സോവിയറ്റ് തകർച്ച സാമാജ്യത്വ സൃഷ്ടിയോ? ഭാഗം .1
സോവിയറ്റ് യൂണിയൻ ഇല്ലാത്ത ഇരുപത്തിയേഴ് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. 1991 ഡിസംബർ 25 ക്രിസ്തുമസ് ദിനത്തിൽ സോവിയറ്റ് യൂണിയൻ പ്രസിഡന്റ് ആയിരുന്ന മിഖായേൽ ഗോർബച്ചേവ് ടെലിവിഷനിൽ നടത്തിയ തത്സമയ സംപ്രേഷണം അപ്രതീക്ഷിതമായിരുന്നു. പത്തു മിനിറ്റ് നീണ്ടുനിൽക്കുന്ന പ്രസംഗത്തിനൊടുവിൽ പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതായും USSR എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന യൂണിയൻ സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് ഇല്ലാതായതായും പ്രഖ്യാപിച്ചു. പിറ്റേന്ന് 7.32- ന് മോസ്കോയിലെ ക്രംലിൻ കൊട്ടാരത്തിനു മുകളിലെ ചെങ്കൊടി താഴ്ത്തി പ്രസിഡന്റ് ബോറിസ് യെൽസിൻ റഷ്യൻ ഫെഡറേഷന്റെ മൂവർണ്ണക്കൊടി ഉയർത്തി.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം നാലര പതിറ്റാണ്ടിലേറെക്കാലം ലോകത്തിന്റെ ഗതിവിഗതികളെ സ്വാധിനിച്ചിരുന്ന രണ്ട് രാജ്യങ്ങളിൽ ഒന്ന് ചരിത്രമായി മാറി. തൊഴിലാളിവർഗ്ഗവും മുതലാളിത്വവും തമ്മിലുള്ള വർഗസമരം മുതലാളിത്തത്തിന്റെ ശവക്കുഴി തോണ്ടുമെന്നും സോഷ്യലിസം ആത്യന്തികമായി വിജയം നേടുമെന്നും പ്രവചിച്ചവർക്കും പുതിയ ആകാശവും പുതിയ ഭൂമിയും സ്വപ്നം കണ്ടവർക്കും അപ്രതീക്ഷിതമായി കിട്ടിയ പ്രഹരമായിരുന്നു സോവിയറ്റ് യൂണിയന്റെ തകർച്ച. സാമ്രാജ്യത്വവിരുദ്ധർക്കും സമത്വവും പുരോഗതിയും ആഗ്രഹിക്കുന്ന പുരോഗമന ചിന്താഗതിക്കാർക്കും സോവിയറ്റ് യൂണിയന്റെ ഉദയവും വളർച്ചയും ആവേശവും പ്രതീക്ഷയും ആയിരുന്നു. അതുകൊണ്ട് തന്നെ സോഷ്യലിസ്റ്റ് വ്യവസ്ഥിതിയുടെ തകർച്ച സൃഷ്ട്ടിച്ച നൈരാശ്യവും ശൂന്യതയും വളരെ വലുതായിരുന്നു.
സോഷ്യലിസത്തിന്റെ പ്രതീകമായ സോവിയറ്റ് യൂണിയന്റെ തകർച്ച കമ്മ്യൂണിസത്തിന്റെ തകർച്ചയായും കമ്മ്യൂണിസം കാലഹരണപ്പെട്ട പ്രത്യയശാസ്ത്രമായും ബൂർഷ്വാചിന്തകരും മാധ്യമങ്ങളും മുതലാളിത്തവും വിധിയെഴുതി.ഗോർബച്ചേവിനെ സോവിയറ്റ് യൂണിയന്റെ ശിഥലീകരണത്തിന്റെ കാരണകാരനായും റിവിഷനിസത്തിന്റെയും സാമ്രജ്യത്വദാസ്യത്തിന്റെയും ആൾരൂപമായി ചാപ്പകുത്തപ്പെട്ടപ്പോൾ , മറുഭാഗത്തു ഇരുമ്പുമറയ്ക്കുള്ളിലായിരുന്ന സോവിയറ്റ് ജനതയെയും പൂർവയൂറോപ്പിലെ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളെയും സ്വതന്ത്രജനാധിപത്യത്തിന്റെ പ്രകാശമാനമായ ലോകത്തേക്ക് കൈപിടിച്ചു നടത്തിയ മിശിഹയായും വാഴ്ത്തപ്പെട്ടു.
ഒരേ സമയം നായകനായും പ്രതിനായകനായും തിളങ്ങിയ ഗോർബച്ചേവ് ഇതിൽ ഏതു വേഷമാണ് അർഹിച്ചിരുന്നത് എന്നത് ഗൗരവമായി പരിശോധിക്കപ്പെടേണ്ടത് തന്നെയാണ്. ഗോർബച്ചേവിന്റേത് തെറ്റുതന്നെയാണ്.അദ്ദേഹം ഒരു പ്രതീകം മാത്രമായിരുന്നു. അദ്ദേഹമല്ലെങ്കിൽ മറ്റൊരാൾ ചെയ്യേണ്ടതായിരുന്നു ആ തെറ്റ്. കാരണം സോവിയറ്റ് യൂണിയൻ തകരേണ്ടതു അമേരിക്ക നേതൃത്വം നൽകുന്ന സാമ്രജ്യത്വത്തിന്റേയോ ബൂർഷ്വാസിയുടെയോ ആവശ്യം മാത്രമായിരുന്നില്ല, കാലഘട്ടത്തിന്റെ അനിവാര്യത കൂടിയായിരുന്നു. ചരിത്രത്തിന്റെ നിയോഗം പൂർത്തീകരിക്കാൻ ഗോർബച്ചേവ് നിമിത്തമായെന്ന് മാത്രം.
സോവിയറ്റ് തകർച്ചയുടെ പിന്നാമ്പുറങ്ങൾ
----------------------------------------------------------------
സോവിയറ്റ് യൂണിയൻ തകർന്നിട്ടു രണ്ടര പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും തകർച്ചയുടെ കാരണങ്ങൾ തേടിയുള്ള അന്വേഷണങ്ങൾക്കും പഠനങ്ങൾക്കും ഇന്നും കുറവുണ്ടെന്ന് കരുതാൻ വയ്യ. അത്തരം പഠനങ്ങൾ സൂചിപ്പിക്കുന്നത് തന്നെ സോഷ്യലിസം ലോകചരിത്രത്തിൽ ചെലുത്തിയ സ്വാധീനം എത്ര വലുതായിരുന്നു എന്നതുതന്നെ. കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികരും ബുദ്ധിജീവികളും '17 ലെ വിപ്ലവാനന്തരം സോവിയറ്റ് വ്യവസ്ഥിതിയിൽ അന്തർലീനമായി കിടന്ന അല്ലെങ്കിൽ രൂപപ്പെട്ടു വന്ന തകർച്ചയ്ക്ക് കാരണമായ മൂർത്തമായ സാഹചര്യങ്ങളെ വിലയിരുത്തുന്നതിൽ പരാജയപ്പെടുകയാണ് ഉണ്ടായത്. അവർ ഗോർബച്ചേവിന്റെ നയവ്യതിയാനങ്ങളിൽ തട്ടിനിൽക്കുകയോ അമേരിക്കൻ ഇടപെടലുകളായോ ചിത്രീകരിക്കുകയോ ആണ് ചെയ്തിട്ടുള്ളത്. (ആ രണ്ട് നിലപാടുകളും നിഷേധിക്കുന്നു എന്നല്ല ഇതിനർത്ഥം,അവ രണ്ടും സ്ഥായിയും ആണ്. )മറുഭാഗത്താകട്ടെ മാർക്സിസ്റ്റിതര എഴുത്തുകാരും മാധ്യമങ്ങളും ശീതയുദ്ധ വിജയികളും കമ്മ്യൂണിസ്റ്റ്‌വിരുദ്ധതയിൽ ഊന്നിയുള്ള പ്രചരണമാണ് അഴിച്ചുവിട്ടത്. അവർ പ്രധാനമായും മൂന്ന് കാര്യങ്ങളാണ് ഉന്നയിച്ചത്, :
----------------------------------------------------------------
സോവിയറ്റ് യൂണിയൻ തകർന്നിട്ടു രണ്ടര പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും തകർച്ചയുടെ കാരണങ്ങൾ തേടിയുള്ള അന്വേഷണങ്ങൾക്കും പഠനങ്ങൾക്കും ഇന്നും കുറവുണ്ടെന്ന് കരുതാൻ വയ്യ. അത്തരം പഠനങ്ങൾ സൂചിപ്പിക്കുന്നത് തന്നെ സോഷ്യലിസം ലോകചരിത്രത്തിൽ ചെലുത്തിയ സ്വാധീനം എത്ര വലുതായിരുന്നു എന്നതുതന്നെ. കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികരും ബുദ്ധിജീവികളും '17 ലെ വിപ്ലവാനന്തരം സോവിയറ്റ് വ്യവസ്ഥിതിയിൽ അന്തർലീനമായി കിടന്ന അല്ലെങ്കിൽ രൂപപ്പെട്ടു വന്ന തകർച്ചയ്ക്ക് കാരണമായ മൂർത്തമായ സാഹചര്യങ്ങളെ വിലയിരുത്തുന്നതിൽ പരാജയപ്പെടുകയാണ് ഉണ്ടായത്. അവർ ഗോർബച്ചേവിന്റെ നയവ്യതിയാനങ്ങളിൽ തട്ടിനിൽക്കുകയോ അമേരിക്കൻ ഇടപെടലുകളായോ ചിത്രീകരിക്കുകയോ ആണ് ചെയ്തിട്ടുള്ളത്. (ആ രണ്ട് നിലപാടുകളും നിഷേധിക്കുന്നു എന്നല്ല ഇതിനർത്ഥം,അവ രണ്ടും സ്ഥായിയും ആണ്. )മറുഭാഗത്താകട്ടെ മാർക്സിസ്റ്റിതര എഴുത്തുകാരും മാധ്യമങ്ങളും ശീതയുദ്ധ വിജയികളും കമ്മ്യൂണിസ്റ്റ്‌വിരുദ്ധതയിൽ ഊന്നിയുള്ള പ്രചരണമാണ് അഴിച്ചുവിട്ടത്. അവർ പ്രധാനമായും മൂന്ന് കാര്യങ്ങളാണ് ഉന്നയിച്ചത്, :
- അസ്വാതന്ത്ര്യതാൽ ഞെരിഞ്ഞമർന്ന സോവിയറ്റിലെയും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലെയും ജനങ്ങൾ സ്വാതന്ത്ര്യവാഞ്ചയോടെ കാത്തിരുന്നു. ഒടുവിൽ സോഷ്യലിസ്റ്റ് വ്യവസ്ഥിതിക്കെതിരെ അവർ തലയുയർത്തുകയും കൂടുതൽ വിശാലമായ സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതുകയും ചെയ്തു.
- സ്വതന്ത്ര വിപണിയിൽ അധിഷ്ഠിതമായ മുതലാളിത്ത ലോകവുമായുള്ള സാമ്പത്തിക മത്സരത്തിൽ സോവിയറ്റ് സോഷ്യലിസം പരാജയപെട്ടു. ജനങ്ങൾക്ക് ഗുണമേന്മയുള്ള ഉത്പന്നങ്ങളും സേവനങ്ങളും പ്രദാനം ചെയ്യുന്നതിൽ അത് ദയനീയമായി പരാജയപെട്ടു.
- മനുഷ്യപ്രകൃതത്തിനു നിരക്കുന്നതായിരുന്നില്ല സോവിയറ്റ് സോഷ്യലിസം. വിപണിബന്ധങ്ങളിൽ അധിഷ്ഠിതമായ മുതലാളിത്ത സമൂഹങ്ങളാണ് മനുഷ്യസ്വഭാവവുമായി ഒത്തുപോകുന്നത്.
പരസ്പര ബന്ധമുള്ള ഈ വിശദീകരങ്ങൾ ഏകപക്ഷിയമായിരിക്കുമ്പോൾ തന്നെ അവരുടെ അവകാശവാദം തെറ്റാണെന്നോ പൂർണമായും തള്ളിക്കളയാവുന്നതോ അല്ല . ചലനാത്മകതയുള്ള സമൂഹത്തിൽ ജനാധിപത്യ അവകാശവും അഭിപ്രായ സ്വാതന്ത്ര്യവും വളരെ പ്രധാനപെട്ടതാണ്.അവ നിഷേധിക്കുന്നത് മനുഷ്യത്വരഹിതവും ജനാധിപത്യവിരുദ്ധവുമാണ്.
സോവിയറ്റ് -സോവിയറ്റ് അനന്തര സമൂഹത്തിൽ പ്രചരിക്കപ്പെട്ടിരുന്ന 'അനെക് ഡോട്ട് 'കൾ എന്ന് റഷ്യക്കാർ വിളിക്കുന്ന രാഷ്ട്രീയ ഫലിതങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ചിരിച്ചുതള്ളേണ്ടവയായിരുന്നില്ല അവയൊന്നും. തുറന്ന പൊതുവ്യവഹാരങ്ങളുടെ അഭാവമായിരുന്നു ഇത്തരം നർമ്മകഥകൾ വ്യാപകമാകാൻ കാരണം. കർശന നിയന്ത്രണങ്ങളിൽ നിന്ന് തെന്നിമാറാനും വ്യവസ്ഥിതിയോടുള്ള ഇച്ഛാഭംഗവും ക്രോധവും പ്രകടിപ്പിക്കാനുള്ള സേഫ്റ്റിവാൽവായും സോവിയറ്റ് സമൂഹത്തിൽ അനെക് ഡോട്ടുകൾ പ്രധാന പങ്ക് വഹിച്ചു മുക്കാൽ നൂറ്റാണ്ടു കാലത്തെ സോവിയറ്റ് യൂണിയന്റെ രാഷ്ട്രീയ -സാമ്പത്തിക -സാമൂഹിക യാഥാർഥ്യങ്ങളിലേക്കു വെളിച്ചം വീശുന്ന അനെക് ഡോട്ടുകളിൽ ഒന്ന് ഇങ്ങനെയായിരുന്നു
- 'നമ്മുടെ തീവണ്ടി തേജോമയമായ ലക്ഷ്യത്തിലേക്കു കുതിച്ചുകൊണ്ടിരിക്കുകയാണ്. പെട്ടന്ന് ട്രെയിൻ നിന്നു. ലെനിനാണ് എൻജിൻ ഡ്രൈവർ. മുന്നിൽ പാളങ്ങളില്ല. യാത്രക്കാരോടൊല്ലാം അവധിദിനങ്ങളിലും ജോലി ചെയ്ത് പാളങ്ങൾ സ്ഥാപിക്കാൻ ലെനിൻ നിർദേശിച്ചു. വീണ്ടും ട്രെയിൻ മുന്നോട്ടു നീങ്ങി സ്റ്റാലിനാണ് ഡ്രൈവർ. കുറച്ച് പോയപ്പോൾ പിന്നെയും മുന്നിൽ പാളങ്ങളില്ല. ആദ്യത്തെ ബോഗിയിലുള്ള എല്ലാവരെയും വെടിവെച്ചു കൊല്ലാൻ സ്റ്റാലിൻ ആജ്ഞാപിച്ചു. മറ്റുള്ളവരോട് പാളങ്ങൾ ഉറപ്പിക്കാനും. പിന്നെയും ട്രെയിൻ മുന്നോട്ട്. ക്രൂഷ്ചേവാണ് ഡ്രൈവർ. കുറച്ചിട കഴിഞ്ഞപ്പോൾ ട്രെയിൻ നിന്നു. മുന്നിൽ പാളങ്ങളില്ല. പിന്നിട്ട വഴികളിലെ പാലങ്ങളെല്ലാം മുന്നിൽ കൊണ്ടുവന്ന് സ്ഥാപിക്കാൻ ക്രൂഷ്ചേവ് ഉത്തരവിട്ടു. വീണ്ടും ട്രെയിൻ മുന്നോട്ടു ബ്രഷ്നോവാണ് ട്രെയിൻ നിയന്ത്രിക്കുന്നത്. പതിവ്പോലെ അൽപനേരം ഓടിയപ്പോൾ പാളങ്ങളില്ല. എല്ലാ കമ്പാർട്‌മെന്റിലെയും കർട്ടനുകൾ താഴ്ത്തിയിടാൻ അദ്ദേഹം ആജ്ഞാപിച്ചു. ട്രെയിൻ ചലിക്കുന്നത് പോലുള്ള പ്രതീതി സൃഷ്ട്ടിച്ചുകൊണ്ട് അതിനെ പ്രത്യേകരീതിയിൽ ഇളക്കാനും ഏർപ്പാടാക്കി. ഓരോരോ സ്റ്റേഷനിൽ എത്തുന്നതായി ഇടവിട്ട സമയങ്ങളിൽ അറിയിക്കാനും ഉത്തരവായി. പിന്നെ ഗോർബച്ചേവിന്റെ ഊഴമായി. മുന്നിൽ പാളങ്ങളില്ല. ഒരു മഹാഗർത്തമാണ് ഉള്ളത്. ഗോർബച്ചേവ് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു "നമുക്ക് മുന്നോട്ടു പോകാൻ പാളങ്ങളില്ല. പാലങ്ങൾക്ക് താങ്ങായി വെച്ചിരിക്കുന്ന തടികഷ്ണങ്ങളുമില്ല. മുൻപിൽ അന്തമില്ലാത്ത ഗർത്തമാണ്. എല്ലാവരും ഇറങ്ങി അവരവരുടെ വഴിക്ക് പോകുക "
മറ്റൊന്ന് :,
സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ 1956-ലെ ഇരുപതാം പാർട്ടി കോൺഗ്രസിൽ ജനറൽ സെക്രട്ടറി നികിത ക്രൂഷ്‌ചേവ് കടുത്ത സ്റ്റാലിൻ വിമർശനവുമായി മുന്നോട്ടു വന്നു. പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോൾ എഴുതി തയ്യാറാക്കിയ ഒരു ചോദ്യം ക്രൂഷ്‌ചെവിനു സദസ്സിൽ നിന്ന് ലഭിച്ചു. സ്റ്റാലിൻ ജീവിച്ചിരുന്നപ്പോൾ ക്രൂഷ് ചേവ് എവിടെയായിരുന്നു എന്നാണ് ചോദ്യം. "ആരാണ് അ ചോദ്യകർത്താവ്? "ക്രൂഷ് ചേവ് ഉച്ചത്തിൽ ചോദിച്ചു. സദസ്സ് നിശബ്ദം. "ഞാനും അവിടെയായിരുന്നു " ക്രൂഷ്‌ചേവിന്റെ മറുപടി.
ഔദോഗിക സോവിയറ്റ് പ്രത്യയശാസ്ത്രത്തെ (നിർമ്മിത മിത്തോളജിയെ ) പ്രതീകാത്മകമായെങ്കിലും ധീരമായി വെല്ലുവിളിച്ചു കൊണ്ട് സോവിയറ്റ് ജീവിത യാഥാർഥ്യങ്ങളെ സമർത്ഥമായി അടയാളപ്പെടുത്താനും സോവിയറ്റ് യൂണിയൻ നേരിട്ട പ്രതിസന്ധിയുടെ ആഴം എത്രത്തോളമായിരുന്നെന്നു വരച്ചുകാട്ടാനും ഇത്തരം നർമ്മകഥകൾക്ക് സാധിച്ചു.
ജനാധിപത്യബോധത്തെ അടിച്ചമർത്തിയും ഉൾപാർട്ടി ജനാധിപത്യത്തെ നിരാകരിച്ചുമാണ് സോവിയറ്റ് യൂണിയനിലും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലും കമ്മ്യൂണിസം നിലനിന്നിരുന്നത്. ലെനിനിസം തന്നെ ജനാധിപത്യവിരുദ്ധമായിരുന്നു. ലെനിനിസത്തെ ശക്തിപെടുത്തിയ സ്റ്റാലിൻ, ലെനിനിസത്തിന് പുതിയ വ്യാഖ്യാനങ്ങളും മാനങ്ങളും നൽകി ജനാധിപത്യധ്വംസനം വ്യാപകമാക്കി. ജനാധിപത്യ അവകാശത്തിന് വാദിക്കുന്നവരെ ഗുലാക്കുകളിലേക്കു അയക്കുകയും ഉൾപാർട്ടി ജനാധിപത്യത്തിൽ നിലകൊണ്ടവരെ ക്യാപിറ്റൽ പണിഷ്മെന്റിനും വിധേയമാക്കുകയാണ് ചെയ്തത്.
"കമ്മ്യൂണിസത്തിലെ കറുത്ത ഏടുകൾ "എന്ന പേരിൽ ഫ്രഞ്ച് ഭാഷയിൽ പ്രസിദ്ധികരിച്ച പ്രബന്ധസമാഹാരത്തിലെ ഒരു ലേഖനത്തിൽ നിക്കോളാസ് വെർത്തു പറയുന്നത്, 1917 ലെ മഹത്തായ ഒക്ടോബർ വിപ്ലവം മുതൽ 1953-ൽ സ്റ്റാലിൻ മരിക്കുന്നത് വരെ, ഒരു നിശ്ചിതക്രമത്തിൽ റഷ്യയിൽ ഭീകരതയുടെ ചക്രം തിരിഞ്ഞു കൊണ്ടിരുന്നതായി പറയുന്നു. 1825-നും 1917-നും ഇടയ്ക്ക് സാർ ഭരണത്തിൻ കീഴിൽ രാഷ്ട്രീയകുറ്റത്തിന് വധിക്കപ്പെട്ടത് ഒട്ടാകെ 6321 പേരാണ്. എന്നാൽ 1918-ൽ ഔദോഗികമായി പ്രഖ്യാപിച്ച ചുവപ്പ് ഭീകരതയിൽ രണ്ടേ രണ്ടു മാസത്തിനിടയ്ക്ക് 15000 പേരുടെ മേൽ വധശിക്ഷ നടത്തപ്പെട്ടു. 1932-33 ലെ കൂട്ടുകൃഷിസ്ഥാപനത്തെ തുടർന്നുണ്ടായ ക്ഷാമത്തിൽ 60 ലക്ഷം ജനങ്ങൾ മരിച്ച ശുദ്ധികരണത്തിൽ 7,20,000 ;പേർ വധിക്കപ്പെട്ടു. 1934- നും 1941-നും ഇടയ്ക്ക് 70 ലക്ഷം പേർ ഗുലാക്കുകളിൽ (അടിമത്ത ക്യാമ്പുകൾ )അടക്കപ്പെട്ടു. അവരിൽ വലിയ വിഭാഗം ക്യാമ്പുകളിൽ മരിച്ചു. സ്റ്റാലിൻ മരിക്കുമ്പോൾ ഗുലാക്കുകളിൽ 27.5 ലക്ഷം തടവുകാരുണ്ടാതിരുന്നു.
സോവിയറ്റ് തകർച്ചയിലേക്ക് നയിച്ച സംഭവംവികാസങ്ങളെപ്പറ്റി 1957-ൽ ഹൊവാർഡ് ഫാസ്റ്റ് തന്റെ ആത്മകഥാപരമായ "നഗ്നദൈവം"(The naked god )എന്ന കൃതിയിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഫാസ്റ്റ് അമേരിക്കകാരനായത് കൊണ്ട് നഗ്നദൈവത്തെ കമ്മ്യൂണിസത്തിനെതിരെയുള്ള CIA പ്രചാരത്തിന്റെ ഭാഗമായിട്ടാണ് പലരും കണ്ടത്. അദ്ദേഹം സൂചിപ്പിക്കുന്നത് :-
"ഒരു കാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി എന്തുതന്നെയായിരുന്നെങ്കിലും, ഇന്ന് അത് മനുഷ്യന്റെ ധീരവും നല്ലതുമായ സ്വപ്നങ്ങളുടെ തടവറയാണ്. മനുഷ്യമനസ്സുകളെ തടവിലാക്കുന്ന ഈ തടവറയുടെ മതിലുകൾ തകർക്കുന്നവരുടേതായിരിക്കും ഭാവി. മനുഷ്യവംശത്തെ സംബന്ധിച്ചിടത്തോളം, ഭാവിയുടെ വാഗ്ദാനം വ്യക്തിസ്വാതന്ത്ര്യത്തിന്റെ മഹത്തായ വിശാലതയിൽ ധിഷനയുടെ ചക്രവാളം വികസിപ്പിക്കുക എന്നതായിരിക്കും. "
"ഒരു കാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി എന്തുതന്നെയായിരുന്നെങ്കിലും, ഇന്ന് അത് മനുഷ്യന്റെ ധീരവും നല്ലതുമായ സ്വപ്നങ്ങളുടെ തടവറയാണ്. മനുഷ്യമനസ്സുകളെ തടവിലാക്കുന്ന ഈ തടവറയുടെ മതിലുകൾ തകർക്കുന്നവരുടേതായിരിക്കും ഭാവി. മനുഷ്യവംശത്തെ സംബന്ധിച്ചിടത്തോളം, ഭാവിയുടെ വാഗ്ദാനം വ്യക്തിസ്വാതന്ത്ര്യത്തിന്റെ മഹത്തായ വിശാലതയിൽ ധിഷനയുടെ ചക്രവാളം വികസിപ്പിക്കുക എന്നതായിരിക്കും. "
ഹൊവാർഡ് ഫാസ്റ്റ് ഇങ്ങനെ മുന്നറിയിപ്പ് നൽകുന്നതിന് മുൻപ്, 1918-ൽ പോളിഷ് -ജൂത -ജർമൻ മാർക്സിസ്റ് സൈദ്ധാന്തികയും സോഷ്യലിസ്റ്റ് തത്വശാസ്ത്രജ്ഞയും വിപ്ലവകാരിയുമായ റോസാ ലക്സംബർഗ് ഇതിലും പ്രവചനാത്മകമായ ചില നിരീക്ഷണങ്ങൾ കമ്മ്യൂണിസ്റ്റ് ഭരണസംവിധാനത്തെപ്പറ്റി നടത്തിയിരുന്നു. 1919-ൽ, തന്റെ നിലപാടുകളുടെ പേരിൽ വധിക്കപ്പെട്ടു, ശരീരം ബെർലിനിലെ ലാൻഡ്‌വേർ കനാലിൽ വലിച്ചെറിയപെടുന്നതിന് ഒരു വർഷം മുൻപ് അവർ എഴുതി :
ഭരണകൂടത്തെ അനുകൂലിക്കുന്നവർക്കും -പാർട്ടിയെ അനുകൂലിക്കുന്നവർക്കും അത് എത്രയധികം അനുയായികൾ ഉള്ള പാർട്ടിയാണെങ്കിലും -മാത്രമുള്ളതാണ് സ്വാതന്ത്ര്യമെങ്കിൽ, അ സ്വാതന്ത്ര്യം സ്വാതന്ത്ര്യമേയല്ല. സ്വാതന്ത്ര്യം എപ്പോഴും വ്യത്യസ്തമായി ചിന്തിക്കുന്നവർക്കുള്ളതാണ്. രാജ്യത്തുടനീളം രാഷ്ട്രീയ സ്വാതന്ത്ര്യം അടിച്ചമർത്തപ്പെടുകയാണെങ്കിൽ, അത് സോവിറ്റുകളുടെ സജീവത നശിപ്പിക്കുന്നതിന് കാരണമാകും. പൊതു തിരഞ്ഞെടുപ്പുകളില്ലാതെ, പത്രസ്വാതന്ത്ര്യം ഇല്ലാതെ, യോഗം ചേരാനുള്ള സ്വാതന്ത്ര്യം ഇല്ലാതെ, ആവിഷ്കാരസ്വാതന്ത്ര്യം ഇല്ലാതെ, എല്ലാ പൊതുസ്ഥാപനങ്ങളുടെയും ജീവിതം മന്ദീഭവിക്കും, അവ അവയുടെ തന്നെ ഹാസ്യ രൂപമാകും, ഉദ്യോഗസ്ഥമേധാവിത്വം മാത്രമാകും നിർണായകഘടകം. ഈ പ്രവർത്തനത്തിൽ നിന്നു ആർക്കും രക്ഷപെടാൻ കഴിയില്ല.
ആദ്യം റോസാ ലക്‌സംബർഗും പിന്നീട് ഹൊവാർഡ് ഫാസ്റ്റും അനുകമ്പയോടെയും പ്രതിബന്ധതയോടെയും ഭയപ്പെട്ടത് തന്നെയാണ് സോവിയറ്റ് യൂണിയനിലും കിഴക്കൻ യൂറോപ്യൻ സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളിലും പിന്നീട് സംഭവിച്ചത്.....
(തുടരും)




























