Sunday, June 30, 2019



സോവിയറ്റ് തകർച്ച സാമ്രാജ്യത്വ സൃഷ്ടിയോ ..? ഭാഗം.5

നാഗരികത ഒരു സങ്കല്പമല്ല, അതൊരു യാഥാർഥ്യമാണ്. മനുഷ്യൻ അവരുടെ കാര്യങ്ങൾ മാന്യമായും മര്യാദയായും പ്രതിപക്ഷബഹുമാനത്തോടെയും അപരർക്കും തങ്ങൾക്കും ഒരുപോലെ, കെടുതികൾ ഏർപ്പെടാതെയും കൊണ്ട്നടക്കുക എന്നതാണ് നാഗരികതയുടെ സാരാംശം. ഇരുപക്ഷവും കേൾക്കുക എന്നത് അതിന്റെ പ്രയോഗികവശമാണ്. ഒരു ഭാഗം മാത്രം വാദിച്ചത് കൊണ്ടല്ല ഇരുഭാഗവും കേട്ടതിന് ശേഷമാണ് നീതി നടപ്പിലാക്കപ്പെടുന്നത്. ബലപ്രയോഗം കൊണ്ട് ആശയത്തെ, അമർച്ചചെയ്യാനാവില്ല.ഭൂരിപക്ഷ അഭിപ്രായം എന്ന് വെച്ച് ന്യൂനപക്ഷാഭിപ്രായത്തെ ചവിട്ടിതേക്കാനും പാടില്ലാത്തതാണ്. അങ്ങനെ ചെയ്യുന്നത് ഭൂരിപക്ഷാഭിപ്രായത്തെ ന്യൂനപക്ഷം ചവുട്ടിമെതിക്കുന്നത് പോലെ തന്നെയാണ്.
സ്റ്റാലിനിസ്റ്റ് കമ്മ്യൂണിസം തങ്ങളുടേതല്ലാത്ത ആശയങ്ങളെയും അഭിപ്രായങ്ങളേയും അടിച്ചമത്തുകയാണ് ചെയ്യുന്നത്. ആശയത്തെ ആശയം കൊണ്ടാണ് അഭിമുഖീകരിക്കേണ്ടത്. ആയുധം കൊണ്ടോ അധികാരബലം കൊണ്ടോ അല്ല. എതിരഭിപ്രായങ്ങളെ ആയുധം കൊണ്ട് നേരിടുന്നത് കമ്മ്യൂണിസമല്ല, അത് സ്റ്റാലിനിസമാണ്. സോവിയറ്റ് യൂണിയന് മാത്രമല്ല സ്റ്റാലിനിസം വിനയായത്. ലോകത്തിൽ ചെങ്കൊടിക്ക് കീഴിൽ അണിനിരന്നവരിൽ വലിയ വിഭാഗത്തെ കൊണ്ട് ആത്മഹത്യാപരമായ സാഹസങ്ങൾ ചെയ്യിപ്പിച്ചത് സ്റ്റാലിനിസമാണ്.രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തോടു കൂടി ലോകമൊട്ടാകെ ചെങ്കൊടിക്ക്കീഴിൽ വിമോചനപോരാട്ടങ്ങൾ ഉണ്ടായി. അവയിൽ എത്ര മനുഷ്യജീവനുകളാണ് ഹോമിക്കപെട്ടതു.? മനുഷ്യജീവന് വിലയില്ലാതാക്കിയതാണ് സ്റ്റാലിനിസത്തിന്റെ ഏറ്റവും വലിയ കുറ്റം. കൊല്ലുന്നതിന് അറപ്പില്ല സ്റ്റാലിനിസത്തിന്, കൊല്ലിക്കുന്നതിനും. കൊല്ലപ്പെടാൻ കേഡർമാരെ തള്ളിവിടുന്നതിലും അറപ്പില്ലാതായി മാറി.കമ്മ്യൂണിസത്തിന്റെ ഭാഗമായി സ്റ്റാലിനിസത്തെ കാണാൻ കഴിയില്ല. പക്ഷെ ലോകത്ത് എല്ലാ കാലത്തും സ്റ്റാലിനിസത്തെ കമ്മ്യൂണിസത്തിന്റെ അഭിഭാജ്യഭാഗമായി കാണാനാനും അനുകരിക്കാനുമാണ് ശ്രമമുണ്ടായത്. അത്തരം രാജ്യങ്ങളിൽ കമ്മ്യൂണിസത്തിന്റെ അടിവേരുകൾ ഇളയ്ക്കുന്നതാണ് ലോകം
കണ്ടത്.
കുലാക്ക് ഉന്മൂലനം, പട്ടിണി ഭീകരത.
സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം പുറത്ത് വന്ന വിവരങ്ങളനുസരിച്ചു കർഷകസംയുക്തവത്കരണം സോവിയറ്റ് ഭരണവും ചെറുകിട കർഷകരും തമ്മിലുള്ള യുദ്ധമായിരുന്നു. ലെനിൻ യുദ്ധകമ്മ്യൂണിസത്തിന്റെ സ്ഥാനത്തു കൊണ്ട് വന്ന പുതിയ സാമ്പത്തികനയം (എൻ. ഇ. പി )അട്ടിമറിച്ചാണ് പുതിയ നയം സ്റ്റാലിൻ രൂപപ്പെടുത്തിയത്.ഭീകരമായ ഈ ശുദ്ദികരണത്തിൽ 60 ലക്ഷം പേർ പട്ടിണി കിടന്നു മരിച്ചു. 20 ലക്ഷം കർഷകരെ നാട് കടത്തി. നാട് കടത്തലിൽ പതിനായിരങ്ങൾ മരിച്ചുവീണു. 1929-30 ൽ തുടങ്ങിയ ഈ മൃഗീയത 1933 വരെ തുടർന്നു. ഏറ്റവുമധികം ധാന്യം ഉല്പാദിപ്പിക്കപ്പെടുന്ന ഉത്തരകോക്കസ് വോൾഗയുടെ തെക്കൻ, മദ്യമേഖലകൾ എന്നിവിടങ്ങളിലായിരുന്നു മുഖ്യമായും സംയുക്തവൽക്കരണം നടപ്പിലാക്കിയത്.
1929 ഡിസംബർ 27 ലെ സ്റ്റാലിന്റെ ഉത്തരവനുസരിച്ചു കർഷകരെ മൂന്നായിതിരിച്ചു. ഒന്നാം വിഭാഗത്തെ പ്രതിവിപ്ലവകാരികളെന്നു മുദ്രയടിച്ചു അറസ്റ്റ് ചെയ്ത് ക്യാമ്പിലടയുകയും നിരവധിപേരെ വധിക്കുകയും ചെയ്തു. അവരുടെ സ്വത്തുക്കൾ പിടിച്ചെടുത്തു കുടുംബാംഗങ്ങളെ നാട് കടത്തി. അത്രയധികം എതിർപ്പ് പ്രകടിപ്പിക്കാത്തവരെ അറസ്റ്റ് ചെയ്ത് കുടുംബസമേതം വിദൂരസാങ്കേതങ്ങളിലേക്ക് അയച്ചു. ഭരണകൂടത്തോട് വിശ്വസ്തത പ്രകടിപ്പിച്ചവരെ സ്വന്തം വീടുകളിൽ നിന്നും ഒഴിപ്പിച്ചു സംയുക്തവത്കൃത കാർഷികമേഖലയ്ക്ക് പുറത്ത് പാർപ്പിച്ചു.പിടിച്ചെടുത്ത നിത്യോപയോഗ സാധനങ്ങളും വീട്ടുപകരണങ്ങളും ലേലത്തിൽ വിറ്റു. പശ്ചിമ ഉക്രൈൻ, മധ്യറഷ്യ ഉത്തരകൊക്കേഷ്യൻ പ്രദേശങ്ങൾ ഖസാക്കിസ്ഥാൻ എന്നിവിടങ്ങളിൽ വൻപ്രതിഷേധ പ്രക്ഷോഭങ്ങൾ നടന്നു. ഖസാക്കിസ്ഥാനിൽ നടന്ന പ്രക്ഷോഭത്തിൽ 1500ലധികം സിവിലുദ്യോഗസ്ഥർ വിധിക്കപ്പെട്ടു. 800 പേർക് വെടിയേറ്റ് വീണു. ആയരങ്ങൾക്ക് മർദ്ദനമേറ്റു.
1930-ൽ പ്രതിഷേധിച്ച കർഷകരുടെ എണ്ണം മൊത്തം 25 ലക്ഷമായിരുന്നു. 14000 പ്രക്ഷോഭങ്ങൾ. അറസ്റ്റ് ചെയ്യപ്പെട്ട മിക്കവരെയും ഉടൻതന്നെ വെടിവെച്ചു കൊല്ലുകുയായിരുന്നു. ജി.പി.യു കാണാക്കനുസരിച്ചു 1930-ൽ വധിക്കപെട്ടവരുടെ എണ്ണം 20,200 ആണ്. കർഷക മർദ്ദനത്തിന് നേതൃത്വം വഹിച്ച യഹോഡയുടെ കണക്കനുസരിച് പ്രതിവിപ്ലവകാരികളെന്നു മുദ്രയടിക്കപെട്ട ഒന്നാം വിഭാഗത്തിൽ 60,000 പേർ അറസ്റ്റ് ചെയ്യപ്പെടുകയും, 64.589 പേർ നിഗ്രഹിക്കപെട്ടതായും പറയുന്നു. പലവിഭാഗങ്ങളിൽ നിന്നും 1930-ൽ മാത്രം അറസ്റ്റ് ചെയ്യപ്പെട്ടവരുടെ സംഖ്യ 96,230 ആണ്. 1930-ൽ ഒന്നാം വിഭാഗത്തിൽപ്പെട്ട ഏഴു ലക്ഷം കർഷകരെയും 1931-ൽ 18 ലക്ഷം കർഷകരെയും 1930-ൽ രണ്ടാംവിഭാഗത്തിൽപെട്ട 60,000 കുടുംബങ്ങളെയും നാട് കടത്തിയെന്നാണ് പോളിറ്റ് ബ്യുറോക്ക്‌ ലഭിച്ച കണക്ക്.
ഡോളോവെറ്റ്സ്കി ക്യാമ്പിൽ മാത്രം 40,000 തടവുകാർ ഉണ്ടായിരുന്നു. തടവുകാരെ കൊണ്ട് റോഡ്, റെയിൽവേ ലൈൻ, രാസവസ്തുക്കൾ എന്നിങ്ങനെയുള്ള നിർമാണ പ്രവർത്തനങ്ങളാണ് നിർബന്ധിതമായും ചെയ്യിപ്പിച്ചിരുന്നത്‌. കർഷകരെ അടച്ച ട്രക്ക്കളിലാണ് ക്യാമ്പുകളിലേക്ക് എത്തിച്ചുകൊണ്ടിരുന്നത്..200 മൈൽ വരെയുള്ള യാത്രകളിൽ വൃദ്ധരുടെയും കുട്ടികളുടെയും സ്ഥിതി ദയനീയമായിരുന്നു. ഭക്ഷണവും വസ്ത്രവുമില്ലാതെ കൊടും ശൈത്യത്തിലും പലവിധ രോഗത്താലും ഉള്ള മരണസംഖ്യ ദിനംപ്രതി കൂടിക്കൊണ്ടിരുന്നു.
സോവിയറ്റ് യൂണിയന്റെ ചരിത്രത്തിലെ ഏറ്റവും കറുത്ത അദ്ധ്യായമാണ് 1932-33 ലെ പട്ടിണിക്കാലം.ഭക്ഷ്യദാരിദ്യം രാഷ്ട്രീയായുധമാക്കുകയെന്ന ലെനിൻ നയം കൂടുതൽ മൂർച്ചയോടെ നടപ്പിലാക്കുകയാണ് സ്റ്റാലിൻ ചെയ്തത്. സ്റ്റാലിൻ വിരുദ്ധഗ്രൂപ്പിന് നേതൃത്വം നൽകിയ നിക്കോളായ് ബുക്കാറിന്റ അഭിപ്രായത്തിൽ, കർഷകർക്കെതിരായ സ്റ്റാലിന്റെ സൈനിക, ഫ്യൂഡൽ മുതലെടുപ്പിന്റെ ഭാഗമായിരുന്നു ഈ ക്ഷാമമെന്നാണ്. ലഭ്യമായ വിവരമനുസരിച്ചു 60 ലക്ഷം പേരാണ് പട്ടിണി കിടന്ന് മരിച്ചത്. അതിൽ 40 ലക്ഷവും ഖസാക്കിസ്ഥാനിലായിരുന്നു.
സംയുകത കാർഷികവത്കരണത്തിൽ ഭരണകൂടം പ്രതീക്ഷിച്ച ഉല്പാദനം ഉണ്ടായില്ല. 1930-ൽ ഉത്പാദനം 30% വും 1931-ൽ 41.55-47 ശതമാനവും ആയിരുന്നു. കൃഷിയിടങ്ങളിലെ കർഷകർക്ക് വിശപ്പടക്കാൻ നന്നേ ബുദ്ധിമുട്ടി. ധാന്യം ഒളിച്ചുവെച്ചവരെ സോഷ്യലിസ്റ്റ് വിഭവങ്ങളുടെ മോഷ്ടവായി പ്രഖ്യാപിച്ച അറസ്റ്റ് ചെയ്തു. 1933-ൽ അറസ്റ്റ് ചെയ്തവർ 125,000.അതിൽ 5400 പേർ കൊല്ലപ്പെട്ടു. പല ക്യാമ്പുകളിൽ നിന്നും വിശപ്പ് മൂലം സ്വന്തം കുഞ്ഞുങ്ങളെ ഉപേഷിച് സ്ത്രീകൾ ഒളിച്ചോടി. 1933-ൽ വിശപ്പ് സഹിക്കാതെ രക്ഷപെടാൻ ശ്രമിച്ചവരുടെ എണ്ണം 2,19,460.അവരിൽ 1,86.588 പേരെ തടഞ്ഞു നിർത്തി ക്യാമ്പുകളിലേക്ക് തിരിച്ചയച്ചുവെന്നു രഹസ്യപൊലീസ് റിപ്പോർട്ട്‌ നൽകി. ഓരോ രാത്രികളിലും പട്ടിണി കാരണവും രോഗങ്ങൾ മൂലവും 200-ലധികം കർഷകരുടെ ശവം ക്യാമ്പുകളിൽ നിന്നും നീക്കം ചെയ്തുകൊണ്ടിരുന്നു.
ലക്ഷക്കണക്കിന് ആളുകൾ പട്ടിണി കിടക്കുമ്പോഴും യന്ത്രങ്ങളും ആയുധങ്ങളും വാങ്ങാൻ വേണ്ടി സ്റ്റാലിൻ വിദേശത്തേക്ക് ധാന്യകയറ്റുമതി തുടർന്നിരുന്നുവെന്നു ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു. 1933-ൽ 180 ലക്ഷം ടൺ ധാന്യമാണ് കപ്പലുകളിൽ കയറ്റി അയച്ചത്. ഉക്രൈനിൽ കന്നുകാലികളിൽ 80% വും കൊല്ലപ്പെട്ടു. 20 ലക്ഷം കൊസാക്കുകളും ഏതാണ്ട് 15 ലക്ഷം മധേഷ്യക്കാരും ചൈനയിലേക്ക് ഓടിപോയി.
കർഷകരുടെ സംയുക്തവത്കൃത കാർഷിക ക്യാമ്പുകൾക്ക് ശേഷം സ്റ്റാലിൻ"സാമൂഹികവിരുദ്ധവിഭാഗം "എന്ന് നിർവചിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ശുദ്ദികാര്യത്തിലാണ് ശ്രദ്ദിച്ചത്. ബൂർഷ്വാസ്പെഷ്യലിസ്റ്റുകൾ, സഭയുടെ ഔദ്യോഹിക അംഗങ്ങൾ, സ്വതന്ത്രമായി തൊഴിൽ ചെയ്യുന്നവർ, വ്യവസായസംരംഭകർ, ഷോപ്പുടമകൾ, ശിൽപ്പികൾ തുടങ്ങിയവർ ഉൾക്കൊള്ളുന്നവറായിരുന്നു സ്റ്റാലിന്റെ 1930-ലെ മുതലാളിത്ത വിപ്ലവത്തിലെ ഇരകൾ.
1928 മുതൽ തന്നെ മാനേജർമാരെയും, എൻജിനീയര്മാരെയും അനേകം സർക്കാർ ജോലിക്കാരെയും, ഭരണരംഗത്തുള്ളവരെയും വിപ്ളവകാലത്തു നിയമിക്കപ്പെട്ട കാർഷിക, വാണിജ്യ രംഗങ്ങളിലെ കമ്മിസാർമാരെപോലും വലതുപക്ഷചിന്തകരും, അട്ടിമറിക്കാരും ബുർഷ്വാസികൾ എന്ന് മുദ്രകുത്തിയും കുറ്റപത്രം സമർപ്പിക്കുകയും പുറംതള്ളപ്പെടുകയും ചെയ്തു. 1930-ൽ അലക്സി റിക്കോവ് ഉൾപ്പെടെയുള്ള പാർട്ടിയിലെ വലതുപക്ഷത്തിനെതിരെ കർശന നടപടി സ്വീകരിക്കാൻ സ്റ്റാലിൻ തീരുമാനിച്ചു. കാർഷികരംഗത്തും വാണിജ്യമേഖലയിലും, ബാങ്കുകളിലും ഉണ്ടായിരുന്ന വലതുപക്ഷക്കാരായ കമ്മ്യൂണിസ്റ്റുകൾക്കെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചു. റിക്കോവ്, ബുക്കറിന്, സിർറ്റൊസോവ് തുടങ്ങിവരുടെ അനുയായികളോട് മാപ്പെഴുതി വാങ്ങി.
1928-31 കാലയളവിൽ 1,38.000 സിവിൽ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. ഇതിൽ 23000 പേരെ സോവിയേറ്റിന്റെ ശത്രുവായി പ്രഖ്യാപിച്ചു അവരുടെ പൗരാവകാശങ്ങൾ റദ്ദാക്കി.1930-31 ൽ 48% എഞ്ചിനിയർമാരെയും പിരിച്ചുവിട്ടു. അട്ടിമറി സൂത്രധാരന്മാർ എന്ന ലേബലിൽ 4500 പേരെ വധിച്ചു. ഇതോടെ ഫാക്ടറികളുടെ പ്രവർത്തനം താറുമാറായി. പാർട്ടിയിലെയും പുറത്തെയും വലതുപക്ഷക്കാർക്കെതിരെ വൻതോതിലുള്ള പ്രചരണം ആരംഭിക്കുകയും 70% പേരുടെ വോട്ടവകാശം റദ്ദാക്കി. ഫാക്ടറി തൊഴിലാളികളും കർഷകരും ഒളിച്ചോടുന്നത് തടയാൻ നഗരടിസ്ഥാനത്തിൽ പാസ്പോർട്ട്‌ നൽകി. ഒളിച്ചോടുന്ന കർഷകരെയും ഫാക്ടറി തൊഴിലാളികളെയും അഭയാർത്ഥി ക്യാമ്പുകളിലേക്കയച്ചു.
ഓർത്തഡോൿസ്‌ സഭയ്‌ക്കെതിരെയും സ്റ്റാലിന്റെ നടപടികൾ ഉണ്ടായി. 1925-ൽ യാരോസ്ലോവ്സ്കിയുടെ നേതൃത്വത്തിൽ "ലീഗ് ഓഫ് മിലിറ്റന്റ് ഗോഡ്‌ലെസ്സ് " സ്ഥാപിച്ചു. പക്ഷെ 13 കോടി ജനങ്ങളിൽ ഒരു കൊടിയും സഭാവിശ്വാസികളാണെന്നവർ കണ്ടെത്തി. ജനങ്ങൾക്ക് ശല്യമാകുന്നു എന്നാരോപിച്ചു പള്ളിമണികൾ എല്ലാം സർക്കാർ പിടിച്ചെടുത്തു. സഭാവിശ്വാസികളുടെമേൽ പ്രത്യേക നികുതി ഏർപ്പെടുത്തി. 1930-ൽ 6715 പള്ളികൾ അടച്ചുപൂട്ടുകയോ നശിപ്പിക്കപ്പെടുകയോ ഉണ്ടായി. ആർച് ബിഷപ് അലക്സിയയെ 1929-ൽ അറസ്റ്റ് ചെയ്തു. 1917-ലെ വിപ്ലവത്തിന് മുന്പുണ്ടായിരുന്നതിൽ 72%പള്ളികളും 68% മോസ്‌ക്കുകളും നശിപ്പിക്കപ്പെട്ടു.
1933-ലെ ഔദ്യോഗിക കണക്കനുസരിച്ചു പട്ടിണിമൂലം മരണമടഞ്ഞവർ 90,000 പേർ. രക്ഷപ്പെട്ടവർ 2,10,000.1933-ലെ സെൻസെസ് കണക്കുപ്രകാരം മരിച്ചത് 1,51,601പേർ. നാട് കടത്തപെട്ടതു 11,42,022പേർ. 1932-ൽ മരണനിരക്ക് പ്രതിമാസം 7% വും 1933-ൽ 13.3% വും. നാട് കടത്തലിനിടയിൽ ആഹാരമില്ലാതെയും രോഗികളായും വസ്ത്രമില്ലാതെ തണുത്തുമരവിച്ചും മൂന്നുലക്ഷം പേർ മരിച്ചുവെന്ന് കണക്കാക്കപ്പെടുന്നു. 1931-ൽ ഉറാൾപ്രദേശത്തു മാത്രം വർക്ക് കോളനികളിൽ മൂന്ന് ലക്ഷം പേരുണ്ടായിരുന്നു. ഗാർഡുകളുടെ മർദ്ദനമേറ്റും അരവയർ കൊണ്ടും ഇവർക്ക് പണിയെടുക്കേണ്ടിവന്നു. വെള്ളത്തിനും ആഹാരത്തിനും വേണ്ടി സ്ത്രീകളെ പ്രലോഭിച്ചു ഗാർഡുകൾ മുതലെടുത്തു. വൃദ്ധകളെ വെറുതെ മരിക്കാൻ വിട്ടു.




ഗുലാഗ് എന്ന തടവറ
ജനകീയ പീഡനത്തിനും എതിരാളികളെ അടിച്ചമർത്താനും വർക്ക് ക്യാമ്പുകൾ എന്ന ആശയം ലോകത്തിലാദ്യമായി നടപ്പിലാക്കിയത് ലെനിനാണ്. പിന്നീട് സ്റ്റാലിൻ അവ ക്രൂരമായ പീഡനകേന്ദ്രങ്ങളാക്കി മാറ്റുകയാണ് ഉണ്ടായത്. കമ്മ്യൂണിസ്റ്റുകളിൽ നിന്നാണ് ഈ ആശയം ഹിറ്റ്ലറുടെ തലയിൽ കയറിയതെന്ന് ചരിത്രം പറയുന്നു. അറസ്റ്റ് ചെയ്യപ്പെട്ടവരിൽ കൊല്ലപ്പെട്ടവരൊഴികെ ക്യാമ്പുകളിലേക്കയക്കപ്പെട്ടു. പ്രമുഖ പ്രതിപക്ഷചിന്തകരെയും ബുദ്ധിജീവികളെയും മനോരോഗികളെന്നു വിധിച്ചു മനോരോഗ ആസ്പത്രികളിലേക്ക് എത്തിക്കുകയായിരുന്നു ചെയ്തിരുന്നത്. കുറ്റകൃത്യങ്ങളുടെ സ്വഭാവം, പ്രായം, സെക്സ്, ദേശീയത, വിദ്യാഭ്യാസം തുടങ്ങിയവ കണക്കാക്കി പല ക്യാമ്പുകളിലേക്കാണ് അയച്ചിരുന്നത്.
ഗുലാഗുകളിൽ അടയ്ക്കപെട്ട തടവുകാരെക്കൊണ്ട് വിവിധതരം ജോലികൾ ചെയ്യിപ്പിച്ചു. റോഡ്,റെയിൽ,കനാൽ നിർമ്മാണം, സ്വർണ്ണംഖനികൾ , കൽക്കരിഖനികൾ കെമിക്കൽ സെന്ററുകൾ, കാർഷികപദ്ധതികൾ, തടിഡിപ്പോകൾ, ഹൈഡ്രോ ഇലക്ട്രിക് പ്രൊജെക്ടുകൾ,പെട്രോളിയം പ്രൊജെക്ടുകൾ തുടങ്ങി ഏകദേശം എല്ലാ നിർമ്മാണങ്ങളും പണികളും ഗുലാഗുകളെ കൊണ്ട് കൂലിയില്ലാതെ ചെയ്യിപ്പിച്ചു.തടവുകാരെ തരംതിരിച്ചു ഓരോ പ്രോജെക്ടിലും പണിയെടുപ്പിച്ചു. ഓരോന്നിലും ആയിരക്കണക്കിന് സോവിയറ്റ് പൗരന്മാർ അർദ്ധപട്ടിണിയിൽ ജോലി ചെയ്തു. കമ്മ്യൂണിസ്റ്റ്‌ ഗാർഡുകളുടെ നിയന്ത്രണത്തിൽ ജോലിക്ക് സമയമൊന്നും ഉണ്ടായിരുന്നില്ല, തളർന്നു വീഴും വരെ, അതായിരുന്നു മാനദണ്ഡം. പല പദ്ധതികൾക്കും വേഗം പോരെന്ന പരാതി സ്റ്റാലിനുണ്ടായി. പദ്ധതിയുടെ ആവശ്യാനുസരണം തടവുകാരുടെ എണ്ണം കൂട്ടുകയും തൊഴിലാളികളുടെ കാര്യക്ഷമത നിയന്ത്രിക്കാൻ 1937-ൽ ലവന്റി ബറിയ നിയോഗിക്കപ്പെട്ടു. ജോലി ചെയ്യുന്നവർക്ക് മാത്രമായി റേഷൻ നിയന്ത്രിച്ചു. ഭക്ഷണത്തിന്റെ കലോറി കുറക്കപ്പെട്ടു. 1939 ആയപ്പോഴേക്കും ജോലി ചെയ്യാൻ ആരോഗ്യമുള്ളവരുടെ എണ്ണം രണ്ടരലക്ഷമായി കുറഞ്ഞു. ഭീകരമായ ക്ഷാമകാലത്തു 60 ലക്ഷം പേർ പട്ടിണി കിടന്ന് ഗുലാഗുകളിൽ മരിച്ചു. 7,20,000 പേരെ കൊല ചെയ്തു. 1934-40 കാലത്ത് മൂന്ന് ലക്ഷം പേർ അപ്രത്യക്ഷരായി. മരണകരണമെന്തെന്ന് വെളിവാക്കപ്പെട്ടില്ല. 1930-40 കാലത്തിനിടയിൽ കാലപുരി പൂകിയവരുടെ എണ്ണം 4 ലക്ഷം എന്നാണ് ബാ റിയയുടെ കണക്കു. മൊത്തം 6 ലക്ഷം പേർ നാട് കടത്തലിനിടയിൽ മരണപ്പെട്ടുവത്രെ. 22,00,000 പേർ നിർബന്ധപൂർവ്വം അഞ്ജാതാ കേന്ദ്രങ്ങളിലേക്ക് മാറ്റപ്പെട്ടു. 1934-41-ൽ ഗുലാക്കുകളിലെ മൊത്തം അംഗസംഖ്യ 425 ക്യാമ്പുകളിൽ 70 ലക്ഷമായിരുന്നുവത്രേ. ഇതിൽ രണ്ട് ലക്ഷം പേരും കുറ്റവിചാരണകൂടതെ ക്യാമ്പിലടയ്ക്കപ്പെട്ടവരായിരുന്നു.
1990-ൽ പുറത്തവന്ന രേഖകൾ പ്രകാരം ഭരണം മുതൽ 1953വരെ (സ്റ്റാലിന്റെ മരണം വരെ )250 ലക്ഷത്തിലധികം പേരെ സ്റ്റാലിൻ ക്യാമ്പുകളിലേക്ക് എത്തിക്കുകയുണ്ടായി. സോവിയറ്റ് യൂണിയനിലുടനീളം നൂറോളം സ്ഥലങ്ങളിൽ ഒന്നിലധികം ക്യാമ്പുകൾ ഉണ്ടായിരുന്നു. ശൈത്യമേറിയ ഉത്തരമേഖലകളിലും സൈബീരിയയിലുമായിരുന്നു ക്യാമ്പുകൾ ഏറെയും. സ്റ്റാലിൻ മരിക്കുമ്പോൾ 150 ലക്ഷത്തിലധികം പേർ അത്തരം ക്യാമ്പുകളിൽ ഉണ്ടായിരുന്നു. "സ്റ്റാലിൻ ഇഷ്ടപെടാത്തവരെയെല്ലാം "ഭീകരതയ്ക്ക് വിധേയരാക്കി എന്നാണ് ചരിത്രകാരൻ റോയ് മെദ് വെ ദേവ് നിർവചിക്കുന്നത്. കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിലെ ഔദ്യോഗിക ഭാരവാഹികൾ ശാസ്ത്രജ്ഞർ,എഴുത്തുകാരും ബുദ്ദിജീവികളും ഉൾപ്പെടെയുള്ളവർ സ്റ്റാലിന്റെ വിരോധത്തിന് കാരണമായി തീർന്നു. ചുവപ്പ് സേനയിലെ ഓഫീസർമാരെപോലും വെറുതെ വിട്ടില്ല. ട്രോട്സ്കി പക്ഷക്കാരെന്ന് സംശയിച്ച 40,000 റെഡ് ആർമി ഓഫീസർമാർ വധിക്കപ്പെട്ടു.
കോൺസെൻട്രേഷൻ ക്യാമ്പുകളിലെ സ്വന്തം അനുഭവങ്ങളെക്കുറിച്ച് എഴുതിയ സാഹിത്യകാരൻ, ഗുലാഗുകളുടെ കഥാകാരൻ,നോബൽ പ്രൈസ് ജേതാവ് അലക്‌സാണ്ടർ സെൽഷെനിറ്റ്സിൻ "ഗുലാഗ് ആർച്ചിപെലഗോ "എന്ന കൃതിയിൽ 6 കോടി ജനങ്ങൾക്ക് ജീവാപായമുണ്ടായതായി പ്രസ്താവിക്കുന്നു. എന്നാൽ 7 കോടി ജനങ്ങളെ സ്റ്റാലിൻ ശുദ്ദികരിച്ചതായി ചരിത്രകാരന്മാർ അവകാശപ്പെടുന്നു. സ്റ്റാലിന്റെ ആഞ്ജാനുവർത്തികൾ വിളിക്കപെട്ടത് "മരണത്തിന്റെ പൈശാചികരായ ഉദ്യോഗസ്ഥർ എന്നാണ് ".ഹിറ്റ്ലറിന് ഗോറിങ് എന്നപോലെ സ്റ്റാലിന്റെ മരണ ഏജന്റ് നാസ്തികനും നിഷ്ടൂരനുമായ കഗാനോവിച് ആയിരുന്നു .


                                                                                                      (തുടരും)

No comments:

Post a Comment