Sunday, June 30, 2019


സോവിയറ്റ് തകർച്ച സാമ്രാജ്യത്വ സൃഷ്ടിയോ ..?  ഭാഗം. 4



വിപ്ലവത്തെപ്പറ്റിയുള്ള മാർക്സിയൻ സങ്കല്പത്തിൽ തന്നെ ഏകാധിപത്യത്തിന്റെ വിപുലമായ സാദ്ധ്യതകൾ കണ്ടെത്താൻ കഴിയുന്നതാണ്. തൊഴിലാളിവർഗം അധികാരം പിടിച്ചെടുത്തു കമ്മ്യൂണിസം സ്ഥാപിക്കുന്നു. അധികാരം പിടിച്ചെടുക്കുന്നതിനും കമ്മ്യൂണിസം സ്ഥാപിക്കുന്നതിനും ഇടയ്ക്കുള്ള കാലം "തൊഴിലാളിവർഗ്ഗത്തിന്റെ സർവ്വാധിപത്യ" ത്തിന്റേതാണ്. സർവ്വാധിപത്യത്തിനു അങ്ങനെ സമ്മതിയായി. വിപ്ലവം നടത്തുന്നത് തൊഴിലാളികളാണ്. വിപ്ലവകാരിത, മാർക്സിസത്തിന്റെ ദൃഷ്ടിയിൽ തൊഴിലാളികൾക്കു മാത്രമാണ് ഉള്ളത്. മറ്റു വർഗ്ഗങ്ങളൊക്കെ "അന്യവർഗ്ഗ" ങ്ങളിൽപെടുന്നു.അന്യവർഗ്ഗങ്ങൾക്കെതിരെയുള്ള ബലപ്രയോഗം വിപ്ലവത്തിന്റെ അജണ്ടയിൽ സ്ഥാനം പിടിച്ചിട്ടുള്ളതാണ്. ആകെ സമുദായത്തിൽ ചെറിയൊരു വിഭാഗത്തിന്റെ ഇഷ്ടം നിയമമായി തീരുന്നു. ഈ സർവ്വാധിപത്യത്തിൽ അതിക്രമങ്ങൾക്ക് പഴുതില്ലേ എന്ന ചോദ്യം ലെനിൻ തന്നെ ഉന്നയിച്ചിട്ടുണ്ട്. "ഭരണകൂടവും വിപ്ലവവും "എന്ന കൃതിയിൽ ലെനിൻ അതിനുള്ള മറുപടിയും നൽകിയിട്ടുണ്ട്, 
"നമ്മൾ കഥയില്ലാത്ത സ്വപ്നജീവികളൊന്നുമല്ല. വ്യക്തികളിൽ നിന്ന് അതിക്രമങ്ങൾ ഉണ്ടാവാൻ ഉള്ള സാധ്യതയെ, അത്തരം അതിക്രമങ്ങൾ നിവാരണം ചെയ്യപ്പെടണമെന്നതിനെയും, നമ്മൾ നിഷേധിക്കുന്നില്ല". 
അതിക്രമങ്ങളെ ഉന്മൂലനംചെയ്യാനായി പ്രത്യേകകിച്ചൊരു സംവിധാനം ഉണ്ടാവണമെന്ന് തോന്നൽ ലെനിന് ഉണ്ടായില്ല. "അക്രമങ്ങൾ താനെ ശമിക്കും " എന്നാണ് ലെനിൻ പറഞ്ഞത്. പക്ഷെ അതിക്രമങ്ങൾ സ്റ്റാലിനെപോലെയുള്ള ഒരാളിൽ നിന്നാകുമ്പോൾ...?
ലെനിന്റെ മരണശേഷം അധികാരം പിടിച്ചെടുക്കാനുള്ള മത്സരത്തിൽ ബോൾഷെവിക് നേതാക്കളായ സ്റ്റാലിൻ, ട്രോട്സ്കി, കമനോവ്, സിനോവീവ്, നിക്കോളായ്ക്രെഷ്ടിൻസ്കി എന്നിവരായിരുന്നു ഉണ്ടായിരുന്നത്. സ്റ്റാലിന്റെ മേധാവിത്വശക്തിയിൽ ലെനിന് മതിപ്പുണ്ടായിരുന്നു. 11-ആം പാർട്ടി കോൺഗ്രസ്സിൽ പാർട്ടിയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക് സ്റ്റാലിനെ നിർദ്ദേശിച്ചത് ലെനിനായിരുന്നു. സ്റ്റാലിൻ വളരെ പരുക്കാനായിരുന്നു എന്ന പരത്തി എല്ലായിപ്പോഴും ലെനിന് ഉണ്ടായിരുന്നു. കുശാഗ്രബുദ്ധികാരനായ ട്രോട്സ്കി പിൻഗാമിയാകണമെന്ന ലെനിനൻ ആഗ്രഹിച്ചതായി പറയപ്പെടുന്നു. 1917-ൽ ഉത്തരമേരിക്കയിൽ നിന്ന് ബോൾഷെവിക് സംഘത്തിൽ ചേരാൻ ലെനിൻ ട്രോട്സ്കിയെ വിളിച്ചു വരുത്തുകയായിരുന്നു. ലെനിനോടപ്പം ഒക്ടോബർ വിപ്ലവതന്ത്രം മെനഞ്ഞത് ട്രോട്സ്കിയായിരുന്നു. ചുവപ്പ്സേനയുടെ നേതൃത്വം ട്രോട്സ്കിയെ ഏല്പിച്ചതും ലെനിൻ തന്നെയാണ്. പക്ഷെ ട്രോട്സ്കി അഹംകാരിയും നിഷ്കരുണനുമായിരുന്നു എന്ന കാരണത്താൽ പാർട്ടിയുടെ ഉന്നതനേതാക്കളാരും ഇഷ്ടപെട്ടിരുന്നില്ല.
തനിക്ക് ഭീഷണിയായിതീരുമെന്ന് കരുതിയ ട്രോട്സ്കിയെ അധികാരകേന്ദ്രങ്ങളിൽ നിന്ന് അകറ്റിനിർത്താൻ സ്റ്റാലിൻ ശ്രമിച്ചുകൊണ്ടേയിരുന്നു. ലെനിന്റെ ശവസംസ്കാരത്തിൽ ട്രോട്സ്കി പങ്കെടുക്കാതിരിക്കാൻ സംസ്കാരതീയതി മാറ്റിപ്പറയുകയുണ്ടായി. അ സമയം ട്രോട്സ്കി ദക്ഷിണ റഷ്യയിലെ അബ്‌ഖാസിയയിലായിരുന്നു. ലെനിന്റെ പത്‌നി നടേഷ്ദ ക്രൂപ്സകായ സ്റ്റാലിനെ ഇഷ്ടപ്പെട്ടിരുന്നില്ല എന്നുമാത്രമല്ല, വെറുത്തിരുന്നതായും പറയപ്പെടുന്നു. അധികാരമത്സരത്തിൽ എതിരാളികളെ നിഷ്കരുണം നിർമാർജ്ജനം ചെയ്‌തു കൊണ്ടിരുന്ന സ്റ്റാലിൻ വെടിയേറ്റു ചികിത്സയിലായിരുന്ന ലെനിനെ എത്രയും പെട്ടന്ന് കാലപുരിക്കയക്കാൻ രഹസ്യമായി കരുനീക്കം നടത്തിയെന്ന് ആരോപണമുണ്ട് (ഇതിൽ എത്രമാത്രം സത്യാവസ്ഥ ഉണ്ടെന്ന് അറിയില്ല ).ക്രൂപ്സ്കായ ഒരിക്കൽ ഇങ്ങനെ പറഞ്ഞതായി, പറയപ്പെടുന്നു "ലെനിൻ 1924-ൽ തന്നെ മരിച്ചത് നന്നായി. അല്ലായിരുന്നുവെങ്കിൽ അദ്ദേഹത്തിന്റെ സ്ഥാനം സ്റ്റാലിന്റെ ഏതെങ്കിലുമൊരു ജയിലിലാകുമായിരുന്നു."
അധികാരമത്സരത്തിൽ ബുഖാരിനും മോളോ ട്ടോവും സ്റ്റാലിന് പിന്നിൽ അണിനിരന്നു. ശക്തരായ സിനോവീവിനെയും കാമനോവിനെയും കൂട്ടുപിടിച്ചു സ്റ്റാലിൻ പോളിറ്റ്ബുറോവിൽ ഭൂരിപക്ഷം നേടി. അധികാരം സ്റ്റാലിന്റെ കൈകളിൽ അമർന്നു. ജൂതന്മാരെ പൊതുവെ വെറുത്തിരുന്നു സ്ലാവ് വംശജർക്ക് സ്റ്റാലിൻ പ്രിയങ്കരനായിരുന്നു. ട്രോട്സ്കി, കമനോവ്, സിനോവീവ്, സ്വെർഡെലോവും ഒക്കെ ജൂതവംശജരും. തന്റെ വിശ്വസ്തരെ സ്റ്റാലിൻ തന്ത്രപ്രധാനമായ സ്ഥാനങ്ങളിൽ നിയമിച്ചുകൊണ്ട് അധികാരത്തിൽ പിടിമുറുക്കി.
ജോസഫ് സ്റ്റാലിൻ
-------------------------------------
1878-ൽ ജോർജിയയിലെ ഗോറിയിൽ ജനിച്ച സ്റ്റാലിന്റെ യഥാർത്ഥ നാമം ജോസിഫ് വിസാരിയോവിച് ജുഗാഷ് വിലി എന്നായിരുന്നു. അച്ഛൻ കടുത്ത മദ്യപാനി ആയിരുന്നെങ്കിലും ജോസിഫിനു വളരെ ഇഷ്ടമായിരുന്നു അച്ഛനെ. അദ്ദേഹം ജനിച്ചത് അടിയാളനായിട്ടാണ് (അടിയായ്മ-ജന്മിക്ക് കൃഷിക്കാരനെ വീട്ടുസാമാനം പോലെ വിൽക്കാനും വാങ്ങാനും ഉള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. 1861-ൽ പേരിന് മാത്രമായിട്ടാണെങ്കിലും അടിയായ്മ അവസാനിപ്പിക്കേണ്ടി വന്നു ).അടിയായ്മ നിരോധിക്കപ്പെട്ടതിനെതുടർന്ന് ഒരു ചെരുപ്പുകുത്തിയായിട്ടാണ്‌ ജോസിപ്പിന്റെ അച്ഛൻ ജീവിച്ചത്.സ്റ്റാലിന്റെ ബാല്യകാലത്തു തന്നെ അദ്ദേഹം മരിച്ചുപോയി
തന്റേടിയായിരുന്നു സ്റ്റാലിന്റെ അമ്മ എക്കാട്ടിരേണ. ഭർത്താവിന് അവരെ ഇഷ്ടമായിരുന്നില്ല. ജന്മി വീടുകളിൽ ഭൃത്യവേല ചെയ്താണ് ജോസഫിനെ മാതാവ് വളർത്തിയത്. ബാല്യത്തിലെ ഗോറിയിലെ വിദ്യഭ്യാസത്തിന് ശേഷം 1888-ൽ ജോസഫിനെ ടിഫ്ളിസിലെ ഓർത്തഡോൿസ്‌ തിയോളജിക്കൽ സെമിനാരിയിൽ ചേർത്തു. ജന്മിയും വിഭാര്യനുമായ ഇഗ്‌നാതാഷ് വിലിയുടെ ശുപാര്ശയിലാണ് അഡ്മിഷൻ കിട്ടിയത്. ജോസെഫിന്റെ അമ്മ അയാളുടെ വീട്ടിൽ ജോലിചെയ്തതും കാരണമാവാം ജോസെഫിന്റെ യഥാർത്ഥ അച്ഛൻ അയാളാണെന്ന് മറ്റു കുട്ടികൾ സ്കൂളിൽ അപവാദം പറഞ്ഞു നടന്നു. അത് ജോസേഫിൽ വലിയ മനോവിഷമം ഉണ്ടാക്കിയിരുന്നു.
സെമിനാരിയിൽ പാതിരിമാരുടെ കർക്കശവും പരുഷവും നിര്ദയവുമായ പെരുമാറ്റം ജോസഫിന് അസഹ്യമായി. പുസ്തകങ്ങളിലും വായനയിലും സംതൃപ്തി കണ്ടെത്തിയ ജോസഫിനെ , ആയിടെ കക്കേഷ്യൻ പ്രദേശങ്ങളിൽ രൂപം കൊണ്ട് തുടങ്ങിയ മാർക്സിസ്റ് സ്റ്റഡി സർക്കിളിലേക്ക് എത്തിച്ചു. ഫലമോ? 1899-ൽ സെമിനാരിയിൽ നിന്ന് പുറത്താക്കപ്പെട്ട സ്റ്റാലിൻ മുഴുവൻസമയ വിപ്ലവകാരിയായി മാറി.
മാർക്സിസ്റ് പ്രത്യശാസ്ത്രത്തിൽ പഠനത്തോടപ്പം തന്നെ ടിഫ്ളിസിലെ തൊഴിലാളികളെ സംഘടിപ്പിച്ചു അവിടുത്തെ പാർട്ടി കമ്മിറ്റിയിൽ അംഗമായി. കോബ എന്ന ഒളിപ്പേരോടുകൂടി ബാട്ടുമിലേക്കും ബാക്കുവിലെക്കും പ്രവർത്തനമേഖല വ്യാപിപ്പിച്ചു. അവിടങ്ങളിലെ തൊഴിലാളികളിലേക്ക് രാഷ്ട്രീയവിദ്യാഭ്യസം പകർന്നു നല്കിയതോടപ്പം അവരെ ബോൾഷെവിക് പാർട്ടീടെ പിന്നിൽ അണിനിരത്തുകയും ചെയ്തു. കൊക്കേഷ്യൻ പാർട്ടി എക്സിക്യൂട്ടീവ് അംഗമായി ഉയർന്നതോടു കൂടി പോലീസിന്റെ നോട്ടപുള്ളിയായിത്തീർന്നു.
1902 മുതൽ 1917 വരെ തുടർച്ചയായി അറസ്റ്റ്, ജയിൽശിക്ഷ, സൈബീരിയയിലേക്ക് നാട്കടത്തൽ, അവിടെ നിന്ന് തടവ് ചാടൽ എല്ലാം സ്റ്റാലിന് നേരിടേണ്ടി വന്നു.
മാർക്സിസ്റ്റു ആചാര്യനായ ലെനിൻ 1905 ഡിസംബറിൽ ഫിൻലന്റിലെ ടാമർഫോർസിൽ വെച്ചാണ് ആദ്യമായി കണ്ടുമുട്ടുന്നത്. ലെനിൻ പിന്നീട് മാക്സിം ഗോർക്കിയോട് സ്റ്റാലിനെ വിശേഷിപ്പിച്ചത് "ജോർജിയക്കാരനായ അത്ഭുതമനുഷ്യൻ " എന്നാണ്. ധാരാളം സഞ്ചാരം ചെയ്തിട്ടുള്ള ബഹുഭാഷാ പണ്ഡിതനും ഉജ്വല വാഗ്മിയും എഴുത്തുകാരനായ ട്രോട്സ്കി, കമ്മ്യൂണിസ്റ്റ്‌ ഇന്റർനാഷണൽ പ്രസിഡന്റ്‌ സിനോവീവ്, അഗാധപണ്ഡിതൻ ബുഖാറിൻ, കാമനോവ് തുടങ്ങി പ്രഗൽഭരും പ്രമുഖരുമടങ്ങുന്ന റഷ്യൻ കമ്മ്യൂണിസ്റ്റ്‌ (ബോൾഷെവിക് )പാർട്ടിയുടെ കേന്ദ്രക്കമ്മിറ്റിയിലേക്ക് ബിരുദം പോലും ഇല്ലാത്ത സ്റ്റാലിനെ നിർദ്ദേശിച്ചത് അദ്ദേഹത്തിന്റെ സംഘടനമികവും കഴിവിലും
വിശ്വസിച്ച ലെനിൻ തന്നെയായിരുന്നു. 1911 ജനവരിയിൽ ബോൾഷെവിക് പാർട്ടിയുടെ മുഖപത്രമായ പ്രവദയുടെ ചുമതലയും സ്റ്റാലിന് നൽകി. 1922 ഏപ്രിൽ 3- ന് ചേർന്ന കേന്ദ്രകമ്മിറ്റിയുടെ പ്ലീനറിയോഗം സ്റ്റാലിനെ പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി തെരെഞ്ഞെടുത്തു.
ബഹുദേശീയത്വം കത്തിനിന്ന കക്കേഷ്യൻ പ്രദേശത്തു നിന്ന് ഉയർന്നവന്ന നേതാവാക്കായാലും ദേശിയപ്രശനങ്ങളിൽ അഗാധപരിജ്ഞാനം ഉണ്ടായിരുന്നത് കൊണ്ടും ഒക്ടോബർ വിപ്ലവാനന്തരം സംകീർണ്ണ ദേശിയ പ്രശനങ്ങൾ കൈകാര്യം ചെയ്യേണ്ട വകുപ്പിന്റെ ചുമതല ലെനിൻ സ്റ്റാലിനെയാണ് ഏല്പിച്ചത്. ഏറെ വൈകാതെ ആഭ്യന്തര വകുപ്പിന്റെ ചുമതലകൂടി സ്റ്റാലിന് നൽകപ്പെട്ടു.
1922-ൽ പുതിയ ഭരണഘടനാ അംഗീകരിക്കുകയും "യൂണിയൻ ഓഫ് സോവിയറ്റ് റിപ്പബ്ലിക് (USSR)നിലവിൽ വരുകയും ചെയ്തു.അപ്പോഴും സോഷ്യലിസം കടലാസ്സിൽ മാത്രം അവശേഷിച്ചു. വിപ്ലവത്തിന്റെ വാഗ്ദാനമായിരുന്ന സോഷ്യലിസം പ്രയോഗത്തിൽ കൊണ്ടുവരേണ്ട ഉത്തരവാദിത്വം ലെനിന്റെ കാലടിപ്പാടുകളെ പിന്തുടർന്ന് അധികാരത്തിൽ വന്ന സ്റ്റാലിന്റെ ചുമതലയായി.
ചുവപ്പ് ഭീകരത ജനങ്ങൾക്ക്മേൽ പ്രയോഗിക്കുന്നതിൽ ഒരു വീണ്ടുവിചാരം ലെനിൻ തന്റെ അവസാനവർഷങ്ങളിൽ നടത്തിയതായി പറയപ്പെടുന്നു. "പുതിയ സാമ്പത്തികനയം "പ്രഖ്യാപിക്കപ്പെട്ടത് അതിന്റ തുടർച്ചയായിട്ടാണ്. 1921-ലാണ് N.E.P എന്ന പുതിയ സാമ്പത്തിക നയം നിലവിൽ വരുകയുണ്ടായി. 1923-27 വരെ പൊതുവെ ശാന്തമായ കാലയളവായിരുന്നു. കർഷകരിൽ 80% വും കൃഷിയിടങ്ങളിലേക്ക് മടങ്ങി.
1924-ലെ ജി. പി. യു(ചെക്കയ്ക്ക് പകരം വന്ന സംവിധാനം ) വിന്റെ വാർഷിക റിപോർട്ടനുസരിച്ചു, 11453 കൊള്ളക്കാരെ പിടികൂടുകയും 1853 പേരെ വധിക്കുകയും ചെയ്തു. 1542 പേരെ നാട് കടത്തി. ക്രിമിയയിൽ 132 വെള്ളപ്പട്ടാളക്കാരെ വധിച്ചു. 266 അനാർക്കിസ്റ്റുകളെ അറസ്റ്റ് ചെയ്യുകയുണ്ടായി. 14 മെൻഷെവിക്, 6 റവലൂഷനറി സോഷ്യലിസ്റ്റ് സംഘടനകൾ നിർമ്മാർജ്ജനം ചെയ്യപ്പെട്ടു. 117 ബുദ്ധിജീവിസംഘടനകളിൽ നിന്ന് 1360 പേരെ അറസ്റ്റ് ചെയ്തു. 1245 സർ പക്ഷക്കാരെയും 1765 ക്രിസ്ത്യൻ പുരോഹിതന്മാരെയും 675 കുലാക്കുകളെയും നാട് കടത്തി. മോസോകോവിലും ലെനിൻഗ്രാഡ് (പെട്രോഗാഡ്, ലെനിൻ സ്മരണാർത്ഥം ലെനിൻഗ്രാഡായി )4500 കുറ്റവാളികളെയും 18200 അപകടകാരികളെയും തടവിലാക്കി. 50,78174 സോവിയറ്റ് വിരുദ്ധരുടെ ലിസ്റ്റ് തയ്യാറാക്കി.
സോളോവെറ്റ്ചി ആൻച്ച്പെലാഗോയിൽ വൻതോതിലുള്ള കോൺസെൻട്രേഷൻ ക്യാമ്പ് തുടങ്ങാൻ ജി. പി. യു 1922-ൽ നിർദ്ദേശിച്ചു. റഷ്യൻ ഓർത്തോഡക്‌സ് സഭയുടെ ഏറ്റവും വലിയ സന്ന്യാസിമഠങ്ങലിനൊന്നു അവിടെയായിരുന്നു. സന്ന്യാസികളെ മുഴുവൻ പുറത്താക്കി അത് ലേബർ ക്യാമ്പാക്കി. 1928 ആകുമ്പോഴേക്കും മെൻഷെവിക്കുകൾ, സോഷ്യലിസ്റ്റുകൾ തുടങ്ങി വിവിധ വിഭാഗങ്ങളിൽപെട്ട 38000 പേർ ക്യാമ്പിൽ ഉണ്ടായിരുന്നു. കൂലിയില്ലാത്ത നിർബന്ധിത വികസനപ്രവർത്തനങ്ങൾ ആയിരുന്നു ക്യാമ്പിന്റെ വരുമാനമാർഗം.
1923-27 കാലഘട്ടത്തിൽ സോവിയറ്റ് യൂണിയനിലെ വിവിധ ക്യാമ്പുകളിലേക്ക് റഷ്യയുടെ പ്രാന്തരാജ്യങ്ങളിൽ നിന്നും ആയിരങ്ങളെ ജി.പി.യു എത്തിച്ചു കൊണ്ടിരുന്നു.ട്രാൻസ്കൊക്കേഷ്യയിലും മധേഷ്യയിലുമാണ് ഏറെ രക്തച്ചൊരിച്ചിൽ ഉണ്ടായത്. അസർബൈജാൻ, അർമേനിയ, ജോർജിയ, ദാഗിസ്താൻ ടർക്കിസ്ഥാൻ ബുഖാ എന്നീ പ്രദേശങ്ങൾ ബോൾഷെവിക്കുകൾ സോവിയറ്റ് അധീനതയിലാക്കി. ഉസ്‌ബെക്കിസ്ഥാൻ ശക്തമായി ചെറുത്തുനിന്നെങ്കിലും റഷ്യൻ യന്ത്രതോക്കുകൾ അവരെ നിശബ്ദമാക്കുമ്പോഴേക്കും ആയിരങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. ജോർജിയയിലെ പ്രതിഷേധക്കാരെ അമർച്ച ചെയ്യാൻ ലവന്റി ബറിയ എന്ന ഇരുപത്തിയഞ്ചുകാരൻ പോലീസ്‌കാരനെയാണ് സ്റ്റാലിൻ നിയോഗിച്ചത്. ജോർജിയക് വേണ്ടിയുള്ള പോരാട്ടം 2578 പേരുടെ ജീവനെടുത്തെന്നാണ് ബറിയയുടെ കണക്ക്.തുടർന്ന് ചെച്ന്യയെ,ഉക്രൈൻ എന്നിവയും സോവിയറ്റ് യൂണിയനോടപ്പം കൂട്ടിച്ചേർക്കപെട്ടു.
ഭക്ഷ്യപ്രശനം പലപ്പോഴും പ്രതിസന്ധി തന്നെയാണ് ഉണ്ടാക്കിയത്. ദക്ഷിണറഷ്യ, ഉക്രൈൻ, ഉത്തരകൊക്കേഷ്യ എന്നിവിടങ്ങളിൽ നിന്നും ധാന്യശേഖരണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. കർഷകരുടെ നിസഹകരണത്തെതുടർന്ന് നിർബന്ധിതമായ കർഷകസംയുക്തവൽക്കരണത്തിന് സ്റ്റാലിൻ നിർദ്ദേശിച്ചു.സാമ്പത്തിക വളർച്ച ദ്രുതഗതിയിലാക്കാൻ, വ്യവസായവും കൃഷിയും അഭിവൃദ്ധിപ്പെടുത്താൻ നിർബന്ധിത ജനസംയുക്തവൽക്കരണം (collectivisation)നടത്താനും, കുലാക്കുകളെന്ന് വിളിക്കപ്പെട്ട കർഷകവർഗത്തെ നിർദ്ദയം ഇല്ലാതാക്കാനും സ്റ്റാലിൻ തീരുമാനിച്ചു. 1929-30 കളിലെ ഭീകരമായ "ഡികുലാക്കൈസേഷൻ " എന്ന കർഷക സംഹാരത്തിന്റെ തുടക്കമായിരുന്നു അത്.

                                                                                                            (തുടരും)

No comments:

Post a Comment