റൊമാനിയൻ കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന നിക്കോളെ ചൗഷസ്ക്യു വധിക്കപ്പെട്ടിട്ട് മുപ്പതാണ്ട് തികയുന്നു. റൊമാനിയയിലെ രണ്ടാമത്തെയും അവസാനത്തെയും കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന അദ്ദേഹം, 1965 മുതൽ 1989 വരെ റൊമാനിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായിരുന്നു. 1967 മുതൽ 1989 വരെ റൊമാനിയൻ പ്രസിഡന്‍റ്. എൺപതുകളുടെ അവസാനത്തിൽ അമേരിക്കൻ സഹായത്തോടെ കിഴക്കൻ യൂറോപ്പിൽ സോവിയറ്റ് യൂണിയനെതിരെ നടന്ന കലാപങ്ങളുടെ ഭാഗമായി 1989 ഡിസംബറിൽ റൊമാനിയയിൽ ഭരണ അട്ടിമറി ഉണ്ടാകുകയും ചൗഷസ്ക്യു വധിക്കപ്പെടുകയുമായിരുന്നു.
വിധിയുടെ വിചിത്രമായ വിളയാട്ടത്തില്‍ ചൗഷസ്ക്യുവിന് അടിപതറിയെങ്കിലും, ജനങ്ങളെ പട്ടിണിക്കിട്ട് അദ്ദേഹം പണികഴിപ്പിച്ച ഭീമാകാരമായ കൊട്ടാരം മധ്യ ബുക്കാറസ്റ്റിന്റെ നാലിലൊന്നു ഭാഗവും കയ്യടക്കി ചരിത്രത്തിന്‍റെ നേര്‍സാക്ഷിയായി ഇപ്പൊഴും നിലനില്‍ക്കുന്നു. ഒരു കാലത്ത് കമ്മ്യൂണിസ്റ്റ് ഗവൺമെന്‍റുകളുടേയെല്ലാം നാഡി കേന്ദ്രമായി പ്രവർത്തിച്ചിരുന്ന ഈ കെട്ടിടം ഇന്ന്‍ റൊമാനിയയുടെ പാർലമെന്‍റാണ്.
സാർവദേശീയ സോഷ്യലിസമായിരുന്നില്ല, മറിച്ച്, ദേശീയതയിൽ ഊന്നിക്കൊണ്ടുള്ള ഒരു കമ്മ്യൂണിസ്റ്റ് ഭരണമായിരുന്നു ചൗഷസ്ക്യു നടപ്പിലാക്കിയിരുന്നത്. 1971-ൽ അദ്ദേഹം നടത്തിയ ചൈനീസ് - കൊറിയൻ സന്ദർശനങ്ങൾ അദ്ദേഹത്തെ ഏകാധിപത്യ ഭരണത്തില്‍ ആകൃഷ്ടനാക്കി. രാജ്യകാര്യങ്ങളിൽ പ്ലീനങ്ങള്‍ നടത്താതെ സ്വയം തീരുമാനം എടുക്കാനുള്ള അധികാരം ചൗഷസ്‌ക്യു നേടിയെടുത്തു. തന്റെയും ഭാര്യയുടെയും ജന്മദിനങ്ങൾ രാജ്യത്തിലെ ഏറ്റവും വലിയ ആഘോഷങ്ങളാക്കി മാറ്റി. മാധ്യമ സ്വാതന്ത്ര്യം തീരെ ഇല്ലാതാക്കി.
അറബ് യുദ്ധത്തെ തുടർന്ന് 1970 കളിലുണ്ടായ അസംസ്‌കൃത എണ്ണയുടെ ലഭ്യത കുറവും വിലക്കയറ്റവും എണ്ണ ഉത്പാദക രാജ്യമായ റോമനിയയെ എണ്ണ ശുദ്ധീകരണ ശാലകളില്‍ കൂടുതല്‍ നിക്ഷേപം നടത്താൻ പ്രേരിപ്പിച്ചു. അറേബ്യൻ രാജ്യങ്ങളിൽ നിന്നും എണ്ണ വാങ്ങി ശുദ്ധീകരിച്ചു യൂറോപ്യൻ രാജ്യങ്ങൾക്കും, അമേരിക്കയ്ക്കും കയറ്റുമതി ചെയ്യുന്നതിലൂടെ വലിയ സാമ്പത്തിക ലാഭം സ്വപ്നം കണ്ട ചൗഷസ്ക്യു മറ്റു രാജ്യങ്ങളിൽ നിന്നും വൻ തോതിൽ കടമെടുത്തു റിഫൈനറികൾ നിർമ്മിക്കുവാൻ തുടങ്ങി. എന്നാൽ റിഫൈനറികളുടെ പണി തീരാൻ കാലതാമസം ഉണ്ടാവുകയും, എണ്ണ വില ഇതിനകം കുറയുകയും ചെയ്തതോടെ റൊമാനിയ 80 കളുടെ തുടക്കത്തില്‍ വൻ കടബാധ്യതയിലേക്കു കൂപ്പുകുത്തി.
കട ബാധ്യത തീർക്കാൻ ചൗഷസ്ക്യു കണ്ടെത്തിയ മാർഗം ജനങ്ങളെ പട്ടിണിക്കിട്ട് കാർഷിക ഉൽപ്പന്നങ്ങൾ കൂടുതലായി കയറ്റുമതി ചെയ്യുക എന്നതായിരുന്നു. ജനങ്ങളുടെ ഭക്ഷണം, വൈദ്യുതി, വെള്ളം എല്ലാം റേഷൻ വഴി പരിമിതപ്പെടുത്തി. അതിനിടയിലും അദ്ദേഹത്തിനുവേണ്ടി ലോകത്തിലെ ഏറ്റവും വലിയ കൊട്ടാരത്തിന്റെ പണി മുടങ്ങാതെ നടക്കുന്നുണ്ടായിരുന്നു.
ഹൌസ് ഓഫ് പീപ്പിള്‍ എന്നറിയപ്പെടുന്ന കൊട്ടാരം നിര്‍മ്മിക്കാന്‍ ബുക്കാറസ്റ്റിന്റെ ഏതാണ്ട് അഞ്ചിലൊന്ന് ഭാഗവും ബൾഡോസറുകള്‍ ഉപയോഗിച്ച് നിരപ്പാക്കി. നാൽപതിനായിരത്തോളം പേര്‍ക്ക് കിടപ്പാടം നഷ്ടപ്പെട്ടു. ചില കെട്ടിടങ്ങൾ പൊളിച്ചുമാറ്റി വിവിധ സ്ഥലങ്ങളിൽ പുനർനിർമിക്കുകയും ചെയ്തു. കേവലം അഞ്ചു വര്‍ഷംകൊണ്ട് കൊട്ടാരത്തിന്‍റെ പണി ഏതാണ്ട് പൂര്‍ത്തിയാക്കി.
അപ്പോഴേക്കും ജനരോഷം ആളിപ്പടരാന്‍ തുടങ്ങിയിരുന്നു. 1989 ഡിസംബര്‍ 22-ആം തീയ്യതി ജനങ്ങള്‍ സെൻട്രൽ കമ്മറ്റി ഓഫീസ് കെട്ടിടത്തിനകത്തെക്കു ഇടിച്ചു കയറി. ചൗഷസ്ക്യുവും ഭാര്യയും ഹെലികോപ്റ്ററിൽ കയറി രക്ഷപ്പെട്ടു. എന്നാൽ ഇതിനകം ജനപക്ഷത്തെക്കു കൂറുമാറിയ പാട്ടാളം ഹെലികോപ്റ്റർ താഴെ ഇറക്കിച്ചു ദമ്പതികളെ അറസ്റ്റ് ചെയ്തു ഗാർഹിക തടങ്കലിൽ ആക്കി. ഡിസംബർ 25, ഒരു ക്രിസ്മസ് ദിവസം, ഇരുവരെയും വിചാരണ ചെയ്യുകയും വധശിക്ഷ വിധിക്കുകയും ഉടന്‍തന്നെ വെടിവച്ചു കൊല്ലുകയുമായിരുന്നു.
ഏകാധിപത്യ ഭരണം പിഴുതെറിഞ്ഞതിന്‍റെ മുപ്പതാം വാര്‍ഷികം ആഘോഷിക്കുന്ന റൊമാനിയന്‍ ജനത വളരെ വ്യത്യസ്തമായാണ് ചൗഷസ്ക്യുവിന്‍റെ ശേഷിപ്പുകളോട് പ്രതികരികുന്നത്. കൊട്ടാരത്തെക്കാള്‍ ഉയരമുള്ള മറ്റൊരു കെട്ടിടം കൊട്ടാരത്തിനടുത്ത് നിര്‍മ്മിക്കുകയാണ് റൊമാനിയ. ലോകത്തിലെ ഏറ്റവും വലിയ ഓർത്തഡോക്സ് കത്തീഡ്രലായിരിക്കും അത്. എല്ലാ ഏകാധിപതികളും ഒരിക്കല്‍ നിലംപൊത്തുമെന്നും അതിനേക്കാള്‍ തലയെടുപ്പോടെ ജനാധിപത്യം വാഴുമെന്നുമുള്ള റൊമാനിയന്‍ ജനതയുടെ സാക്ഷ്യപാത്രമാകും ആ കത്തീഡ്രല്‍.


No comments:
Post a Comment