Monday, August 5, 2019


''ഖാ''യും ''ബാ''യും ഈജിപ്ഷ്യൻ ആത്മാക്കൾ 
(ഈജിപ്ത് .5)


പ്രാചീന ഈജിപ്തിനെക്കുറിച്ച് പൂർണമായും മനസ്സിലാക്കണമെങ്കിൽ അക്കാലത്തെ ജനങ്ങളുടെ വിശ്വാസങ്ങളെക്കുറിച്ചും  ആചാരങ്ങളെക്കുറിച്ചും അറിയേണ്ടതുണ്ട്. നൈൽ നദിയും മണ്ണും മനുഷ്യനും ജീവജാലങ്ങളും കൂടികുഴഞ്ഞുള്ള ജീവിതത്തിൽ നിന്ന് ഉരുത്തിരിഞ്ഞു വന്നിട്ടുള്ള അക്കാലത്തെ പുത്തനറിവുകൾ ഒരു സമൂഹത്തിന്റെ തത്വശാസ്ത്രമായി പരിണമിക്കുകയും ലോകം ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരു സങ്കീർണ്ണ സംസ്കാരം ഉടലെടുക്കുകയും ചെയ്തു. ആ അനന്യദർശനത്തിന്റെ അന്തസത്ത മനസ്സിലാക്കിയാലേ ഈജിപ്ഷ്യൻ സംസ്കാരത്തിന്റെ അടിസ്ഥാനവും അതിന്റെ അടിത്തറയിൽ രൂപപെടുത്തപ്പെട്ട അവരുടെ ജീവിതത്തെ നയിച്ചിരുന്നത് എന്താണ് എന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം ലഭിക്കുകയുള്ളൂ. ആ പ്രാചീനരുടെ അസ്തിത്വം തൊട്ടറിയണമെങ്കിൽ നിഗൂഢമായ പിരമിഡ് ലിഖിതങ്ങളിലേക്കും അതിപുരാതന പാപ്പിറസ് ചുരുളുകളിലേക്കും പോകേണ്ടിയിരിക്കുന്നു. വായനക്കാരോട് ഒരു കാര്യം ഞാൻ പ്രത്യേകം സൂചിപ്പിക്കുകയാണ്. വെറുതെ വായിച്ച് പോകേണ്ട കാര്യമല്ല ഇനിയങ്ങോട്ട്. മനസ്സിരുത്തി, മനസ്സിലാക്കിക്കൊണ്ട് വായിച്ചാൽ മാത്രമേ മുന്നോട്ടുള്ള യാത്ര സുഖമമാകുകയുള്ളു. ഒരു പ്രാവശ്യം വായിച്ച് മനസ്സിലായില്ലെങ്കിൽ വീണ്ടുമൊരിക്കൽ കൂടി വായിക്കുക. ബോറടി ഉണ്ടാകുമെന്ന് അറിയാം. ദയവായി ക്ഷമിക്കുക 🙂.
ഈജിപ്തിലെ വിശ്വാസമനുസരിച്ച് ഈ പ്രപഞ്ചത്തിൽ സവിശേഷബുദ്ധിയുള്ളവരായി മൂന്ന് തരം സചേതസ്സുകളുണ്ട്. അതിൽ ഏറ്റവും പ്രധാനികൾ ദേവതകളും മറ്റു രണ്ട് പേർ മരിച്ചുപോയവരുടെ ആത്മാക്കളും ജീവിച്ചിരിക്കുന്ന മനുഷ്യരുമാണ്. ജീവിച്ചിരിക്കുന്നവരിൽ തന്നെ ഏറ്റവും ശ്രേഷ്ഠൻ രാജാവായ ഫറവോയാണ്. അദ്ദേഹമാണ് മനുഷ്യരെയും ദേവതകളെയും തമ്മിൽ ബന്ധിപ്പിക്കുന്നത്. അതായത് ഫറവോയിലൂടെയാണ് സാധാരണ ജനങ്ങൾ ദൈവത്തെ സമീപിക്കുന്നതെന്ന് സാരം. ആദ്യകാലഘട്ടങ്ങളിൽ മതാചാരങ്ങൾ മുഴുവൻ ഫറവോയിൽ കേന്ദ്രികൃതമായിരുന്നു. ദൈവത്തിന്റെ പ്രതിപുരുഷനെന്ന നിലയിൽ ഭൂമിയിലെ ദൈവികതയെ ആചാരാനുഷ്ടാനങ്ങളിൽ കൂടിയും പൂജാവിധികളിലൂടെയും വഴിപാടുകളിൽ കൂടിയും പ്രവഞ്ചക്രമം പരിപാലിക്കുന്നവനായിരുന്നു ഫറവോ. അത്തരം വിശ്വാസങ്ങളെയും ആചാരങ്ങളെയും നിലനിത്തുന്നതിനും, ക്ഷേത്രങ്ങൾ പണിയുന്നതിനും അവർ തയ്യാറായി.
മതപരമായ സ്വാധീനം നിലനിർത്തുന്നതിനായി വിവിധ ദേവസങ്കല്പങ്ങളിലൂടെയുള്ള ദൈവിക പരിവേഷങ്ങൾ ഫറവോമാർക്ക് നൽകപ്പെട്ടു. ആദ്യ കാലങ്ങളിൽ രാജാധികാരത്തിന്റെ ദേവതയായിരുന്ന ഹോറസിന് തുല്യനായാണ് ഫറവോ കരുതപ്പെട്ടിരുന്നത്. പിന്നീട് "റ " യുടെ പുത്രനെന്ന സങ്കല്പം ശക്തിപ്രാപിച്ചു. (പിൽക്കാലത്തു കണ്ടെടുക്കപ്പെട്ട പല ഫറവോമാരുടെയും പ്രതിമകളിലും, ശില്പങ്ങളിലും മുഖങ്ങൾ ഇത്തരം ദേവന്മാരുടേതായിരിക്കാൻ കാരണം ഇതാണ് ). "റ "എപ്രകാരം പ്രവഞ്ചത്തേയും പ്രകൃതിയെയും നിയന്ത്രിക്കുന്നുവോ അപ്രകാരം ഫറവോ മനുഷ്യസമൂഹത്തെയും ഈജിപ്തിനെയും ദൈവമെന്നോണം പരിപാലിക്കുന്നു. നവീനരാജവംശ (18- ആം രാജവംശം മുതൽ ) കാലമായപ്പോഴേക്കും ദേവന്മാരിൽ പ്രമുഖൻ തീബ്സിലെ "അമൂൻ " എന്ന മൂർത്തിയായി. അതോടെ പരമോന്നത പ്രവഞ്ചശക്തിയായ അമൂൻ ദേവനുമായിട്ടായി ഫറവോമാരുടെ താദാത്മ്യം. മരണശേഷം ഫറവോമാരെ ദൈവമായും കണക്കാക്കാറുണ്ട്. ആ അവസ്ഥയിൽ മരണാനന്തര ജീവിതത്തിന്റെയും പുനർജന്മത്തിന്റെയും ദേവനായ ഒസിറിസായി ഈജിപ്ഷ്യൻ രാജാക്കന്മാർ പ്രതിഷ്ഠിക്കപ്പെട്ടു. ഇത്തരം ദൈവീകരിക്കപ്പെട്ട ഫറവോമാർക്ക് വേണ്ടി സ്ഥാപിച്ച നിരവധി ക്ഷേത്രങ്ങൾ ഈജിപ്തിൽ ഉണ്ട്.
ജനനമെന്നാൽ മരണമെന്നാണർത്ഥം. എന്ത് കൊണ്ടാണ് ഞാനിത് പറഞ്ഞതെന്ന് നിങ്ങൾക്ക് മനസ്സിലായോ? ജനിക്കുമ്പോൾ മരണവും കുറിക്കപ്പെട്ടു എന്നത് കൊണ്ട് തന്നെ. അത് സത്യവും അലംഘനീയവുമാണ്. അതുകൊണ്ട് ഈ ലോകത്തിലെ ഏറ്റവും വലിയ സത്യമായി ഞാൻ മരണത്തെ കാണുന്നു. മനുഷ്യൻ ഏറ്റവും ആശങ്കപ്പെട്ടിരിക്കുക ഒരുപക്ഷെ മരണത്തെ കുറിച്ചായിരിക്കാം. ഈ ആശങ്ക ആധുനിക മനുഷ്യനെ മാത്രമല്ല പ്രാചീനരെയും അലട്ടിയിരുന്നു. മരണം എല്ലാറ്റിന്റെയും അവസാനമാണോ? ഈ ചോദ്യത്തിനുള്ള ഉത്തരത്തിലേക്ക് ഞാൻ പോകുന്നില്ല. ആ ചോദ്യത്തിനുള്ള ഉത്തരം വായനക്കാർ ഓരോരുത്തരും കണ്ടെത്തി കൊള്ളുക.
മരണാനന്തര ജീവിതത്തെക്കുറിച്ച് വ്യക്തവും വിപുലവുമായ ധാരണകൾ ഈജിപ്തുകാരിൽ ഓരോരുത്തർക്കും ഉണ്ടായിരുന്നു. നശ്വരമായ മനുഷ്യശരീരത്തിൽ ജീവനും നിലനിൽപ്പിനും നിദാനങ്ങളായി അനശ്വരങ്ങളായ രണ്ടുതരം ആത്മചൈതന്യങ്ങളുണ്ട്. പ്രാചീന ഈജിപ്തുകാർ അവയെ "ഖാ " യെന്നും "ബാ" യെന്നും വിളിച്ചു. മനുഷ്യന്റ ജൈവശക്തിയായിരുന്ന "ഖാ" മരണസമയത്ത് ദേഹത്തിൽ നിന്നും വേർപ്പെടുന്നു. ജീവനുള്ള കാലത്തോളം നാം കഴിക്കുന്ന ഭക്ഷണവും ജലവും "ഖാ" യെ പരിപോഷിപ്പിക്കും. ഈജിപ്തുകാരെ സംബന്ധിച്ചിടത്തോളം മരണത്തിന് ശേഷവും "ഖാ" യ്ക്ക് മറ്റൊരു രൂപത്തിൽ ഇതാവശ്യമാണ്. ശവകുടീരങ്ങളിൽ അർപ്പിക്കപ്പെടുന്ന നൈവേദ്യങ്ങളുടെ ആത്മസത്തയാണ് "ഖാ"ഉപയോഗിക്കുക. ഒരുപാട് വ്യത്യാസങ്ങൾ ഉണ്ടെങ്കിലും ഭാരതീയ കാഴ്ചപ്പാടിലും, ചില പാശ്ചാത്യ തത്വചിന്തകളിലുംപറയുന്ന ആത്മാവ് (soul ) എന്ന അരൂപിക്ക് ഏറ്റവും അടുത്ത് വരുന്ന ഈജിപ്ഷ്യൻ സങ്കൽപ്പമാണ് "ഖാ" എന്ന് പറയുന്ന ആത്മീയചൈതന്യം.
ഖ്നും ദേവനാണ് മനുഷ്യജന്മത്തിന്റെ ശില്പി. ഖ്‌നും ദേവൻ ഒരു കുശവന്റെ മൺചക്രം ഉപയോഗിച്ച് മനുഷ്യശരീരത്തെ രൂപപ്പെടുത്തി ജനനിയുടെ ഗർഭപാത്രത്തിൽ ഈ ശരീരത്തെ നിക്ഷേപിക്കുമത്രേ. എന്നാൽ മനുഷ്യന്റെ ആത്മീയരൂപമായ "ഖാ"യെ സൃഷ്ടിക്കുന്നത് ഖ്‌നും ദേവനല്ല. അത് ഹെകെത് ദേവന്റെ ജോലിയാണ്. ജനന നിമിഷത്തിൽ ഒരു മാന്ത്രികോച്ചാശ്വാസത്തിലൂടെ ഹെകെത് ദേവൻ "ഖാ" യെ ശരീരത്തിലേക്ക് കടത്തിവിടുന്നു. ആ മഹനീയ പ്രവേശനത്തോടെ അന്തര്യാമിയായ "ഖാ" യുടെ ജീവിത പരീക്ഷണങ്ങൾ ആരംഭിക്കുന്നു.
"ഖാ" യ്ക്ക് പുറമെ ഓരോ വ്യക്തിക്കും സഹജമായ മറ്റൊരു ആത്മാവുണ്ട് കൂടിയുണ്ട്. ഓരോ മനുഷ്യന്റെയും സ്വാഭാവ സവിശേഷതകളുടെ ആകെത്തുകയെന്ന് പറയാൻ കഴിയുന്ന "ബാ" ആണത്. മരിച്ചുകഴിഞ്ഞാൽ "ബാ" ശരീരത്തിൽ നിന്നും സ്വയം മോചിപ്പിക്കപ്പെടുന്നില്ല. അത് നടക്കണമെങ്കിൽ കൃത്യമായ ചടങ്ങുകൾ അനുവർത്തിക്കേണ്ടതുണ്ട്. പുരാതന ഈജിപ്തിലെ ശവസംസ്കാര ചടങ്ങുകളുടെ ഉദ്ദേശ്യം തന്നെ "ബാ" യെ മൃതശരീരത്തിൽ നിന്നും വേർപെടുത്താൻ വേണ്ടിയുള്ളതാണെന്ന് കാണാൻ കഴിയും. എന്നാൽ മാത്രമേ "ബാ" യ്ക്ക് സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയൂ. ആ സ്വതന്ത്ര സഞ്ചാരത്തിന്റെ പരമമായ ലക്ഷ്യം നേരെത്തെ ശരീരത്തിൽ നിന്ന് പറന്നുയർന്ന "ഖാ" കണ്ടെത്തുക എന്നതാണ്.
"ബാ" യെ മനുഷ്യശിരസ്സോട് കൂടിയ പറവയായിട്ടാണ് പൊതുവെ ചിത്രീകരിച്ചു കാണുന്നത്. ജീവിച്ചിരുന്ന വ്യക്തിയുടെ മരണാനന്തര ജീവിതത്തിലെ അസ്‌തിത്വമാണ് "ബാ". "റ" യുടെ വൈദികശാസ്ത്രപ്രകാരം രാത്രികാലങ്ങളിൽ "ബാ" സ്വന്തം മമ്മിയിലേക്ക് ആവാഹിക്കപ്പെടുന്നു. "റ" എന്ന സൂര്യദേവന്റെ ദുആത്തിലൂടെയുള്ള നിശാപ്രയാണത്തിൽ സംഭവിക്കുന്ന ഒസീരിസുമായുള്ള ഒന്നുചേരലിന്റെ തനിയാവർത്തനമാണ് ഈ ആവാഹനം. അടുത്ത പ്രഭാതത്തിൽ കിഴക്ക് സൂര്യകിരണങ്ങൾ പ്രത്യക്ഷപ്പെടുമ്പോൾ "ബാ" വീണ്ടും "ഖാ" യെ തേടി അലയുകയായി. ഒടുവിൽ ശരീരത്തിന്റെ ബാഹ്യതലത്തിലെവിടെയോ വെച്ച് "ഖാ" യും "ബാ" യും പുനർയോജിക്കപ്പെടുന്നു. ആ സംയോഗം ആംഖിനെ സൃഷ്ഠിക്കുന്നു.
മനുഷ്യന്റെ സവിശേഷബുദ്ധിയുടെ ജീവസ്വത്വം ആണ് ആംഖ്‌. തെറ്റാതെ നിരന്തരമുള്ള ശേഷക്രിയാനുഷ്ഠാനങ്ങൾ നടത്തിയാലേ ഈ പുനരുത്ഥാനം സാധ്യമാകൂ. അല്ലെങ്കിൽ അതിന്റെ തിക്തഫലം ജീവിച്ചിരിക്കുന്നവരും അനുഭവിക്കേണ്ടി വരും. സൂര്യപ്രകാശത്തിൽ മാത്രമേ ആംഖിന് നിലനിൽപ്പുള്ളൂ. സൂര്യഭഗവാൻ രാത്രിയോടെ ദുആത്തിലേക്ക് കടക്കുമ്പോൾ "ബാ" യും "ഖാ" യും വേർപിരിഞ്ഞേ പറ്റൂ. "ഖാ" കൂടെയില്ലെങ്കിൽ "ബാ" യ്ക്ക് സ്വന്തം ശരീരത്തിലെ നിൽക്കാൻ കഴിയൂ. അതായത് നേരത്ത പറഞ്ഞത് പോലെ ഓരോ രാത്രിയും "ബാ" സ്വന്തം ശരീരത്തെ തേടിവരുന്നു എന്നർത്ഥം. "റ" യുടെ (സൂര്യദേവന്റെ ) രഥചക്രങ്ങൾ പകലിലേക്ക് കടക്കുന്നതുവരെ ആ ശരീരത്തിൽ "ബാ" സുരക്ഷിതനായി നിലകൊള്ളുന്നു. അങ്ങനെ രാത്രിതോറുമുള്ള "ബാ" യുടെ വരവിന് വേണ്ടിയാണ് ഈജിപ്തുകാർ മൃതശരീരം കേടുകൂടാതെ സൂക്ഷിച്ചിരുന്നത്.
പുരാതന ഈജിപ്ഷ്യൻ വിശ്വാസമനുസരിച്ച് "ഖാ" ശരീരം വിട്ടു പോകുമ്പോഴാണ് ഒരു വ്യക്തിയുടെ മരണം സംഭവിക്കുന്നത്. എന്നാൽ ഈ മരണം ശാശ്വതമല്ലെന്നും മതാനുഷ്ടാന കർമ്മങ്ങളിലൂടെ മരണമടഞ്ഞ വ്യക്തിയുടെ സംവേദന ശക്തിയെ അല്ലെങ്കിൽ ജീവാത്മാവിനെ തിരിച്ചു മൃതശരീരത്തിലേക്ക് കൊണ്ടുവരാൻ കഴിയുമെന്നും, അതിലൂടെ ആ വ്യക്തിക്ക് ഒരിക്കൽ കൂടി കാണാനും കേൾക്കാനും ശ്വസിക്കാനും ഭക്ഷിക്കാനും കഴിയുമെന്നും അവർ വിശ്വസിച്ചു. അങ്ങനെയൊരു പുനരുത്ഥാനത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോട് കൂടി ചിട്ടപ്പെടുത്തിയതായിരുന്നു ശവസംസ്കാര ചടങ്ങുകളിൽ ഉപയോഗിക്കേണ്ട മന്ത്രോച്ചാരണങ്ങൾ എല്ലാം. സംസ്കാര ചടങ്ങുകളിൽ പുരോഹിതർ ഈ മന്ത്രങ്ങൾ ചൊല്ലുന്നതിലൂടെ മൃതശരീരത്തിലെ ഇന്ദ്രിയങ്ങൾ സംവേദനക്ഷമങ്ങളായി ഉണരുന്നു എന്നാണ് സങ്കല്പം.
palermo stone ,Italy 
മൃതശരീരത്തെ പുനരുജ്ജീവിക്കുന്ന വിപുലമായ അനുഷ്ടാനങ്ങളെ മൊത്തമായി വിളിച്ചിരുന്നത് "വദനപ്രവേശനകർമ്മം" അല്ലെങ്കിൽ വായ് തുറക്കൽ ചടങ്ങ് എന്നായിരുന്നു. ശവസംസ്കാര കർമ്മങ്ങളിലും ക്ഷേത്രാചാരങ്ങളിലും ഈ ചടങ്ങിന് വലിയ സ്ഥാനമുണ്ടായിരുന്നു. പരമാത്മാവായ "ഖാ" യെ ശരീരത്തിനുള്ളിലേക്ക് ആവാഹിക്കുന്നതിന് വേണ്ടിയായിരുന്നു പ്രധാനമായും ഇത് ചെയ്തിരുന്നത്. പ്രതിമയെ ജീവസുറ്റതാക്കുക എന്ന ലക്ഷ്യത്തോടെ ഫറവോമാരുടെ പ്രതിമകളിലും ഈ ചടങ്ങ് നടത്തിയിരുന്നതായി പറയപ്പെടുന്നു. ഈ ചടങ്ങിനെ ഈജിപ്തുകാർ "വ -പീ -തു -രു" എന്ന് വിളിച്ചു. ചരിത്രകാരിയായ മേരി പാസ്സന്റെ അഭിപ്രായത്തിൽ ആദിരാജവംശ കാലത്ത് പ്രതിമകളെ വെച്ച് മാത്രമാണ് ഇത്തരം ചടങ്ങുകൾ ചെയ്തിരുന്നതെന്ന് പറയുന്നു.
ഇറ്റലിയിലെ പലെർമോ നഗരത്തിലെ പുരാവസ്തു മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന പ്രസിദ്ധമായ പലെർമോ ഫലകം ഈ ചടങ്ങിനെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്നു. ഉത്തര ഈജിപ്തിൽ നിന്നും കണ്ടുകിട്ടിയ ഈ ഫലകത്തിൽ ഒന്നാം രാജവംശം മുതൽ അഞ്ചാം രാജവംശം വരെയുള്ള കാലത്തെ ചരിത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൊട്ടാരം ഉദ്യോഗസ്ഥനായിരുന്ന മെത്യേന്റെ ശവകുടീരത്തിലെ ലിഖിതങ്ങളും ഈ ചടങ്ങിനെ കുറിച്ച് വെളിച്ചം വീശുന്നു. പലെർമോ ലിഖിത പ്രകാരം വദനപ്രവേശം സ്വർണ്ണദുർഗങ്ങളിൽ വെച്ച് നടത്തപ്പെടുന്നു എന്നാണ് പറയുന്നത്. സ്വർണം കൊണ്ട് അലങ്കരിച്ച ശവകുടീരമുറികളായിരിക്കാം അവയെന്ന് കരുതാം
വദനപ്രവേശനത്തെ കുറിച്ച് പറയുന്നതിന് മുൻപ് മമ്മികരണത്തെക്കുറിച്ച് പറയേണ്ടിയിരിക്കുന്നു. ഈജിപ്തിനെ മനസിലാക്കണമെങ്കിൽ മമ്മീകരണം എന്താണെന്ന് അറിയണം. അവരുടെ മരണാനന്തര തത്വദർശനം അറിയണം. ഇത് രണ്ടുമില്ലാതെ പ്രാചീന ഈജിപ്തിന് നിലനിൽപ്പില്ല. ഇനിയുള്ള എന്റെ യാത്ര ആ മൃതഭൂമികളിലേക്കാണ്. ഇതുപോലെ മരണത്തിലൂടെ ജീവൻ തുടിക്കുന്ന മറ്റൊരു ഭൂഭാഗം ലോകത്തിലെവിടെയും ഉണ്ടായിരുന്നുവെന്ന് തോന്നുന്നില്ല.

                                                                                                            (തുടരും )

No comments:

Post a Comment