കെവിൻ കാർട്ടർ ആത്മഹത്യ ചെയ്തിട്ട് രണ്ടര പതിറ്റാണ്ട്.
കെവിൻ കാർട്ടർ ആരാണെന്ന് ചോദിച്ചാൽ എല്ലാവർക്കും അറിയണമെന്നില്ല. എന്നാൽ താഴെ കൊടുത്തിരിക്കുന്ന കാലത്തെ അതിജീവിച്ച, തീവ്രമായ ജീവിതാവസ്ഥയെ ക്യാമറയിൽ സന്നിവേശിപ്പിച്ച ഫോട്ടോ അത്രപെട്ടന്നൊന്നും ആർക്കും മറക്കാനും കഴിയില്ല. ലോകത്തെ കരയിപ്പിച്ച ആ ഫോട്ടോ പകർത്തിയ നിർഭാഗ്യവാനായ ഫോട്ടോഗ്രാഫർ ആണ് കെവിൻ കാർട്ടർ.
1993 - കലാപവും ദാരിദ്ര്യവും പട്ടിണിയും കൊണ്ട് വിറങ്ങലിച്ചു പോയ സുഡാൻ ജനത. എല്ലും തോലുമായി നരകതുല്യമായ ജീവിതം. കലാപത്തിലും പട്ടിണിയിലും ജീവൻ നഷ്ടപെട്ടത് ആയിരങ്ങൾക്കാണ്. ഐക്യരാഷ്ട്ര സഭയുടെ കീഴിൽ തുറന്ന ദുരിതാശ്വാസ ക്യാമ്പുകളിൽ ജനങ്ങൾ തിങ്ങി നിറഞ്ഞു ദുരിതപൂർണ്ണമായ അവസ്ഥ. ഒരു നേരെത്തെ വിശപ്പടക്കുന്നതിനായി കലാപങ്ങൾ സൃഷ്ടിക്കേണ്ടി വരുന്ന ദയനീയ കാഴ്ച്ചയായിരുന്നു എങ്ങും.
ജൊഹനാസ് ബർഗിലെ സൺഡേ പത്രത്തിൽ ജോലി ചെയ്തു വരികയായിരുന്നു ഫോട്ടോഗ്രാഫർ ആയ കെവിൻ കാർട്ടർ. കൂടാതെ ദക്ഷിണാഫ്രിക്കയിലെ വർണവിവേചനത്തിനെതിരെയുള്ള പോരാട്ടവും കറുത്തവന്റെ ചെറുത്തുനിൽപ്പും ക്യാമറയിലാക്കിയ "ബാങ് ബാങ് ക്ലബ് " എന്ന നാൽവർ സംഘത്തിൽ അംഗവുമായിരുന്നു കെവിൻ. യു എൻ സംഘത്തോടപ്പം ഏതാനും മണിക്കൂറുകൾ പ്രവർത്തിക്കുന്നതിന് വേണ്ടിയാണ് കെവിനും സുഹൃത്തായ സിൽവയും കൂട്ടരും ദക്ഷിണ സുഡാനിലെ അയോഡു എന്ന ഗ്രാമത്തിൽ എത്തിയത്.
1993 മാർച്ച് 23.
കെവിൻ തനിക്ക് കിട്ടിയ ചുരുങ്ങിയ സമയത്ത് സുഡാനിലെ യു എൻ ക്യാമ്പിനരികിൽ കൂടി പച്ചയായ ജീവിത യാഥാർഥ്യങ്ങൾ പകർത്തികൊണ്ടിരിക്കുമ്പോഴാണ് ദയനീയമായ ഒരു ഞരക്കം കേട്ടത്. മനുഷ്യകുഞ്ഞാണോയെന്ന് സംശയം തോന്നിപ്പിക്കുന്ന ഒരു രൂപം. അതൊരു പെൺകുട്ടിയാണെന്ന് കാർട്ടർക്ക് തോന്നി. ചുട്ടുപൊള്ളുന്ന വെയിലിൽ ശിരസ്സ് ഭൂമിയിലേക്ക് താഴ്ത്തി അഭയാർത്ഥി ക്യാമ്പിലേക്ക് ഇഴഞ്ഞു നീങ്ങുകയായിരുന്നു അവൾ. കൊടിയ വിശപ്പിന്റെ അടയാളമെന്നോണം എല്ലുകൾ ഉടലിന് പുറത്തേക്ക് ഉന്തിനിന്നിരുന്നു. സുഡാനിലെ ജീവിതത്തിന്റെ നേർകാഴ്ച്ചയായി ആ വാങ്മയചിത്രം ക്യാമറയിൽ പകർത്താൻ ശ്രമിക്കവേ പെടുന്നനെ ഒരു ശവംതീനി കഴുകൻ ആ പെൺകുട്ടിയുടെ തൊട്ടു പുറകിൽ പറന്നിറങ്ങി. മരണവും ജീവിതവും ഒന്നിച്ചു കണ്ട നിമിഷമായിരുന്നു കാർട്ടർക്ക് അത്. വിശപ്പായിരുന്നു കുഞ്ഞിനും കഴുകനും ! അസാധാരമായ കാഴ്ച്ച. ഇനി ഒരിക്കൽ ആവർത്തിക്കാൻ ഇടയില്ലാത്ത ഒരപൂർവ ദൃശ്യം.
ആ കുട്ടിയെ, "അർഹതയുള്ളതിന്റെ അതിജീവന"ത്തിന് വിട്ടുകൊടുത്തു കൊണ്ട് കഴുകൻ ചിറക് വിടർത്തുന്നതും കാത്ത്, ആ വിസ്മയ ചിത്രം പകർത്തുന്നതിനായി ഇരുപത് മിനുട്ടോളം അവിടെ തന്നെയിരുന്നുവെന്ന് കാർട്ടർ പിന്നീട് പറയുകയുണ്ടായി. പക്ഷേ കഴുകൻ ചിറക് വിടർത്തിയില്ല. കാർട്ടർ കുട്ടിയേയും കഴുകനെയും ഫ്രെയിമിലാക്കി നടന്നകന്നു.
കെവിൻ കാർട്ടർ പകർത്തിയ ആ ദൃശ്യം എക്കാലത്തെയും പട്ടിണിയുടെ ഏറ്റവും ഭീകരമായ കാഴ്ചയായിരുന്നു. അദ്ദേഹം വിറ്റ ആ ചിത്രം 1993 മാർച്ച് 26-ന് ന്യൂയോർക്ക് ടൈംസും ദി മെയിൽ ആൻഡ് ഗാർഡിയൻ വീക്കിലിയും പ്രസിദ്ധപ്പെടുത്തി. ന്യൂയോർക്ക് ടൈംസ് ചിത്രത്തിനൊപ്പം അസാധാരണമായ ഒരു എഡിറ്റോറിയൽ നോട്ടും പ്രസിദ്ധപ്പെടുത്തുകയുണ്ടായി. ലോകത്തെ അസ്വസ്ഥപെടുത്തിയ ആ ചിത്രം കണ്ടവരുടെ, കത്തുകളിലൂടെയും ഫോൺ വിളികളുടെയും ഒരു പ്രളയം തന്നെയായിരുന്നു പത്രമോഫീസിലേക്ക് പിന്നീടുണ്ടായത്. പലരും കരയുന്നുണ്ടായിരുന്നു. അവർക്കെല്ലാം ഒറ്റ കാര്യം മാത്രമായിരുന്നു അറിയേണ്ടത് " ആ കുഞ്ഞ് രക്ഷപ്പെട്ടോ" എന്ന് വായനക്കാരുടെ ശല്യം സഹിക്കാതായപ്പോൾ പത്രം ഇങ്ങനെയറിയിക്കുകയുണ്ടായി :- കഴുകനിൽ നിന്ന് രക്ഷപ്പെടാനുള്ള ആരോഗ്യം ആ കുഞ്ഞിനുണ്ടായിരുന്നു. പക്ഷേ കുഞ്ഞിന് എന്ത് സംഭവിച്ചു എന്ന് ഞങ്ങൾക്കറിയില്ല.
കുഞ്ഞിനെ രക്ഷപ്പെടുത്താതെ ഫോട്ടോയെടുക്കാൻ വ്യഗ്രത പൂണ്ട കാർട്ടർക്ക്മേൽ ലോകം പൊട്ടിത്തെറിച്ചു. ചിത്രത്തിൽ അദൃശ്യനായ മറ്റൊരു കഴുകൻ ഉണ്ടെന്നും, അത് കെവിൻ കാർട്ടർ എന്ന ഫോട്ടോഗ്രാഫർ ആണെന്നും വരെ ചിലർ എഴുതി. അധിക്ഷേപവും കുറ്റപ്പെടുത്തലും താൻ കണ്ട കാഴ്ചയുടെ ഭീകരതയിലും മനം നൊന്ത കാർട്ടർ വിഷാദ രോഗത്തിലേക്ക് എറിയപ്പെട്ടു. 1994 ഏപ്രിൽ 12-ന് ന്യൂയോർക്ക് ടൈംസിൽ നിന്നും കാർട്ടറേ തേടി ഒരു ഫോൺകാൾ വന്നു. ലോകമനസാക്ഷിയെ ഞെട്ടിപ്പിച്ച ആ ചിത്രത്തിന് ഏറ്റവും മികച്ച ഫോട്ടോഗ്രാഫർക്കുള്ള ആ വർഷത്തെ പുലിറ്റ്സർ പുരസ്‌കാരം ലഭിച്ചതറിയിക്കുന്നതിന് വേണ്ടിയായിരുന്നു അത്. സന്തോഷത്താൽ മതിമറന്നാഹ്ലാദിക്കേണ്ട നിമിഷങ്ങൾ ആയിരുന്നിട്ടും കാർട്ടർ നിർവികാരനായിരുന്നു. താൻ ക്യാമറയിൽ പകർത്തിയ കുഞ്ഞിനെ രക്ഷപ്പെടുത്താൻ കഴിയാത്തതിലുള്ള കുറ്റബോധവും സങ്കടവും അപ്പോഴേക്കും കാർട്ടറെ ജീവിതത്തിൽ
നിന്നും പൂർണ്ണമായും അകറ്റിയിരുന്നു. തനിക്ക് രക്ഷപ്പെടുത്താൻ കഴിഞ്ഞേക്കാവുമായിരുന്ന ആ കുഞ്ഞിന്റെ ഓർമ്മകൾ നിരന്തരം വേട്ടയാടപ്പെട്ടപ്പോൾ 1994 ജൂലൈ 27-ന് മുപ്പത്തിനാലാം വയസിൽ കാർട്ടർ ആത്മഹത്യ ചെയ്തു. മരിക്കുന്നതിന് തൊട്ടു മുൻപ് കാർട്ടർ തന്റെ ഡയറിയിൽ ഇങ്ങനെ കുറിച്ചു :-
I'am really sorry, really sorry. The pain of life overrides the joy to the point that joy does not exist.. Iam depressed.. without phone.. money for child support.. money for depts.. money !!! ... Iam haunted by the vivid memories of killing and corpses and anger and pain... of starving or wounded children, of trigger happy madmen, often police, of killer executioners... I have gone to join ken if I am that lucky. '
കാർട്ടർ ആത്മഹത്യ ചെയ്തിട്ട് ഇന്നേക്ക് 25 വർഷം പൂർത്തിയാവുന്നു. അദ്ദേഹം പകർത്തിയ ചിത്രം, പട്ടിണി എന്ന ഭീകരതയെ ലോകത്തിന് മുൻപിൽ എടുത്തുകാട്ടാൻ കഴിഞ്ഞു. ആ ചിത്രം ഉണ്ടാക്കിയ സഹതാപ തരംഗം ആഫ്രിക്കയിലേക്ക് കൂടുതൽ ഫണ്ടുകളും ഭക്ഷണവും ഒഴുകിയെത്താൻ കാരണമായി എന്നത് സത്യമാണ്. എന്നാൽ ഇന്നും പല രാഷ്ട്രങ്ങളിലും ആഭ്യന്തര കലാപങ്ങളാലും യുദ്ധങ്ങൾ മൂലവും പട്ടിണിയിലും പോഷകാഹാര കുറവിലും മരിച്ചുവീഴുന്ന കുട്ടികളുടെ എണ്ണം വളരെവലുതാണ്. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യവികസന സൂചിക പ്രകാരം സംഖ്യ 200 കോടിക്ക് മുകളിലാണ്. ലോകത്തെ മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ രണ്ട് ശതമാനം ഉണ്ടെങ്കിൽ ലോകത്തിന്റെ കണ്ണീരൊപ്പൊൻ അത് മതിയാകും. അതുകൊണ്ട് തന്നെ കാർട്ടറുടെ ചിത്രം മാത്രമല്ല അദ്ദേഹത്തിന്റെ മരണവും ഒരു ഓർമപ്പെടുത്തലാണ് നമുക്ക്.
അടിക്കുറിപ്പ് :
- താൻ പകർത്തിയ ഞെട്ടിപ്പിക്കുന്ന കാഴ്ചയെകുറിച്ചും, കഴുകനെ ഓടിച്ചതിന് ശേഷമാണ് താൻ അവിടെ നിന്ന് പോന്നതെന്നും കെവിൻ സിൽവയോടു സൂചിപ്പിച്ചതായി പറയപ്പെടുന്നു.
- കെവിൻ കാർട്ടർ ഫോട്ടോ എടുത്തു കഴിഞ്ഞപ്പോഴേക്കും കഴുകൻ പറന്നകന്നിരുന്നെന്നും, ഭക്ഷണം വാങ്ങാനുള്ള തിരക്കിൽ മാതാപിതാക്കൾ ഓടുമ്പോൾ ഒറ്റപ്പെട്ട കുട്ടിയാണെന്നും. പിന്നീട് അവർ തിരിച്ചെത്തി കുട്ടിയെ കൊണ്ടുപോയെന്നും കെവിനോടപ്പമുണ്ടായിരുന്ന ദക്ഷിണാഫ്രിക്കൻ ഫോട്ടോഗ്രാഫർ വെളിപ്പെടുത്തിയതായി വാർത്തയുണ്ടായിരുന്നു.
- അവിടെ ഉണ്ടായിരുന്ന കുട്ടി പെൺകുട്ടി ആയിരുന്നില്ലെന്നും ആൺകുട്ടിയായിരുന്നെന്ന് മാതാപിതാക്കൾ പറഞ്ഞതായി വാർത്തയുണ്ടായിരുന്നു.




































