ചില ചിത്രങ്ങൾ പറയാതെ പറയുന്നത്.
2015 സെപ്റ്റംബർ 2- ന് മാധ്യമങ്ങളിൽ വന്ന ഒരു വാർത്തയും ചിത്രവും ലോകത്തെ മുഴുവൻ വേദനിപ്പിച്ചു. കടലിലേക്ക് ആരോ അലക്ഷ്യമായി വലിച്ചെറിഞ്ഞ പാവക്കുട്ടി കടൽ തിരമാലകളിൽ പെട്ട് തീരത്തണഞ്ഞത് പോലെ, തുർക്കിയിലെ ബ്രോഡാം തീരത്ത് പഞ്ചാരമണലിനെ ആലിംഗനം ചെയ്തു കിടക്കുന്ന ഒരു മൂന്ന് വയസുകാരന്റെ ചേതനയറ്റ ശരീരം. നിലുഫർ ഡെമിർ എന്നയാളുടെ ക്യാമറ കണ്ണിൽ പതിഞ്ഞ ആ ചിത്രം ലോകത്തെ മുഴുവൻ കണ്ണീരണിയിച്ചു. അത് മറ്റാരുമായിരുന്നില്ല, മധ്യപൂർവ ഏഷ്യയിലെ ഇന്നും അവസാനിക്കാത്ത കലാപങ്ങളുടെ നോവിക്കുന്ന ഓർമ്മയും പ്രതീകവുമായി മാറിയ ഐലാൻ കുർദിയെന്ന കുരുന്നു ബാലന്റെതായിരുന്നു.
ചരിത്രം ആവർത്തിക്കുകയാണ്, അല്ലെങ്കിൽ നമ്മെ ഓർമിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഐലാൻ കുർദിക്ക് ഒരു പിൻഗാമിയുണ്ടായിരിക്കുന്നു. വലേറിയ ! ലാറ്റിൻ അമേരിക്കൻ രാജ്യമായ എൽസാൽവദോറിൽ നിന്ന് ഒരുപാട് സ്വപ്നങ്ങളുമായി അമേരിക്കയിലേക്ക് കുടിയേറാൻ തീരുമാനിച്ച കുടുംബത്തിലെ ഒരു കൊച്ചു പെൺകുട്ടി. അവിടേക്ക് കുടിയേറാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് ഓസ്കർ ആൽബർട്ടോ മാർട്ടിനെസ് എന്ന റെമീരസും കുടുംബവും ഞായറാഴ്ച നീന്തിത്തുടങ്ങിയത്. അവർ ആഗ്രഹിച്ചത് പോലെ തന്നെ യാതനയും കഷ്ടപ്പാടും ദുരിതവുമില്ലാത്ത മറ്റൊരു പുതിയൊരു ലോകത്തേക്കാണ് അവർ എത്തിപ്പെട്ടത്. ഒരിക്കലും തിരിച്ചു വരാത്ത ലോകത്തിലേക്കെന്ന് മാത്രം. ആ യാത്രയിൽ അമേരിക്കൻ മെക്സിക്കൻ
അതിർത്തിയിലെ റിയോ ഗ്രാൻഡെ തീരത്തെ മണ്ണിലേക്ക് അവർ അലിഞ്ഞു ചേർന്നു.
അതിർത്തിയിലെ റിയോ ഗ്രാൻഡെ തീരത്തെ മണ്ണിലേക്ക് അവർ അലിഞ്ഞു ചേർന്നു.
അമേരിക്കൻ-മെക്സിക്കോ അതിർത്തിയിലെ നദി തീരത്ത് തിങ്കളാഴ്ച മുങ്ങിമരിച്ച നിലയിൽ കാണപ്പെട്ട റമീറസിന്റെയും രണ്ട് വയസുകാരി വലേറിയയുടെയും ചിത്രമാണ് ഇപ്പോൾ ലോകത്തെ നൊമ്പരപെടുത്തുകയും അസ്വസ്ഥതമാക്കുകയും ചെയ്യുന്നത്. കമിഴ്ന്ന് കിടക്കുന്ന രീതിയിലായിലായിരുന്നു മൃതദേഹങ്ങൾ. മരണത്തിന്റെ ആഴങ്ങളിലേക്ക് ആണ്ടു പോകുമ്പോഴും ആ പിതാവിന്റെ കൈകൾ തന്റെ പിഞ്ചോമനയെ ചേർത്തു പിടിച്ചിരുന്നു. അച്ഛന്റെ നെഞ്ചോടു ചേർന്ന് ടീ ഷർട്ടിനുള്ളിലായിരുന്നു ആ കുഞ്ഞുപൈതൽ, അത്രത്തോളം സുരക്ഷിതത്വം മറ്റെവിടെ കിട്ടാനാണെന്ന് അവൾ കരുതിയിരിക്കാം. കൈവിടാത്ത സ്നേഹത്തിന് പക്ഷേ മറുകര എത്താനായില്ല എന്ന് മാത്രം.
മാധ്യമ പ്രവർത്തകയായ ജൂലിയ ലെ ദുക് തൻറെ ക്യാമറയിൽ പകർത്തിയ നൊമ്പരപ്പെടുത്തുന്ന ആ ചിത്രം മെക്സിക്കൻ ദിനപത്രമായ ലാ ജോർണാഡ ആണ് ആദ്യമായി പ്രസിദ്ധികരിച്ചത്. അതോടെ 'അമേരിക്കയുടെ ഐലാൻ കുർദി'യെന്ന വിശേഷണത്തോടെ ലോകം ഏറ്റെടുത്തു. 2015-ൽ അന്താരാഷ്ട്രതലത്തിൽ ചർച്ചയായ ഐലാൻ കുർദിയുടെതിന് സമാനമാണ് ഈ അച്ഛന്റെയും മകളുടെയും ചിത്രം. നിലനില്പിനായി പിറന്ന മണ്ണുപേഷിച്ച് പലായനം ചെയ്യേണ്ടി വന്നവർ. തൊട്ടുമുന്നിൽ മരണമുണ്ടെന്ന് അറിയാമായിരുന്നിട്ടും പ്രതീക്ഷയുടെ ഭാരവും പേറി യാത്രയാവുന്നവർ. ആ പ്രതീക്ഷയ്ക്ക് മുകളിലാണ് ഒരു രാജ്യം മറ്റൊരു രാജ്യത്തു നിന്നുള്ളവരെ കയറ്റാതിരിക്കാൻ വിദ്വേഷത്തിന്റെ മതിലുകൾ പണിയുന്നത്. ഈ മതിലുകൾ ഭേദിക്കാനാവാതെ പാതിവഴിയിൽ ജീവിതം തീരുന്നവരുടെ നിരയിലേക്ക് ഒരച്ഛന്റെയും മകളുടെയും ചിത്രം ഒരുപാട് കാലം നമ്മെ വേട്ടയാടും.
വർത്തമാനകാല ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് അഭയാർത്ഥി പ്രശ്നം. യുദ്ധവും, കലാപങ്ങളും, ഭീകരതയും ബലിയാടുകളാക്കി മാറ്റിയ കോടിക്കണക്കിന് മനുഷ്യർക്ക്, ഒരിക്കൽ തിരിച്ചു വരാൻ വേണ്ടി പിറന്ന മണ്ണും ഉറ്റവരെയും നഷ്ടപെടുത്തിയുള്ള പലായനങ്ങങ്ങളുടെ ദുരന്തകഥകൾ തുടർക്കഥയാവുകയാണ്. രണ്ടാം ലോക യുദ്ധാനന്തരം എട്ടരലക്ഷം പേരായിരുന്നു വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ അഭയം തേടിയത്. ഒരു യുദ്ധം വിളിപ്പാടകലെ ഇല്ലാതിരുന്നിട്ടും ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള അഭയാർത്ഥികളുടെ സംഖ്യ അതിലും എത്രയോ അധികമാണ്.
ഏകദേശം 45 ദശലക്ഷം അഭയാർത്ഥികൾ ഭൂലോകത്തങ്ങോളമിങ്ങോളം ചിതറി കിടക്കുന്നു. ഇതിൽ ഏറ്റവും ദുരിതം അനുഭവിക്കേണ്ടി വരുന്ന സ്ത്രീകളുടെയും കുട്ടികളുടെയും സംഖ്യ 80 ശതമാനത്തോളം വരും. 1.6 ദശലക്ഷത്തിലധികം പേരാണ് സിറിയൻ ആഭ്യന്തര യുദ്ധാനന്തരം അയൽ രാജ്യങ്ങളിലേക്ക് കുടിയേറിയത്. അങ്ങനെ സിറിയയിലെ കൊബാനിയിൽ നിന്ന് ഗ്രീസിലേക്ക് കുടിയേറിയേറാൻ പുറപെട്ടതാണ് ഐലാൻ കുർദിയും കുടുംബവും. കാടും മലയും കടലും കടന്ന് യൂറോപിലെത്താനുള്ള
തത്രപ്പാടിലാണ് ഐലാന് ജീവൻ നഷ്ടപ്പെട്ടത്. അന്ന് അവനോടപ്പം അഞ്ചു വയസുള്ള സഹോദരൻ ഗാലിബും മുപ്പത്തഞ്ചു വയസുള്ള മാതാവ് റിഹാനും മരണപ്പെട്ടു.
വിയത്‌നാം യുദ്ധത്തിന്റെ ഭീകരതയാകെ ആവാഹിച്ച ഒരു ചിത്രമുണ്ട് നമ്മുടെ മനസ്സിൽ. നാപാം ബോംബാക്രമണത്തിൽ നിന്നും രക്ഷപെടാൻ നിലവിളിച്ച് പൊട്ടിക്കരഞ്ഞുകൊണ്ട് ഓടിയകലുന്ന കിം ഫുക് എന്ന ഒൻപത് വയസുകാരിയുടേത്. അന്ന് ആ ചിത്രം ഒരുപാട് കാര്യങ്ങൾ നിശബ്ദമായ് ലോകത്തോട് വിളിച്ചു പറയുകയുണ്ടായി. ആ വാഗ്മയ ചിത്രമായിരുന്നു ഒരുപക്ഷെ വിയത്‌നാം യുദ്ധം അവസാനിക്കാൻ കാരണമായി തീർന്നത്. ഐലാൻ കുർദിയും, വലേറിയയും ഇന്ന് നൊമ്പരവും ഒരു ഓർമ്മപ്പെടുത്തലുമാണ്. അത് കൊണ്ട് തന്നെ അവരുടെ കരളലിയിപ്പിക്കുന്ന ചിത്രങ്ങൾ ഒരു പ്രതീകം മാത്രമാണ്. അഭയാർത്ഥി പലായനത്തിന്റെ, കരപറ്റാതെ അവസാനിക്കുന്ന ദുരിതജീവിതങ്ങളുടെ ഒരിക്കലും അവസാനിക്കാത്ത പ്രതീകം.




No comments:
Post a Comment