മാമാങ്കം: രക്തം കൊണ്ടെഴുതിയ ഇതിഹാസം.
അധികാരത്തിന്റെയും അടങ്ങാത്ത വാശിയുടെയും ആത്മസമർപ്പണത്തിന്റെയും കഥ പറയുന്ന മാമാങ്കം. ഒരു വ്യാഴവട്ടക്കാലമെത്തുമ്പോൾ നിളയുടെ തീരത്ത് നാവാമുകുന്ദനുമുന്നിലെ മണൽത്തരിയിൽ ചാവേറുകളുടെ ചോര കൊണ്ടെഴുതിയ വീരചരിത്രങ്ങൾ. ഒരു വാൾത്തല പോലും തനിക്കുനേരെ ഉയരില്ലെന്ന സാമൂതിരിയുടെ അധികാരക്കരുത്ത്.
ജീവൻ നഷ്ടപ്പെടുമെന്നറിഞ്ഞിട്ടും സ്വന്തം നാടിന്റെ അഭിമാനം കാക്കാൻ വാളും ചുരികയുമെടുത്ത് പോരിനിറങ്ങുന്ന ചാവേറുകളുടെ തിളക്കമാർന്ന അധ്യായമായാണ് മാമാങ്കം രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. മലയാളത്തിൽ മാമാങ്കത്തിന്റെ കഥയുമായി രണ്ടാമതൊരു സിനിമ കൂടി ഡിസംബർ 12ന് വെള്ളിത്തിരയിലെത്തിയിരിക്കുകയാണ്. 1979ൽ പുറത്തിറങ്ങിയ മാമാങ്കത്തിൽ നസീറായിരുന്നു നായകനെങ്കിൽ ഇത്തവണ മമ്മൂട്ടിയാണ്. എല്ലാ മലയാളികളും മാമാങ്കത്തെക്കുറിച്ച് സജീവമായി ചർച്ച ചെയ്യുമ്പോൾ യഥാർഥ ചരിത്രത്തിലേക്ക് ഒന്നുപോയി വരുന്നത് രസകരമാണ്.
പഴങ്കഥയല്ല മാമാങ്കം
ചരിത്രത്താളുകളിൽ എന്നോ വായിച്ചു മറന്ന കഥയായാണ് മാമാങ്കത്തെ ഇന്നു പലരും കണക്കാക്കുന്നത്. എന്നാൽ ചരിത്രരേഖകൾ പരിശോധിച്ചാൽ അവസാന മാമാങ്കം നടന്നത് സമീപകാലത്താണെന്നു കണ്ടെത്താം. അത്രപെട്ടന്ന് മറക്കാവുന്നതല്ല അവസാന മാമാങ്കമെന്നർഥം. 1755ലാണ് അവസാനത്തെ മാമാങ്കം നടന്നത് എന്നു കരുതപ്പെടുന്നു. കൃത്യമായി പറഞ്ഞാൽ 264 വർഷം മുൻപാണിത്. 12 വർഷത്തിലൊരിക്കലാണ് മാമാങ്കം നടത്തപ്പെടാറുള്ളത്. മാമാങ്കം അന്ന് അവസാനിച്ചിരുന്നില്ലെങ്കിൽ 2019ൽ ഒരു മാമാങ്കം നടക്കേണ്ടതായിരുന്നു. അവസാന മാമാങ്കത്തിനുശേഷം 22ാമത്തെ മാമാങ്കമാണ് ഈ വർഷം നടക്കേണ്ടിയിരുന്നത്.
മാഘത്തിലെ മകമോ?
‘സാമൂതിരിക്കോലോത്തെ മേൽക്കോയ്മയും മങ്ങാത്ത–മായാത്ത മലയാണ്മയും നിണനീരിനാൽ മണലാഴിയിൽ എഴുതാൻ തുനിഞ്ഞ പടനായകന്റെ കഥ’യെന്നാണ് കവി മാമാങ്കത്തെ വിശേഷിപ്പിച്ചത്. കേരളത്തിന്റെ ചരിത്രവും സംസ്കാരവുമായി അത്രയേറെ ബന്ധപ്പെട്ടുകിടക്കുന്നതാണ് മാമാങ്കം. തിരുനാവായയിലെ നാവാമുകുന്ദ ക്ഷേത്രത്തിൽ തുലാം, കുംഭം, കർക്കടകം മാസങ്ങളിലെ വാവുദിനങ്ങളിൽ പതിനായിരങ്ങൾ പിതൃതർപ്പണത്തിനെത്താറുണ്ട്.
![]() |
| നിളാനദി |
ഇതേ മണൽപ്പരപ്പിലാണ് പണ്ടു മാമാങ്കം കൊണ്ടാടിയിരുന്നത്. കുറിഞ്ഞിപൂക്കുന്നതുപോലെ പന്തീരാണ്ടു കൂടുമ്പോഴായിരുന്നു മാമാങ്കം. പൗഷമാസത്തിലെ തൈപ്പൂയത്തിൽ തുടങ്ങി മാഘമാസത്തിലെ വെളുത്തപക്ഷത്തിൽ വരുന്ന മകം നക്ഷത്രത്തോട് അനുബന്ധിച്ചായിരുന്നു അവസാനിച്ചിരുന്നത്. ഇരുപത്തെട്ടു ദിവസം വരെ നീണ്ടുനിൽക്കുന്ന മഹാമഹം!
മകരമാസത്തിലെ അമാവാസിക്കും (കറുത്തവാവ്) കുംഭമാസത്തിലെ കറുത്തവാവിനും ഇടയ്‌ക്കു വരുന്ന മകംനാളിലാണ് മാമാങ്കം സാധാരണ കൊണ്ടാടിയിരുന്നത്. അതിനാൽ മാഘമകം (മഹാമകം) എന്നറിയപ്പെട്ട ഉൽസവം പിന്നീടു ലോപിച്ചു മാമാങ്കമായി മാറുകയായിരുന്നുവത്രേ. മഹാമാഘം ലോപിച്ച് മാമാങ്കമായതാണെന്നും ഒരു വാദമുണ്ട്.
മാമാങ്കമെന്ന മഹാമേള
ചാവേറുകളുടെ ചോര വീണു ചുവക്കുന്നതിനുമുൻപ് മാമാങ്കം വെറും യുദ്ധവും പോരാട്ടവുമായിരുന്നില്ല. ഒരു മാസം നീണ്ടുനിൽക്കുന്ന വാണിജ്യ വിപണന മേളയായിരുന്നു അക്കാലത്ത് മാമാങ്കം. എല്ലാ അർഥത്തിലും ഒരു ജനകീയ മഹോത്സവം.മാമാങ്കത്തിൽ പങ്കുകൊള്ളാൻ നാടിന്റെ നാനാഭാഗത്തുനിന്ന് ആളുകൾ മണപ്പുറത്തേക്കൊഴുകിയിരുന്നു.
തമിഴ്‌നാട്ടിൽനിന്നും കർണാടകത്തിൽനിന്നും ആന്ധ്രയിൽനിന്നുമെല്ലാം കരകൗശലവസ്‌തുക്കളും പാത്രങ്ങളും കലങ്ങളുമായി വന്നവർ മണപ്പുറത്തു കൂടാരംകെട്ടി കച്ചവടം ചെയ്‌തു. വിദേശത്തുനിന്നുപോലും വാണിഭക്കാർ മാമാങ്കം കൊഴുപ്പിക്കാനെത്തിയിരുന്നു. പട്ടുവസ്‌ത്രങ്ങൾകൊണ്ടു ലോകശ്രദ്ധ പിടിച്ചുപറ്റിയ ജർമൻകാർ ചരക്കുകളുമായി വള്ളുവനാട്ടിലെത്തിയിരുന്നുവെന്നു കേൾക്കുമ്പോൾ, മാമാങ്കത്തിന്റെ പേരും പെരുമയും എത്രത്തോളമുണ്ടായിരുന്നുവെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
ആയോധനമുറകളും കലാപ്രകടനങ്ങളും പഠിച്ചിറങ്ങിയ അഭ്യാസികളും കലാകാരന്മാരും പ്രാവീണ്യം തെളിയിക്കാൻ കൊച്ചുസംഘങ്ങളായി മൈലുകൾ താണ്ടി ഈ പുഴയോരത്തു തമ്പടിച്ചിരുന്നു. കളരിപ്പയറ്റുമുറകളും മറ്റ് ആയോധനകലകളും പ്രദർശിപ്പിക്കാൻ വന്ന ആശാന്മാരും അവരുടെ ശിഷ്യരും മണപ്പുറത്തു സ്‌ഥാനംപിടിച്ച് പ്രകടനത്തിനു വേണ്ടിയുള്ള ഊഴവും കാത്തുനിന്നു.
വാൾപ്പയറ്റ്, പന്തീരാംവടി, കളരിയഭ്യാസം, മുച്ചാണിയേറ്, കുന്തം, മല്ലയുദ്ധം തുടങ്ങിയവ തരംപോലെ അരങ്ങേറിയിരുന്നു. റോം, ഗ്രീസ്, പേർഷ്യ, ഈജിപത്, ചൈന, അറബിനാടുകൾ, സിലോൺ എന്നിവിടങ്ങളിൽനിന്നുള്ള വ്യാപാരികളും സഞ്ചാരികളും മാമാങ്ക വിശേഷങ്ങൾ സ്വന്തം നാടുകളിൽച്ചെന്നു വിവരിച്ചിരിക്കും.
ചരിത്രം
ഒരു നൂറ്റാണ്ടുകാലത്തോളം നീണ്ടുനിന്ന ചോള–ചേര യുദ്ധത്തിന്റെ പര്യവസാനം ചേരൻമാരുടെ വിജയത്തോടെയായിരുന്നു. പക്ഷേ, അതോടെ ഫലത്തിൽ ചേരസാമ്രാജ്യം നാമാവശേഷമാകുകയായിരുന്നു. കേന്ദ്രീകൃതഭരണത്തിൻ കീഴിലായിരുന്ന അന്നത്തെ നാട്ടുരാജ്യങ്ങളിൽ പലതും സ്വതന്ത്ര രാജ്യങ്ങളായി മാറിയത് ഇതിന്റെ പരിണതഫലമായിരുന്നു.
അന്നത്തെ നിയമവും ക്രമസമാധാനവും സൈനിക നടപടികളുമെല്ലാം ചില ആചാരങ്ങളുടെയും അനുഷ്‌ഠാനങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും ബലത്തിലായിരുന്നു മുന്നേറിയിരുന്നത്. ജന്മിസമ്പ്രദായം കൊടുമ്പിരികൊണ്ടകാലം. സ്വതന്ത്രങ്ങളായ കേരളത്തിലെ നാട്ടുരാജ്യങ്ങളിൽ പ്രബലമായിരുന്നു കോലത്തുനാട്, നെടിയിരുപ്പ്, പെരുമ്പടപ്പ്, വേണാട്, തെക്കേമലബാർ എന്നിവ. തെക്കേമലബാർ കോലത്തിരി രാജവംശത്തിൽപ്പെട്ട വള്ളുവക്കോനാതിരിയുടെ ഭരണത്തിലായിരുന്നു. പെരുമാൾ വംശമായിരുന്നു അതിനുമുൻപ് ഭരിച്ചിരുന്നത്. മാമാങ്കം നടത്താനുള്ള വിശിഷ്‌ടാധികാരം വള്ളുവക്കോനാതിരിക്കായിരുന്നു അവസാനത്തെ പെരുമാൾ കൽപിച്ചുകൊടുത്തത്. പിന്നീട് കോനാതിരിമാർ പലതവണ രക്ഷാപുരുഷൻമാരായി നിലപാട് നിന്നുപോന്നു.
കോഴിക്കോട്ടെ സാമൂതിരിക്കു പണ്ടേ വള്ളുവനാട്ടിൽ കണ്ണുണ്ടായിരുന്നു. പെരുമാക്കൻമാരുടെ രണവീര്യവും ചങ്കൂറ്റവും നേരിട്ടറിഞ്ഞ സാമൂതിരി പെരുമാൾ യുഗത്തിനു തിരശീല വീണതറിഞ്ഞപ്പോൾ ഒരുകൈനോക്കാൻ തന്നെ തീരുമാനിച്ചു. അങ്ങനെ സാമൂതിരി വള്ളുവനാട്ടരചനുമായി പലതവണ കൊമ്പുകോർത്തു. അവിടെയെല്ലാം സാമൂതിരിക്ക് അടിയറവും തോൽവിയുമേറ്റുവാങ്ങേണ്ടിവന്നു.
കാരണം ചേരമാൻ പെരുമാൾ പരിപോഷിപ്പിച്ച ആയോധനമുറകൾ സൈന്യത്തിനു കൈമോശം വന്നിരുന്നില്ല. ‘പെരുമാക്കൻമാരുടെ രണവീര്യം സാമൂതിരിയെ ‘കത്താൻ’ അനുവദിച്ചിരുന്നില്ല. അങ്ങനെയാണ് ഒരു വള്ളുവനാടൻ കോനാതിരി, മറ്റൊരു നാട്ടുരാജ്യമായ പെരുമ്പടപ്പിലെ തമ്പുരാനുമായി സ്വരച്ചേർച്ചയിൽ അല്ലാതാവുകയും അതു യുദ്ധത്തിൽ കലാശിക്കുകയും ചെയ്‌തത്.
ഒരു അവസരത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്ന കോഴിക്കോട് സാമൂതിരി യുദ്ധത്തിലിടപെട്ട് പെരുമ്പടപ്പു തമ്പുരാനുമായിച്ചേർന്നു വള്ളുവനാട്ടരചനെ പരാജയപ്പെടുത്തുകയും ചെയ്‌തു. അങ്ങനെ 1350 മുതൽ സാമൂതിരി വള്ളുവനാട്ടിലെ മാമാങ്കത്തിനു നിലപാടുനിന്നു. വള്ളുവനാടിന്റെ മാറ് പിന്നീടങ്ങോട്ട് ശരിക്കും ചെഞ്ചായമണിയുകയായിരുന്നു.
കലാകായിക പ്രദർശനങ്ങളും കാർഷികവ്യാപാരമേളകളും ഹർഷാരവങ്ങളും നിറഞ്ഞുനിന്ന മാമാങ്കവേദികൾ അതോടെ രണനിലങ്ങളായി മാറി. മാമാങ്കമഹാമേളയ്‌ക്കു സ്വീകരണം നൽകാനും ആതിഥ്യമരുളാനും നാട്ടരചൻമാർ വൈരംനിറഞ്ഞ മൽസരബുദ്ധിയോടെ നിലകൊണ്ടു. പന്ത്രണ്ടാണ്ട് കൂടുമ്പോൾ നാവാമണപ്പുറം നാട്ടരചൻമാർ നിണഭൂമിയാക്കി മാറ്റിക്കൊണ്ടിരുന്നു. സാംസ്‌കാരികസംഗമത്തിനു പകരം ചോരക്കളികളാണു നടന്നത്.
ചാവേറുകളുടെ കഥ
നിലപാടുതറയിൽ സർവലോകത്തിന്റെയും അധിപതിയെന്ന ഗാംഭീര്യത്തോടെ നിൽക്കുന്ന സാമൂതിരി. മങ്ങാട്ടച്ചൻ, തിനയഞ്ചേരി ഇളയത്, ധർമോത്തുപണിക്കർ, പാറ നമ്പി തുടങ്ങിയ മന്ത്രിമാരുടെയും സർവസൈന്യാധിപൻമാരുടെയും ഏറനാട്, പോളനാട് പടത്തലവൻമാരുടെയും അകമ്പടിയാണ് സാമൂതിരിയുടെ കരുത്ത്.
സാമൂതിരിയുടെ അടിമത്തം അംഗീകരിക്കുന്ന നാട്ടുരാജ്യങ്ങൾ അടിമക്കൊടി അയയ്‌ക്കും. എന്നാൽ തങ്ങളിൽനിന്ന് രക്ഷാപുരുഷപദവി തട്ടിയെടുത്ത സാമൂതിരിയോടുള്ള അടങ്ങാത്ത പക വള്ളുവക്കോനാതിരി മനസ്സിൽ കെടാതെ സൂക്ഷിച്ചു. നാട്ടുരാജാക്കൻമാരും പ്രഭുക്കൻമാരും ഇടപ്രഭുക്കൻമാരും സാമൂതിരിക്കു കപ്പം കൊടുക്കാൻ തുടങ്ങിയതോടെ കോനാതിരി തീർത്തും ഒറ്റപ്പെട്ടു, അവഗണിക്കപ്പെട്ടു.
സാമൂതിരിയുടെ മേൽക്കോയ്‌മ അംഗീകരിക്കാനോ മാമാങ്കനാളുകളിൽ മറ്റു രാജാക്കൻമാരെപ്പോലെ അടിമക്കൊടിയേന്താനോ വള്ളുവക്കോനാതിരിയുടെ അഭിമാനം സമ്മതിച്ചില്ല. സാമൂതിരിയെ ഉൻമൂലനം ചെയ്‌ത് നഷ്‌ടപ്പെട്ട പ്രതാപം വീണ്ടെടുക്കാൻ അദ്ദേഹം ശ്രമം തുടർന്നു. വള്ളുവക്കോനാതിരി നിയമിച്ച നായർ പടയാളികൾ ധൈര്യത്തിലും കഴിവിലും ആരെയും അതിശയിക്കുന്ന വില്ലാളികളായിരുന്നു.
ഈ നായർ പടയാളികൾ കോനാതിരിക്കുവേണ്ടി കൊല്ലാനും ചാവാനും സന്നദ്ധരായ ചാവേറുകളായി. ‘ചാവാളർ’ എന്നായിരുന്നു അവർ വള്ളുവനാട്ടിൽ അറിയപ്പെട്ടിരുന്നത്. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയ്‌ക്കടുത്ത് അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ മാമാങ്കത്തറയിൽനിന്നായിരുന്നു ചാവാളരുടെ യാത്ര തുടങ്ങിയിരുന്നത്. തിരുനാവായയിലെ ആൽത്തറയിൽ കെട്ടിപ്പൊക്കിയ നിലപാടുതറയിൽ നിന്നുകൊണ്ട് താൻ മാമാങ്കോത്സവത്തിന് അധ്യക്ഷനാകുന്നതിൽ ആർക്കെങ്കിലും എതിർപ്പുണ്ടോ എന്നു സാമൂതിരി ചോദിക്കും.
അപ്പോൾ അവർ ചീറ്റപ്പുലികളെപ്പോലെ ചാടിവീഴും. എന്നാൽ സാമൂതിരിക്ക് അകമ്പടി സേവിക്കുന്ന സേനയെയും അംഗപുരുഷൻമാരെയും മറികടന്ന ശേഷമേ നിലപാടുതറയിൽ നിൽക്കുന്ന സാമൂതിരിയുടെ അടുത്തെത്താനാകൂ. കൊല്ലുക അല്ലെങ്കിൽ മരിക്കുക എന്നതുമാത്രം ലക്ഷ്യമാക്കിയ ചാവാളർ നിലപാടുതറയിലെത്തുംമുൻപേ തലയറ്റുവീഴുക പതിവായിരുന്നു.
പോരാട്ടം, മരണം വരെ
1755 വരെ വള്ളുവക്കോനാതിരി ചാവേറുകളെ അയച്ചുകൊണ്ടിരുന്നു. ഓരോ കൊല്ലം കൂടുമ്പോഴും ചാവേർപ്പടയിൽ ആളുകൾ കൂടിക്കൂടിവന്നിരുന്നുവത്രേ. യുദ്ധത്തിൽ മരിച്ചാൽ കുടുംബത്തിനും ബന്ധപ്പെട്ടവർക്കും കോനാതിരി പാരിതോഷികങ്ങൾ സമ്മാനിക്കുന്നതും ചെറുപ്പക്കാരെ ചാവേർപ്പടയിലേക്കാകർഷിച്ചു. വീരമൃത്യുവരിക്കുന്നത് കുടുംബത്തിനു മാനം എന്ന വിശ്വാസം പരക്കെയുണ്ടായിരുന്നു.
![]() |
| തിരുനാവായിലെ നിലപാട്തറ , |
അങ്ങനെ അങ്ങാടിപ്പുറത്തെ മാമാങ്കത്തറയിൽനിന്നു പുറപ്പെടുന്ന ചാവേർപ്പട തിരുനാവായയ്‌ക്കടുത്തുള്ള വീരാഞ്ചിറയിലെത്തുന്നു. ഇവിടെയും ഒരു നിലപാടുതറയുണ്ട്. ചാവാളർക്കു വിശ്രമിക്കാനാണിത്. ഒന്നുരണ്ടുതവണ ചിലർ സാമൂതിരിയുടെ തൊട്ടുമുന്നിൽവരെ എത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. സാമൂതിരിയുടെ കഴുത്തിനരികെ വാൾത്തല എത്തി, എത്തിയില്ല എന്ന ഘട്ടം വരുമ്പോഴേക്കും അവർ പിടിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്‌തു.
അങ്ങനെ മാമാങ്കോത്സവത്തിന് ‘നിലപാടുനിൽക്കുക’ എന്ന വള്ളുവക്കോനാതിരിയുടെ മോഹം മാമാങ്കത്തിന് 1755ൽ അന്ത്യം കുറിക്കുന്നതുവരെ സഫലമായതുമില്ല.അടുത്ത മാമാങ്കത്തിനുള്ള ശ്രമങ്ങൾ നടക്കുന്ന വേളയിലായിരുന്നു മൈസൂർ സുൽത്താനായ ഹൈദരലിയും സൈന്യവും മലബാറിൽ പ്രവേശിക്കുന്നത്. കോനാതിരിയുടെ സ്വപ്‌നവും സാമൂതിരിയുടെ രാജവാഴ്‌ചയും അങ്ങനെ ചരിത്രത്തിന്റെ താളുകളിലേക്കു മറഞ്ഞു.
നീറുന്ന മനസ്സുമായ്
ചാവേറുകളുടെ നേതൃത്വം പ്രധാനമായും ചന്ത്രത്തിൽ പണിക്കർ, പുതുമന പണിക്കർ, കോവിൽക്കാട്ട് പണിക്കർ, വേർക്കോട്ട് പണിക്കർ എന്നീ നാലു പടനായർ കുടുംബങ്ങളെയാണ് ഏൽപ്പിച്ചിരുന്നത്. തങ്ങളുടെ ബന്ധുക്കൾ സാമൂതിരിയുമായുള്ള മുൻയുദ്ധങ്ങളിൽ കൊല്ലപ്പെടുകവഴി ഇവരെല്ലാം സാമൂതിരിയോടുള്ള കുടിപ്പക മനസ്സിൽ കൊണ്ടുനടക്കുന്നവരുമായിരുന്നു.
![]() |
| പുതുമനത്തറവാട് |
മാമാങ്കത്തിന് ചാവേർ ആവാൻ തീരുമാനിച്ചാൽ ആ വ്യക്തി പിന്നെ രാജ്യത്തിന്റെ സ്വത്ത് ആയി മാറും. ഒരു ചാവേർ പീടികശാലയിൽ നടത്തിയ അക്രമത്തിനു ആറങ്ങോട്ടു സ്വരൂപത്തിൽ നിന്ന് പ്രായശ്ചിത്തം ചെയ്തതായി പറയുന്ന ഗ്രന്ഥരേഖയുണ്ട്. മാമാങ്കദിവസം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ ചാവേർത്തറയിൽ ചെന്നു പ്രാർത്ഥിച്ചശേഷം ചാവേറുകൾ തിരുനാവായയിലേക്ക് പുറപ്പെടുന്നു.
മാമാങ്കദിനങ്ങളിൽ വാകയൂരിലെ ആൽത്തറയിൽ പ്രത്യേകം കെട്ടിയുണ്ടാക്കിയ മണിത്തറയിൽ (നിലപാടുതറ) സാമൂതിരി ഉടവാളും പിടിച്ച് നിലപാട് നിൽക്കും. ഇവിടേക്ക് ചാവേറുകൾ ഊരിപ്പിടിച്ച വാളു വീശിയെത്തും. കനത്ത സുരക്ഷാസന്നാഹങ്ങൾക്കിടയിലൂടെ പൊരുതിപ്പൊരുതി കടന്നുചെന്നുവേണം സാമൂതിരിയുടെ തലയറുക്കാൻ. എന്നാൽ എല്ലാവരും സാമൂതിരിയുടെ കാവൽഭടന്മാരാൽ കൊല്ലപ്പെടുകയാണ് പതിവ്. തീയിലേക്ക് പറന്നെത്തുന്ന ഈയാംപാറ്റയെപ്പോലെ എരിഞ്ഞുവീഴുകയാണ് ചാവേറുകൾ.
![]() |
| തെക്കിനിത്തറ |
എന്നാൽ 1505-ലെ മാമാങ്കത്തിൽ ചെങ്ങഴി നമ്പിയാരുടെ നേതൃത്വത്തിൽവന്ന ചാവേറുകൾ, സാമൂതിരിയുടെ സുരക്ഷാസന്നാഹങ്ങൾ നിഷ്പ്രഭമാക്കിയതായി ചെങ്ങഴി നമ്പ്യാർ പാട്ട്, കണ്ടർ മേനവൻ പാട്ട് എന്നിവയിൽ പരാമർശമുണ്ട്. പതിനാറായിരം സൈനികർ വരെ സാമൂതിരിയെ സംരക്ഷിച്ചിരുന്നു എന്ന് ചിലയിടങ്ങളിൽ കാണുന്നു. ചാവേറുകളെ അയയ്ക്കാൻ തുടങ്ങിയശേഷമുള്ള 400 വർഷങ്ങളോളം ഒരു മാമാങ്കത്തിലും ചാവേറുകളാൽ ഒരു സാമൂതിരിയും വധിക്കപ്പെട്ടിട്ടില്ല.
ചന്തുണ്ണിയെന്ന ബാലൻ
1695-ലെ മാമാങ്കത്തിൽ പതിനാറുവയസുകാരൻ ചന്ത്രത്തിൽ ചന്തുണ്ണി എന്ന ചാവേർ നിലപാടുതറയിലെത്തുകയും സാമൂതിരിയെ വെട്ടുകയും ചെയ്തു. സാമൂതിരി ഒഴിഞ്ഞുമാറിയതിനാൽ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നുവെന്ന് പരാമർശമുണ്ട്. ഒട്ടേറെ സൈനികരെ വധിച്ചാണ് ചന്തുണ്ണി അവിടെവരെ യെത്തിയത്.
എന്നാൽ സാമൂതിരിയുടെ കൂടെയുണ്ടായിരുന്ന മുഖ്യ അകമ്പടിക്കാരൻ ചന്തുണ്ണിയുടെ വെട്ട് നിലവിളക്കുകൊണ്ട് തടുത്തതുകൊണ്ടാണ് വെട്ടുകൊള്ളാഞ്ഞതെന്നും പരാമർശമുണ്ട്. ഇത് 1755 ലെ അവസാനമാമാങ്കത്തിലാണെന്നും പാഠഭേദമുണ്ട്. ചന്തുണ്ണിയുടെ ജീവിതം അടിസ്ഥാനമാക്കി ബാലസാഹിത്യകാരൻ മാലി ( വി.മാധവൻനായർ) എഴുതിയ നോവലാണ് പോരാട്ടം. വായനക്കാരായ കുരുന്നുകളെ ആവേശത്തിലാഴ്ത്തുന്ന ആ നോവൽ ഒരു കാലത്ത് സ്കൂളുകളിൽ മലയാള പാഠാവലിയുടെ ഭാഗവുമായിരുന്നു.









No comments:
Post a Comment