തിരു-കൊച്ചി ലയന ഉടമ്പടിക്ക് ഇന്ന് 70 ആണ്ട്.
കേരളം രൂപീകൃതമാകുമ്പോൾ ഇന്ത്യയിലെ 14 സംസ്ഥാനങ്ങളിൽ ഏറ്റവും ചെറിയ സംസ്ഥാനമായിരുന്നു കേരളം. രൂപീകരണ സമയത്ത് അഞ്ചു ജില്ലകൾ മാത്രമാണ് കേരളത്തിലുണ്ടായിരുന്നത്.
1947-ൽ ബ്രിട്ടൻ ഇന്ത്യ വിട്ടുപോകുന്നത് സംബന്ധിച്ചു ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ നിയമത്തിൽ തിരുവിതാകൂർ പോലെയുള്ള നാട്ടുരാജ്യങ്ങൾക്ക് പ്രധാനമായും മൂന്ന് അവസരങ്ങൾ ഉണ്ടായിരുന്നു. ഇന്ത്യൻ യൂണിയനിൽ ചേരുക, പാകിസ്ഥാനിൽ ചേരുക അതുമല്ലെങ്കിൽ സ്വതന്ത്ര രാജ്യമായി നിൽക്കുക എന്നിങ്ങനെയായിരുന്നു. ജൂലൈ 28-ന് ചിത്തിര തിരുനാൾ മഹാരാജാവ് നടത്തിയ പ്രഖ്യാപനം തിരുവിതാകൂർ സ്വതന്ത്ര രാജ്യമായി നിൽക്കുന്നു എന്നതായിരുന്നു. ഓഗസ്റ്റ് 26-ന് തിരുവിതാംകൂർ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. എന്നാൽ ഇതിനെതിരെയും തിരുവിതാംകൂർ ദിവാനായിരുന്ന സർ സിപിക്കെതിരെയും സ്റ്റേറ്റ് കോൺഗ്രസിന്റെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും നേതൃത്വത്തിൽ നടന്ന പ്രക്ഷോഭത്തെ തുടർന്ന് ഇന്ത്യൻ യൂണിയനിൽ ലയിച്ചു.
തിരുവിതാകൂറിനും കൊച്ചിക്കും സ്വന്തം രാജമുദ്രകൾ ഉണ്ടായിരുന്നു. ഇല കൊണ്ട് തീർത്ത മാലയ്ക്ക് നടുവിൽ ശ്രീപദ്മനാഭന്റെ ശംഖും അവയെ തുമ്പിക്കൈ ഉയർത്തി ഇരുവശത്തുനിന്നും ആശീർവദിക്കുന്ന രണ്ട് ആനകളുമായിരുന്നു തിരുവിതാംകൂറിന്റെ രാജമുദ്ര. താഴെ ദേവനാഗരി ലിപിയിൽ ശ്രീ പദ്മനാഭ എഴുതിയിരിക്കുന്നു.
കൊച്ചിയിൽ ആദ്യമായി രാജമുദ്ര കൊണ്ടുവന്നത് ശക്തൻ തമ്പുരാൻ ആയിരുന്നു. പിന്നീടത് കൊച്ചിയുടെ ചിഹ്നമായി ബ്രിട്ടീഷുകാർ അംഗീകരിക്കുകയും ചെയ്തു. 1902-ൽ രാമവർമ മഹാരാജാവ് രാജമുദ്ര പരിഷ്കരിച്ചു. തുമ്പിക്കൈ ഉയർത്തിനിൽക്കുന്ന രണ്ട് ആനകളും മുകളിലായി കൊച്ചി രാജാവിന്റെ കിരീടവും ഉൾകൊള്ളുന്നതായിരുന്നു അത്.
തിരു -കൊച്ചി സംസ്ഥാനം രൂപം കൊണ്ടതോടെ തിരുവിതാംകൂറിൽ പ്രധാനമന്ത്രിയായിരുന്ന പറവൂർ ടി. കെ. നാരായണപിള്ള മുഖ്യമന്ത്രി ആയി. പുതിയ സംസ്ഥാനത്തിന് പ്രത്യേക ചിഹ്നം ആവശ്യമായി വന്നു.
അങ്ങനെ നടുവിൽ അശോകചക്രവും മുകളിൽ ശംഖും അവയെ ഇരുവശത്തു നിന്നും തുമ്പിക്കൈ ഉയർത്തി ആശീർവദിക്കുന്ന രണ്ട് ആനകളും താഴെ തിരുവിതാകൂർ കൊച്ചി എന്നെഴുതിയ കമാനവുമായി പുതിയ സർക്കാർ മുദ്ര നിലവിൽ വന്നു. 1956 വരെ സംസ്ഥാന ചിഹ്നമായി നില നിൽക്കുകയും ചെയ്തു.
തിരുവിതാംകൂറിലെ ചില മന്ത്രിമാരെ ഒഴിവാക്കിയും കൊച്ചിയിൽ നിന്നുള്ള മന്ത്രിമാരെ ഉൾപ്പെടുത്തി മന്ത്രിസഭ പുനഃസംഘടിപ്പിക്കപ്പെട്ടു. പറവൂർ ടി. കെയുടെ രാജിയെത്തുടർന്ന് സി. കേശവൻ മുഖ്യമന്ത്രിയായി ചുമതലയേറ്റു.
രാജ്യത്തെ ആദ്യ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി 1951-ൽ മണ്ഡലങ്ങളുടെ അതിർത്തി പുനർനിർണ്ണയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ തിരു -കൊച്ചി നിയമസഭയിലേക്ക് 1951 ഡിസംബർ 1952 ജനവരി മാസങ്ങളിൽ പ്രഥമ തെരഞ്ഞെടുപ്പ് നടന്നു. ആർക്കും ഭൂരിപക്ഷം കിട്ടാത്ത അവസരത്തിൽ തമിഴ്‌നാട് കോൺഗ്രസിന്റെയും ചില സ്വതന്ത്രരുടെയും പിന്തുണയോടെ കോൺഗ്രസിലെ എ. ജെ മുഖ്യമന്ത്രിയായി ചുമതലയേറ്റു. പിന്നീട് പട്ടംതാണുപിള്ള, പനമ്പിള്ളി ഗോവിന്ദമേനോൻ എന്നിവരും മുഖ്യമന്ത്രിയായി. 1956 മാർച്ചിൽ പനമ്പിള്ളി രാജിവെച്ചതോടെ തിരു-കൊച്ചി രാഷ്‌ട്രപതി ഭരണത്തിലായി. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനം രൂപംകൊണ്ട ശേഷം 1957 ഫെബ്രുവരി 28- ന് ഒന്നാം കേരള നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുകയും 1957 മാർച്ച് 16- ന് ഇ. എം ശങ്കരൻ നമ്പുതിരിപ്പാട് മുഖ്യമന്ത്രിയായുള്ള ഒന്നാം നിയമസഭ ഔദ്യോഗികമായി നിലവിൽ വരികയും ചെയ്തു.



No comments:
Post a Comment