ക്രിക്കറ്റ് ചരിത്രത്തിലെ ഓരോവർ.
ലോകം, ലോകകപ്പ് ക്രിക്കറ്റിന്റ ലഹരിയിലാണ്. ആവേശകരമായ മത്സരങ്ങൾ കളിയെ സമ്പന്നമാക്കിയേക്കും. കളി അവസാനിക്കുമ്പോഴേക്കും പുതിയ താരോദയങ്ങൾ ഉണ്ടായേക്കാം. അത്ഭുതങ്ങളും പുതിയ റെക്കോർഡുകളും പിറന്നേക്കാം. റെക്കോർഡുകൾ സൃഷ്ടിക്കാൻ മാത്രമല്ല തകർക്കപ്പെടാനുമുള്ളതാണ്. തകർക്കപ്പെടാത്ത റെക്കോർഡുകളും ചരിത്രത്തിന്റെ ഭാഗമാണ്. ആദ്യമായി ഒരിന്നിംഗ്‌സിൽ പത്ത് വിക്കറ്റെടുത്ത ജിം ലോക്കറും, ആ റെക്കോഡിനൊപ്പമെത്തിയ അനിൽ കുംബളയും ഒരോവറിലെ ആറു പന്തുകളും സിക്സറിന് പറത്തിയ യുവരാജ് സിങ്ങും വ്യത്യസ്ത ഫോർമാറ്റിലാണെങ്കിളിലും ആ റെക്കോഡിനൊപ്പം എത്തിയ ഗെർഷേലാ ഗിബ്ബ്‌സും റെക്കോർഡുകളുടെ ചരിത്രത്താളുകളിൽ സ്ഥാനം പിടിച്ചവരാണ്.
ഒരോവറിൽ ഏറ്റവും കൂടുതൽ റൺസ് എടുത്തത് യുവരാജ് സിങ്ങോ ഗിബ്‌സോ അടിച്ചെടുത്ത 36 റൺസ് അല്ലെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? വിശ്വസിച്ചേ പറ്റു! സംഭവം ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിലാണെങ്കിലും ഒരോവറിൽ പിറന്ന 77 റൺസിലാണ് ആ റെക്കോർഡ് ഉള്ളത്.
1990 ഫെബ്രുവരി മാസത്തിൽ ന്യൂസിലാഡിലെ ക്രൈസ്റ്റ് ചർച്ചു സ്റ്റേഡിയത്തിൽ ഷെൽ ട്രോഫി ടൂണമെന്റിൽ വെല്ലിങ്ടൺ vs കാൻഡംബെറി മത്സരം.വെല്ലിങ്ടൺ ടീമിന്റെ ടൂണമെന്റിലെ അവസാന മത്സരമായിരുന്നു അത്. മത്സരം ജയിച്ചാൽ കിരീടം ഉറപ്പിക്കാം. അവസാന ദിവസം രാവിലെ വെല്ലിങ്ടൺ അവരുടെ രണ്ടാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. കന്റം ബെറിക്ക് ജയിക്കണമെങ്കിൽ 59 ഓവറിൽ 291 റൺസ് വേണം. മറുപടി ബാറ്റിംഗ് തുടങ്ങിയ കാന്റം ബെറി വെല്ലിങ്ടൺ ബൗളിങ്ങിന് മുന്നിൽ തകർന്നടിഞ്ഞു. 108- ന് 8 എന്ന നിലയിൽ ആയിരുന്നു അവർ. എങ്ങനെയെങ്കിലും കളി സമനിലയിലാക്കുക എന്നത് മാത്രമായിരുന്നു ക്രീസിലുണ്ടായിരുന്ന ലീ ജർമനും റോജർ ഫോർഡിനും ഉണ്ടായിരുന്നത്.
സമനിലയ്ക്ക് വേണ്ടിയുള്ള പോരാട്ടം അവസാന രണ്ട് ഓവറിലേക്ക് എത്തിച്ചേർന്നു. 57 ഓവർ പൂർത്തിയാകുമ്പോൾ സ്കോർ ബോർഡിൽ റൺസ് 196-ന് 8. ക്രീസിൽ നേരത്തെ സൂചിപ്പിച്ച ലീജർമനും റോജർ ഫോർഡും തന്നെയായിരുന്നു. ബാറ്റിംഗ് എൻഡിൽ ലീ ജർമൻ 75 റൺസുമായി നിൽക്കുന്നു. വിജയം അസാധ്യം ! എങ്ങനെയെങ്കിലും ക്രീസിൽ തട്ടിമുട്ടി നിൽക്കുക എന്നത് മാത്രമായിരുന്നു അയാളുടെ മനസ്സിൽ.
ഈ സമയത്താണ് വെല്ലിങ്ടൺ ക്യാപ്റ്റൻ ഇർവ് മാൿസ്വീനി പുതിയ തന്ത്രവുമായി എത്തിയത്. ഐഡിയ വളരെ സിംപിളായിരുന്നു. അവസാന ഓവേറിന് മുന്നേയുള്ള ഓവറിൽ എതിർ ടീമിന് യഥേഷ്ടം റൺ വിട്ടുകൊടുക്കുക. വിജയത്തിന് തൊട്ടടുത്തു എത്തിച്ചു തോൽപ്പിക്കുക. മോഹിപ്പിച്ചു നിരാശപ്പെട്ടുത്തുക അല്ലെങ്കിൽ വ്യാജമായ ഒരേറ്റുമുട്ടൽ അതായിരുന്നു മാൿസ്വീനി കണ്ടെത്തിയ തന്ത്രം.
മാൿസ്വീനി തന്റെ തന്ത്രങ്ങൾക്ക് കണ്ടെത്തിയ ബൗളർ വിക്കറ്റ് കീപ്പറും ബാറ്റ്സ്മാനുമായിരുന്ന റോബർട്ട് ഹൊവാർഡ് വാൻസ് എന്ന ബെർട്ട് വൻസിനെ ആയിരുന്നു. അദ്ദേഹമാകട്ടെ കരിയറിന്റെ അവസാന നാളുകളിൽ ഫോം നഷ്ടപ്പെട്ട് കഷ്ടപെടുകയായിരുന്നു. ബോൾ ചെയ്യാനാരംഭിച്ച വാൻസിന്റെ കൈകളിൽ നിന്നും ഫുൾ ടോസുകളും വൈഡുകളും നോബോളുകളും യഥേഷ്ട്ടം ഒഴുകി കൊണ്ടിരുന്നു. ഒരു ബോൾ പൂർത്തിയാക്കാൻ വാൻസിന് 17 ഡെലിവറികൾ എറിയേണ്ടി വന്നു. കിട്ടിയ അവസരം മുതലാക്കിയ ലീജർമന്റെ ബാറ്റിൽ നിന്നും ഫോറുകളും സിക്സുകളും ചറപറാന്നു പറന്നു കൊണ്ടിരുന്നു. ആ ഓവറിൽ 70 റൺസ് ലീജർമനും 7 റൺസ് റോജേർഫോർഡും ചേർന്ന് അടിച്ചെടുത്തു.
മഴ പോലെ റൻസുകൾ പെയ്തിറങ്ങിയപ്പോൾ സ്കോർ ബോർഡ് ചലിപ്പിച്ചിരുന്നവർക്ക് കാര്യങ്ങൾ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. കണികളോട് ചോദിച്ചും മറ്റും ഒരുവിധം ഒപ്പിച്ചു പോയപ്പോഴും അവസാന ഓവറിൽ എത്ര റൺസ് വേണമെന്ന കാര്യത്തിൽ അവരുടെ കൺഫ്യൂഷൻ തീർന്നിരുന്നില്ല. അവസാന ഓവറിൽ വേണ്ട റൺസിനെക്കുറിച്ച് ആർക്കും ഒരു ധാരണയും ഉണ്ടായിരുന്നില്ല. അന്തം വിട്ട അമ്പയർമാർക്കും ഒന്നും മനസിലായിരുന്നില്ല എന്നതാണ് സത്യം.
ഇവാൻ ഗാരി അവസാന ഓവർ എറിയാൻ വരുമ്പോൾ യഥാർത്ഥത്തിൽ കാന്റംബറിക്ക് ജയിക്കാൻ 18 റൺസാണ് വേണ്ടിയിരുന്നത്. അപ്പോഴേക്കും വെല്ലിങ്ടൺ ക്യാപ്റ്റന് താൻ എടുത്ത മണ്ടൻ തീരുമാനത്തെ സ്വയം പഴിച്ചു കഴിഞ്ഞിരുന്നു. ലീ ജർമൻ ആദ്യ അഞ്ചു പന്തുകളിൽ നിന്ന് 17 റൺസ് നേടി സ്കോർ ബോർഡ് അറിയാതെയുമാണെങ്കിലും 'ലെവൽ ' ആക്കി. സ്കോർ ബോർഡിലേക്ക് നോക്കിയ ലീ ജര്മന് അവിടെ ഒന്നും കാണാൻ കഴിഞ്ഞില്ല. കഴിഞ്ഞ ഓവറിൽ വാൻസ് നടത്തിയ ഭ്രാന്തൻ ബൗളിങ്ങിൽ തല പുകയ്ക്കുകയായിരുന്നു സ്കോർ ബോർഡ് അപ്‍ഡേറ്റ് ചെയ്യുന്നവർ. കാര്യങ്ങൾക്ക് അത്ര വ്യക്തത ഇല്ലാത്തത് കൊണ്ടോ ഇത്രയൊക്കെ അടിച്ചത് മതിയെന്ന് തോന്നിയത് കൊണ്ടോ എന്നിറിയില്ല ലീ ജർമ്മൻ അവസാന പന്ത് അവിടെത്തന്നെ മുട്ടയിട്ടു റൺ എടുക്കാൻ ശ്രമിച്ചിരുന്നില്ല. കളിയൊക്കെ കഴിഞ്ഞ് കളിക്കാർ ഗ്രൗണ്ടിന് പുറത്തെത്തിയപ്പോഴാണ് സ്കോർ ബോർഡ് അപ്ഡേറ്റ് ആയത്. അപ്പോൾ കന്റംബറി 59 ഓവറിൽ 290 എടുത്തിരുന്നു. ജയിക്കാൻ വേണ്ടിയിരുന്ന റൺസാകട്ടെ 291 !!!



No comments:
Post a Comment