ഫോട്ടോഷോപ്പ് ഇല്ലാതിരുന്നിട്ടും സ്റ്റാലിന്റെ എതിരാളികൾ ചിത്രങ്ങളിൽ നിന്നും മാഞ്ഞുപോയതിന്റെ കഥകൾ..
സ്റ്റാലിന് ഫോട്ടോഷോപ്പ് അറിയുമായിരുന്നില്ല. എന്നാലും അദ്ദേഹം വളരെ വിദഗ്ധമായി തന്റെ എതിരാളികളെ ചിത്രത്തിൽ നിന്നും മായ്ച്ചുകൊണ്ടിരുന്നു. ആദ്യം ജീവിതത്തിൽ, എന്നിട്ടും കലി തീരാതെ പിന്നീട് പുസ്തകങ്ങളിലും. ഒരേ ചിത്രം - മുമ്പ് നിങ്ങൾ ഒരു ചിത്രത്തിൽ കണ്ടിട്ടുള്ള ഒരാൾ, അതേ ചിത്രം മറ്റൊരു പുസ്തകത്തിൽ വരുമ്പോൾ അതിൽ ഇല്ല..! വളരെ സ്വാഭാവികമായി, അങ്ങനെ ഒരാൾ ആ ചിത്രത്തിൽ ഉണ്ടായിരുന്നേയില്ല എന്ന മട്ടിൽ അയാളെ അതിൽ നിന്നും മായ്ച്ചുകളഞ്ഞിരിക്കുന്നു. അതായിരുന്നു അന്നത്തെ സ്റ്റാലിന്റെ പതിവ്.
മേലെ കൊടുത്തിരിക്കുന്ന ചിത്രങ്ങൾ നോക്കുക. റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളുടെ ഒരു ഗ്രൂപ്പ് ഫോട്ടോ ആണത്. ഫോട്ടോ എടുത്ത വര്ഷം 1934 . അതിൽ വ്യാഷേസ്ളാവ് മോട്ടോലോവിനടുത്ത് നിൽക്കുന്ന ആളാണ് ആവേൽ എനുകിഡ്‌സേ. സ്റ്റാലിൻ തന്റെ ഉന്മൂലനത്തിന്റെ പരമകാഷ്ഠയിൽ(The Great Purge) നിന്നിരുന്ന കാലത്ത് കമ്യൂണിസ്റ്റു പാർട്ടിയുടെ ഈ വരിഷ്ഠനായ ഈ നേതാവ് സ്റ്റാലിന് അനഭിമതനാവുകയും ഫയറിങ്ങ് സ്‌ക്വാഡിനാൽ വധിക്കപ്പെടുകയും ചെയ്തു. എന്നാൽ സ്റ്റാലിന്റെ പ്രതികാരം അവിടെ തീരുന്നില്ല. ആ ഫോട്ടോ പിന്നീട് പ്രത്യക്ഷപ്പെടുന്നത് ആവേൽ എനുകിഡ്‌സേയെ മായ്ച്ചു കളഞ്ഞ് അവിടെ പിന്നിൽ നിന്നയാളിന്റെ കോട്ട് വരച്ചു ചേർത്താണ്. സോവിയറ്റ് യൂണിയനെപ്പറ്റിയുണ്ടായിരുന്ന പൊതുബോധത്തെ സ്റ്റാലിന് രസിക്കുന്ന രീതിയിൽ പുനർ നിർമ്മിക്കാനുള്ള ബോധപൂർവമായ ഗൂഢാലോചനയായിരുന്നു ഈ മായ്പ്പ്.. അതിലൂടെ ചരിത്രം തന്നെ പൊളിച്ചെഴുതുകയായിരുന്നു ആത്യന്തിക ലക്‌ഷ്യം.
ഫോട്ടോകളിൽ ഇങ്ങനെ ഒരാൾ അപ്രത്യക്ഷമായി എന്ന് കണ്ടാൽ അതിൽ നിന്നും ഒരുകാര്യം കൂടി വായിച്ചെടുക്കണം. അയാൾ ജീവിതത്തിൽ നിന്നും അതിനു മുമ്പുതന്നെ അപ്രത്യക്ഷനായിക്കഴിഞ്ഞു എന്ന്. അങ്ങനെ അപ്രത്യക്ഷനായത് സ്റ്റാലിന്റെ അനിഷ്ടത്തിന് പാത്രമായ ഏകദേശം ഏഴര ലക്ഷത്തോളം റഷ്യൻ പൗരന്മാരാണ്. ഗുലാഗിലെയും മറ്റും കഠിനപീഡനങ്ങളിൽപ്പെട്ട് സ്വാഭാവിക മൃത്യു വരിച്ചവരുടെ എണ്ണം അതിലും എത്രയോ അധികം വരും. പലരും വീടുകളിൽ ഉറങ്ങിക്കിടക്കവേ അപ്രത്യക്ഷരായി. ചിലരെ വിചാരണ എന്ന പ്രഹസനത്തിനു ശേഷം പരസ്യമായി കഴുവേറ്റുകയോ വെടിവെച്ചു കൊല്ലുകയോ ചെയ്തു. ചരിത്രത്തിലും, പ്രൊപ്പഗാണ്ടയിലും ചിത്രങ്ങൾക്കുള്ള പ്രാധാന്യം നന്നായി അറിയാമായിരുന്ന സ്റ്റാലിൻ ചിത്രങ്ങളെ തന്റെ ഇഷ്ടപ്രകാരം തിരുത്തി.
ചിത്രങ്ങൾക്ക് മേലെ ഇത്തരത്തിൽ മിനുക്കുപണികൾ ചെയ്തുകൊടുക്കാൻ വിദഗ്ധരായ നിരവധി കലാകാരന്മാർ സ്റ്റാലിന്റെ പേ റോളിൽ ഉണ്ടായിരുന്നു. അങ്ങനെ 'മായ്ച്ചു കളഞ്ഞ '(edited out) ഒരു പ്രമുഖനായിരുന്നു നിക്കോളാ യെസോവ്. അദ്ദേഹം സ്റ്റാലിന്റെ ഉന്മൂലനകാലത്ത് രഹസ്യപൊലീസ് മേധാവിയായിരുന്നു. സ്റ്റാലിന് ഇഷ്ടമില്ലാത്തവർക്കുമേൽ കള്ളക്കേസുകൾ ചുമത്തുക, രഹസ്യമായി അവരെ അറസ്റ്റു ചെയ്യുക, രഹസ്യമായി പീഡിപ്പിക്കുക, തടങ്കലിൽ കഴിയാൻ നിർബന്ധിതരാക്കുക, വിചാരണ എന്ന പ്രഹസനം നടത്തി കഴുവേറ്റുക - ഇത്രയുമായിരുന്നു, അക്കാലത്തെ അദ്ദേഹത്തിന്റെ പ്രധാന ജോലി . എന്നാൽ 1939-ൽ യെ സോവ് തന്നെയും സ്റ്റാലിന്റെ അപ്രീതിക്ക് പാത്രമായി. അതോടെ അദ്ദേഹവും രഹസ്യമായി പിരിച്ചുവിട്ടു, രഹസ്യമായി അറസ്റ്റു ചെയ്തു തുറുങ്കിലടച്ചു, രഹസ്യകോടതിയിൽ വിചാരണ ചെയ്തു, രഹസ്യമായി അദ്ദേഹത്തെ കഴുവേറ്റുകയും ചെയ്തു.
സ്റ്റാലിന്റെ ഫോട്ടോ സെൻസറിങ്ങ് ടീം അതിനു ശേഷം പഴയ പല പ്രശസ്ത ചിത്രങ്ങളിൽ നിന്നും യെസോവിനെ മായ്ച്ചു കളഞ്ഞു. പശ്ചാത്തലത്തിൽ ഒഴുകിയിരുന്ന നദിയിലെ വെള്ളമെടുത്താണ് സ്റ്റാലിന്റെ കലാകാരന്മാർ യെസോവിന് പകരം വെച്ചത്.തന്നെ മുഷിപ്പിച്ചിരുന്ന പാർട്ടി പ്രതിനിധികളെ ഇതുപോലെ സ്റ്റാലിൻ ഫോട്ടോകളിൽ നിന്നും മായ്ച്ചു കളഞ്ഞു. പലപ്പോഴും സ്റ്റാലിന്റെ ഫോട്ടോ ടച്ചിങ്ങ് കലാകാരന്മാർക്ക് ഒരേ ഫോട്ടോയെത്തന്നെ പലകുറി ടച്ച് ചെയ്യേണ്ടി വന്നിട്ടുണ്ട്. ഉദാഹരണത്തിന് ഈ ഫോട്ടോ. സ്റ്റാലിൻ തന്റെ മൂന്ന് അടുത്ത അനുയായികളോടൊത്ത് നിൽക്കുന്ന ചിത്രമാണിത്. ഡെപ്യൂട്ടികൾ ഒന്നൊന്നായി സ്റ്റാലിന്റെ അപ്രീതിയ്ക്ക് പാത്രമായി. അവർക്ക് ആദ്യം സ്വന്തം ജീവൻ നഷ്ടപ്പെട്ടു, പിന്നാലെ ഗ്രൂപ്പ് ഫോട്ടോയിലെ സ്ഥാനവും. അങ്ങനെ വെളുപ്പിച്ച് വെളുപ്പിച്ച് ഫോട്ടോയിൽ ഒടുക്കം സ്റ്റാലിൻ മാത്രമായി എന്ന് കാണാം.
റഷ്യയിലെ പബ്ലിഷിങ്ങ് രംഗത്ത് സ്റ്റാലിന്റെ ഈ ഇടപെടൽ വല്ലാത്തൊരു ഊർജ്ജം തന്നെ പകർന്നിരുന്നു. കാരണം, സ്റ്റാലിന്റെ അപ്രീതിക്ക് പാത്രമാവുന്ന ആളുകളെ മായ്ച്ചു കളഞ്ഞില്ല പുതിയ എഡിഷൻ ആദ്യ എഡിഷന്റെ കോപ്പികൾ നശിപ്പിച്ചു കളഞ്ഞുവരെ അവർക്ക് രണ്ടാമതും പ്രസിദ്ധീകരിക്കാൻ സ്റ്റാലിന്റെ ഓഫീസിൽ നിന്നും നിർദേശം ചെന്നിരുന്നു. അവർ സസന്തോഷം അത് അനുസരിക്കുകയും ചെയ്തിരുന്നു. പുതിയ ചരിത്രങ്ങൾ ഇടയ്ക്കിടെ നിർമിക്കപ്പെട്ടുകൊണ്ടിരുന്നു. പുതു തലമുറയുടെ കണ്ണിൽ നിന്നും , പുസ്തകത്താളുകളിൽ നിന്നും ഒക്കെ സ്‌റ്റാലിന് ഇഷ്ടമില്ലാത്തവർ മാഞ്ഞുപോയ്ക്കൊണ്ടിരുന്നു.
സ്റ്റാലിൻ ഇപ്രകാരം നൽകിയ 'മായ്ക്കൽ' ഉത്തരവുകളിൽ ഏറ്റവും വലുത്, കമ്യൂണിസ്റ്റ് ആശയങ്ങൾ പരുവപ്പെടുത്തുന്നതിൽ കൂട്ടു നടന്ന ലിയോൺ ട്രോട്‌സ്‌കിയുടെ ചിത്രം സകല ചരിത്രത്താളുകളിൽ നിന്നും മായ്ക്കാൻ നൽകിയ ഉത്തരവാണ്. അധികാരത്തെ ചൊല്ലി ഇരുവർക്കുമിടയിൽ കലഹം ഉടലെടുത്തപ്പോൾ തന്നെ സ്റ്റാലിന്റെ സ്വഭാവം മറ്റാരേക്കാളും നന്നായി അറിവുള്ള ട്രോട്‌സ്‌കി ജീവനും കയ്യിൽ പിടിച്ചുകൊണ്ട് പലായനം ചെയ്യുകയായിരുന്നു.
ചരിത്ര ഫോട്ടോകളിൽ നിന്നും ആളുകളെ മായ്ക്കുക എന്ന വിനോദത്തിനൊപ്പം, തനിക്ക് പങ്കുചേരാനാവാതിരുന്ന ചരിത്ര സന്ദർഭങ്ങളിൽ പിന്നീട് ടച്ചിങ്ങ് ആർട്ടിസ്റ്റുകളുടെ സഹായത്തോടെ ക്രാഷ് ലാൻഡ് ചെയ്യുന്ന പരിപാടിയും സ്റ്റാലിനുണ്ടായിരുന്നു. ചില ചിത്രങ്ങളിൽ സ്വന്തം ഉയരം കൂട്ടിയും, മുഖഭംഗി വർധിപ്പിച്ചും ഒക്കെ അദ്ദേഹം സ്വസ്തിയടഞ്ഞിരുന്നു. സ്റ്റാലിന്റെ ചിത്രങ്ങൾ ഫ്രെയിം ചെയ്ത വീടുകളും ബിസിനസ്സ് സ്ഥാപനങ്ങളിലും മറ്റും കൊണ്ട് പ്രതിഷ്ഠിച്ച് അദ്ദേഹത്തെ പ്രീതിപ്പെടുത്താൻ അദ്ദേഹത്തിന്റെ വിശ്വസ്തരായ അനുയായികൾ നിരന്തരം പ്രയത്നിച്ചു പോന്നു.
ഫോട്ടോഗ്രാഫുകളെ തന്റെ ഇഷ്ടപ്രകാരം മാറ്റിമറിക്കാൻ ഇഷ്ടപ്പെട്ടിരുന്ന സ്വേച്ഛാധിപതികൾ ചരിത്രത്തിൽ വേറെയുമുണ്ടായിരുന്നു സ്റ്റാലിനെപ്പോലെ. ഹിറ്റ്‌ലർ, മുസ്സോളിനി അങ്ങനെ പലരും. ഇന്ന് ഉത്തര കൊറിയയിലെ ഏകാധിപതിയായ കിം ജോങ്ങ് ഉൻ സാങ്കേതികവിദ്യയിൽ വന്ന മാറ്റങ്ങൾ പ്രയോജനപ്പെടുത്തി, ആർട്ടിസ്റ്റുകൾക്ക് പകരം ഗ്രാഫിക് ഡിസൈനർമാരുടെ സഹായത്തോടെ ഫോട്ടോഷോപ്പ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കാര്യങ്ങൾ സാധിക്കുന്നു.
പക്ഷേ, സ്റ്റാലിന്റെ മായ്ക്കലുകളുടെ ചരിത്രം നമ്മളെ ഓർമ്മിപ്പിക്കുന്നത് വളരെ വേദനാജനകമായ ഒരു യാഥാർഥ്യമാണ്. പുതിയ തലമുറയ്ക്ക് മുന്നിൽ വരുന്ന ചരിത്രം ഒരുപക്ഷെ, ഇത്തരത്തിൽ പലരുടെയും ഹിതത്തിന് യോജിക്കുന്ന രീതിയിൽ 'റീ ടച്ച്' ചെയ്യപ്പെട്ടതാവാം. നാളത്തെ ചരിത്രത്തെ ഇന്ന് പലരും പലയിടത്തും ഇതുപോലെ കളവുകൾ കൊണ്ട് നിറയ്ക്കുന്നില്ലെന്ന് ആർക്കറിയാം..!



No comments:
Post a Comment