സോവിയറ്റ് തകർച്ച സാമ്രാജ്യത്വ സൃഷ്ടിയോ ..? ഭാഗം.7
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ചുമതല ഭരണകൂടത്തിന്റേതാണ്. ഏതുതരം ഭരണമായാലും, ഭരണനടത്തിപ്പിന്റെ രീതി വിശേഷത്തിലാണ് ജനങ്ങളുടെ സുരക്ഷിതത്വവും നന്മയുമിരിക്കുന്നത്. ഭരണകൂടത്തിനാവട്ടെ പ്രധാനമായും മൂന്ന് മുഖ്യഘടകങ്ങൾ ഉണ്ട്. 1.നിയമനിർമ്മാണസഭ. 2.ഭരണയന്ത്രം. 3.കോടതി. നിയമനിർമ്മാണസഭകൾ ഉണ്ടാക്കുന്ന നിയമം നടപ്പിൽ വരുത്തുന്നത് ഭരണയന്ത്രമാണ്. കോടതിയാകട്ടെ ഭരണയന്ത്രവും നിയമനിർമ്മാണസഭയും നിയമത്തിന്റെ അതിരുകൾ ലംഘിക്കുന്നുണ്ടോ എന്ന് നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു.ഇത് മൂന്നും സ്വതന്ത്രഘടകങ്ങളാണ്. മൂന്നും തമ്മിൽ വേർതിരിവ് ഉണ്ടായിരിക്കണം. മൂന്നും ഒന്നായിരിക്കുന്നത് ഏകാധിപത്യത്തിലാണ്. സോഷ്യലിസത്തിൽ മൂന്ന് ഘടകങ്ങളും ഒന്നായിരിക്കുകയും, അവയെല്ലാം കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അധീനമായും ഇരിക്കുന്നു. സോവിയറ്റ് യൂണിയനിൽ പാർട്ടിയാവട്ടെ അധികാരത്തിന്റെ ലഹരിയിൽ ഉന്മാദം കൊണ്ടിരുന്ന സ്റ്റാലിന്റെ കൈപ്പിടിയിലും ആയിരുന്നു.
അധികാരത്തിന്റെ ദുരുപയോഗം നിയമക്രമസംബന്ധമായ പൊതുജനവിശ്വാസത്തെ ശിഥലീകരിക്കുകയും ദ്വേഷചിന്ത വളർത്തുകയും സോഷ്യലിസ്റ്റ് സമുദായത്തിന്റെ അന്തസ്സ് കെടുത്തുകയും ചെയ്യും. നീതിരഹിതമായ നിയമത്തെ ഭയപെട്ടെന്നു വരാം, പക്ഷെ ആരും അതിനെ ആദരിക്കുകയില്ല എന്ന് മാത്രം.കുറ്റം തെളിയിക്കപ്പെട്ടാൽ മാത്രമേ ശിക്ഷ വിധിക്കാൻ പാടുള്ളൂ. കുറ്റം തെളിയിക്കുന്നതിലേക്ക് വസ്തുനിഷ്ഠവും രേഖാമൂലമുള്ളതുമായ തെളിവുകളെയും ആധാരമാക്കണം. ജഡ്ജിയുടെ നീതിബോധം ഊനമറ്റാതായിരിക്കണം. ശിക്ഷ വിധിക്കുന്ന രീതിയുടെ പ്രശനവുമുണ്ട്. ഒരു ജഡ്ജിയും രണ്ട് ഉപദേഷ്ടാക്കളും കൂടിയിരുന്നു ഭൂരിപക്ഷാടിസ്ഥാനത്തിൽ ഒരാളെ മരണശിക്ഷയ്ക്ക് വിധിക്കുന്നത് ശെരിയെല്ല. സാറിന്റെ റഷ്യയിൽ, 19-ആം നൂറ്റാണ്ടിന്റെ അന്ത്യത്തിൽപോലും പന്ത്രണ്ട് പേരുള്ള ജൂറി വേണമായിരുന്നു മരണശിക്ഷ വിധിക്കാൻ. പക്ഷെ സോവിയറ്റ് യൂണിയനിൽ സോഷ്യലിസ്റ്റ് ഭരണത്തിന്റെ തണലിൽ ഏതുതരം നീതിന്യായ വ്യവസ്ഥയാണ് നിലനിന്നിരുന്നത്? 1938 ജനുവരിയിലെ 'മോസ്കോ ട്രയൽ ' എന്തുകൊണ്ടാണ് പ്രഹസനം എന്നതുപോലെ പരിഹാസവുമായി മാറിയത് ?
ബോൾഷെവിക് വിപ്ലവത്തിന്റെ വിജയത്തിന് 1917-ന് രൂപീകരിച്ച ഒന്നാം പോളിറ്റ്ബ്യുറോവിലെ ഏഴ് അംഗങ്ങൾ ലെനിൻ, ജോസഫ് സ്റ്റാലിൻ, ഗ്രിഗറി സിനോവീവ്, ലിയോ കാമനെവ്, ലിയോൺ ട്രോട്സ്കി, ഗ്രിഗറി സോക്കോൾനിക്കോവ്, ആന്ദ്രേ ബ്യുബ്നോവ് എന്നിവരായിരുന്നു.
ലെനിന്റെ മരണത്തെതുടർന്ന് അധികാരം പിടിച്ചെടുത്ത സ്റ്റാലിൻ 5 പോളിറ്റ്ബ്യുറോ അംഗങ്ങളിൽ നാല് പേരെയും മഹാശുദ്ധികരണത്തിന്റെ (The great purge ) പേരിൽ ഇല്ലായ്മ ചെയ്യുകയാണ് ഉണ്ടായത്. സിനോവീവിനെയും , കാമനേവിനെയും 1936-ൽ (Trial of sixteen -1936)സ്റ്റാലിന്റെ ഫയറിങ് സ്‌ക്വാഡ് വധിച്ചു. മെക്സിക്കോയിൽ അഭയം തേടിയ ട്രോട്സ്കിയെ 1940-ൽ ഇല്ലായ്മ ചെയ്തു.
1938 മോസ്കോ ചടങ്ങ് കുറ്റവിചാരണ.
(Trial of the twenty one -1938)
(Trial of the twenty one -1938)
-------------------------------------------------------------
വലതുപക്ഷ -ട്രോട്സ്കിപക്ഷക്കാർക്ക് എതിരെയുള്ള ക്രിമിനൽ കേസ് വിചാരണ സോവിയറ്റ് സുപ്രിം കോടതിയുടെ സൈനികബെഞ്ച് വി. വി ഉൾരിഖിന്റെ അത്യക്ഷതയിൽ 1938 ജനവരി 2-നും മാർച്ച് 13-നും ഇടയ്ക്ക് നടത്തി. വിഷിൻസ്കി ആയിരുന്നു പ്രോസിക്യുട്ടർ.സോവിയറ്റ് വ്യവസ്ഥ നശിപ്പിക്കുക, മുതലാളിത്തം പുനഃസ്ഥാപിക്കുക, ബൂർഷ്വകൾക്ക് അധികാരം തിരിച്ചു നൽകുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചു എന്നുള്ളതായിരുന്നു പ്രതികളുടെമേൽ ചുമത്തിയ കുറ്റം. കൂടാതെ സോവിയറ്റ് യൂണിയന്റെ സാമ്പത്തിക -സൈനികശേഷി തകർക്കാനായി ചാരവൃത്തി, അട്ടിമറി, ഭീകരപ്രവർത്തനം എന്നിവയും, സെർജി എം. കിറോവ്, വ്യചെസ്ലാവ് ആർ. മെഷിൻസ്കി, അലക്സി എം. ഗോർക്കി എന്നിവരെ കൊല ചെയ്‌തെന്നും ലെനിനെ കൊലചെയ്യാൻ ഗൂഢാലോചന നടത്തിയെന്നും പ്രതികൾക്കെതിരെ കുറ്റം ആരോപിക്കപ്പെട്ടു.
പ്രതികൾ
-------------
1. നിക്കോളായ് എൻ.ബുക്കാരിൻ
അഗാധ പണ്ഡിതൻ, റഷ്യയുടെ ഭാവി വാഗ്ദാനം. 1905-ൽ വിപ്ലവപ്രസ്ഥാനത്തിൽ ചേരുകയും വിപ്ലവപോരാട്ടങ്ങളിൽ പങ്ക് കൊള്ളുകയും ചെയ്തു. സാർ ചക്രവർത്തിയുടെ ഭരണകൂടം അനേകം പ്രാവശ്യം അറസ്റ്റ് ചെയ്ത് സൈബീരിയയിലേക്ക് നാട് കടത്തി. അവിടെ നിന്നും രക്ഷപെട്ടു വിദേശങ്ങളിലേക്ക് കടന്നു. ഒക്ടോബർ വിപ്ലവത്തിൽ, മോസ്കോവിലെ സായുധ കലാപത്തിലും പങ്കെടുത്തു. 1917 ഡിസംബർ മുതൽ 'പ്രാവദ' യുടെ പത്രാധിപർ. പിന്നീട് 'ഇസ് വെസ്ത്യ 'യുടെ പത്രാധിപർ ആയി. റഷ്യൻ സയൻസ് അക്കാദമിയിലെ അംഗം. പോളിറ്റ് ബ്യുറോ അംഗം.
2. അലക്സി ഐ. റിക്കോവ് :
കർഷകപുത്രൻ.1889 മുതൽ റഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മാതൃസംഘടന ആയ റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക് ലേബർ പാർട്ടിയിൽ അംഗമായി. വിപ്ലവ പ്രവർത്തനത്തിന്റെ പേരിൽ 9 തവണ സാറിന്റെ പോലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബർ വിപ്ലവത്തെ തുടർന്ന് ആഭ്യന്തര വകുപ്പിന്റെ ജനകീയ കമ്മിസാർ ആയി. പിന്നീട് റഷ്യയിലെ കമ്മിസാർ കൗൺസിലിന്റെയും റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക് ലേബർ പാർട്ടിയുടെ ജനകീയ കമ്മിസാർ സമിതിയുടെ ചെയർമാൻ ആയി. 1931-36 വരെ വാർത്ത വിതരണത്തിനുള്ള ജനകീയ കമ്മിസാർ ആയിരുന്നു. 1923 മുതൽ 1930 പോളിറ്റ്ബ്യുറോ അംഗമായിമായിരുന്നു.
3. ആർക്കഡി. പി. റോസെൻഗോൾട്സ് :
1905-ൽ റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക് ലേബർ പാർട്ടിയിൽ അംഗമായി. ഒക്ടോബർ വിപ്ലവത്തിലും ആഭ്യന്തരയുദ്ധത്തിലും പങ്കെടുത്തു. റഷ്യൻ റിപ്പബ്ലിക്കിലെ വിപ്ലവ സൈന്യസമിതി അംഗം. 1920-കളിൽ ട്രോട്സ്കിയെ പിന്തുണച്ചെങ്കിലും, പിന്നീട് വിയോജിച്ചു. അറസ്റ്റ് ചെയ്യപ്പെടുമ്പോൾ വിദേശവാണിജ്യത്തിനുള്ള ജനകീയ കമ്മിസാർ ഓഫീസിൽ വകുപ്പിന്റെ തലവൻ ആയിരുന്നു.
4. മിഖായേൽ. എം. ചെർണോവ് :
1916 മുതൽ മെൻഷെവിക് പാർട്ടിയിൽ അംഗം. 1920-ൽ ബോൾഷെവിക് പാർട്ടിയിൽ ചേർന്ന്. ഉക്രൈനിൽ വാണിജ്യത്തിനുള്ള ജനകീയ കമ്മിസാർ ആയിരുന്നു. വാണിജ്യത്തിനുള്ള അഖില റഷ്യൻ കമ്മിസാർ അംഗം. 1934 മുതൽ റഷ്യയിൽ കൃഷിവകുപ്പിന്റെ ജനകീയ കമ്മിസാർ.
5.ക്രിസ്ത്യൻ ജി. റക്കോവ്സ്കി :
ജനിച്ചത് ബൾഗേറിയയിൽ. 1889 മുതൽ റഷ്യയിലെ സോഷ്യൽ ഡെമോക്രാറ്റിക് ലേബർ പാർട്ടിയുടെ പല മുന്നണി സംഘടനകളിലും പ്രവർത്തിച്ചു. ലോകസമ്മേളനങ്ങളിൽ ബൾഗേറിയയിൽ നിന്നും റുമേനിയയിൽ നിന്നും പ്രതിനിധി സംഘങ്ങളെ നയിച്ചു. 1918-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. ഉക്രൈനിലെ ജനകീയ കമ്മിസാർ സമിതിയുടെ ചെയർമാനായി പ്രവർത്തിച്ചു. ഇംഗ്ലണ്ടിലും റഷ്യൻ അംബാസിഡർ ആയിരുന്നു.
6. പാവേൽ പി. ബുലാനോവ് :
1918 മുതൽ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗം. ആഭ്യന്തരകാര്യങ്ങൾക്കുള്ള ജനകീയ കമ്മിസാർവകുപ്പിൽ പ്രവർത്തിച്ചു. 1829 മുതൽ വകുപ്പിന്റെ സെക്രട്ടറി.
7.ലെവ്‌ജി ലെവിൻ:
ഡോക്ടർ ആയിരുന്നു. രാഷ്ട്രീയകക്ഷി ബന്ധം ഉണ്ടായിരുന്നില്ല.
8.ഇഗ്നാറ്റി. എൻ. കസ്സാക്കോവ് :
ഡോക്ടർ. രാഷ്ട്രീയകക്ഷിബന്ധം ഉണ്ടായിരുന്നില്ല.
9.വി. എ. മാക്സിമോവ് ഡികോവ്സ്കി.
അറസ്റ്റ് ചെയ്യപ്പെടുമ്പോൾ റയിൽവേ ജനകീയ കമ്മിസാരുടെ ഓഫീസിൽ സെൻട്രൽ അക്കൗണ്ടിംഗ് ഡിപ്പാർട്മെന്റ് തലവൻ.
10.P. P. ക്രയ്ച്ചകോവ് :
ഗോർക്കി മ്യുസിയം ഡയറക്ടർ.
11.ഐ. എ. സിലൻസ്കി :
സെൻട്രോസോയുസ് ചെയർമാൻ.
12. വി.ഐ. ഇവാനോവ്:
റഷ്യയിലെ മരവ്യവസായ വകുപ്പിന്റെ ജനകീയ കമ്മിസാർ.
13.പി. ടി. സുബറേവ് :
കൃഷികാര്യങ്ങൾക്കുള്ള ഡെപ്യൂട്ടി ജനകീയ കമ്മിസാർ.
14.ജി. എഫ്. ഗ്രിൻകോ
റഷ്യയിലെ ജനകീയ കമ്മിസാർ
15.എഫ്. ഖോട്ഷെയെവ് :
ജനകീയ കമ്മിസാർമാരുടെ ഉസ്ബക് കൗൺസിലിന്റെ ചെയർമാൻ.
16. എസ്സ്. എ. ബെസോനോവ് :
ജർമനിയിലെ റഷ്യൻ അംബാസിഡർ.
17.ഡി. ഡി. പ്ലേറ്റ്നെവ് :
ഫങ്‌ഷനൽ ഡയഗ്നോസ്റ്റിക്സ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ.
18.എൻ. എൻ. ക്രെസ്റ്റിൻസ്‌കി :
വിദേശകാര്യങ്ങൾക്കുള്ള ഒന്നാം ഡെപ്യൂട്ടി ജനകീയ കമ്മിസാർ.
19.എ. ഇക്രമോവ് :
ഉസ്‌ബെക്കിസ്ഥാൻ കമ്മ്യൂണിസ്റ്റ് പാർട്ടി കേന്ദ്രകമ്മിറ്റിയുടെ ഒന്നാം സെക്രട്ടറി.
20. വി. എഫ്. ഷാറൻഗോവിച് :
ബൈലോറഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒന്നാം സെക്രട്ടറി.
21.ജി. ജി. യെഗോദ :
ആഭ്യന്തരവകുപ്പിന്റെ മുൻപത്തെ ജനകീയ സെക്രട്ടറി.
സുപ്രിം കോടതിയുടെ സൈനികാബെഞ്ച് ചെയർമാൻ വി. വി. ഉൾരിഖ് 1938 മാർച്ച് 13-ആം തീയതി തീർപ്പ് കൽപ്പിക്കുകയും, 21 പ്രതികളിൽ 18 പേരും ചാരവൃത്തി, അട്ടിമറി, ഭീകരപ്രവർത്തനം എന്നിവയിൽ ഏർപ്പെട്ടുവെന്നും, രാജ്യവഞ്ചന ചെയ്തുവെന്ന് തെളിഞ്ഞതിനാൽ അവർക്ക് വധശിക്ഷ വിധിച്ചു. അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും വിധിയുണ്ടായി. ബാക്കി മൂന്നുപേർക്ക് ദീർഘകാല തടവ് വിധിച്ചു.
പിന്നീട് കേസ് വിസ്താരത്തെയും വിധി പ്രസ്താവത്തെയും പഠിച്ച പ്രൊഫസർ അലെക്‌സാണ്ടർ യാക്കോവ്ലെവ് പറയുന്നത് :,
"എന്റെ മുൻപിൽ 1938-ൽ പ്രസിദ്ധികരിച്ച പ്രസ്തുത കോടതി റിപ്പോർട്ട് ഉണ്ട്. അതിൽ പബ്ലിക് പ്രോസിക്യൂട്ടർ വിഷിൻസ്കിയുടെ കുറ്റാരോപണങ്ങളും സാക്ഷികളുടെയും പ്രതികളുടെയും മൊഴികളും മൊഴികളും പ്രതിഭാഗം വക്കിലിന്റെ പ്രസംഗങ്ങളും പ്രതികളുടെ അന്തിമാഭ്യർത്ഥനകളും ഉൾപ്പെടുന്നു.
"ഈ രേഖ വായിക്കുമ്പോൾ അസാധാരണവും അസ്വസ്ഥതയുമായ ഒരു വികാരമാണ് ഉണ്ടാവുന്നത്. കേസ് വിസ്താരത്തിൽ ഉൾപ്പെട്ട എല്ലാ ആളുകൾക്കും. മറിച്ചുതോന്നാത്ത ഏകാഭിപ്രായമായിരുന്നു.
"പ്രതികൾ സ്വമേധയ തങ്ങളുടെ പേരിൽ കുറ്റങ്ങൾ ഏറ്റെടുക്കുന്നു. ഓരോ ആളും സ്വയം കുറ്റപ്പെടുത്തുകയും കുറ്റങ്ങൾ ഏറ്റുപറയുകയുമാണ്. ഒരാളും പ്രോസിക്യൂട്ടറായോ സാക്ഷികളെയോ എതിർക്കുന്നതായി കാണുന്നില്ല. തങ്ങളുടെ വിനാശത്തിന് ഉതകുന്ന തെളിവുകൾ നിരാകരിച്ചതായി കാണുന്നില്ല., മറിച്ചു കുറ്റം ചെയ്തെന്നതിലേക്ക് കൂടുതൽ കൂടുതൽ തെളിവുകൾ നിരത്തുകയാണ് ചെയ്തത്.
"കേസ് വിസ്താരത്തിൽ പബ്ലിക് പ്രോസിക്യൂട്ടർക്ക് കോടതിയിൽ സമ്പൂർണ ആധിപത്യം ഉണ്ടായിരുന്നു എന്നുള്ളത് ശ്രദ്ദേയമാണ്. വിഷിൻസ്കി പ്രതിയുടെമേൽ കുറ്റം ചാർത്തിയാൽ മതി, പ്രതി അത് ഏറ്റുപറയും. ജഡ്ജിമാർ നിശ്ശബ്ദരായിരുന്നു. പ്രതികളോട് ദാക്ഷിണ്യം കാണിക്കണമെന്ന് അഭ്യർത്ഥിക്കുക മാത്രമാണ് പ്രതിഭാഗം വക്കിൽ ചെതിരുന്നത്. യാതൊരു ചർച്ചയുമില്ല. എതിർവിസ്താരം ചെയ്യലില്ല. അതിന്റെ ആവശ്യമുണ്ടായിരുന്നില്ല എന്നതാണ് സത്യം. പ്രതികൾ തന്നെ തങ്ങൾ ചെയ്ത കുറ്റങ്ങൾ ഏറ്റുപറഞ്ഞുകൊണ്ട് ഓരോരുത്തരും ഏറ്റവും വലിയ ദുരന്തമായി മാറുകയായിരുന്നു.
മരണാനന്തരം അവരോട് നീതി കാണിക്കാൻ സോവിയറ്റ് യൂണിയൻ തയ്യാറായി എന്നത് ചെറിയൊരു ആശ്വാസമായി കരുതാം. അമ്പതു വർഷങ്ങൾക്ക് ശേഷം 1988 ഫെബ്രുവരി 4-ആം തീയതി സുപ്രിം കോടതിയുടെ ഒരു സമ്പൂർണ യോഗം വ്ലാദിമിർ ടെറബിലോവിന്റെ അധ്യക്ഷതയിൽ ചേർന്ന് ബുക്കറിന്, റിക്കോവ്, റെക്കോവ്സ്കി, റോസെൻഗോൾഡ്സ്, ചെർനോവ്, ബുലാനോവ്, ലെവിൻ, കസാക്കോവ്, മാക്‌സിമോവ് ഡിക്കോവ്സ്കി ക്രിയുച്കോവ് എന്നിവരുടെ ശിക്ഷ റദ്ദ് ചെയ്യാൻ തീരുമാനിച്ചു(എല്ലാവരും വധിക്കപ്പെട്ടിരുന്നു). അവരുടെ പേരിൽ ചാർത്തിയ കുറ്റങ്ങൾ കെട്ടിച്ചമച്ചതാണെന്നും അവരുടെ പേരിലെടുത്ത ക്രിമിനൽ നടപടികളും റദ്ദാക്കി. യെഗോദയുടെ കേസിൽ അപ്പീൽ ഉണ്ടായിരുന്നില്ല. 1938-ലെ കേസിൽ പെട്ട മറ്റു പത്തു പ്രതികളുടെ ശിക്ഷ സ്റ്റാലിന്റെ മരണത്തിന് ശേഷം റദ്ദ് ചെയ്തിട്ടുണ്ടായിരുന്നു. എല്ലാവരെയും 'പുനരധിവസിപ്പിക്കാ'നും കോടതി ഉത്തരവിട്ടു. അപ്പോഴേക്കും അവരിൽ പലരും വധിക്കപ്പെട്ടിരുന്നു.1988 മെയ് മാസത്തിൽ സിനോവീവ്, കാമനെവ്, റാഡെക് എന്നിവരുടെ പുനരധിവാസം പ്രഖ്യാപിച്ചു. 1989 ജനവരിയിൽ ഔദോഗിക പത്രമായ പ്രവദയിൽ 25000 പേരെ പുനരധിവസിപ്പിച്ചതായി റിപ്പോർട്ട് ചെയ്തിരുന്നു.
(തുടരും )
(തുടരും )




No comments:
Post a Comment