Monday, December 23, 2019

ചാവേറുകളുടെ ചരിത്രം


‘ചാവാളരെപ്പോല്‍ നീയകലപ്പോവൂ
ചങ്ങാതം വേണം പെരികയിപ്പോള്‍’

ആയിരം വര്‍ഷം മുന്‍പ് എഴുതിയ ‘പയ്യന്നൂര്‍ പട്ടോല’യിലെ വരികളാണിത്. പറഞ്ഞിരിക്കുന്നത് ‘ചാവേര്‍ പടയാളി’കളെക്കുറിച്ച്. ‘ജയമില്ലെങ്കില്‍ ജീവിതം വേണ്ട’ എന്നു പറഞ്ഞ് പോരിനിറങ്ങുന്ന ചാവേര്‍ പടയാളികളുടെ ചരിത്രത്തിന് കേരളത്തില്‍ ഒരു സഹസ്രാബ്ദത്തിലേറെ പഴക്കമുണ്ടെന്ന നിഗമനം ശരിവെയ്ക്കുന്നു ഈ വരികള്‍. ലോകത്തില്‍ത്തന്നെ ചാവേര്‍പ്പടയാളികള്‍ ഉദയം ചെയ്തത് കേരളത്തിലായിരുന്നുവെന്ന വസ്തുതയിലേക്കും ഇത് വിരല്‍ ചൂണ്ടുന്നു. മാത്രമല്ല, തുര്‍ക്കികള്‍ തങ്ങളുടെ ചാവേര്‍ സംഘമായ ‘ജാനിസറി’കളേയും ഈജിപ്റ്റുകാര്‍ അവരുടെ ‘മാമെലൂക്ക്’ എന്ന ചാവേര്‍ പോരാളികളേയും വാര്‍ത്തെടുത്തത് കേരളത്തിലെ ഈ ചാവേര്‍ പടയാളികളെ പകര്‍ത്തിയായിരുന്നു. യുദ്ധത്തടവുകാരായ ക്രിസ്ത്യാനികളെ ഉള്‍പ്പെടുത്തിയാണ് തുര്‍ക്കികള്‍ ചാവേര്‍ പടയാളി സംഘം ഉണ്ടാക്കിയത്. ജയിച്ചു വന്നാല്‍ തടവില്‍ നിന്ന് മോചനം വാഗ്ദാനം നല്‍കിയായിരുന്നു ജാനിസറികളെ പോരിന് അയച്ചത്. എ.ഡി. 15-ാം നൂറ്റാണ്ടിലാണ് ഈ രണ്ടു ചാവേര്‍ പടയാളി സംഘങ്ങള്‍ ജന്മം കൊണ്ടത്.
കേരളത്തില്‍ ചാവേര്‍ പടയാളികളുടെ പോരാട്ടവീര്യം നമ്മള്‍ ഏറ്റവും കൂടുതല്‍ കേട്ടിരിക്കുന്നത് ‘മാമാങ്ക’വുമായി ബന്ധപ്പെട്ടാണ്. സാമൂതിരിയെ വക വരുത്തുക എന്ന വള്ളുവക്കോനാതിരിയുടെ ആഗ്രഹസാഫല്യത്തിനാണ് ഇവര്‍ മരണം തൃണവല്‍ഗണിച്ച്‌ പോരിനിറങ്ങിയത്. അതിനു മുന്നേ ഇവിടെ ചാവേര്‍ പടയാളികള്‍ ഉണ്ടായിരുന്നതായി ‘പയ്യന്നൂര്‍ പട്ടോല’, ‘ചോളപുരം ശാസനം’, ചില പ്രാചീന തമിഴ് സാഹിത്യകൃതികള്‍, ‘തിരുവടി രേഖകള്‍’ എന്നിവ വ്യക്തമാക്കുന്നു.
ചരിത്രപണ്ഡിതരായ പ്രൊഫ. രാഘവ അയ്യങ്കാറും ഇളംകുളം കുഞ്ഞൻ പിള്ളയും ഇവയില്‍ ഏറ്റവും പഴക്കം കല്‍പ്പിക്കുന്നത്, അവയില്‍ നിന്ന് അവര്‍ക്ക് മനസ്സിലായത് ചാവേര്‍ പടയാളികളുടെ ഉദയം നടന്നത് ഇന്നത്തെ ‘കൊടുങ്ങല്ലൂർ’ ആയ പഴയ ‘മഹോദയപുര’ത്താെണന്നാണ്. അതിന് അവര്‍ കാരണമായി ചൂണ്ടികാട്ടുന്നത് ചേര-ചോള യുദ്ധങ്ങളെയും. ചോളപുരം ശാസനത്തില്‍ കുലോത്തുംഗ ചോളന്റെ കാലത്ത് മഹോദയപുരത്തെ ചാവേറ്റുപട അവരുമായി ഏറ്റുമുട്ടി വീരചരമമടഞ്ഞ പരാമര്‍ശങ്ങളുണ്ട്.
എ.ഡി. 1070-1120 ആയിരുന്നു കുലോത്തുംഗ ചോളന്റെ ഭരണകാലം. കുലോത്തുംഗ ചോളന് മുന്‍പുണ്ടായിരുന്ന രാജരാജ ചോളന്റെ (എ.ഡി. 985-1014) കാലത്താണ് മഹോദയപുരത്ത് ചാവേറുകള്‍ ഉണ്ടായതെന്ന്് ഇളംകുളം കുഞ്ഞൻ പിള്ള അഭിപ്രായപ്പെടുന്നു. ചോളശക്തി ഉച്ചകോടിയിലെത്തിയത് ഇദ്ദേഹത്തിന്റെ കാലത്തായിരുന്നു. ‘ആയി’ രാജവംശത്തിലേതടക്കമുള്ള രാജാക്കന്മാരെ തകര്‍ത്ത് ‘നാഞ്ചിനാട്’ ഉള്‍പ്പെടെ പാണ്ഡ്യരാജ്യത്തെ കീഴടക്കി ദക്ഷിണേന്ത്യയില്‍ ഏറ്റവും വലിയ ശക്തിയായി രാജരാജ ചോളൻ മാറിയപ്പോഴും അദ്ദേഹത്തിന് ഭീഷണിയായി ‘മഹോദയപുര’വും അവിടത്തെ ചേര രാജാക്കന്‍മാരും ഉണ്ടായിരുന്നു.
ദക്ഷിണേന്ത്യയില്‍ ചോളശക്തിക്ക് കീഴ്‌പ്പെടാത്ത ചേരന്മാര്‍ ഒമ്പതും പത്തും നൂറ്റാണ്ടുകളില്‍ പ്രബല സൈനിക ശക്തിയായി വളര്‍ന്നു. ഇക്കാലത്ത് ചോളന്മാര്‍ക്കെതിരായ യുദ്ധങ്ങളില്‍ ആയ് രാജാക്കന്മാരെയും പാണ്ഡ്യരേയും എന്തിന്, സിംഹള രാജാവിനെപ്പോലും സൈനികമായി മഹോദയപുരത്തെ കുലശേഖര പെരുമാള്‍മാര്‍ സഹായിച്ചിരുന്നു. ഇത് ചോളന്മാര്‍ക്ക് മഹോദയപുരത്തോട്‌ ഉണ്ടായിരുന്ന ശത്രുത വര്‍ധിപ്പിച്ചു. എ.ഡി. ആയിരത്തിനടുത്ത് ഇരുവരും തമ്മില്‍ യുദ്ധം പൊട്ടിപുറപ്പെട്ടു. ഒരു നൂറ്റാണ്ടോളം നീണ്ടുനിന്നു പോരാട്ടങ്ങള്‍. തുല്യ ശക്തികളുടെ പോരാട്ടമായതിനാല്‍ ജയപരാജയങ്ങള്‍ മാറിമറിഞ്ഞുകൊണ്ടിരുന്നുവെങ്കിലും മഹോദയപുരത്തിന് അവസാനം കാലിടറിത്തുടങ്ങി. അവസരം മുതലെടുത്ത ചോളന്മാര്‍ തെക്കുനിന്ന് വടക്കോട്ട് അന്തിമ സൈനികനീക്കം ആരംഭിച്ചു. കാന്തളൂരും അവിടത്തെ സര്‍വകലാശാലയും വിഴിഞ്ഞം തുറമുഖവും ഈ ആക്രമണത്തില്‍ തകര്‍ന്നു. വടക്കോട്ട് നീങ്ങി മഹോദയപുരത്തെ ആക്രമിച്ച അവര്‍ ഇവിടത്തെ നക്ഷത്രബംഗ്ലാവും രാജകീയ സൗധങ്ങളും അഗ്നിക്കിരയാക്കി.
പരാജയപ്പെട്ടെങ്കിലും കീഴടങ്ങാന്‍ ആത്മാഭിമാനികളായ മഹോദയപുരത്തെ പടയാളികള്‍ തയ്യാറായിരുന്നില്ല. അവര്‍ വിജനപ്രദേശങ്ങളില്‍ തമ്പടിച്ച് സൈനികശക്തി കൂട്ടി. ‘ജയിച്ചേ മടങ്ങൂ, അല്ലെങ്കില്‍ പടക്കളത്തില്‍ മരണം’ എന്ന വികാരം അവരിലേക്ക് ആവേശിക്കപ്പെട്ടു. ചേര രാജാവായിരുന്ന രാമവര്‍മ കുലശേഖരപ്പെരുമാള്‍ ആണ് ഇതിന് നേതൃത്വം നൽകിയത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സുശക്തമായ ഒരു ചാവേര്‍ സംഘം തെക്കോട്ട് നീങ്ങി. കൊല്ലവര്‍ഷം 275-ല്‍ ഈ ചാവേറുകള്‍ ആക്രമണമാരംഭിച്ചതായി ഇളംകുളം കുഞ്ഞൻ പിള്ള അദ്ദേഹത്തിന്റെ ‘കേരള ചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകള്‍’ എന്ന പുസ്തകത്തില്‍ പറയുന്നു. കൊല്ലം മുതല്‍ കോട്ടാര്‍ വരെയുള്ള തെക്കന്‍ നാടുകളില്‍ കടന്ന ഇവര്‍ ചോള സൈന്യത്തെ വെട്ടിവീഴ്ത്തി ആ പ്രദേശങ്ങള്‍ സ്വന്തമാക്കി. 296-ല്‍ നാഞ്ചിനാടും മഹോദയപുരത്തെ ചാവേറുകളുടെ പിടിയിലമര്‍ന്നു. ചേര-ചോള യുദ്ധത്തിന് അറുതിവരുത്തി, ചാവേറുകളുടെ ഈ വിജയങ്ങള്‍.
കൊടുങ്ങല്ലൂരിന്റെ മണ്ണില്‍ രൂപംകൊണ്ട ചാവേറുകള്‍ കൊച്ചിയുടെ ചരിത്രത്തിലേക്കും പടർന്നു കയറിയിട്ടുണ്ട്. 1504-ല്‍ ഇടപ്പള്ളിയില്‍ വെച്ച് കൊച്ചിയും കോഴിക്കോടും തമ്മില്‍ നടന്ന യുദ്ധത്തില്‍ രാജാവുള്‍പ്പെടെ മൂന്ന് കൊച്ചിത്തമ്പുരാക്കന്മാര്‍ മരണമടഞ്ഞു. ഇതറിഞ്ഞ രാജാവിന്റെ ഇരുന്നൂറ് ചാവേര്‍പ്പടയാളികള്‍ തലയും പുരികവും വടിച്ച് യുദ്ധത്തിന് പുറപ്പെട്ടു. കണ്ണില്‍ക്കണ്ടവരെയെല്ലാം വെട്ടിനുറുക്കി മുന്നേറിയ അവരില്‍ ഇരുപതുപേര്‍ കോഴിക്കോടിന്റെ പ്രാന്തപ്രദേശങ്ങളില്‍ വരെയെത്തി. ഒടുവില്‍ സാമൂതിരിയുടെ പടയാളികള്‍ വക വരുത്തുംവരെ, അഞ്ചു വര്‍ഷത്തോളം ആ ചാവേര്‍ യോദ്ധാക്കളുടെ പോരാട്ടം നീണ്ടുനിന്നു. ഇവരുടെ ധൈര്യം കണ്ട് അദ്‌ഭുതപ്പെട്ട സാമൂതിരിയും ഉണ്ടാക്കി സ്വന്തമായൊരു ചാവേര്‍പട. 1510-ല്‍ കോഴിക്കോട് നിന്ന് പോര്‍ച്ചുഗീസുകാരെ തോല്‍പ്പിച്ചോടിച്ചത് ഈ ചാവേര്‍ പടയായിരുന്നു.
1550-ല്‍ വടക്കുംകൂര്‍ രാജാവുമായി കൊച്ചി വടുതലയില്‍ വെച്ച് പോര്‍ച്ചുഗ്രീസുകാര്‍ ഏറ്റുമുട്ടി. രാജാവ് യുദ്ധത്തില്‍ മരിച്ച വിവരം അറിഞ്ഞ് അദ്ദേഹത്തിന്റെ ചാവേറുകള്‍ പോര്‍ച്ചുഗീസുകാരുടെ മേല്‍ ചാടിവീണ് വാള്‍ വീശി. നിമിഷംനേരം കൊണ്ട് പോര്‍ച്ചുഗീസ് സൈന്യം മൂന്നിലൊന്നായി ശേഷിച്ചു. ഇതോടെ അവര്‍ പാലായനം ചെയ്തു.
പോര്‍ച്ചുഗീസുകാരെ സഹായിച്ചതിന് ചാവേറുകള്‍ കൊച്ചിയുടെ നേര്‍ക്ക് ആക്രമണമഴിച്ചുവിട്ടു. ഇന്നത്തെ ഫോര്‍ട്ടുകൊച്ചി ഉള്‍പ്പെടുന്ന പട്ടണത്തെ മുച്ചൂടും തകര്‍ത്ത അവര്‍ ‘കൊച്ചിക്കോട്ട’യ്ക്ക്‌ ഉള്ളില്‍ അഭയം തേടിയ പോര്‍ച്ചുഗീസുകാരെയും കൊച്ചി രാജാവിനേയും തേടിയെത്തി. ഒടുവില്‍ രാജാവിനെ വധിച്ചാണ് അവര്‍ കലിയടക്കിയത്. തീ തുപ്പിയ പോര്‍ച്ചുഗീസ് പീരങ്കികളെ മറികടന്നായിരുന്നു അവര്‍ കോട്ടയ്ക്കുള്ളില്‍ കടന്നത്.
1784-ല്‍ ‘ആയക്കോട്ട’യില്‍ നടന്ന യുദ്ധത്തില്‍ ടിപ്പുവിനെ നേരിട്ട തിരുവിതാംകൂര്‍ സൈന്യത്തോടൊപ്പം അവരുടെ സ്വന്തം ചാവേർ പടയും ഉണ്ടായിരുന്നു. കോട്ട പിടിക്കാനുള്ള ടിപ്പുവിന്റെ ശ്രമം പരാജയപ്പെട്ടതിന് കാരണം ഈ ചാവേറുകളായിരുന്നു. സൈനികരുടെ വലിയൊരു ഭാഗത്തെ നഷ്ടപ്പെട്ട ടിപ്പുവിന് മുറിവുമേറ്റു. ഈ യുദ്ധത്തില്‍ മരിച്ചുവീണ ചാവേറുകളുടെ കുടുംബത്തിന് ‘ചാവറ്റുവിരുത്തി’ എന്ന പേരില്‍ വസ്തുവകകള്‍ തിരുവിതാംകൂര്‍ രാജാവായിരുന്ന ധര്‍മരാജാവ് പാരിതോഷികമായി നല്‍കി. പല ആധാരങ്ങളിലും ഇനം പട്ടികയില്‍ ‘ചാവേറ്റുവിരുത്തി’ എന്ന് കാണുന്നത് ഈ വിധം ലഭിച്ച വസ്തുക്കളാണ്.
ചങ്ങാതം’ എന്ന പേരില്‍ ചാവേറുകളുടെ സംഘങ്ങളും കൊച്ചി-തിരുവിതാംകൂര്‍ ചരിത്രങ്ങളിലുണ്ട്. ക്രമസമാധാന പാലനമായിരുന്നു ചങ്ങാതങ്ങളുടെ ചുമതല. പല പ്രമുഖ ക്ഷേത്രങ്ങളുടെയും സംരക്ഷണം ചങ്ങാതങ്ങള്‍ക്കായിരുന്നു. ബ്രിട്ടീഷ് ഭരണം കേരളത്തില്‍ പിടിമുറുക്കിയതോടെ നാട്ടുരാജ്യങ്ങള്‍ ഇല്ലാതായി. ചാവേര്‍ പടായാളികള്‍ക്ക് ഇതോടെ വംശനാശമുണ്ടായി


കടപ്പാട്

No comments:

Post a Comment