Friday, June 28, 2019


ഈജിപ്തിലെ അലബാസ്റ്റർ ശില്പങ്ങൾ. 


നിങ്ങൾ സഞ്ചാരം ഇഷ്ടപ്പെടുന്നവരാണോ? എങ്കിൽ തീർച്ചയായും ഈജിപ്ത് സന്ദർശിച്ചിരിക്കണം. ഭൂതകാലവും വർത്തമാനകാലവും സമഞ്ജസമായി സമ്മേളിക്കുന്ന അപൂർവ നിമിഷങ്ങൾ കൺകുളിർക്കെ കണ്ട് മടങ്ങുമ്പോൾ, തങ്ങളുടെ സുന്ദരമായ ഓർമ്മകൾ എന്നെന്നും കാത്തുസൂക്ഷിക്കുന്നതിനു വേണ്ടി ഈജിപ്ഷ്യൻ കലാവസ്തുക്കൾ വാങ്ങുകയും വേണം. ഈജിപ്തിലെ തെരുവോരങ്ങളിൽ അങ്ങിങ്ങായി കരകൗശല വസ്തുക്കൾ വിൽക്കപ്പെടുന്ന ശാലകൾ കാണാൻ കഴിയും. പൗരാണിക കലാവിഭവസമ്പത്തിന്റെ ഉദാത്തവും നിസ്തുലവുമായ കരകൗശലതയുടെ പാരമ്പര്യം നിങ്ങൾക്ക് അവിടെ ദർശിക്കാം. ഫറവോമാർ, പിരമിഡുകൾ, ഭരണികൾ, ദേവിരൂപങ്ങൾ എന്നിങ്ങനെ നിരവധി ശില്പമാതൃകകൾ പലതരം കല്ലുകളിൽ നിർമ്മിച്ച് തേച്ചുമിനുക്കി പല തട്ടുകളിലായി ഭംഗിയായി അടുക്കിവെച്ചിരിക്കുന്നു. അവയിൽ അലബാസ്റ്റർ ശില്പങ്ങൾ ആരെയും ആകർഷിക്കപ്പെടുന്നതാണ്.





അലബാസ്റ്റർ എന്നാൽ പുരാതനകാലം മുതലേ ശില്പങ്ങളുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന ഒരു ശിലയാണ്. ജിപ്സം അല്ലെങ്കിൽ കാൽസൈറ്റ് (calcite ) എന്നീ ധാതുക്കലാണ് പൊതുവെ അലബാസ്റ്റർ എന്ന പേരിൽ അറിയപ്പെടുന്നത്. ഈ ധാതു ലോകപ്രസിദ്ധമായത് ഈജിപ്തിലെ അലബാസ്റ്റോൺ എന്ന് ഗ്രീക്കുകാർ നാമകരണം ചെയ്ത ഒരു ഗ്രാമത്തിന്റെ പേരിൽ നിന്നുമാണ്. ആധുനിക കാലത്ത് പൗരസ്ത്യ അലബാസ്റ്റർ എന്നാൽ കാൽസൈറ്റും, പ്രത്യേകിച്ച് വിശേഷണങ്ങളില്ലാതെ അലബാസ്റ്റർ എന്ന് മാത്രം പറഞ്ഞാൽ ജിപ്സവും ആണ്. പ്രാചീന ഈജിപ്ഷ്യൻ ശിൽപികൾ മനോഹരമായ സുഗന്ധദ്രവ്യ കുംഭങ്ങളും ശവപേടകങ്ങളും മമ്മികരണസമയത്തു നീക്കം ചെയ്യുന്ന ആന്തരികാവയവങ്ങൾ സൂക്ഷിക്കാനുള്ള കനോപ്പിക് ഭരണികളും നിർമ്മിച്ചിരുന്നത് അലബാസ്റ്റർ ഉപയോഗിച്ചായിരുന്നു.ബാസ്ത് ദേവിയുടെ പൂജകളിൽ അലബാസ്റ്റർ ഉപകരണങ്ങൾക്ക് പ്രത്യേകം പ്രാധാന്യം ഉണ്ടായിരുന്നു.
പുരാതനകാലം മുതൽ ഉപയോഗിക്കുന്ന അതെ ഉപകരണങ്ങൾ തന്നെയാണ് ചെറുകിട നിർമ്മാണകേന്ദ്രങ്ങളിൽ ഈജിപ്തിൽ ഇപ്പോഴും ശില്പനിർമ്മാണത്തിന് ഉള്ളതെന്ന് കാണാൻ കഴിയും. ഇത്തരം കനം കുറഞ്ഞ ആയുധങ്ങൾ കൊണ്ട് പൗരസ്ത്യ അലബാസ്റ്ററിൽ ജോലി ചെയ്യുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. കാരണം കാൽസൈറ്റ് വളരെ കട്ടികൂടിയ ഒരു ധാതുവാണ്‌. ഏതാണ്ട് മാർബിളിന് സമാനമായ ഈ ശിലയിൽ ജോലി ചെയ്യാൻ യന്ത്രോപകരണങ്ങൾ തന്നെ വേണം. എന്നാൽ സാധാരണ അലബാസ്റ്റർ അതിസൂക്ഷ്മകണികകളായി പൊടിയുന്നതും അർദ്ധതാര്യവുമായ ഹൈഡ്രസ് കാൽസ്യം സൾഫേറ്റ് ധാതുവാണ്‌. ഇതിന്റെ അർദ്ധതാര്യതാഗുണം കാരണം അലങ്കരദീപങ്ങൾക്ക് മറയായി സാധാരണ അലബാസ്റ്റർ ധാരാളം ഉപയോഗിക്കപ്പെടുന്നുണ്ട്.
രാജാക്കന്മാരുടെ താഴ്‌വര (valley of king ) യ്ക്ക് പുറകിലായി വലിയൊരു അലബാസ്റ്റർ ഖനിയുണ്ട്. ഈജിപ്തിൽ ഇവിടെയും മാലാവി എന്ന സ്ഥലത്തുമാണ് അലബാസ്റ്റർ ധാതുശേഖരമുള്ളത്. അസ്വാനിലും ലെക്സറിലുമുള്ള അലബാസ്റ്റർ തൊഴിൽശാലകൾ മാലാവിയിൽ നിന്നുള്ള അലബാസ്റ്റർ ആണ് കൂടുതലും ഉപയോഗിക്കുന്നത്. കാരണം മാലാവിയിൽ നിന്ന് വലിയ ട്രക്ക്കളിൽ ശിലകൾ കൊണ്ട് വരാനുള്ള സൗകര്യം ഉണ്ടെങ്കിലും രാജാക്കന്മാരുടെ താഴ്‌വരയുടെ ഭൂപ്രകൃതി വാഹനഗതാഗത്തിന് വേണ്ടത്ര യോചിച്ചതല്ല. അതുകൊണ്ട് കൈത്തൊഴിലായി ജോലി ചെയ്യുന്നവർ മാത്രമേ രാജാക്കന്മാരുടെ താഴ്‌വരയിൽ നിന്നുള്ള അലബസ്റ്ററിനെ ആശ്രയിക്കാറുള്ളൂ. കുതിരകളുടെയും കഴുതകളുടെയും പുറത്ത് ചുമടായി ഈ ധാതുശിലകളെ ഖനിയിൽ നിന്നും കൊണ്ട് വന്നാണ് ശില്പനിർമ്മാണത്തിന് ഉപയോഗിക്കുന്നത്.
ഓരോ സ്ഥലത്തെയും അലബാസ്റ്ററിനു ഓരോ തരം നിറവും സ്വഭാവവും ഉണ്ടായിരിക്കും. പ്രകൃതിയിൽ ഇവ ഭീമാകാരവും അനിയതവുമായ ശിലകളായി മണ്ണിൽ പുതഞ്ഞ രൂപത്തിലാണ് കണ്ട് വരുന്നത്. കൈകൊണ്ടു നിർമ്മിച്ച അലബാസ്റ്റർ ശില്പങ്ങൾ പൊതുവെ കനം കുറഞ്ഞതും അല്പം പരുക്കനുമായിരിക്കും. നിറമാണെങ്കിൽ നല്ല വെളുപ്പോ പാൽപ്പാടയുടേത് പോലെ അല്പം മഞ്ഞകലർന്ന വെള്ളയോ ആയിരിക്കും. പലപ്പോഴും അതിൽ ഇളം ചുവപ്പ് വരകളും കാണാം. യന്ത്രങ്ങളിൽ നിർമ്മിക്കുന്ന അലബാസ്റ്റർ വസ്തുക്കൾക്ക് ഒരിക്കലും അർദ്ധതാര്യതാഗുണം ഉണ്ടാവുകയില്ല. അതുകൊണ്ട് തന്നെ ചെറുനിർമ്മാണ കേന്ദ്രങ്ങളിൽ വെച്ച് ഉണ്ടാക്കിയെടുക്കുന്ന അലബാസ്റ്റർ ശില്പങ്ങൾക്ക് അല്പം വില കൂടുതലുമായിരിക്കും.

No comments:

Post a Comment