ഇന്ത്യാചരിത്രത്തിനൊരു ആമുഖം.
പൗരാണിക ഈജിപ്ഷ്യൻ ചരിത്രത്തെക്കുറിച്ച് ഗൗരവമായി പഠിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ ആ സംസ്കൃതിയെ "മഹത്തായ" സംസ്കാരം എന്ന് ആവർത്തിച്ച് അഭിസംബോധന ചെയ്യുന്നത് ചിലരെയെങ്കിലും അലോസരപ്പെടുത്തിയിട്ടുണ്ട് എന്നത് സത്യമാണ്. അവരോട് എനിക്ക് പറയാനുള്ളത് ഈജിപ്ഷ്യൻ സംസ്കാരം മഹത്തരമായത് എന്ന് പറഞ്ഞാൽ, ഇന്ത്യൻ സംസ്കാരം മോശമാണ് എന്ന അർത്ഥം അതിനില്ല. ഒരേ കാലഘട്ടത്തിൽ നിലനിന്ന രണ്ട് സംസ്കൃതികളുടെയും ശ്രേഷ്ഠതകൾ അംഗീകരിക്കുമ്പോഴും പരിഷ്കൃത സമൂഹത്തിന് ഒരിക്കലും നീതീകരിക്കാൻ കഴിയാത്ത പ്രധാനപ്പെട്ടൊരു വസ്തുത രണ്ട് സംസ്കാരങ്ങളുടെയും ശോഭ കെടുത്തുന്നു എന്ന യാഥാർഥ്യം കാണാതിരിക്കാൻ കഴിയില്ല. പ്രാചീന ഈജിപ്തിന്റെ മഹത്തായ സംസ്കാര കാലത്ത് പുറംനാടുകളിൽ നിന്നും പതിനായിരക്കണക്കിന് ആളുകളെ പിടിച്ചുകൊണ്ടു വരികയും അവരെ അടിമകളാക്കി ജോലി ചെയ്യിപ്പിക്കുകയും എന്നത് പതിവ് കാഴ്ച്ചയായിരുന്നു. ഏതാണ്ട് സമാനരീതി എന്ന് പറയാവുന്ന അല്ലെങ്കിൽ അതിലേറെ ദുഷിച്ച ഒരു വ്യവസ്ഥിതി ഇന്ത്യയിലും നിലനിന്നിരുന്നു, ചാതുർവർണ്ണ്യത്തിൽ നിന്നും ഉടലെടുത്ത ജാതിവ്യവസ്ഥയാണത്. ആ ഒരു സാമൂഹ്യക്രമത്തിൽ സ്വന്തം ജനതയെ അകറ്റി നിർത്തിയിരുന്ന വ്യവസ്ഥിതി ലോകമെങ്ങും വെന്നിക്കൊടി പാറിക്കുമായിരുന്ന, നാമേറെ മഹത്തരമെന്ന് വിളിക്കുന്ന ആർഷഭാരത സംസ്കാരത്തിന്റെ യശസിന് നിന്ദ്യമാംവിധം കളങ്കം ചാർത്തപ്പെടുന്നു എന്ന സത്യം മറച്ചു വെയ്ക്കാനും കഴിയില്ല. മനുഷ്യനും മനുഷ്യത്വത്തിനും മേൽ മതമായാലും രാഷ്ട്രീയമായാലും ദേശീയതയായാലും അല്ലെങ്കിൽ ഏത് പ്രത്യയശാസ്ത്രമായാലും ആധിപത്യം സ്ഥാപിക്കുന്നത് അധമവും പ്രാകൃതവുമെന്നത് പോലെ എതിർക്കപ്പെടേണ്ടതുമാണ്.
സത്യത്തിൽ ഇന്ത്യയ്ക്ക് തിളക്കമാർന്നതും മഹത്വപൂർണ്ണമായൊരു ഭൂതകാലമുണ്ടോ..? പതിനെട്ടാം നൂറ്റാണ്ടിൽ യൂറോപ്യൻ വിജ്ഞാന വ്യവഹാരത്തെ നിർണ്ണയിച്ചിരുന്ന പ്രത്യേകിച്ചും ഇന്ത്യയോടുള്ള യൂറോപ്യൻ വൈജ്ഞാനിക സമീപനങ്ങളെ നിർണയിച്ചിരുന്നത് പ്രധാനമായും മൂന്ന് അടിസ്ഥാന വീക്ഷണങ്ങളാണെന്ന് പറയാം. അതിൽ ആദ്യത്തേത് ആംഗ്ലിസിസം എന്നറിയപ്പെടുന്ന കൊളോണിയൽ അധിനിവേശത്തിന്റെ പ്രത്യക്ഷയുക്തികളാണ്. അവർ കരുതിയിരുന്നത് ഇന്ത്യ, ചൈന, മധ്യേഷ്യ എന്നിവയൊക്കെ സംസ്കാരശൂന്യമായ പ്രാകൃതത്വത്തിന്റെ രാജ്യങ്ങൾ എന്നാണ്. ഇന്ത്യയെന്നത് പാമ്പാട്ടികളുടെയും മാജിക്കുകാരുടെയും നാടാണ് എന്ന് യൂറോപ്യന്മാരിൽ ഒരു വിഭാഗം അന്ന് കരുതി. ഇന്ത്യയെ കുറിച്ച് മെക്കാളെ പറഞ്ഞ ഒരു വാക്യം ഇവിടെ ഓർക്കുന്നത് നന്നായിരിക്കും - ഇന്ത്യയിലെ മുഴുവൻ വിജ്ഞാനവും ശേഖരിച്ചുവെച്ചാലും യൂറോപ്പിലെ ഒരു ശരാശരി ഗ്രന്ഥശാലയിലെ ഒരു ഷെൽഫിലുള്ള പുസ്തകങ്ങളുടെ വിവരം ആകില്ല എന്നാണ് മെക്കാളെ പറഞ്ഞത്. അങ്ങനെ അന്ധകാരത്തിൽ മുങ്ങിത്താണു കിടക്കുന്ന ഒരു പ്രാകൃത ജനത, അത്രയേ ഉള്ളൂ ഇന്ത്യ എന്ന ആംഗ്ലിസിസ്റ്റ് കാഴ്ചപ്പാട് പുലർത്തിയ അവർ ഭാരതീയ പാരമ്പര്യത്തെ പ്രാകൃതമെന്ന് മുദ്രകുത്തി.
രണ്ടാമത്തെ വീക്ഷണം പൗരസ്ത്യവാദമാണ്. സ്വന്തം ഭൂതകാലത്തിന്റെ ഗരിമയിൽ അഭിരമിക്കുകയും അതിൽ ഊറ്റം കൊള്ളുകയും ചെയ്യുക എന്നത് ഏതൊരു സമൂഹത്തിന്റെയും പ്രത്യേകതയാണ്. യൂറോപ്പിനാകട്ടെ സ്വന്തം ഭൂതകാലത്തിന് വലിയ പഴക്കമൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് സ്വന്തം ഭൂതകാലത്തിനൊരു മഹിമയുണ്ടാക്കുക എന്നത് യൂറോപ്പിന്റെയൊരു ആവശ്യമായിരുന്നു. ഭൂതകാലത്തിൽ ചേർന്ന് നിൽക്കുന്ന ഒരു സമൂഹമാണ് തങ്ങളെന്ന് കരുത്താനുള്ള ഒരു പ്രേരണ ഭാഷാകുടുംബമെന്ന സങ്കല്പം യൂറോപ്പിന് സമ്മാനിച്ചു. സംസ്കൃതവും, ഗ്രീക്കും, ലത്തീനും, ഇംഗ്ലീഷും, ഫ്രഞ്ചും, ജർമനിയുമൊക്കെ ചേർന്ന് നിൽക്കുന്ന ഇൻഡോ - യൂറോപ്യൻ ഭാഷാകുടുംബം എന്ന സങ്കല്പം 1784- ൽ സർ വില്യം ജോൺസ് ഏഷ്യാറ്റിക് സൊസൈറ്റി സ്ഥാപിക്കപ്പെട്ടതോടെ രൂപപ്പെട്ടു തുടങ്ങി. അങ്ങനെ സംസ്കൃതമെന്നത് തങ്ങളുടെ തന്നെ പൂർവ്വഭാഷയാണെന്നും സ്വന്തം ഭൂതകാലത്തിന് കൂടുതൽ പഴക്കം നല്കാനായിട്ട് സംസ്കൃതം സഹായിക്കുമെന്നും ജർമനിയിലെ പണ്ഡിതൻമാരൊക്കെ കരുതിത്തുടങ്ങി. അക്കാരണത്താൽ പതിനെട്ടാം നൂറ്റാണ്ടോടുകൂടി യൂറോപ്യൻ പണ്ഡിതന്മാർ സംസ്കൃതത്തോട് കൂടുതൽ താല്പര്യം കാട്ടുകയും പഠിക്കാനും തുടങ്ങി.
അതോടപ്പം തന്നെ പതിനെട്ടും പത്തൊൻപതും നൂറ്റാണ്ടുകളിൽ യൂറോപ്യൻ നഗരങ്ങളിൽ അരങ്ങേറിയ വ്യവസായ വിപ്ലവവും അതുവഴി ഉയർന്ന് വന്ന നാഗരികതയുടെ സമ്മർദ്ദങ്ങൾ യൂറോപ്യൻ പ്രഭുവർഗ്ഗത്തെ അസ്വാസ്ഥരാക്കി. ആ സമ്മർദ്ദങ്ങളെ അതിജീവിക്കാൻ പൗരാണിക മഹത്വത്തിന്റെ ലോകങ്ങളെ തേടി പോകുന്ന ഒരാദർശാത്മക പ്രവണത യൂറോപ്പിൽ രൂപം കൊള്ളുകയും ചെയ്തു. അങ്ങനെ കിഴക്കൻ ദേശങ്ങളെ മഹത്വവൽക്കരിക്കുന്ന ഒരു വീക്ഷണഗതി അവിടെ ഉടലെടുക്കുകയും ചെയ്തു. ഇതിനെയാണ് പൊതുവെ പൗരസ്ത്യവാദ (ഓറിയന്റലിസം ) മെന്ന് പറയുന്നത്.
ഇങ്ങനെ പൗരസ്ത്യവാദപരമായ താല്പര്യങ്ങൾ ഒരുഭാഗത്ത്, ഇന്ത്യയെയും സംസ്കൃത ഭാഷ വഴി ഇന്ത്യയെ തങ്ങളുടെ സ്വാഭാവിക അനുബന്ധമാക്കം എന്ന യൂറോപ്യൻ കൊളോണിയൽ ചിന്താഗതി മറ്റൊരു ഭാഗത്ത്. ഇത് രണ്ടും ചേർന്ന് പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും പത്തൊൻപതാം നൂറ്റാണ്ടിലും യൂറോപ്പിന്റെ മൗലികമായ താല്പര്യമേഖലകളിലൊന്നായിട്ട് ഇന്ത്യ മാറി.
ആംഗ്ലിസിസ്റ്റ് വീക്ഷണത്തിൽ നിന്നും നേരെ വിപരീതമെന്ന് തോന്നിപ്പിക്കുന്ന പൗരസ്ത്യവാദം - അത്യന്തം മഹനീയവും സുവർണശോഭ നിറഞ്ഞതുമായ ഒരു ഭൂതകാലം ഇന്ത്യയ്ക്ക് ഉണ്ടായിരുന്നെന്നും, എന്നാൽ വർത്തമാനകാലത്ത് (പതിനെട്ടും പത്തൊൻപതും നൂറ്റാണ്ടുകളിൽ ) പ്രാകൃതത്വത്തിലേക്ക് ഇന്ത്യ മടങ്ങിപ്പോയെന്നും, എങ്കിലും ആ ഭൂതകാല മഹത്വങ്ങൾ അവർ ഇപ്പോഴും അവശേഷിപ്പിക്കുന്നുണ്ടെന്നും പൗരസ്ത്യവാദികളായ പണ്ഡിതർ വിലയിരുത്തി.
പൗരസ്ത്യവാദികൾ പറയുന്ന ഇന്ത്യയുടെ ഭൂതകാലത്തിന്റെ മഹത്വം അല്ലെങ്കിൽ മികവ് എന്താണ്? മാക്സ് മുള്ളർ 1818 -ൽ എഴുതിയ ഗ്രന്ഥത്തിൽ (India : what can it Teach Us ) ഇന്ത്യൻ ജനതയെ വിലയിരുത്തി കൊണ്ട് അദ്ദേഹം പറഞ്ഞു., " അവർ ആക്റ്റീവ് അല്ല, സമ്പാദന തല്പരരല്ല, ക്രിയോന്മുഖരല്ല, അക്രമവാസനയുള്ളവരല്ല, മറിച്ച് നിസ്സംഗരാണ്, ധ്യാനനിരതരാണ്, ആത്മാന്വേഷികളാണ്". അതായത് ഭൗതിക പ്രലോഭനങ്ങൾക്കൊന്നും അടിപ്പെടാതെ നിത്യമായ മോക്ഷത്തെ ആഗ്രഹിച്ചു കൊണ്ട് ആത്മീയ വ്യവഹാരങ്ങളിൽ ആണ്ടുജീവിക്കുന്ന ഒരു വിശുദ്ധ ജനതയാണ് ഭാരതീയരെന്ന് കേംബ്രിഡ്ജ് സർവ്വകലാശാലയിൽ ഇരുന്നുകൊണ്ട് അദ്ദേഹം പറയുകയുണ്ടായി. അങ്ങനെ ഇന്ത്യ ആത്മീയതയുടെ നാടായി വിലയിരുത്തപ്പെട്ടു.
യഥാർത്ഥത്തിൽ മാക്സ് മുള്ളർ പറഞ്ഞ ആ നുണ രണ്ട് നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും ഇന്ത്യയെ വിട്ടു പോയില്ല. പറഞ്ഞതിനർത്ഥം ഇന്ത്യയിൽ ആത്മീയത ഉണ്ടായിരുന്നില്ല എന്നല്ല. വേണ്ടുവോളം ഉണ്ടായിരുന്നു, അതുപോലെ ഭൗതികതയും ഉണ്ടായിരുന്നു എന്നാണ്. പക്ഷെ പൗരസ്ത്യവാദികൾ ചെയ്തതാകട്ടെ ഇന്ത്യയുടെ ഭൗതിക നേട്ടങ്ങളെ അപ്പാടെ തമസ്കരിച്ചു കൊണ്ട് ആത്മീയതയുടെ നാടായി ഇന്ത്യയെ മുദ്ര കുത്തപ്പെടുകയാണ് ചെയ്തത്. ഗണിതം, ആയുർവേദം, വൈദ്യശാസ്ത്രം, തത്വവിചാരം തുടങ്ങി ഭൗതികതയിൽ നേടിയ വൈജ്ഞാനിക മേഖലകളെ അവഗണിച്ച് ആധ്യാത്മവിചാരം എന്ന ഏക വഴിയിൽ കൊണ്ട് പോകുകയാണ് മാക്‌സ് മുള്ളറും കൂട്ടരും ചെയ്തത്.
ഉദാഹരണത്തിന്, മാക്‌സ് മുള്ളർ "സേക്രഡ് ബുക്ക് ഓഫ് ഈസ്റ്റ് " എന്ന അൻപത് വാല്യങ്ങൾ ഉള്ള ഗ്രന്ഥം എഡിറ്റ് ചെയ്ത് പ്രസിദ്ധികരിച്ചപ്പോൾ, അതിൽ പുരാണങ്ങളും, വേദങ്ങളും ഉപനിഷത്തുക്കളും ഒഴികെ മറ്റൊരു പുസ്തകവും ഉൾപ്പെടുത്താൻ തയ്യാറായില്ല. ചരകൻ, ശുശ്രുതൻ, അഷ്ടാംഗഹൃദയൻ, വാൽസ്യായനൻ... തുടങ്ങി പലരെയും അവഗണിക്കുകയോ വിസ്മരിക്കപ്പെടുകയോ ചെയ്തു. ഇവിടെ ഫ്രഞ്ച് ചിന്തകനായ വോൾട്ടയർ ഇന്ത്യയെ കുറിച്ച് പറഞ്ഞ വാക്കുകൾ കൂടി ഓർക്കുന്നത് നന്നായിരിക്കും. അദ്ദേഹം പറയുകയുണ്ടായി -
"പാശ്ചാത്യലോകം കിഴക്കിനോട് കടപ്പെട്ടിരിക്കുന്ന ഏറ്റവും വിലപിടിച്ച സമ്മാനം ഭാരതത്തിന്റെ വേദങ്ങൾ " എന്നാണ്.
"പാശ്ചാത്യലോകം കിഴക്കിനോട് കടപ്പെട്ടിരിക്കുന്ന ഏറ്റവും വിലപിടിച്ച സമ്മാനം ഭാരതത്തിന്റെ വേദങ്ങൾ " എന്നാണ്.
യഥാർത്ഥത്തിൽ ഇന്ത്യയ്ക്ക് മാത്രമായിരുന്നില്ല ഈ ദുര്യോഗം നേരിട്ടത്. കൊളോണിയൽ ചിന്താമണ്ഡലത്തിനകത്ത് നിന്ന് നോക്കുമ്പോൾ വെറും പ്രാകൃതമെന്ന് കരുതിപ്പോന്ന ചൈനീസ്, അറേബിയൻ സംസ്കാരങ്ങളൊക്കെ ആധുനിക ജ്ഞാനത്തോടപ്പം നിൽക്കാൻ പോന്ന വിജ്ഞാനത്തിന്റെ കേന്ദ്രങ്ങളായിരുന്നു എന്നതായിരുന്നു സത്യം.
ജെറമി ബെൻന്താമും അനുയായികളും ചേർന്ന് പത്തൊൻപതാം നൂറ്റാണ്ടിൽ വികസിപ്പിച്ചെടുത്ത ഒരു സമീപനരീതിയാണ് മൂന്നാമത്തേതായിട്ടുള്ള യൂട്ടിലിറ്റേറിയനിസം ( ഉപയോഗിതാവാദം ). ഇന്ത്യയ്ക്ക് വൈഞ്ജാനിക രംഗത്ത് മികവാർന്ന അംശങ്ങളൊക്കെയുണ്ടെങ്കിലും, അവയൊക്കെ വ്യവസ്ഥാപിതവും ഒട്ടും ക്രമീകരിക്കപ്പെട്ടതുമല്ല. പത്തൊൻപതാം നൂറ്റാണ്ടിൽ വികസിച്ചു വന്ന ഇംപരിസിസത്തിന്റെയും, പോസറ്റിവിസത്തിന്റെയുമൊക്കെ ആധുനിക സമീപനങ്ങൾ ഉപയോഗിച്ച് ചിതറികിടക്കുന്നതും, ക്രമീകൃതവുമല്ലാത്ത വിജ്ഞാന മണ്ഡലത്തെ ശാസ്ത്രത്തിന്റെ യുക്തിയിലേക്ക് ക്രമപ്പെടുത്തുകയാണ് വേണ്ടതെന്ന് യൂട്ടിലിറ്റേറിയൻമാർ അവകാശപ്പെടുകയുണ്ടായി.
യഥാർത്ഥത്തിൽ അത്യന്തം മികവാർന്ന വിജ്ഞാനത്തിന്റെയും, ഭൗതികാന്വേഷണങ്ങളുടെയും വലിയൊരു ലോകം തന്നെ സ്വന്തമുണ്ടായിരുന്ന ഇന്ത്യയുടെ നേട്ടങ്ങളെയാകെ മൂടിവെച്ച് ആദ്ധ്യാത്മികമെന്ന് ഏകതാനത്തിലേക്ക് മുദ്രകുത്തിയ പൗരസ്ത്യവാദികളുടെയും, ഭാരതീയ പാരമ്പര്യം ഒന്നാകെ പ്രാകൃതമെന്ന് അവകാശപ്പെട്ട ആംഗ്ലിസിസ്റ്റുകളുടെയും, ഇന്ത്യ പ്രാകൃതമല്ലെങ്കിലും അത് പരിഷ്‌കൃതല്ലെന്നും, പരിഷ്‌കൃതമാകാൻ വേണ്ടി യൂറോപ്പിന്റെ മാതൃക പിന്തുടരുകയാണ് വേണ്ടതെന്ന മധ്യമാർഗം സ്വീകരിച്ച യൂട്ടിലിറ്റേറിയന്മാരും ചേർന്നൊരു വ്യവഹാരമണ്ഡലത്തിനകത്ത് നിന്നാണ് പത്തൊൻപതാം നൂറ്റാണ്ടിലെ ഇന്ത്യയിലെ ഭൗതികജീവിതവും അവരെ മുൻനിർത്തിയുള്ള യൂറോപ്യൻ പണ്ഡിതന്മാരുടെ പൗരാണിക ഇന്ത്യയുടെ ചരിത്രപഠനവും നടന്നിട്ടുള്ളത് എന്ന യാഥാർഥ്യം കാണാതിരിക്കാൻ കഴിയില്ല.




































