സാമുവേൽ ലിറ്റിൽ:മരണത്തിലേക്കൊരു പഞ്ചിങ്.
ചരിത്രം ഒരിക്കലും ആവർത്തിക്കുക ഇല്ലെന്നാണ് പറയാറുള്ളത്. എന്നാൽ ചരിത്രം
ആവർത്തിച്ചുകൊണ്ടേയിരിക്കുകയാണ്. ഗാരി റിഡ്‌വേയും, ടെഡ് ബെഡ്‌ഡിയും, ജോൺ വെയ്ൻ ഹെയ്‌സിയും ക്രൂരകൊലപാതകങ്ങളിലൂടെ അരങ്ങുവാണ അമേരിക്കയിൽ നിന്നു തന്നെയാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന അവിശ്വസനീയമായ പുതിയ വെളിപ്പെടുത്തലും വന്നുകൊണ്ടിരിക്കുന്നത്.90 പേരെ കൊലപ്പെടുത്തിയെന്നു സാമുവേൽ ലിറ്റിൽ എന്ന സീരിയൽ കില്ലറിന്റെ കുമ്പസാരം അമേരിക്കയെ മാത്രമല്ല ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്.
1987നും 1989നും ഇടയിൽ മൂന്ന് സ്ത്രീകളെ കൊലപ്പെടുത്തിയ കേസിലാണ് 2012ൽ സാമുവേൽ ലിറ്റിൽ എന്ന ലോകചരിത്രത്തിലെ ഏറ്റവും ഭീകരനായ സീരിയൽ കില്ലർ പോലീസിന്റെ വലയിലാകുന്നത്. ഇക്കഴിഞ്ഞ മെയ് മാസത്തിൽ FBI (ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ബ്യുറോ )ക്രൈം അനലിസ്റ്റായ ക്രിസ്റ്റീന പലാസോളോ നടത്തിയ അഭിമുഖത്തിലാണ് കുറ്റകൃത്യങ്ങളുടെ ചരിത്രത്തിലെ സമാനതകളില്ലാത്ത 90 കൊലപാതകങ്ങളുടെ പുതിയ വെളിപ്പെടുത്തൽ സാമുവേൽ ലിറ്റിൽ നടത്തിയിരിക്കുന്നത്.
ആറടി മൂന്നിഞ്ച് ഉയരമുള്ള അതിബുദ്ധിമാനും സാമർത്യകാരനുമായ സാമുവേൽ എന്ന 78 വയസുകാരൻ 56 വർഷത്തിനിടയിലാണ് അതിനീചമായ രീതിയിൽ 90 പേരെ കൊലപ്പെടുത്തിയത്. അമിത ലൈംഗികാസക്തിയും ആക്രമണ സ്വഭാവവും പ്രകടിപ്പിച്ചിരുന്ന സാമുവേൽ ലൈംഗിക തൊഴിലാളികളെയും മയക്കുമരുന്നിന് അടിമകളായിരുന്നവരെയും കുടുംബബന്ധങ്ങളിൽ അസ്വരാസ്യങ്ങൾ നിലനിന്നിരുന്ന സ്ത്രീകളെയുമാണ് പ്രധാനമായും ലക്ഷ്യം വെച്ചിരുന്നത്. കൊലപ്പെടുത്തിയവരിൽ ഭൂരിഭാഗവും ലൈംഗികതൊഴിലിൽ ഏർപെട്ടവരെയായിരുന്നു. സാമുവേൽ ഇരയെ ഉറപ്പിച്ചു കഴിഞ്ഞതിന് ശേഷം ശക്തമായി ഇടിച്ചുവീഴ്ത്തുകയും ക്രൂരമായി മർദ്ധിച്ചും കഴുത്ത് ഞെരിച്ചുമാണ് കൊലപ്പെടുത്തിയിരുന്നത്. പല സ്ത്രീകളെയും ലൈംഗികമായി ഉപയോഗിച്ചതായും വെളിപ്പെടുത്തുകയുണ്ടായി. കണ്ടെടുക്കപ്പെട്ട പല സ്ത്രീ ശരീരങ്ങളും അരയ്ക്കു താഴെ നഗ്നമായ നിലയിലായിരുന്നു.
മിസ്സിസിപ്പി, സിൻസിനാറ്റി, ഫിനിക്സ്, ലാസ്‌വേഗാസ്, നെവാഡ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കൊലപാതകം നടത്തുകയുണ്ടായി. പോലീസാകട്ടെ വേണ്ടത്ര തെളിവുകൾ ഇല്ലാത്തതിനാൽ അപകടമരണമായും ലഹരിമരുന്നിന്റെ അമിത ഉപയോഗം മൂലമുള്ള മരണവുമൊക്കെയായി പരിഗണിച്ച കേസുകളായിരുന്നു ഭൂരിഭാഗവും. വെളിപ്പെടുത്തപ്പെട്ട പലരുടെയും മരണമോ തിരോധാനമോ സ്ഥിരീകരിച്ചിട്ടുപോലുമില്ലായെന്നത് പോലീസിനെ പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണ്. 90പേരിൽ 34 പേരുടെ കൊലപാതകം മാത്രമാണ് ഇപ്പോൾ സ്ഥിരീകരിക്കപ്പെട്ടത്.
ജോർജിയയിലെ റെയ്‌നോൾഡ്‌സിൽ 1940 ജൂൺ മാസം 7 നു ജനിച്ച സാമുവേൽ ലിറ്റിൽ എന്ന സാമുവേൽ മാക്ഡോവൽ, കുഞ്ഞായിരിക്കുമ്പോൾ തന്നെ കുടുംബത്തോടപ്പം ഓഹിയോവിലേക്കു താമസം മാറ്റി. അവിടെ നിന്ന് സ്കൂളിൽ പോയി തുടങ്ങിയ സാമുവേൽ വിദ്യാർത്ഥിയായിരിക്കെ 1956 ൽ മോഷണം വഞ്ചന, മയക്കുമരുന്ന് കടത്തു എന്നീ കുറ്റങ്ങൾക്ക് അറസ്‌റ്റു ചെയ്യപ്പെടുകയുണ്ടായി. നല്ല പാഠം പഠിപ്പിക്കാൻ അധികൃതർ ദുർഗുണപരിഹാര പാഠശാലയിലേക്കു വിട്ടു. പുറത്തിറങ്ങിയതിന് ശേഷം ആരാലും നിയന്ത്രിക്കപ്പെടാനില്ലാതെ തെരുവിൽ അലഞ്ഞുതിരിഞ്ഞുള്ള ജീവിതമായിരുന്നു പിന്നീട്. മദ്യത്തിലും മയക്കുമരുന്നിലും അഭയം തേടിയ സാമുവേൽ മോഷണത്തിലൂടെയായിരുന്നു അതിനുള്ള പണം കണ്ടെത്തിയിരുന്നത്. അലസമായ ജീവിതം അയാളെ പൈശാചികമായ കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് നയിക്കുകയായിരുന്നു.
1970 കളിൽ 11 സംസ്ഥാനങ്ങളിലായി വിവിധ കേസുകളിൽ 26 തവണ അറസ്റ്റ് ചെയ്യപ്പെട്ടു. 1980-കളിൽ ആദ്യം ഫ്ളോറിഡയിലും മിസിസ്സിപ്പിയിലും നടത്തിയ കൊലപാതകം ആരോപിക്കപ്പെട്ടെങ്കിലും തെളിവില്ലാത്തതിനാൽ 2 വർഷത്തിന് ശേഷം വിട്ടയക്കപെട്ടു. എല്ലാ കേസുകളിലുമായി 10 വർഷത്തോളം ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നിട്ടുണ്ട് സാമുവേലിന്.
സ്വന്തമായി വീട് പോലും ഇല്ലാതിരുന്ന അഭയാർത്ഥി ക്യാമ്പിൽ കഴിയേണ്ടിവന്ന സാമുവേൽ ഒരു പ്രൊഫഷണൽ ബോക്സർ കൂടിയായിരുന്നു. ബോക്സിങ്ങിൽ നേടിയ പരിശീലനമാണ് ഇരയെ കീഴ്‌പ്പെടുത്താൻ പലപ്പോഴും ഉപയോഗിച്ചത്.
ടെക്സാസിൽ വെച്ച് സൗഹൃദത്തിലായ ജെയിംസ് ഹോളണ്ട് എന്ന വ്യക്തിയോട് 1970 -നും 2005-നും ഇടയിൽ നടത്തിയിട്ടുള്ള ഡസൻ കണക്കിന് കൊലപാതകങ്ങളുടെ കണക്കുകൾ വെളിപ്പെടുത്തിയിരുന്നു. ഓരോ സ്ഥലത്തും കൊലപ്പെടുത്തിയ ആളുകളുടെ എണ്ണവും വിവരങ്ങളും സാമുവേൽ കൃത്യമായി നൽകുകയുണ്ടായി.
കെന്റുകിയിൽ 2012 മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസിൽ കാലിഫോർണിയ പോലീസിന് കെന്റുകി പോലീസ് സാമുവേലിനെ കൈമാറി. കുറ്റവാളിയെന്ന് കണ്ടെത്തി ജയിലിൽ അയച്ച് അധികം കഴിയും മുൻപ് 1994 ൽ ടെക്സാസിനെ ഞെട്ടിച്ച ഡെന്നിസ് ക്രിസ്റ്റി കൊലപാതകത്തിൽ അറസ്റ്റ് ചെയ്തു. തുടർന്ന് ലോസ്angel സിൽ 1987-നും 1989-നും ഇടയിൽ മൂന്ന് യുവതികളെ കൊലപ്പെടുത്തിയ കേസിൽ 2014 ൽ കുറ്റക്കാരനാണെന്നു തെളിഞ്ഞു. DNA സാമ്പിളുകൾ വെച്ചുള്ള അന്വേഷണത്തിലാണ് സാമുവേൽ കുടുങ്ങിയത്.
സാമുവേൽ ചെയ്ത പല കൊലപാതകങ്ങളിലും പോലീസ് അന്വേഷണം അവസാനിപ്പിച്ചതാണ്. സ്വാഭാവികമരണമെന്ന രീതിയിൽ തോന്നിയതിനാലും ഇരകളെ തിരിച്ചറിയാൻ കഴിയാതെ തള്ളിക്കളഞ്ഞതുമായ പല കേസുകളും സാമുവേൽ ചെയ്തതാണെന്ന് പിന്നീട് തെളിയുകയും ചെയ്തു. 90 കൊലപാതകങ്ങളിലെ ഇരയേയും വിവരണങ്ങളും തന്റെ ഡയറിയിൽ കുറിച്ചിട്ടു പോലീസിനെ അമ്പരപ്പിച്ചിരിക്കുകയാണ് സാമുവേൽ.
അമേരിക്കയുടെ കുറ്റകൃത്യങ്ങളുടെ ചരിത്രത്തിൽ ഇതിനു മുൻപ് ഒരാൾ ഏറ്റവും കൂടുതൽ കൊലപാതകം നടത്തിയിട്ടുള്ളത് "ഗ്രീൻ റിവർ കില്ലർ "എന്ന വിശേഷണമുള്ള ഗാരി റിഡ്‌വേ എന്ന സീരിയൽ കില്ലർ ആണ്. 1980-നും 1990-നും ഇടയിൽ വാഷിങ്ടൺ സ്റ്റേറ്റിൽ സ്ത്രീകളും പെൺകുട്ടികളും ഉൾപ്പെടെ 71ഓളം പേരെയാണ് ഗാരി റിഡ്‌വേ കൊന്നുതള്ളിയത്. 2001 ൽ അറസ്റ്റ് ചെയ്യപ്പെട്ട റിഡ്‌വേയെ സ്ഥിരീകരിച്ച 49 കേസുകളിൽ ശിക്ഷിച്ച ആജീവാനന്ത തടവ് ഇപ്പോഴും അനുഭവിച്ചു വരികയാണ്.
1972-ലും 1978-നും ഇടയിൽ ആൺകുട്ടികളും ചെറുപ്പക്കാരും ഉൾപ്പെടെ കുറഞ്ഞത് 33 ഓളം പേരെ കൊലപ്പെടുത്തിയ ജോൺ വെയ്ൻ ഹെയ്‌സിയും, 1974-നും 1978-നും ഇടയിൽ 30 സ്ത്രീകളെ റേപ്പ് ചെയ്തു കൊലപ്പെടുത്തിയ ടെഡു ബഡിയും അമേരിക്കയുടെ കുറ്റകൃത്യങ്ങളുടെ ലോകത്ത് കുപ്രസിദ്ധി നേടിയിട്ടുള്ളവരാണ്.
സാമുവേലിന്റെ ആക്രമണങ്ങളിൽ നിന്ന് ചില സ്ത്രീകൾ രക്ഷപെട്ടതായി പോലീസിന്റെ അന്വേഷണത്തിൽ നിന്നും വ്യക്തമായിട്ടുണ്ട്. അവരിൽ നിന്ന് വിലപ്പെട്ട വിവരങ്ങൾ ലഭിക്കുമെന്ന വിശ്വാസമാണ് പോലീസിനുള്ളത്. FBI യുടെ വിശദമായ റിപ്പോർട്ട് ലഭിച്ചശേഷം 78 കാരനായ സാമുവേൽ ലിറ്റിൽ എന്ന കൊടും കുറ്റവാളിക്ക് ഉചിതമായ ശിക്ഷ വിധിക്കാൻ കാത്തിരിക്കുകയാണ് കോടതിയും.
രക്തം തണുത്തുറഞ്ഞു ശരീരം മരവിക്കുന്ന അപസർപ്പകഥകളിലെ രക്തദാഹികളായ കഥാപാത്രങ്ങളെപോലെ ലോകത്തെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ നരനായാട്ടുകളുടെ ചരിത്രം അവസാനിക്കുന്നില്ല, ഭയവും വേദനയും കൊണ്ടും പിടയുന്ന ഇരയുടെ നിസ്സഹായാവസ്ഥയിലും അടങ്ങാത്ത അഭിനിവേശത്തിന്റെ ഉന്മാദാവസ്ഥയിൽ ആനന്ദം കണ്ടെത്തുന്ന വേട്ടക്കാരുടെ പുതിയ പുതിയ കഥകൾക്കു വേണ്ടിയും പുതിയ അവതാരങ്ങൾക്കു വേണ്ടിയും ഭീതിയോടെ കാത്തിരിക്കാം......

No comments:
Post a Comment