ദേവരാജനെത്തേടി ദേവനഗരിയിൽ.
( ഈജിപ്ത് -4)
പ്രാചീന ഈജിപ്ഷ്യൻ സംസ്കാരത്തിൽ എല്ലാ കാലത്തും സൂര്യദേവനായിരുന്നു പ്രാധാന്യം. അതിൽ ഒട്ടും അതിശയപ്പെടാനുണ്ടെന്ന് തോന്നുന്നില്ല. മനുഷ്യ ജീവിതത്തിന് വേണ്ട വെളിച്ചവും ഊർജ്ജവും നൽകുന്ന അനന്തവിഹായസിലെ തേജോമയമായ അത്ഭുത പ്രതിഭാസത്തിൽ ഈശ്വര ചൈതന്യം കണ്ടെത്തിയത് സ്വാഭാവികം മാത്രം. ഈ സൂര്യാരാധന ഈജിപ്തിൽ മാത്രമായിരുന്നില്ല എന്നും കാണാവുന്നതാണ്. ലോകത്തിലെ മിക്കയിടത്തും ഈ ആരാധനരീതി ഏറിയും കുറഞ്ഞും കാണാൻ കഴിയും.
![]() |
| God of Ra |
പകലിന്റെ സൂര്യനായ "റ" യ്ക്ക് പ്രാപ്പിടിയന്റെ രൂപമാണ് ഈജ്പ്ഷ്യൻ ചുമർ ചിത്രങ്ങളിൽ കാണപ്പെടുന്നത്. പകൽസൂര്യൻ മധ്യാഹ്നമാകുമ്പോഴേക്കും സൂര്യകിരണങ്ങളാൽ തിളങ്ങി ശക്തിമാനായി തീരുന്നു. അങ്ങനെ ഏറ്റവും ഉജ്ജ്വലവും പ്രബലവുമായ സൂര്യഭാവമാണ് "റ" യുടേത്. അതുകൊണ്ട് തന്നെയാണ് ഈജിപ്ഷ്യൻ ദേവകളുടെ നാഥനായി "റ" കണക്കാക്കുന്നത്. "റ" യുടെ നെറുകയിൽ വാദ്യത് (wadjet ) ദേവിയുടെ പ്രതീകമായ മൂർഖൻ തലയും സൂര്യത്തളികയും കാണാം. ഈ പ്രപഞ്ചമാകുന്ന തളികയെ "റ" വഹിക്കുന്നു എന്നാണ് സങ്കല്പം. ഹൈന്ദവ പുരാണങ്ങളിലെ ബ്രഹ്മാവിനെ പോലെ സൃഷ്ടിയുടെ ദേവനാണ് "റ". മന്ത്രനാമങ്ങൾ ഉച്ചരിച്ചുകൊണ്ട് എല്ലാ ജീവജാലങ്ങളുടെയും സൃഷ്ടികർമ്മം നടത്തിയത് "റ" ആണ്. "റ" യുടെ കണ്ണുനീരിൽ നിന്നും വിയർപ്പിൽ നിന്നും ഉടലെടുത്തതാണ് മനുഷ്യനെന്നാണ് ഈജിപ്ഷ്യൻ വിശ്വാസം. പൗരാണിക ഈജിപ്തിൽ ചൂടും വെളിച്ചവും യഥേഷ്ടം പകർന്ന് നൽകി അന്നാട്ടുകാരുടെ ജീവനാഡിയായി തീർന്ന സൂര്യൻ എന്ന പ്രാപഞ്ചിക സത്യം അങ്ങനെ ഈജിപ്തിന്റെ സർവ്വശക്തനും സർവ്വനാഥനുമായി മാറി.
![]() |
| God of khepri |
സൂര്യാസ്തമയം മുതൽ സൂര്യോദയം വരെയുള്ള "റ" യുടെ ഏറ്റവും അപകടം പിടിച്ച രാത്രി സഞ്ചാരത്തിന് അമുദത് എന്ന് വിളിക്കുന്നു. യാത്ര തുടങ്ങുന്ന ആദ്യമണിക്കൂറിൽ സൂര്യദേവൻ അഖേത് എന്ന പശ്ചിമ ചക്രവാളത്തിലായിരിക്കും. അടുത്ത രണ്ട് മണിക്കൂർ വെർനസ് എന്ന ജലാശയത്തിലൂടെ യാത്ര തുടരുന്നു. ദുർഘടമായ നാലാം മണിക്കൂറിലെ യാത്ര അധോലോകമൂർത്തിയായ സോകാറിന്റെ മണലാരണ്യം പോലെ വിശാലമായ പ്രാവിശ്യയിലൂടെയാണ്. യാത്രയുടെ അഞ്ചാം മണിക്കൂറിൽ ഒസിരിസിന്റെ ശവകുടീരത്തിൽ എത്തുന്നു. അവിടെ ഒരു പിരമിഡും അതിന് മുകളിൽ രണ്ട് പരുന്തുകളും ഉണ്ട്. ഈ പരുന്തുകൾ രണ്ടും ഒസിരിസിന്റെ മൃതദേഹം കാത്തുസൂക്ഷിക്കുന്ന ഇസിസും സഹോദരി നെഫ്‌തിസും ആണ്. രാത്രി യാത്രയിലെ ആറാം മണിക്കൂറിൽ "റ" യുടെ ആത്മാവും ഒസിരിസിന്റെ ആത്മാവും മെഹൻ എന്ന സർപ്പത്താൽ ചുറ്റപ്പെട്ട ഒരു വൃത്തത്തിനുള്ളിൽ വെച്ച് ഒന്നായി തീരുന്നു. ആ നിമിഷം മുതൽ സൂര്യദേവൻ പുനർജനിക്കുന്നു. പുനർജനിച്ച "റ" യെ കാത്ത് ഏഴാം മണിക്കൂറിൽ അപേപ് എന്ന രാക്ഷസൻ കാത്ത് നിൽക്കും. എന്നാൽ ഇസിസിന്റെ മന്ത്രജാലവും സേതിന്റെ ശക്തിയും "റ" യെ സംരക്ഷിച്ച് എട്ടാം മണിക്കൂറിൽ എത്തിക്കും. അവിടെ വെച്ച് "റ" ശവകുടീരത്തിന്റെ വാതിൽ തുറന്ന് സോകറിന്റെ മണലാരണ്യത്തിൽ നിന്ന് രക്ഷപ്പെടുന്നു. അടുത്ത മണിക്കൂറിൽ വെർനസിലെ ജലപ്പരപ്പിൽ കൂടി പത്താം മണിക്കൂറിലെ പൂർണ്ണമായ ജലനിമജ്ജനത്തിലൂടെ സൂര്യഭഗവാൻ പൂർവാധികം ശക്തി പ്രാപിക്കുന്നു. അടുത്ത രണ്ട് മണിക്കൂറിൽ പുതുദിനത്തിന്റെ ആദ്യകിരണങ്ങളുമായി ദേവരാജൻ കിഴക്കൻ ചക്രവാളത്തിൽ എത്തുന്നു. അങ്ങനെ അത്യന്തം അപകടകരവും ആവേശകരവുമായ ഒരു യാത്രയിലൂടെ ഒരു രാത്രി പൂർത്തിയാവുന്നു.
![]() |
| God of Amun |
കയ്റോ നഗരത്തിൽ നിന്ന് ഏതാണ്ട് 8 km കിഴക്ക് മാറി സ്ഥിതി ചെയ്യുന്ന നഗരമാണ് ഹീലിയോപോളിസ്. ആധുനിക ഹീലിയോപോളിസ് 1905 -ൽ ബെൽജിയൻ കമ്പനിക്കാർ നിർമ്മിച്ചതാണ്. ഇതിനടുത്തു തന്നെയാണ് ഇതേ പേരിലുള്ള പ്രാചീനനഗരം മണ്മറഞ്ഞു കിടക്കുന്നത്. ത്രികോണാകൃതിയിലുള്ള നൈൽ ഡെൽറ്റയുടെ തെക്കേമൂലയിൽ അൽ-മതരായ എന്ന സ്ഥലത്തിന് ചുറ്റുമായി മണ്ണിനടിയിൽ തകർന്ന് കിടക്കുകയാണ് ആദിമ ഈജിപ്തിലെ ഏറ്റവും പ്രധാനപ്പെട്ട നഗരമാണ് ഹീലിയോപോളിസ്. പ്രാചീന ഈജിപ്തിലെ ഹീലിയോപോളിസിനെ അന്വേഷിച്ചു വരുന്ന വിനോദ സഞ്ചാരികൾ നിരാശരായാണ് അവിടെ നിന്ന് മടങ്ങുന്നത്. കാരണം ആ മഹാനഗരിയുടെ അവശിഷ്ടങ്ങൾ ഒന്നും തന്നെ അവിടെ അവശേഷിക്കുന്നില്ല എന്നത് തന്നെ.
12-ആം രാജവംശത്തിലെ സെനുസ്രെത് ഒന്നാമൻ സ്ഥാപിച്ച കരിങ്കല്ല് കൊണ്ട് ഉണ്ടാക്കിയ ഒരു വലിയ ഒബെലിസ്‌ക് മാത്രമാണ് ഹീലിയോപോളിസ് എന്ന അത്ഭുതനഗരത്തിന്റെ ഓർമ്മകൾ പേറി നിലനിൽക്കുന്നത്. 68 അടി ഉയരമുള്ള സൂച്യഗ്രത്തോട് കൂടിയ ഒരു കൽതൂണാണ് ഈ ഒബെലിസ്‌ക്. ഒരു കാലത്ത് ഇത്തരം ഭീമൻ തൂണുകൾ കൊണ്ട് സമ്പന്നമായിരുന്നു ഹീലിയോപോളിസ് നഗരം. സൂര്യാരാധനയുടെ മൂർത്തീഭാവമാണ് ഒരു ഒബെലിസ്‌ക്. അതുകൊണ്ട് തന്നെ പ്രാചീനഭരണാധികാരികൾ ഇത്തരം നിർമ്മിതികൾ ഉണ്ടാക്കുന്നതിൽ താല്പര്യം കാണിച്ചു. പിന്നീട് റോമാക്കാർ ഈജിപ്ത് കയ്യടക്കിയപ്പോൾ, റോമൻ നഗരങ്ങളുടെ മനോഹാരിത വർധിപ്പിക്കുന്നതിനായി ഒബെലിസ്ക്കുകൾ റോമിലേക്ക് പറിച്ചു നടുകയുണ്ടായി. റോമിൽ മാത്രം 48- ഓളം ഒബെലിസ്ക്കുകൾ ഒരു കാലത്ത് ഉണ്ടായിരുന്നത്രെ.
ഹീലിയോപോളിസിൽ തൂത് മോസ് ഒന്നാമൻ നിർമ്മിച്ച ഒബെലിസ്ക്കുകളാണ് ക്‌ളിയോപാട്രയുടെ സൂചി (cleopatra's needle) എന്ന പേരിൽ ലണ്ടനിലെ തെംസ് നദിക്കരയിലും ന്യൂയോർക്കിലെ സെൻട്രൽ പാർക്കിലുമായി നിലകൊള്ളുന്നത്.
![]() |
| ഹീലിയോ പൊളിസിലെ ഒബെലിസ്‌ക് |
ഹീലിയോപോളിസിലെ ഏറ്റവും പ്രധാന ദേവനായിരുന്നു അതും -റ (സായാഹ്നസൂര്യൻ ). നേരത്തെ സൂചിപ്പിച്ചത് പോലെ നവമൂർത്തികളുടെ സൃഷ്ടാവ് കൂടിയാണ് "അതും". അർദ്ധനാരീശ്വരനായും സങ്കല്പിക്കപ്പെടുന്ന അതും സ്വശരീരത്തിലെ സ്ത്രീപുരുഷ ബീജങ്ങൾ ചേർത്താണ് വായുദേവനായ "ഷു" വിനെയും ജലദേവതയായ "തെഫ്നൂത്" നെയും സൃഷ്ടിച്ചത്. ഇവരുടെ മക്കളാണ് ഭൂമിദേവനായ ഗെബും ആകാശ ദേവതയായ നൂതും(Nut). ഭൂമിക്കടിയിൽ പാതാള ലോകം സ്ഥിതി ചെയ്യുന്നു, ഇതിന് പുറമെ മരണത്താൽ നയിക്കപ്പെടുന്നതും മരണാനന്തര ജീവിതവും പുർജന്മവുമെല്ലാം സംഭവിക്കുന്നതുമായ ദുർഗ്രാഹ്യ സ്ഥലമാണ് "ദുആത് ". ഈയൊരു സ്ഥലം എവിടെയാണെന്നതിനെ കുറിച്ച് പ്രാചീന പണ്ഡിതൻമാർക്കിടയിൽ തന്നെ വ്യത്യസ്‌ത അഭിപ്രായങ്ങൾ ഉണ്ട്. ദുആത് പാതാളത്തിന്റെ ഭാഗമെന്ന് ചിലർ പറയുമ്പോൾ മറ്റുചിലർ അത് ആകാശത്തിനും അപ്പുറമാണെന്ന് പറയുന്നു. ദേവരാജനായ "റ" യുടെ പകൽ സഞ്ചാരം നൂതിന് താഴെ കൂടിയും രാത്രി ദുആതിലൂടെയുമാണ്.
പഴയകാല മനുഷ്യരുടെ ജീവിതരീതിയെ കുറിച്ചും വിശ്വാസങ്ങളെക്കുറിച്ചും ആരാധന രീതിയെ കുറിച്ചുമെല്ലാം അന്വേഷിച്ചു പോകുമ്പോൾ ചില ബോധ്യങ്ങൾ നമുക്ക് ഉണ്ടാവും. എല്ലാം ഒരേ സ്ഥലത്ത് നിന്ന് തന്നെയാണ് പുറപ്പെട്ടത്, മറ്റൊരു തരത്തിൽ പറഞ്ഞാൽ ഒരേ തായ്തടിയിൽ നിന്ന് കിളിർത്ത് വന്നതാണ് മനുഷ്യവംശമെന്ന മഹാസത്യം വീണ്ടും വീണ്ടും അത് നമ്മെ ഓർമ്മപ്പെടുത്തി കൊണ്ടേയിരിക്കുന്നു.
(തുടരും )
.






No comments:
Post a Comment