Sunday, December 22, 2019

മാമാങ്കം; കൊല്ലാനും മരിക്കാനും തയാറായി വരുന്ന ചാവേറ്റുപട !
നാടിന്റെ മഹോത്സവം
ഭാരതപ്പുഴയുടെ തീരത്തെ തിരുനാവായ മണപ്പുറത്ത് 12 വർഷത്തിലൊരിക്കൽ നടന്നിരുന്ന മഹത്തായ ഉത്സവം മാമാങ്കം എന്നറിയപ്പെട്ടു. കലാ–കായിക പ്രകടനങ്ങളാലും കാർഷിക, വ്യാപാര മേളകളാലും സാംസ്കാരിക പരിപാടികളാലും സമ്പന്നമായിരുന്നു മാമാങ്കം. വ്യാപാര സാമഗ്രികളുമായി നാനാദേശങ്ങളിൽ നിന്നു കച്ചവടക്കാരും അഭ്യാസികളും കലാകാരൻമാരുമെല്ലാം മാമാങ്ക വേദിയിലെത്തും. ഒരുമാസത്തോളം നീളുന്ന ആഘോഷങ്ങൾ. മാഘമാസത്തിലെ(ശകവർഷം) മകം നാളിൽ നടക്കുന്നതിൽ നിന്നാണ് ഈ പേരുവന്നതെന്ന് ചില ചരിത്രകാരന്മാർ പറയുന്നു. ‘മാഘത്തിലെ മകം’ ചുരുങ്ങി മാമാങ്കം ആയി. മഹത്തായ ബലി എന്നർഥം വരുന്ന ‘മഹാമഘം’ എന്ന വാക്കിൽ നിന്നാണു മാമാങ്കം ഉണ്ടായതെന്നു വില്യം ലോഗന്റെ ‘മലബാർ മാന്വലി’ൽ പറയുന്നു.
ഭാരതപ്പുഴ 
കനലായി വീര്യം




ചേരരാജാക്കന്മാരുടെ കാലത്ത് മാമാങ്കം ആഘോഷിച്ചിരുന്നതായി പ്രാചീന തമിഴ് കൃതികളിൽ കാണാം. അവസാനത്തെ ചേര രാജാവ് മാമാങ്കത്തിനുള്ള അവകാശം വള്ളുവനാട്ടിലെ രാജാവായ വെള്ളാട്ടിരിക്കു നൽകി. എന്നാൽ സാമൂതിരിക്കു പണ്ടേ വള്ളുവനാട്ടിലും മാമാങ്കത്തിലും കണ്ണുണ്ടായിരുന്നു. പലതവണ കൊമ്പുകോർത്തെങ്കിലും സാമൂതിരിയുടെ സൈന്യം തോറ്റു. പക്ഷേ, ഒടുവിൽ പെരുമ്പടപ്പുമായി ചേർന്ന് സാമൂതിരി വള്ളുവനാട്ടരചനെ പരാജയപ്പെടുത്തി. സാമൂതിരി മാമാങ്കത്തിന്റെ രക്ഷാപുരുഷ സ്ഥാനം കയ്യടക്കി. ആ രക്ഷാപുരുഷ സ്ഥാനം തിരിച്ചു പിടിക്കാനുള്ള പോരാട്ടത്തിലായിരുന്നു വള്ളുവക്കോനാതിരിയുടെ പടയാളികൾ.
ഒരേയൊരു ലക്ഷ്യം
അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ മാമാങ്കത്തറയിൽ നിന്നാണു ചാവേറുകൾ തിരുനാവായയിലെ മാമാങ്ക ഭൂമിയിലേക്കുള്ള ആത്മാഭിമാന പ്രചോദിതമായ യാത്ര തുടങ്ങുന്നത്. മാമാങ്കത്തറ പിന്നീട് ചാവേർത്തറ എന്നപേരിൽ അറിയപ്പെട്ടു. വള്ളുവക്കോനാതിരിക്കു വേണ്ടി കൊല്ലാനും മരിക്കാനും തയാറായ പടയാളി സംഘമാണ് ചാവാളർ അഥവാ ചാവേറുകൾ. സാമൂതിരിയെ വധിച്ച് മാമാങ്കത്തിന്റെ രക്ഷാപുരുഷസ്ഥാനം വള്ളുവക്കോനാതിരിക്കു തിരികെ നൽകുകയാണ് അവരുടെ യാത്രാലക്ഷ്യവും ജീവിതലക്ഷ്യവും. തിരുമാന്ധാംകുന്നിലെത്തി പ്രാർഥിച്ച് അനുഗ്രഹം വാങ്ങി ചാവേറുകൾ സംഘങ്ങളായി തിരുനാവായയിലേക്കു പോകും.
പുതുമന തറവാട്
ചാവേറുകൾക്ക് അവസാന ഭക്ഷണം നൽകിയിരുന്നത് പുതുമന തറവാട്ടിൽവച്ചാണ്. നൂറുകണക്കിനു ചാവേറുകളെ സംഭാവന ചെയ്ത തറവാടാണത്. ഉപ്പും വെളിച്ചെണ്ണയും ചേർത്തുകുഴച്ച ഒരുപിടി ചോറ് ചാവേറിന്റെ വായിൽ വച്ചുകൊടുത്തുകൊണ്ട് ജയിച്ചുവരൂവെന്ന് പുതുമന അമ്മ അവരെ അനുഗ്രഹിക്കുന്നു. തുടർന്ന് അവർ തിരുനാവായ മണപ്പുറത്തേക്കു പുറപ്പെടുന്നു.
വീരാഞ്ചിറ ഗ്രാമം
വള്ളുവനാട് കോനാതിരിയുടെ പ്രതികാര സൈന്യമായ ചാവേറ്റുപട വിശ്രമിക്കാനെത്തുന്നയിടമാണ് തിരുനാവായയ്ക്കടുത്തുള്ള വീരാഞ്ചിറ ഗ്രാമം. വീരാഞ്ചിറയിലെ താമരപ്പൂക്കൾ വിരിഞ്ഞുനിൽക്കുന്ന കുളക്കരയിലിരുന്ന് അവർ സാമൂതിരിക്കെതിരായ യുദ്ധതന്ത്രങ്ങൾ മെനയും. പിറ്റേന്നു പ്രഭാതത്തിൽ നിലപാടുതറയിൽ കോനാതിരിയെ വെല്ലുവിളിച്ചുകൊണ്ടുനിൽക്കുന്ന സാമൂതിരിയുടെ നേർക്കു പാഞ്ഞടുക്കും.
നിലപാട്തറ 
നിലപാടുതറ
മാമാങ്കത്തിന് ഏറെ മുൻപുതന്നെ നിളാനദിയുടെ തീരങ്ങളിൽ ഉയർന്ന തറകൾ പണിയും. 40 അടിയോളം ഉയരത്തിൽ സാമൂതിരിക്കു നിലപാട് നിൽക്കാൻ വേണ്ടി നിർമിക്കുന്ന തറയാണ് ഇതിൽ പ്രധാനം. ഇതാണ് നിലപാടുതറ. നിലപാടുതറയിൽ തിരുമെയ്ക്കുപ്പായവും തിരുമുടിത്തൊപ്പിയും അണിഞ്ഞുനിന്നാണ് സാമൂതിരി മാമാങ്കത്തിന് അധ്യക്ഷസ്ഥാനം വഹിക്കുന്നത്. മങ്ങാട്ടച്ചൻ, തിനയഞ്ചേരി ഇളയത്, ധർമോത്തു പണിക്കർ, പാറനമ്പി എന്നീ മന്ത്രിമാരും മറ്റു സൈന്യാധിപരും സാമൂതിരിക്കൊപ്പമുണ്ടാകും. കീഴടങ്ങിയ അയൽനാട്ടുകാർ അടിമക്കൊടി കൊടുത്തയയ്ക്കും. വള്ളുവനാട്ടിൽനിന്നുമാത്രം അടിമക്കൊടിക്കു പകരം ചാവേറുകൾ ആർത്തിരമ്പിയെത്തും.
ചാവേറ്റുപട
സാമൂതിരി തിരുനാവായ പിടിച്ചെടുത്തു മാമാങ്കം നടത്താനുള്ള അധികാരം നേടിയെടുത്തശേഷം എല്ലാവർഷവും വള്ളുവക്കോനാതിരി പോരാളികളുടെ ഒരു സംഘത്തെ മാമാങ്കവേദിയിലേക്ക് അയയ്ക്കുമായിരുന്നു. കൊല്ലാനും മരിക്കാനും തയാറായി വരുന്ന പൊയ്ത്തുവീരൻമാരുടെ സംഘത്തെ ചാവേറ്റുപട എന്നു വിളിക്കുന്നു. ചാവേറ്റുപടയുടെ നേതൃത്വം വള്ളുവനാട്ടിലെ നാലു പടനായർ കുടുംബങ്ങൾക്കായിരുന്നു. ചന്ത്രത്തിൽ പണിക്കർ, പുതുമന പണിക്കർ, കോവിൽക്കാട്ട് പണിക്കർ, വേർക്കോട്ട് പണിക്കർ എന്നിവരായിരുന്നു അവർ. സാമൂതിരിയുമായുള്ള യുദ്ധങ്ങളിൽ കൊല്ലപ്പെട്ടതിന്റെയും പരുക്കേറ്റതിന്റെയും കുടിപ്പക കനലായി ഉള്ളിൽ സൂക്ഷിക്കുന്നവരായിരുന്നു ഈ നാലു കുടുംബങ്ങളും. ആൺകുട്ടികൾ ജനിച്ചുവീഴുമ്പോൾതന്നെ തിരുമാന്ധാംകുന്നിൽ നടയിരുത്തി ചാവേറാക്കിമാറ്റുന്ന ചടങ്ങുകളും നടന്നിരുന്നു.
ചങ്ങമ്പള്ളിക്കളരിയും പട്ടിണിത്തറയും
മാമാങ്കസമയത്തു ചാവേറുകളിൽ നിന്ന് പരുക്കേൽക്കുന്ന ഭടൻമാരുടെ ചികിത്സയ്ക്കായി നിർമിക്കപ്പെട്ടതാണു ചങ്ങമ്പള്ളിക്കളരി. തിരുനാവായയിൽ ചങ്ങമ്പള്ളിക്കളരി ഇപ്പോഴുമുണ്ട്. അഞ്ചുനൂറ്റാണ്ടോളം സാമൂതിരി മാമാങ്കത്തിന്റെ രക്ഷാപുരുഷ സ്ഥാനം വഹിച്ചെങ്കിലും ഒരിക്കൽപോലും ഒരു ചാവേറിനും സാമൂതിരിയെ കൊല്ലാൻ സാധിച്ചില്ല. പോരാട്ടത്തിനിടയിൽ എല്ലാ ചാവേറുകളും വെട്ടേറ്റുമരിച്ചിരുന്നു. എന്നാൽ യുദ്ധത്തിൽ മുറിവേറ്റവരും ജീവൻ പോകാത്തവരുമായ ചാവേറുകളെ പട്ടിണിക്കിട്ടു വധിക്കുകയായിരുന്നു ചെയ്തിരുന്നത്. പട്ടിണിത്തറ എന്നാണ് ഈ സ്ഥലം അറിയപ്പെട്ടത്.
1695 മാമാങ്കവേദി.
ചന്ത്രത്തിൽ ചന്തുണ്ണിയും സംഘവും സാമൂതിരിയുടെ സുരക്ഷാഭടന്മാ‍രെ കീഴടക്കി മുന്നോട്ടു കുതിച്ചു. നിലപാടുതറയിൽ സാമൂതിരിയുടെ അടുത്തെത്തിയ ചന്തുണ്ണി സാമൂതിരിയെ വെട്ടാൻ ശ്രമിച്ചെങ്കിലും സുരക്ഷാഭടൻ നിലവിളക്കുകൊണ്ട് അതു തടുത്തു. സാമൂതിരി ഒഴിഞ്ഞുമാറുകയും ചെയ്തു. അടുത്ത നിമിഷം പിന്നിൽനിന്നു വെട്ടേറ്റ് ചന്തുണ്ണി പിടഞ്ഞുവീണു.
മണിക്കിണർ 
മണിക്കിണർ
ചന്തുണ്ണിയെയും ഒപ്പമെത്തിയ ചാവേറുകളെയും മണിക്കിണറിലിട്ടു മൂടുകയാണ് ചെയ്തത്. തുടർന്ന് ആനകളെക്കൊണ്ട് ചവിട്ടി നിരപ്പാക്കി.
മാമാങ്കം കഴിയുന്നു
മൈസൂർ ഭരണാധികാരിയായിരുന്ന ഹൈദരലി മലബാർ ആക്രമിച്ചു കീഴടക്കിയതോടെ മാമാങ്കവും അവസാനിച്ചു. അധികാരം നഷ്ടപ്പെട്ടതോടെ സാമൂതിരിയുടെയും കോനാതിരിയുടെയും കുടിപ്പകയും അവസാനിച്ചു. 1755ൽ അവസാന മാമാങ്കം നടന്നതായി കരുതുന്നു.


കടപ്പാട് :K V Manoj.

No comments:

Post a Comment