സോവിയറ്റ് തകർച്ച സാമ്രാജ്യത്വ സൃഷ്ടിയോ ?..ഭാഗം 6
പ്രോളിറ്റേറിയറ്റ് ഏകാധിപത്യത്തിന്റ പേരിലുണ്ടായ ലെനിനിസ്റ്റ് -സ്റ്റാലിനിസ്റ്റ് സ്വേച്ഛാധിപത്യത്തിനും നരഹത്യയ്‌ക്കും ഉത്തരവാദിത്വം കാറൽമാർക്സിന്റെ സന്തത സഹചാരിയായിരുന്ന ഫ്രഡറിക് ഏംഗൽസിന്റെ ചിന്തകളും ലേഖനങ്ങളുമാണെന്ന്
കുറ്റപ്പെടുത്തുന്നവർ ഉണ്ട്. പക്ഷെ ബ്രിട്ടീഷ് ചരിത്രകാരനായ ട്രിസ്റ്റാം ഹണ്ട് തന്റെ കൃതിയിൽ പറയുന്നത്, ഇരുപതാം നൂറ്റാണ്ടിലെ പരാജയപ്പെട്ട മാർക്സിയൻ വൈകൃതങ്ങൾ ഏംഗൽസിന്റെ സൃഷ്ടിയായിരുന്നു എന്ന ആരോപണം സത്യവിരുദ്ധമാണെന്നും, സോഷ്യലിസത്തിലേക്കുള്ള എടുത്തുചാട്ടം അപകടകരമായിരിക്കുമെന്നു ഏംഗൽസ് അവസാനകാലത്തു സൂചന നൽകിയിരുന്നു എന്നും ആണ്. തെറ്റ് പറ്റിയത് ഏംഗൽസിനല്ലെന്നും ലെനിനും കൂട്ടർക്കുമാണെന്ന് ഹണ്ട് പറയുന്നു. "അധികാരമോഹിയായ ലെനിൻ ഏംഗൽസിന്റെ തിരിച്ചറിവുകളെ അവഗണിച്, തയ്യാറാവാത്ത ഒരു ജനസമൂഹത്തെ സോഷ്യലിസത്തിലേക്ക് തള്ളിവിടുകയായിരുന്നു എന്ന് സൂചിപ്പിക്കുന്നു."ജനത്തെ തടങ്കൽ പാളയത്തിലിട്ട്, നിർബന്ധിതമായി വേല ചെയ്യിപ്പിച്ചു സോവിയറ്റ് യൂണിയൻ ഭൗതികനേട്ടങ്ങൾ ഉണ്ടാക്കിയെങ്കിലും അത് ലെനിന്റെ പാത പിന്തുടർന്ന സ്റ്റാലിന്റെ ഭീകരമായ സ്വേച്ഛാധിപത്യത്തിലേക്കും നരഹത്യയിലും എത്തിച്ചേരുകയായിരുനെന്നും
ചരിത്രം പറയുന്നു. "വർഗ്ഗരഹിത സമൂഹത്തെ സൃഷ്ടിക്കാൻ എളുപ്പവഴികളൊന്നുമില്ലെന്നും പല ഘട്ടങ്ങളിലൂടെ കടന്നുപോയി അത്തരമൊരു സമൂഹം രൂപപ്പെടേണ്ടതാണെന്നുമാണ് ഏംഗൽസ് വിശ്വസിച്ചത്. അതിനാവശ്യമായ താത്വവിക അടിത്തറ തയ്യാറാക്കാനാണ് താനും മാർക്‌സും ശ്രമിച്ചതെന്നും ഏംഗൽസ് വ്യക്തമാക്കിയിരുന്നു. പക്ഷെ "പ്രോളിറ്റെറിയറ്റിന്റെ ഡിക്റ്റേറ്റർഷിപ്പ് "എന്ന സങ്കല്പം വ്യക്തികളുടെ ഡിക്റ്റേറ്റർഷിപ്പ് (സ്വേച്ഛാധിപത്യം)ആയി പരിണമിക്കുകയായിരുന്നു.
1919-ൽലാണ് മൂന്നാം ഇന്റർനാഷണൽ ലെനിന്റെ നേതൃത്വത്തിൽ സ്ഥാപിതമായത്. പക്ഷെ പിന്നീടധികകാലം ലെനിന് ആരോഗ്യത്തോടെ പ്രവർത്തിക്കാൻ കഴിഞ്ഞില്ല.മൂന്നാം ഇന്റർനാഷണലിന് ശേഷമാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പല രാജ്യങ്ങളിലേക്കും വ്യാപിക്കുന്നത്. ലോക കമ്മ്യൂണിസത്തെ മോസ്കോവിൽ നിന്ന് നിയന്ത്രിക്കാൻ മൂന്നാം ഇന്റർനാഷണൽ കാരണമായി. റഷ്യൻവിപ്ലവം ലോകത്തിൽ വിപ്ലവങ്ങളുടെ പാഠപുസ്തകമായി. സ്റ്റാലിൻ ലോകവിപ്ലവത്തിന്റ പരമാചാര്യനും. തന്റെ ഭരണം ഉരുക്കുപോലെ ഉറപ്പിക്കാൻ സ്റ്റാലിൻ കൈക്കൊണ്ട രാഷ്ട്രീയതന്ത്രങ്ങൾ കമ്മ്യൂണിസ്റ്റ് വിപ്ലവപ്രസ്ഥാനത്തിനുള്ള മാർഗ്ഗരേഖയായി,അത് അന്ധമായി അനുകരിക്കാൻ ശ്രമിച്ചതും സ്റ്റാലിനെ സോഷ്യലിസത്തിന്റെ രക്ഷകനായി കണ്ടതുമാണ് കിഴക്കൻ യൂറോപ്യൻ രാഷ്ട്രങ്ങളിലടക്കം ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വിനയായി തീർന്നത്.
അധികാരപാതയിൽ സ്റ്റാലിന്റെ മുഖ്യശത്രു ട്രോട്സ്കി ആയിരുന്നു. "സ്റ്റാലിന്റെ ഉറക്കം കെടുത്തിയ ശത്രു" എന്ന് ചരിത്രം പറയുന്നു. 1927-ൽ ട്രോട്സ്കി കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടു. നാട് വിടുക മാത്രമായിരുന്നു ട്രോട്സ്കിക്ക് മുൻപിലുണ്ടായിരുന്ന വഴി. ഇസ്‌താംബുളിലും ഫ്രാൻസിലും നോർവേയിലും ഒളിച്ചുതാമസിച്ച ശേഷം മെക്സിക്കോയിലെത്തി. അവിടുത്തെ പാർട്ടി പ്രവർത്തകരുടെ സംരക്ഷണയിൽ ജീവിച്ചുവരുന്നതിനിടയിൽ മോസ്കോവിൽ ഉന്നതനീതിപീഠം ട്രോട്സ്കിക്ക് വധശിക്ഷ വിധിച്ചു. ട്രോട്സ്കിയെ എത്രയും പെട്ടന്ന് വകവരുത്താൻ സ്റ്റാലിൻ രണ്ട് സംഘത്തെ നിയോഗിച്ചു. ഒരു സായുധ സംഘം ട്രോട്സ്കിയുടെ വസതിയിൽ അതിക്രമിച്ചു കയറി, നടത്തിയ വെടിവെപ്പിൽ ട്രോട്സ്കി കട്ടിലിനടിയിൽ ഒളിച്ചിരുന്ന് രക്ഷപെട്ടു. എന്നാൽ സ്റ്റാലിന്റെ ചാരൻ റമോൺ മെക്കാർഡർ (യഥാർത്ഥ പേരല്ല)ഫ്രാങ്ക് ജാക്സൺ എന്ന മറുപേരിൽ ട്രോട്സ്കി വധം ആസൂത്രണം ചെയ്തു. (അയാൾ ബെൽജിയൻ ചാരനായിരുന്നെന്ന് പിന്നീട് വിചാരണയിലാണ് വെളിപ്പെട്ടത് )വളരെ ശക്തവും സൂക്ഷ്മവുമായ സുരക്ഷിത സംവിധാനങ്ങൾ ഉണ്ടായിട്ടും മെക്കാർഡർ സ്നേഹിതനെന്ന വ്യാജേന ട്രോട്സ്കിയെ സമീപിച്ചു മഞ്ഞുകോടാലി കൊണ്ട് തലയിൽ പ്രഹരിച്ചു. ആഴത്തിലുള്ള മുറിവോടെ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട ട്രോട്സ്കി മണിക്കൂറുകൾക്കകം 1940 ഓഗസ്ററ് 21വൈകുന്നേരം 7.25-ന് ലോകത്തോട് വിടവാങ്ങി.
അധികാരത്തിലെത്തിയ സ്റ്റാലിൻ തന്റെ വിശ്വസ്തരെ തന്ത്രപ്രധാന സ്ഥാനങ്ങളിൽ നിയോഗിച്ചിരുന്നു. 1926-ൽ സെർജി കിറോവിനെ ലെനിൻഗ്രാഡ് (ലെനിന്റെ സ്മരണാർത്ഥം പെട്രോഗാഡ് ലെനിൻഗ്രാഡായി മാറിയത് )പാർട്ടിയുടെ ഒന്നാം സെക്രട്ടറിയായി നിയമിച്ചു 1934-ലെ പാർട്ടി കോൺഗ്രസ് അധികാരത്തിന് വേണ്ടിയുള്ള കിടമത്സരവേദിയായി മാറി. റിബൽ ഗ്രൂപ്പ് ശക്തമായി മാറി. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് റിബലുകൾക്കിടയിലും സമ്മതനായിരുന്ന കിറോവിനെ എതിരാളികൾ നിർദ്ദേശിച്ചു. പക്ഷെ കിറോവ് മത്സരിക്കാൻ തയ്യാറായില്ല. എങ്കിലും സ്റ്റാലിനെ പാർട്ടി ജനറൽ സെക്രട്ടറി പദവിയിൽ നിന്നും വെറും സെക്രട്ടറിയായി തരം താഴ്ത്തിയപ്പോൾ പോളിറ്റ്ബ്യുറോയിൽ കിറോവിന് സ്റ്റാലിനൊപ്പമായ റാങ്ക് നൽകപ്പെട്ടു.
1934 ഡിസംബർ 1-ന് അപ്രതീക്ഷിതമായി പട്ടാളവേഷത്തിലെത്തിയ ഒരാൾ ഓഫീസിൽ വെച്ച് കിറോവിനെ വെടിവെച്ചു കൊന്നു. ജൂതവിമോചന സംഘടനയായസിയോണിസ്റ്റ് പ്രസ്ഥാനത്തിൽ നിന്നും പുറത്താക്കിയ ലിയോനിഡ് നിക്കലെവ് ആയിരുന്നു പ്രതി. കിറോവിന്റെ വധം നല്ലൊരു അവസരമായി കണ്ട സ്റ്റാലിൻ കമനെവിന്റെയും സിനോവീവിന്റെയും പേരിൽ ഗൂഢാലോചന കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. സിനോവീവിന് പത്തു വർഷവും കാമനെവിന് അഞ്ചുവർഷവും ജയിൽശിക്ഷ വിധിച്ചു.സിനോവീവിനെയും, കമനെവിനെയും പിന്തുണച്ച പ്രമുഖ നേതാക്കളെയും രഹസ്യവിചാരണ നടത്തി, വധിച്ചു. 1934-35 ൽ 6500 പേരോളം സ്റ്റാലിന്റെ നടപടിക്ക് വിധേയരായി.
പാർട്ടി ശുദ്ധികരണം
1936-38 സ്റ്റാലിന്റെ ഭീകരഭരണകാലം സോവിയറ്റ് യൂണിയന്റെ ചരിത്രത്തിലെ "ഏറ്റവും രക്തരൂക്ഷിതമായ രണ്ട് വർഷമായി "ചരിത്രം രേഖപ്പെടുത്തുന്നു.1934-ൽ ജി.പി.യു പുനഃസംഘടിപ്പിച്ചു കൊണ്ട് ഗുലാഗുകളുടെ കാര്യക്ഷമമായ പ്രവർത്തനത്തിന് എൻ. കെ.വി.ഡി എന്ന പോലീസ് സംഘം രൂപികരിച്ചു. 1935-ൽ ഡിസംബറിലെ കേന്ദ്രകമ്മിറ്റി ശുദ്ധികരണ പരിപാടിയുടെ മുഖ്യചുമതലകാരനായി നിക്കോളായ് ഐഷോവിനെ നിയമിച്ചു.
1934 ഡിസംബറിൽ ഉക്രൈനിലെ അതിർത്തിപ്രവിശ്യകളിൽ നിന്ന് 2000 സോവിയറ്റ് വിരുദ്ധ കുടുംബങ്ങളെ നാട് കടത്തി. സംശയിക്കപെട്ടവരെയെല്ലാം ഖസാക്കിസ്ഥാനിലേക്കും സൈബീരിയയിലേക്കും മാറ്റി. അതിൽ ഭൂരിപക്ഷം പേരും ഫിൻലാൻഡ്‌കരായിരുന്നു. 1936-ൽ നടന്ന രണ്ടാമത്തെ നാട് കടത്തലിൽ കൂടുതലും പോളണ്ടുകാരും ജർമൻകാരും ഉൾപ്പെട്ട 15000 കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. അടുത്ത രണ്ട് വർഷങ്ങളിൽ അഞ്ചരലക്ഷം പേരെ എൻ.കെ.വി.ഡി അറസ്റ്റ് ചെയ്തു. അഞ്ചു വർഷം ക്യാമ്പുകളിൽ കഠിനവേലക്ക് വിധിച്ചു.
1936 സെപ്റ്റംബർ മുതൽ 1938 വരെയുള്ള കാലം "ഐഷോവിന്റെ ഭീകരകാലം" എന്നറിയപ്പെടുന്നു. ലെനിന്റെ സഹപ്രവർത്തകരായിരുന്ന സിനോവീവ്, കമനോവ്,ക്രെറ്റിൻസ്‌കി, റിക്കോവ് പ്യാറ്റൊക്കോവ്, റാഡക്ക് ബുഖാറിൻ എന്നിവരെയെല്ലാം പരസ്യവിചാരണ ചെയ്തു. നേതാക്കൻമാരെ വധിച്ചു. സോവിയറ്റ് ഭരണം അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയെന്നായിരുന്നു ആരോപണം. "Stalin revealed himself as the indubitable leader of Thermidorean bureaucracy "എന്ന് The Revolution Betrayed എന്ന ഗ്രന്ഥത്തിൽ ട്രോട്സ്കി എഴുതി. 1936 ജൂലൈ 27-ലെ "ലെ ടെംപ്സ് "എന്ന ഫ്രഞ്ച് പത്രം ട്രോട്സ്കിയെ ഉദ്ധരിച്ചു ഇങ്ങനെ എഴുതി "റഷ്യൻ വിപ്ലവം അതിന്റെ Thermidor Bureaucracy ഘട്ടത്തിലെത്തിയിരിക്കുന്നു. മാർക്സിസ്റ്റു തത്വശാസ്ത്രം അപ്രായോഗികമാണെന്നും സാർവലൗകിക വിപ്ലവം എന്നത് ഒരു സാങ്കല്പിക കഥമാത്രമാണെന്നും സ്റ്റാലിൻ തിരിച്ചറിഞ്ഞിരിക്കുന്നു." "ലാ എക്കോതെ പാരീസ് " പത്രം സ്റ്റാലിൻ ഐവാൻ ദ ടെറിബിൾ, മഹാനായ പീറ്റർ, കാതറിൻ ll എന്നീ റഷ്യൻ സേച്ഛാധിപതികളിലേക്ക് ഉയർന്നുവെന്ന് 1937 ജൂലൈ 30-ന് എഴുതി.
1956 ഓഗസ്റ്റ് 25-ലെ 20-ആം പാർട്ടി കോൺഗ്രസിലെ രഹസ്യസമ്മേളനത്തിൽ നികിത ക്രൂഷ്ചേവ് 1936-38 കാലത്ത് സ്റ്റാലിൻ കമ്മ്യൂണിസ്റ്റ് നേതാക്കൾക്കെതിരെ നിയമരഹിതമായ ഒട്ടേറെ കാര്യങ്ങൾ ചെയ്തുവെന്ന് വെളിപ്പെടുത്തുകയുണ്ടായി. ഇക്കാലത്തു 60 ലക്ഷം അറസ്റ്റും 30 ലക്ഷം വധങ്ങളും ക്യാമ്പുകളിൽ 20 ലക്ഷം മരണങ്ങളും നടന്നുവെന്ന് ചരിത്രം പറയുന്നു. 1937 ജൂലൈ 2-ന് പോളിറ്റ്ബ്യുറോയുടെ അനുവാദത്തോടെ എഷോവ് 2,59,450 പേരെ അറസ്റ്റ് ചെയ്യുകയും 72,950 പേരെ വധിക്കുകയും ചെയ്തു. 1937 ഓഗസ്ററ് 28- നും ഡിസംബർ 15- നുമിടയിൽ 22,500 പേരെ കൂടി വധിച്ചു. 19800 പേരെ ക്യാമ്പുകളിലേക്ക് വിട്ടു. 298-ൽ 48000 പേരാണ് വധിക്കപ്പെട്ടത്.
എഷോവ് കൂട്ടവധത്തിനായി 383 ലിസ്റ്റുകളാണ് സ്റ്റാലിന്റെ അനുവാദത്തിനായി അയച്ചുകൊടുത്തത്. നേതാക്കളും, മെമ്പർമാരും ഉൾപ്പെടെ 44000 കമ്മ്യൂണിസ്റ്റുകളുടെ പേരുകളും, വ്യവസായങ്ങളും, സൈനികരംഗങ്ങളിലുള്ള 39000 പ്രമുഖരുടെ പേരുകളുമുണ്ടായിരുന്നു, സ്റ്റാലിൻ ഒപ്പിട്ട ലിസ്റ്റിൽ. 362 ലിസ്റ്റുകളിൽ മൊളൂട്ടോവും, 373 ലിസ്റ്റുകളിൽ വേറോഷിലോവും 195 ലിസ്റ്റുകളിൽ കഗാനോവിച്ചും 191-ൽ ഷാഡനോവും 62 എണ്ണത്തിൽ മിക്കോയനുമാണ് ഒപ്പിട്ടിരിക്കുന്നത്. 1937-ൽ പാർട്ടിയുടെ ലോക്കൽ സംഘടനകൾവരെ ശുദ്ധികരിക്കപ്പെട്ടു.
സ്റ്റാലിൻ എഷോവിനെ ഡിസ്മിസ് ചെയ്യുകയും ലവന്റി ബറിയ ആ സ്ഥാനത്ത് അവരോധിക്കപ്പെട്ടു. സ്റ്റാലിന്റെ നിർദേശങ്ങൾ നേരിട്ട് നടപ്പിലാക്കേണ്ട ബാധ്യത ബറിയക്കായി. ഫാക്ടറിയിലുണ്ടായ തീപിടുത്തത്തിന്റെ പേരിൽ തുറക്ക്മാനിയയിൽ 6,81,692 പേരാണ് കൊല്ലപ്പെട്ടത്. 29-ആം പാർട്ടി കോൺഗ്രസിൽ സ്റ്റാലിൻ നടത്തിയ ശുദ്ധികരണം അപഹസിക്കപ്പെട്ടു. പി.ബിയിലെ അഞ്ചുപേർ, 139 അംഗകമ്മിറ്റിയിലെ 98 പേർ, 1934 പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത 1996 ഡെലിഗേറ്റുകളിൽ 1108 പേർ യുവജനസംഘടനയായ കൊംസോമോളിന്റെ 93 അംഗകേന്ദ്ര കമ്മിറ്റിയിൽ 72പേർ അറസ്റ്റ് ചെയ്യപ്പെട്ടു. കൂടാതെ 385 റീജണൽ കമ്മിറ്റി സെക്രട്ടറിമാരിൽ 319 ഉം 2750 ജില്ല സെക്രട്ടറിമാരിൽ 2260 പേരും അറസ്റ്റിലായി. കൊംസോമോൾ ആസ്ഥാനത്തെ എല്ലാവരെയും ഒഴിവാക്കപ്പെട്ടു.
ലെനിൻഗ്രാഡിൽ സിനോവീവിന്റെയും കിറോവിന്റെയും എല്ലാ അനുയായികളും കൊല്ലപ്പെട്ടു. എൻ. കെ.വി.ഡിയുടെ നേതൃത്വം വഹിച്ച സക്കോവ്സ്‌കിയും ഷാഡനോവും ചേർന്ന് പാർട്ടികേഡറിലെ 90% പേരെയും അറസ്റ്റ് ചെയ്തു. 1938-ൽ ക്രൂഷ്ചേവ് ഉക്രൈൻ കമ്മ്യൂണിസ്റ്റ് പാർട്ടി തലവനായശേഷം മാത്രം 1,06,000 പേർ അറസ്റ്റ് ചെയ്യപ്പെട്ടു. ഉക്രൈൻ സെൻട്രൽ കമ്മിറ്റിയിലെ 200 പേരാണ് കൊല്ലപ്പെട്ടത്. 1937 ഏപ്രിലിൽ ഒളിവിലായിരുന്ന ട്രോട്സ്കിയുടെയും ബുക്കറിന്റെയും അനുയായികളെ മുഴുവൻ "പ്രതിവിപ്ലവകാരികൾ "എന്ന് മുദ്രകുത്തി ഇല്ലാതാക്കി.
വിദേശകമ്മ്യൂണിസ്റ്റു പാർട്ടികളുടെ ഔദോഗിക ഭാരവാഹികളെയും സ്റ്റാലിൻ തന്റെ ക്രൂരതയ്ക്കിരയാക്കി. ജർമൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നാല് പോളിറ്റ്ബ്യുറോ മെമ്പർമാരുൾപ്പെടെ പ്രമുഖനേതാക്കളെ അറസ്റ്റ് ചെയ്തു. 1940-ലെ ജർമൻ -സോവിയറ്റ് സന്ധി ഒപ്പിട്ടശേഷം 570 ജർമൻ കമ്മ്യൂണിസ്റ്റുകളെ ബ്രസ്റ്റ്ലിറ്റോവ് സ്കിലെ പാലത്തിൽ വെച്ച് ജർമൻ ഗെസ്റ്റപ്പോകൾക്ക് (ഹിറ്റ്ലറുടെ രഹസ്യ പോലീസ് ) കൈമാറുകയായിരുന്നു.
1919-ൽ ഹങ്കേറിയൻ പ്രക്ഷോഭത്തിന്റെ നേതാവായ ഹങ്കേറിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ബേലാക്കൂനിനെ വിചാരണ ചെയ്തു വധിച്ചു. ബുഡാപെസ്റ്റ് ഗവൺമെന്റിലെ 120 പീപ്പിൾസ് കമ്മിസാർമാരെ അഭയാർഥികളായി പിടിച്ച് മോസ്കോവിൽ തടങ്കലിലിട്ടു. ഇറ്റലിയിൽ പാവ്‌ലോ റൊബോട്ടി ഉൾപ്പെടെ 200 കമ്മ്യൂണിസ്റ്റ്‌കാർ ജയിലിലായി. യുഗോസ്ലാവിയയിൽ പാർട്ടി ജനറൽ സെക്രട്ടറി ഉൾപ്പെടെ 100 പാർട്ടി പ്രവർത്തകർ അറസ്റ്റ് ചെയ്യപ്പെട്ടു.1937-38 കാലത്ത് പോളിഷ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ മുഴുവൻ നേതാക്കളും റഷ്യയിലുണ്ടായിരുന്നു. അതിൽ 12 പോളിഷ് കേന്ദ്രകമ്മിറ്റി മെമ്പർമാർ വധിക്കപ്പെട്ടു. മാത്രമല്ല കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലിലെ എല്ലാ കമ്മ്യൂണിസ്റ്റുകളും കൊല്ലപ്പെട്ടവരിൽപെട്ടു. 1938 ഓഗസ്റ്റ് 16-ന് പോളിഷ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഫാസിസ്റ്റുകളെന്ന് ആരോപിച്ചു കമ്മ്യൂണിസ്റ്റ് ഇന്റർനാഷണനിൽ നിന്ന് പുറത്താക്കി. കൂടാതെ കമ്മ്യൂണിസ്റ്റ് ഇന്റര്നാഷനിൽ നിന്ന് നൂറുകണക്കിന് സോവിയറ്റ് ഔദോഗികഭാരവാഹികളും പുറത്താക്കപ്പെട്ടു.
സൈനികതലത്തിലും സ്റ്റാലിന്റെ നടപടികളുണ്ടായി. 1937- ജൂൺ 11-നു ചുവപ്പ് സേനയെ ആധുനികവൽക്കരിച്ച ഡെപ്യൂട്ടി കമ്മിസാർ ആയിരുന്ന മാർഷൽ തുഖാഷേവ്സ്‌കിക്ക് മിലിട്ടറി കോടതി വധശിക്ഷ വിധിച്ചു. അടുത്ത പത്തു ദിവസത്തിനകം 21 ആർമികോർ ജനറൽമാർ ഉൾപ്പെടെ 950 ഉന്നത സൈനിക മേധാവികൾ അറസ്റ്റ് ചെയ്യപ്പെട്ടു.1937-38 കാലത്ത് 3502 സൈനിക ഓഫീസർമാരെ പുറത്താക്കി. ആർമിയിൽ നിന്ന് മാത്രം അറസ്റ്റ് ചെയ്യപ്പെട്ട ഉന്നതരുടെ എണ്ണം 30,000.പട്ടാളക്കാർ 1,78,000.
ബുദ്ധിജീവികളായിരുന്നു സ്റ്റാലിന്റെ ക്രൂരതയ്ക്ക് ഇരയായ മറ്റൊരു വിഭാഗം. 1922-ലെ ലെനിന്റെ ശുദ്ധികാരണത്തിന് ശേഷം ചരിത്രകാരൻ പൊക്‌റാവ്സ്കിയുടെ അനുയായികളായ പ്രൊഫസ്സർമാരും ലക്‌ചറർമാരും അക്കാദമി അംഗങ്ങളും അറസ്റ്റിലായി. ബൈലോ റഷ്യയിൽ 105 അക്കാദമി അംഗങ്ങളിൽ 87 പേരും പോളിഷ് ചാരന്മാർ എന്നാരോപിക്കപെട്ടു അറസ്റ്റ് ചെയ്യപ്പെട്ടു.
ശാസ്ത്രകാരന്മാരിലും സ്റ്റാലിന്റെ കടന്നുകയറ്റം ഉണ്ടായി. ശാസ്ത്രജ്ഞന്മാരിൽ ട്രോഫിൻ ലിസ്സങ്കെയെ എതിർത്ത പ്രൊഫസ്സർമാരെല്ലാം അറസ്റ്റിലായി. (ലിസെങ്കെയെ കാർഷിക രംഗമാകെ വിപ്ലവകാരിക്കുമെന്നു സ്റ്റാലിൻ വിസ്വാസിച്ചു) ലെനിൻ കാർഷികഗെവേഷണകേന്ദ്രത്തിന്റെ പ്രസിഡന്റ് നിക്കോളായ് വാവിലാവ് ഉൾപ്പെടെ വൈദ്യ, ധാന്യഗെവേഷണ രംഗങ്ങളിൽ പ്രവർത്തിച്ച മിക്കവരും പുറത്താക്കപ്പെട്ടു. പ്രസിദ്ധ ശാസ്ത്രജ്ഞൻ പാവ്‌ലോവ് 1943-ൽ ജയിലിൽ കിടന്നുമരിച്ചു. സോവിയറ്റ് റൈറ്റേഴ്‌സ് യൂണിയനോടും സ്റ്റാലിൻ ദയ കാട്ടിയില്ല. ഏതാണ്ട് 2000 പേരെ അറസ്റ്റ് ചെയ്ത് നാട് കടത്തി. 'റെഡ് കാവൽറി ആൻഡ് ഒഡേസ ഫയൽസ് 'എഴുതിയ ഐസക് ബാബേലിനെ 1940 ജനവരി 27 ന് വെടിവെച്ചു കൊല്ലുകയായിരുന്നു. 1938-ൽ നിരവധി കവികളും കഥാകാരന്മാരും അറസ്റ്റ് ചെയ്യപ്പെടുകയും അവരിൽ പലരും സൈബീരിയയിലെ കോൺസെൻട്രേഷൻ ക്യാമ്പിൽ കിടന്ന് മരണപ്പെട്ടു. സംഗീതജ്ഞർ, സംഗീതസംവിധായകർ, പ്രമുഖ നാടകകൃത്തുക്കൾ, സംവിധായകർ തുടങ്ങി ഒരു സംഘം കലാകാരന്മാരുടെ ലിസ്റ്റ് തയ്യാറാക്കുകയും അവരെ അറസ്റ്റ് ചെയ്ത് തടവിലാക്കി പീഡിപ്പിക്കുകയും ചെയ്തു. അവരിൽ പലരെയും 1940-ൽ വധിച്ചു.
ക്രിസ്ത്യൻ സഭകൾക്കെതിരെയും വൈദികർക്കെതിരെയും നടപടിയുണ്ടായി. നിങ്ങൾ ദൈവവിശ്വാസിയാണോ എന്ന ചോദ്യത്തിന് 'അതെ" എന്ന് മറുപടി പറഞ്ഞവരെല്ലാം
അപ്പപ്പോൾ തന്നെ കൊല്ലപ്പെട്ടു. 1936-ൽ 20,000 പള്ളികളും മോസ്‌ക്കുകളും എന്നിട്ടും അവശേഷിച്ചിരുന്നു. 1941-ൽ പല മതങ്ങളിൽ നിന്നായി മതകർമ്മാനുഷ്ടാനത്തിന് രജിസ്റ്റർ ചെയ്തവർ 5665ഉം 1936-ൽ ഇത് 24000 വും ആയിരുന്നു. "സ്റ്റാലിനിസ്റ്റ് മത തത്വശാസ്ത്രം "പ്രചരിപ്പിക്കുക എന്നതായിരുന്നു സ്റ്റാലിൻ അവർക്ക് നൽകിയിരുന്നത്. 1937-ൽ സ്റ്റാലിൻ പ്രസ്താവിക്കുകയുണ്ടായി "നമ്മൾ സോഷ്യലിസത്തോട് എത്രയും അടുക്കുംതോറും സാമൂഹികവർഗ്ഗങ്ങളിലെ മൃതപ്രായരായ അവശിഷ്ടങ്ങൾ എതിർത്തുകൊണ്ടിരിക്കും." അങ്ങനെ എതിർത്ത കമ്മ്യൂണിസ്റ്റുകൾ, 1936-38 കാലത്ത് ശുദ്ധികരിക്കപ്പെട്ട കമ്മ്യൂണിസ്റ്റുകളുടെ എണ്ണം 7 ലക്ഷം ആയിരുന്നു.
അപ്പപ്പോൾ തന്നെ കൊല്ലപ്പെട്ടു. 1936-ൽ 20,000 പള്ളികളും മോസ്‌ക്കുകളും എന്നിട്ടും അവശേഷിച്ചിരുന്നു. 1941-ൽ പല മതങ്ങളിൽ നിന്നായി മതകർമ്മാനുഷ്ടാനത്തിന് രജിസ്റ്റർ ചെയ്തവർ 5665ഉം 1936-ൽ ഇത് 24000 വും ആയിരുന്നു. "സ്റ്റാലിനിസ്റ്റ് മത തത്വശാസ്ത്രം "പ്രചരിപ്പിക്കുക എന്നതായിരുന്നു സ്റ്റാലിൻ അവർക്ക് നൽകിയിരുന്നത്. 1937-ൽ സ്റ്റാലിൻ പ്രസ്താവിക്കുകയുണ്ടായി "നമ്മൾ സോഷ്യലിസത്തോട് എത്രയും അടുക്കുംതോറും സാമൂഹികവർഗ്ഗങ്ങളിലെ മൃതപ്രായരായ അവശിഷ്ടങ്ങൾ എതിർത്തുകൊണ്ടിരിക്കും." അങ്ങനെ എതിർത്ത കമ്മ്യൂണിസ്റ്റുകൾ, 1936-38 കാലത്ത് ശുദ്ധികരിക്കപ്പെട്ട കമ്മ്യൂണിസ്റ്റുകളുടെ എണ്ണം 7 ലക്ഷം ആയിരുന്നു.
(തുടരും)



No comments:
Post a Comment