Sunday, June 30, 2019


സോവിയറ്റ് തകർച്ച സാമ്രാജ്യത്വ സൃഷ്ടിയോ...? ഭാഗം. 2 

ലോകത്തെ ഏറ്റവും സ്വാധീനിച്ചതും മഹത്തരവുമായ ആശയം ഏതാണെന്ന് ചോദിച്ചാൽ "കമ്മ്യൂണിസം "എന്ന ഉത്തരം ഏറ്റവും മുന്നിൽ തന്നെ ഉണ്ടാവും. ഉള്ളവരും ഇല്ലാത്തവരും തമ്മിൽ ഭേദമില്ലാത്ത, മനുഷ്യൻ മനുഷ്യനെ ചൂഷണം ചെയ്യാത്ത സമൂഹമാണ് കമ്മ്യൂണിസം. സമത്വവും സമൃദ്ധിയുമാണ് അതിന്റെ ആണിക്കല്ലുകൾ. എല്ലാവരും അദ്ധ്വാനിക്കുകയും എല്ലാവർക്കും ആവശ്യത്തിനനുസരിച്ച ജീവിതസൗകര്യങ്ങൾ ലഭിക്കുകയും ചെയ്യുന്ന സാമൂഹ്യവ്യവസ്ഥ. അന്യന്റെ ശബ്ദം (എതിർ ശബ്ദം പോലും )സംഗീതം പോലെ ശ്രവിക്കുന്ന ഒരു വ്യവസ്ഥിതി. നമ്മുടെ ഭാഷയിൽ പറഞ്ഞാൽ "മാവേലി നാടുവാണീടും കാലം.... "എങ്ങനെ ആയിരുന്നോ അത് പോലെ.
എന്തായാലും, ഏവരും സന്തോഷത്തിലും സമാധാനത്തിലും പരസ്പരം സ്നേഹത്തിലും വർത്തിക്കുന്ന ഒരു സമൂഹത്തെയാണ് കമ്മ്യൂണിസം മുന്നോട്ട് വെക്കുന്നത്. അതിന് ബീജാവാപം ചെയ്തവരാകട്ടെ ലോകം കണ്ട ഏറ്റവും വലിയ മനുഷ്യസ്നേഹികളായ കാറൽ മാർക്‌സും ഫെഡറിക് ഏംഗൽസുമായിരുന്നു. ലോകത്തിന്റെ വിശപ്പടയ്ക്കുന്നതിനും പട്ടിണി മാറ്റുന്നതിനു വേണ്ടിയുള്ള അന്വേഷണത്തിനിടയിലും അദ്ധ്വാനിക്കുന്ന തൊഴിലാളി വർഗ്ഗത്തിന്റെ വിമോചനത്തിനായി അഹോരാത്രം പ്രയത്‌നിക്കുമ്പോഴും പലപ്പോഴും പട്ടിണിലായിരുന്നു മാർക്‌സും കുടുംബവും. നാല് മക്കളെയാണ് പട്ടിണിയുടെ കരങ്ങളിലേക്ക് എറിഞ്ഞു കൊടുക്കേണ്ടിവന്നത്. ഭരണകൂടത്തിന്റെ വേട്ടയാടലിൽ പലപ്പോഴും പലായനം ചെയ്യേണ്ടിവന്നു മാർക്സിനും കുടുബത്തിനും. വിശ്വപൗരനായിട്ടും ഒരു രാജ്യത്തും പൗരത്വമുണ്ടായിരുന്നില്ല ആ മഹാനുഭാവന്. ഏംഗൽസാവട്ടെ മാർക്സിന്റെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കാൻ സ്വന്തം അച്ഛന്റെ തുണിമില്ലിൽ പന്ത്രണ്ട് കൊല്ലം ഗുമസ്തനായി ജോലി നോക്കി. എത്ര ഉന്നതവും മനുഷ്യത്വപരവുമായ ആദർശമാണ്‌ അവർ നിലനിർത്തി പോന്നിരുന്നത് .
കാറൽ മാർക്‌സും ഏംഗൽസും ആവിഷ്കരിച്ച കമ്മ്യൂണിസത്തെ താത്വികമായ അടിത്തറ നൽകി സമ്പുഷ്ടമാക്കി വികസിപ്പിച്ചത് വ്ലാദിമിർ ഇല്ലിച് ലെനിനാണ്. അദ്ദേഹം ലോകകമ്മ്യൂണിസ്റ് പ്രസ്ഥാനത്തിന് നൽകിയ സംഭാവനകളെയോ നേതൃപാടവത്തെയോ നിരാകരിക്കുകയോ ഇകഴ്ത്തികാണിക്കുകയോ അല്ല ഇവിടുന്നങ്ങോട്ടു ചെയ്യുന്നത്. മറിച്ച, മാർക്‌സും ഏംഗൽസും സ്വപ്നം കണ്ട മാനവികതവാദത്തിലൂന്നിയ,തൊഴിലാളി വർഗ്ഗത്തിന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കാൻ വിപ്ലവാനന്തരം വന്ന ഗവർമെന്റിന് സാധിച്ചോ? മറ്റൊരുതരത്തിൽ പറഞ്ഞാൽ കമ്മ്യൂണിസം മുന്നോട്ട് വെച്ച അതിന്റെ നൈതികതയെയും മൂല്യങ്ങളെയും എത്രമാത്രം സ്വാംശീകരിക്കാൻ സോവിയറ്റ് യൂണിയൻ എന്ന സോഷ്യലിസ്റ്റ് സർക്കാരിന് കഴിഞ്ഞു എന്ന പ്രസക്തമായ ചോദ്യമാണ് ഉന്നയിക്കുന്നത്.
ഇവിടെ ഒരു ചോദ്യം ഉയർന്നുവന്നേക്കാം. കാറൽ മാർക്സ് ഒരു കമ്മ്യൂണിസ്റ്റ്‌ ആയിരുന്നോ? എന്നത്. അദ്ദേഹം കമ്മ്യൂണിസ്റ്റ്‌ ആയിരുന്നോ എന്നതിനേക്കാളേറെ മാനവികതാവാദം ഉയർത്തിപ്പിടിച്ച ഒരു മനുഷ്യസ്‌നേഹി ആയിരുന്നു എന്നതാണ് ഉത്തരം.ഒരു നല്ല കമ്മ്യൂണിസ്റ്റ്‌ ഒരു നല്ല മനുഷ്യസ്‌നേഹിയും ആയിരിക്കണം. ജനവിരുദ്ധവും മനുഷ്യത്വതിലധിഷ്ഠിതമല്ലാത്ത ഒരു ഭരണകൂടത്തിനും അത് എത്രമാത്രം പ്രത്യയശാസ്‌ത്രപരമായി ഔന്നത്യം പുലർത്തുന്നതാണെങ്കിലും ദീർഘകാലം അതിജീവിക്കാൻ കഴിയില്ലായെന്നത് തന്നെയാണ് ചരിത്രം നൽകുന്ന സാക്ഷ്യം.
സാർ ചക്രവർത്തിയുടെ ഭരണകാലം ജനങ്ങൾക്ക് എത്രമാത്രം നിഷ്ടൂരമായിരുന്നോ അതിനേക്കാൾ നൃശംസതയിൽ പരിലസിച്ചത് തന്നെയായിരുന്നു വിപ്ലവാനന്തര ഭരണകൂടവും. അത് കൊണ്ട് തന്നെയായിരിക്കാം 1917 ഒക്ടോബറിൽ ലെനിന്റെ നേതൃത്വത്തിൽ ബോൾഷെവിക്കുകൾ അധികാരത്തിൽ വന്ന ചരിത്രസംഭവത്തിന്റെ അതെ പ്രസക്തിയാണ് 1991-ൽ ഗോര്ബച്ചേവിന്റെ ഭരണകാലത്തു സോവിയറ്റ് യൂണിയൻ ചിതറിത്തെറിച്ചതിനും ഉള്ളതെന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നത്.
സാറിസ്റ്റു റഷ്യ 
--------------------------
19-ആം നൂറ്റാണ്ടിൽ റഷ്യൻ സമൂഹത്തിന്റെ ജീവിതം -പ്രത്യേകിച്ച് കര്ഷകന്റെയും തൊഴിലാളികളുടെയും സ്ഥിതി ദയനീയമായിരുന്നു. ചരിത്രകാരൻ റോബർട്ട്‌ സർവീസ് പറയുന്നു -ജനങ്ങൾക്കിടയിൽ അമിതമായ മദ്യാസക്തി, ലൈംഗിക അരാജകത്വം അതിന്റെ ഫലമായി സിഫിലിസ് പോലുള്ള രോഗങ്ങൾ, തർക്കങ്ങൾക്കും അഭിപ്രായ വ്യത്യാസങ്ങൾക്കും മുഷ്ഠികൊണ്ട് പരിഹാരം കണ്ടെത്തുന്ന അവ്യവസ്ഥിതമായ നീതിന്യായ സംവിധാനങ്ങൾ, പള്ളികളും പുരോഹിതന്മാരും ദൈവനാമത്തിൽ ജനത്തെ നിയന്ത്രിച്ചപ്പോൾ അന്ധവിശ്വാസവും മന്ത്രവാദവും അവരെ സ്വാധീനിച്ചു.
വ്യവസായശാലകളുടെ തകർച്ച തൊഴിൽമേഖല അസ്വസ്ഥവും സംഘർഷാത്മകവുമാക്കിതീർത്തു. സ്വന്തം കൈവശത്തിലുള്ള കൃഷിഭൂമി വീണ്ടും വീണ്ടും ചാർത്തിവാങ്ങണമെന്ന ചക്രവർത്തിയുടെ ഉത്തരവ് പീഡിപ്പിക്കപ്പെടുന്ന കർഷകരെ നിരാശയിലും പട്ടിണിയിലുമാക്കി. പ്രഭുക്കന്മാരും സമ്പന്നരും പണമടച്ചു ഭൂമി കൈക്കലാക്കി. പാവപ്പെട്ട കർഷകർ അടിമകളായി പണിയെടുക്കേണ്ടി വന്നു. കാർഷികരംഗത് സാർ ഭരണകൂടം നടപ്പിലാക്കിയ പാശ്ചാത്യ യന്ത്രവൽക്കരണം ഭൂസ്വാമികളെ കൂടുതൽ സമ്പന്നരാക്കി മാറ്റിയതല്ലാതെ അധ്വാനിക്കുന്ന കർഷക തൊഴിലാളികളുടെ ദുരിതം പരിഹരിക്കപ്പെടുന്നതായിരുന്നില്ല.
സാർ ഭരണത്തിൽ അസ്വസ്ഥവും അരാജകവുമായ ദിനങ്ങളിൽ വിപ്ലവം ഒറ്റ ദിവസംകൊണ്ട് പൊട്ടിപുറപെട്ടതായിരുന്നില്ല. 19-ആം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ തന്നെ സാറിസത്തിൽ നിന്ന് സ്വാതന്ത്ര്യം നേടാനുള്ള ത്വര ജനങ്ങളിൽ പ്രത്യേകിച്ച് ബുദ്ദിജീവികൾക്കിടയിൽ ശക്തമായി തുടങ്ങി. ഈ മനോനില ക്രമേണ അദ്ധ്യാപകർ, വിദ്യാർഥികൾ, ഡോക്ടർമാർ, അഭിഭാഷകർ തുടങ്ങി കർഷകത്തൊഴിലാളികളിലേക്കും പടർന്നു.
20-ആം നൂറ്റാണ്ടു പിറന്നതുതന്നെ പ്രതിഷേധങ്ങളും ആഭ്യന്തര സമരങ്ങളുമായാണ്. 1905 ജനുവരി 9 ന് ഞായറാഴ്ച ജോർജി ഗപോൻ എന്ന പുരോഹിതന്റെ നേതൃത്വത്തിൽ ആയിരക്കണക്കിന് കർഷകർ തങ്ങളുടെ സ്ത്രീകളും കുട്ടികളുമടക്കം സാറിന്റെ വിന്റർ പാലസിന് മുന്നിൽ "സാർ നീണാൾ വാഴട്ടെ "എന്ന മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തി.പക്ഷെ സാർ ഭരണകൂടം അവർക്ക് മറുപടി നൽകിയത് തോക്കിൻ കുഴലിലൂടെ ആയിരുന്നു. "രക്തരൂക്ഷിത ഞായർ "ഈ ദിനം ചരിത്രത്തിൽ അറിയപ്പെടുന്നു. ഈ കൂട്ടക്കൊല റഷ്യയിൽ മാത്രമല്ല പോളണ്ടിലും, ജോർജിയയിലും ആഴ്ചകൾ നീണ്ട പ്രക്ഷോഭത്തിന്‌ വഴിവെച്ചു. കർഷകർ മാത്രല്ല ഫാക്ടറി തൊഴിലാളികളും സാറിനെതിരെ തിരിഞ്ഞു. പത്രങ്ങളും ഭരണസംവിധാനത്തിനെതിരെ വികാരം പ്രകടിപ്പിച്ചു. ഇത് ഒക്ടോബർ വിപ്ലവത്തിന്റെ ഡ്രസ്സ്‌ റിഹേഴ്സൽ എന്ന് ലെനിൻ പിന്നീട് ഈ സംഭവത്തെ വിശേഷിപ്പിച്ചു.
സ്വാതന്ത്ര്യസമര ജനകീയ മുന്നേറ്റങ്ങൾ ശക്തിപ്പെട്ട് നിൽക്കുമ്പോഴാണ് ഒന്നാം ലോകമഹായുദ്ധത്തിൽ റഷ്യ പങ്കാളിയായത്. യുദ്ധം റഷ്യയുടെ സാമ്പത്തിക സാമൂഹിക അടിത്തറ തകർത്തു. 10 ലക്ഷം കർഷകരെ നിർബന്ധപൂർവം പട്ടാളത്തിലേക്കയച്ചു. നാട്ടിൽ തങ്ങൾക്കുള്ളതെല്ലാം ഉപേക്ഷിച്ചു ട്രെഞ്ചിൽ തോക്ക് പിടിക്കേണ്ടി വന്നപ്പോൾ അവരിൽ ആളിക്കത്തിയത് രാജ്യസ്നേഹം ആയിരുന്നില്ല മറിച് പ്രതിഷേധമായിരുന്നു.
ഒക്ടോബർ വിപ്ലവം 
------------------------------------
കമ്മ്യൂണിസ്റ്റുകൾ പാടിപുകഴ്ത്തിയ ഒക്ടോബർ വിപ്ലവത്തെ ആധുനിക ചരിത്രകാരന്മാർ,യഥാർത്ഥ വിവരങ്ങളുടെ വെളിച്ചത്തിൽ കാണുന്നതും വിലയിരുത്തുന്നതും വ്യത്യസ്തമായാണ്. മനുഷ്യ വിദ്വേഷികളും വരാൻപോകുന്ന വ്യവസ്ഥിയുടെ ഗുണഭോക്താക്കളും ആശയഭ്രാന്തന്മാരുമായ ഒരുപിടിയാളുകളുടെ സ്വാപ്നത്തിൽ രൂപപ്പെട്ടതായിരുന്നു ഒക്ടോബർ വിപ്ലവമെന്നു അവർ പറയുന്നു. ഈ സംഘത്തിന് രാജ്യത്തൊരിടത്തും കാര്യമായ പിന്തുണയുണ്ടായിരുന്നില്ല. നിലവിൽ അനുഭവിച്ചു കൊണ്ടിരിക്കുന്ന ദുരിതപൂർണമായ സാഹചര്യത്തിൽ സ്വാതന്ത്ര്യത്തിനും ക്ഷേമപൂർവമായ ജീവിതത്തിനും മോഹിച്ച ജനം ബോൾഷെവിക്കുകളുടെ പിന്നിൽ അണിനിരക്കുകയായിരുന്നു. എന്തായാലും ഒക്ടോബർ വിപ്ലവം ചരിത്രം തിരുത്തികുറിക്കുക തന്നെ ചെയ്തു.
യഥാർത്ഥത്തിൽ, അധികാരം ബോൾഷെവിക്കുകളുടെ കൈകളിലെത്തിച്ചതിന്റെ പിന്നിലെ ശക്തി സൈന്യമായിരുന്നു. അതുകൊണ്ടാണ് ഒക്ടോബർ വിപ്ലവത്തിലെ വിപ്ലവശക്തികളുടെ പങ്കിനെ ആധുനിക ചരിത്രം ലാഘവത്തോടെ കാണുന്നത്. സൈന്യത്തെ സംബന്ധിച്ചിടത്തോളം മാർക്‌സിസമോ ഏംഗലിസമോ ആയിരുന്നില്ല, ഒന്നാം ലോകമഹായുദ്ധത്തിലെ സാമ്പത്തിക തകർച്ചയായിരുന്നു. അവർക്ക് ശമ്പളമോ അലവൻസോ കിട്ടിയിരുന്നില്ല.
1915 ആയപ്പോഴേക്കും റഷ്യയിലാകെ ക്രമസമാധാനം തകർന്നു. സർക്കാരിന്റെ കടിഞ്ഞാൺ നിക്കൊളാസ് ചക്രവർത്തിയുടെ കരങ്ങളിൽ നിന്ന് നഷ്ടപ്പെട്ടു. റഷ്യൻ പാർലമെന്റ് പരാജയമായി. റഷ്യകാർ പ്രാദേശിക ഭരണസമിതികളുണ്ടാക്കി സ്വയം ഭരിക്കാൻ തുടങ്ങി. റാസ്പുട്ടിൻ എന്ന കപട സന്യാസിയുടെ നിയന്ത്രത്തിലായിരുന്ന സാറിന അലക്‌സാണ്ടറ പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ ശ്രമിച്ചു. 1917-ൽ കൃഷിഭൂമിയുടെ ഉടമസ്ഥവകാശത്തിന് വേണ്ടി ഭൂസ്വാമിമാരും (കുലാക്കുകൾ ) കർഷകരും നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് എത്തിച്ചേർന്നു. യുദ്ധക്കാലത്തു സൈനികർക്കിടയിലുണ്ടായ അച്ചടക്കത്തകർച്ചയും സാമ്പത്തിക പരാധീനതയും കാർഷിക വിപ്ലവമായി ശക്തിപ്രാപിച്ചു. ഭൂവുടമകളുടെ കൈവശമായിരുന്ന കൃഷിഭൂമി വിഭജിച്ചു വിതരണം ചെയ്യുന്ന വാർത്ത കേട്ട കർഷക പട്ടാളം എത്രയും പെട്ടന്ന് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിച്ചു. ജൂൺ -ഒക്ടോബർ കാലഘട്ടത്തിൽ യുദ്ദം ചെയ്ത് തളർന്ന 20 ലക്ഷം പട്ടാളക്കാർ ട്രെഞ്ചുകളിൽ നിന്ന് വിട്ടു പോയി.
1917-ൽ യാത്രാസംവിധാനം നിശ്ചലമായി . അഞ്ചു ദിവസം തൊഴിലാളികൾ തെരുവുകളിൽ ലഹള തുടർന്നെങ്കിലും പെട്രോഗാഡിലെ (ഇന്നത്തെ സെയിന്റ് പീറ്റേഴ്‌സ് ബെർഗ് )ആയിരക്കണക്കിന് സൈനികർ ലഹളകൾ അടിച്ചമർത്താൻ ശ്രമിക്കാതെ പ്രക്ഷോഭകരോട് സഹകരിക്കുകയാണ് ഉണ്ടായത്. പട്ടാളത്തിൽ ചേർക്കപ്പെട്ട കർഷകർ കൂടുതൽ കൂടുതൽ എത്തിയതോടെ നാട്ടിൻപുറങ്ങളിൽ അക്രമവും അരാജകത്വവും അഴിഞ്ഞാടി. ആയിരക്കണക്കിന് ഭൂവുടമകളുടെ വീടുകൾ അഗ്നിക്കിരയാക്കി.
അക്രമവും അരാജകത്വവും രാജ്യത്ത് നടമാടിയപ്പോൾ സുശക്തമായ ഒരു സർക്കാർ ഉണ്ടാക്കാനോ നിയന്ത്രിക്കാനോ ഡെമോക്രാറ്റിക്‌ പാർട്ടിക്കോ, സോഷ്യൽ ഡെമോക്രറ്റുകളോ ലിബറൽ സോഷ്യലിസ്റ്റുകളോ പ്രാപ്തരായിരുന്നില്ല. ഇവരുടെ നേതൃത്വമേറ്റെടുത്ത കെറൻസ്കിയുടെ താത്കാലിക സർക്കാരിന് സമാധാനം കൊണ്ട് വരാനോ അച്ചടക്കം സ്ഥാപിക്കാനോ കഴിഞ്ഞില്ല. അതെ സമയം രാഷ്ട്രീയ രംഗത്ത് അവരുടെ പ്രമുഖ എതിരാളികളായ പെട്രോഗാഡ് സോവിയറ്റുകൾ 1917 മാർച്ചിൽ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ഫാക്ടറി തൊഴിലാളികളെ സംഘടിപ്പിച്ചു കൊണ്ട് സായുധരാക്കി ഒരു ചുവപ്പ് സേന രൂപവൽക്കരിച്ചു. സൈനികരും കർഷകരും കൊസ്സാക്കുകളും വീട്ടമ്മമാർവരെ അവർക്ക് പിന്തുണ നൽകി. യുദ്ധസൈനികരായി മാറിയ 10 ലക്ഷം കർഷകരുടെ പങ്കും നിർണായകമായി. സർക്കാരാഫീസുകളിലെയും ഭരണസംവിധാനത്തിലെയും അച്ചടക്കരാഹിത്യം അടിച്ചൊതുക്കപ്പെട്ടു. "ട്രെഞ്ചുകളിലെ ബോൾഷെവിസം "എന്നാണ് ഈ പട്ടാള പങ്കാളിത്തത്തെ ജനറൽ അലക്സി ബ്രസ്‌ലോവ് വിശേഷിപ്പിച്ചത്.
ലെനിൻ നേതൃസ്ഥാനത്തേക്ക് 
-------------------------------------------------
ജർമൻ -ജൂതവംശീയനായ ലെനിൻ ഭൂവുടമകളുടെ കുടുംബത്തിലാണ് ജനിച്ചത്. സാർ ചക്രവർത്തിയെ മാനിച്ചിരുന്ന സ്കൂൾ ഇൻസ്‌പെക്ടറായിരുന്നു ലെനിന്റെ പിതാവ്. സാർ അലക്‌സാണ്ടർ മൂന്നാമനെ വധിക്കാൻ ഗൂഢാലോചന നടത്തിയതിന്റെ പേരിൽ ലെനിന്റെ ജേഷ്ഠൻ വധിക്കപ്പെട്ടു. അത് കുടുംബത്തെയാകെ ഞെട്ടിച്ചു. അതോടപ്പം കുടുംബത്തിന് സർക്കാർ നൽകിയിരുന്ന ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ടു. പിന്നീട് ലെനിൻ വിപ്ലവകാരിയായിതീരുകയും തുടർന്ന് സൈബീരിയയിലേക്ക് നാട് കടത്തപെടുകയും ചെയ്തു.
ഒളിവിലിരുന്നുകൊണ്ട് പ്രക്ഷോഭം സംഘടിപ്പിക്കാൻ ബോൾഷെവിക്കുകൾക്ക് പ്രചോദനപരമായി കത്തുകളും ലേഖനങ്ങളും എഴുതി അയച്ചുകൊണ്ടിരുന്നു.പട്ടാളത്തിന്റെ പിന്തുണയോടെ എത്രയും പെട്ടന്ന് അധികാരം പിടിച്ചെടുക്കേണമെന്ന് ലെനിൻ നിർബന്ധിച്ചു കൊണ്ടിരുന്നു. വിപ്ലവത്തിനുവേണ്ടിയുള്ള ലെനിന്റെ തിരക്ക് കൂട്ടൽ ബോൾഷെവിക് നേതാക്കളെ ചിന്താകുഴപ്പത്തിലും സംശയാലുക്കളുമാക്കി. സോവിയറ്റ് സംഘടന റഷ്യയിലുടനീളം വ്യാപിക്കും വരെ കാത്തുനില്കാനായിരുന്നു അവരുടെ തീരുമാനം.
1917 ഏപ്രിലിൽ ജർമനി വഴി റഷ്യയിൽ എത്തിയ ലെനിൻ ഒക്ടോബർ 10-ന് ബോൾഷെവിക് പാർട്ടിയുടെ 21 അംഗ കേന്ദ്രക്കമ്മിറ്റിയിലെ 12 പേരെ വിളിച്ചു കൂട്ടി. പത്തു മണിക്കൂർ നീണ്ടചർച്ചയ്‌ക്കൊടുവിൽ സായുധ വിപ്ലവത്തിനുള്ള തീരുമാനത്തിന് 12-ൽ 10പേരെയും ഒപ്പം നിർത്താൻ ലെനിന് കഴിഞ്ഞു. അപ്പോഴേക്കും ട്രോട്സ്കി


പെട്രോഗാഡ് വിപ്ലവകമ്മിറ്റി രൂപീകരിച്ചിരുന്നു. യഥാർത്ഥത്തിൽ അതൊരു സൈനിക സംഘടനയായിരുന്നു. സായുധമുന്നേറ്റത്തിലൂടെ ഭരണകേന്ദ്രമായ വിന്റർ പാലസ് ഉൾപ്പെടെയുള്ള തന്ത്രപ്രധാനമായ സ്ഥാപനങ്ങളെല്ലാം പിടിച്ചടക്കുകയെന്നതായിരുന്നു ലെനിന്റെ ലക്ഷ്യം. ഏതാനും പട്ടാളക്കാർ ഏതാനും നാവികർ, റെഡ് ഗാർഡുകൾ എന്നിവരൊക്കെ ചേർന്ന ഒരു ചെറിയ സംഘമായിരുന്നു വിപ്ലവത്തിന്റ സായുധമുൻനിര. അധികം രക്തച്ചൊരിച്ചിൽ കൂടാതെ ലെനിന്റെ തന്ത്രം വിജയിച്ചു. ലെനിൻ "സോവിയറ്റ് രാജ്യം" പ്രഖ്യാപിച്ചു. ഏതാനും മണിക്കൂറുകൾക്കകം "സോവിയറ്റ് കൗൺസിൽ ഓഫ് പീപ്പിൾസ് കമ്മിസാർ "എന്ന പേരിൽ ലെനിന്റെ നേതൃത്വത്തിൽ ബോൾഷെവിക് സർക്കാർ രൂപീകരിക്കപ്പെട്ടു.








                                                                                                   (തുടരും)

No comments:

Post a Comment