Tuesday, June 25, 2019


അശോകം 



മനോഹരമായ പൂക്കളും ഔഷധഗുണങ്ങൾ കൊണ്ടും വളരെ പ്രധാനപ്പെട്ട ഒരു നിത്യഹരിത പൂമരമാണ് അശോകം. ശോകം അഥവാ ദുഃഖം ഇല്ലാതാക്കുന്ന മരം ആയത് കൊണ്ടാണ് അശോകം എന്ന പേര് കിട്ടിയതെന്ന് പറയപ്പെടുന്നു. ശോകനാശം, അപശോകം, വിശോകം എന്നിങ്ങനെയും അറിയപ്പെടുന്നു. ഡിസാൽപിനിയേസീ സസ്യകുടുംബത്തിൽപെട്ട അശോകം, സറാക്ക അശോക എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്നു.
ഇന്ത്യ, ശ്രീലങ്ക, ബർമ്മ എന്നിവിടങ്ങളിൽ സമുദ്രനിരപ്പിൽ നിന്നും 750 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ പൊതുവെ അശോകം കാണപ്പെടുന്നു. 6 മുതൽ 9 മീറ്റർ ഉയരത്തിൽ വളരുന്ന വൃക്ഷത്തിന്റെ ഇലകൾക്ക് 15-25 സെന്റിമീറ്റർ നീളമുണ്ടാകും. വസന്തകാലത്തു കൂടുതൽ പുഷ്പ്പിക്കുന്ന സുഗന്ധമുള്ള പൂക്കൾ 7-10 സെന്റിമീറ്റർ വരെ വിസ്‌തീർണമുള്ള കുലകളായി കാണുന്നു.
അശോകമരം നട്ടുവളർത്താൻ തുടങ്ങിയതിന് പിന്നിൽ ഇതിഹാസങ്ങളോളം പഴക്കമുണ്ടെന്ന് കാണാൻ കഴിയും. രാവണൻ തട്ടികൊണ്ടുപോയ സീതയെ ഹനുമാൻ അന്വേഷിച്ചു കണ്ടെത്തുന്നത്, ലങ്കയിലെ രാവണന്റെ പൂന്തോട്ടത്തിലെ അശോകമരചുവട്ടിൽ നിന്നുമാണെന്ന് രാമായണം പറയുന്നു. ഗൗതമ ബുദ്ധൻ ജനിച്ചതും, ജൈനമത സ്ഥാപകനായ വർദ്ധമാന മഹാവീരൻ നിർവാണം പ്രാപിച്ചതും അശോകമര ചുവട്ടിലാണെന്നു വിശ്വസിക്കപ്പെടുന്നു.സംസ്കൃതപാഠങ്ങളായ ദിവ്യവാദനയുടെ ഭാഗമായ അശോകവാദനയിൽ അശോകാവൃക്ഷത്തിനോട് തന്റെ പേരിലുള്ള സാമ്യം അശോക ചക്രവർത്തി ഇഷ്ടപെട്ടിരുന്നതായി പറയുന്നുണ്ട്.
സീത അശോകവനിയിൽ ദുഖിതയായി ഇരുന്നത് കൊണ്ട് വീടിനടുത്തു അശോകം പാടില്ല എന്ന ചിലരുടെ വാദം പൗരാണിക ശാസ്ത്രവിധികൾക്ക് നിരക്കുന്നതല്ല. മംഗല്യ ഭാഗ്യത്തിന് നടത്തുന്ന ബാണേശി പൂജയിൽ വിവാഹാർത്ഥിക്ക് മുന്നിൽ വെച്ച് അശോകപ്പൂവ് തൈരിൽ മുക്കി ബാണേശി മന്ത്രം ജപിച്ചു ഹോമിച്ചാൽ ഒരു വർഷത്തിനകം വിവാഹം നടക്കും എന്നൊരു വിശ്വാസം വെച്ച് പുലർത്തുന്നുണ്ട്.
അശോകത്തിന്റെ ഔഷധഗുണങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന ഏറ്റവും പ്രാചീനരേഖ ബി. സി പത്താം നൂറ്റാണ്ടിൽ രചിച്ചതെന്ന് വിശ്വസിക്കുന്ന ചരകസംഹിതയിലാണ്. പദ്മപുരാണത്തിലും മത്സ്യപുരാണത്തിലും ബ്രഹ്മാവൈവർത്ത പുരാണത്തിലും അശോകമരം സന്തോഷദായകമെന്ന് പരാമർശിച്ചു കാണുന്നു. പ്രേമ ദേവനായ മദനന്റെ വില്ലിലെ അഞ്ചു പുഷ്പങ്ങളിൽ ഒന്ന് അശോകപുഷ്പമാണ്. ശക്തി ആരാധനയിൽ ദുർഗ പൂജ നടത്തുന്നവർ ഒൻപത് തരം ഇലകൾ ഉപയോഗിക്കുന്നതിൽ ഒന്ന് അശോകമാണ്. പൂക്കൾ തടിയോട് ചേർന്നാണ് ഉണ്ടാകുന്നത്.
ആയുർവേദ ഔഷധ വരഗീകരണപ്രകാരം ശിംബികുലത്തിൽ ഉൾപ്പെട്ട ഔഷധ സസ്യമായാണ് അശോകത്തെ കണക്കാക്കുന്നത്. അശോകത്തിന്റെ ഇലയും പൂവും വേരും തൊലിയുമെല്ലാം നൂറു കണക്കിന് മരുന്നുകളിലെ ചേരുവകളാണ് ഇന്ത്യയിലെ കാടുകളിലാണ് കൂടുതലായും അശോകമരം കണ്ടുവരുന്നത്‌. ഇന്ത്യയിലെ ആയുർവേദ മരുന്ന് കമ്പനികൾക്ക് ഒരു വർഷം 2400 ടൺ അശോകമരത്തിന്റെ തൊലി വേണം. ഇന്ത്യയിലെ കാടുകളിൽ എല്ലാ അശോകമരങ്ങളിലെ തൊലികൾ ശേഖരിച്ചാലും ഒരു വർഷം നൂറു ടന്നിൽ കൂടുതൽ ലഭിക്കില്ല എന്നാണ് പറയുന്നത്. അലോപ്പതി ചികിത്സാ രംഗത്തും ചില ലായനികൾ ഉണ്ടാക്കുന്നതിനും അശോകത്തിന്റെ തൊലികളും പൂക്കളും ഉപയോഗിക്കുന്നുണ്ട്.
ഒരു പരിചരണവും വേണ്ടാത്ത അശോകം സ്വാഭാവിക ആവാസവ്യവസ്ഥയിൽ കേരളത്തിൽ എവിടെ നട്ടാലും വളരുന്നു. അശോകത്തിന്റെ നടീൽവസ്തു അതിന്റെ വിത്തുകൾ മുളപ്പിച്ചെടുക്കുന്ന തൈകളാണ്. ഫെബ്രുവരി -ഏപ്രിൽ മാസങ്ങളിലാണ് വിത്തുകൾ ശേഖരിക്കുന്നത്.
ഐ. യൂ. സി. എൻ (international union for conservation of Nature and natural Resourses ) പ്രകാരം അമിത ചൂഷണം മൂലം വംശനാശ സാധ്യതയുള്ള വൃക്ഷമായിട്ടാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
'കാളിദാസന്റെ മാളവികാഗ്നിമിത്രം' എന്ന നാടകത്തിൽ അഗ്നിമിത്രന്റെ കാമുകി മാളവിക ഇതേവരെ പുഷ്‌പിച്ചിട്ടില്ലാത്ത അശോകമരചുവട്ടിൽ നൃത്തം ചെയ്യുകയും, ചവുട്ടിയാൽ പുഷ്പ്പിക്കുമല്ലോ എന്നും പറയുന്നു.
" അശോകവല്ലഭക്വാഥശൃതം ദുഗ്ദ്ധം
സുശീതളം
യഥാബലം പിബേത് പ്രാതഃ
ത്രീവ്രാസൃക്ദരനാശനം - ചക്രദന്തം. "
"അശോക ശീതളസ്തിക്തോ ഗ്രാഹീ വർണ്ണ്യ
കഷായക
ദോഷാപചീ തൃഷാ ദാഹ കൃമിശോഷ
വിഷാസ്രജിത് -ഭാവപ്രകാശനിഘണ്ടു".
റഫറൻസ്
വിക്കി, മറ്റു സ്രോതസുകൾ.

No comments:

Post a Comment