Friday, June 28, 2019


ഈജിപ്തിലെ മാർജ്ജാരൻ (ബാസ്തേത് ) 



പുരാതന ഈജിപ്തിന്റെ തലസ്ഥാനമായ മെംഫിസിലെ ശവക്കല്ലറകളിലൊന്നായ സക്കാറയിൽ 2018-ൽ നടത്തിയ ഉദ്ഖനനത്തിന്റെ ഭാഗമായി നിരവധി അപൂർവ വസ്തുക്കൾ ലഭിക്കുകയുണ്ടായി. ആദ്യരാജവംശ കാലഘട്ടത്തിലെ (old kingdom ) അഞ്ചാം രാജവംശത്തിൽ ഈജിപ്ത് ഭരിച്ച ഉസർകാഫ് ഫറവോയുടെ (BCE 2392- 2282) പിരമിഡ് കോംപ്ലക്സിൽ നിന്നാണ് ഇവ ലഭിച്ചത്. കണ്ടെത്തിയ ഏഴ് സ്മാരകങ്ങളിൽ മൂന്നെണ്ണം പൂച്ചകളുടേതായിരുന്നു. അവയിൽ നിന്നും ലഭിച്ചതാകട്ടെ ഡസൻ കണക്കിന് പൂച്ചമമ്മികളും നൂറോളം സ്വർണം പൂശിയതും വെങ്കലം കൊണ്ടും മരത്തടികൾ കൊണ്ടും നിർമ്മിച്ച പൂച്ച രൂപങ്ങളായിരുന്നു. കൂടാതെ സിംഹം, പശു, പരുന്ത്, മൂർഖൻ പാമ്പ്, മുതല, എന്നിവയുടെയും പ്രതിമകളും മമ്മികളും കണ്ടെടുക്കുകയുണ്ടായി.

പ്രാചീന ഈജിപ്തുകാർ പ്രകൃതി ശക്തികളെയും വിവിധ ജീവിവർഗ്ഗങ്ങളെയും ദൈവമായി ആരാധിച്ചവരായിരുന്നു. ഹീലിയോപോളിസിലെ സൂര്യക്ഷേത്രം ജനപ്രീതി ആർജിച്ചതോടെയാണ് പ്രാചീന ഈജിപ്തിൽ സൂര്യാരാധന വ്യാപകമായത്. രണ്ടാം രാജവംശകാലം (...? -2584 BCE ) മുതൽ ശക്തിയാർജ്ജിച്ച ഈ മതവിശ്വാസം നാലാം രാജവംശത്തിന്റെ ( 2520-2392 BCE ) കാലത്തോടെ ഉച്ചസ്ഥായിയിൽ എത്തി എന്ന് പറയാം. ഏതാണ്ട് ഇതേ കാലയളവിൽ തന്നെയാണ് സൂര്യ ദേവന്റെ വിവിധ ഭാവങ്ങൾ ദൈവ സമാനമായി മാറിയത്. അതിൽ ഏറ്റവും പ്രധാപ്പെട്ട ദൈവിക ഭാവങ്ങളിൽ ഒന്നായ 'ര ' ഭഗവാനെ പകൽ സൂര്യനായാണ് സങ്കല്പിച്ചിരിക്കുന്നത്.

ആദ്യകാലത്ത് 'ര ' (റ ) യുടെ ശക്തിമൂർത്തികളായി (സംരക്ഷകരായി ) കരുതപ്പെട്ടിരുന്ന വാദ്യത് (മൂർഖൻ ), സെഖ്മത് (പെൺ സിംഹം) ഹാതോർ (പശു ), നൂത് (ആകാശദേവത ) ബാസ്ത്, മെൻഹിത് (രണ ദേവത ) എന്നീ സൗരദേവതകൾ എല്ലാം സ്ത്രൈണ സങ്കല്പത്തിൽ മാത്രം ഒതുങ്ങി നിന്നവരായിരുന്നു. ഈജിപ്ഷ്യൻ ഡെൽറ്റയിലെ സഗാസിഗ് നഗരത്തിനടുത്തുള്ള ബാസ്റ്റ എന്ന സ്ഥലം പ്രാചീനകാലത്ത് സൗരദേവതയായ ബാസ്‌തെതിന്റെ പേരിലറിയപ്പെട്ട ഒരു ആരാധന കേന്ദ്രമായിരുന്നു. മമ്മികരണത്തിന് ശേഷം ശരീരത്തിലെ ആന്തരികാവയവങ്ങൾ സൂക്ഷിച്ചിരുന്ന വലിയ ഭരണികൾക്ക് മേൽ ബാസ്‌തെത് ദേവിയുടെ ചിത്രമോ ശില്പമോ ചേർക്കുമായിരുന്നു അക്കാലത്ത്. ആദ്യകാലത്ത് ബാസ്തെതിനും സെഖ്മതിനെ പോലെ സിംഹിയുടെ മുഖമായിരുന്നു. പിന്നീട് ദേവി ഗൗരവം കുറഞ്ഞ മാർജാരരൂപത്തിലേക്ക് ഒതുങ്ങുകയാണ് ഉണ്ടായത്. കീഴെ ഈജിപ്തിന്റെ സംരക്ഷക എന്ന നിലയ്ക്ക് ഫറവോയുടെ പരിപാലകയായും കരുതിയിരുന്നു. 'ര 'യുടെ ശത്രുവായ അപ്പേപ് എന്ന ദുർനാഗവുമായി പോരാടുന്ന രൂപത്തിലും ചിത്രീകരിക്കരിച്ചിരിക്കുന്നു. വിളകളെ സംരക്ഷിക്കുകയും ദുർഭൂതങ്ങളിൽ നിന്നും സാംക്രമിക രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്ന ദേവതയായും ബാസ്തേതിനെ കരുതിയിരുന്നു.

ഈജിപ്തിലെ ജനപ്രീതിയാർജ്ജിച്ച ദേവതകളിലൊന്നായിരുന്നു ബാസ്തേത്. ബാസ്ത് (baast ), ഉബാസ്തേ (ubaste ) എന്നീ പേരുകളിലും അറിയപ്പെടുന്നു. സുന്ദരിയായ ദേവിക്ക്, മുകളിൽ സൂചിപ്പിച്ച പോലെ പൂച്ചയുടെ മുഖമായിരുന്നു. ഗൃഹം, സ്നേഹം, പ്രത്യുല്പാദനം, നൃത്തം, സ്ത്രീകൾ, രഹസ്യങ്ങൾ ഇവയുടെയെല്ലാം ദേവിയായിരുന്നു. സ്നേഹവും അനുകമ്പയും നിറഞ്ഞതായിരുന്നു ബാസ്തേതിന്റെ ഹൃദയം. അതെ സമയം പ്രകോപിച്ചാൽ സംഹാരരുദ്രയായി മാറുകയും ചെയ്യും. അപ്പോഴാണ് തന്റെ മറുഭാവമായ സിംഹരൂപിയായി മാറുന്നത്. വേണമെങ്കിൽ ഹൈന്ദവപുരാണങ്ങളിലെ ദേവിയും ഭദ്രകാളി യുമായുള്ള സാമ്യം എടുത്തു പറയാവുന്നതാണ്. ബാസ്തേതിന്റെയും സെഖ്മെതിന്റെയും പുണ്യമൃഗമായിരുന്നു പൂച്ചകൾ. ഒരു പോലെ കനിഞ്ഞരുളാനും കോപത്താൽ ധൂളിയായി പറത്താനും ഒരു നിമിഷം മതി മാർജാരനിൽ പ്രതീകാത്മകമായി വെളിപ്പെടുന്ന ദേവിയുടെ അപരിമേയമായ ശക്തിക്ക്. അത് കൊണ്ട് തന്നെയായിരിക്കണം ഈ മൃഗങ്ങളെ ഭയഭക്ത്യാദരങ്ങളോടെ ഈജിപ്തുകാർ ബഹുമാനിച്ചിടാനും ആരാധിച്ചിരിക്കാനും കാരണം.
മാർജാരഹത്യയോളം നിന്ദ്യമായ മറ്റൊരു ദുഷ്കൃത്യം ഈജിപ്തുകാർക്ക് ഉണ്ടായിരുന്നതായി പറയാൻ കഴിയില്ല. തന്റെ ഗൃഹത്തിന് തീ പിടിച്ചാൽ ഈജിപ്തിലെ വീട്ടുകാർ ആദ്യം ശ്രമിക്കുക പൂച്ചകളെ രക്ഷിക്കാനായിരിക്കുമെന്ന് ചരിത്രകാരൻ ഹെറോഡോട്ടസ് രേഖപെടുത്തിയിട്ടുണ്ട്. സ്വന്തം വീട്ടിലെ മാർജാരന് സ്വാഭാവിക മരണം സംഭവിച്ചാൽ ആ വീട്ടുകാർ എല്ലാവരും പുരികം വടിച്ചു,, ദിവസങ്ങളോളം ദുഃഖാചരണത്തിലായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു. പൂച്ചകൾക്ക് ഭയഭക്തി ബഹുമാനങ്ങൾ നൽകിയിരുന്നു എന്ന് പറയുമ്പോൾ തന്നെ ആചാരപരമായും വിശ്വാസ സംരക്ഷണത്തിന് വേണ്ടി വ്യാപകമായി ഇവയെ മമ്മിഫിക്കേഷന് വിധേയമാക്കിയതായും കാണാൻ കഴിയും.
ഈജിപ്തിലെ അഞ്ചാം രാജവംശകാലത്ത് ക്ഷേത്രങ്ങൾക്ക് അനുവദിച്ചിരുന്ന സാമ്പത്തിക സഹായം ഒരു ഘട്ടത്തിൽ അധികാരികൾ പിൻവലിച്ചതായി പറയപ്പെടുന്നു. ആ പ്രതിസന്ധി മറികടക്കാൻ കണ്ടെത്തിയ വഴികളിലൊന്നാണ് മൃഗങ്ങളുടെ മമ്മിഫിക്കേഷനിലേക്ക് നയിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.
ക്ഷേത്രങ്ങളിലേക്ക് വരുന്നവരോട് വിവിധ ദൈവങ്ങളുടെ പ്രതിരൂപങ്ങൾ കൊണ്ട് വരാൻ ക്ഷേത്രം അധികൃതർ ആവശ്യപ്പെട്ടു. പ്രതിരൂപങ്ങൾ സ്വന്തമായി നിർമ്മിക്കാൻ അറിയില്ലെങ്കിൽ അവ ക്ഷേത്രത്തിൽ നിന്നും നൽകപ്പെട്ടു. ദൈവത്തിനുള്ള സന്ദേശം ആ വിഗ്രഹങ്ങളിലേക്ക് പുരോഹിതർ ആവാഹിച്ച് ക്ഷേത്രങ്ങളിൽ സൂക്ഷിക്കുകയും അവിടെ നിന്ന് സന്ദേശം ദൈവങ്ങളിലേക്ക് എത്തുന്നതായും അക്കാലത്ത് വിശ്വസിച്ചിരുന്നു. ഇത്തരം പലതരം ദൈവങ്ങളുടെ പ്രതിരൂപങ്ങൾ ക്ഷേത്രത്തിന് വരുമാനം നൽകി. അവിടെ സൂക്ഷിച്ചു വെച്ച പ്രതിമകൾ എത്രവേണമെങ്കിലും പുനരുപയോഗിക്കാനും അതുവഴി സാധിച്ചു.
ബാസ്തേത് എന്ന പൂച്ചദൈവത്തെ വിശ്വാസികൾ മമ്മികളാക്കി വ്യാപകമായി ക്ഷേത്രങ്ങളിലേക്ക് എത്തിച്ചു തുടങ്ങി. പൂച്ചകളുടെ കച്ചവട സാധ്യത മനസിലാക്കിയതോടെ പലരും അതിനെ പിടികൂടി ശ്വാസം മുട്ടിച്ച് കൊന്നാണ് വിറ്റിരുന്നത്. ഈജിപ്തിൽ നിന്ന് ലഭിച്ച പൂച്ചമമ്മികളിലേറെയും ശ്വാസം മുട്ടിച്ചു കൊന്ന നിലയിലായിരുന്നെന്ന് കയ്‌റോയിലെ അമേരിക്കൻ യൂണിവേഴ്‌സിറ്റി ഈജിപ്റ്റോളജിസ്റ്റായ പ്രൊഫസർ സലിമ ഇക്റാം പറയുന്നു. എന്നാൽ കച്ചവടക്കാരല്ല ഇത്തരത്തിൽ പൂച്ചകളെ കൊന്നതെന്നും പ്രത്യേക പ്രാർത്ഥനകളോടെ ഇത് നടത്താൻ പുരോഹിതന്മാർ ഉണ്ടായിരുന്നു. ഇതിന് വേണ്ടി മാത്രം പൂച്ചകളെ ക്ഷേത്രത്തിൽ വളർത്തിയിരുന്നു.
പൂച്ചകളെ ദേവതകളായി ആരാധിച്ച പുരാതന ക്ഷേത്രത്തിന്റെ അവശിഷ്ടം ഈജിപ്തിലെ അലക്‌സാൻഡ്രിയയിലെ കോം എൽ ദഖാ എന്ന പ്രദേശത്തു നിന്ന് ലഭിക്കുകയുണ്ടായി. ഈജിപ്ഷ്യൻ സംസ്കാരത്തിന്റെ ഭാഗമായ ഗ്രീക്ക് രാജവംശത്തിൽ ഉൾപ്പെട്ട ടോളമി രാജവംശത്തെ കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ക്ഷേത്രാവശിഷ്ടങ്ങളും പൂച്ചകളുടേതിന് സമാനമായ വിഗ്രഹവും ലഭിച്ചത്. കണ്ടെടുക്കപ്പെട്ട പൂച്ചക്ഷേത്രത്തിന് 200 അടി ഉയരവും 50 അടി വിസ്താരവും ഉണ്ടായിരുന്നു.
ബിസി മൂന്നാം നൂറ്റാണ്ടിൽ ഈജിപ്ത് ഭരിച്ച ടോളമി മൂന്നാമന്റെയും (യൂർഗെറ്റസ് ഒന്നാമൻ - 33-ആം രാജവംശം ) റാണിയായിരുന്ന ബെറണിക്കയുടെയും കാലഘട്ടത്തിലുള്ളതാണ് ക്ഷേത്രാവശിഷ്ടമെന്ന്കരുതുന്നു. മഹാനായ അലക്‌സാണ്ടർ ചക്രവർത്തി ഈജിപ്ത് കീഴടക്കുകയും അലക്‌സാൻഡ്രിയ നഗരം രൂപീകരിച്ചതിന് ശേഷം ഏകദേശം 300 വർഷകാലത്തോളം ടോളമി രാജവംശമായിരുന്നു ഈജിപ്ത് ഭരിച്ചിരുന്നത്.
BCE 664 മുതൽ 332 വരെയുള്ള കാലഘട്ടത്തിൽ ഈജിപ്തിൽ ദശലക്ഷ കണക്കിന് പൂച്ചകളെ മമ്മിഫിക്കേഷന് വിധേയമാക്കിയതായി പറയപ്പെടുന്നു. എന്നാൽ 1890-കളിൽ ബ്രിട്ടീഷ് പരിവേഷകർ ഈജിപ്തിലേക്ക് കടന്നതോടെ ഈ അമൂല്യ വസ്തുക്കൾക്ക് സംഭവിച്ചത് വൻ നാശമാണ്. ലക്ഷകണക്കിന് പൂച്ചമമ്മികളെ വളം നിർമ്മിക്കാനുള്ള അസംസ്കൃത വസ്തുവായി ബ്രിട്ടനിലേക്ക് കപ്പൽ കയറ്റി അയക്കുകയുണ്ടായി. ഒരു കപ്പലിൽ 1.8 ലക്ഷം പൂച്ചമമ്മികളെ കയറ്റി അയച്ചിരുന്നതായി പറയുന്ന രേഖകൾ ലഭിച്ചിരുന്നു.
പ്രാചീന ഈജിപ്ത്തുകാർ മെരുക്കിയെടുത്ത പ്രധാനപ്പെട്ട പൂച്ചവർഗ്ഗമാണ് അബ്സീനിയൻ പൂച്ച. നല്ല ബുദ്ധിശക്തിയും ഇണക്കവുമുള്ളവയാണ് അബ്സീനിയൻ പൂച്ചകൾ. ഇന്നത്തെ വളർത്തു പൂച്ചകളിൽ ഏറെയും ഇവയുടെ പിന്തുടർച്ചക്കാരാണ്.




No comments:

Post a Comment