സ്ഫിങ്സും ഈഡിപ്പസും (സ്ഫിങ്സ് ഭാഗം 2 )
സ്ഫിങ്‌സുകളെപ്പറ്റിയുള്ള അന്വേഷണം കൊണ്ടെത്തിച്ചത്, സ്ഫിങ്ങ്സുകൾക്ക് ഐതിഹാസികമായ മാന്ത്രികഭാവങ്ങൾ ചാർത്തികൊടുത്ത ഗ്രീക്ക് പുരാണങ്ങളിലാണ്. നന്മയുടെയും ദയാവായ്‌പിന്റെയും പ്രതീകമായ ഈജിപ്ഷ്യൻ സ്ഫിങ്സിൽ നിന്ന് വ്യത്യസ്തമായി, പൗരാണിക ഗ്രീസിൽ സ്ഫിങ്സിനെ ദുഷ്ടദേവതയായും ക്രൂരതയുടെ പര്യായയവുമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഗ്രീക്ക് നഗരമായിരുന്ന തീബ്സിന്റെ ദ്വാരപാലകരായിരുന്ന ഈ ഭീകരജീവിക്ക് പരുന്തിന്റെ ചിറകുകളും സർപ്പമുഖത്തോട് കൂടിയ വാലും ഉണ്ടായിരുന്നത്രെ. തീബ്സിലേക്ക് വരുന്ന പാവം വഴിയാത്രക്കാരോട് ഉത്തരം മുട്ടിക്കുന്ന കടംകഥകൾ ചോദിക്കുകയും, ഉത്തരം കിട്ടാതെ വലയുന്ന യാത്രികരെ കൊന്നു തിന്നുകയും ചെയ്യുമായിരുന്നു. ഒരു നാൾ ഈ സിംഹിണിക്ക് ഒരു രാജകുമാരന്റെ മുൻപിൽ മുട്ടുമടക്കേണ്ടി വന്നു, ആ കഥയോടപ്പം ആ രാജകുമാരന്റെ ഐതിഹാസികമായ ദുരന്തകഥയാണ് ചുരുക്കി പറയാൻ പോകുന്നത്.
സ്വന്തം കൈ കൊണ്ട് അച്ഛനെ വധിക്കുകയും അമ്മയെ ഭാര്യക്കുമെന്ന അതിഭയാനകമായ പ്രവചനം ഉണ്ടായതിനെ തുടർന്ന് സ്വദേശമായ കൊറിന്തിൽ നിന്ന് ഓടി രക്ഷപ്പെട്ട ഒരു പാവം രാജകുമാരൻ ഉണ്ടായിരുന്നു. ആ രാജകുമാരൻ മറ്റാരുമായിരുന്നില്ല, ഈഡിപ്പസ് ആയിരുന്നു. ഒരു കാരണവശാലും തനിക്ക് അങ്ങനെയൊരു ദുർവിധി വന്നു പോകരുത് എന്ന് ഭയന്ന്, കൊറിന്തിലെ തന്റെ അച്ഛനമ്മമാരുടെ അടുത്ത് നിന്നും അവരറിയാതെ കൊട്ടാരം വിട്ടു പോകുകയായിരുന്നു അവൻ. പക്ഷെ ആ രാജകുമാരൻ അറിയാതിരുന്ന ഒരു കാര്യമുണ്ടായിരുന്നു. താൻ ഇത്രയും കാലം സ്വപിതാവായും മാതാവായും ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന കൊറിന്തിലെ രാജാവും രാഞ്ജിയും തന്റെ വളർത്തച്ഛനും വളർത്തമ്മയും ആയിരുന്നുവെന്ന ദൗർഭാഗ്യകരമായ സത്യം ആ യുവാവിന് അറിയില്ലയായിരുന്നു.
![]() |
| Louis bouwmeester ,Oedipus rex 1896 |
'ആ ക്രൂരമായ പ്രവചനം ഒരിക്കലും സത്യമാകരുതെന്നും, ആ വലിയ പാപം തന്റെമേൽ പതിക്കരുതെന്നും' മാത്രമായിരുന്നു കൊറിന്ത് നഗരം വിട്ടോടിയ ഈഡിപ്പസിന്റെ മനസിലുണ്ടായിരുന്നത്. പക്ഷേ വിധിയെ തടുക്കാൻ ആർക്കാകും..? വഴിയിൽ വെച്ച്, ഒരു വനത്തിൽ കണ്ടുമുട്ടിയ ലായസ് എന്ന രാജാവുമായി ഒരു നിസ്സാര തർക്കത്തിന്റെ പേരിൽ ഏറ്റുമുട്ടേണ്ടി വന്ന ഈഡിപ്പസിന് ലായസിനെ വധിക്കേണ്ടി വന്നു. അതിന് ശേഷം യാത്ര തുടർന്ന ഈഡിപ്പസ് തീബ്സിലെത്തി. അവിടെ കാവൽ നിന്നിരുന്ന സ്ഫിങ്സ് അദ്ദേഹത്തെ തടയുകയും തന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
"പ്രഭാതത്തിൽ നാല് കാലിലും മധ്യാഹ്നത്തിൽ രണ്ട് കാലിലും സായാഹ്നത്തിൽ മൂന്ന് കാലിലും സഞ്ചരിക്കുന്ന ജീവിയേത്..? "
"മനുഷ്യൻ !"
ഒരു നിമിഷം പോലും ആലോചിക്കാതെയായിരുന്നു ഈഡിപ്പസിന്റെ ഉത്തരം. ജീവിതത്തിന്റെ പ്രഭാതത്തിൽ (ആരംഭം) നാല് കാലിലിഴയുന്ന ശിശുവിനെയും ജീവിതത്തിന്റെ മധ്യകാലത്ത് രണ്ട് കാലിൽ നിവർന്ന് നടക്കുന്ന പ്രായപൂർത്തിയും ആരോഗ്യവാനായ മനുഷ്യനും, ജീവിതസായാഹ്നത്തിൽ ഒരു ഊന്ന് വടിയുടെ സഹായത്തോടെ മൂന്ന് കാലുകൾ ഉപയോഗിച്ച് മെല്ലെ മെല്ലെ നടന്നു നീങ്ങുന്ന വൃദ്ധനെയും, മനുഷ്യായുസ്സെന്ന ദിവസത്തിലല്ലാതെ മറ്റെവിടെ കാണും?. ഈഡിപ്പസിന്റെ അത്ഭുതാഹമായിരുന്ന മറുപടിയിൽ സ്തംഭിച്ച നിന്ന സ്ഫിങ്സ് തന്റെ നിലനിൽപ്പിനായി ഒരു ചോദ്യം കൂടി ചോദിച്ചു.
" രണ്ട് സഹോദരിമാരിൽ ഒരാൾ മറ്റേയാൾക്ക് ജന്മം നൽകി. മറ്റവൾ തിരിച്ചും. ആരാണീ സഹോദരിമാർ?
ദുഷ്കരമെന്ന് തോന്നിയ സമസ്യക്ക് മുൻപിൽ ഈഡിപ്പസ് കുലുങ്ങിയില്ല. അതിനുള്ള ഉത്തരവും വളരെ പെട്ടന്നായിരുന്നു.
"രാത്രിയും പകലും "
രാത്രി പകലിൽ നിന്നും, പകൽ രാത്രിയിൽ നിന്നും ജനിക്കുന്നു എന്നർത്ഥം. ഗ്രീക്ക് ഭാഷയിൽ രാത്രിയും പകലും പദപ്രയോഗത്തിൽ സ്ത്രീലിംഗമാണെന്നും ഓർക്കാം. ഈഡിപ്പസിന്റെ ബുദ്ധിശക്തിക്ക് മുൻപിൽ പരാജപെട്ട സ്ഫിങ്സ് പാറക്കെട്ടിന് മുകളിൽ നിന്ന് ചാടി ആൽമഹത്യ ചെയ്യുകയും ചെയ്തു എന്നാണ് ഐതിഹ്യം.
സ്ഫിങ്സിനെ പരാജയപ്പെടുത്തിയ ഈഡിപ്പസിനെ തീബ്സിലെ ജനത വീരനായകനായി വരവേറ്റു. നായാട്ടിന് പോയ ഭർത്താവിന്റെ അപ്രതീക്ഷിത മരണത്തെ തുടർന്ന് വിധവയാകേണ്ടി വന്ന രാഞ്ജി ജെക്കോസ്റ്റയെ വിവാഹം കഴിക്കാൻ തീബ്സിലെ ജനങ്ങളുടെ സമ്മർദ്ദം ഈഡിപ്പസിന്മേൽ ഉണ്ടാവുകയും ചെയ്തു. അവരുടെ സ്‌നേഹനിർഭരമായ അഭ്യർത്ഥനയ്ക്ക് മുൻപിൽ വഴങ്ങേണ്ടി വന്ന കൊറിന്തിലെ രാജകുമാരൻ അങ്ങനെ തീബ്സിന്റെ രാജാവായി മാറി.
തീബ്സിലേക്കുള്ള വഴിമധ്യേ കാട്ടിൽ വെച്ച് ഈഡിപ്പസിനാൽ വധിക്കപ്പെട്ട ലായസ് ആയിരുന്നു ജാക്കോസ്റ്റയുടെ ഭർത്താവ്. വർഷങ്ങൾക്ക് മുൻപ് തന്റെ മകൻ തന്നെ വധിക്കുമെന്നും അമ്മയെ വേൾക്കുമെന്നുമുള്ള പുരോഹിത പ്രവചനം കേട്ട് തളർന്ന ലായസ് രാജാവ് തനിക്ക് ജാക്കോസ്റ്റയിൽ പിറന്ന പിഞ്ചുകുഞ്ഞിനെ കൈകാലുകൾ ബന്ധിച്ച ശേഷം കാട്ടിൽ കൊണ്ടുപോയി കൊന്നുകളയാൻ സേവകനോട് ആജ്ഞാപിച്ചിരുന്നു. പക്ഷേ ആ പിഞ്ചുകുഞ്ഞിനോട് അതിക്രമം കാണിക്കാൻ ദയാലുവായിരുന്ന ഭൃത്യന് കഴിയുമായിരുന്നില്ല. അങ്ങനെ കുഞ്ഞിനെ ഉപേഷിക്കപ്പെട്ടെങ്കിലും വധിച്ചില്ല.
ഉപേക്ഷിക്കപ്പെട്ട ആ കുഞ്ഞിനെ പിന്നീട് കൊറിന്തിലെ രാജാവായിരുന്ന പോളിബസും രാഞ്ജി മേരോപ്പിയും ചേർന്ന് സ്വന്തം കുഞ്ഞിനെ എന്നപോലെ എടുത്തുവളർത്തി. കൈകാലുകൾ ബന്ധിക്കപ്പെട്ടത് കൊണ്ട് കൈകാലുകളിൽ നീരുവീക്കം വെച്ചത് കാരണം, ആ അവസ്ഥയെ കുറിക്കുന്ന 'ഈഡിമ ' എന്ന ഗ്രീക്ക് പദത്തിൽ നിന്നും ആ കുഞ്ഞിന് ഈഡിപ്പസ് എന്ന പേര് നൽകപ്പെട്ടു. പിന്നീട് വിധിയുടെ ക്രൂരവിനോദത്തിൽ ഈഡിപ്പസ് സ്വന്തം അച്ഛനെ വധിക്കുകയും അമ്മയെ വേൾക്കുകയും ചെയ്തു. ആ ബന്ധത്തിൽ കുട്ടികളുണ്ടാവുകയും ചെയ്തു.
ഒരുനാൾ ആ രഹസ്യത്തിന്റെ മൂടുപടം അഴിഞ്ഞുവീഴുക തന്നെ ചെയ്തു. ആ ഭീകരസത്യത്തിന് മുൻപിൽ ജാക്കോസ്റ്റ രാഞ്ജി ഒരു തൂക്കുകയറിൽ ജീവിതമവസാനിപ്പിച്ചു. അറിയാതെയാണെങ്കിലും ചെയ്തുപോയ ആ മഹാപാതകത്തിന് സ്വന്തം കണ്ണുകൾ ചൂഴ്ന്നെടുത്തു കൊണ്ട് പ്രായശ്ചിത്തം ചെയ്തു ഈഡിപ്പസ്. സ്വന്തം മകൾ ആന്റിഗണിയുടെ സഹായത്തോടെ പത്തു കൊല്ലക്കാലം പാപഭാരത്തിൽ കാട്ടിലുഴറി നടന്നശേഷം ദുരിതപൂർണ്ണമായ ജീവിതത്തിനൊടുവിൽ ഈഡിപ്പസ് മരണത്തെ വരിക്കുകയാണ്. നല്ലൊരു വായനക്കാരൻ ഒരിക്കലും വിട്ടുപോകാൻ പാടില്ലാത്ത മഹത്തായ കൃതിയാണ് പ്രശസ്ത ഗ്രീക്ക് നാടകകൃത്തായ സോഫോക്ലിസിന്റെ ഈഡിപ്പസിന്റെ ദുരന്തകഥ വിവരിക്കുന്ന മൂന്ന് ഭാഗങ്ങളിലുള്ള ഗ്രന്ഥം.
![]() |
| സോഫോക്ലിസ് |
അറിയാതെ ചെയ്തുപോയ തെറ്റിന് കഠിനമായ പ്രായശ്ചിത്തം തന്നെയാണ് ഈഡിപ്പസ് ചെയ്തത്. എങ്കിലും ഈഡിപ്പസിന്റെ ആത്മാവിനെ മാത്രമല്ല മനുഷ്യരാശിയെ തന്നെ ആ ഗുരുതരാശാപം ഇന്നും വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. കാരണം സ്വന്തം മാതാവിനോട് തോന്നുന്ന ലൈംഗികാഭിനിവേശത്തെ ഇന്നും "ഈഡിപ്പസ് കോംപ്ലക്സ് " എന്നാണ് വിളിക്കപ്പെടുന്നത്. ലോകം കണ്ട മഹാനായ മനഃശാസ്ത്രജ്ഞന്മാരിൽ ഒരാളായ സിഗ്മണ്ട് ഫ്രോയ്ഡ് ചാർത്തികൊടുത്ത ആ നാമധേയം മനുഷ്യമനസിന്റെ നിഗൂഢതയിലേക്കാണ് വെളിച്ചം വീശിയത്. ഓരോ മനുഷ്യരിലും ഏറ്റക്കുറച്ചിലോടെ അതിന്റെ അനുരണനങ്ങൾ കാണാവുന്നതാണ്. സ്വന്തം പേരിലെ പാപത്തിന്റെ കറ വരും തലമുറകളിലേക്കും നീണ്ടു കിടക്കുന്നത് കൊണ്ട് ചിരജ്ജീവിയായി ഈഡിപ്പസ് ഇന്നും മനുഷ്യമനസുകളിൽ നാമറിയാതെ ജീവിക്കുന്നു.
(സ്ഫിങ്സിന്റെ ചരിത്രം തേടിയുള്ള യാത്ര അവസാനിക്കുന്നില്ല )



No comments:
Post a Comment