Thursday, December 26, 2019

സുനാമി ദുരന്തത്തിന് 15 വയസ്സ് 

തിരമാലകൾ ഉയർന്നത് 60 അടിയോളം, മരിച്ചത് 2.3 ലക്ഷത്തിലേറെപ്പേർ. കടലെടുത്തവരുടെ എണ്ണം ഇപ്പോഴും അജ്ഞാതം. തിരിച്ചറിയപ്പെടാതെ കിടക്കുന്ന മൃതദേഹങ്ങളും ഏറെ. ഇന്നും പല രാജ്യങ്ങളിലും മണ്ണിനടിയിൽ നിന്ന് സൂനാമിയുടെ ഭീകരശേഷിപ്പുകള്‍ മൃതദേഹങ്ങളായി കൈനീട്ടുന്നു. 2004 ഡിസംബർ 26നായിരുന്നു ഇന്ത്യൻ മഹാസമുദ്രത്തിന്റെ തീരത്തുള്ള രാജ്യങ്ങളിൽ സൂനാമി ആഞ്ഞടിച്ചത്. ഇനിയൊരിക്കൽ കൂടി ആവർത്തിക്കരുതെന്നു ലോകം പ്രാർഥിക്കുന്ന ദുരന്തത്തിന് 15 വയസ്സ്.
ഇന്തൊനീഷ്യയിലെ സുമാത്ര തീരത്തു നിന്നു മാറി കടലിൽ 9.3 തീവ്രതയിൽ രൂപപ്പെട്ട ഭൂകമ്പമായിരുന്നു രാക്ഷസത്തിരമാലകൾക്കു ജന്മം നൽകിയത്. ഇന്ത്യൻ മഹാസമുദ്രത്തോടു ചേർന്നുകിടക്കുന്ന ഇന്തൊനീഷ്യ, ശ്രീലങ്ക, ഇന്ത്യ, തായ്‌ലൻഡ്, മ്യാൻമർ, മാലദ്വീപ്, മലേഷ്യ, ബംഗ്ലദേശ് എന്നിവിടങ്ങളിലൊക്കെ ഇത് നാശനഷ്ടമുണ്ടാക്കി.
ഭൂകമ്പത്തിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ സൃഷ്ടിക്കപ്പെട്ട ഊർജപ്രവാഹത്തിൽ തിരകൾ 5000 കിലോമീറ്റർ അപ്പുറത്തുള്ള സൊമാലിയ, കെനിയ, ടാൻസനിയ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിൽവരെ എത്തിച്ചേർന്നിരുന്നു–ഹിരോഷിമയിൽ പ്രയോഗിച്ചതിനു സമാനമായ ഏകദേശം 23,000 അണുബോംബുകൾ ഒരുമിച്ചു പൊട്ടിയതിനു തുല്യമായ ഊർജമാണ് പുറത്തുവന്നതെന്ന് യുഎസ് ജിയോളജിക്കൽ സർവേ വ്യക്തമാക്കി.
ഓരോ ദിവസവും തീരത്തേക്ക് മൃതദേഹങ്ങൾ...
തിരയിൽപ്പെട്ട് ചില കടലോരഗ്രാമങ്ങൾ നിമിഷനേരം കൊണ്ട് പൂർണമായും ഇല്ലാതാക്കപ്പെട്ടു. ഇന്തൊനീഷ്യയിലെ വടക്കൻ ആച്ചെ പ്രവിശ്യയിലായിരുന്നു ഏറ്റവുമധികം മരണം– ഔദ്യോഗിക കണക്കുകൾ പ്രകാരം 1,28,858 പേർ. സൂനാമി പിന്മാറിയിട്ടും അവിടെ ഓരോ ദിവസവും കടലിൽ നിന്നു മൃതദേഹങ്ങൾ തീരത്തടിഞ്ഞുകൊണ്ടേയിരുന്നു. ഏറ്റെടുക്കാൻ ആളില്ലാതെ പലയിടത്തും മൃതദേഹങ്ങൾ കുന്നുകൂടി ജീർണിച്ചു കിടന്നു. ഇവ കൂട്ടത്തോടെയാണു മറവു ചെയ്തത്. കൃത്യമായ നടപടിക്രമങ്ങളില്ലാതെ മറവു ചെയ്ത ഈ മൃതദേഹങ്ങളിൽ പലതും ഇപ്പോഴും മണ്ണുമാറി പുറത്തുവരാറുണ്ട്.
പലരുടെയും ബന്ധുക്കളെ അന്വേഷിക്കാൻ പോലും അധികൃതർ തയാറായില്ല. അടുത്തിടെ ഒരു കുഴിമാടത്തിൽ കണ്ടെത്തിയ മൃതദേഹത്തിൽ നിന്നു ലഭിച്ച ഡ്രൈവിങ് ലൈസൻസ് ഏറെ വിവാദമുയർത്തിയിരുന്നു. വിലാസം ലഭിച്ചിട്ടും മൃതദേഹം കൂട്ടത്തോടെ സംസ്കരിച്ചവയിൽ ഉൾപ്പെടുത്തിയെന്നായിരുന്നു വിവാദം. ഏകദേശം 5.7 ലക്ഷം പേർക്ക് അവിടെ വീട് നഷ്ടപ്പെട്ടു. 1.79 ലക്ഷം കെട്ടിടങ്ങളും വീടുകളും തകർന്നു. തീരപ്രദേശം താറുമാറായത് ടൂറിസത്തെയും ബാധിച്ചു. അവശിഷ്ടങ്ങൾക്കു മുകളിലാണ് ഇന്നത്തെ ബാൻഡ ആച്ചെ നഗരം കെട്ടിപ്പൊക്കിയിരിക്കുന്നത്.
ശ്രീലങ്കയിൽ 40,000–ത്തോളം പേരാണു മരിച്ചത്. തായ്‌ലൻഡിൽ 5400ലേറെ പേരും. വിദേശ ടൂറിസ്റ്റുകളിലേറെയും ഇവിടെയാണു മരിച്ചത്. ഇന്ത്യയിൽ 42,000ത്തോളം പേർക്ക് വീട് നഷ്ടമായി. 16,000ത്തിലധികം ആളുകൾക്കാണ് ജീവൻ നഷ്ടപ്പെട്ടതായി കണക്കാക്കുന്നത്. ഇതിൽ 7,000 പേർ ആൻഡമാൻ നിക്കോബാർ ദ്വീപ് നിവാസികളാണ്. കേരളത്തിൽ സൂനാമി 170ഓളം പേരുടെ ജീവനെടുത്തു. 190 തീരദേശഗ്രാമങ്ങൾ തരിപ്പണമായി. 17,381 വീടുകൾ തിരമാലകളേറ്റ് തകർന്നുവീണു. സംസ്ഥാനത്തെ ആറു ജില്ലകളിലെ നാലുലക്ഷം കുടുംബങ്ങളെയാണ് സൂനാമി ബാധിച്ചത്. ആലപ്പുഴ, എറണാകുളം, കൊല്ലം




തീരങ്ങളിലാണ് കടലാക്രമണം രൂക്ഷമായത്.
തെങ്ങോളം ഉയരത്തിൽ തിര!
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിൽ അഴീക്കൽ, ആലപ്പാട്, ആയിരംതെങ്ങ്, ക്ലാപ്പന ഭാഗങ്ങളിൽ തിരമാലകൾ കനത്ത നാശം വിതച്ചു. കൊല്ലത്ത് 61 കുട്ടികൾ അടക്കം 130 പേരാണ് മരിച്ചത്. ആലപ്പുഴയിൽ 35–ഉം എറണാകുളത്ത് അഞ്ചും ആളുകൾ മരിച്ചു. കണ്ണൂർ തീരത്തും കടലാക്രമണം ഉണ്ടായി. തീരങ്ങളിൽ പലയിടത്തും അര കിലോമീറ്റർ മുതൽ രണ്ടു കിലോമീറ്റർ വരെ കടൽ കരയിലേക്കു കയറി. ആലപ്പുഴയിൽ അന്ധകാരനഴിയിലും ആറാട്ടുപുഴയിലും കടൽ നാശം വിതച്ചു. കേരളമൊട്ടാകെ 1,358 കോടി രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്!
കൊല്ലം ജില്ലയിൽ ആലപ്പാട്, അഴീക്കൽ മേഖലകളിലെ തീരങ്ങളെയാണ് സൂനാമിത്തിരകൾ ഏറ്റവും രൂക്ഷമായി ആക്രമിച്ചത്. രാവിലെ 10 മുതൽ ഉച്ചതിരിഞ്ഞ് മൂന്നര വരെ കൊല്ലത്തെ തീരപ്രദേശങ്ങളിൽ ശക്തമായ കടലാക്രമണം ഉണ്ടായി. ഉച്ചയ്ക്ക് 12.30 നാണ് അഴീക്കലിൽ സൂനാമിത്തിര പ്രത്യക്ഷപ്പെട്ടത്. പതിനഞ്ചു മിനിറ്റോളം ഒന്നിനു പിറകെ ഒന്നായി ശക്തിയായ തിരകൾ. ഒരു മണി ആയപ്പോഴേക്കും കടൽ ഒരു കിലോമീറ്ററോളം ഉള്ളിലേക്കു വലിഞ്ഞു. പണ്ടുകാലത്ത് നിർമിച്ച കടൽഭിത്തികൾ നിരനിരയായി കാണാവുന്ന തരത്തിലായിരുന്നു കടലിന്റെ ഇറങ്ങിപ്പോക്ക്.
കടൽ ഉൾവലിഞ്ഞതു കാണാനും കടൽ പിന്മാറിയപ്പോൾ തീരത്തടിഞ്ഞ മീൻ പെറുക്കാനുമായി ധാരാളം ആളുകൾ കടൽത്തീരത്തേക്ക് വന്നു. ഏതാനും മിനിറ്റുകൾ കഴിഞ്ഞപ്പോൾ തീവണ്ടി കടന്നു പോകുന്നതു പോലെ കാതടപ്പിക്കുന്ന ശബ്ദമുയർന്നു. എന്താണ് സംഭവിക്കുന്നതെന്നറിയാതെ തീരദേശവാസികൾ അമ്പരന്നുനിൽക്കുമ്പോൾ കടൽ ഒരു തെങ്ങോളം ഉയരത്തിൽ കരയിലേക്ക് പാഞ്ഞുകയറി. കടൽജലം തിരമാലകളായി മറിയാതെ ഒരേ നിരപ്പിലാണ് കരയിലേക്ക് ആർത്തലച്ചെത്തിയത്. പിന്തിരിഞ്ഞ് ഓടിയവരുടെ മുക‌ളിലേക്ക് കടൽ വന്നുപതിച്ചു.
കടലിനെയും കായലിനെയും വേർതിരിച്ചുകൊണ്ട് ഒരു കിലോമീറ്റർ വീതിയിലും പതിനെട്ടു കിലോമീറ്ററോളം നീളത്തിലും കിടക്കുന്ന ഭൂപ്രദേശമാണ് ആലപ്പാട്. ആലപ്പാട്ടുകരയെ മറികടന്ന കടൽ, കായൽ വരെയെത്തി. അഞ്ചുമീറ്റർ ഉയരത്തിൽ ഉയർന്ന തിരകൾ കരയിൽനിന്നവരെ കായലിൽ കൊണ്ടുചെന്ന് തള്ളി. മരങ്ങളിലും മറ്റും പിടിച്ചുകിടന്നാണ് പലരും രക്ഷപ്പെട്ടത്. വളർത്തുമൃഗങ്ങൾ മിക്കതും കടലാക്രമണത്തിൽ ഒഴുകിപ്പോയി.
വീടുകൾ, മത്സ്യബന്ധന ബോട്ടുകൾ, വലകൾ, വീട്ടുപകരണങ്ങൾ എന്നിങ്ങനെ മനുഷ്യൻ ഉണ്ടാക്കിയ സകലതും കടലിലെത്തിച്ച കൂറ്റൻ തിരമാലകൾ കരയ്ക്കു കയറ്റിവച്ചിരുന്ന ബോട്ടുകളെ കാൽ കിലോമീറ്റർ അകലേക്ക് തള്ളിനീക്കി. കടൽഭിത്തി കെട്ടിയിരുന്ന കൂറ്റൻ കരിങ്കല്ലുകൾ 150 മീറ്റർ ദൂരേക്ക് തെറിച്ചുപോയി. തിര പിൻവാങ്ങിയപ്പോൾ കടൽത്തീരത്തെ റോഡിൽ നാല് അടിവരെ ഉയരത്തിൽ കരിമണൽ നിക്ഷേപിക്കപ്പെട്ടു. ഏറെ നാളുകൾക്ക് ശേഷമാണ് ഇവിടെ ജനജീവിതം സാധാരണനിലയിലായത്.
സൂനാമിയുമായി ബന്ധപ്പെട്ട് ഒരു മുന്നറിയിപ്പും ലഭിക്കാതിരുന്നതാണ് 2004ലെ ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. അതിൽ നിന്നു പാഠം ഉൾക്കൊണ്ട് ഭൂകമ്പ–സൂനാമി മുന്നറിയിപ്പ് സംവിധാനത്തിനായി 28 രാജ്യങ്ങളിൽ ഏകദേശം 40 കോടി ഡോളറാണ് ചെലവാക്കിയിരിക്കുന്നത്. ഇവയിൽ പലതും പ്രവർത്തിക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്. അറ്റകുറ്റപ്പണി നടത്താത്തതിനാൽ പല ഉപകരണങ്ങളും കടലിൽ നശിച്ച അവസ്ഥയിലാണെന്നും വിദഗ്ധര്‍ പറയുന്നു.

No comments:

Post a Comment