യുദ്ധത്തിന് അവധി കൊടുത്ത പാട്ട്!
ഒന്നാം ലോകമഹായുദ്ധത്തിനിടെ വെടിയൊച്ചകളില്ലാത്ത ഒരു രാത്രി സങ്കൽപിക്കാനാവുമോ? പീരങ്കികളുടെ ഹുങ്കാരമില്ലെന്നു മാത്രമല്ല; സ്വർഗീയസംഗീതം നിശയെ സുരഭിലമാക്കുകയും ചെയ്തു. 1914ലെ ക്രിസ്മസ് രാത്രിയിൽ അവർ യുദ്ധം വേണ്ടെന്നുവച്ചു. ബ്രിട്ടന്റെ നേതൃത്വത്തിലുള്ള ബെൽജിയം, ഫ്രഞ്ച് സൈനികർ ട്രെഞ്ചുകളിൽനിന്നു പുറത്തുവന്നു. വിളിപ്പാടകലെയുള്ള ശത്രുക്കളായ ജർമൻ സൈനികരെ കെട്ടിപ്പുണർന്നു.
അവർ ഒന്നിച്ചു പാടി. പ്രശസ്തമായ ആ ക്രിസ്മസ് ഗാനം. തർജമകളില്ലാതെ ലോകത്തോടു മുഴുവൻ സംവദിക്കുന്ന പാട്ട്.
‘സൈലന്റ് നൈറ്റ്
ഹോളി നൈറ്റ്...’
ഹോളി നൈറ്റ്...’
ചരിത്രകാരന്മാർക്ക് ഇനിയും വിശദീകരിക്കാൻ കഴിഞ്ഞിട്ടില്ല അന്നു രാത്രിയിൽ എന്താണു സംഭവിച്ചതെന്ന്. നെഞ്ചിൻകൂടിനുനേർക്ക് തോക്കിൻകുഴലുകൾ ഉന്നംപിടിച്ചിരുന്നവർ അപസ്മാരബാധിരെപ്പോലെ തോക്ക് താഴെവച്ച് ‘സൈലന്റ് നൈറ്റ്....’ പാടി ഉല്ലസിച്ചു. ഒരു ലക്ഷത്തിലേറെ സൈനികരാണ് ട്രെഞ്ചിൽനിന്നു പുറത്തുവന്നു ‘സൈലന്റ് നൈറ്റ്...’ പാടിയത്. വിഖ്യാതമായ ആ ക്രിസ്മസ് ഗാനത്തിന്റെ 201–ാം ജന്മവാർഷികമാണ്.
ക്രൈസ്റ്റ് ദ സേവ്യർ ഈസ് ബോൺ
ഈ ഗാനം ആലപിക്കാത്ത ലോകസംഗീതജ്ഞർ കുറവാണ്. എന്നാൽ കഴിഞ്ഞ നൂറ്റാണ്ടിന്റെ മഹാഗായകൻ എൽവിസ് പ്രെസ്‌ലിയുടെ ആൽബം ഉണ്ടാക്കിയ തരംഗം പോലൊന്നു നേടാൻ ആർക്കും ഇന്നുവരെ കഴിഞ്ഞിട്ടില്ല. ഹൃദയത്തിന്റെ അഗാധതകളിൽനിന്നാണ് പ്രെസ്‌ലി ഇതു പാടിയത്. അതുപോലെ പാടാൻ ആർക്കും ഇന്നോളം കഴിഞ്ഞിട്ടില്ല. അത്ര ആത്മാർഥതയോടെ.... ‘ക്രൈസ്റ്റ് ദ സേവ്യർ ഈസ് ബോൺ....’ എന്നു പ്രെസ്‌ലി പാടുമ്പോൾ തുടിക്കാത്ത ഒരു ഹൃദയവും ഇല്ല. അതനുഭവിച്ചുതന്നെ അറിയണം. ലോകം കണ്ട മുൻനിര ആത്മീയ ഗായകൻ ജിം റീവ്സ് പാടിയിട്ടുപോലും പ്രെസ്‌ലി തന്ന അനുഭൂതിയുടെ അടുത്തെങ്ങുമെത്താൻ കഴിഞ്ഞില്ല.
വിപണനത്തിലെ പുതുമ
ലോക ആൽബം വിപണിയിൽ ഒരു പുതുമ കൂടി ആവിഷ്‌ക്കരിച്ചുകൊണ്ടാണ് ‘എൽവിസ് ക്രിസ്‌മസ് ആൽബം’ പുറത്തിറങ്ങിയത്. ആൽബത്തിന്റെ ആകർഷകമായ പുറം കവറായിരുന്നു പ്രത്യേകത. ഒരു സമ്മാനക്കടലാസ് കൊണ്ടു പൊതിഞ്ഞതുപോലെ. ഇതിൽ ഫ്രം......, ടു........ എന്നിങ്ങനെ വിലാസം എഴുതാനുള്ള സ്‌ഥലവും നൽകിയിരുന്നു. അതായത് ആൽബം ആർക്കും എളുപ്പം സമ്മാനമാക്കാൻ കഴിയും വിധം. ക്രിസ്‌മസ് സമ്മാനമായി പോസ്‌റ്റിൽ അയച്ചുകൊടുക്കാനും ഈ വിപണനവിദ്യമൂലം എളുപ്പമായി. അത്തരത്തിലും വൻവിൽപനയുണ്ടായി.
എൽപി ഡിസ്‌ക്കിൽ ഇറങ്ങിയിരുന്ന ഈ ആൽബം 1976ൽ കസെറ്റിൽ റിലീസ് ചെയ്‌തപ്പോൾ ‘ബ്ലൂ ക്രിസ്‌മസ് ’ എന്നു പേരുമാറ്റി. 1985ൽ ‘ഇറ്റ് ഈസ് ക്രിസ്‌മസ് ടൈം’ എന്ന് വീണ്ടും പേരുമാറി. ഓരോ തവണ പേരുമാറുമ്പോഴും ട്രാക്കുകളുടെ സ്‌ഥാനവും മാറിക്കൊണ്ടിരുന്നു. ഏറ്റവും ഒടുവിൽ സോണി മ്യൂസിക്കാണ് എൽവിസിന്റെ ക്രിസ്‌മസ് ഗാനങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. സോണിയുടെ ഡിവിഡിയിൽ 1957ലെ ആദ്യ ആൽബത്തിന്റെ കവർ പുനഃപ്രസിദ്ധീകരിച്ചിട്ടുണ്ട്.

No comments:
Post a Comment