുഭൂമിയിലോ ഇപ്പോഴും അലഞ്ഞു തിരിയുന്നുണ്ടായിരിക്കണം...
കാണുക - രാംസെസ് 3 പെന്റാവർ DNA ടെസ്റ്റിങ് വീഡിയോ
video lik.....Facebook https://www.facebook.com/sudhakaran.kunhikochi/videos/2418394651750063/?t=45
കാണുക - രാംസെസ് 3 പെന്റാവർ DNA ടെസ്റ്റിങ് വീഡിയോ
video lik.....Facebook https://www.facebook.com/sudhakaran.kunhikochi/videos/2418394651750063/?t=45






No comments:
Post a Comment