Sunday, June 30, 2019











സോവിയറ്റ് തകർച്ച സാമ്രാജ്യത്വ സൃഷ്ടിയോ ..? ഭാഗം.3


സമത്വവും സ്നേഹവും സാഹോദര്യവും പുലരുന്ന ഒരു സാമൂഹ്യവ്യവസ്ഥയാണ് കമ്മ്യൂണിസം വാഗ്ദാനം ചെയ്യുന്നത്. മാനവപുരോഗതിയുടെ ഉയർന്നശ്രേണി. ചൂഷണരഹിതമായ സമൂഹം. വർഗങ്ങളില്ല സ്വകാര്യസ്വത്തില്ല. കൂലി അടിമത്തമില്ല.ഭരണകൂടത്തിന്റ മർദ്ദനോപകാരണങ്ങളായ പോലീസും പട്ടാളവുമില്ല, ഭരണകൂടം തന്നെ അപ്രസക്തമാക്കുന്ന അവസ്ഥ. അധ്വാനം ഒരു ഭാരമില്ലാതെ, സന്തോഷകരമായ ചുമതലയായി മാറുന്നു. ഉല്പാദനശക്തികൾ ഏറ്റവും വികാസം പ്രാപിച്ച അവസ്ഥ. ഉല്പാദനോപാധികൾ സാമൂഹ്യ ഉടമസ്ഥതയിലാണ്. ഉത്പാദനം സാമൂഹ്യമാണ്. വിതരണവും സാമൂഹ്യമാണ്. സാമൂഹ്യമിച്ചം സാമൂഹ്യവളർച്ചയ്ക്ക് ഉപയോഗിക്കുന്നു.
കമ്മ്യൂണിസത്തിന്റെ പ്രാഥമിക ഘട്ടമാണ് സോഷ്യലിസം. അതായത് സോഷ്യലിസത്തിന്റെ ഉയർന്ന രൂപമാണ് കമ്മ്യൂണിസം. കമ്മ്യൂണിസ്റ്റ്‌ വ്യവസ്‌ഥ ചരിത്രപരമായ അനിവാര്യതയാണ്. അത് ആരുടേയും ആഗ്രഹത്തിന്റെ ഫലമല്ല. കമ്മ്യൂണിസത്തിന് (പ്രഥമഘട്ടമായ സോഷ്യലിസത്തിനും )മുമ്പുണ്ടായിരുന്ന വ്യവസ്ഥകൾ വർഗസംഘട്ടനങ്ങളിൽ നിലംപൊത്തി. വൈരുദ്ധ്യങ്ങളും വൈരുധ്യങ്ങൾ തമ്മിലെ സമരവും പ്രകൃതിനിയമമാണ്,സാമൂഹ്യനിയമമാണ്. വൈരുധ്യങ്ങൾ തമ്മിലെ സമരമാണ് പുതിയതിന്റ ജനനത്തിനും സമൂഹത്തിന്റെ വളർച്ചയ്ക്കും നിദാനം. ഉടമയും അടിമയും തമ്മിലുള്ള വർഗസംഘട്ടനം അടിമവ്യവസ്ഥയുടെ തകർച്ചയ്ക്കും. ജന്മിയും കുടിയനും തമ്മിലുള്ള സംഘട്ടനം ഫ്യൂഡൽ വ്യവസ്ഥയുടെ നാശത്തിനും മുതലാളിയും തൊഴിലാളിയും തമ്മിലുള്ള സംഘട്ടനം മുതലാളിത്തവ്യവസ്ഥയുടെ തകർച്ചയ്ക്കും വഴിയൊരുക്കുന്നു. സാമൂഹ്യവളർച്ചയുടെ ഈ പൊതുനിയമം സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ അനിവാര്യമായ ആവിർഭാവത്തിലേക്കും കമ്മ്യൂണിസ്റ്റ്‌ വികാസത്തിലേക്കുമാണ് നയിക്കുന്നത്.
സമുദായത്തിൽ (രാജ്യത്ത് )എല്ലാവർക്കും ക്ഷേമം ഉളവാക്കി ഒരു മാതൃക സമുദായം സൃഷ്ഠിക്കുകയെന്നതാണല്ലൊ സോഷ്യലിസത്തിന്റെ ലക്ഷ്യം.അടിമ വ്യവസ്‌ഥയെയും, ഫ്യൂഡലിസത്തെയും, മുതലാളിത്തത്തെയും മറ്റു മർദ്ദന സംവിധാനങ്ങളെയും വിപ്ലവകാരികൾ എതിർത്തത് അവയിലുൾപ്പെട്ട അക്രമം, ചൂഷണം, ക്രൂരതകൾ എന്നിവയെകൊണ്ടാണ്. സോഷ്യലിസം ഒരുവക ക്രൂരതയെയും അനുവദിക്കുന്നില്ലായെന്നു മാത്രമല്ല മർദ്ദനത്തിന്റെ പര്യയായമായ എല്ലാ സമ്പ്രദായങ്ങളെയും ഉന്മൂലനം ചെയ്യാൻ പ്രതിജ്ഞാബന്ധമാണ്. റഷ്യയിൽ 1917-ലെ ഒക്ടോബർ വിപ്ലവത്തിന്റെ പുറകെ പ്രതിവിപ്ലവവും ഉണ്ടായി. യുദ്ധത്തിൽ ശത്രുക്കളോടു ഇടപെടുന്ന രീതിയിൽ കമ്മ്യൂണിസ്റ്റ്‌ ഭരണാധികാരികൾ ഭരിക്കപ്പെടുന്നവരോട് പെരുമാറി. "ചുവപ്പ് ഭീകരത "എന്നാണ് ഇതറിയപെടുന്നത്.
ലെനിന്റെ നേതൃത്വത്തിൽ വന്ന സർക്കാരിനെതിരെ ഏറെ വൈകാതെ തെറ്റിദ്ധാരണകളും എതിർപ്പുകളും ഉയർന്നു വന്നു. കാർഷിക വിപ്ളവമായിരുന്നു ആദ്യത്തെ ഏറ്റുമുട്ടലിനടിസ്ഥാനം. കൃഷിഭൂമി കര്ഷകന് എന്ന ഡിമാൻഡ് ലെനിൻ പ്രഖ്യാപനത്തിൽ ഒതുക്കി. എല്ലാവിധ കൃഷി ഭൂമിയുടെയും ദേശസാത്കരണമായിരുന്നു എന്നും ബോൾഷെവിക്കുകളുടെ പ്രഖ്യാപിത നയം. വിപ്ലവാനന്തര സാഹചര്യത്തിൽ കൃഷിഭൂമി പുനർവിഭജിക്കുകയെന്ന സോഷ്യലിസ്റ്റ് റെവലൂഷനറികളുടെ നയമാണ് സ്വീകരിച്ചത്. നാട്ടിമ്പുറങ്ങളിൽ ഭൂവുടമകളിൽ നിന്നും കുലാക്കുകളിൽ നിന്നും ഭൂമി പിടിച്ചെടുത്തു കാർഷിക സംയുക്തവൽക്കരണം എന്ന നിർദ്ദേശം കർഷകരും സോവിയറ്റ് ഭരണവും തമ്മിൽ ഏറ്റുമുട്ടലിനു കാരണമായി.
ഫാക്ടറി കമ്മിറ്റികൾ, യൂണിയനുകൾ, സോഷ്യലിസ്റ്റ് സംഘടനകൾ അധികാരസ്ഥാനങ്ങൾ തകർക്കാൻ പിന്തുണച്ച റെഡ് ഗാർഡുകൾ തുടങ്ങിയവരുടെ കൈകളിൽ നിന്നും സാമൂഹിക നിയന്ത്രണസംവിധാനം പെട്ടന്ന് ബോൾഷെവിക് പാർട്ടി കയ്യടക്കിയത് രണ്ടാമത്തെ പോർമുഖം തുറക്കാൻ കാരണമായി. ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ "എല്ലാ അധികാരവും സോവിറ്റുകൾക്ക് "എന്ന് പ്രഖ്യാപിച്ചുകൊണ്ട് എല്ലാ എതിർപ്പുകളെയും ഒതുക്കി.
ബോൾഷെവിക്കുകളെ എതിർത്തവർ മുഴുവൻ ജനത്തിന്റെ ശത്രുക്കളായി പ്രഖ്യാപിക്കപ്പെട്ടു. അക്രമങ്ങളെയും എതിർപ്പുകളെയും നേരിടാൻ പെട്രോഗാഡ് റവലൂഷനറി മിലിട്ടറി കമ്മിറ്റിക്ക് അംഗീകാരം നൽകി. പട്ടാളമേധാവിയായ ഫെലിക്സ് ഷേർസിൻസ്കിയുടെ നേതൃത്വത്തിൽ "ചെക്ക"(cheka)എന്ന രഹസ്യപോലീസ് സംഘടിപ്പിക്കപ്പെട്ടു. "പ്രോലിറ്റേറിയറ്റു ഏകാധിപത്യത്തിന്റെ ഉരുക്കുമുഷ്ടി "എന്നാണ് ഈ ബോൾഷെവിക് രഹസ്യ പോലീസ് ചരിത്രത്തിൽ അറിയപ്പെടുന്നത്.
കാർഷികരംഗം തകർന്നതോടെ ഭക്ഷ്യധാന്യപ്രശനം ഭീകരമായി. ഒരാൾക്ക് ഒരു ദിവസം ഏതാണ്ട് 200ഗ്രാം റൊട്ടിയായിരുന്നു റേഷൻ. ധാന്യം വിട്ടുകൊടുക്കാൻ മടിച്ച കർഷകരെ അറസ്റ്റ് ചെയ്തു ജയിലിലിട്ടു. ജനകീയ ശത്രുക്കളായി പ്രഖ്യാപിച്ചവരുടെ മുഴുവൻ സ്വത്തുക്കളും ചെക്ക കണ്ടു കെട്ടി.1917-ൽ ആയിരക്കണക്കിന് കർഷകർ ആക്രമിക്കപ്പെടുകയും ആയിരക്കണക്കിന് ഭൂവുടമകൾ വധിക്കപ്പെടുകയും അക്രമികൾ, കൊള്ളക്കാർ തുടങ്ങി മുദ്രകുത്തപ്പെട്ട ആയിരങ്ങൾ വധിക്കപ്പെടുകയും ചെയ്തു. 1917-ൽ മാത്രം ചെക്ക 12000 പേരെ കൊലപ്പെടുത്തിയതായി പറയപ്പെടുന്നു.
1917 നവംബർ -ഡിസംബറിൽ കോൺസ്റ്റിറ്റുവെന്റ് അസംബ്ലിയിലേക് നടന്ന തെരഞ്ഞെടുപ്പിൽ 707 സീറ്റിൽ ബോൾഷെവിക്കുകൾക്ക് ലഭിച്ചത് 175 സീറ്റ്‌ മാത്രമാണ്. ഒരെറ്റ ദിവസം മാത്രമേ ഈ സമിതി ചേർന്നുള്ളു. അക്രമാസക്തമായ സമ്മേളനം പിരിച്ചുവിടാനുള്ള സൈനികാക്രമണത്തിൽ ഇരുപത് ജനപ്രതിനിധികൾ കൊല്ലപ്പെട്ടു. റഷ്യൻ ഭരണോന്നതസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 30-ൽ 19 സീറ്റും മെൻഷെവിക്കുകളും സോഷ്യലിസ്റ്റു റെവലൂഷനറികളും കരസ്ഥമാക്കി.
1918 മുതൽ 1921 വരെയുള്ള ദിനങ്ങളെ ഭീകരഭരണത്തിന്റെ താണ്ഡവ കാലഘട്ടമായി ചരിത്രം രേഖപെടുത്തുന്നു. 1918 വേനൽക്കാലത്തു 140-ഓളം പ്രക്ഷോഭങ്ങൾ സർക്കാരിനെതിരെ നടന്ന്. ക്ഷുഭിതരായ ജനക്കൂട്ടം സോവിയറ്റ് ഓഫീസുകൾ കയ്യേറി. ഇത് നേരിട്ട ചെക്ക നിരവധി മെൻഷെവിക്കുകളെ നാട് കടത്തി. 100 കുലക്കുകളെ പരസ്യമായി തൂക്കിലേറ്റി. കർഷകരുടെ ധാന്യപുരകളിൽ നിന്നും ധാന്യം പിടിച്ചെടുക്കുകയും ബൂർഷ്വാസികളിൽ വൻ നികുതികൾ ചുമത്തുകയും കോൺസെൻട്രെഷൻ ക്യാമ്പുകൾ സ്ഥാപിക്കുകയും ചെയ്തു.
1918 സെപ്റ്റംബറിൽ സിനോവീവ് ഉൾപ്പെട്ട പ്രമുഖനേതാക്കൾ ഒരു പ്രഖ്യാപനം നടത്തി.
"നമ്മുടെ ശത്രുക്കളെ മുഴുവൻ നിഗ്രഹിക്കാൻ ഉള്ള പ്രഖ്യാപനം. നമ്മുടെ അനുയായികളായ 10 കോടി റഷ്യക്കാരിൽ ഒൻപത് കൊടിക്കും നമുക്കൊപ്പം നില്കാൻ പരിശീലനം നൽകുക. ബാക്കി ഒരു കോടി ജനങ്ങളെ രാജ്യത്ത് നിന്ന് ഒഴിവാക്കുക". സെപ്റ്റംബർ 5-ന് ഭീകരപ്രവർത്തനം "ചുവപ്പുഭീകരത "എന്ന പേരിൽ നിയമവിധേയമാക്കി. സെപ്റ്റംബർ 17-ലെ ഷെർസിൻസ്കിയുടെ ഉത്തരവനുസരിച്ചു പെട്രോഗാഡിലെ ചെക്ക യൂണിറ്റ് 500 പേരെ വധിച്ചുവെന്ന് ഇസ്‌വെസ്റ്റിയ പത്രം റിപ്പോർട്ട്‌ ചെയ്യുകയുണ്ടായി. മരണസംഖ്യ ചെക്ക കണക്കനുസരിച്ചു 800-ഉം ദൃക്‌സാക്ഷികളുടെ കണക്കിൽ 1300-ഉം ആയിരുന്നു. ക്രോൺസ്റ്റാറ്റ് ഒരു രാത്രി 300 പേരെ വധിക്കുകയും ഒന്നിച്ചു കുഴിച്ചുമൂടുകയും ചെയ്തതായി പറയപ്പെടുന്നു.
ലെനിനെതിരെ വധശ്രമം നടത്തിയ സാറിസ്റ്റ് റഷ്യയിലെ അഞ്ചു മന്ത്രിമാർ കൊല്ലപ്പെട്ടുവെന്ന് ചെക്ക രേഖകൾ വ്യക്തമാക്കുന്നു. പ്രതിവിപ്ലവകാരികൾ, സോഷ്യലിസ്റ്റ് വിപ്ലവകാരികൾ, മെൻഷെവിക്കുകൾ, സാർ ഭരണകാലത്തെ ഉദ്ദോഗസ്ഥർ ഉൾപ്പെടെ ഏതാണ്ട് 15000 പേരെ കൊന്നൊടുക്കിയതായി ചെക്ക വാരികയിൽ "സെപ്റ്റംബർ വധം എന്ന പേരിൽ രേഖപെടുത്തിയിട്ടുണ്ട്. "എല്ലാ നല്ല കമ്മ്യൂണിസ്റ്റ്‌കളും നല്ല ചെക്ക"ആയിരിക്കും എന്ന് ലെനിൻ പ്രോലിറ്റേറിയറ്റ് ഏകാധിപത്യത്തെ ന്യായികരിച്ചു കൊണ്ട് പ്രസ്താവിച്ചു. 1921-ൽ 70000 പേരെ തൊഴിൽ തടവറകളായ കോൺസെൻട്രേഷൻ ക്യാമ്പുകളിൽ അടയ്ക്കുകയുണ്ടായി.
റഷ്യയിൽ പൊട്ടിപുറപെട്ട ആഭ്യന്തരയുദ്ധം പൊതുവെ വിലയിരുത്തുന്നത് ബോൾഷെവിക് ചുവപ്പ്സേനയും സാർ പക്ഷവാദികളായ വെള്ളപ്പട്ടാളവും (white army )തമ്മിലുള്ള പോരാട്ടമായാണ്. എന്നാൽ പ്രധാനമായും സംഭവിച്ചത് സൈനിക ഏറ്റുമുട്ടലിന് പിന്നിൽ ഇരുപക്ഷത്തെയും സമരോത്സുകരായ കക്ഷികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലുകളും അടിച്ചമർത്തലുമാണ്. ആയിരക്കണക്കിന് കർഷകരും വിപ്ലവകാരികളും റെഡ്സ്, വൈറ്റ്സ്, ഗ്രീൻസ് എന്നീ പേരുകളിൽ അറിയപെട്ടവരും ബോൾഷെവിക്കുകൾക്കെതിരായ ആഭ്യന്തരയുദ്ധത്തിൽ പങ്കാളയായി. ചില സ്ഥലങ്ങളിൽ ബോൾഷെവിക് യുദ്ധം ബൂർഷ്വാസികൾക്കും സാമൂഹികവിരുദ്ധർക്കുമെതിരായ ആക്രമണമായിരുന്നു.1919-ലെ ഉക്രൈനിലെ യുദ്ധത്തിൽ വൈറ്റ് ആർമി ഒരു പ്രത്യേക വിഭാഗത്തിലെ ഒന്നരലക്ഷത്തോളം പേരെയാണ് കൂട്ടക്കൊല ചെയ്തത്. ചുവപ്പ് സേനയാകട്ടെ അനാർക്കിസ്റ്റുകൾ, സാർ പക്ഷവാദികൾ സോവിയറ്റ് ഭരണത്തിനെതിരായവർ സ്ഥലം വിട്ടുപോകാൻ നിര്ബന്ധിതരാകുന്ന കർഷകർ, ജോലിക്കും ആഹാരത്തിനും ജോലി ചെയ്യുന്ന തൊഴിലാളികർ, നാട് കടത്തപെട്ട കൊസാക്കുകൾ തുടങ്ങി പ്രത്യേക വർഗങ്ങളെയെല്ലാം ജനശത്രുക്കളായി മുദ്രകുത്തപെട്ടു. പ്രതിപക്ഷകക്ഷികളിലെ നേതാക്കളെ ജയിലിലടക്കുകയോ നാട് കടത്തുകയോ വിചാരണ കൂടാതെ വെടിവെക്കുകയോ ചെയ്തു. 1918 ഏപ്രിലിൽ 11- ന് മോസ്കോയിലെ നിരവധി അനാർക്കിസ്റ്റുകളെ പിടികൂടിയ ഉടൻ വെടിവെച്ചു കൊന്നു. ആയിരക്കണക്കിന് സമരക്കാരെ കൊള്ളക്കാരെന്ന നാട്യത്തിൽ ചെക്കയുടെ ഉന്നതന്മാർ കൊലയ്ക്ക് വിധിച്ചു. ഒട്ടേറെപേരെ നാട്കടത്തി. പലരും ബെർലിനിലേക്ക് ഓടിപോയി.
1918 വേനൽക്കാലം വരെ ഇടതുപക്ഷ സോഷ്യലിസ്റ്റ് റെവലൂഷനറികൾ ബോൾഷെവിക്കളുടെ സംഖ്യകക്ഷിയായിരുന്നു. പ്രമുഖ സോഷ്യലിസ്റ്റ് നേതാവും പാർട്ടി കോൺഗ്രസിൽ അധ്യക്ഷത വഹിക്കുകയും ചെയ്ത മറിയ സ്പിരിഡോനോവയെ 1919 ഫെബ്രുവരി 10-ന് ചെക്ക അനഭിമതയാക്കി 210 സോഷ്യലിസ്റ്റുകൾക്കൊപ്പം അറസ്റ്റ് ചെയ്ത് മാനസികാശുപത്രിയിലടച്ചു. 1918 ജൂണിൽ സോഷ്യലിസ്റ്റുകൾ മെൻഷെവിക്കുകൾക്കൊപ്പം നിരോധിക്കപ്പെട്ടു മോസ്‌കോ, തുള, സ്മോലെൻസ്‌ക് വോറൊനെഷ്, പെൻസ, സമാര, കോസ്ട്രോമ എന്നിവിടങ്ങളിലെ നിരവധി സോഷ്യലിസ്റ്റുകളെയും, മെൻഷെവിക്കുകളെയും ഭൂവുടമകളും, ക്യാപിറ്റലിസ്റ്റുകളുമാക്കി പിടികൂടുകയും ചെക്ക കൊന്നൊടുക്കുകയും ചെയ്തു.
1919 മാർച്ച്‌ 13-ന് ലെനിൻ പെട്രോഗാഡിൽ സിനോവീവിനൊപ്പം തോഴിലാളികളെ അഭിസംബോധന ചെയ്തപ്പോൾ "കമ്മിസാർമാരും ജൂതന്മാരും നശിക്കട്ടെ "എന്ന് ജനം മുറവിളി കൂട്ടി. (പ്രമുഖ ബോൾഷെവിക് നേതാക്കളെല്ലാം -സിനോവീവ്, ട്രോട്സ്കി, കമനോവ്, അലക്സി റീഷ്കോവ്, കാൾ റാഡക് എല്ലാം ജൂതന്മാരായിരുന്നു )മൂന്നു ദിവസത്തിനകം 200 തൊഴിലാളികളെ അറസ്റ്റ് ചെയ്ത് വിചാരണ കൂടാതെ ജയിലിലടച്ചു.
1919 മാർച്ച്‌ -ഏപ്രിൽ മാസങ്ങളിൽ തുളയിലും, ആസ്ട്രഖാനിലും ക്രൂരമായ അടിച്ചമർത്തലുകൾ ഉണ്ടായി. രാജ്യത്തെ ഏറ്റവും വലിയ തോക്ക് നിർമാണ ഫാക്ടറിയിലെ ആയിരകണക്കിന് തൊഴിലാളികൾ "വിശപ്പിനെതിരായ സ്വാതന്ത്ര്യം "എന്ന മുദ്രാവാക്യം ഉയർത്തി പ്രകടനം നടത്തി ആയിരക്കണക്കിന് റെയിൽവേ ജീവനക്കാരും അവർക്കൊപ്പം കൂടി. സോഷ്യലിസ്റ്റുകളും മെൻഷെവിക്കുകളും ഭൂരിപക്ഷമുണ്ടായ പ്രകടനത്തിന് നേരെ വെടിവെക്കാൻ നിയോഗിക്കപ്പെട്ട പട്ടാളത്തിലെ ഒരു ഭടൻ പോലും തൊഴിലാളികൾക്ക് നേരെ തോക്ക് ചൂണ്ടിയില്ല എന്നത് ബോൾഷെവിക് സർക്കാരിനോടുള്ള പട്ടാളത്തിന്റെ സമീപനമാറ്റത്തിന് തെളിവായി ചരിത്രം പറയുന്നു.
"വെള്ളപ്പട്ടാള പേനു "കളെയെല്ലാം കൊന്നൊടുക്കാൻ പെട്രോഗാഡിലെ പാർട്ടിനേതാവ് സെർജി കിറോവ് നൽകിയ ഉത്തരവ് പ്രകാരം വളഞ്ഞു പിടിച്ച പട്ടാളക്കാരെ ബാർജുകളിൽ കയറ്റി വോൾഗ നദിയിൽ മുക്കിക്കൊല്ലുകയായിരുന്നു. മാർച്ച്‌ 12- നും 14 നുമിടയിൽ 4000പേരും വീണ്ടും ഒരാഴ്ചക്കുള്ളിൽ ഏകദേശം 5000 പേരും വോൾഗ നദിയിൽ ശവങ്ങളായി.
1999-20ൽ ഫാക്ടറി തൊഴിലാളികൾ കൂലിവർദ്ധന ആവശ്യപ്പെട്ട് നിസ്സഹരണം തുടങ്ങിയതോടെ 2000 സ്ഥാപനങ്ങളിൽ പട്ടാളഭരണം ഏർപ്പെടുത്തി. '20ൽ കൂലി വർദ്ദിപ്പിച്ചെങ്കിലും അതോടപ്പം നിത്യോപയോഗസാധനങ്ങളുടെ വിലയും ക്രമാതീതമായി വർധിച്ചത് തൊഴിലാളികളുടെ ജീവിതം ദുരിതത്തിൽ തന്നെ ആക്കി തീർത്തു.
കൊസാക്കുകളെ മുഴുവൻ നശിപ്പിക്കുകയെന്നത് സോവിയറ്റ് സർക്കാരിന്റെ ആസൂത്രിത പദ്ധതിയായിരുന്നു. 1917 മുതൽ '20 വരെ ഉണ്ടായ "ഡികൊസാക്കൈസെഷൻ " ലോകം കണ്ട ക്രൂരമായ വംശഹത്യകളിൽ ഒന്നായിരുന്നു. 1919-ൽ 8000 കൊസാക്കുകളെയും 1920-ൽ അതിൽ കൂടുതൽ കൊസാക്കുകൾ കൊല്ലപ്പെട്ടതായും പറയപ്പെടുന്നു. കൊസാക്ക് നഗരങ്ങൾ അഗ്നിക്കിരയാക്കുകയും ജനങ്ങളെ വീടുകളിൽ നിന്ന് ഇറക്കി വിടുകയും ചെയ്തു. സ്ത്രീകളെയും കുട്ടികളെയും പിടിച്ചെടുത്തു നിർബന്ധിത വേലയ്‌ക്കു ക്യാമ്പിലടച്ചു. യഥാർത്ഥത്തിൽ മരണക്യാമ്പുകളായിരുന്നു അവ. ഒക്ടോബറിലെ കൊടും തണുപ്പിലും കുഴഞ്ഞ ചേറിലും മനുഷ്യർ കീടങ്ങളെപോലെ ചത്തുവീണു. ജീവൻ രക്ഷിക്കാൻ സ്ത്രീകൾക്ക് എന്തിനും തയ്യാറാകേണ്ടി വന്നു. 10 വർഷത്തിന് ശേഷം പുറത്ത് വന്ന കണക്കുകൾ പ്രകാരം 1919-20ൽ 30 ലക്ഷം കൊസാക്കുകളിൽ അഞ്ചു ലക്ഷത്തോളം പേരാണ് വധിക്കപ്പെട്ടത്.
സ്മരണയിലെ ബൂർഷ്വസികളെയും കുലക്കുകളെയും ഉന്മൂലനം ചെയ്യാനുള്ള നീക്കത്തിൽ 1919 മാർച്ച്‌ 22- നു ചെക്കാ ഗാർഡുകൾ ആ പ്രദേശം കൊള്ളയടിക്കുകയും സ്ത്രീകളെ പിടിച്ചെടുക്കുകയും ചെയ്തു. 1920-ൽ ഖാർഖീവിൽ 18000 പേർ വിധിക്കപ്പെട്ടു. 1920 നവംബർ-ഡിസംബർ മാസത്തിൽ ക്രിമിയയിൽ ക്രിമിയൻ വൈറ്റ് ആർമിയുമായുള്ള ചുവപ്പ് സേനയുടെ അവസാന ഏറ്റുമുട്ടലിൽ 50000 സാധാരണ ജനങ്ങൾ കൊല്ലപ്പെട്ടു.ക്രിമിയയിൽ ഇനിയും 3 ലക്ഷം ബുർഷ്വാസികൾ ഒളിവിൽ കഴിയുന്നുണ്ടെന്നും എല്ലാം രാജ്യദ്രോഹികളെയും തൂക്കിലിടണമെന്നും ലെനിൻ 1920 ഡിസംബർ ആറിന് മോസ്കോ
യിൽ പ്രഖ്യാപിച്ചു. കൊല്ലപ്പെട്ടവരുടെയെല്ലാം പേരുകൾ തെരുവുകളിൽ പോസ്റ്ററുകളിൽ പ്രദർശിപ്പിച്ചു.
1920 അവസാനത്തോടെ കൊസാക്കുകളെ അടിച്ചമർത്തപ്പെടുകയും വെള്ളപ്പട്ടാളത്തിനു മേൽ ചുവപ്പ് സേന വിജയം നേടുകയും ചെയ്തു. പക്ഷെ 1921 ആയിട്ടും പ്രവിശ്യകളെല്ലാം സോവിയറ്റ് നിയന്ത്രത്തിൽ ആയില്ല. പല പ്രാവിശ്യകളിലും നൂറുകണക്കിന് വിരുദ്ധഗ്രൂപ്പുകളുടെയും കർഷകസേനയുടെയും ചുവപ്പ്സേനയിലെ വിഘടിതഗ്രൂപ്പുകളുടെയും ലഹളകളും, പ്രക്ഷോഭങ്ങളും, പ്രതിഷേധപ്രകടനങ്ങളും തുടർന്ന് കൊണ്ടിരുന്നു.
1921-22 ൽ നാട്ടിൻപ്പുറങ്ങളിലെ എതിരാളികളെ പട്ടിണിക്കിട്ടുകൊണ്ട്
"വിശപ്പ് ഏറ്റവും ശക്തമായ ആയുധം "എന്ന് അംഗീകരിക്കപ്പെട്ടു.വീടുകൾ കൊള്ളയടിച്ച ചെക്ക ഒരു മണി ധാന്യം പോലും നൽകാതെ പിടിച്ചെടുത്തു. കർഷകർ പട്ടിണിനിയിലായി. വിതയ്ക്കാൻ അവർ മടിച്ചു. ഏകദേശം 14000 ഓളം കർഷകർ തോക്കുകളും കൃഷിയായുധങ്ങളുമായി വീടുവിട്ടിറങ്ങി സോവിയറ്റ് പ്രതിനിധികളെ ആക്രമിച്ചു.
ജനുവരി 21 ന് മോസ്കോവിലും പെട്രോഗഡിലും ഐവനോവോയിലും വോസ്‌നെസ്കിയിലും റേഷൻ 30% വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച തൊഴിലാളികൾക്ക് നേരെയുണ്ടായ വെടിവെപ്പിൽ നൂറുക്കണക്കിന്പ്പേർ കൊല്ലപ്പെട്ടു.
ഇതിനിടയിൽ നാവികന്മാർക്കിടയിൽ സമരം പൊട്ടിപുറപ്പെടുകയുണ്ടായി. പത്തു ദിവസം നീണ്ടുനിന്ന നാവികസമരം അടിച്ചമർത്തി.
അപ്പോഴേക്കും ആയിരക്കണക്കിന്
ആളുകൾക്കു ജീവൻ നഷ്ടപ്പെട്ടിരുന്നു.
സർക്കാർ രേഖപ്രകാരം കൊല്ലപ്പെട്ടവർ 2013
6459 പേരെ തടങ്കൽപാളയത്തിലേക്കയച്ചു. 8000 പേർ ഫിൻലാൻഡിലേക് ഓടിപോയി. 5000 നാവികരെ ഖോൾമോഗോറി ക്യാമ്പിലടച്ചു. 1920-22 ൽ നിരവധി തടവുകാരെയും കൊസാക്കുകൾ, നാവികർ, ടാംബോയിൽ നിന്നുള്ള കർഷകർ എന്നിങ്ങനെ ആയിരങ്ങളെ കഴുത്തിൽ കല്ല് കെട്ടി ക്യാമ്പിനടുത്തുള്ള ദിനനദിയിലേക്കു തള്ളിയതായി ദൃക്‌സാക്ഷികൾ പറയുന്നു. എല്ലാ സോഷ്യലിസ്റ്റുകളുടെയും, മെൻഷെവിക്കുകളുടെയും സ്ഥാനം ജയിലിലാണെന്ന് പ്രഖ്യാപിച്ച ലെനിൻ 1921 ആകുമ്പോഴേക്കും മെൻഷെവിക് സെൻട്രൽ കമ്മിറ്റിയിലെ 12 പേരൊഴികെ ബാക്കിയെല്ലാവരും വധിക്കപ്പെട്ടിരുന്നു.
ഉല്പാദനത്തോത് വർധിപ്പിക്കാൻ ഫാക്ടറികളി
ൽ പട്ടാളഭരണം ഏർപെടുത്തിയപ്പോഴും "വിശപ്പ് "സോവിയറ്റ്ഭരണകൂടം ആയുധമാക്കി. ഉല്പാദനത്തോത് അനുസരിച്ചായിരുന്നു റേഷൻ. ഖനിതൊഴിലാളികളുടെ തൊഴിൽ സൗകര്യങ്ങൾ ദയനീയമായിരുന്നു. ജോലിക്ക് പറ്റാത്ത വസ്ത്രങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഒരു ഷിഫ്റ്റ്‌ കഴിഞ്ഞ് പോകുന്നവർ അടുത്ത ഷിഫ്റ്റുകാർക്ക് ഷൂസ് ഊരികൊടുത്തിട്ടാണ് പോയിരുന്നത്. രാഷ്ട്രം സമ്പൂർണ പട്ടാളഭരണത്തിലായിരുന്നപ്പോഴും തൊഴിലാളികളും കർഷകരും ജീവൻ പണയം വെച്ചും പ്രതിഷേധം പ്രകടിപ്പിച്ചു കൊണ്ടിരുന്നു. ചെക്ക ആ സമരങ്ങളെയെല്ലാം അടിച്ചൊതുക്കുകയും തോക്ക് കൊണ്ട് മറുപടി നൽകുകയും ചെയ്തു.
എതിരാളികളെ നശിപ്പിക്കാൻ ശക്തമായ നടപടികളാണ് ചുവപ്പ്പട്ടാളവും ചെക്ക പോലീസും എടുത്തത്. എതിരാളികളെ വെടിവെച്ചുകൊല്ലുകയോ കോൺസെൻട്രേഷൻ ക്യാമ്പിലടക്കുകയോ ചെയ്തു. 1922 ജൂലൈയിൽ മിലിട്ടറിയും ചെക്കയും ചേർന്ന്സ്ത്രീകളും കുട്ടികളും വൃദ്ധരും അടക്കമുള്ള 50000 പേരെ ക്യാമ്പിലെത്തിച്ചു. തണുപ്പകറ്റാൻ വസ്ത്രമില്ലാതെ, വിശപ്പടക്കാൻ ആഹാരമില്ലാതെ, പലവിധ രോഗങ്ങളാലും ദിവസേന 15-20 ഓളം പേർ മരിച്ചു കൊണ്ടിരുന്നു.
1921-"22 കാലത്ത് വിളവ് വളരെ മോശമായി. കർഷകർ പുല്ലും ചെടികളുടെ കിഴങ്ങുകളും ഭക്ഷിച്ചു കഷ്ടിച്ച് ജീവൻ നിലനിർതുമ്പോഴും സർക്കാർ നിർദിഷ്ടതൂക്കം ധാന്യം പിടിച്ചെടുത്തു.സമാറ പ്രവശ്യയിൽ മാത്രം ഒമ്പതു ലക്ഷം ആളുകൾ വിശന്നു മരിച്ചുവത്രെ.
പട്ടിണിപ്രശ്നം രൂക്ഷമാകുകയും സർക്കാർ ഇടപെടൽ വേണ്ടത്ര ഫലപ്രദമാകാതിരുന്ന പ്പോൾ വിദേശ സഹായത്തിനായി മാക്സിം ഗോർക്കിയുടെ (അമ്മ എന്ന വിഖ്യാതനോവ
ലിന്റെ കർത്താവ് )നേതൃത്വത്തിൽ പ്രമുഖ വ്യക്തികളുടെ ഒരു കമ്മിറ്റി ഉണ്ടാക്കി. പ്രതിനിധി സംഘത്തെ ആദ്യമൊന്നും കാണാൻ വിസമ്മതിച്ച ലെനിൻ പിന്നീട് റെഡ് ക്രോസ്സ് മുഖേന ആകാരവും മരുന്നും സ്വീകരിക്കാൻ അനുവാദം നൽകി. അഞ്ചാഴ്ചകാലമേ ആ കമ്മിറ്റിക് പ്രവർത്തിക്കാൻ കഴിഞ്ഞുള്ളു. അപ്പോഴേക്കുംകമ്മിറ്റി പിരിച്ചു വിടുകയും അതിൽ പ്രവർത്തിച്ച പലരെയും രാജ്യദ്രോഹകുറ്റത്തിന് അറസ്റ്റ് ചെയ്യുകയും നാട് കടത്തുകയും ചെയ്തു. ഗോർക്കിയെ അറസ്റ്റ് ചെയ്തില്ലെങ്കിലും അദ്ദേഹം വീട്ടു തടങ്കലിൽ ആയി. സ്റ്റാലിന്റെ മുന്നിൽ ക്ഷമാപത്രം എഴുതി കൊടുത്തിട്ടാണ് മോചിതാനായതെന്ന് പറയപ്പെടുന്നു. 1922-ൽ അന്താരാഷ്ട്ര സഹായം കിട്ടിയിട്ടും പട്ടിണിക്കാരുടെ എണ്ണം 50 ലക്ഷമായിരുന്നു.
1922 ഫെബ്രുവരി ആറിന് എഴുതിയ ഭരണനിയമവാലിയനുസരിച്ചു ചെക്ക രഹസ്യ
പോലീസ് നിർത്തലാക്കി. റഷ്യൻ ഭാഷയിൽ ജി. വി. യു എന്നറിയപ്പെടുന്ന പൊളിറ്റിക്കൽ ഡയറക്ടറേറ്റ് അഡ്മിനിസ്ട്രേഷൻ സ്ഥാപിച്ചു. പേര് മാറിയതല്ലാതെ പ്രവർത്തനത്തിൽ മാറ്റമൊന്നുമുണ്ടായില്ല എന്നതാണ് സത്യം.
പുതിയ പീനൽ കോഡനുസരിച്, ഒരിക്കൽ രാജ്യം വിട്ടുപോയവർ മടങ്ങിവരുന്ന പക്ഷം ഉടൻ വധശിക്ഷ നൽകണമെന്ന നിയമമുണ്ടാക്കി. ബോൾഷെവിസത്തെ എതിർക്കുന്നു എന്ന് സംശയിക്കപ്പെടുന്ന 200 പ്രശസ്ത ബുദ്ധിജീവികളെ നാട് കടത്തിക്കൊണ്ട് ഈ നിയമം 1922-ൽ നടപ്പിൽ വരുത്തി. കപ്പലിൽ കയറ്റിവിടും മുൻപ് വീണ്ടും സോവിയറ്റ് റഷ്യയിൽ പ്രവേശിച്ചാൽ ഉടൻ വെടിയേറ്റ് മരിക്കാൻ സമ്മതമാണെന്ന് എല്ലാവരെകൊണ്ടും എഴുതി ഒപ്പിടിവിച്ചു. രഹസ്യപൊലീസ് തയ്യാറാക്കിയ രണ്ടാമത്തെ ലിസ്റ്റിൽ പെട്ടവരെ സംശയത്തിന്റ ആനുകൂല്യം നൽകി രാജ്യത്തിന്റെ പല ഭാഗത്തേക്കും നാട് കടത്തി. ഏതാനും ദിവസത്തിന് ശേഷം റഷ്യയിലെ എല്ലാം സോഷ്യലിസ്റ്റുകളെയും, ബുദ്ധിജീവികളെയും, സ്വതന്ത്രചിന്തകരെയും
"നിർബന്ധിത ശുദ്ധികരണത്തിന് "വിധേയരാക്കാൻ ലെനിൻ ജോസഫ് സ്റ്റാലിന് ഒരു മെമ്മോ നൽകി.
ചുവപ്പ്സേനസമരമുഖത്തു പട്ടാളവേഷധാരി യായ ഒരു അജ്ഞാതന്റെ വെടിയേറ്റ് രണ്ട് വർഷത്തെ ചികിത്സക്കൊടുവിൽ 1924 ജനുവരി 21 ന് വ്ലാദിമിർ ഇല്ലിച് ഉല്യനോഫ് എന്ന ലെനിൻ അന്തരിച്ചു.


                                                                                                   (തുടരും)

No comments:

Post a Comment